ശാരദ/ഒന്നാം അദ്ധ്യായം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ശാരദ
രചന:ഒ. ചന്തുമേനോൻ
ഒന്നാം അദ്ധ്യായം കഥയുടെ ആരംഭം
[ 3 ]
ശാരദാ


ഒന്നാം അദ്ധ്യായം


കഥയുടെ ആരംഭം


കല്യാണി അമ്മ:- നിങ്ങൾ ഈ നിസ്സഹായമായ സ്ഥിതിയിൽ ആയല്ലോ. എന്റെ രോഗം ഭേദമാകുമെന്ന് തോന്നുന്നില്ലാ. ഞാൻ നിമിത്തം നിങ്ങൾക്കു വലിയ ഒരു ഭാരവും വന്നുചേർന്നു. എന്തുചെയ്യാം, നിവൃത്തി ഇല്ലല്ലോ.

രാമൻമേനോൻ:- ഇങ്ങിനെ പറയുന്നത് എന്താണ്? നിണക്ക് ഈ ദീനം നിമിത്തം അപകടം ഒന്നും വരാൻ സംഗതി ഇല്ല. രണ്ടു നാലു ദിവസങ്ങൾക്കുള്ളിൽ ദേഹസൗഖ്യം വന്ന് നുമ്മൾക്കു സുഖമായി ഇവിടെനിന്നു പുറപ്പെട്ടു നാട്ടിൽ ചെന്നുചേരാം. നീ മനസ്സിനെ ഇങ്ങിനെ വിഷാദിപ്പിക്കരുത്. രോഗിക്കു മനസ്സിനു സുഖക്കേടോ, ഭയമോ ഉണ്ടാവുന്നതു രോഗവർദ്ധനയ്ക്കു ഹേതുവായി വരും.

കല്യാ:- എനിക്കു ഭയം യാതൊന്നിലുമില്ല. മനസ്സിന്നു സുഖക്കേടുണ്ടാവുന്നതിന് എന്താണു നിവൃത്തി? എനിക്കു മലയാളത്തിൽ ചെന്നുചേരണമെന്ന് അശേഷം ആഗ്രഹമില്ല. നിങ്ങളുടെ കൂടെ ഇരിക്കുമ്പോൾ എല്ലാ സ്ഥലവും സ്വദേശംപോലെതന്നെ എനിക്കു തോന്നുന്നു. എന്റെ ദീനം ഭേദമായി ഇവിടെനിന്നു നുമ്മൾക്കു പുറപ്പെടാറാവുമെന്ന് എനിക്കു തോന്നുന്നില്ല; ശാരദയെ വിചാരിച്ചിട്ട് അല്ല ഞാൻ വ്യസനിക്കുന്നത്. ശാരദയെപ്പറ്റി നിങ്ങൾ ജീവിച്ചിരിക്കുമ്പോൾ എനിക്കു യാതൊരു സംഗതിയിലും വ്യസനിപ്പാനാവശ്യമില്ല. [ 4 ] എന്നാൽ എനിക്കു നിങ്ങളുടെ ഇപ്പോഴത്തെ സ്ഥിതി ഓർത്തിട്ടാണ് വ്യസനം. നിങ്ങൾ രോഗിയായിത്തീർന്നു. ഇങ്ങിനെ വരാവുന്ന കാലത്ത് ഉപയോഗിപ്പാൻ സമ്പാദിച്ചു വച്ചിരുന്ന ധനം ഒക്കെയും നശിച്ചു. അനന്യഗതിയായ ഒരു പെങ്കുട്ടിയെ സംരക്ഷണം ചെയ്തു വളർത്തേണ്ടുന്ന ഭാരവും നിങ്ങളിൽ വന്നു ചേർന്നു. ഈ സ്ഥിതിയിൽ എന്നാൽ മാത്രമാണ് നിങ്ങൾക്ക് വല്ല സഹായങ്ങളും എനി ഉണ്ടാവാനുള്ളത്. അതും ഇപ്പോൾ ദൈവം ഇല്ലാതെ ചെയ്യുന്നതായാൽ കഷ്ടം---ഇത്രത്തോളം പറയുമ്പോഴേക്കു കല്യാണിഅമ്മ വ്യസനത്താൽ ഗൽഗദാക്ഷരങ്ങളായി സംസാരിപ്പാൻ കേവലം പാടില്ലാതെ ആയി കരഞ്ഞു. രമൻമേനോന്റെ ഹൃദയത്തിൽ ഉണ്ടായ പരിതാപത്തെ കുറിച്ച് എങ്ങിനെ പറയാം. അദ്ദേഹത്തിനും ഒരക്ഷരം സംസാരിപ്പാൻ പാടില്ലാതെ കുറേ നിമിഷങ്ങൾ തന്റെ പ്രാണപ്രിയ ആയ ഭാർയ്യയുടെ മുഖത്തേക്കു കണ്ണീർ വാർത്തുകൊണ്ടു നോക്കി.

"നീ ഇങ്ങിനെ വ്യസനിച്ചു പറയുന്നതു കേൾക്കുമ്പോൾ എന്റെ മനസ്സു ദഹിച്ചുപോകുന്നു. കാരണമില്ലാതെ നീ എന്നെ ഇങ്ങിനെ വ്യസനിപ്പിക്കൊല്ലെ. എനിക്ക് ഇതുവരെ വന്ന സകല കഷ്ടങ്ങളിലും വ്യസനശാന്തി നീ ഒരു ദേഹം നിമിത്തമാണ് ഉണ്ടായിട്ടുള്ളത്. ഞാൻ എത്രതന്നെ നിർഭാഗ്യവാനും പാപിയും ആയിരുന്നാലും എനിക്ക് ഇങ്ങിനെ ഒരു അത്യന്ത കഠിനസങ്കടം ദൈവം വരുത്തുകയില്ല, എന്നുതന്നെ ഞാൻ ഉറപ്പായി വിശ്വസിക്കുന്നു. അത്ര നിർദ്ദയമായി ഒരു പ്രാണിയോടും ഇത്ര കാരുണ്യമുള്ള ദൈവം ചെയ്കയില്ല. വെറുതെ വ്യസനിക്കരുതെ."

ഈ സംഭാഷണം ഉണ്ടായതിന്റെ രണ്ടാം ദിവസം "ഇത്ര കാരുണ്യമുള്ള ദൈവം അത്ര നിർദ്ദയമായി" തന്നെ ചെയ്തു. കല്യാണിഅമ്മ, ശാരദാ എന്നു പേരായ തന്റെ പെൺകിടാവിനെ അതിന്റെ അച്ഛൻ രാമൻമേനോൻ വശംവിട്ടു പരലോകം പ്രാപിക്കുകയും ചെയ്തു.

രാമൻ‌മേനവനും മകൾ ശാരദയും കഠിനമായ വ്യസനത്തിൽ ആയി. കയ്യിൽ രൊക്കം ഉണ്ടായിരുന്ന രണ്ടായിരത്തിൽ ചില്വാനം ഉറുപ്പികയും കല്യാണിഅമ്മയ്ക്കു തൻ ഉണ്ടാക്കിച്ചുകൊടുത്തതും അവളുടെ സ്വന്തം വകയും ആയ അഞ്ചാറായിരം ഉറുപ്പികയുടെ സ്വണ്ണാഭരണങ്ങളും ശാരദയ്ക്കു കൊടുത്ത സ്വൽപ്പം ചില പണ്ടങ്ങളും മാത്രമാണ് അപ്പോൾ രാമൻമേനോൻ പക്കൽ ഉണ്ടായിരുന്ന സ്വത്ത്. ഏതെങ്കിലും തന്റെ കുട്ടിയെ വിചാരിച്ച് രാമൻമേനോൻ വളരെ വിഷാദം തുടങ്ങി. സ്വരാജ്യമായ മലയാളത്തിലേക്കു തന്നെ മടങ്ങുന്നതോ [ 5 ] നല്ലത്, അതല്ല പരദേശങ്ങളിൽ തന്നെ വല്ല ദിക്കലും താമസിക്കുന്നതോ എന്നിങ്ങനെ വിചാരിച്ചും സംശയിച്ചും വിഷാദിച്ചും മരിച്ചുപോയ തന്റെ പ്രാണവല്ലഭയെ ഓർത്തു കരഞ്ഞും, ശാരദ വ്യസനിക്കുമ്പോൾ ധൈര്യം നടിച്ചും, തന്റെ നേത്രരോഗം നിമിത്തം തനിക്കു സംഭവിച്ച പരാധീനതയെ ഓർത്തും രാമൻ മേനോൻ ദുസ്സഹമായ സങ്കടത്തോടെ രാമേശ്വരത്തിൽതന്നെ തന്റെ ഭാര്യയുടെ മരണശേഷം ഒരു മാസത്തോളം ഒന്നു ചെയ്‌വാൻ ഉറയ്ക്കാതെ ശരീരത്തിലും മനസ്സിലും ഒരുപോലെ അന്ധനായി താമസിച്ചു.

ശാരദാ എന്ന കുട്ടിക്ക് ഇക്കാലം പതിനൊന്നു വയസ്സു പ്രായമാണ്. ഇവൾ അതിബുദ്ധിയും കാഴ്ചയിൽ അതിസൗന്ദര്യവും ഉള്ള ഒരു പെൺകിടാവായിരുന്നു. തന്റെ അമ്മയുടെ മരണത്തിലും അച്ഛന്റെ കഠിനമായ വ്യസനത്തിലും ഈ പെൺകിടാവിനുണ്ടായ സങ്കടം ഇന്നപ്രകാരമെന്ന് പറവാൻ പ്രയാസം. അച്ഛൻ കഠിനമായി വ്യസനിക്കുന്നതു കാണുമ്പോൾ ചിലപ്പോൾ താൻ അതിനു സമാധാനം ചെയ്‌വാൻ ശ്രമിക്കും. ചിലപ്പോൾ താനും കൂടെ കരയും. ഇങ്ങനെ ഇവർ ദിവസങ്ങൾ കഴിക്കുംകാലം രാമൻമേനോൻ ഒരു രാത്രി ഊണുകഴിഞ്ഞ് തന്റെ സമീപത്തിൽ കിടന്ന് ഉറങ്ങുന്ന ശാരദയുടെ അതികാന്തമായി വിളങ്ങുന്ന മുഖത്തെ നോക്കിക്കൊണ്ട് ഇങ്ങനെ പറഞ്ഞു.

"ഹാ ദൈവമേ! ഇത്ര കഠിനം ചെയ്യുന്നുവല്ലോ. എന്റെ മകൾ ഇങ്ങനെ നിസ്സഹായമായ സ്ഥിതിയിലായല്ലോ. ഞാൻ എന്റെ കുട്ടിയേയുംകൊണ്ട് ഇനി എന്താണു ചെയ്യേണ്ടത്. ഈശ്വരാ."

ഈ ഒടുവിൽ പറഞ്ഞ വാക്കു കുറെ ഉച്ചത്തിലായതിനാലും രാമൻമേനോന്റെ കണ്ണിൽനിന്ന് പ്രവഹിക്കുന്ന ജലം തന്റെ ശരീരത്തിൽ വീണതിനാലും ശാരദ ഉണർന്ന് കുവലയങ്ങൾപോലെയുള്ള കണ്ണുകൾ മിഴിച്ചുനോക്കി. അച്ഛൻ അടുക്കെ ഇരുന്ന കരയുന്നതുകണ്ട് ഉടനെ ശാരദ എഴുന്നേറ്റ് അച്ഛനെ ആലിംഗനം ചെയ്തുംകൊണ്ട് പറയുന്നു.

ശാരദ:- എത്ര ദിവസമായി അച്ഛൻ ഇങ്ങിനെ കരയുന്നു. അമ്മ ഇനി നമ്മളുടെ അടുക്കെ വരികയില്ല നിശ്ചയം, എന്ന് അച്ഛൻ തന്നെ പറഞ്ഞുവല്ലൊ. പിന്നെ എന്തിനു കരയുന്നു. കരഞ്ഞിട്ട് എന്തു കാര്യം.

രാ:- ശരിയാണ് മകളെ, കരഞ്ഞിട്ട് യാതൊരു കാര്യവുമില്ല. ഞാൻ നിന്റെ അമ്മയെ വിചാരിച്ചിട്ടല്ല കരഞ്ഞത്. അവൾ സൗഖ്യത്തോടെ ഇപ്പോൾ സ്വർഗ്ഗത്തിൽ എന്നെ കാത്തുംകൊണ്ട് ഇരിക്കുന്നുണ്ട്. ഞാനും ഒടുവിൽ അവിടെ പോയി അവളുടെകൂടെ ഇരിക്കുകയും ചെയ്യും. [ 6 ] ശാ:- അപ്പോൾ ഞാനോ അച്ഛാ, അച്ഛനും പോവുന്നുവെങ്കിൽ എനിക്കാരുണ്ട്,അമ്മയും അച്ഛനും രണ്ടാളും പോയാൽ എനിക്കു് ആരും വേണ്ടേ. ഈ വാക്കുകൽ കേട്ടപ്പോൾ രാമന്മേനോന്റെ ഹൃദയം ഇടിവെട്ടുപോലെ പൊട്ടി ദാഹിച്ചുപോയി.എന്നുതന്നെ പറയാം. എന്തുചെയ്യും പാവം? മകളെ മടിയിൽ ഇരുത്തി മൂർദ്ധാവിൽ ചുംബിച്ചു. കണ്ണിൽനിന്നു കൊടുമഴ ചൊരിയുംപോലെ ജലം ചാടി. ഇങ്ങിനെ കുറെ കഴിഞ്ഞശേഷം മകളോടു പറയുന്നു.


രാ:-എന്റെ മകളെ ഞാൻ ഒരിക്കലും വിട്ടുകളഞ്ഞു പോവുകയില്ല. എന്റെ കുട്ടിയെ സുഖമായി ഒരു ദിക്കിൽതന്നെ താമസിപ്പിച്ചു് എനിയും വേണ്ടുന്ന വിദ്യാഭ്യാസം എല്ലാം ചെയ്യപ്പിച്ച് യോഗ്യനായ ഒരു ഭർത്താവിന്റെ രക്ഷയിൽ സമർപ്പിച്ചശേഷമേ എനിക്കു് അമ്മയുടെ അടുക്കെ പോകണമെന്നാഗ്രഹമുള്ളൂ.


ഈ വാക്കുകൾ കേട്ടശേഷം, ശാരദ കരഞ്ഞൊന്നു വിചാരിച്ചിട്ടു പറയുന്നു.


"അച്ഛാ! എനിക്കും അമ്മയ്ക്കും മലയാളരാജ്യത്തൊരു വീടുണ്ടെന്ന് അമ്മ എന്നോടു് ഒരുദിവസം പറഞ്ഞിട്ടുണ്ടല്ലോ. അതു് എവിടെയാണ്, അവിടെ നുമ്മൾക്കു പോവരുതേ."


രാമൻമേനോൻ ഈ ചോദ്യം കേട്ടശേഷവും ഒന്നും മിണ്ടാതെ കുട്ടിയുടെ മുഖത്തുനോക്കി കണ്ണീർ വാത്തുംകൊണ്ടുതന്നെ ഇരുന്നു.


ശാ:-എന്താണു്, അച്ഛാ വീടു ഇല്ലെ. ഞാൻ വല്ലതിനും ശാഠ്യം പിടിച്ചാലും മറ്റും ഓരോ കഥപറഞ്ഞ് അമ്മ എന്നെ സന്തോഷിപ്പിക്കാറുണ്ടായിരുന്നു. ആ കൂട്ടത്തിൽ പറഞ്ഞതായിരിക്കും അല്ലെ? എനിക്കു വീടില്ല. നിശ്ചയം. അതാണ് അച്ഛൻ എന്നെയുംകൊണ്ടു് ഇവിടെതന്നെ പാർക്കുന്നതു്.


രാ:- എന്റെ മകൾക്കു മലയാളത്തിൽ വളരെ വിശേഷമായ വീടുണ്ടു്. അമ്മ പറഞ്ഞതു നേരാണ്. നിന്റെ അമ്മ ഒരിക്കലും കളവു പറക ഇല്ല. വീടു എന്റെ മകൾക്കുണ്ടു് എന്നു പറഞ്ഞു പിന്നെയും രാമൻമേനോൻ കല്യാണി അമ്മയെ ഓർത്തും അശ്രുക്കൾ വാർത്തും മകളുടെ മുഖത്തേയ്ക്കു നോക്കി.


ശാ:- വീടു് ഉണ്ടെങ്കിൽ നുമ്മൾക്കു് അവിടെ പോയി പാർക്കരുതേ, വീടു് ഉണ്ടു് എന്നു പറഞ്ഞു് അച്ഛൻ എന്തിനു കരയുന്നു?


രാമൻമേനോൻ എന്താണു കുട്ടിയോടു പറയേണ്ടതു് എന്നുള്ള ആലോചനയിൽ ആയി. ശാരദയ്ക്കു പതിനൊന്നു വയസ്സു പ്രായം [ 7 ] മാത്രമേ ആയിട്ടുള്ളു. എങ്കിലും കുട്ടിയുടെ അറിവും ബുദ്ധിയുടെ ഗ്രഹണശക്തിയും കൂർമതയും അസാധാരണമായി ഉള്ളതാണെന്നു രാമൻ‌മേനോനു നല്ല നിശ്ചയമുണ്ട്. ശാർദ ഇതുവരെ തന്റെ അമ്മയുടെ പൂർവ്വകഥയെപ്പറ്റി ഒന്നും അറിക ഇല്ല. ഈ സമയം ആ കഥ പറഞ്ഞറിയിപ്പിക്കുന്നതിനാൽ ശാരദയ്ക്ക് അപ്പോൾ ഉള്ളവ്യസനത്തിന് അധിക്യത വരുന്നതല്ലാതെ വേറേയാതൊരു പ്രയോജനവും ഉണ്ടാവുന്നതല്ലെന്ന് സ്പഷ്ടമാണ്. കുട്ടി ഈ സംഗതിയെപ്പറ്റി വിടാതെ ചോദ്യവും തുടങ്ങിയിരിക്കുന്നു. വല്ല കളവും പറഞ്ഞു ധരിപ്പിക്കുന്നതിലും അബദ്ധമുണ്ട്. ഇങ്ങനെ ഇരിക്കുമ്പോൾ എന്താണു കുട്ടിയോട് ഉത്തരം പറയേണ്ടത്. ഈശ്വരാ എന്നു രാമൻമേനോൻ വിചാരിച്ചു പരിഭ്രമിച്ചു വശായി.

ശാ:- എന്താണ് അച്ഛൻ ഒന്നും പറയാത്തത് ? വീടുണ്ടെങ്കിൽ നുമ്മൾ അങ്ങോട്ടു പോവരുതേ? നുമ്മൾക്ക് വീട്ടിൽ ആരും സഹായത്തിന് ഇല്ലേ?

