ശിവപുരാണം/ശംബരമാഹാത്മ്യം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
 • മഹാദേവൻ ജഗൽകർത്താ മഹാദേവൻ ജഗദ്ഭർത്താ
 • മഹാദേവൻ ജഗദ്ധർത്താ മഹാദേവൻ ജഗൽ‌സർവം
 • മഹാദേവപ്രസാദംകൊണ്ടശേഷാഘം ശമിച്ചീടും
 • മഹാദേവം മനക്കാമ്പിൽ സ്മരിപ്പിൻ താപസന്മാരേ!
 • പാലിക്കും ശ്രദ്ധയാ ചെയ്യും തപസ്സും നിഷ്ഠയും നിത്യം
 • ജ്വലിക്കും കാന്തിയും പിന്നെ സമസ്തഭ്രാന്തിയും തീരും
 • ശമിക്കും സർവസന്താപം ഗമിക്കും രാഗദോഷങ്ങൾ
 • രമിക്കും മാനസം ഭക്ത്യാ നമിക്കും മാനുഷന്മാർക്കും
 • യമിക്കും ഭക്തിയില്ലാഞ്ഞാൽ ഭ്രമിക്കും ചിത്തമെന്നോർപ്പിൻ
 • ശ്രമിപ്പിൻ ശങ്കരദ്ധ്യാനേ ശ്രവിപ്പിൻ ഭക്തിയുണ്ടാവാൻ
 • മൂഡാ നീ കാന്തനെ സ്വാന്തേ വസിപ്പിച്ചു ഭജിച്ചാകിൽ
 • ജഡാനേകപ്രപഞ്ചത്തിൻ ഭ്രമം തീരും ക്രമത്താലെ
 • ജലത്തിൽ ചന്ദ്രനെപ്പോലെ വിളങ്ങുന്നു ജഗന്നാഥൻ
 • പലറ്റിൽ പാർവതീകാന്തൻ പരമാർത്ഥം നിരൂപിച്ചാൽ
 • ഒരുത്തൻ താനവൻ ദേവൻ കരുത്തൻ കാമസംഹാരി
 • പെരുത്തജന്തുവർഗ്ഗത്തിലൊരുത്തൻ നിന്നനേകത്വം
 • വരുത്തി ഭ്രാന്തിയുണ്ടാക്കിത്തരത്തിൽ സഞ്ചരിക്കുന്നു
 • മരുത്തും വഹ്നിയും പിന്നെദ്ധരിത്രീതോയമാകാശം
 • ഗുരുത്വം ചേർന്ന വസ്തുക്കൾ ഒരുത്തൻ തങ്ങളിൽക്കൂട്ടി
 • പ്പരത്തിപ്പാവയെപ്പോലെ നിരത്തിബ്ഭൂമിയിൽക്കൊണ്ട-
 • ന്നിരുത്തിബ്ഭാവമോരോന്നേ വരുത്തിക്കൂത്തുകാട്ടുന്നു
 • മരത്തിന്നൊക്കുമീലോകപ്രവൃത്തിപ്രാഭവം സർവം
 • സമസ്തം ശ്രദ്ധയാ ചെയ്താൽ പ്രസാദിക്കും മഹാദേവൻ
 • സമത്വം ചിത്തപത്മത്തിൽ ജനിക്കും മോഹവും നീങ്ങും
 • വിടന്മാരും ഭടന്മാരും ജഡന്മാരും ശഡന്മാരും
 • ദ്വിജന്മാരും ഭുജോരുപാദജന്മാരും
 • ശ്വപചന്മാർകിരാതന്മാരിവർക്കെല്ലാം സമം തന്നെ
 • കപാലിശ്രീപദാംഭോജം ഭക്തികൊണ്ടേ ലഭിച്ചീടൂ
 • ജനിച്ചു പണ്ടൊരു വേടൻ വനത്തിൽ ചണ്ഡകാഖ്യൻ പോൽ
 • തനിച്ചു ശക്തിമാൻ ധീരൻ മൃഗങ്ങൾക്കൊക്കവേ കാലൻ
 • ഭുജത്തിന്റെ ബലം കൊണ്ടു ഹരിവ്യാഘ്രവ്രജത്തേയും
 • ഗജത്തേയും കൊല ചെയ്തു വനത്തിൽ സഞ്ചരിക്കുമ്പോൾ
 • ഒരു കാട്ടിലൊരുകോട്ടിൽ ശിവക്ഷേത്രമവൻ കണ്ടു
