വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം/വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം2

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം (ബാലസാഹിത്യം)
രചന:എസ്. ശിവദാസ്
വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം

[ 78 ]

വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം


"ഒരു കാര്യ ചോദിക്കട്ടെ. നിങ്ങൾ ക്ലാസിൽ മരങ്ങളെപ്പറ്റി പഠിച്ചില്ലേ?" മാസ്റ്റർ ചോദിച്ചു.

"ഉവ്വ്. മരങ്ങൾ നമുക്ക് ഭക്ഷണവും വിറകും തരുന്നു എന്നു പഠിച്ചു."

"വായു ശുദ്ധമാക്കുന്നു എന്ന് പഠിച്ചു."

ഓരോരുത്തർ ഓർക്കുന്നത് പറയാൻ തുടങ്ങി.

"മതി മതി. ഇതൊക്കെ പഠിച്ചിട്ടും നിങ്ങൾക്ക് മരത്തിനോട് സ്നേഹം തോന്നിയോ?" മാസ്റ്റർ ചോദിച്ചു.

"സ്നേഹമോ! മരത്തിനോടോ?" മിനിക്ക് അത്ഭുതം.

"അതെ. മരത്തിനോട്." മാസ്റ്റർ ആവർത്തിച്ചു. ആരും മിണ്ടിയില്ല. "സത്യം പറഞ്ഞാൽ ഒന്നും [ 79 ] തോന്നിയില്ല." അപ്പുക്കുട്ടൻ സമ്മതിച്ചു.

"ശരി. നാമിപ്പോൾ ഒരു ആൽമരച്ചുവട്ടിലല്ലെ ഇരിക്കുന്നത്? ആ മരത്തിലേക്കൊന്നു നോക്കൂ." മാസ്റ്റർ നിർദ്ദേശിച്ചു.

അവർ എല്ലാവരും മരത്തിലേക്ക് നോക്കി.

"എന്ത് കാണുന്നു?"

"ഇലകൾ."

"ചില്ലകൾ."

"മൊട്ടുകൾ."

"പൂക്കൾ."

"ഇലകൾ ഇളകുന്നു."

"ആൽമരത്തിൽ നിന്നും സംഗീതം കേൾക്കുന്നില്ലേ?" മാസ്റ്റർ തിരക്കി.

"ഉവ്വ്. ഒരു പാട്ടു പോലുണ്ട്."

"ആൽമരത്തിലിരിക്കുന്ന കിളികളെ കാണുന്നില്ലേ?"

"ഉണ്ട്"

"അവയുടെ പാട്ടുകളോ!"

"കേൾക്കുന്നുണ്ട്." [ 80 ]

"നോക്കൂ, ആ ആൽമരത്തെ തന്നെ നോക്കി നിൽക്കൂ. എത്രയെത്ര ഇലകൾ. അവയെല്ലാം വെയിലിൽ നൃത്തം വയ്ക്കുന്നു. വെയിൽ പിടിച്ചെടുക്കുന്നു. വെയിലിന്റെ ഊർജ്ജമുപയോഗിച്ച് വെള്ളവും കാർബൺ‌ഡൈഓക്സൈഡും കൂട്ടിച്ചേർത്ത് ആഹാരമുണ്ടാക്കുന്നു. ഇലപ്പച്ചയുടെ ഇന്ദ്രജാലമാണത്. ആ പാചകവിദ്യ."

"ഹോ, ഓരോ ഇലയും ഓരോ അടുക്കള!" കൊച്ചുറാണി അതോർത്ത് അത്ഭുതപ്പെട്ടു.

"അതെ, ആയിരക്കണക്കിനിലകൾ പകൽ മുഴുവൻ പാചകം തന്നെ പാചകം. ലോകത്ത് ജീവൻ നിലനിർത്തുന്നത് ആ പാചക കലയാണ്. ആലില ആഹാരമുണ്ടാക്കി മരത്തിന്റെ പലഭാഗത്തേക്കും അയക്കുന്നു. അതുപയോഗിച്ച് മരം വളരുന്നു. പഴങ്ങൾ ഉണ്ടാക്കി പക്ഷികൾക്ക് നൽകുന്നു. വംശം നിലനിറുത്താൻ വിത്തുകൾ വിതരണം നടത്തുന്നു. പക്ഷികൾക്ക് അഭയം നൽകുന്നു. നമുക്ക് തണൽ തരുന്നു. വായു ശുദ്ധമാക്കുന്നു....."

"എന്തൊരു തിരക്കുപിടിച്ച പണി."

"അതെ. അതിനായി ആലിന്റെ വേരുകൾ മണ്ണിനടിയിലേക്ക് ആഴ്ന്നിറങ്ങി നാലുപാടും ഏറെ ദൂരം പടർന്ന് വളർന്നിട്ടുമുണ്ട്."

"ഓ അത് ഞാൻ ഓർത്തില്ല." അപ്പുക്കുട്ടൻ സമ്മതിച്ചു.