രാ:- നുമ്മൾക്ക് വീട്ടിലേക്കു പോവാം.

ശാ:- അമ്മയ്ക്ക് വീട്ടിൽ ആരും ഇല്ലേ? എന്താണ് അച്ഛൻ പറയാൻ മടിക്കുന്നത് ? കുട്ടികളോട് പറയരുതാത്തതാണെങ്കിൽ ഞാൻ അച്ഛനോടു ചോതിക്കുന്നില്ല.

രാ:- വീട്ടിൽ വേണ്ടരെല്ലം ഉണ്ട്. നുമ്മൾക്ക് അങ്ങോട്ടു പോവാം. എന്റെ മകളോട് എല്ലാ വിവരവും ഞാൻ പറയാം.

ശാ:- എന്നെ എന്റെ വീട്ടുകാർ ഇതുവരെ കണ്ടിട്ടുണ്ടോ?

രാ:- ഇല്ലാ.

ശാ:- പിന്നെ നുമ്മൾ അവിടെ ചെന്നൽ അവർ നുമ്മളെ അറിയുമോ?

രാമമേനോൻ കുട്ടിയുടെ ചോദ്യങ്ങൾ നിമിത്തം വലിയ വലച്ചിലിൽ ആയി.

ശാ:- നുമ്മളെ കണ്ടിട്ടില്ലെങ്കിൽ നുമ്മളെ അവരറിയുമോ?

രാ:- അറിഞ്ഞില്ലങ്കിൽ വിവരങ്ങൾ പറഞ്ഞറിയിക്കാമല്ലോ.

ശാ:- എന്തു വിവരങ്ങളാണു പറയുവാനുള്ളത്? എനിക്കു കേൾക്കാമോ, എന്നോടു പറയാമോ?

രാമൻമേനോൻ മകളെ വിണ്ടും തന്റെ ഉരസ്സോടു ചേർത്തു ചുംബിച്ചു പറയുന്നു. [ 8 ] രാ:-വിവരങ്ങൾ ഒക്കെയും ഞാൻ നാളെ പറഞ്ഞുതരാം മകളെ, ഇപ്പോൾ എന്റെ മകൾ അധികം ഉറക്കൊഴിയരുത്. വേഗം ഇവിടെ കിടന്നുറങ്ങ്.

ശാരദ "നാളെ പറഞ്ഞുതന്നാൽ മതി" എന്നും പറഞ്ഞ് ക്ഷണത്തിൽ അച്ഛന്റെ കല്പനപ്രകാരം കിടന്ന് ഉറങ്ങുകയും ചെയ്തു.

രാമൻമേനോൻ ഉറങ്ങാതെയും വശായി. ഏകദേശം പ്രഭാതത്തിനടുത്തപ്പോൾ ക്ഷീണം നിമിത്തം അല്പം ഉറങ്ങി. ഉണർന്നപ്പോൾ ഉദിച്ച് ഒരു നാഴികയായിരിക്കുന്നു. മകൾ എണീറ്റിരുന്ന് അമ്മ ഉള്ള കാലത്തിൽത്തന്നെയുംള്ള സമ്പ്രദായപ്രകാരം വെറ്റിലമുറുക്കാൻ ഉണ്ടാക്കി തയ്യാറാക്കിവെച്ച് അച്ഛന്റെ സമീപം ഇരിക്കുന്നതുകണ്ട് രാമൻമേനവൻ ബദ്ധപ്പെട്ട് എഴുനീറ്റിരുന്നു.

രാ:- കുട്ടി വളരെ നേരമായി എഴുനീറ്റ് ഇരിക്കുന്നു ഇല്ലേ. ഞാൻ ക്ഷീണം കൊണ്ടു വല്ലാതെ ഉറങ്ങിപ്പോയി മകളെ.

ശാ:-(വേഗം വെറ്റിലമുറുക്കാൻ അച്ഛന്റെ കയ്യിൽ കൊടുത്തും കൊണ്ട്) അച്ഛന് അമ്മയെ വിചാരിച്ചും എന്നെ വിചാരിച്ചും വളരെ വ്യസനമുണ്ട്. ഉറക്ക് മുമ്പുള്ളതുപോലെ ഇല്ല. വളരെ ക്ഷീണവുമുണ്ട്. എനിയും കുറെക്കൂടി ഉറങ്ങരുതേ. ഞാൻ ഇവിടെത്തന്നേ ഇരിക്കാം.

രാ:- വേണ്ട മകളെ , നുമ്മൾക്ക് ഇനി പുറത്തുപോവുക , എന്നു പറഞ്ഞു രണ്ടുപേരും പുറത്തേക്കു വന്നു. രാവിലെ നിയമപ്രകാരമുള്ള കുളിയും ഭക്ഷണവും കഴിഞ്ഞശേഷം ശാരദ രാമൻമേനോന്റെ സമീപത്തിൽ വന്നിരുന്നു. രാവിലെ വിവരങ്ങൾ പറഞ്ഞുതരാമെന്ന് അച്ഛൻ പറഞ്ഞ ഓർമ്മയും അതു കേൾക്കുവാനുള്ള അത്യാഗ്രഹവും ശാരദയ്ക്കു നല്ലവണ്ണ ഉണ്ടായിരുന്നുവെങ്കിലും അച്ഛന്റെ സമയം നോക്കാതെ പലപ്പോഴും വല്ലതും ചോദിക്കുന്ന പ്രകൃതി ശാരദയ്ക്ക് ഉണ്ടായിരുന്നില്ല. അതുകൊണ്ട് ശാരദ സ്വസ്ഥമായി അച്ഛന്റെ അടുക്കെ ഇരുന്നു. തന്റെ മകളുടെ ബുദ്ധിശക്തി നല്ലവണ്ണം ഗ്രഹിച്ചിട്ടുള്ള രാമൻമേനോൻ ശാരദയുടെ അപ്പോഴത്തെ ഭാവം നല്ലവണ്ണം മനസ്സിലാക്കിയിരുന്നു.

ശാരദയ്ക്കു തന്റെ അമ്മയുടെ പൂർവ്വവൃത്താന്തങ്ങൾ കേൾക്കാൻ അതിയായ ആഗ്രഹം ഉണ്ട് എന്നുള്ളതിനു സംശയമില്ല. താൻ പറഞ്ഞു മനസ്സിലാക്കാമെന്ന് തലേദിവസം രാത്രി വാഗ്ദത്തം ചെയ്കയും ചെയ്തു. എനി അതുപ്രകാരം ചെയ്യാതിരുന്നാൽ കുട്ടിക്കു മനസ്സിനു. [ 9 ] വളരെ കുണ്ഠിതവും വ്യസനവും ഉണ്ടായിവരും. അതിനാൽ എനി കുട്ടിയോട് എല്ലാ വിവരങ്ങളെക്കുറിച്ചും പറയുന്നതാണു നല്ലത് എന്നു തന്നെ രാമൻമേനോൻ ഒടുവിൽ ഉറച്ചു. എന്നിട്ട് ഇങ്ങനെ പറഞ്ഞു.

രാ:- എന്റെ മകൾ ഇന്നു ഞാൻ പറഞ്ഞുതരാമെന്നു പറഞ്ഞ വിവരങ്ങൾ കേൾപ്പാൻ ഉത്സാഹത്തോടുകൂടി ഇരിക്കുകയാണെന്നു തോന്നുന്നു. മനുഷ്യജന്മം എടുത്താൽ പലേ പ്രകാരമുള്ള വ്യസനങ്ങളും സന്തോഷങ്ങളും മനുഷ്യർക്കു ഉണ്ടായിവരുന്നതു സാധാരണയാണ് മകളെ. ചിലപ്പോൾ മനസ്സിനു സന്തോഷമുണ്ടാക്കുന്ന കാര്യങ്ങൾ ഉണ്ടാവും. ചിലപ്പോൾ മനസ്സിനു വ്യസനമുണ്ടാക്കുന്ന കാര്യങ്ങൾ ഉണ്ടായിവരും. ഇങ്ങനെ എടകലർന്നിട്ടാണ് നുമ്മൾ മനുഷ്യർക്കു എല്ലായ്പ്പോഴും ഉള്ള അനുഭവം. അതുകൊണ്ട് മനസ്സിനു സന്തോഷം വരുമ്പോഴും മനുഷ്യന് ധൈര്യം എന്നുള്ള ശക്തി ഉണ്ടായിരിക്കണം. സന്തോഷം ഉണ്ടായാൽ അഹങ്കരിച്ചു മദിക്കരുത്. വ്യസനകരമായ അവസ്ഥകൾ വരുമ്പോൾ മനസ്സിനെ ദു:ഖിപ്പിച്ചുകരയരുത്. മകളെ , അങ്ങിനെ മനസ്സിനു നല്ല മിടുക്ക് എന്റെ മകൾക്കുണ്ടെങ്കിൽ ഞാൻ സകല വിവരങ്ങളും പറയാം.

ശാ:-ഞാൻ അച്ഛൻ പറയുന്ന വിവരങ്ങൾ കേട്ടാൽ ഒരിക്കലും വ്യസനിച്ചു കരയുകയില്ല. നിശ്ചയംതന്നെ. എന്റെ അമ്മയുടെ വർത്തമാനങ്ങൾ കേട്ടാൽ ഞാൻ എന്തിനാണ് കരയുന്നത്. എനിക്ക് അതു കേൾക്കണമെന്നു വളരെ ആഗ്രഹമുണ്ട്. അച്ഛൻ പറയുകയേ വേണ്ടു.

രാ:- എന്നാൽ ഞാൻ പറയാം. നിന്റെ അമ്മ കല്യാണി മലയാളത്തിൽ പൂഞ്ചോലക്കര എടം എന്ന കീർത്തിപ്പെട്ട നായർതറവാട്ടിൽ ഉള്ള ഒരു സ്ത്രീയായിരുന്നു. ഈ പൂഞ്ചോലക്കര തറവാട് വലിയ ദ്രവ്യപുഷ്ടിയോടും പ്രബലതയോടം പ്രഭുത്വത്തോടും കൂടിയുള്ള ഒരു തറവാടാകുന്നു. നിന്റെ കാരണവന്മാർ പൂഞ്ചോലക്കര അച്ചന്മാർ എന്ന സ്ഥാനപ്പേരുള്ളവരാകുന്നു. നിന്റെ അമ്മ വളരെ രൂപവതിയായ ഒരു സ്ത്രീയായിരുന്നു മകളെ. ഏകദേശം പതിനെട്ട് ഇരുപത് വയസ്സുപ്രായമായപ്പോൾ നിന്റെ അമ്മയെ മഹാവിരൂപനും ബുദ്ധിശൂന്യനുമായ ഒരു എടപ്രഭുവിന് , നിന്റെ തറവാട്ടിൽ കാരണവൻ പൂഞ്ചോലക്കര അച്ചൻ, എന്തോ തറവാട്ടിലേക്ക് ആദായമുള്ള ഒരു കാര്യത്തിനു വേണ്ടിമാത്രം , സംബന്ധം കഴിച്ചു കൊടുത്തു. നിന്റെ അമ്മയ്ക്ക് ഈ ബുദ്ധിശൂന്യനായ പുരുഷനോടുകൂടി ഇരിപ്പാൻ കേവലം നിവൃത്തിയില്ലാതെ ആയിത്തീർന്നതിനാൽ ഇപ്പോഴേക്കു ഒരു പതിനഞ്ചു സംവത്സരങ്ങൾ മുമ്പ് നിന്റെ അമ്മ പൂഞ്ചോലക്കര എടത്തിൽനിന്നു [ 10 ] ഒളിച്ചു് മലയാളരാജ്യം വിട്ടു പൊയ്ക്കളഞ്ഞു. കൂടെ സഹായത്തിനു് ആദ്യത്തിൽ ഒരു പട്ടരും ചെറുവയസ്സായ ഒരു നായർ ഭൃത്യനും മാത്രം ഉണ്ടായിരുന്നു. ആ ഭൃത്യനാണു് നമ്മുടെ കൂടെയുള്ള ഈ കൃഷ്ണൻ. സ്വന്തം വകയായി ഉള്ള ചില പണ്ടങ്ങൾ കയ്യടക്കമായി എടുക്കാൻ പാടുള്ളതുംകൂടെ കൊണ്ടുപോയി. ഒന്നാമതു കാശിയിലേക്കു പോകണമെന്നുള്ള ഉദ്ദേശത്തിന്മേൽ പുറപ്പെട്ടു. കാശിയിൽ വെച്ചു് നിന്റെ അമ്മ എന്നെ കണ്ടു പരിചയമായി. ഞാൻ ഒരു ചിത്രമെഴുത്തുകാരനായിരുന്നു. എന്റെ രാജ്യവും മലയാളമാണു്. വടക്കേ ഇൻഡ്യയിൽ പലേ രാജസ്ഥലങ്ങളിലും ചിത്രമെഴുതി കുറെ പണം സമ്പാദിച്ചു കാശിയാത്ര ചെയ്തു. പക്ഷെ നാട്ടിലേക്കു മടങ്ങണമെന്നുള്ള ഉദ്ദേശത്തോടുകൂടി ഇരിക്കുന്ന കാലത്താണു് മകളെ, ഞാൻ അതിരൂപവതിയും ഭാഗ്യവതിയും എന്റെ പ്രാണപ്രിയയുമായ നിന്റെ അമ്മയെ കണ്ടെത്തിയതു്. പിന്നെ ഞങ്ങൾ ഭാര്യാഭർത്താക്കന്മാരുടെ നിലയിലായി. ഞാൻ ജാതിയിൽ നിന്റെ പൂഞ്ചോലക്കര എടക്കാരോടു സമം തന്നെ ആയിരുന്നു എങ്കിലും നിന്റെ എടക്കാർക്കു് പ്രഭുത്വം ഉണ്ടാകയാൽ അവിടെയുള്ള സ്ത്രീകൾക്ക് സാധാരണ ശൂദ്രർ ബാന്ധവം ആവുന്ന നടപ്പുണ്ടായിരുന്നില്ല. പൂഞ്ചോലക്കര എടത്തിൽ ബ്രാഹ്മണർ മാത്രമാണു സംബന്ധം നടന്നു വരുമാറു്. ഇങ്ങനെയായിരുന്നു സ്ഥിതി. എങ്കിലും ഞങ്ങൾ അതൊന്നും സാരമാക്കാതെ ഭാര്യഭർത്താക്കന്മാരായിത്തീർന്നു. നാട്ടിലേക്കു തൽക്കാലം മടങ്ങേണ്ട എന്നു ഞങ്ങൾ നിശ്ചയിച്ചു. ഉജ്ജയിൽ എന്ന പട്ടണത്തിലേക്കു പോയി അവിടെ താമസിച്ചു. ഞാൻ ചിത്രമെഴുത്തുകൊണ്ടു് അഹോവൃത്തിക്കു സമ്പാദിച്ചു് ഞങ്ങൾ വളരെ സുഖമായി കാലക്ഷേപം ചെയ്തു. ഒരു നാലു് സംവത്സരങ്ങൾ അങ്ങനെ കഴിഞ്ഞു: ഈ കാലത്തിനുള്ളിൽ എനിക്കു ചിത്രമെഴുത്തിൽ വിശേഷവിധിയായ സമ്പാദ്യം ഉണ്ടായിത്തുടങ്ങി. ഇങ്ങിനെ ഇരിക്കുമ്പോൾ ഞങ്ങൾക്കു് എന്റെ മകൾ പുത്രിയായി ജനിച്ചു. അതിന്നുശേഷം ഉജ്ജയിൻ എന്ന പട്ടണം വിട്ടു് വടക്കേ ഇൻഡ്യയിൽ പലേ രാജസ്ഥലങ്ങളിലും പോയി താമസിച്ചു. എനിക്കു് അധികമായ ധനസമ്പാദ്യം ഉണ്ടായി. സമ്പാദ്യങ്ങൾ ഞാൻ ഉജ്ജയിനിൽ നാട്ടുകാർ ചേർന്നു് ഉണ്ടാക്കിയ ഒരു ബേങ്കിൽ പലിശയ്ക്കു് ഇട്ടുവന്നു. ഇങ്ങനെ ഒരു പത്തുസംവത്സരങ്ങൾ സഞ്ചരിച്ചശേഷം നമ്മൾ നല്ല ധനവാന്മാരുടെ അവസ്ഥയിൽ ആയി മകളെ. ഇങ്ങനെ ഇരിക്കുമ്പോൾ നിർഭാഗ്യവശാൽ എനിക്കു കഠിനമായി ഒരു നേത്രരോഗം ഉണ്ടായി. അതു നിമിത്തം കേവലം അന്ധനായി എന്നു പറയുവാൻ പാടില്ലെങ്കിലും കണ്ണിനു കാഴ്ച വളരെ കുറവായി. ഈ രോഗം നിമിത്തവും എന്റെ മകളെ [ 11 ] യോഗ്യനായ ഒരു മലയാളിക്കുതന്നെ കൊടുക്കണമെന്നു് എനിക്കുണ്ടായ അതിയായ മോഹം നിമിത്തവും ഇതിനുശേഷം മലയാളത്തിലേക്കു തന്നെ മടങ്ങിപ്പോവാമെന്നു ഞങ്ങൾ ഉറച്ചു. ഈ കാലം നിർഭാഗ്യശിരോമണിയായിത്തീർന്ന ഞാൻ ബേങ്കിൽനിന്നു പണം തിരിയെ ചോദിക്കാൻ ഭാവിക്കുമ്പോഴേക്കു് ആ ബേങ്ക് കടത്തിൽപ്പെട്ടു നശിച്ചുപോയിരിക്കുന്നു. ഞാൻ പലിശയ്ക്കു ഇട്ടിരുന്ന അമ്പതിനായിരം ഉറുപ്പികയും നശിച്ചുപോയി. ദീപാളിയായ ബേങ്കുടമസ്ഥന്മാർ ബേങ്കിലെ ബാക്കിസ്വത്തു കടക്കാർക്കു് ഓഹരിചെയ്തു കൊടുത്തതിൽ ഒരു മൂവായിരം ഉറുപ്പികമാത്രം എനിക്കു തന്നു. അതും വാങ്ങി നമ്മൾ വടക്കേ ഇൻഡ്യ വിട്ടു മലയാളത്തിലെക്കു പുറപ്പെട്ടു വരുംവഴി രാമേശ്വരയാത്ര ചെയ്യണം, എന്നാൽ എനിക്കു രോഗത്തിനു ശാന്തത ഉണ്ടാവുമെന്നു് ആഗ്രഹിച്ചു് നമ്മൾ നേരെ ഇവിടെ രാമേശ്വരത്തേക്കു വന്നു. ഇവിടെ വച്ചു നിന്റെ അമ്മയ്ക്കു കഠിനമായ ഒരു ജ്വരം ഉണ്ടായി. നുമ്മളെ ഈ സ്ഥിതിയിൽ ഇട്ടു് അവൾ സ്വർഗ്ഗപ്രാപ്തിയാകയും ചെയ്തു. "ഇങ്ങനെയാണു് മകളെ പൂർവവൃത്താന്തങ്ങൾ. നമ്മൾ ഇപ്പോൾ കുട്ടിയുടെ വീട്ടിൽ ചെന്നാൽ കുട്ടിയേയും എന്നേയും ആരും അറികയില്ല, നിശ്ചയം."