 • നുറുങ്ങിക്കൂടവും വീണു തകർന്നു വാതിലും വീണു
 • സമസ്തം ഭിത്തിയും പോയിക്കുളവും കൂപവും തൂർന്നു
 • ഹിമവർഷങ്ങളും പിന്നെക്കാറ്റുമേറ്റു ശിവലിംഗം
 • പൂജകൂടാതൊരു ദിക്കിൽക്കിടക്കുന്നു മഹാദിവ്യം
 • തേജസാസൂര്യസങ്കാശം ജ്വലിക്കുന്നു സദാകാലം
 • ഭക്തിയോടേ ശിവലിംഗം ചെന്നെടൂത്തു കിരാതൻ താൻ
 • ശക്തിമാൻ പിന്നെയും കാട്ടിൽ സഞ്ചരിച്ചീടിന നേരം
 • തത്ര വന്നു നൃപൻ പാഞ്ചാലാത്മജൻ സുന്ദരാകാരൻ
 • ശത്രുസേനാമൃഗസിംഹൻ സിംഹകേതുമഹാവീരൻ
 • സേനയോടുമൊരുമിച്ചു വേട്ടയാടിവനന്തോറും
 • മാനവേന്ദ്രാത്മജൻ ക്രീഡിച്ചങ്ങുമിങ്ങും നടക്കുമ്പോൾ
 • ശിവലിംഗം കരം തന്നിൽ വഹിച്ചും കൊണ്ടുടൻ വേടൻ
 • നൃപൻ തന്റെ സമീപത്തു ചെന്നു വന്ദിച്ചുരചെയ്തു
 • തമ്പുരാനേ! നമസ്കാരം സിംഹകേതോ നമസ്കാരം
 • ഇമ്പമോടേ തിരുവുള്ളം തെളിഞ്ഞെന്നെത്തുണയ്ക്കേണം
 • ദിവ്യമാകും ശിവലിംഗം കാനനത്തിൽനിന്നു കിട്ടി
 • ദിവ്യസാരമിതുകൊണ്ടു നല്ലതോതീയതോമേലിൽ
 • നല്ലതെങ്കിൽ ഭജിച്ചീടാം തീയതെങ്കിൽ ത്യജിച്ചീടാം
 • ഇല്ലരണ്ടെങ്കിലും ഖേദം മോദമോടേ കഥിച്ചാലും
 • നീചജാതിക്കടുത്തോരു പൂജയുണ്ടായ് വരുമെങ്കിൽ
 • നീചനാമെന്നുടെ ഭാഗ്യം യോഗ്യമെങ്കിൽ ഭജിക്കേണം
 • മന്ത്രമൊന്നും ജപിക്കാതെ മാനസദ്ധ്യാനവും പിന്നെ
 • തന്ത്രവും യോഗ്യമെന്നാകിൽ ഗ്രഹിപ്പിച്ചീടുക സ്വാമിൻ
 • ശംബരന്റെ ഗിരം കേട്ടു ചിരിച്ചു മന്നവൻ ചൊന്നാൻ
 • പ്രബലക്രൂരന്മാർക്കൊരുമാർഗ്ഗം വിധിയുണ്ടു
 • വനത്തിൽപ്പാറമേൽ വച്ചുശിവലിംഗം വഴിപോലെ
 • മനസ്സിൽ ഭക്തിയും ചേർത്തു ചോലവെള്ളം കൊണ്ടുവന്നു
 • കുളിപ്പിച്ചീടുക നിത്യം തന്നുടെ വസ്ത്രവും പല്ലും വെളു-
 • പ്പിച്ചീടുകവേണം വിശുദ്ധിപാരമാവശ്യം
 • ശവം ചുട്ട ഭസിതംകൊണ്ടംഗരാഗങ്ങളും ചെയ്ക
 • ശിവപ്രീതി വരുത്തുവാൻ ചുടലബ്ഭസ്മമേ നല്ലൂ
 • ഫലമൂലം വരിച്ചോറും ചാമയും മാംസവും കൂട്ടി
 • ക്കലർന്നാശു നിവേദിക്കനീചജാതിക്കിതുപൂജ
 • ഇത്ഥമാരാധനം ചെയ്താലിന്ദുചൂഡൻ പ്രസാദിക്കും
 • ഭക്തി തന്നേ വിശേഷിച്ചും മുക്തിഹേതു ധരിച്ചാലും
 • ശൈവപൂജ കഴിയാതെ ഭോജനം ചെയ്കൊലാവേടാ!