"നമ്മൾ ആൽമരത്തെയല്ലെ കാണുന്നുള്ളൂ. എത്ര വലിയ കൊടുങ്കാറ്റ് വന്നാലും മറിയാതെ നിൽക്കുകയല്ലെ ഈ കൂറ്റൻ മരം. അങ്ങനെ അതിനെ എപ്പോഴും പിടിച്ച് നിർത്തണമെങ്കിൽ എത്രമാത്രം ശക്തി പ്രയോഗിക്കണം. വേരുകളാണ് മരത്തെ അങ്ങനെ താങ്ങിനിർത്തുന്നത്."

"ഹൊ, അതിന് എന്തു വേരുകൾ വേണം."

"അതെ, ഒത്തിരി വേരുകൾ വേണം. അവ നാലുപാടും പടർന്നു വളർന്ന് മണ്ണിൽ പിടിച്ചു നിൽക്കണം. അവയിലൂടെ വെള്ളവും പോഷകവസ്തുക്കളും മരത്തിന്റെ തലപ്പത്തുവരെ കയറ്റിവിടണം. അങ്ങനെ ആൽമരത്തിന്റെ വേരുപടലത്തിലും വലിയ പണികൾ എപ്പോഴും നടക്കുന്നു!" [ 81 ]

“ഇരുപത്തിനാലു മണിക്കൂറും പണിയാണ്!”

“ശരി തന്നെ.”

....ഇനി ആ ആൽമരത്തിനെ ഒന്നുകൂടി നോക്കൂ. ആ മരം ഒരു അത്ഭുതമായി തോന്നുന്നില്ലെ? ഒരു കൂറ്റൻ ഫാക്ടറി തന്നിലൊളിപ്പിച്ചു നിൽക്കുന്ന മിടുക്കൻ. എന്തെന്ത് അത്ഭുതങ്ങൾ നടത്തുന്ന കേമൻ. എപ്പോഴും ലോകസേവനം ചെയ്യുന്ന മഹാൻ. ആ ആലിനോട് ആദരവു തോന്നുന്നു. അല്ലേ? അദ്ദേഹത്തെ ബഹുമാനിച്ചു പോകുന്നു.... സ്നേഹിച്ചു പോകുന്നു. ആട്ടെ, ഇനി ഒരു കോടാലി കൈയിൽ തന്നാൽ അതിനെ വെട്ടിമുറിക്കാൻ തോന്നുമോ? മാസ്റ്റർ ചോദിച്ചു.

“ഇല്ല” എല്ലാവരും ഉറക്കെ പറഞ്ഞു.

“എന്താ കാരണം? നമുക്ക് ആ മരത്തെ അടുത്ത്‌ പരിചയമായിരിക്കുന്നു. ആ മരത്തിനോടു സ്നേഹം തോന്നിയിരിക്കുന്നു. ആദരവു തോന്നിയിരിക്കുന്നു. അതാണ് ശരിയായ പഠനം. ശരിയായ സമീപനം. മനസ്സിലായോ?”

“ഉവ്വ്”

“ഇങ്ങനെ കാര്യങ്ങൾ കാണാൻ തുടങ്ങിയാൽ മരത്തിനോട് മാത്രമല്ല, പ്രകൃതിയോട് മുഴുവൻ സ്നേഹമാകും. ബഹുമാനമാകും.” അപ്പുക്കുട്ടൻ സമ്മതിച്ചു.

“അതാണാവശ്യവും. പ്രകൃതിയെ നിരീക്ഷിക്കുമ്പോൾ നാമറിയാതെ പ്രകൃതിയെ പഠിക്കും. വെറും ഒരു ഡിറ്റക്ടീവിനെപ്പോലെ പ്രകൃതി രഹസ്യങ്ങൾ കണ്ടുപിടിക്കുക മാത്രമല്ല നാം ചെയ്യുന്നത്. ആ രഹസ്യങ്ങൾ കണ്ടെത്തുമ്പോൾ നാം അത്ഭുതപ്പെടുന്നു. ആഹ്ലാദിക്കുന്നു. പ്രകൃതിയെ കൂടുതൽ സ്നേഹിക്കുന്നു.” മാസ്റ്റർ വിശദമാക്കി.

“ഓ ഇതൊരു പുതിയ അറിവുതന്നെ.” അനു സമ്മതിച്ചു.

“അപ്പോൾ.....” കൊച്ചുറാണി എന്തോ ചോദിക്കാൻ വന്നിട്ടു നിർത്തി. [ 82 ]

“എന്താ കൊച്ചുറാണീ, ചോദ്യം വിഴുങ്ങിക്കളഞ്ഞത്?..." മാസ്റ്റർ തിരക്കി.

“അല്ല... ഇതൊക്കെ കേട്ടപ്പോൾ പ്രകൃതിയാണ് മനുഷ്യരിലും വലുതെന്ന് തോന്നിപ്പോകുന്നു. പക്ഷേ മനുഷ്യൻ...”

“മനുഷ്യനല്ലേ പ്രകൃതിയിലും വലുതെന്ന്? ആ ധാരണ തെറ്റുതന്നെയാ കൊച്ചുറാണീ. പ്രകൃതിയും മനുഷ്യനും എന്നു പറയുന്നത് തെറ്റാണ്.”

“കൊച്ചുറാണിയും കൊച്ചുറാണിയുടെ മൂക്കും കൂടി ബാലവേദിയിൽ പോയി എന്നുപറയുമോ?”