അച്ഛൻ പറഞ്ഞതു് എല്ലാം സാവധാനത്തിൽ സൂക്ഷ്മതയോടെ കേട്ടശേഷം ശാരദ കുറഞ്ഞൊന്നു വിചാരിച്ചു. പിന്നെയും ചോദിക്കുന്നു.

ശാ:- എനിക്കൊന്നുകൂടി അച്ഛനോടു ചോദിപ്പാനുണ്ടായിരുന്നു. അതു് അച്ഛനെക്കുറിച്ചുതന്നെയാണു്. അച്ഛനും എനിക്കും വീടുകൾ വെവ്വേറെയാണോ. എന്താണു് അച്ഛൻ "എന്റെ വീടു്" എന്നു പറയുന്നതു്. അച്ഛനു വീടു വേറെ ഉണ്ടോ. ഉണ്ടെങ്കിൽ അതു് എവിടെയാണു്. അച്ഛനു വീട്ടിൽ ആരെല്ലാമുണ്ടു് . ഇതും കൂടി എനിക്കു അറിവാൻ ആഗ്രഹമുണ്ടായിരുന്നു. എന്നോടു പറയുന്നതിൽ വിരോധമില്ലെങ്കിൽ പറഞ്ഞുതരണം.

രാ:- ഒരു വിരോധവുമില്ല. എന്റെ മകൾ അതും അറിഞ്ഞിരിക്കേണ്ടതാണു് . എന്റെ വീടു് നിന്റെ പൂഞ്ചോലക്കര എടമുള്ള രാജ്യത്തുനിന്നു ഒരു പതിനഞ്ചുകാതം തെക്കാണു്. ഞാൻ ജാതിയിൽ വളരെ യോഗ്യതയുള്ള ഒരു നായരാണു്. നിന്റെ ജാതിക്കു സമം തന്നെയാണു്. എന്നാൽ നിന്റെ വീട്ടിലേക്കു പ്രഭുത്വം ഉണ്ടാകകൊണ്ടു് എന്റെ ജാതിക്കാർ സമത്വമായി നടന്നുവരാറില്ല.

ശാ:‌- എന്താണു് അച്ഛാ പ്രഭുത്വം എന്നു വച്ചാൽ.

രാ:-രാജ്യം വാണു മനുഷ്യരെ ശിക്ഷാരക്ഷചെയ്തിരുന്നു മുമ്പുള്ള [ 12 ] നിന്റെ കാരണവന്മാർ. ഇപ്പോൾ അതൊന്നുമില്ലെങ്കിലും ഈ അവസ്ഥ മുമ്പു് ഉണ്ടായിരുന്നതിനാൽ നിന്റെ തറവാട്ടിലേക്കു പ്രഭുത്വമുണ്ടെന്നു പറഞ്ഞതാണു്.

ശാ:- അതേ ഉള്ളു അല്ലേ. എന്റെ വീട്ടിൽ നിന്നു പതിനഞ്ചുകാതം ദൂരമാണു് അച്ഛന്റെ വീടു്. പിന്നേയോ?

രാ:- ഞാൻ നിന്റെ അമ്മയേയും നിന്നെയും ഒഴികെ നിന്റെ വീട്ടിൽ ഉള്ള വേറെ ആരെയും കണ്ടിട്ടില്ല. ആ ദിക്കുകാർ ആരും എനിക്കു പരിചയക്കാരായും ഇല്ല. എന്റെ തറവാടു് വളരെ ദാരിദ്ര്യദശയിൽപ്പെട്ട തറവാടായിരുന്നു. എന്റെ അമ്മയും അച്ഛനും ഞാൻ ചെറിയ വയസ്സായിരിക്കുമ്പോൾ തന്നെ മരിച്ചു. എനിക്കു കൂടെപ്പിറന്നവരായി ആരും ഇല്ല. വകയിൽ രണ്ടുമൂന്നു അമ്മാമന്മാർ ഉണ്ടായിരുന്നു. അവർക്കു് എന്നോടു സ്നേഹവും അഥവാ സ്നേഹം ഉണ്ടായിരുന്നുവെങ്കിൽതന്നെ എന്നെ രക്ഷിപ്പാനുള്ള ശക്തിയും ഉണ്ടായിരുന്നില്ല. എനിക്കു പതിന്നാലുവയസ്സു പ്രായമായിരുന്നപ്പോൾ ഞാൻ എന്റെ രാജ്യം വിട്ടു് ഇംഗ്ലീഷ് പഠിക്കണമെന്നുള്ള താല്പര്യത്താൽ തിരുവനന്തപുരം എന്ന രാജ്യത്തേയ്ക്കു പൊയ്ക്കളഞ്ഞു. അതിന്നുശേഷം ഇതുവരെ എന്റെ വീട്ടുകാരുടെ വർത്തമാനം യാതൊന്നും ഞാൻ അറിഞ്ഞിട്ടില്ല. എന്റെ രാജ്യത്തേയ്ക്കും ഞാൻ കടന്നിട്ടില്ല.

ശാ:- എന്നിട്ടോ, അച്ഛൻ തിരുവനന്തപുരത്തു് പോയിട്ടു് അമ്മയെ കണ്ടതുവരെയുള്ള വിവരങ്ങൾ കൂടി പറഞ്ഞുകേട്ടാൽ നന്നായിരുന്നു.

രാ:- ശരി. ഞാൻ തിരുവനന്തപുരത്തു് ഒരു വലിയ ഉദ്യോഗസ്ഥന്റെ കൂടെ താമസമായി. അദ്ദേഹത്തിന്നു് എന്നെ വളരെ താല്പര്യമായി. എന്നെ സ്കൂളിൽ അയപ്പിച്ചു് കുറേ ഇംഗ്ലീഷ് പഠിപ്പിച്ചു. എനിക്കു ചിത്രമെഴുത്തിൽ വാസന തുടങ്ങി. അതിൽ മഹാനായ ഒരു വലിയ ഉദ്യോഗസ്ഥൻ എന്നെ ശീലിപ്പിച്ചു. കുറെ കാലം കഴിഞ്ഞപ്പോൾ ആ മനുഷ്യൻ മരിച്ചുപോയി. ആ കാലം എനിക്കു് എണ്ണച്ചായത്തിൽ സാമാന്യം നല്ലവണ്ണം ചിത്രം എഴുതുവാൻ ശീലമായിരുന്നു. എനിക്കു് അദ്ദേഹത്തിന്റെ മരണശേഷം യാതൊരാളും സഹായിപ്പാൻ ഇല്ലാതെ ആയതിനാൽ ഞാൻ തിരുവനന്തപുരം വിട്ടു് വടക്കേ ഇൻഡ്യയിൽ സഞ്ചാരത്തിനു് ആരംഭിച്ചു. അക്കാലം എനിക്കു് ഇരുപത്തേഴുവയസ്സു് പ്രായമാണു്. ചിത്രമെഴുത്തുകൊണ്ടുതന്നെ അഹോവൃത്തി കഴിച്ചു സഞ്ചരിച്ചു.അങ്ങിനെ ഒരു ആറേഴുകൊല്ലം സഞ്ചരിച്ചശേഷമാണു് അതിസുന്ദരിയും ബുദ്ധിമതിയുമായ നിന്റെ അമ്മയെ [ 13 ] ഞാൻ കണ്ടെത്തിയതു്. അതു മുതൽ ഉള്ള വിവരങ്ങൾ നിന്നോടു ഞാൻ പറഞ്ഞിട്ടുണ്ടല്ലോ. ഇങ്ങനെയാണു് എന്റെ വർത്തമാനം മകളെ.

ശരദ ഈ വിവരങ്ങളെല്ലാം വളരെ ശ്രദ്ധയോടും ക്ഷമയോടും കേട്ടു് ഒടുവിൽ ഒരു മന്ദഹാസത്തോടുകൂടി ഇങ്ങിനെ പറഞ്ഞു.

"എന്നാൽ അച്ഛനേയും എന്നെയും നുമ്മടെ നാട്ടുകാർ ഇപ്പോൾ അറിവാൻ പ്രയാസം തന്നെ. നുമ്മൾ അവിടെ പോയിട്ടു് എന്തു ചെയ്യും. ഈ ശങ്കരൻ നുമ്മളുടെ കൂടെ എപ്പോൾ വന്നുകൂടി അച്ഛാ. ശങ്കരനെ അച്ഛനും അമ്മയും സ്വന്തം മകനെപ്പോലെ കൊണ്ടുനടക്കുന്നുവല്ലോ. അവൻ നുമ്മളുടെ ആരാണു്."

രാ:- ശങ്കരൻ. അവനു് എട്ടു് ഒമ്പതുവയസ്സു പ്രായമായപ്പോഴേ എനിക്കു തിരുവനന്തപുരത്തിൽവെച്ചു് പരിചയമാണു്. അവൻ തിരുവനന്തപുരം രാജ്യക്കാരനാണു്. നല്ല ഒരു തറവാട്ടിൽ ഉള്ള കുട്ടിയാണു്. ബഹുബുദ്ധിമാനാണു്. അവനു് വീട്ടിൽ നല്ല കോപ്പുണ്ടു്. ചിത്രമെഴുത്തിൽ ഭ്രമിച്ചു് എന്റെ കൂടെ ചാടിപ്പോന്നതാണു്. പിന്നെ ഇതുവരെ എന്നെ വിട്ടിട്ടില്ല. എനിക്കും കല്യാണിക്കും ശങ്കരനെ നിന്നെപ്പോലെ താല്പര്യമാണു്. എന്റെ കുട്ടിയോടു് എന്നോളം വാത്സല്യമുണ്ടു് ശങ്കരനു്. അവനോടും അങ്ങോട്ടും എന്റെ കുട്ടി അതുപോലെ സ്നേഹമായിരിക്കണം. ശങ്കരൻ അതിബുദ്ധിമാനാണു് മകളെ. ഇംഗ്ലീഷ് അവൻ താനെ പഠിച്ചു കുറെ വില്പത്തി ഉണ്ടു്. ചിത്രം സാമാന്യം നല്ലവണ്ണം എഴുതാൻ അറിയാം. വടക്കൻ ഭാഷകൾ പലതും ഞാൻ സംസാരിക്കുന്നതിലധികം നല്ലവണ്ണം സംസാരിക്കും. നമ്മൾക്കു ശങ്കരൻ വലിയ ഒരു സ്നേഹിതനും കൂറുള്ളവനും ആണു് മകളെ. അവൻ അതിബുദ്ധിമാനാകയാൽ അവന്റെ സ്നേഹത്തിനു നമ്മൾ വലിയ വില കൊടുക്കേണ്ടതാണു്. എന്റെ മകൾക്കു് എല്ലാവരുടേയും വിവരങ്ങൾ മനസ്സിലായല്ലോ. എനി ഞാൻ എന്റെ മകളോടും ഒരു കാര്യം ചോദിക്കട്ടെ. അതിനു് ഉത്തരം പറയണം. എന്റെ മകൾക്കു നമ്മുടെ സ്വന്തം നാട്ടിൽ പോകണമെന്നോ അതല്ല, ഈ ദിക്കിൽ എങ്ങാൻ തന്നെ പാർക്കണമെന്നോ ആഗ്രഹം.

ശാ:-അച്ഛനു എങ്ങിനെയാണു് ഇഷ്ടം എന്നുവച്ചാൽ അങ്ങിനെ തന്നെയാണു് എന്റെ ഇഷ്ടവും. അച്ഛൻ എവിടെ പാർക്കുന്നുവോ അവിടെ പാർക്കാനാണു് എനിക്കും ആഗ്രഹമുള്ളതു്.

എന്നാൽ അച്ഛനു യാതൊരു സഹായവുമില്ലാതെ ഇവിടെ പാർക്കുന്നതിനേക്കാൾ നല്ലതു് എനി നുമ്മളുടെ രാജ്യത്തേക്കുതന്നെ പോവുന്നതല്ലേ എന്നു് എനിക്കു തോന്നുന്നു.എനിക്കു വീടുണ്ടെങ്കിൽ നുമ്മൾക്കു് [ 14 ] അവിടെ പാർക്കരുതെ. അതിനെ എന്താണു വിരോധം. അല്ലെങ്കിൽ അച്ഛ്ന്റെ വീട്ടിൽ നുമ്മൾക്കു രണ്ടാൾക്കും കൂടെ പോയി താമസിക്കരുതെ. എവിടെയായാലും എനിക്ക് അച്ഛ്ന്റെ കൂടെ താമസിക്കണം. അതു മാത്രമെ ആഗ്രഹമുള്ളു.

രാമൻമേനോൻ കുട്ടിയുടെ വാക്കുകൾ കേട്ടു സന്തോഷിച്ചു. പിന്നെയും ദീർഘാലോചനയിലായി. ഇങ്ങനെ രാമേശ്വരത്തിൽ രാമൻമേനോൻ ആലോചനയിൽതന്നെ ദിവസങ്ങൾ കഴിക്കുന്ന കാലം ഒരു ദിവസം ശങ്കരൻ ഒരു തെരുവിൽക്കൂടി നടക്കുമ്പോൾ ദൈവഗത്യാ ഒരു പട്ടരെ കണ്ടെത്തി. അയാളുടെ മുഖം മുൻപു കണ്ട് നല്ല പരിചയമുള്ളതുപോലെ തോന്നി. ശങ്കരൻ കുറെ അടുത്തു ചെന്നു കുറെക്കൂടെ സൂക്ഷിച്ചുനോക്കി.

ശങ്കരൻ:- സ്വാമീ, നിങ്ങളുടെ പേരു വൈത്തിപ്പട്ടർ എന്നല്ലേ?

വൈ : - എന്താണു ശങ്കരാ; നീ എങ്ങിനെ ഇവിടെ എത്തിച്ചേർന്നു. കല്ല്യണിയമ്മയും രാമൻമേനോനും ഏതു രാജ്യത്താണു. ഇപ്പോൾ രാമൻമേനോൻ പണം കുറെ സമ്പാദിച്ചുവോ? നീ എന്തിനു അവരെ വിട്ടുപോന്നു. നിനക്കു സമ്പാദ്യം വല്ലതും ഉണ്ടായോ?

ശ:- അമ്മ മരിച്ചുപോയി. ഇന്നേക്കു ഇരുപതു ഇരുപത്തഞ്ചു ദിവസം മുമ്പെ ഇവിടെ വച്ചു തന്നെയാണു മരിച്ചത്. എജമാനൻ ഇവിടെ ഉണ്ടു. ഇതാ ആ കാണുന്ന സത്രത്തിൽ ഒരു സ്ഥലം ഒഴിച്ചു വാങ്ങി പാർക്കുന്നു. അദ്ദേഹത്തിനു കല്യാണിഅമ്മയിൽ ഉണ്ടായ ഒരു മകളും കൂടെ ഉണ്ട്. നിങ്ങൾക്കു എജമാനനെ കാണണ്ടേ?

ഈ വൈത്തിപ്പട്ടരെ കുറിച്ചു ഈ കഥയിൽ എനി പലേ സ്ഥലങ്ങളിലും ചില മുഖ്യമായ സംഗതികളെ സംബന്ധിച്ചു പറയേണ്ടി വരുന്നതിനാൽ ഇയ്യാളുടെ സ്ഥിതിയെ കുറിച്ചു അല്പം ഇവിടെ പ്രസംഗിക്കേണ്ടി വന്നിരിക്കുന്നു.