 • ദൈവകാരുണ്യമുണ്ടാവാൻ നിഷ്ഠതന്നേ പരം കാര്യം
 • ഭൂമിപന്റെ ഗിരം കേട്ടു തെളിഞ്ഞു വന്ദനം ചെയ്തു
 • താമസിക്കാതവൻ‌കാട്ടിൽച്ചെന്നിരുന്നു കിരാതേന്ദ്രൻ
 • ഭക്തിയോടേ ശിവലിംഗം പാറതന്മേൽ പ്രതിഷ്ഠിച്ചു
 • ഉക്തമാർഗ്ഗം പിഴയാതെ പൂജചെയ്‌വാനൊരുമ്പെട്ടു
 • ചുടലബ്ഭസ്മവും തെണ്ടിക്കൊണ്ടുവന്നുവശത്താക്കി
 • ക്കുടിലും കെട്ടിയുണ്ടാക്കിക്കുളിച്ചു ഭസ്മവും തേച്ചു
 • ഒലിക്കും ചോലവെള്ളം കൊണ്ടഭിഷേകമതും ചെയ്തു
 • ജ്വലിക്കും വഹ്നിയിൽച്ചുട്ട മാംസവും കന്ദവും വേടൻ
 • പുലിത്തോലിട്ടിരുന്നുകൊണ്ടാശുപുഷ്പാഞ്ജലി ചെയ്തു
 • ഫലത്തെക്കൊണ്ടുവന്നാശു കുഴിച്ചിട്ടു പഴുപ്പിച്ചു
 • ശവഭസ്മം ജലം കൂട്ടിശ്ശിവലിംഗേ സമർപ്പിച്ചു
 • ശിവപ്രീതിവരുത്തേണം നമുക്കെന്നുമുറപ്പിച്ചു
 • ദിനം തോറും മനക്കാമ്പിലന്മ്ഗദ്വേഷിയെച്ചിന്തി-
 • ച്ചനങ്ങാതെ മുടങ്ങാതെ തുടങ്ങീ പൂജനം വേടൻ
 • അവന്റെ ഭാര്യയാകുന്ന പുളിന്ദിതാനുമവ്വണ്ണം
 • ശിവന്റെ പാദമുൾക്കാമ്പിൽ സ്മരിച്ചു വന്ദനം ചെയ്തു
 • നിത്യവും ചണ്ഡകവേടൻ ശൈവപൂജ കഴിക്കുമ്പോൾ
 • സത്വരം ഭാര്യയെക്കൂടെ വിളിക്കും വന്ദനം ചെയ്‌വാൻ
 • ചുടലബ്ഭസ്മവും പൂവും തീർത്ഥവും തന്നുടെ ഭാര്യ-
 • യ്ക്കുടനേ നൽകുമീവണ്ണം പത്തുമാസം തപം ചെയ്ത-
 • ങ്ങൊരുനാളിൽ ചിതാഭസ്മമൊടുങ്ങിപ്പോകയാൽ വേടൻ
 • തിരഞ്ഞുകാനനം തോറും നടന്നു സംഭ്രമത്തോടേ
 • ഒരേടത്തും ചിതാഭസ്മം ലഭിയാഞ്ഞുവിഷാദിച്ചു
 • ചിലദേശം നടന്നിങ്ങു പോന്നിതു കുണ്ഠിതത്തോടെ
 • ഉരചെയ്തു മഹാശുദ്ധൻ പുളിന്ദീ! ഞാനെന്തു ചെയ്‌വൻ
 • ഒരേടത്തും ലഭിച്ചീല ചുടലബ്ഭസ്മമെൻ ബാലേ!
