വെളിച്ചത്തിൻ കതിരുകൾ വിളങ്ങുമീ സമയത്ത്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

വെളിച്ചത്തിൻ കതിരുകൾ വിളങ്ങുമീ സമയത്തു
വെളിച്ചമാം യഹോവയെ സ്തുതിക്കണം അവൻ ജനം

ഇരുട്ടൊഴിഞ്ഞവനിയിൽ തിളക്കമിങ്ങുദിക്കുന്നു
വെളിച്ചമാം മശിഹായീ വിധം നമ്മിൽ ഉദിക്കണം

തിരു മുഖമതിൻ പ്രഭ തെളിവോടു വിലസുമ്പോൾ
ഇരുളിന്റെ പ്രവൃത്തികൾ മറവിടം തിരക്കിടും

തിരുമൊഴി ദിവസവും പുതുതായി പഠിക്കുകിൽ
ശരിവരെ വഴി തെറ്റാതിരുന്നിടാം അസ്സംശയം

ദിനമതിൻ തുടസ്സത്തിൽ മനുവേലിൻ മുഖാംബുജം
ദരിശിച്ച നരനൊരു ദുരിതവും വരികില്ല

മനമതി തെളിവിനോടിരുന്നിടും സമാധാനം
ദിവസത്തിനൊടുവോളം ഭരിച്ചിടും മനസ്സിനെ

സമസ്തമാം പരീക്ഷയും ജയിച്ചിടാം കൃപ മൂലം
ഒരിക്കലും ഇളകാത്ത പുരമതിൽ കടന്നിടാം

ഗതിയില്ലാ ജനങ്ങളിൽ കനിയുന്ന മഹേശനെ
കരം പിടിച്ചെന്നെ തിരു വഴികളിൽ നടത്തുക