ഇയാൾ ചെറുപ്പം മുതൽ പുഞ്ചോലക്കര എടത്തിലെ ഒരു ആശ്രിതനായിരുന്നു. തെക്കൻ ചരക്കു കച്ചോടത്തിലും മറ്റും ഒരു നാലഞ്ചായിരം ഉറുപ്പികയുടെ സ്വത്ത് സമ്പാദിച്ചിരിക്കുന്നു. അങ്ങിനെ ഇരിക്കുമ്പോഴാണു ഇയാൾ കല്യാണി അമ്മയുടെ ആവശ്യപ്രകാരം ആ അമ്മയുടെ കൂടെ കാശിക്കു ചാടിപ്പോയത്. കൂടെപ്പോയതു ദ്രവ്യാഗ്രഹത്തിന്മേലാണു. പക്ഷെ തന്റെ ആലോചനകൾ സഫലമായിട്ടില്ല. രാമൻമേനോനും കല്യാണിഅമ്മയും ഭാര്യാഭർത്താക്കന്മാരുടെ നിലയിൽ ആയി കുറെ കഴിഞ്ഞശേഷം ഇയാൾ മടങ്ങി സ്വരാജ്യത്തിലേക്കു തന്നെ പോന്നു. മടങ്ങിവന്നശേഷം പൂഞ്ചോലക്കര എടത്തിലും [ 15 ] അതിനു സമീപമുള്ള സ്ഥലങ്ങളിൽ എങ്ങും ഇയാൾക്കു് പൂഞ്ചോലക്കര അച്ഛന്റെ ദ്വേഷത്താൽ ഇരിപ്പാൽ നിവൃത്തി ഇല്ലാതെയായി, സ്വന്തഗ്രാമത്തിൽ തന്നെ പാർപ്പായി. പണ്ടു സമ്പാദിച്ച സ്വത്തുകൊണ്ടു് സന്ധിച്ചു ചിലവു കഴിച്ചുവന്നു. ഈയാൾ കാഴ്ചയിൽ വളരെ വിരൂപനായിരുന്നു. ദേഹം കറുത്ത മഷിയുടെ വർണ്ണം. പിൻ കുടുമ നരച്ച ഒരു എലിവാൽ പോലെ അൽപ്പം ഇരിപ്പുണ്ടു്. മുഖം അതിവിരൂപം എന്നുതന്നെ പറവാനുള്ളൂ. വാർദ്ധക്യത്താൽ പല്ലുകൾ കൊഴിഞ്ഞു പൊയ്പോയതു കഴിച്ചു് രണ്ടുനാലെണ്ണം മാത്രം വായിൽ ഒതുങ്ങാത്ത വിധം നീണ്ടു് വൈത്തിപ്പട്ടർക്കും കാണുന്നവർക്കും ഒരുപോലെ സങ്കടത്തെ ജനിപ്പിക്കുന്നവിധം മ്ലേച്ഛമായ സ്ഥിതിയിൽ നിൽക്കുന്നുണ്ടു്. കണ്ണുകൾ സ്വഭാവേന അകത്തോട്ടു വലിഞ്ഞു അശേഷം പ്രകാശമില്ലാതെ ഇരുന്നുവെങ്കിലും എടയ്ക്കിടെ മിഴികൾക്കു് സർപ്പദൃഷ്ടിപോലെ ഒരു വിഷമചേഷ്ട ഉണ്ടായിരുന്നു. വല്ല സാധനത്തേയും സൂക്ഷ്മമായി നോക്കുമ്പോഴും വല്ലതും ശുഷ്കാന്തിയോടെ സംസാരിക്കുമ്പോഴും മനസ്സു കൊണ്ടു വല്ലതും ആലോചിക്കുമ്പോഴും മനസ്സിൽ വല്ല വ്യസനമോ ആശ്ചര്യമോ സന്തോഷമോ ഉണ്ടാവുമ്പോഴും ഉള്ളിലോട്ടു വലിഞ്ഞു് കുണ്ടിൽ കിടക്കുന്ന ഈ കണ്ണുകൾ മുന്നോട്ടു തുറിച്ചുവന്നു് വലുതായ മിഴികൾ രണ്ടും നാസികയുടെ രണ്ടു ഭാഗവും തൊട്ടുകൊണ്ടു് നിശ്ചലങ്ങളായി അധൊമുഖങ്ങളായി നിൽക്കും. പ്രകൃതിയിൽ ലേശം ജീവനില്ലാത്ത വൈത്തിപ്പട്ടരുടെ ഈ കണ്ണുകൾക്കു് ഇങ്ങനെ ഒരു വികൃതി ഉണ്ടായിരുന്നു. ഈ സർപ്പദൃഷ്ടി ഉണ്ടാകുന്ന സമയങ്ങളിൽ വൈത്തിപ്പട്ടരുറ്റെ മുഖം അത്യന്തം രൂക്ഷമായും രൗദ്രമായും ഇരുന്നു. മുഖത്തേക്കു നോക്കിയാൽ ഭയം തോന്നും. ഒരു സർപ്പം ഫണം ഉയർത്തി അതിക്രോധത്തോടെ കടിപ്പാൻ ഭാവിക്കുന്നതുപോലെ തോന്നും. എന്നാൽ വൈത്തിപ്പട്ടരുടെ കണ്ണുകളുടെ ഈ വികൃതചേഷ്ട ക്രോധത്തിൽ മാത്രമല്ല ഉണ്ടാവാറു്. സന്തോഷത്തിലും സന്താപത്തിലും ഉണ്ടാവും. എന്നുവേണ്ട ഇയാൾക്കു മനസ്സിന്നുള്ള സാധാരണ സമഗതിക്കു് ഒരു ലേശം ഭേദം വന്നാൽ സർപ്പദൃഷ്ടിയായി. അതുകൊണ്ടു് അധികം സമയവും സർപ്പദൃഷ്ടിയിൽ തന്നെയാണു് ഇയാളുടെ മിഴികൾ നിൽക്കുമാറു്. ശരീരം കൃശമായി അകത്തോട്ടു വളഞ്ഞു കത്തിക്കരിഞ്ഞ ഒരു വിറകിൻ കൊള്ളിപോലെ ഇരുന്നു. ആകെപ്പാടെ പട്ടരുടെ ആകൃതി ഒരു പിശാചിന്റെ ആകൃതിയെന്നു തന്നെ പറയാം. ശങ്കരൻ കണ്ടപ്പോൾ ഇദ്ദേഹം സ്നാനത്തിനു പോകയായിരുന്നു.

ശങ്കരൻ മേല്പ്രകാരം പറഞ്ഞ ഉടനെ വൈത്തിപ്പട്ടർ കലശലായി ഒരു സർപ്പദൃഷ്ടി ഇട്ടു. [ 16 ] വൈ:- ഓ ഹൊ, കല്യാണി അമ്മ മരിച്ചുപോയോ, രാമന്മേനോൻ ഇനി എന്താണു് ഭാവം. എങ്ങോട്ടു പോവുന്നു?

ശ:-ആ സംഗതിയെക്കുറിച്ചു എനിക്കു് ഒന്നും നിശ്ചയമില്ല. സ്വാമി അങ്ങോട്ടു വരുന്നില്ലേ, യജമാനനെ കാണണ്ടേ?

വൈ:-രാമൻ മേനോൻ ദ്രവ്യം കുറെ സമ്പാദിച്ചുവോ? എന്തുണ്ടു് കോളു് കയ്യിൽ. വെറുതെ ഈ രാമേശ്വരത്തു് പാർത്തിട്ടു് എന്താണു് കാര്യം. ഞാൻ സ്നാനത്തിനു വന്നിട്ടു് ഇന്നേക്കു് അഞ്ചു് എട്ടു് ദിവസമായി. ഞാൻ സ്നാനവും മറ്റും കഴിഞ്ഞു നാളെയോ മറ്റന്നാളോ നാട്ടിലേക്കു മടങ്ങുന്നു. രാമൻ മേനോൻ വരുന്നു എങ്കിൽ നോക്കു് ഒന്നിച്ചുപോവാല്ലോ. രാമൻ മേനോന്റെ കയ്യിൽ എന്തുണ്ടു്. വളരെ പണമുണ്ടോ?

ശ:- അതു് അദ്ദേഹത്തോടു് ചൊദിച്ചാലല്ലാതെ എങ്ങനെയറിയുവാൻ കഴിയും. നിങ്ങൾ അങ്ങോട്ടു വരുന്നുണ്ടെങ്കിൽ മലയാളത്തിലേക്കു പോവുന്നതിനെക്കുറിച്ചും മറ്റും നിശ്ചയിക്കാമല്ലോ. ഞാൻ ഇപ്പോൾ പോകട്ടെ, എന്നു പറഞ്ഞു ശങ്കരൻ നടന്നു. അപ്പോൾ.

വൈ:-(ചൂണ്ടിക്കാണിച്ചുകൊണ്ടു്) ഏതു് സത്രത്തിലാണു്. ആ ചെങ്കല്ലു കെട്ടിയ മാളികയായ സത്രത്തിലോ.

ശ:- അതെ.

വൈ:-മുമ്പു് ഞങ്ങളുടെ കൂടെ വന്ന കൃഷ്ണൻ ഇപ്പോൾ കൂടെ ഉണ്ടോ?

ശ:- ഉണ്ടു്.

വൈ:-അവനോടു് ഒന്നു് ഇത്രത്തോളം വരാൻ പറയുമോ?

ശ:-അവനവിടെ പണിത്തിരക്കു് ഒന്നും ഇല്ലെങ്കിൽ വരാൻ പറയാം എന്നും പറഞ്ഞു് ശങ്കരൻ വേഗം നടന്നു.

പട്ടർ ക്ഷണത്തിൽ വളരെ എല്ലാം മനസ്സുകൊണ്ടു് ആലോചിച്ചു. ആലോചന മുറുകിയപ്പോൾ അഞ്ചാറു പ്രാവശ്യം സർപ്പദൃഷ്ടിയും ഉണ്ടായി. കുളിക്കുന്നതിനു മുമ്പുതന്നെ രാമൻ മേനോനെ ഒന്നു കാണണമെന്നു നിശ്ചയിച്ചു. ശങ്കരൻ കാണിച്ചുകൊടുത്ത സത്രത്തിലേക്കായി തന്നെ പതുക്കെ നടന്നു. അപ്പോഴേയ്ക്കും ശങ്കരൻ സത്രത്തിൽ എത്തി. പട്ടരെ കണ്ട വിവരം രാമൻ മേനോനോടു പറഞ്ഞു. "പട്ടരെ എന്തുകൊണ്ടു് കൂട്ടിക്കോണ്ടു വന്നില്ലാ" എന്നു രാമൻ മേനോൻ കുറെ ദേഷ്യത്തോടെ ചോദിച്ചതിനു് "ഞാൻ വരാൻ പറഞ്ഞു. കൃഷ്ണനെ അങ്ങോട്ടയയ്ക്കാൻ വൈത്തിപ്പട്ടരു് പറഞ്ഞു. പട്ടർ വരുമെന്നു തോന്നുന്നു". എന്നു മറുപടി പറഞ്ഞു. രാമന്മേനോൻ ഉടനെ അടുക്കെ [ 17 ] നിന്നിരുന്ന കൃഷ്ണനെ വിളിച്ചു് "നീ ഓടിപ്പോയി നോക്കു്, വൈത്തിപ്പട്ടർ ആ കടവിൽ എങ്ങാനും ഉണ്ടായിരിക്കും. ഉണ്ടെങ്കിൽ നിന്റെ ഒന്നിച്ചു കൂട്ടിക്കൊണ്ടുവാ. വേഗം വരണം." എന്നു പറഞ്ഞയച്ചു.


കൃഷ്ണൻ ഓടിപ്പോയി. കുറെ ഓടിയപ്പോൾ വൈത്തിപ്പട്ടർ അഭിമുഖമായി വരുന്നതു കണ്ടു.


വൈ:-എന്താണു കൃഷ്ണാ? കല്യാണിയമ്മ മരിച്ചുപോയി ഇല്ലേ? ആ സ്ത്രീയുടെ കയ്യിൽ കുറെ പണ്ടങ്ങൾ ഉണ്ടായിരുന്നതു് എല്ലാം പോയോ, അല്ല രാമൻ മേനോൻ വശം ഉണ്ടോ?


കൃ:-പണ്ടങ്ങൾ ഒന്നും പോയിട്ടില്ല.എജമാനന്റെ പക്കൽ വളരെ പണ്ടങ്ങൾ അതു കൂടാതെ ഉണ്ടല്ലോ. സ്വാമി പോന്നതിൽപ്പിന്നെ യജമാനൻ വളരെ പണം സമ്പാദിച്ചു വലിയ കോപ്പുകൂട്ടിയിരിക്കുന്നു. നാട്ടിൽ പോയി വീടും മറ്റും അതികേമമായി പണിയിച്ചുതാമസിക്കണം എന്നതായിരുന്നു വിചാരം. അപ്പോഴേക്കു് അമ്മ മരിച്ചു. എനി അങ്ങോട്ടു പോകുന്നുവോ എന്നറിഞ്ഞിട്ടില്ല. എനിക്കു് എന്റെ വീട്ടിൽ പോയാൽ കൊള്ളാമായിരുന്നു. സ്വാമി അല്ലേ എന്നെ ഈ കുടുക്കിൽ ആക്കിവെച്ചതു്. എനിയെങ്കിലും പറഞ്ഞു് വല്ലതും വാങ്ങിത്തന്നു് എന്നെ നാട്ടിലേക്കു് അയച്ചുതന്നാൽ നന്നായിരുന്നു.


വൈ:-എന്താണു് നല്ല കോപ്പുണ്ടോ. എത്ര ഉറുപ്പികയ്ക്കു ആസ്തി ഉണ്ടാവും. എല്ലാം കയ്യടക്കമായി കൂടെത്തന്നെ കൊണ്ടുനടക്കുന്നുവോ?


കൃ:-ഒക്കെ കയ്യിൽതന്നെ. നോട്ടായിട്ടും പണമായിട്ടും പണ്ടമായിട്ടും അമ്പതു് അറുപതിനായിരം ഉറുപ്പിക കയ്യിൽ ഉണ്ടു്. അതുകൂടാതെ വളരെ പണം പലിശയ്ക്കു കൊടുത്തിട്ടുമുണ്ടു്. വടക്കു് ഓരോ കച്ചേരികളിലും പലിശയ്ക്കു കൊടുത്തിട്ടുമുണ്ടു്. മൂപ്പർക്കു കണ്ണിൽ ദീനമാണു്. കണ്ണിന്നു നല്ല കാഴ്ചയില്ല.


വൈ:-സത്യമായിട്ടു് അമ്പതു് അറുപതിനായിരം ഉറുപ്പിക കയ്യിലുണ്ടോ?


കൃ:-ഉണ്ടു്. സംശയമില്ല. ഒരു പെൺകുട്ടിയുണ്ടു്. ശാരദ എന്നാണു പേരു്.


വൈ:-കണ്ണിനു് ഉപദ്രവം നന്നെ ഉണ്ടോ. ആളെ കണ്ടാൽ അറികയില്ലെ?


കൃ:-ആളെ അടുത്തു കണ്ടാൽ സാമാന്യം തിരിയും. ദൂരത്തു് ഉള്ളതു് യാതൊന്നും കാണുകയില്ല. നടക്കുന്നതു വടി കുത്തീട്ടാണു്. സകല കാര്യങ്ങളും ശങ്കരമേനോനാണു നടത്തുന്നതു്. പണവും മറ്റും ശങ്കരമേനോനാണു് സൂക്ഷ്മം. [ 18 ] വൈ:-കുട്ടിക്കു് എത്ര വയസ്സായി?

കൃ:-പത്തു പതിനൊന്നായി. കല്യാണിഅമ്മയെപ്പോലെ തന്നെയാണു് കണ്ടാൽ.

വൈ:-നീ വാ. ഞാനും വരാം. ഞാൻ അദ്ദേഹത്തിനെ ഒന്നു കണ്ടു കളയാം.

കൃ:-നിങ്ങളെ വിളിക്കാൻ പറഞ്ഞു മൂപ്പരു്. ഒന്നിച്ചു കൂട്ടിക്കൊണ്ടു വരാഞ്ഞിട്ടു് ശങ്കരമേനോനോടു ശണ്ഠയിട്ടു.

വൈത്തിപ്പട്ടരു് "അങ്ങിനെയൊ" എന്നു ചോദിച്ചു. മനസ്സിനു ഓരോ സ്തോഭങ്ങൾ ഉണ്ടാവുമ്പോൾ ഒക്കെയും ഓരോ സർപ്പദൃഷ്ടി ഇട്ടുംകൊണ്ടും രാമൻ മേനോന്റെ കയ്യിലുള്ള പണത്തിന്റെ സ്ഥിതിയെയും മറ്റും ഓർത്തുകൊണ്ടും സത്രത്തിലേക്കായി വേഗം നടന്നു.

സത്രത്തിൽ ചെന്നു കയറുമ്പോൾ രാമൻ മേനോൻ സത്രത്തിലെ കോലായിൽ ഒരു പരവതാനിയിൽ തന്റെ മകളോടു കൂടി ഇരിക്കുന്നതു കണ്ടു. രാമൻമേനോൻ കണ്ടാൽ നല്ല സുമുഖനാണെന്നു മുമ്പു പറഞ്ഞിട്ടുണ്ടല്ലോ. ഇപ്പോൾ ഏകദേശം അൻപതു വയസ്സായിരുന്നുവെങ്കിലും തൽക്കാലമായി ഉണ്ടായ കഠിന വ്യസനത്താൽ ഉള്ള ക്ഷീണമല്ലാതെ ദേഹകാന്തിക്കു് അശേഷം കുറവു വന്നിട്ടില്ല. ഈ രാമന്മേനോൻ വളരെ നിർമ്മലമായ മനസ്സുള്ളാളായിരുന്നു. നല്ല ബുദ്ധിമാനും ആയിരുന്നു. എന്നാൽ ചിലപ്പോൾ മനസ്സിന്റെ നൈർമ്മല്യതയുടെ ആധിക്യത്താൽ സാമർത്ഥ്യക്കുറവു് വാക്കുകളിലും പ്രവൃത്തികളിലും വന്നുപോകാറുണ്ടു്. ഇംഗ്ലീഷ് സാമാന്യം നല്ലവണ്ണം സംസാരിക്കാം. വടക്കുരാജ്യത്തു് അധികം കാലം താമസിച്ചതിനാൽ ഹിന്തുസ്ഥാനി, മാറാട്ടി, ബങ്കാളി മുതലായ ഭാഷകൾ അദ്ദേഹത്തിനു വിശേഷമായി സംസാരിക്കാം. പലേ രാജ്യങ്ങളിലും സഞ്ചരിച്ചു് ഇദ്ദേഹത്തിനു നല്ല അറിവും വെളിവും വിശാലതയും ഉണ്ടായിരുന്നു.

വൈത്തിപ്പട്ടരു് സത്രത്തിന്റെ കോലായിൽ കയറി രാമന്മേനോന്റെ സമീപത്തിൽ എത്തി. ശാരദ ഈ മരണദേവതയുടെ സ്വരൂപം കണ്ടു് ഒന്നു ഞെട്ടി. അച്ഛന്റെ അടുക്കലേക്കു കുറെക്കൂടി അടുത്തു ഇരുന്നു. പട്ടരു് അടുക്കെ എത്തിയപ്പോൾ രാമന്മേനോൻ കണ്ടു തിരിച്ചറിഞ്ഞു. "അവിടെ ഇരിക്കിൻ സ്വാമി" എന്നു പറഞ്ഞു.

വൈത്തിപ്പട്ടരു് അവിടെ ഇരിക്കാതെ മാറത്തു് ഒന്നു തല്ലി കഠിനമായി ഒരു സർപ്പദൃഷ്ടി ഇട്ടു. എന്നിട്ടു് ഒരു നിലവിളി. അതു കഴിഞ്ഞശേഷം. [ 19 ] വൈ:- എന്റെ എജമാനനെ ഈ ആപത്തിൽ ഞാൻ കാണാൻ ഇടയായല്ലൊ. ഈശ്വരാ ! എന്റെ കല്യാണിഅമ്മ മരിച്ചുപോയല്ലോ. ഞാൻ ആ അമ്മയ്ക്ക് സഹായം ചെയ്കനിമിത്തം ഇന്നും ദരിദ്രനായി ഒരു ഗതിയുമില്ലാതെ നടക്കുന്നു. പൂഞ്ചോലക്കര അച്ചൻ എന്നെ ആട്ടിക്കളഞ്ഞു. എനിക്ക് ഇപ്പോൾ അഹോവൃത്തിക്ക് ഒരു മാർഗ്ഗവും ഇല്ലാതായി. ഏഴെട്ടു കുട്ടികളും ഞാനും പട്ടിണിയായി കാലം കഴിക്കുന്നു. എജമാനനെ, ഈശ്വരാ ! ആ അമ്മ ഇപ്പോൾ ഇരുന്നിരുന്നുവെങ്കിൽ എനിക്കും എത്ര ഗുണമുണ്ടായിരുന്നു. എന്റെ ദാരിദ്ര്യം നീങ്ങഉമായിരുന്നല്ലോ. എജമാനന് എന്താണ് കൊറവ്. മഹാഭാഗ്യശാലി ഒന്നാന്തരം തങ്കക്കട്ടപോലെ ഒരു മകളേ കല്യാണി അമ്മ തന്നിരിക്കുന്നു. അമ്മു ശാരദേ , അമ്മയെക്കുറിച്ചു വ്യസനിക്കരുതേ, എന്നു പറഞ്ഞ് പട്ടരു പിന്നെയും കുറെ കരഞ്ഞു.

രാ :-നിങ്ങൾ ഇരിക്കിൻ സ്വാമി.

വൈ:-വേണ്ട , എജമാനനെ ഞാൻ ഇവിടെ നില്ക്കാം.

