Jump to content

ശിവസ്തവം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ശിവസ്തവം (പ്രപഞ്ചസൃഷ്ടി) (സ്തോത്രം)

രചന:ശ്രീനാരായണഗുരു

ചെവി മുതലഞ്ചുമിങ്ങു ചിതറാതെ മയങ്ങി മറി-
ഞ്ഞവിടെയിരുന്നു കണ്ടരിയ കണ്ണിലണഞ്ഞഴിയും
ഇവകളിലെങ്ങുമെണ്ണവുമടങ്ങി നിറഞ്ഞു പുറം
കവിയുമതേതതിന്റെ കളി കണ്ടരുളീടകമേ!       1

അകമുടലിന്നുമിന്ദ്രിയമൊടുള്ളമഴിഞ്ഞെഴുമീ-
പ്പകലിരവിന്നുമാദിയിലിരുന്നറിയുന്നറിവാം
നകയിലിതൊക്കെയും ചുഴലവും തെളിയുന്ന നമു-
ക്കകുടിലവൈഭവങ്ങളിലടങ്ങിയിരുന്നരുളാം.       2

അരുളിലണഞ്ഞിരുൾത്തിര മുഴങ്ങിയെഴുന്ന കുളുർ-
ന്നുരുമിഴി നാവിലമ്മണമുണർന്നതൊടും പിരിയും
അരനിമിഷത്തിലിങ്ങിതിലിരുന്നു തികഞ്ഞുവരും
ദുരിതസമുദ്ര,മിമ്പമിതിലെങ്ങു നമുക്കു ശിവ!       3

ശിവ! ശിവ! മാത്രയിൽ പലതരം ചിതറുന്നു വെളി-
ക്കിവകളിലെങ്ങുമിങ്ങിതമറിഞ്ഞു നിറഞ്ഞരുളും
ശിവ! ഭഗവാനെയും ചിതറുമാറു തികഞ്ഞു വരു-
ന്നിവരൊടു പോരിനിന്നിയരുതേ കരുണാലയമേ!       4

അലയുമിതൊക്കെയും കപടനാടകമെന്നറിയും
നിലയിലിരുന്നറിഞ്ഞഴിവതിന്നു നിനയ്ക്കുക നീ;
ഞ്ഞലർശരവൈരി, നിന്നുടെ പദങ്ങളിലെങ്ങിനിയാം?       5

ഇനിയലയാതെ നിന്തിരുവടിക്കടിയൻ ദിനവും
മനമലരിട്ടു കുമ്പിടുമിതിങ്ങറിയുന്നതു നീ;
ജനനമെടുത്തു ഞാനിതുകളിൽ പലതായി വല-
ഞ്ഞനിശമെനിക്കിവണ്ണമൊരു വേദനയില്ല പരം.       6

അപരമിതൊക്കെയും പരിചയിക്കുമതിങ്കലിരു-
ന്നപജയമായണഞ്ഞതിതു കണ്ടറി നീ മനമേ!
ജപപടമംഗമാമിതിലിരുന്നു ജപിക്കുകിലി-
ങ്ങുപരതി വന്നുചേരുമകതാരിലൊരിമ്പമതാം.       7

അതുമിതുമെന്നുമുന്നുകനിമിത്തമിതിങ്കലെഴും
പതി പശുപാശമിങ്ങിതു പരമ്പരയായഴിയും
മതി കതിരോടു മണ്ണൊളിവിയത്തനിലൻ ജലവും
പതിയുടെ രൂപമെന്നിഹ നമിച്ചു പദം പണിയാം.       8

പണി പലതായ് വരുന്ന കനകത്തിലിരുന്നതുപോ-
ലണിമിഴികൊണ്ടു നിർമ്മിതമിതൊക്കെയുമദ്ഭുതമാം
അണിയണമെന്നെ നിന്തിരുവടിക്കടിയൻ മലരാ-
മണിയണിയായ് നിരന്നു തിരയറ്റുയരും കടലേ!       9

കടലിലെഴും തരംഗനിരപോലെ കലങ്ങിവരു-
ന്നുടനുടനുള്ളഴിഞ്ഞു പല പറ്റൊഴിയുന്നതുപോൽ
ഘടപടമെന്നെടുത്തിഹ തൊടുത്തു വഴക്കിടുമീ
കുടമുടയുന്നതിന്നകമെടുത്തരുളീടണമേ!       10

"https://ml.wikisource.org/w/index.php?title=ശിവസ്തവം&oldid=51884" എന്ന താളിൽനിന്ന് ശേഖരിച്ചത്