“ഇല്ല”

“അതെന്താ? കൊച്ചുറാണിയുടെ ഒരു ഭാഗം മാത്രമാണ് മൂക്ക്. കൊച്ചുറാണി പോയി എന്നു പറഞ്ഞാൽ മതി. മൂക്കും പോയി എന്നർത്ഥം, അല്ലേ?”

“അതെ.”

“അതുപോലെ മണ്ടത്തരമാണ് ‘പ്രകൃതിയും മനുഷ്യനും’ എന്നു പറയുന്നതുതന്നെ. കാരണം മനുഷ്യൻ പ്രകൃതിയുടെ ഒരു ഭാഗം മാത്രമാണ്. കൊച്ചുറാണിയുടെ ഒരു ഭാഗം മാത്രമാണ് മൂക്ക്. അതുപോലെ.”

“ഹൊ, അതൊന്നു വിശ്വസിക്കാൻ വിഷമം.” കൊച്ചുമുഹമ്മദും സമ്മതിച്ചു.

“ഒന്നോർത്തുനോക്കൂ. കോടിക്കണക്കിനു നക്ഷത്രങ്ങൾ നിറഞ്ഞ വൻപ്രപഞ്ചം. അതിലെ ഒരു ഇടത്തരം നക്ഷത്രമാണ് സൂര്യൻ. അതിൻറെ ഒരു ഇടത്തരം ഗ്രഹം മാത്രമാണ് ഭൂമി. ആ ഭൂമിയിൽത്തന്നെ കോടിക്കണക്കിന് ജന്തുക്കൾ, സസ്യങ്ങൾ. അതിലൊരു ജന്തു മാത്രമല്ലേ മനുഷ്യൻ?”

“അതെ. എന്നാലും കേമനല്ലെ അവൻ.” കൊച്ചുറാണി തർക്കിച്ചു.

“കേമൻ തന്നെ. പക്ഷേ അധികം കളിച്ചാൽ കളി കാര്യമാവും. താൻ വലിയ കേമനാണെന്ന്
[ 84 ] നിനച്ച് പ്രകൃതിയുടെ നിയമങ്ങളെ വകവയ്ക്കാതെ ഓരോന്നു കാട്ടിയാൽ ഗുണത്തേക്കാളേറെ ദോഷമാണ് സംഭവിക്കുക.” മാസ്റ്റർ പറഞ്ഞു.

“അതെന്താ മാസ്റ്റർ, പ്രകൃതിയുടെ നിയമങ്ങൾ എന്നു പറയുന്നത്?” അപ്പുക്കുട്ടൻ തിരക്കി.

“ഈ ഭൂമുഖത്ത് മനുഷ്യൻ ഉണ്ടായിട്ട്‌ ഏതാനും ലക്ഷം കൊല്ലങ്ങളേ ആയുള്ളൂ. അതിന് എത്രയോ മുമ്പുതന്നെ ഇവിടെ മണ്ണും മലയും സമുദ്രങ്ങളും കോടാനുകോടി തരം സസ്യജന്തുജാലങ്ങളും നിലനിന്നിരുന്നു. അവ തമ്മിൽ ഒരു വലയിലെ കണ്ണി പോലെ ബന്ധപ്പെട്ടുമാണിരുന്നത്. അങ്ങനെ പ്രകൃതിയിൽ ഒരു സന്തുലനം നിലനിന്നിരുന്നു. പ്രകൃതി തന്നെ അതിസൂക്ഷ്മതയോടെയും അതിവിദഗ്ധമായും ഒരുക്കിയ ഒരു സന്തുലനം.”

“ഒരുദാഹരണം പറയാമോ മാസ്റ്റർ?”

“ചെറിയ ഒരു ഉദാഹരണം പറയാം. കാട്ടിൽ പുല്ലു വളരുന്നു. ഈ പുൽമേടും കാടിൻറെ തന്നെ ഒരു ഭാഗമാണ്. കാരണം കാട്ടിലെ മാനുകൾക്ക് ജീവിക്കണമെങ്കിൽ പുല്ലു വേണം. പക്ഷേ മാനുകൾ ക്രമാതീതമായി പെരുകിയാലോ?”

“പുല്ലു മുഴുവൻ തിന്നുതീർക്കും.” വിനു പറഞ്ഞു.

“അതായത് പുൽമേടുകൾ നശിക്കും. അല്ലേ, അങ്ങനെ വന്നാലോ?”

“വന്നാലെന്താ? പുല്ലില്ലാതാകും.” മുഹമ്മദ്‌ കാര്യം മനസ്സിലാക്കാതെ കയറി പറഞ്ഞു.

“അതു മാത്രമാണോ ഫലം?”

“ഓ പുൽമേടുകൾ നശിച്ചാൽ മണ്ണൊലിപ്പുണ്ടാകും.” കൊച്ചുറാണി പറഞ്ഞു.

“അത് മാത്രമല്ലല്ലോ കുഴപ്പം.” മാസ്റ്റർ കുട്ടികളുടെ നേരെ നോക്കി.

“പുൽമേടുകളില്ലാതായാൽ മാനുകൾ പട്ടിണിയാകും, ചാകും.” അപ്പുക്കുട്ടൻ ചാടിപ്പറഞ്ഞു. [ 85 ] “ശരിയാണ്. അപ്പോഴോ?”

