Jump to content

ശ്മശാനത്തിലെ തുളസി/വസന്തത്തിനോട്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

സന്തം വന്നുപോയ് വസന്തം വന്നുപോയ്
വസുമതി നവവിലാസിനിയായി
വിലസിതങ്ങളാം വിരിമലർ ചൂടി
വിളങ്ങുകയായി വിപിന വീഥികൾ!
മരങ്ങളേതാനും തളിർത്തു മറ്റുള്ള
തരുലതാദികളഖിലവും പൂത്തു.
കുളിർത്ത നീർത്തുള്ളി വഹിച്ചലഞ്ഞിടു-
മിളങ്കാറ്റിലെങ്ങും പരന്നു പൂമണം.
മരന്ദപാനത്തിൽ മതിമറന്നെങ്ങും
മുരണ്ടുമണ്ടിനാർ വിരണ്ട വണ്ടുകൾ.
തളിർത്തതേന്മാവിൻ പടർപ്പിങ്കൽത്തത്തി-
ക്കളിച്ചു കാകളിപൊഴിച്ചു പൂങ്കുയിൽ.
ഹരിതനീരാളം പുതച്ചു മിന്നുന്ന
പരന്ന മൈതാനം പരമശോഭനം
ഇളവെയിലിന്റെ കനകകാന്തിയിൽ
കളിച്ചിളകിനാർ ചെറുതേനീച്ചകൾ.
തരംഗപാളിയാം വിപഞ്ചികമീട്ടി-
ത്തരംഗിണീഗണം തളർന്നൊഴുകുമ്പോൾ
അതിനവമാകുമൊരു ചൈതന്യത്തിൽ
കതിരുകൾ കാണ്മൂ പ്രകൃതിയിലെങ്ങും.
അതുലാനന്ദത്തിൻ നിലയനമായി-
ട്ടിതുപോലെന്നെന്നുമിരിക്കാവൂ ലോകം!
വരാഭവാർന്നൊരീ വസുധയെവിട്ടു
പിരിഞ്ഞിടായ്ക നീ വസന്തകാലമേ!