ലീലാങ്കണം/ശൈശവാഭിലാഷം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
(ശൈശവാഭിലാഷം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

(താരാട്ട്)

പൈതലോടോതുന്നിതമ്മ- "കുഞ്ഞേ
നീ ലല്കുകമ്മയ്ക്കൊരുമ്മ!"

പൊന്നുണ്ണി ചൊൽകയാ, "ണമ്മേ,-കാൺകീ
മിന്നാമിനുങ്ങുകൾ ചെമ്മേ!
ആരിവയ്ക്കേകീ വെളിച്ചം?-അന്ധ
കാരമകറ്റിടാൻ തുച്ഛം!"

"കണ്മണീ!-നിന്നെയെനിക്കായ്-തന്നോ
രമ്മഹാൻതന്നെയിവയ്ക്കായ്
ഏകിയതാണീവളിച്ചം-തുച്ഛ-
മാകില്ലെതെത്രയോ മെച്ചം!"

"പൂമ്പാറ്റപോലെ പറന്നു-വന്നീ-
ച്ചെമ്പകക്കൊമ്പിലിരുന്നു.
ഒന്നല്ലനേകം നിരന്നൂ-ഇവ-
യെന്നകം, ഹാ, കവരുന്നൂ!
"അമ്മേ! യിവർക്കില്ലേ ഗേഹം?-വാഴാ-
നിമ്മരക്കൊമ്പിലോ മോഹം?"

"ഈ മരക്കൂട്ടവും, കാടും, മറ്റു-
മാ, മിവതൻ മേടും വീടും."

"അമ്മേ! യിവരേറെയില്ലേ?-പള്ളി
ക്കൂടമിവർക്കൊന്നുമില്ലേ?"

"ഇല്ലുണ്ണിയിവർക്കൊന്നും-ഇവർ
നല്ലവരാണെന്നു തോന്നും!"

"കഷ്ടമെനിക്കു പഠിപ്പാൻ-പോണം
കിട്ടില്ല നേരം കളിപ്പാൻ!

'ബുക്കു'വായിച്ചു മുഷിഞ്ഞു-കേൾക്കെൻ
വാക്കെ,ന്റെയൊച്ചയടഞ്ഞു.

ഒറ്റവാക്കെങ്ങാനും തെറ്റി-യെങ്കിൽ
പറ്റുമോകര്യങ്ങൾ പറ്റി!

ബെഞ്ചിൽക്കയറി നില്ക്കേണം-പാഠ-
മഞ്ചരു ഞാനെഴുതേണം!

എൻ തുടപൊട്ടിത്തകർന്നൂ-സാറിൻ
വൻ തല്ലലുണ്ടോ നിൽക്കുന്നു?

എത്രപഠിച്ചാലും പോരാ-തല്ലും,
തത്ര ശകാരവും തീരാ!

എന്തു വിഷമം പഠിപ്പാൻ-ഇവർ-
ക്കെന്തൊരുത്സാഹം കളിപ്പാൻ!

തമ്പുരാ, നീവിധം നല്ല-പിച്ചി-
ചെമ്പകം, റോസ, തൈമുല്ല,

ഇങ്ങനെയോരോചെടിയിൽ-നല്ല
ഭംഗിയെഴും പൂന്തൊടിയിൽ,

എന്നെയുമിവരുടെ കൂടെ,-പോകാൻ
മിന്നാമിനുങ്ങാക്കിക്കൂടെ?-"

"https://ml.wikisource.org/w/index.php?title=ലീലാങ്കണം/ശൈശവാഭിലാഷം&oldid=23180" എന്ന താളിൽനിന്ന് ശേഖരിച്ചത്