രാ:-വേണ്ട , ഇരിക്കിൻ എന്നു പറഞ്ഞു തിരക്കിയതിന്റെ ശേഷം പട്ടര് പതുക്കെ ഇരുന്നു.

രാ:-നിങ്ങളെ ഇപ്പോൾ കണ്ട് എത്തിയത് എന്റെ ഭാഗ്യം.

വൈ: എന്റെ ഭാഗ്യം. എജമാനനെ. എന്റെ ഭാഗ്യം. എന്റെ ഭാഗ്യം തന്നെ , എജമാനന് എന്തു ഭാഗ്യമാണ് ഞാൻ നിമിത്തം വരുവാനുള്ളത്. മഹാ ഭാഗ്യശാലിയായ എജമാനനെ കണ്ടത് എന്റെ ഭാഗ്യം. എന്റെ സുകൃതം തന്നെ. എന്റെ കുട്ടികളുടെ ഭാഗ്യം. എജമാനനേ കുട്ടികളുടെ ഭാഗ്യം. രാമേശ്വരസ്നാനത്തിനു വന്നതിനാൽ സ്വാമി എനിക്കു സഹായിച്ചു. എന്തിന് ഇവിടെ വെറുതെ താമസിക്കുന്നു. ഈ തങ്കക്കുട്ടിയെ ഈ ദിക്കിൽ ഇനി ഒട്ടും താമസിപ്പിച്ചുകൂടാ. ഉടനെ നുമ്മടെ രാജ്യത്തേക്കു പോണം. ഞാൻ കൂടെത്തന്നേ വരാം. ഞാൻ ഇവിടെയെത്തിട്ട് എട്ടൊൻപതു നാളായി. സ്നാനവും മറ്റും കഴിഞ്ഞ് ഇന്ന് ഉച്ചതിരിഞ്ഞു പുറപ്പെടേണമെന്നു വിചാരിച്ചിരുന്നു. അപ്പൊഴെക്കാണ് ശങ്കരനെ കണ്ടത്. എജമാനൻ എനി ഇവിടെ എന്തിനായിട്ടു താമസിക്കുന്നു.

രാ:- എങ്ങോട്ടാണു പോകേണ്ടത് എന്നു ഉറച്ചില്ലാ. അതുകൊണ്ടു മാത്രം താമസിക്കുന്നതാണ്.

വൈ:- എന്താണ് നുമ്മൾക്കു നുമ്മടെ നാട്ടിൽ തന്നെ പോവരുതെ. പണമുണ്ടായാൽ എവിടെയാണ് എജമാനനെ സുഖമായി കഴിഞ്ഞു കൂടുന്നതിന്നു വിരോധം. പിന്നെ ശാരയ്ക്കു യോഗ്യനായ ഒരു. [ 20 ] ഭർത്താവു വരണ്ടെ. ഈ പൊട്ടരാജ്യത്ത് ഇരുന്ന് ഇതെല്ലാമങ്ങിനെ നിവൃത്തിക്കും. ഉടനെ നാട്ടിലേക്കു പോകണം. അതിനു സംശയമുണ്ടോ.

രാ:- ഏതു നാട്ടിലേയ്ക്ക് , നാട് ഏതാണ് , ഞങ്ങൾക്ക് ഇപ്പോൾ പ്രത്യേകതയുള്ളത് , അതു പറയിൻ.

വൈ:- മലയാളരാജ്യംതന്നെ. പൂഞ്ചോലക്കര എടത്തിലേക്ക് ഇപ്പോൾ പോവണമെന്നു ഞാൻ പറയുന്നില്ല. എജമാനന്റെ നാട്ടിലേക്കും പോവരുതെ ? തൽക്കാലം എന്റെ ഗൃഹത്തിൽതന്നെ താമസിക്കാമല്ലോ. എന്റെ രാജ്യത്തു പോയിട്ടു പിന്നെ വിചാരിച്ചു നിശ്ചയിച്ചു ശാരദയുടെ നാട്ടിലേക്കൊ യജമാനന്റെ നാട്ടിലേക്കോ പോവാമല്ലോ.

രാ:-പൂഞ്ചോലക്കര എടത്തിലേക്കു പോയാൽ എന്താണു വിരോധം. ശാരദയുടെ വീട് അല്ലേ അത് ?

വൈ:-അതെ എജമാനനെ. അതെ. ശാരദയുടെ വീടു തന്നെ എന്നാൽ ആ തരത്തിലുള്ളവരെല്ലാം വളരെ വികൃതികളാണ്.

ഇതു പറഞ്ഞപ്പോൾ രാമൻമേനോൻ പതുക്കെ ഇരുന്ന ദിക്കിൽ നിന്ന് എഴുന്നേറ്റു ശങ്കരനെ വിളിച്ചു ശാരദയ്ക്കു ഭക്ഷണം കൊടുപ്പാൻ കല്പിച്ചു. "ഞാൻ വേഗം ഇദ്ദേഹത്തിനെ അയച്ചു വരാം. മകളെ അമ്മു ഊണു കഴിച്ചോളു " എന്ന ശാരദയോടു പറഞ്ഞ് അകത്തേക്കയച്ചശേഷം പട്ടരോടുകൂടി സത്രത്തിലെ മുറ്റത്തിറങ്ങി ഒരു വൃക്ഷത്തണലിൽ രണ്ടുപേരും കൂടി പോയി നിന്നു.

രാ:- ഞാൻ പൂഞ്ചോലക്കര എടത്തിലുള്ള വർത്തമാനങ്ങൾ എന്റെ ഭാര്യ ചില സമയങ്ങളിൽ പറഞ്ഞറിഞ്ഞതല്ലാതെ വേറെ യാതൊന്നും അറിയില്ല. കല്യാണി ആ ദിക്കുവിട്ടു പോന്നിട്ടു തന്നെ ഇപ്പോഴെയ്ക്ക് പതിനഞ്ചു പതിനാറു കൊല്ലങ്ങളായി. എനിക്കു എടത്തിലെ ഇപ്പോഴത്തെ സ്ഥിതിയെയും വർത്തമാനങ്ങളേയും കുറിച്ചു വിവരമായി അറിവാൻ ആഗ്രഹമുണ്ട്. വിവരമായി പറയിൻ , കേൾക്കട്ടെ.

വൈ:- വിവരമായി പറയാം. എജമാനൻ കല്പിച്ച പ്രകാരം പറയാം. ഞാൻ പൂഞ്ചോലക്കര എടത്തിലുള്ള ഉണ്ണിമാരെപ്പോലെ തന്നെ ആ എടത്തിൽ വളർന്ന ഒരുവനാണ്. എന്നെപ്പോലെ അവരുടെ വർത്തമാനം നിശ്ചയമുണ്ടായിട്ട് ആരും ഇല്ല. എജമാനനവർകളുടെ ഭാര്യയോടുകൂടി ഞാൻ പുറപ്പെട്ടു പോന്നതുവരെ എനിക്ക് ആവരുടെ ചോറായിരുന്നു പൂഞ്ചോലക്കര എടത്തിൽ ഞാൻ കാണുന്ന കാലം.

രാ:- അത്ര പഴയ കഥ വേണ്ട , ഇപ്പോഴത്തെ സ്ഥിതി കേട്ടാൽ മതി. [ 21 ] വൈ :- പൂഞ്ചോലക്കര എടം മഹാപ്രസിദ്ധമായ ഒരു തറവാടാണ്. ഇപ്പോൾ ആ തറവാട്ടിലേക്ക് ഒരു ലക്ഷം പറയ്ക്കു മീതെ നെല്ലു മിച്ചവാരമായിത്തന്നെ വരുവാനുണ്ട്. പറമ്പുകളിൽനിന്നുള്ള കാലാനുഭവവും മലവാരവും മറ്റുംകൂടി ഒരു അമ്പതിനായിരം ഉറുപ്പികയിൽ ചുരുങ്ങാതെ ഒരു കൊല്ലത്തിൽ വരവുണ്ട്. ചിലവും അങ്ങിനെതന്നേ. എടത്തിൽ നേമം ഉള്ളതിനു പുറമേ നാലു ഊട്ടുപുരകളുണ്ട്. യജമാനനെ, നാല് ഊട്ടുപുരകളിൽ നിത്യം ബ്രാഹ്മണർക്കു സുഖമായി ഭക്ഷണം കൊടുക്കുന്നു. അതിയായ സമ്പത്തുള്ള ഒരു എടമാണ്.

രാ:-ഇപ്പോഴത്തെ അച്ചൻ ആരാണ്. എന്താണ് നിങ്ങൾ അവിടെയുള്ള ആളുകൾ എല്ലാം വികൃതികളാണെന്നു പറഞ്ഞത്.

വൈ:- പറയാം എജമാനനെ , പറയാം. എജമാനനവർകളെഞാൻ സകല വിവരങ്ങളും പറഞ്ഞു ധരിപ്പിക്കാം. ഇപ്പോഴത്തെ അച്ചനു പേരു കോപ്പുണ്ണിഅച്ചൻ എന്നാണ്. അവിടെയുള്ള അനന്തരവന്മാരെയെല്ലാം "ഉണ്ണിമാരു" എന്നാണു വിളിച്ചുവരുമാറ്. കോപ്പുണ്ണിഅച്ചന് ഇപ്പോൾ അമ്പത് അമ്പത്തഞ്ചുവയസ്സായി. മഹാ ദുഷ്ടനാണ്. ഇത്ര ദയ ഇല്ലാത്ത ഒരാളെ ഞാൻ കണ്ടിട്ടില്ല. അനന്തരവന്മാര് പ്രാപ്തിയായവര് അഞ്ചുപേര് ഉണ്ട്. ഒന്നാമതു രാഘവനുണ്ണി , രണ്ട് കേശവനുണ്ണി , ഇവര് രണ്ടുപേരും വലിയച്ചന്റെ നേരെ അനുജന്മാരാണ്. മൂന്നു കൃഷ്ണനുണ്ണി , ഇയാൾ വലിയച്ഛന്റെ എളയമ്മയുടെ മകനാണ്. നാല് കേശവനുണ്ണി. അഞ്ച് ഗോവിന്ദനുണ്ണി. ഇവരു വലിയച്ചന്റെ നേരെ അനന്തരവന്മാരാണ്. കുടുംബം ഇനി ശാരദതന്നെയുള്ളു എന്നു പറയാം. കോപ്പുണ്ണി വലിയച്ഛന്റെ നേരെ സഹോദരി ഇക്കാളിഅമ്മയുടെ മകളായിട്ട് കുഞ്ചുക്കുട്ടിഅമ്മ എന്ന ഒരു സ്ത്രീയുണ്ട്. ഇരുപത്താറു വയസ്സായി. ചേലക്കരനമ്പൂരിപ്പാടാണ് ബാന്ധവം. ഇങ്ങിനെയാണ് കുടുംബത്തിന്റെ സ്ഥിതി.

രാ:-ഈ മരുമക്കൾ ഉണ്ണിമാർക്കെല്ലാം ഗൃഹസ്ഥവൃത്തി തന്നേ ആയിരിക്കും അല്ലേ ?

വൈ:- അതെ , ഗൃഹസ്ഥവൃത്തി തന്നെ , ഗോവിന്ദനുണ്ണി ഒഴികെ എല്ലാവർക്കും ഗൃഹസ്ഥവൃത്തിതന്നെ. ഗോവിന്ദനുണ്ണി ഇംഗ്ലീഷ് പഠിച്ചു ബി.എ.പരീക്ഷ ജയിച്ചരിക്കുന്നു. ഇപ്പോൾ അതിലും വലിയ പരീക്ഷയ്ക്കു മദ്രാശിൽ പഠിക്കുന്നു. ശേഷമുള്ളവർക്ക് എല്ലാം സ്വസ്ഥവൃത്തിയാണ്. വലിയ ഭാവമാണ്. അമ്പൊ ആ കഥ പറയേണ്ട. കല്യാണിഅമ്മ നാടുവിട്ടു പൊയ്ക്കളഞ്ഞത് എടത്തിലേക്ക് വലിയ ഒരപമാനമായി എന്നുള്ള വിചാരമാണ് ഇവർക്കുള്ളത്. ഞാൻ മടങ്ങി [ 22 ] എത്തി എന്നു കേട്ടിട്ട് എന്നെ തല്ലിക്കാൻ വട്ടംകൂട്ടി. ഭയപ്പെട്ട് അവിടംവിട്ടു ഞാൻ ഓടി. എജമാനനെ എന്റെ കാര്യം അതുമുതൽ മഹാകഷ്ടത്തിലായി , എനി എജമാനനവർകൾ തന്നെ എന്നേ രക്ഷിക്കണം. കല്യാണിഅമ്മയെക്കൊണ്ട് എനിക്കു ഉപകാരം ഒന്നും ഉണ്ടായിട്ടില്ല. അവർക്കുവേണ്ടി ഞാൻ എന്റെ ചോറു കളഞ്ഞു. എജമാനനെ, ഞാനും കുട്ടികളും പട്ടിണിയായി. എങ്കിലും സ്വാമി സഹായിച്ചു. എനി യജമാനനെ വിട്ട് ഒരാളെയും ഞാൻ ആശ്രയിക്കുകയില്ല. എന്റെ കല്യാണിഅമ്മ ഇപ്പോൾ ഉണ്ടായിരുന്നുവെങ്കിൽ എനിക്ക് ഒരു സങ്കടവും ഉണ്ടാവുന്നതല്ല. എനി എന്നേ എജമാനൻ തന്നെ രക്ഷിക്കണം. എന്നു പറയുമ്പോഴേക്ക് ഒരു അഞ്ചാറു സർപ്പദൃഷ്ടി തുടരെത്തുടരെ ഉണ്ടായി.

രാ:-കല്യാണിയുടെ എളയമ്മയുടെ മകളായി ഒരു അമ്മ ഉണ്ടായിരുന്നില്ലേ ? ആ സ്ത്രീ ഇപ്പോൾ ഇല്ല അല്ലെ. ആ സ്ത്രീയെ കുറിച്ചു കല്യാണി എപ്പോഴും വളരെ സ്തുതിച്ചും പിരിഞ്ഞതിന്മേൽ വളരെ വ്യസനമായു പറയാറുണ്ടായിരുന്നു.

വൈ :- അതെ എജമാനനെ , ആ അമ്മ മരിച്ചു. ബഹുശ്രീയും ഭാഗ്യവും ഉള്ള ഒരു കുട്ടിയായിരുന്നു. കല്യാണിഅമ്മയേക്കാൾ ആറു വയസ്സ് എളയതായിരുന്നു. പേരു ലക്ഷ്മി അമ്മ എന്നായിരുന്നു. കല്യാണിഅമ്മയും ലക്ഷ്മി അമ്മയും ഇപ്പോഴത്തെ അച്ഛന്റെ മുത്തശ്ശിയുടെ അനുജത്തിമാരുട മക്കളായിരുന്നു. ലക്ഷ്മിഅമ്മ , കല്യാണിഅമ്മ പോയി രണ്ടുസംവത്സരങ്ങൾ കഴിഞ്ഞപ്പോൾ മരിച്ചു. മരിക്കുന്നതിന് ഒരു കൊല്ലം മുമ്പേ ആയമ്മയുടെ ഭർത്താവ് രാമവർമ്മൽ തിരുമുല്പാടും അച്ചനുമായി ബദ്ധമത്സരമായി. തിരുമുല്പാട് എടത്തിൽ കയറിക്കൂടാ എന്നു കല്പിച്ചു. കല്യാണിഅമ്മ പോയ വ്യസനവും തന്റെ ഭർത്താവുമായി പിരിഞ്ഞ വ്യസനംവുംനിമിത്തംതന്നെ , കല്യാണി അമ്മ ഈ ദിക്കുവിട്ടുപോയി രണ്ടു സംവത്സരങ്ങൾ കഴിഞ്ഞതിൽ പിന്നെ, ലക്ഷ്മിഅമ്മ മരിച്ചു. ഇപ്പോൾ ഉള്ള കുഞ്ചുക്കുട്ടിയമ്മ വലിയച്ചന്റെ അടുത്ത കുടുംബമാണ്. എജമാനനെ വലിയച്ചന്റെ പെങ്ങൾ ഇക്കാളിഅമ്മയുടെ മകളാണ്. ഇക്കാളിഅമ്മ മരിച്ചു. ഇപ്പോൾ ഈ കുഞ്ചുക്കുട്ടിയമ്മമാത്രമേ തറവാട്ടിൽ സന്തതി എന്നു പറവാനുള്ളു. ഇവൾ പ്രസവിക്കുന്ന കാര്യം സംശയമാണ്. വളരെയെല്ലാം സൽക്കർമ്മങ്ങൾ സന്തത്യർത്ഥം ചെയ്തു വരുന്നുണ്ട്. അതിന്റെ ഫലമായിരിക്കാം ശാരദ ഉണ്ടായത്.

രാമൻമേനോൻ ഈ വാക്കു കേട്ടപ്പോൾ ഒന്നു ചിരിച്ചു. പട്ടരോട് ഉടനെ കുളിച്ചു ഭക്ഷണം കഴിച്ചുവരാൻ പറഞ്ഞയച്ചു. [ 23 ] രാമൻമേനോൻ കുളിയും ഭക്ഷണവും മറ്റും കഴിഞ്ഞു സത്രത്തിന്റെ പൂമുഖത്തിൽ വന്നിരുന്ന് പിന്നെയും മനസ്സുകൊണ്ട് എന്താണിനി പ്രവർത്തിക്കേണ്ടെന്നാലോചിച്ച് ഒരു വിധമെല്ലാം ഉറച്ചു. അപ്പോഴേക്കു പട്ടരും ഊണു കഴിഞ്ഞ് ഹാജരായി.

രാ:- ഏതെങ്കിലും മലയാളത്തിലേക്കു പുറപ്പെടുക. തൽക്കാലം നിങ്ങളുടെ ഗൃഹത്തിൽ താമസിക്കാം , പിന്നെ വേണ്ടതുപോലെ സാവകാശത്തിൽ ആലോചിച്ചു പ്രവർത്തിക്കാമെല്ലാ.

വൈ :- ഏതെങ്കിലും ഈശ്വരാധീനം , എജമാനന് ഇങ്ങിനെ തോന്നിയത്. എന്റെ ഗൃഹം എജമാനനവർകൾക്കും ശാരദയ്ക്കും താമസിക്കാൻ അശേഷം യോഗ്യതയുള്ളതാണെന്നു ഞാൻ വിചാരിക്കുന്നില്ല. എങ്കിലും ഞാൻ ഇവിടുത്തേയും ഇവിടുത്തെ മരിച്ചുപോയ ഭാർയ്യ്യയുടെയും പ്രത്യേകം ഒരു ആശ്രിതനാണല്ലോ. അതുകൊണ്ട് എന്റെ ഗൃഹത്തിൽ താമസിക്കുന്നതിനു യാതൊരു കുറവും ഇവിടേക്കു വരാൻ പാടില്ല. എന്റെ മനോരഥം സാധിച്ചു. എജമാനനെ , ഞാൻ ഭാഗ്യവാൻ തന്നെ. പണം കാശ് എന്തുസാരം , ഇത്ര സ്നേഹമുള്ള ഒരു എജമാനനെ സേവിക്കാൻ സാധിച്ചുവല്ലോ ഇതുതന്നെ എന്റെ ഭാഗ്യം.