 • അതുകൂടാതരുതെന്നു മഹീപാലനരുൾ ചെയ്തു
 • ഗതിയെന്തു നമുക്കിങ്ങു മുടങ്ങും നമ്മുടെ കൃത്യം
 • അതുകേട്ടു തെളിവോടെ പുളിന്ദി താനുര ചെയ്തു
 • അതുകൊണ്ടു വിഷാദിച്ചീടൊലാ കാന്താ!മഹാത്മാവേ!
 • ഭവനത്തെദ്ദഹിപ്പിച്ചിട്ടതിലെന്റെ ശരീരത്തെ
 • ശിവപൂജാർത്ഥമായ് കൂടെദ്ദഹിപ്പിപ്പാൻ തുടങ്ങുന്നേൻ
 • ശവഭസ്മം നിനക്കുണ്ടാം തവഖേദം ശമിപ്പിപ്പാനുപേക്ഷിക്കുന്നു
 • ഞാൻ ദേഹം മമകാന്ത! ധരിച്ചാലും
 • ശംബരൻ ചൊല്ലിനാനപ്പോളതുനന്നല്ലെടോ ബാലേ!
 • ശബരീ നിന്നുടെ ദേഹം ദഹിപ്പിച്ചീടുമോ കഷ്ടം
 • കബരീ ശോഭിതം തുംഗസ്തനകുംഭദ്വയം‌രമ്യം
 • നിബരീസാളകം ചാരുവദനം ചഞ്ചലാപാംഗം
 • വിരഹം മേ സഹിച്ചീടാവിപുലശ്രോണിയാളേ!
 • നീ വിരമിച്ചീടുക ബാലേ! സാഹസം നീ തുടങ്ങൊല്ലാ
 • പൂർണ്ണമാം യൌവനത്തോടേവസിക്കുംനീ മരിക്കൊല്ലാ
 • പൂർണ്ണചന്ദ്രാനനേ! പുത്രൻ നമുക്കു സംഭവിച്ചീല
 • കാമലീലാവിലാസത്തിൽ തൃപ്തിയും ജാതമായീല
 • കാമിനി നീ ശരീരത്തെ ത്യജിക്കൊല്ലാ മഹാഭാഗേ!
 • പുളിന്ദി ചൊല്ലിനാനപ്പോൾ പുരുഷപുംഗവ! കാന്ത!
 • തെളിഞ്ഞു സംവദിച്ചാലും ശിവപൂജ മൊടക്കൊല്ലാ
 • ശരീരം കൊണ്ടുപകാരൊരിക്കൽ സംഭവിക്കുമ്പോൾ
 • പരിരംഭാദി സൌഖ്യത്തെസ്മരിക്ക യോഗ്യമല്ലേതും
 • നിരൂപിച്ചാൽ മഹാകഷ്ടം ശരീരം ഘോരദുർഗ്ഗന്ധം
 • ദുരൂഹം മൂഢതാപാത്രം മൂത്രകുംഭം മലാധാരം
 • ദുരാധിവ്യാധിസങ്കേതം മാംസപിണ്ഡമതുകൊണ്ടു
 • പരന്മാർക്കങ്ങുപകാരം വരുന്നേരം ത്യജിക്കേണം
 • അധമജാതിയിൽ വന്നു ജനിക്കകൊണ്ടൊരു പുണ്യ
 • വിധമൊന്നും വിശേഷിച്ചു നമുക്കില്ലെന്നറിഞ്ഞാലും
 • പിതൃക്കൾക്കും ഗുരുക്കൾക്കും ഗതി വന്നീടുവാൻ പിന്നെ
 • സുതന്റെ സൽക്രിയ വേണമതുമില്ല നമുക്കിപ്പോൾ
 • നമുക്കും കൃത്യമെന്തുള്ളൂ ദാനമുണ്ടോ യാഗമുണ്ടോ?