“ഓ പിടി കിട്ടി. അപ്പോൾ മാനുകളെ തിന്നു ജീവിക്കുന്ന സിംഹങ്ങളും മറ്റും പട്ടിണിയാകും.” തോമസിന് കാര്യം പിടികിട്ടി.

“അതു തന്നെ. പക്ഷെ ഇങ്ങനെ വരാതിരിക്കാനാണ് പ്രകൃതിയിൽ പുൽമേടും മാനും സിംഹവും ഒരേ കാട്ടിൽ കാണപ്പെടുന്നത്. മാനുകൾ പെരുകിയാൽ സിംഹങ്ങൾ അവയെ ഒതുക്കും. കൊന്നു തിന്ന് എണ്ണം നിയന്ത്രിച്ചു നിർത്തും. തവളയെ തിന്നുന്ന പാമ്പിൻറെയും മറ്റും കഥയും ഇതു തന്നെ!”

“ഒ, എത്ര വിദഗ്ദമായാണ് പ്രകൃതി ആ സമതുലനാവസ്ഥ നിലനിർത്തുന്നത്.”

“അതെ. പ്രകൃതിയിലെ എല്ലാ കണ്ണികളും ഇങ്ങനെ പരസ്പരം ബന്ധപ്പെട്ടാണ് കിടക്കുന്നത്. എത്രയോ കാലമായി ബന്ധപ്പെട്ടു കിടക്കുന്നു. മനുഷ്യനെന്ന കണ്ണി വളരെ താമസിച്ചാണ് പ്രകൃതിയിലുണ്ടായത്. പലപ്പോഴും, വൈകി വന്ന മനുഷ്യന് പല കണ്ണികളുടെയും പ്രാധാന്യമോ പരസ്പരബന്ധമോ അറിയാനും കഴിഞ്ഞെന്നു വരില്ല.” മാസ്റ്റർ വിവരിച്ചു.

“അതുശരിയാ. എല്ലാം നമുക്കറിയണമെന്നില്ലല്ലോ.” പ്രീതി സമ്മതിച്ചു.

“ഒരു ഉദാഹരണം കൂടി പറയാം. പണ്ട് ഒരിടത്ത് ഒരു മുക്കുവനുണ്ടായിരുന്നു. മീൻപിടുത്തം കഴിഞ്ഞയുടൻ അയാൾ വല കഴുകി ഉണക്കാനിടുമായിരുന്നു. ഒരു ദിവസം വല ഉണക്കാനിട്ടപ്പോൾ അയാളുടെ കൊച്ചുമകൻ അടുത്തെത്തി. കൈയിൽ ഒരു കത്തിയുമായാണ് മകനെത്തിയത്.”

“വല മുറിക്കാനോ മറ്റോ ആണോ മാസ്റ്റർ?

ദീപക്ക് സംശയമായി.

“അതെ. ഈ വലയ്ക്കു ഇത്രയേറെ കണ്ണികളെന്തിനാണ്.? എനിക്ക് കളിക്കാനായി കുറച്ചെണ്ണം മുറിച്ചെടുത്തോട്ടെ” എന്നാണ് മകൻറെ അപേക്ഷ. ആട്ടെ മുക്കുവൻ മകന് വലക്കണ്ണികൾ [ 86 ] മുറിക്കാൻ അനുവാദം കൊടുക്കുമോ?" മാസ്റ്റർ ചോദിച്ചു.

"ഇല്ലില്ല" കൊച്ചുറാണി പറ‍ഞ്ഞു.

"അതെന്താ?"

"ഒരു കണ്ണി മുറിഞ്ഞാൽ അടുത്ത കണ്ണി അയഞ്ഞുപോകും. അഴിഞ്ഞുപോകും. അത് അതിനടുത്ത കണ്ണിയെയും തകരാറിലാക്കും. അങ്ങനെ സാവധാനം വല മുഴുവൻ തകരാറാകും." നല്ല മീൻപിടുത്തക്കാരനും കൂടിയായ തോമസ് വിശദീകരിച്ചു.

"വളരെ ശരി. ഇതുപോലെയാണ് പ്രകൃതിയെന്ന വലയുടെ സ്ഥിതിയും. വളരെ വളരെ വലിയ ഒരു വലയാണ് പ്രകൃതി. അതിന്റെ ഒരറ്റം മുറിച്ചാലെന്താ കുഴപ്പം എന്നു തർക്കിക്കുന്ന ഒരു കുട്ടിയാണ് ഇന്ന് മനുഷ്യൻ. കുഴപ്പമുണ്ടാകും, അത് മനുഷ്യനെത്തന്നെ പിന്നീട് ബാധിക്കും എന്ന് നാമറിയണം. എങ്ങനെ ബാധിക്കുമെന്നുപോലും പലപ്പോഴും നമുക്ക് വിവരമുണ്ടായില്ലെന്ന് വരാം. ചേരകളെ മുഴുവൻ പിടിച്ച് തൊലിയെടുത്ത് വിറ്റപ്പോൾ നാമോർത്തോ നാട്ടിൽ എലികൾ പെരുകുമെന്ന്? ഒരു നിയന്ത്രണവുമില്ലാതെ തവളകളെ പിടിച്ചുകൊന്ന് പുറത്തേക്ക് കയറ്റി അയച്ച് കാശുവാങ്ങി കീശവീർപ്പിച്ചപ്പോൾ നാമോർത്തില്ല മൂഞ്ഞകളും കൊതുകുകളും നാട്ടിൽ പെരുകുമെന്ന്!" മാസ്റ്റർ വിശദീകരിച്ചു.