ഈ സംഭാഷണം കഴിഞ്ഞതിന്റെ പിറ്റേ ദിവസം ഇവരെല്ലാം വരും രാമേശ്വരം വിട്ടു മലയാളത്തിലേക്കു പുറപ്പെടുകയും നിശ്ചയപ്രകാരം വൈത്തിപട്ടരുടെ ഗൃഹത്തിൽപോയി താമസിക്കുകയും ചെയ്തു.

രണ്ടുമൂന്നുദിവസങ്ങൾ ഈ ഗൃഹത്തിൽ താമസിച്ചശേഷം രാമൻമേനോൻ വൈത്തിപ്പട്ടരെ വിളിച്ച് ഇങ്ങിനെ പറഞ്ഞു.

രാ:- പൂഞ്ചോലക്കര എടത്തിലേക്ക് ഞങ്ങൾ ഇവിടെ എത്തിയ വിവരം അറിയിപ്പാൻ ഞാൻ നിശ്ചയിച്ചു. ഒരു കത്തോടുകൂടി ശങ്കരനെ അയക്കാം. നിങ്ങൾക്ക് അവിടെ ചെല്ലുവാൻ പാടില്ലല്ലോ. എന്നാൽ നിങ്ങൾകൂടി അവന്റെ കൂടെ ആ പ്രദേശത്തേക്കു പോണം. , എടത്തിൽ പോകേണ്ട. അതിനു സമീപം ഒരു സ്ഥലത്തു ഗൂഢമായി നിങ്ങൾ താമസിച്ചോളിൻ , ശങ്കരൻ കത്തു കൊടുത്തു വിവരങ്ങൾ അറിഞ്ഞശേഷം കൂടെ ഇങ്ങോട്ടും പോന്നോളിൻ.

വൈ:- അങ്ങിനെ തന്നെ കല്പനപ്രകാരം നടക്കാം.

എന്നു പറഞ്ഞു എങ്കിലും വൈത്തിപ്പട്ടർക്ക് ഈ നിശ്ചയം വളരേ രസിച്ചില്ല. ഒന്നാമതി പൂഞ്ചോലക്കര എടത്തിന്റെ സമീപം എങ്ങാൻ പോകുന്നതിനുകൂടി പട്ടർക്കു ഭയം ഉണ്ട്. അവിടെ എങ്ങാനും കണ്ടാൽ [ 24 ] തല്ലി എല്ലൊടിക്കണമെന്നാണ് അച്ചന്റെ കല്പന. ആ പ്രദേശത്തുള്ള സകല മനുഷ്യനും ഈ അച്ചനെ ഏകചക്രയിലെ നിവാസികൾ ബകനെ ഭയപ്പെട്ടതുപോലെ ഭയപ്പെട്ട് ഇദ്ദേഹത്തിന്റെ സകല കല്പനകളേയും അത്യാദരവോടെ നടത്താൻ ഒരുങ്ങിയിരിക്കുന്നവരായിരുന്നു. എടത്തിലെ വർത്തമാനങ്ങൾ പട്ടർക്കും നല്ല അറിവുണ്ട്. പിന്നെ സമർത്ഥനായ ശങ്കരന്റെ ബാധയും കലശലായി ഉണ്ട്. തന്റെ സ്വന്തമായി ചില ആലോചനകൾപ്രകാരം കാർയ്യം വരുന്നതിന് ഇപ്പോൾ കൊടുത്ത കല്പന താമസം വരുന്നതുപോലെ പട്ടർക്കു തോന്നി. ഈ സംഗതികളാൽ വൈത്തിപ്പട്ടർക്കു രാമൻമേനോന്റെ കല്പന വളരെ ബോദ്ധ്യമായില്ല. എങ്കിലും കല്പിച്ചപ്രകാരം തന്നെ പ്രവർത്തിക്കാൻ ഉറച്ചു രാമൻമേനോൻ ശങ്കരന്റെ പക്കൽ സ്വകാര്യമായി ഒരു എഴുത്ത് പൂഞ്ചോലക്കരഅച്ചന് എഴുതിക്കൊടുത്തു. ശങ്കരനും വൈത്തിപ്പട്ടരും പൂഞ്ചോലക്കര എടത്തിലേക്ക് പുറപ്പെട്ടു പോവുകയും ചെയ്തു.

പുറപ്പെട്ട ദിവസം പകൽ നാലരമണിസമയത്ത് ഇവര് രണ്ടുപേരും എടത്തിന്റെ ഒരു മൂന്നു നാഴിക സമീപമെത്തി. വൈത്തിപ്പട്ടർക്ക് കാൽ മുമ്പോട്ട് പോവാതായിത്തുടങ്ങി.

വൈ:- ശങ്കരാ , എനി ഞാൻ ഇവിടെ എങ്ങാനും താമസിക്കും. ഇവിടുന്ന് എനി ഒന്നര-രണ്ടു നാഴിക വഴിയേ ഉള്ളു. എടത്തിലേക്കു വഴി ഇതു തന്നെയാണ്. നേരെ നടന്നാൽ എടത്തിലെ പടിഉമ്രത്തു എത്തും. എനിക്കു ഇത്രത്തോളം വരാൻ തന്നെ ഭയമായിരിക്കുന്നു. അപ്പാ , ഈ പ്രദേശം എല്ലാം എടംവക ജന്മമാണ്. രണ്ടുമൂന്നുനാഴിക മുമ്പെ നുമ്മൾ ഒരു പുഴ കടന്നില്ലേ , അതിനിപ്പുറം കണ്ട സകല ഭൂമികളും എടം വകയാണ്. അവരുടെ ആൾക്കാരും കുടിയാന്മാരും ആശ്രിതന്മാരുമല്ലാതെ ഈ ദിക്കിൽ ആരും ഇല്ല. എന്റെ ഒരു ബന്ധുവിന്റെ മഠം ഇവിടെ സമീപം ഉണ്ട്. ഞാൻ അവിടേക്കു പോയി ഗൂഢമായി ഇന്ന് അവിടെ താമസിക്കാം. ശങ്കരൻ ഇന്ന് എടത്തിന്നു സമീപമുള്ള വല്ല മഠങ്ങളിലും താമസിച്ച് രാവിലെ എഴുത്തുകൊടുത്ത് ഇങ്ങോട്ട് മടങ്ങിക്കോളു. ഞാൻ നാളെ ഊണു കഴിഞ്ഞ് ഈ അരയാലിന്റെ ചുവട്ടിൽ ശങ്കരൻ മടങ്ങി വരുന്നതുവരെ ഇരിക്കാം.

ശ:-നേരം അസ്തമനത്തിന് അടുത്തുവല്ലൊ. രാത്രിയിൽ സ്വാമിയെ ആരു കണ്ടറിയുന്നു. നോക്ക് ഉപായത്തിൽ ഇന്ന് എടത്തിന്റെ സമീപം എങ്ങാനും താമസിക്കുന്നതല്ലെ നല്ലത്. വെളിച്ചയാവാൻ നാലഞ്ചുള്ളപ്പോൾ നിങ്ങൾ ഈ സ്ഥലത്തേക്കു തന്നെ മടങ്ങിക്കൊള്ളിൻ , അതല്ലേ നല്ലത്. [ 25 ] വൈ:- നീ എന്താണ് പറയുന്നത്. അതൊന്നും വയ്യ. നീ അവിടുത്തെ സ്ഥിതി അറിക ഇല്ല. അതുകൊണ്ട് വല്ലതും പറയുന്നതാണ്

ശ:-ഏടത്തിലെ സ്ഥിതി ഏതെങ്കിലുമായ്യോട്ടെ നിങ്ങളെ ആരും കാണാഞ്ഞാൽ പോരെ.

വൈ :- നിണക്ക് ഇപ്പോൾ അങ്ങിനെ എല്ലാം തോന്നും നിന്റെ ചെറുപ്പം തോന്നിക്കുന്നതാണ്.

ശ :- ഇപ്പോഴും എപ്പോഴും അങ്ങിനെതന്നെ തോന്നും. പോട്ടെ നിങ്ങൾക്ക് ഇത്ര ഭീരുത്വമുണ്ടെങ്കൽ നിങ്ങൾ വരേണ്ട. എടത്തിലേക്കു വഴി നേരെ ഈ വഴി തന്നെയാണല്ലൊ. ആതു നിശ്ചയംതന്നെയല്ലേ.

വൈ :- നിശ്ചയം. ഇതേവഴി നൂലിട്ടതുപോലെ ഈ ഒരു ഒറ്റ വഴി തന്നെ. ശങ്കരൻ നാളെ മടങ്ങുമല്ലോ. ഞാൻ നാലുനാഴിക വെളിച്ചായാൽ ഇവിടെവന്നു ശങ്കരൻ വരുന്നതുവരെ ഇവിടെത്തന്നെ ഇരിക്കാം.

ശ :- ഞാൻ മടങ്ങുന്ന സമയം എനിക്ക് ഇപ്പോൾ നിശ്ചയിക്കാൻ പാടില്ല. ഞാൻ മടങ്ങിവരുമ്പോൾ നിങ്ങളെ ഇവിടെ കണ്ടില്ലെങ്കിൽ ഞാൻ നേരെ തീവണ്ടിസ്റ്റേഷനിലേക്കു നടക്കും.

വൈ :- നല്ല ശിക്ഷ. എന്നെ കൂടാതെയോ.

ശ :- നിങ്ങളെ കണ്ടില്ലെങ്കിൽ അങ്ങനെ തന്നെ. എനിക്കു നിങ്ങളെ കാത്തു താമസിപ്പാൻ സാധിക്കയില്ല.

എന്നും പറഞ്ഞു ശങ്കരൻ വേഗം നടന്നു. ആദ്യം കണ്ടതുമുതൽ ശങ്കരന് ഈ പട്ടരെ വെറുപ്പും പുച്ഛവുമാണ് ഉണ്ടായിരുന്നത്. എന്നാൽ സമർത്ഥനായ ശങ്കരൻ തന്റെ ഈ അഭിപ്രായത്തെ ആരെയും ഇതുവരെ അറിയിച്ചിട്ടില്ല.

"ഈശ്വരാ ! പൂഞ്ചോലക്കര അച്ചൻ ഈ അധികപ്രസംഗി ചെക്കന്റെ തലമണ്ട അടിച്ചുപൊളിച്ചു വിടണേ." എന്ന് ഉള്ളിൽ പ്രാർത്ഥിച്ചുകൊണ്ട് വൈത്തിപ്പട്ടര് അയാളുടെ ബന്ധുവിന്റെ ഗൃഹത്തിലേക്കും പോയി.

ശങ്കരനെക്കുറിച്ച് ഇതനുമുമ്പ് അവിടവിടെ പ്രസ്താവം ചെയ്തിട്ടുള്ളതിൽ നിന്ന് ഇവന്റെ സ്ഥിതിയെക്കുറിച്ച് എന്റെ വായനക്കാർ സാമാന്യം എല്ലാം ഗ്രഹിച്ചിരിക്കും. ശങ്കരൻ കാഴ്ചയിൽ മന്മഥോപമനായ സുന്ദരനും അതിബുദ്ധിസാമർത്ഥ്യമുള്ള ഒരു കുട്ടിയും ആയിരുന്നു. സ്വരാജ്യമായ തിരുവനന്തപുരത്തിൽ ഒരു ധനപുഷ്ടിയുള്ള [ 26 ] തറവാട്ടിലെ ഒരു കുട്ടിയായിരുന്നു. ചിത്രത്തിൽ ഉള്ള ഭ്രാന്തുകൊണ്ട് എട്ടൊമ്പതു വയസ്സായപ്പോൾ രാമൻമേനോന്റെ കൂടെ ചാടി പോന്നശേഷം പിന്നെ വീട്ടിലെ യാതൊരു വർത്തമാനവും അറിയാതെ രാമൻമേനോനോടുകൂടി കാലക്ഷേപം ചെയ്തുവന്നവനാണ്. ശങ്കരനെക്കുറിച്ചുള്ള അഭിപ്രായം എനി ഈ കഥ പരക്കുന്നതോടുകൂടി എന്റെ വായനക്കാർക്ക് ഉണ്ടാവുന്നതാകയാൽ ഇത്ര മാത്രമേ ഈ കുട്ടിയെക്കുറിച്ചു പറയുന്നുള്ളു. ഈ കാലം അവന്ന് ഇരുപത്തൊന്നു വയസ്സു പ്രായമാണ്.

ശങ്കരൻ എടത്തിൽ എത്തുമ്പോഴേക്കു സൂര്യാസ്തമനസമയം അടുത്തിരിക്കുന്നു. പൂഞ്ചോലക്കര എടവും അതിനു ചുറ്റുമുള്ള സ്ഥലങ്ങളും കാഴ്ചയ്ക്ക് അതിയോഗ്യമായും രമ്യമായും ഉള്ളവകളായിരുന്നു.

പൂഞ്ചോലക്കര എടം ഉള്ളത് അതിദീർഘവിസ്താരത്തിൽ കിടക്കുന്ന ഒരു വലിയ പാടത്തിന്റെ പടിഞ്ഞാറെക്കരയിൽ ആകുന്നു. ശങ്കരൻ വഴി നടന്ന് ഈ പാടത്തിലേക്കു എറങ്ങിയപ്പോൾ തന്നെ ദൂരത്തിൽ പാടത്തിന്റെ പടിഞ്ഞാറെ കരയിൽ വലിയ വൃക്ഷങ്ങളുടെയും തെങ്ങിൻതോട്ടങ്ങളുടെയും എടയിൽക്കൂടി പൊങ്ങിക്കാണാവുന്ന എടത്തിന്റെ ഉയർന്ന മാളികകളേയും അതുകളോടു തൊട്ടു തെക്കുഭാഗത്തിൽ അസ്തമനസൂർയ്യപ്രഭ തട്ടി തിളങ്ങിക്കൊണ്ടിരിക്കുന്ന ഒരു തങ്കത്താഴികകൊണ്ടു കൃതമായ ഒരു വലിയ ക്ഷേത്രത്തേയും കണ്ടു. ശങ്കരന്നു മനസ്സിൽ ആഹ്ലാദം തോന്നി വേഗം നടന്ന് എടത്തിനു സമീപത്തിലെത്തിയപ്പോൾ ശങ്കരൻ ആ സ്ഥലത്തിന്റെ മഹിമയെ കണ്ട് ആശ്ചര്യപെട്ടു.

എടത്തിന്റെ തെക്കേ മതിലും ക്ഷേത്രത്തിന്റെ വടക്കേ മതിലും ഒന്നുതന്നെയാണ്. അന്യോന്യം അത്ര സമീപത്തിലാണ് ക്ഷേത്രവും എടവും നിൽക്കുന്നത്. ഇതുകളുടെ പുരോഭാഗത്ത് ശങ്കരൻ കണ്ടതു അതിവിശാലമായ കുളത്തെയാണ്. വിശേഷമായി കരിങ്കല്ലുകൊണ്ടു നാലുഭാഗവും കെട്ടി പടുത്തതും അതിനിർമ്മലമായ ജലത്തോടുകൂടിയുള്ളതുമായ ഈ വലിയ ചിറയുടെ ഒരു കരയിൽ നില്ക്കുന്ന ആളുകളെ മറുകരയിൽ നില്ക്കുന്നവർക്കു തിരിച്ചറിവാൻ കുറെ പ്രയാസപ്പെടും. അത്ര വിസ്തീർണ്ണത്തിൽ ഉണ്ടാക്കപ്പെട്ടിട്ടുള്ള ഒരു ചിറയായിരുന്നു ഇത്. ഇതു നാലുഭാഗങ്ങളിലും അവിടവിടെ കരിങ്കല്ലുകൊണ്ടും ചെങ്കല്ലുകൊണ്ടും പണിതു മിനുസം വരുത്തി ഇട്ടിട്ടുള്ള തറകളോടുകൂടി അതികൌതുകത്തിൽ പടർന്ന് ഉയർന്നു നിൽക്കുന്ന അരയാലുകളേയും , ചിറയുടെ കിഴക്കെ കരയിൽ മുഴുവനും ഊട്ടുപുരകൾ വെള്ളക്കുമ്മായമിട്ട മാളിക. [ 27 ] കളോടുകൂടി ഉയർന്നു ചിറയിലെ സ്വച്ഛമായ ജലത്തിൽ സ്വച്ഛായകളെ പ്രതിഫലിപ്പിക്കുന്നതിനാൽ അതുകളെത്തന്നെ ദ്വിഗുണീകരിച്ചു കാണിച്ചുംകൊണ്ടു നില്ക്കുന്നതുകളേയും കണ്ടു. ഇതു കൂടാതെ ഗോസ്സായിസത്രം , ധർമ്മശാല മുതലായ അനേകം എടുപ്പുകൾ ഈ ചിറയ്ക്കു ചുറ്റും ഉണ്ടായിരുന്നു. സന്ധ്യാകാലം സമീപിച്ചതിനാൽ ചിറവക്കിലും ക്ഷേത്രമുറ്റത്തും എടത്തിലെ പടിഉമ്രത്തും ഉള്ള തിരക്കുകൾ ഇന്ന പ്രകാരമെന്നു പറവാൻ പ്രയാസം. ഇങ്ങനെ യോഗ്യതയും പ്രൌഢിയും ഉള്ള ഒരു എടത്തിലെ സന്തതി ആയിരിക്കേണ്ടവൾതന്നെയാണ് എജമാനന്റെ മകൾ ശാരദ , എന്നു ശങ്കരന്നു മനസ്സിൽ തോന്നി.

