വാഴ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
വാഴ

രചന:അഴകത്ത് പത്മനാഭക്കുറുപ്പ്

കുലച്ചു താനെ പട്ടാലും
പലർക്കുപകരിക്കുവാൻ
നിലയ്ക്കു നിൽക്കും വാഴേ! നീ
വിലയുള്ളൊന്നു ഭൂമിയിൽ.

മഞ്ഞും മഴയുമേൽക്കാതെ
കാപ്പാനൊ നിൻ ശിശുക്കളെ
ഇലയാകുന്ന കുടയെ
നിവിർത്തങ്ങിനെ നില്പതും?

മതമൊന്നാണു നിങ്ങൾക്കു
ജാതി വെവ്വേറെയെങ്കിലും
അതിനാൽ വച്ചുവാഴ്‍ത്തുന്നു
വാഴെ! നിന്നെസ്സമസ്തരും

വിത്തിനായല്ല തന്നുണ്ണി -
വിത്തുകൾക്കായുമല്ലഹോ
ക്ഷുത്തുള്ളവർക്കു ഭക്ഷിപ്പാ -
നത്രേ വാഴ കുലപ്പത്.

വാഴക്കുലയിലെക്കൂമ്പു
താഴെത്തൂങ്ങുന്നു മെല്ലവേ,
പാകം വരുമ്പോൾ പഴമീ -
ലോകർക്കെത്തിയെടുക്കുവാൻ.

വാഴയ്ക്കൊരുവരും തുള്ളി -
വെള്ളമേകാതിരിക്കിലും
കരുതീട്ടുണ്ട് വേണ്ടോളം
വെള്ളം തന്നുള്ളിലെപ്പോഴും

രക്ഷിക്ക പൈതങ്ങളേയെ -
ന്നർത്ഥിച്ചുംകൊണ്ടു ഭൂമിയെ
ആയുഃക്ഷയമടുക്കുമ്പോൾ
വാഴ കുമ്പിട്ടിടുന്നതോ?

"https://ml.wikisource.org/w/index.php?title=വാഴ&oldid=83182" എന്ന താളിൽനിന്ന് ശേഖരിച്ചത്