"ഇതൊക്കെ അനുഭവിച്ചപ്പോഴാണ് നമ്മൾ അറിഞ്ഞത്, അല്ലേ മാസ്റ്റർ?"

"അതേ."

"ഹൊ ഇത്രയേറെ പരസ്പരം ബന്ധപ്പെട്ടാണ് പ്രകൃതിയിലെ മണ്ണും മലയും പുല്ലും മാനും സിംഹവും മനുഷ്യനും എല്ലാം നിലനിൽക്കുന്നതെന്ന് ഇപ്പോഴല്ലേ ഞങ്ങൾക്ക് മനസ്സിലായത്!" അപ്പുക്കുട്ടൻ അത്ഭുതത്തോടെ പറഞ്ഞു.

"വലിയ ഒരു അറിവാണത്. പ്രകൃതിയെ സ്നേഹിക്കാനും ബഹുമാനിക്കാനും കഴിയണമെങ്കിൽ ഈ അറിവുണ്ടാകണം. പ്രകൃതിയെ നാം ശ്രദ്ധയോടെ പഠിച്ചാലല്ലേ പ്രകൃതിയിലെ അത്ഭുതകരമായ സന്തുലനം അറിയാൻ കഴിയൂ?" മാസ്റ്റർ ചോദിച്ചു. [ 87 ]

“വെറുതെയല്ല ഞങ്ങൾ പ്രകൃതി നിരീക്ഷണം നടത്തണമെന്നും പ്രകൃതിയുടെ നാടകങ്ങൾ കണ്ട്‌ രസിക്കണമെന്നും മറ്റും മാസ്റ്റർ പറഞ്ഞത്‌!” കൊച്ചുമുഹമ്മദിന്‌ കാര്യങ്ങൾ മനസ്സിലായതിന്റെ സന്തോഷമായിരുന്നു.

“അതെ. മനുഷ്യന് വിശേഷബുദ്ധിയുണ്ടല്ലോ. അതിനാലവൻ ഭൂമുഖത്ത് പ്രത്യക്ഷപ്പെട്ട കാലം മുതൽ പ്രകൃതിയെ നോക്കിക്കണ്ട് പഠിച്ചുതുടങ്ങി എന്നു കരുതണം.”

“ആദ്യകാലം മുതൽ പഠനം തുടങ്ങിയോ!”

രാജുവിന് അത്ഭുതം.

“ഉവ്വ്. പള്ളിക്കൂടവും പുസ്തകവുമൊന്നും അക്കാലത്തില്ലായിരുന്നു കേട്ടോ. പക്ഷെ ആദിമമനുഷ്യനും അവനറിയാതെ തന്നെ പഠനം തുടങ്ങിയിരുന്നു. ഇടിയും മിന്നലും തീയും കല്ലും കാറ്റും മരവും കുരങ്ങും എല്ലാം അവനിൽ അത്ഭുതമുണ്ടാക്കി. എന്ത്, എന്തുകൊണ്ട് എന്നവൻ ചിന്തിച്ചു. അങ്ങനെയാണല്ലോ സാവധാനം ശാസ്ത്രം ഉരുത്തിരിഞ്ഞത്.” മാസ്റ്റർ പഴയ കഥ പറഞ്ഞു.

“ശരിയാ മാസ്റ്റർ. ശാസ്ത്രത്തിന്റെ ആ കഥ ഞങ്ങൾ പഠിച്ചിട്ടുണ്ട്.”

“ഉണ്ടോ? നന്നായി. അപ്പോൾ ആദിമ കാലത്തെ ആദിമമനുഷ്യൻ വരെ കണ്ണുതുറന്നു പ്രകൃതിയെ കണ്ടു, ശ്രദ്ധിച്ചു."

“ഒരു കൊച്ചുകുട്ടി ആദ്യം എന്തെങ്കിലും കാണുമ്പോഴുള്ള അത്ഭുതത്തോടെ, അല്ലേ മാസ്റ്റർ" കൊച്ചുറാണി ചോദിച്ചു.

“അതെ. അറിയാനുള്ള കൌതുകം മനുഷ്യന് എന്നുമുണ്ടായിരുന്നല്ലോ. പ്രകൃതി ഒരു വലിയ പുസ്തകം പോലെയാണ്. അതിൻറെ എണ്ണമില്ലാത്ത പേജുകൾ എല്ലാം തുറന്ന് കിടക്കുകയാണ്. കൌതുകമുള്ള ആർക്കും പ്രകൃതിയുടെ രഹസ്യങ്ങൾ നിറഞ്ഞ പേജുകൾ വായിക്കാം. ഏതുപേജിലും പ്രകൃതിയുടെ അത്ഭുതങ്ങളുണ്ട്. കാഴ്ചകളുണ്ട്. അനുഭവങ്ങളുണ്ട്. മനുഷ്യനും [ 88 ] ആ പുസ്തകത്തിൻറെ ഒരു പേജു മാത്രമാണ്. ആദിമ മനുഷ്യൻ മുതൽ പ്രകൃതിയെന്ന വലിയ പുസ്തകം വായിക്കാൻ തുടങ്ങുകയും ചെയ്തു.”