ശങ്കരൻ എടത്തിലെ പടിഉമ്രത്തും ക്ഷേത്രതിരുമുറ്റത്തും മദ്ധ്യവഴിയിലും മറ്റും കുറേനേരം അവിടെയുള്ള ഘോഷങ്ങളേയും തിരക്കുകളേയും കണ്ടുംകൊണ്ടു നിന്നു. ഒരു മനുഷ്യനെങ്കിലും തന്നോട് ഒരക്ഷരവും ഉരിയാടിയിട്ടില്ല. ഇങ്ങനെ കുറേനേരം കഴിഞ്ഞശേഷം ആരോടെങ്കിലും കടന്നു ചോദിക്കുകതന്നെ എന്നു നിശ്ചയിച്ച് ശങ്കരൻ പിന്നെയും എടത്തിന്റെ പടിഉമ്രത്തു പോയി നിന്നു. പലേവിധ മനുഷ്യരും പടിപ്പുരയുടെ അന്തർഭാഗത്തിലേക്കും പടിപ്പുരയിൽ നിന്നു പുറത്തേക്കും എടതിരിവുകൂടാതെ കടന്നുപോകുന്നതു ശങ്കരൻ കണ്ടു. എങ്കിലും ഒരു മനുഷ്യനെങ്കിലും സാവകാശത്തോടു കൂടിയോ സ്വസ്ഥചിത്തന്റെ നിലയിലോ അവിടെ എങ്ങും കുറേനേരത്തേക്കു ശങ്കരൻ കണ്ടില്ല. എല്ലാവർക്കും തിരക്കു തന്നെ. അത്യുത്സാഹത്തോടെ ചാടിയും ഓടിയും നടക്കുന്നവരെ അല്ലാതെ കാണാൻ പ്രയാസപ്പെട്ടു. അങ്ങിനെ കുറെ സമയം കഴിഞ്ഞപ്പോൾ ദൈവഗത്യാ ഒരു നായർ പടിഅകത്തുനിന്നു പുറത്തേക്കു സാവധാനത്തിൽ നടന്നു പോവുന്നതു കണ്ടു. ശങ്കരൻ അയാളുടെ പിന്നാലെ ചെന്നു. ആ നായർ സുമുഖനായ ശങ്കരനെ കണ്ടപ്പോൾ.

നായർ :- എന്താണ് ? എവിടെനിന്നു വരുന്നു. ഈ ദിക്കിൽ എങ്ങും മുമ്പു കണ്ടിട്ടില്ല.

ശ:-ഞാൻ അന്യദേശക്കാരനാണ്. എടത്തിൽ അച്ചന് ഒരു എഴുത്തു കൊടുപ്പാനുണ്ടായിരുന്നു. അതിന്ന് എന്താണ് നിവൃത്തി എന്ന് ഒന്നു പറഞ്ഞുതന്നാൽ നന്നായിരുന്നു.

നായർ :- ഇവിടെ തന്നെ നിന്നോളു. എടംവക പ്രധാന കാർയ്യസ്ഥൻ ശങ്കനമ്പി ഇപ്പോൾ ഇതിലെ വരും. അദ്ദേഹത്തോടു പറഞ്ഞാൽ ഒക്കെ നിവൃത്തി ആവും.

എന്ന് അയാൾ പറയുമ്പോഴേക്ക് ഒരു പൂണൂൽക്കാരൻ വൃദ്ധൻ [ 28 ] വെറ്റില മുറുക്കിയതിന്റെ ചണ്ടികൾ കലശലായി ശബ്ദത്തോടെ നടക്കുന്നതിന്റെ രണ്ടുഭാഗത്തേക്കും പാറ്റി തുപ്പിക്കൊണ്ട് പടിയുടെ കോണി എറങ്ങുന്നതു കണ്ടു. ഇയ്യാളുടെ പിന്നാലെ രണ്ടുമൂന്നു ആളുകൾ കൂടി എറങ്ങി ഓച്ഛാനിച്ചുംകൊണ്ടു നടക്കുന്നതു കണ്ട് "ഇതാ ശങ്കു നമ്പി വരുന്നു " എന്നു കാണിച്ചുകൊടുത്ത് ചെറുപ്പക്കാരൻ നായർ പോയി. ശങ്കരൻ ഉടനെ ശങ്കുനമ്പിയുടെ മുമ്പാകെ പോയി ഓച്ഛാനിച്ചുനിന്നു. കുറേനേരത്തേക്കു നമ്പി കണ്ടഭാവം നടിക്കാതെ ഒന്നും മിണ്ടാതെ നടന്നു. അപ്പോൾ ശങ്കരൻ വിടാതെ അടുത്തടുത്തി അധികം ഓച്ഛാനിച്ചുംകൊണ്ടു കൂടി. ഒടുവിൽ ശങ്കുനമ്പി ചോദിച്ചു.

ശങ്കുനമ്പി :- എന്താണ് . എവിടെനിന്നു വരുന്നു.

ശങ്കരൻ :- ഞാൻ കുറെ ദൂരത്തു നിന്നും വരുന്നു. എടത്തിൽ വലിയച്ചന്നു സ്വകാർയ്യ്യമായി ഒരു എഴുത്തു കൊടുപ്പാനുണ്ടായിരുന്നു. അതിന്ന് ഇപ്പോൾ തരമാവുമോ എന്നറിഞ്ഞില്ല.

"ആരുടെ എഴുത്താണ് "

"ആളെ പറഞ്ഞാൽ ഇവിടേക്കു മനസ്സിലാവുകയില്ല. എഴുത്തിൽ എല്ലാം ഉണ്ട്."

"ആളെ പറഞ്ഞാൽ മനസ്സിലാവുല്ലെ. എന്തെ രസിക. ആട്ടെ പറയു. മനസ്സിലാവുമോ എന്നു നോക്കട്ടെ "

"എഴുത്തു എഴുതിയ ആളുടെ പേര് രാമൻമേനോൻ എന്നാണ്. "

"എവിടത്തെ രാമൻമേനോൻ "

"തെക്കില്ലത്തേ"

"തെക്കില്ലത്തോ ? "

"അതെ "

"ഏതൂ രാജ്യക്കാരനാണ് "

"അത് എനിക്കു നിശ്ചയമില്ല."

"അപ്പോൾ നീ അയാളെ അറിയില്ലേ."

"അറിയും "

"പിന്നെ എന്താണ് പറയരുതേ ? "

"ഞാൻ ഇപ്പോൾ പറഞ്ഞേടത്തോളം വിവരങ്ങൾ മാത്രമേ അറികയുള്ളു. "

"നീ ആളൊരു വികടനാണെന്നു തോന്നുന്നു. എഴുത്ത് എന്റെ പക്കൽ തരാമോ. "

"അച്ചന്റെ പക്കൽതന്നെ കൊടുക്കാനാണു കല്പന. " [ 29 ] "ആരുടെ കല്പന ?"

"എന്റെ എജമാനൻ രാമൻമേനോന്റെ."

"എന്നാൽ കല്പനപ്രകാരം നടന്നോളു. അച്ചനെ തന്നെ കണ്ട് എഴുത്തു കൊടുത്തോളു."

എന്നും പറഞ്ഞു പ്രധാന കാർയ്യസ്ഥനും കൂടെയുള്ളവുരം കളപ്പുരയിലേക്കു നടന്നു.

ശങ്കരൻ പിന്നെയും അവിടെ നിന്നു വശായി. അങ്ങിനെ അവിടെ ഒരു കാൽ നാഴിക നിന്നശേഷം പടിവാതിക്കൽകൂടി അതികലശലായി ഒരു വെളിച്ചം പുറത്തേക്കു ചാടുന്നതുകണ്ടു.ക്ഷണേന ഒരു ചെറുപ്പക്കാരൻ വെള്ളിക്കു സമമായി മിന്നുന്ന ദീർഘമായ തണ്ടിന്മേൽ തൂങ്ങി സ്വർണ്ണപ്രഭമായി തിളങ്ങുന്ന ഓടുകൊണ്ടു വാർക്കപ്പെട്ട തണ്ടോടുകൂടിയ ഒരു കുത്തുവിളക്കിൽ ഏകദേശം പന്തംപോലെ അഗ്നി ഉജ്വലിച്ചുകത്തുന്ന വെളിച്ചത്തോടുകൂടി പടി ഇറങ്ങുന്നതു കണ്ടു. അതിന്ന് അടുത്തു വഴിയെ അതി ദീർഘമായ ഒരു ചങ്ങലവട്ട കത്തിച്ചു പിടിച്ചുംകൊണ്ടു മറ്റൊരു സുമുഖനായ ചെറുപ്പക്കാരൻ എറങ്ങുന്നതു കണ്ടു. അതിന്റെ വഴിയെ അത്യന്തം തടിച്ച് ഉരുണ്ട് കറുത്ത വർണ്ണത്തിൽ ഒരു ഭയങ്കരമായ ഒരു സ്വരൂപം എറങ്ങി വരുന്നതും കണ്ടു. ഈ സ്വരൂപത്തിന്റെ തലയിൽ വാൽക്കണ്ണാടിപോലെ അത്രം മിനുസമായി വെളിച്ചംതട്ടുമ്പോൾ മിന്നുന്ന കഷണ്ടിയാണു കണ്ടത്. കറുത്തനെറ്റിമുഴുവനും വെളുത്ത ഭസ്മംകൊണ്ടു മൂടിയിരിക്കുന്നു. കണ്ണുകൾ വൃത്തത്തിൽ അത്യന്തം കോപരസത്തോടെ ചുകന്ന രാശിയായിട്ടാണ്. ദീർഘം കുറഞ്ഞു തടിച്ച് കുറെ മേലോട്ടു മലർന്ന ദ്വാരങ്ങളോടുകൂടിയ ആ മൂക്കും പരന്ന മുറവും കറുത്തു തടിച്ച ചുണ്ടും അത്യന്തം വിശാലമായ വക്ഷസ്സ് നിറയെ തേച്ച ഭസ്മപ്രഭയും അതിന്ന് ഉപരി കിടക്കുന്ന സ്വർണ്ണകെട്ടിയ വലിയ രുദ്രാക്ഷമാലയും കണ്ടു ശങ്കരൻ അത്ഭുതപ്പെട്ടു. വയറ് ഉജ്ജൃംഭിച്ച ശരീരത്തിൽവന്ന് വളരെ മുന്നോട്ടു ചാടി നിൽക്കുന്നതിന്മേൽക്കൂടി കെട്ടി ഉടുത്തിട്ടുള്ള പുളിയിലക്കര വലിയ മുണ്ടും കസവുമേൽമുണ്ടും എടയ്ക്കിടെ അഴിഞ്ഞുപോവാൻ തുടങ്ങുമ്പോൾ കൈകൊണ്ടു പിന്നെയും പിന്നെയും മുറുക്കിക്കൊണ്ടിരുന്നു. കാലിൽ ആനക്കൊമ്പു കൊരടുകളോടു കൂടിയ ഉയരമുള്ള മെതിയടികൾ ഇട്ടിരുന്നു. അതുകൾ ഇട്ട് ഒരുവിധം അനായാസേന ഈ കൂറ്റൻ നടക്കുന്നതു നിത്യാഭ്യാസബലംതന്നെ എന്നു ശങ്കരന്നു സംശയം കൂടാതെ തോന്നി. ഈ ഉഗ്രവേഷത്തിന്റെ പിമ്പിൽ സേവകന്മാരുടെ നിലയിൽ നല്ല ഉടുപ്പോടു കൂടി പത്തുപതിനഞ്ചു യോഗ്യന്മാരു നടന്നിരുന്നു. [ 30 ] ഈ കണ്ട ഭയങ്കരവേഷം തന്നെയാണ് പൂഞ്ചോലക്കര അച്ചൻ എന്നു ശങ്കരന്നു സംശയംകൂടാതെ തോന്നി. വേറെ അവിടെ ഉണ്ടായിരുന്ന ആളുകളോടു് അന്വേഷിച്ചു തീർച്ചയായശേഷം ശങ്കരൻ ഈ വേഷത്തിന്നു കുറെ അടുത്തു ചെന്നു നല്ലവണ്ണം ഒന്നു താണു തൊഴുതു. അച്ചന്മാരെ തൊഴുന്നതു സാധാരണ നടപ്പില്ലെങ്കിലും ചിലപ്പോൾ കാർയ്യവശാൽ സമർത്ഥന്മാരായ ആളുകൾ ചെയ്തുവരുമാറുണ്ടു്. തൊഴുത ഉടനെ "ആരാണ് അത്" എന്നു അച്ചൻ ചോദിച്ചപ്പോഴേക്കു കൂടെയുള്ള സേവകന്മാർ ചാടി ശങ്കരന്റെ അടുക്കലേക്ക് എത്തി. അപ്പോഴേക്കു ശങ്കരൻ എഴുത്തു് എടുത്തു സേവകന്മാരുടെ പക്കൽ കൊടുത്തു. അവർ അച്ചന്റെ കയ്യിൽ കൊടുപ്പാൻ ഭാവിച്ചു. അച്ചൻ വാങ്ങീല്ല.

അച്ചൻ :-ആരുടെ എഴുത്താണ് ഇതു്?

ശ:-തെക്കില്ലത്ത് രാമൻമേനോൻ എന്നൊരാളുടെ എഴുത്താണു്. അദ്ദേഹം ഇവിടെ പരിചയമില്ലാത്ത ഒരാളാണ്. ഒരു സ്വകാർയ്യസംഗതിയെക്കുറിച്ചാണ് എഴുതീട്ടുള്ളത്. അതു വായിക്കുമ്പോൾ ഇവിടുന്നുഗ്രഹിക്കും.

അ:-തെക്കില്ലത്ത് രാമനോ, ഏത് തെക്കില്ലം, എന്ത് രാമൻ ഞാൻ കേട്ടിട്ടേ ഇല്ല എന്നു പതുക്കെ പറഞ്ഞുകൊണ്ട് അമ്പലത്തിലേക്കു നടന്നു. ശങ്കരൻ പിന്നാലെ പോവുന്ന ഒരാളോടു ചോദിച്ചതിൽ എഴുത്തു വായിച്ചശേഷം മറുപടി ഉണ്ടാവുമായിരിക്കും, താൻ പടിപ്പുരയ്ക്കൽ തന്നെ കുറെ നേരം കാത്തിരിക്കൂ. എന്നാൽ വിവരമെല്ലാം അറിയാം എന്നു പറഞ്ഞപ്രകാരം ശങ്കരൻ അവിടെപോയി താമസിക്കുകയും ചെയ്തു.

അച്ചൻ ക്ഷേത്രത്തിൽനിന്നു മടങ്ങി പതിവുപ്രകാരമുള്ള നാമം ജപവും മറ്റും കഴിഞ്ഞു് ഉണ്ണാൻ ഭാവിച്ചു മാളികയിൽനിന്നു താഴത്തിറങ്ങി തെക്കിനിയിൽ എത്തിയപ്പോൾ എഴുത്തുകാരൻ കുഞ്ഞികൃഷ്ണൻ അമ്പലത്തിലേക്ക് പോംവഴി ശങ്കരൻ കൊടുത്ത എഴുത്തും കയ്ക്കൽ പിടിച്ച് അച്ചന്റെ മുൻപാകെ ചെന്നുനിന്നു.

കുഞ്ഞികൃഷ്ണന്റെ എഴുത്തു തുറന്നു വിളക്കിന്റെ സമീപം ഇരുന്നു താഴെ പറയുംപ്രകാരം വായിച്ചു.


ശ്രീ


"അവിടുന്നുമായി യാതൊരുപ്രകാരവും പരിചയമില്ലാത്ത ഒരുവൻ അവിടേക്കു സാധാരണ സംഗതികളെപ്പറ്റി തന്നെയെങ്കിലും ഒരു കത്ത് ഒന്നാമതായി എഴുതുമ്പോൾ അവനു വളരെ ശങ്കയും ഭയവും [ 31 ] സ്വാഭാവികമായി ഉണ്ടാവുന്നതാണല്ലോ. എന്നാൽ അങ്ങിനേ പരിചയമില്ലാത്ത ഒരുവൻ എഴുതുന്ന കത്തിൽ കാണിക്കുന്ന സംഗതികൾ അവിടേക്കും എഴുതുന്നവനും ഒരുപോലെ വ്യസനകരമായിട്ടുള്ളവകളായി വരുമ്പോൾ ആ കത്ത് എഴുതുവാനുള്ള സങ്കടം ഇന്നപ്രകാരമാണെന്നു പറഞ്ഞറിയിപ്പാൻ പ്രയാസമാണ്. ഇങ്ങനെയുള്ള സങ്കടത്തോടുകൂടിയാണ് ഞാൻ ഈ കത്ത് അവിടെ ഗ്രഹിപ്പാനായി എഴുതുന്നതു്. മഹാനായി, അതിഭാഗ്യവാനായി, ദയാലുവായിരിക്കുന്ന അവിടുന്നു് ദയവുചെയ്തു ഈ കത്തിലെ വിവരങ്ങൾ ഗ്രഹിച്ച് യഥോചിതം പ്രവർത്തിക്കുമെന്നുള്ള വിശ്വാസം പൂർണ്ണമായി എനിക്കുണ്ടാകയാൽ എന്റെ മനസ്സിന്റെ സങ്കടത്തെ ചുരുക്കി ഈ വിവരങ്ങളെക്കുറിച്ച് എഴുതുന്നു."

അവിടുത്തെ മരുമകളായി കല്യാണി എന്നു പേരായ ഒരു അമ്മ പത്തു പതിനഞ്ചു സംവത്സരങ്ങൾ മുമ്പു സംഗതിവശാൽ ഈ മലയാളദിക്കു വിട്ടു പൊയ്ക്കളഞ്ഞതായി അവിടുത്തെ ഓർമ്മയിൽ നിസ്സംശയമായി ഉണ്ടായിരിക്കുണം. ആ കല്യാണിഅമ്മ ഈ രാജ്യംവിട്ടു നേരെ പോയത് കാശിയിലേക്കായിരുന്നു. ഒന്നിച്ചു സഹായത്തിനു ഒരു ബ്രാഹ്മണനും ചെറുവയസ്സായ ഒരു നായരും ഉണ്ടായിരുന്നു. കാശിയിൽവെച്ചു ഞാൻ ആ അമ്മയെ കണ്ടു. ഞാൻ ഒന്നാന്തരം കിരിയം എന്നു പറയുന്ന നായർ ജാതിയിലുള്ള ഒരു നായരാണ്. ജാതിയിൽ എന്നെക്കാൾ ശ്രേഷ്ഠതയുള്ള നായന്മാർ മലയാളത്തിൽ ഇല്ല. അതിനെക്കുറിച്ച് അവിടേക്ക് ബോദ്ധ്യമുള്ളവിധം തെളിവു തരാം. കാശിയിൽവെച്ചു കണ്ടശേഷം ഞാനും കല്യാണിഅമ്മയും അന്യോന്യം പരിചയമായി. ഞങ്ങൾ ഭാര്യാഭർത്തക്കന്മാരുടെ സ്ഥിതിയിൽ ആയി. കുറെ കാലം ഞങ്ങൾ ക്ഷേമമായിരുന്നു. പിന്നെ ഞങ്ങൾക്ക് ഒരു പെൺകുട്ടി ഉണ്ടായി. അതിന്റെ ശേഷം ഞങ്ങൾ മലയാളത്തിലേക്കു തന്നെ മടങ്ങണം എന്നു നിശ്ചയിച്ച് വടക്കേ ഇന്ത്യ വിട്ടു പുറപ്പെട്ടു. സേതുസ്നാനം കഴിക്കണമെന്നുള്ള ആഗ്രഹത്തോടെ രാമേശ്വരത്തേക്കു വന്നു. അവിടെവെച്ച് കല്യാണിഅമ്മയ്ക്ക് ഒരു ജ്വരരോഗമുണ്ടായി. അതു നിമിത്തം ഇന്നേക്കു ഒരു മാസം പത്തു ദിവസം മുമ്പേ കല്യാണിഅമ്മ സ്വർഗ്ഗപ്രാപ്തിയാകുകയും ചെയ്തു. ശാരദാ എന്നു പേരായ മേല്പറഞ്ഞ പെൺകുട്ടിക്ക് ഇപ്പോൾ പതിനൊന്നു വയസ്സു പ്രായമേ ആയിട്ടുള്ളു. അവളും ഞാനും ഇപ്പോൾ ഇവിടെ താമസിക്കുന്നു. അവൾക്ക് ഇനി അമ്മയായും അച്ഛനായും ഈശ്വരനേപ്പോലെ അവിടുന്നുതന്നെയേ ഗതിയുള്ളഉ എന്നു ഞാൻ പറയേണ്ടതില്ലല്ലോ. ഞാൻ രോഗം നിമിത്തവും മനോവ്യസനംനിമിത്തവും വലിയ പരവശതയിൽ പെട്ടിരിക്കുന്നു[ 32 ] പൂഞ്ചോലക്കര എടത്തിലെ സന്താനമായ ശാരദയെ അവളുടെ സ്ഥിതിക്കു തക്കവണ്ണമുള്ള അഭ്യാസാദികളെ ചെയ്യിച്ചു യോഗ്യതയായ സ്ഥിതിയിൽ വരുത്തുവാൻ ശ്രമിക്കേണ്ടുന്ന ഈ കാലം ഈ വിവരങ്ങളെ അവിടെ അറിയിക്കാത്ത ഒരു തെറ്റു എന്റെ മേൽ ഉണ്ടാവുമന്നു ഭയപ്പെട്ടു ഞാൻ ഈ കത്തു എഴുതുന്നതാണു്.