 • ഗമിക്കും ദിക്കിനു കൂടെപ്പോകുവാൻ നേരുവാക്കുണ്ടോ?
 • ഹോമമുണ്ടോ? ജപമുണ്ടോ? നാമസങ്കീർത്തനമുണ്ടോ?
 • രാമനാമം ശിവനാമമിവ ചിന്തിക്കുമാറുണ്ടോ?
 • എന്തുകൊണ്ടുഗതിയുണ്ടു ചിന്തിയാതെ കഥിക്കൊല്ലാ
 • ഹന്ത ഞാനഗ്നിയിൽ ദേഹം ത്യജിച്ചു ശുദ്ധയാകുന്നേൻ
 • ഇത്ഥമെല്ലാമുരചെയ്തു കിരാതി കൌതുകത്തോടെ
 • സത്വരം തന്നുടെ ഗേഹം കൊള്ളിവച്ചു മടിയാതെ
 • വഹ്നിയേയും വേടനേയും മൂന്നുവട്ടം വലം വച്ചു
 • ജഹ്നുജാമൌലിയെച്ചിത്തേ ധരിച്ചു ചാടിനാൾ തീയിൽ
 • പുളിന്ദി തന്നുടെ ദേഹം ദഹിച്ചു ഭസ്മമായപ്പോൾ
 • പുളിന്ദൻ സ്നാനവും ചെയ്തു ശിവപൂജയ്ക്കൊരുമ്പെട്ടു
 • ശവഭസ്മമെടുത്താശു ശിവലിംഗേ വിലേപിച്ചു
 • ഭുവനേശപ്രസാദത്തെ വരുത്തിപ്പൂജയും ചെയ്തു
 • വിളിച്ചു ഭാര്യയെപ്പൂജാവസാനേനനിത്യമഭ്യാസാൽ
 • കുളിച്ചു ഭാര്യയും വന്നു വണങ്ങി നിന്നിതു മുമ്പിൽ
 • എരിച്ച തീയിലാമ്മാറു കരിച്ച തന്നുടെ ദേഹം
 • മരിച്ച ഭാര്യ താനപ്പോൾ സ്മരിച്ച നേരമേ വന്നു
 • തിരിച്ചു തീർത്ഥവും വാങ്ങിദ്ധരിച്ചുനിന്നതുകണ്ടു
 • തരിച്ചുവേടനുദേഹം മരിച്ച ഭാര്യ താനപ്പോൾ
 • തനിച്ച സംഭ്രമത്താലെ കനത്ത കൌതുകത്തോടെ
 • പറഞ്ഞു വേടനന്നേരം മനസ്സിൽ ഭ്രാന്തിയോ
 • മായാ മോഹമോ സ്വപ്നമോ ഭദ്രേ!
 • സമസ്തംദഗ്ദ്ധമാം നിന്റെ മുഗ്ദ്ധദേഹം യഥാപൂർവം
 • നമുക്കു കാണ്മതിനിപ്പോളെന്തെടോ ബന്ധമെൻ കാന്തേ!
 • കരിഞ്ഞു ഭസ്മമായോരു ദേഹവും കാണുമാറായി
 • പിരിഞ്ഞു കാണിനേരം ഞാനിരുന്നീലെന്തൊരാശ്ചര്യം!
 • അതുകേട്ടങ്ങുര ചെയ്തു പുളിന്ദിവന്ദനത്തോടെ
 • അതുലം വിസ്മയം കാന്താ! നമുക്കേതും നിനവില്ല
 • വഹ്നിയിൽച്ചാടിയനേരം ചൂടെനിക്കു പിടിച്ചീല
 • പിന്നെയൊന്നും പരമാർത്ഥം നമുക്കില്ല മനക്കാമ്പിൽ
 • ഉറങ്ങീട്ടുണർന്നോരു ഭാവമിപ്പോൾ നമുക്കുള്ളിൽ
 • കുറഞ്ഞൊന്നുണ്ടതേയുള്ളു പറഞ്ഞാലാർക്കു വിശ്വാസം
 • ശിവലിംഗാർച്ചനത്തിന്റെ ഫലം തന്നെ നമുക്കിപ്പോൾ
 • ഇവണ്ണം സംഗതിവന്നു നമസ്തേ പാർവതീകാന്ത!