“നല്ല ഉപമ. പ്രകൃതിയെന്ന പുസ്തകം വായിക്കാൻ അക്ഷരം പഠിക്കേണ്ടല്ലോ.” കൊച്ചുറാണി ഒരു തമാശ പറഞ്ഞു ചിരിച്ചു.

“വേണ്ട. പ്രകൃതിയെന്ന വലിയ പുസ്തകം വായിക്കാൻ അക്ഷരം പഠിക്കേണ്ട. പക്ഷെ എല്ലാം കാണാൻ ഇഷ്ടമുള്ള, കൗതുകമുള്ള കണ്ണുവേണം. എല്ലാം അറിയാനുള്ള ആവേശം വേണം. എന്തുകൊണ്ട് എന്ന ചോദ്യങ്ങൾ ചോദിക്കാനുള്ള കഴിവും വേണം. ആദ്യം സ്വന്തം നിലനിൽപ്പിനായി മാത്രം മനുഷ്യൻ പ്രകൃതിയെ സാവധാനം നിരീക്ഷിച്ചു പഠിച്ചു. അതായത് പ്രകൃതിയെന്ന പുസ്തകത്തിലെ താളുകൾ വായിച്ചു പഠിച്ചു.”

“പിന്നെയോ?”

“പിന്നെപ്പിന്നെ വായനയുടെ വേഗത കൂടി. ശാസ്ത്രീയമായ സമീപനരീതി വളർന്നു വികസിച്ചതോടെ വായനയുടെയും പഠനത്തിൻറെയും ആഴവും പരപ്പും കൂടി. പരീക്ഷണം, നിരീക്ഷണം, നിഗമനം എന്നീ വഴികളിലൂടെ യുക്തിയോടെ, കാര്യങ്ങൾ പഠിച്ചതോടെ പ്രകൃതിയെന്ന പുസ്തകത്തിലെ വിജ്ഞാനപ്രദങ്ങളായ എത്രയെത്ര രഹസ്യങ്ങൾ വായിച്ചറിയാൻ കഴിഞ്ഞു.” മാസ്റ്റർ വിശദമാക്കി.

“ഹൊ എത്ര നാളായി ഈ വായന തുടരുന്നു. പഠനം തുടരുന്നു.”

“അതെ. മനുഷ്യന്റെ അവസാനിക്കാത്ത വായനയാണത്. ഇന്നും മനുഷ്യൻ പ്രകൃതിയെന്ന പുസ്തകത്തിലെ ഇതുവരെ കാണാത്ത പുതിയ പേജുകൾ വായിച്ചുകൊണ്ടിരിക്കുന്നു. ഓരോ നിമിഷവും പുതിയ രഹസ്യങ്ങൾ വായിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു. ഇതുവരെ വായിച്ചിട്ടും തീരാത്ത പുസ്തകമാണ് പ്രകൃതി. വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം.” അതുപറഞ്ഞപ്പോൾ മാസ്റ്റർ ആവേശഭരിതനായി.

“വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം!” കൊച്ചുറാണിക്ക് ആ ഉപമ ഇഷ്ടമായി. [ 89 ]

"പുതിയ താളുകൾ വായിച്ചതോടെ, പ്രകൃതിയുടെ രഹസ്യങ്ങൾ കൂടുതലറിഞ്ഞതോടെ മനുഷ്യൻ പ്രകൃതിയെ കൂടുതൽ ആദരവോടെ കാണാൻ തുടങ്ങി. പ്രകൃതിയെ കീഴടക്കുക എന്ന ആശയം തന്നെ വിഡ്ഢിത്തമാണെന്ന് ആധുനികമനുഷ്യന് മനസ്സിലായി. കാരണം അവൻ തന്നെ പ്രകൃതിയുടെ ഒരു കൊച്ചുഭാഗം മാത്രമാണല്ലോ. ഒരു കൊച്ചു പേജ് മാത്രമാണല്ലോ."

"ഓ അതുശരിയാ. വലിയ വലിയ ഒരു പുസ്തകത്തിലെ ചെറിയ ചെറിയ ഒരു പേജ് പോലെ, അല്ലേ മാസ്റ്റർ?" കൊച്ചുറാണിക്ക് ഒരു കവിത തോന്നി.

"വളരെ ശരി. ഒരു കാര്യം കൂടി മനുഷ്യന് അവസാനം മനസ്സിലായി."

"എന്താ മാസ്റ്റർ?"

"പ്രകൃതിയെ ചൂഷണം ചെയ്യണം എന്ന ആശയവും തെറ്റാണ് എന്ന്."

"ഛെ ഛെ. അതെന്താ മാസ്റ്റർ അങ്ങനെ പറയുന്നത്? മനുഷ്യന്റെ പുരോഗമനം സാധിച്ചത്, പ്രകൃതിയെ ചൂഷണം ചെയ്താണ് എന്നാണല്ലോ ക്ലാസിൽ പഠിച്ചത്." അപ്പുക്കുട്ടന് സംശയം.