അതുകൊണ്ടു് മഹാദയാലുവായ അവിടുന്നു ദയവു ചെയ്തു് നിസ്സഹായസ്ഥിതിയിൽ ഇരിക്കുന്ന ഈ കുട്ടിയുടെ കാര്യത്തിൽ ഏതുപ്രകാരം പ്രവർത്തിക്കണം എന്നു് മറുപടി ഉണ്ടാവാനായി വിനയപൂർവ്വം ഞാൻ അപേക്ഷിക്കുന്നു.

എന്ന് അവിടത്തെ ആശ്രിതൻ.
തെക്കില്ലത്തു് രാമൻ.


എഴുത്തു മുഴുവനും വായിച്ചുകഴിഞ്ഞു് കുഞ്ഞികൃഷ്ണൻ എഴുനീറ്റു നിന്നു. അച്ചൻ ഇടിവെട്ടിയ ഒരു ജന്തുവെപ്പോലെ നിശ്ചലനായി മുഖവും താഴ്ത്തിനിന്നു. ഒരു നാലെട്ടു നിമിഷം അങ്ങിനെ നിന്നു. എഴുത്തു വായന തുടങ്ങുമ്പോഴേക്കു നാലുകെട്ടിൽ നാലു ഭാഗത്തും അവിടവിടെയായി ഉണ്ണിമാരും കാര്യസ്ഥൻമാരും ഭൃത്യന്മാരും മറ്റും അച്ചനെ മറഞ്ഞു നിറഞ്ഞുനിന്നിരുന്നു. എഴുത്തിലെ സകല വിവരങ്ങളും എല്ലാവർക്കും വെടിപ്പായി മനസ്സിലാകുകയും ചെയ്തിരിക്കുന്നു. കോവിലകങ്ങളിലും വലിയ പ്രഭുക്കന്മാരുടെവസതികളിലും സ്വകാര്യമായി ഒരു കാര്യവും വെയ്ക്കാൻ കഴിയാത്തത് ഈ മാതിരി എഴുത്തുവായനകൊണ്ടും മറ്റുമാണെന്ന് ഇപ്പോൾ സ്പഷ്ടമാണല്ലോ. അച്ചൻ എങ്ങനെ സ്തബ്ധനായി നിന്നുവോ അതുപോലെതന്നെ ഈ കത്തു വായിച്ചു കേട്ടവരു് എല്ലാവരും നിന്നുപോയി. കേട്ടതിൽ മിക്കതും ആളുകൾ അതിസുന്ദരിയായ കല്യാണിഅമ്മയെ കണ്ടു പരിചയമുള്ളവരായിരുന്നു. ഓരോരുത്തരുടെ മനസ്സിന്റെ സ്വഭാവത്തിനു് അനുസരിച്ചു് ഓരോരുത്തർക്കു് ഓരോ മനോവികാരങ്ങളും ചേഷ്ടകളും ഉണ്ടായി. അതെല്ലാം ഇപ്പോൾ പറവാൻ പ്രയാസം.

എഴുത്തു വായിച്ച ക്ഷണത്തിൽ മനസ്സിൽനിന്നു് എളകിളജ്ജ്യംഭിച്ച കഠിനപാരുഷ്യവും അവമാനത്തിൽനിന്നു ജനിച്ച കഠിനമായ ലജ്ജയും നിമിത്തം നിർവ്വികാരനായി നാലെട്ടുനിമിഷം നിന്നശേഷം അച്ചൻ "ശങ്കുനമ്പിയെ വിളിക്കൂ" എന്നു പറഞ്ഞു.

ശങ്കുനമ്പി നാലുകെട്ടിൽനിന്നു പുറത്തേക്കു കടക്കുന്ന തളത്തിൽ ജാഗ്രതയായി നിന്നു് എഴുത്തു വായിച്ചതു് മുഴുവൻ കേട്ടിരിക്കുന്നു. [ 33 ] "വിളിക്കു്" എന്ന് അച്ചൻ പറയുമ്പോഴേക്കു ശങ്കുനമ്പി അച്ചന്റെ മുമ്പിൽ എത്തി.

അ:- ഒരു എഴുത്തു വായിച്ചു കേട്ടുവോ ?

ശ:- കേട്ടു.

അ:- ആ എഴുത്തു കൊണ്ടുവന്ന നായെ പിടിച്ച് അകത്തുകൊണ്ടുവരട്ടെ. തല്ലി എല്ലൊടിച്ചു വിടട്ടെ. അതാണ് ഇങ്ങനെയുള്ള എഴുത്തിന്റെ മറുപടി. വളരെ മാനം മര്യാദയോടുകൂടി ഇരിക്കുന്ന നമ്മെ അവമാനിച്ചതു കണ്ടില്ലേ. എന്താണു ശങ്കുനമ്പി ഒന്നും പറയാത്തതു്. ആ നായയെ പിടിച്ചുകൊണ്ടു വരാൻ പറയു.

ശ:- പറയാം: ആ എഴുത്തു കൊണ്ടുവന്ന ചെക്കൻ വളരെ കുറുമ്പുകാരനാണെന്നു് എനിക്കു അവനെ കണ്ടപ്പോൾ തന്നെ തോന്നി. എന്നാൽ അവനു് ഈ എഴുത്തിലെ സംഗതി ഒന്നും അറിവില്ലാ എന്നു തോന്നുന്നു.

അ:- പിടിച്ചുകൊണ്ടുവരുവാൻ പറയു. എവിടെ ആരാണു്. അവിടെ ആ എഴുത്തു കൊണ്ടുവന്നവനെ പിടിച്ചു് അകത്തുകൊണ്ടുവരട്ടെ; വേഗം കൊണ്ടുവരട്ടെ.

ഈ വാക്കു കേട്ടപ്പോൾ രണ്ടുനാലു ഭൃത്യൻമാർ ശങ്കരനെ തിരയുവാൻ പുറത്തേക്കു ഓടി. "ആ എഴുത്തുകൊണ്ടുവന്ന നായയെ തല്ലട്ടെ" എന്നു് ഒന്നാമതു് അച്ചൻ പറഞ്ഞ വാക്കുകൾ ആ നിമിഷത്തിൽ പടിപ്പുരയിൽ "ടിലഫൊൻ" എന്ന യന്ത്രശക്തിയിൽകൂടി അറിയുന്ന വേഗത്തിൽ നുണ പറയുന്നതിൽ സമർത്ഥന്മാരായ ഭൃത്യവർഗ്ഗങ്ങളുടെ മുഖത്തിൽനിന്നു കേട്ട് ശങ്കരൻ എടത്തിൽനിന്നു് ഓടിയിരിക്കുന്നു. തിരയാൻ പുറത്തേക്കു ചാടിയ ആളുകൾ "അയാളെ ഇവിടെ എങ്ങും കാണാനില്ല" എന്നു പറഞ്ഞു് അകത്തേക്കു തന്നെ മടങ്ങിച്ചെന്നു.

അ:- എന്താണു്, ശങ്കുനമ്പി അവനെ ഒളിപ്പിച്ചു എന്നു തോന്നുന്നു.

ശ:- ഞാൻ എന്തിനു് അവനെ ഒളിപ്പിക്കുന്നു. അവനു രണ്ടു തല്ലു് കിട്ടണമെന്നു തന്നെയാണു് എനിക്കും ആഗ്രഹം.

അ:- ഈ കാണിച്ച ധിക്കാരത്തിനു് ഉത്തരം ചോദിക്കേണ്ട , എന്നാണ് ശങ്കുനമ്പി വിചാരിക്കുന്നതു്. ഇത്രത്തോളം പറയുമ്പോഴേക്ക് രാഘവനുണ്ണി അകായിൽനിന്നു പുറത്തേക്കു വന്നു ജ്യേഷ്ഠന്റെ മുമ്പാകെ ചെന്നുനിന്നു.

അ:- രാഘവൻ എഴുത്തു വായിച്ചതു കേട്ടില്ലേ, നുമ്മളുടെ ഈ [ 34 ] എടത്തിലേക്കു് ഇങ്ങിനെ ഒരു അവമാനം വന്നുചേർന്നുവല്ലോ. ഇങ്ങിനെ ഇതിൻകീഴിൽ ഒരവസ്ഥ ഈ എടത്തിലേക്കു സംഭവച്ചിട്ടില്ല. എനിക്കു് ഈ സ്ഥാനം വഹിച്ചു ജീവിച്ചിരിക്കേണമെന്നു എനി മനസ്സില്ല.

രാ :- ഇതു് എന്തൊരു കഥയാണു് ഇങ്ങിനെ കല്പനയാകുന്നതു്. വല്ല വികൃതികളും നുമ്മെ അവമാനിക്കണമെന്നു വിചാരിച്ചൊ വല്ല കാര്യലാഭമുണ്ടാവേണമെന്നു കരുതിയോ വല്ല തോന്നിയവാസവും എഴുതി അയച്ചാൽ നമുക്ക് എന്താണ് കുറവ്. ഈ കത്തിൽ കാണിച്ച അവസ്ഥ മുഴുവനും ശുദ്ധമേ ഭോഷ്ക്കാണെന്നുള്ളതിലേക്കു സംശയമുണ്ടോ. ആ പാപി കല്യാണി എന്ന സ്ത്രീ ഇവിടെ നിന്നു പോയിട്ടു രണ്ടുമാസങ്ങൾക്കുള്ളിൽ കുടകിലോ മറ്റൊ വെച്ചു മരിച്ചുപോയതായി സൂക്ഷ്മമായി ഇവിടെ വർത്തമാനം കിട്ടീട്ടുണ്ടല്ലൊ. പിന്നെ ആ സർപ്പദൃഷ്ടിക്കാരൻ കള്ളൻ വൈത്തിപ്പട്ടരും പണം സമ്പാദിക്കാമെന്നുള്ള മോഹത്തിന്മേൽ ഒരു കളവുണ്ടാക്കിത്തീർത്തു. നുമ്മളെ അവമാനിക്കാമെന്നു കരുതി ഇങ്ങിനെ പ്രവർത്തിക്കുന്നതാണെന്നുള്ളതിലേക്കു സംശയമുണ്ടോ ? ഈ പട്ടരു വലിയ ഭീഷണിക്കാരനും അതിസമർത്ഥനായ കള്ളനും ആണെന്നു നുമ്മൾക്കെല്ലാവർക്കും നിശ്ചയമുണഅടല്ലോ. ഈ കള്ളപ്പട്ടര് ഇത്രനാളും ഇങ്ങിനെ ഒരു ചതിക്കു വട്ടംകൂട്ടിവാൻ ശ്രമിച്ചു നടക്കുകയായിരുന്നു. എവിടെ നിന്നോ ഒരു പെൺകുട്ടിയെ തരത്തിൽ പിടിച്ചു. അതിന് ഒരു അച്ഛനെയും സൃഷ്ടിച്ചു നുമ്മളുമായി വല്ല വ്യവഹാരമൊ കൂട്ടമൊ ഉണ്ടാക്കാമെന്നുള്ള ദുർവ്വിചാരത്തോടുകൂടി വൈത്തിപ്പട്ടര് ഉണ്ടാക്കിത്തീർത്ത് ഭോഷ്ക്കാണെന്നുള്ളതിലേക്കു എനിക്കു യാതൊരു സംശയവുമില്ല. ആ പട്ടര് ഇവിടെ രാമപുരത്ത് വന്നു നിൽക്കുന്നുണ്ടത്രെ ;കൃഷ്ണൻ ഇപ്പോൾ എന്നോടു പറഞ്ഞു.

ഒരു ഭൃത്യൻ കൃഷ്ണൻ :- അതെ വൈത്തിപ്പട്ടരെ ഇന്നു ഞാൻ രാമപുരത്ത് വെങ്കിച്ചൻ പട്ടരുടെ മഠത്തിൽ ചരക്കിനു പോയപ്പോൾ കണ്ടിരിക്കുന്നു. രണ്ടുനാഴിക പകലെ ആണു കണ്ടത്.

രാ :- ഞാൻ പറഞ്ഞില്ലേ. ഇനി ഇതിൽ സംശയിക്കാൻ ഉണ്ടോ.

അ :- വൈത്തിപ്പട്ടരെ കൃഷ്ണൻ കണ്ടുവോ ?

കൃ :- കണ്ടു. ആയാൾ എന്തൊ ഒരു കാര്യമായി വെങ്കിച്ചൻ പട്ടരെ കാണാൻ വന്നതാണെന്നു പറഞ്ഞു. നാളെ രാവിലെ മടങ്ങി നാട്ടിലേക്കു പോവുമെന്നും പറഞ്ഞു.

അ :- ഇവിടത്തെ വർത്തമാനം വല്ലതും നിന്നോടു ചോദിച്ചവേ [ 35 ] കൃ :- ഒന്നും ചോദിച്ചില്ല. തന്നെ കണ്ട വിവരം ആരോടും പറയണ്ട എന്നു മാത്രം പറഞ്ഞു. എടത്തിലേക്കു എന്താണ് വരാത്തത് എന്നു ചോദിച്ചതിനു വരേണ്ട കാലമാവുമ്പോൾ വരും , ഇപ്പോൾ വരുന്നില്ലായെന്നും പറഞ്ഞു.

രാ :- എനി ഇതിൽ സംശയമുണ്ടോ.

അ :- രാഘവൻ പറഞ്ഞതു ശരിയാണെന്നു എനിക്കും തോന്നുന്നു. പക്ഷെ ആ പട്ടരെ ഇപ്പോൾത്തന്നെ ആളയച്ചു വരുത്തിയാലൊ.

രാ :- വരട്ടെ - വരട്ടെ - ബദ്ധപ്പെടേണ്ട. പട്ടരെ എപ്പോഴെങ്കിലും വരുത്താം. പണം കൊടുത്താൽ ആ കള്ളൻ എന്തും ചെയ്യും. അയാളെ സ്വാധീനമാക്കാൻ ഒരു പ്രയാസവുമില്ല. എന്നാൽ ആയാൾ ഈ കാർയ്യത്തിൽ എന്തൊക്കെയാണ് വൈഷമ്യങ്ങൾ പ്രവർത്തിച്ചിരിക്കുന്നത് എന്ന് അന്വേഷിച്ചറിഞ്ഞ് ഈ കാർയ്യത്തിന്റെ അവസ്ഥപോലെ വേണ്ടത് ചെയ്യാം.

ശ :- ഇപ്പോൾ ഉണ്ണി കേൾപ്പിച്ചതു ശരിയാണ്. അങ്ങിനെ തന്നെയാണ് പ്രവർത്തിക്കേണ്ടത് എന്നും എനിക്കും തോന്നുന്നു.

അ :- ഈശ്വരോ രക്ഷതു. പണ്ടുപണ്ടുള്ള കാരണവന്മാരെല്ലാവരും അവരുടെ കാലം മാനമായി തന്നെ കഴിച്ചുപോയി. നുമ്മളുടെ കാലത്ത് ഇങ്ങിനെ ഒരു അവമാനം വരാൻ യോഗമുണ്ടെങ്കിൽ നിവൃത്തിയില്ലല്ലോ. രാഘവൻ പറഞ്ഞതു ശരിയാണെങ്കിൽ ആ കള്ളപ്പട്ടരെ ഉടനെ സ്വാധീനമാക്കി ഈ സംഗതിയെപ്പറ്റി പുറത്തേക്കു ഒരു ശബ്ദത്തിന്ന് എടകൊടുക്കാതെ കഴിക്കുന്നതല്ലെ നല്ലത് എന്ന് എനിക്കു തോന്നുന്നു.

രാ :- കല്പിച്ചത് ശരി തന്നെ. പുറത്തേക്കു ഒരു ശബ്ദത്തിന് എട വരാതെ കഴിക്കുന്നതു തന്നെയാണാവശ്യം. എന്നാൽ വൈത്തിപ്പട്ടര് എന്തൊക്കെയാണ് ഇതിൽ പ്രവർത്തിച്ചിരിക്കുന്നത് എന്നും ഈ എഴുത്ത് അയച്ച വിദ്വാൻ ആരാണെന്നും മറ്റുമുള്ള വിവരങ്ങൾ സൂക്ഷ്മമായി അറിഞ്ഞശേഷം വൈത്തിപ്പട്ടരെ വരുത്തിയാൽ മതി എന്ന് എനിക്കു തോന്നുന്നു.

അ :- അങ്ങനെയാവട്ടെ. ഉണ്ണിയുടെ ആലോചനപോലെ ചെയ്തോളു. നമുക്ക് അവമാനമൊന്നും വരരുത്. അത്രമാത്രമേ ആഗ്രഹമുള്ളു.

എന്നും പറഞ്ഞു ദീർഘത്തിൽ ഒന്നു നിശ്വസിച്ചുംകൊണ്ട് ഭക്ഷണത്തിനായി അച്ചൻ അകായിലേക്ക് പോവുകയും ചെയ്തു.

"https://ml.wikisource.org/w/index.php?title=ശാരദ/ഒന്നാം_അദ്ധ്യായം&oldid=38490" എന്ന താളിൽനിന്ന് ശേഖരിച്ചത്