 • ഇത്ഥമങ്ങു വിചാരിച്ചു വേടനും ഭാര്യയും കൂടി
 • ബുദ്ധിയിൽ ഭക്തിവിശ്വാസം മുഴുത്തു മേവിന നേരം
 • നാലുപേരിന്ദുചൂഡന്റെ സേവകന്മാർ വിമാനത്തിൽ
 • ചാലവേ ചാരുവേഷന്മാർ വന്നു മന്ദസ്മിതത്തോടെ
 • ദമ്പതിമാരുടെപാണിപിടിച്ചാശുവിമാനത്തി
 • ലിമ്പമോടേകരേടീക്ക്ക്കോണ്ടംബരാന്തേ നടകൊണ്ടാർ
 • കിങ്കരന്മാരുടെ പാണിതൊട്ടനേരമിരുവർക്കും
 • ശങ്കരന്റെ ശരീരത്തോടൊത്ത ദേഹം പ്രകാശിച്ചു
 • പാർവതീവല്ലഭൻ തന്റെ പാദമൂലം പ്രവേശിച്ചു
 • സർവകാലം കാന്തയോടേ സഖിച്ചു മേവിനാൻ വേടൻ
 • എന്നതുകൊണ്ടുരചെയ്തേൻ ഭക്തിതന്നെ മനുഷ്യർക്ക-
 • ങ്ങുന്നതിക്കും സുഖത്തിനും യശസ്സിനും മൂലഹേതു
 • തർക്കശാസ്ത്രം പഠിച്ചാലും ശബ്ദശാസ്ത്രം ഗ്രഹിച്ചാലും
 • കർക്കശത്വം കലർന്നുള്ള തപോമാർഗ്ഗം ശ്രവിച്ചാലും
 • നാലുവേദം പഠിച്ചാലും നാമഘോഷം തുടർന്നാലും
 • ആലുവെച്ചു വളർത്താലും കുളം വെട്ടിക്കുളിച്ചാലും
 • ഭക്തിയില്ലാത്തവനുണ്ടോ മുക്തിമാർഗ്ഗം ലഭിക്കുന്നു
 • ഭള്ളിനായിപ്പുലർകാലേ ക്കുളിച്ചുഭസ്മവും തേച്ച-
 • ങ്ങുള്ളിലോരോമനോരാജ്യം നിനച്ചു രാഗരോഷത്താൽ
 • കണ്ടദേവാലയം തോറും മണ്ടിമണ്ടി വലം വെച്ചാ-
 • ലുണ്ടതിനു ഫലം കിഞ്ചിൽ പൂർണ്ണമാവാൻ ഭക്തിവേണം
 • തർപ്പണം പൂജനം ഹോമം നാമസങ്കീർത്തനം ധ്യാനം
 • ദർപ്പമോടേതുടങ്ങൊല്ലാഫലത്തിന്നും കുറവുണ്ടാം
 • ശ്രദ്ധയോടേ ചെയ്തുകൊണ്ടാലപ്പൊഴേ ശുദ്ധമാമല്ലോ
 • ബുദ്ധിമാന്മാർക്കേതും പിന്നെ ഗ്രഹിപ്പിക്കേണ്ടതില്ലല്ലോ
 • ദിവ്യനായ ശംബരന്റെ കഥ കേട്ടാൽ ഭവിച്ചീടു-
 • മവ്യയജ്ഞാനവും സമ്പൽപ്രൌഢിയും മോക്ഷവും ഭദ്രം
 • ചൊല്ലെഴുന്ന മനക്കോട്ടു മേവിടും ബാലരാമൻ താൻ
 • നല്ല സൌഭാഗ്യവാനാകും നായകൻ നാരിമാർക്കിഷ്ടൻ
 • മുല്ലബാണാരിയെച്ചിത്തേച്ചേർത്തുകൊണ്ടു വസിക്കുന്നോൻ
 • വല്ലഭത്തോടനേകം നാൾ വാണുകൊണ്ടു വിളങ്ങേണം.

ശംബരമാഹാത്മ്യം സമാപ്തം