"ശരിയാ. ശരിയാ. വ്യവസായങ്ങൾ വളരണമെങ്കിൽ പ്രകൃതിയെ ചൂഷണം ചെയ്യണമെന്ന് രാജൻസാർ എന്റെ ക്ലാസിലും പറഞ്ഞു." തോമസും അപ്പുക്കുട്ടന്റെ സഹായത്തിനെത്തി.

"മനുഷ്യന്റെ സുഖസൗകര്യങ്ങൾ കൂടണമെങ്കിൽ പ്രകൃതിയെ ചൂഷണം ചെയ്യണമെന്നാ ഞാനും പഠിച്ചിരിക്കുന്നത്." കൊച്ചുമുഹമ്മദും തർക്കത്തിനെത്തി.

"എടടാ. എല്ലാവരും കൂടി തർക്കത്തിനെത്തിയല്ലോ. നിങ്ങളെ ഞാൻ കുറ്റം പറയുന്നില്ല. നിങ്ങൾക്ക് ക്ലാസുകളിൽ വച്ച് തെറ്റായ ധാരണകൾ കിട്ടിയതാണ് കുഴപ്പം. പ്രകൃതിയെ ചൂഷണം ചെയ്‌താൽ അവസാനം എന്തുസംഭവിക്കും? മറക്കരുത്, ചൂഷണം ആണ് നടത്തുന്നത്!"

"ങാ ചൂഷണം നടത്തിയാൽ അവസാനം പ്രകൃതി നശിക്കും" ദീപു ആലോചിച്ചു പറഞ്ഞു. [ 90 ]

"പ്രകൃതി നശിക്കും എന്നു പറഞ്ഞാൽ മനുഷ്യനും നശിക്കും എന്നുകൂടി ഓർക്കണം. അപ്പോൾ പ്രകൃതിയെ ചൂഷണം ചെയ്യലല്ല ശരിയായ നടപടി. പ്രകൃതിയുടെ സന്തുലനം തകർക്കാതെ പ്രകൃതി തന്നെ നമുക്ക് കനിഞ്ഞു തന്നിരിക്കുന്ന വിഭവങ്ങൾ ഉപയോഗിക്കുകയാണ് വേണ്ടത്. ഏറ്റവും കുറച്ചു തകരാറേ പ്രകൃതിക്കുണ്ടാവൂ എന്നർത്ഥം" മാസ്റ്റർ പറഞ്ഞു.

"അത് മനസ്സിലായില്ലല്ലോ മാസ്റ്റർ” അപ്പുക്കുട്ടൻ പരാതി പറഞ്ഞു.

"ഒരു ഉദാഹരണം പറയാം അപ്പുക്കുട്ടാ. നീ സുന്ദരിയായ കറവപ്പശുവിനെ സങ്കൽപ്പിക്കൂ. കുറഞ്ഞ മിനുമിനുത്ത രോമവും കൊഴുത്ത ദേഹവും നീണ്ട കണ്ണും നിലത്തു കിടന്നിഴയുന്ന വാലുമുള്ള ഒരു സുന്ദരിപ്പശു."

"പുരാണത്തിലെ കാമധേനുവിനെപ്പോലെ, അല്ലേ മാസ്റ്റർ?” ദീപുവിന് പുരാണകഥകൾ നല്ല നിശ്ചയമായിരുന്നു.

"അതുതന്നെ. അകിട്ടിൽ നിറയെ പാലുമായി നിൽക്കുന്ന ആ സുന്ദരിയെ കണ്ടാൽ ഒരു അറവുകാരന്റെ മനസ്സിൽ എന്താ തോന്നുക?" മാസ്റ്റർ ചോദിച്ചു.

"ഹഹഹഹ" തോമസ്‌ ചിരിച്ചു കുഴഞ്ഞു.

"എന്താ തോമസ്‌ ചിരിച്ചു മറിയുന്നത്? ഉത്തരം പറയൂ." മാസ്റ്റർ.

"മാസ്റ്ററുടെ ഉപമ ഒന്നാംതരം തന്നെ. അറവുകാരൻ കാമധേനുവിനെ കണ്ടാൽ അയാളുടെ കൈ തരുതരുക്കും. അറിയാതെ കൈ കത്തിക്കടുത്തേക്കു പോകും." തോമസ് ചിരിക്കിടയിൽ പറഞ്ഞു.

"ശരിയാ, ശരിയാ. കാമധേനുവിൻറെ കഴുത്ത് മുറിച്ച് കളഞ്ഞ് ഒരു കമ്പിയിൽ കെട്ടിത്തൂക്കി തൊലിയുരിച്ചിട്ട് ഇറച്ചി വെട്ടിയാൽ എത്ര കിലോ വരും എന്നയാൾ കണക്കാക്കും."

അപ്പുക്കുട്ടൻ ബാക്കി പറഞ്ഞു.

"ഇറച്ചി വിറ്റാൽ എത്ര രൂപ കിട്ടും എന്നോർത്ത് അയാളുടെ വായിൽ വെള്ളമൂറും.” [ 91 ]

കൊച്ചുമുഹമ്മദും കൂടെക്കൂടി.

“ഹൊ!” കാമധേനുവിനെ വെട്ടിക്കൊല്ലുന്ന കാര്യം കേട്ടപ്പോഴെ രൂപക്കുട്ടി ഞെട്ടി. മറ്റുള്ളവർ അറവുകാരൻറെ മനോഭാവമോർത്ത് ‘കഷ്ടം കഷ്ടം’ എന്നു പറഞ്ഞു.

"ആരും ഞെട്ടണ്ട. തോമസ്സും കൊച്ചുമുഹമ്മദും അപ്പുക്കുട്ടനും പറഞ്ഞത് ശരിയാ. അറവുകാരൻ കാമധേനുവിനെ കൊല്ലുന്ന കാര്യമേ ഓർക്കൂ. തൽക്കാലത്തെ ലാഭമേ അയാൾ ഓർക്കൂ. കാമധേനുവിന്റെ അകിട്ടിലെ പാൽ കണ്ടാലൊന്നും അയാളുടെ നാവിൽ വെള്ളമൂറില്ല!" മാസ്റ്റർ തുടർന്നു.

"എന്തൊരു ഹീനമായ മനോഭാവം!" കൊച്ചുറാണിക്ക് ദേഷ്യം വന്നു.

"പക്ഷേ അതാണ്‌ കൊച്ചുറാണീ ലാഭക്കൊതിയന്മാരായ ഇന്നത്തെ മുതലാളിമാരുടെയും മനോഭാവം. എന്തും നശിപ്പിച്ച്, ആരെയും കുരുതികൊടുത്ത് ലാഭമുണ്ടാക്കലേ അവർക്കു ലക്ഷ്യമുള്ളൂ. അതാണല്ലോ ബോംബും വിഷങ്ങളും എല്ലാമുണ്ടാക്കി വിറ്റ് അവർ പണമുണ്ടാക്കുന്നത്! യഥാർത്ഥ പ്രകൃതിസ്നേഹികൾക്ക് ഈ ലാഭക്കൊതിയന്മാരുടെ കൂടെ ചേരാനാവുകയില്ല. ഇത്തരം ഭ്രാന്തിനെതിരെ നീങ്ങാതിരിക്കാനും പറ്റില്ല." മാസ്റ്റർ പറഞ്ഞു.

"ഞാനാണെങ്കിൽ ഇളം പുല്ല് ചെത്തിക്കൊണ്ടുവന്ന് കാമധേനുവിന് കൊടുക്കും. നല്ല കഞ്ഞി വെള്ളം അവളെ കുടിപ്പിക്കും. അവളെ കുളിപ്പിച്ച് നിർത്തും. ഓമനിച്ചു വളർത്തും. അവളുടെ അകിട്ടിലൂറുന്ന പാൽ മാത്രം കറന്നു കുടിക്കും." കൊച്ചുറാണി വിശദമായി പറഞ്ഞു.

"മിടുക്കി. അതാണ്‌ പ്രകൃതിയോടും വേണ്ട ശരിയായ സമീപനം. പ്രകൃതിയുടെ ഒരു ഭാഗത്തെയും നശിപ്പിക്കരുത്. പ്രകൃതിയെ ചൂഷണം ചെയ്യണമെന്ന ഭ്രാന്തൻ ചിന്ത വെടിയണം. പ്രകൃതിയെ സ്നേഹിക്കണം. അതിന്റെ നിലനില്പിന് തകരാറുണ്ടാക്കുന്ന ഒരു പ്രവർത്തനവും നടത്തരുത്. അത്തരം ഫാക്ടറിയും വ്യവസായവും ഒന്നും നടത്തുകയോ അരുത്. പ്രകൃതിക്ക് തകരാറുണ്ടാക്കാതെ പ്രകൃതി സ്നേഹപൂർവ്വം മനുഷ്യന് ചുരത്തിത്തരുന്ന പാൽ കറന്നു കുടിക്കുക മാത്രം ചെയ്യണം. അതുകൊണ്ട് തൃപ്തിപ്പെടുകയും വേണം." മാസ്റ്റർ വിശദീകരിച്ചു.

"ചുരുക്കത്തിൽ പ്രകൃതിയെ അറക്കരുത്. കറക്കണം, അല്ലേ മാസ്റ്റർ?" അപ്പുക്കുട്ടൻ എടുത്തു [ 92 ] ചോദിച്ചു.

“അതെ. അറുത്താൽ പ്രകൃതി നശിക്കും; അതിൻറെ ഒരു ഭാഗമായ മനുഷ്യനും നശിക്കും. കറന്നാലോ പ്രകൃതി പിന്നെയും പിന്നെയും വിഭവങ്ങൾ ചുരത്തിത്തരും. അങ്ങനെ പ്രകൃതി നിലനിൽക്കും. മനുഷ്യനും നിലനിൽക്കും."

"പ്രകൃതിയെ അറക്കരുത്; കറക്കാം. ഹായ്! മനോഹരമായ ആശയം." അപ്പുക്കുട്ടൻ ആ ആശയത്തിന്റെ മനോഹാരിതയിൽ ലയിച്ചു നിന്ന് തലയാട്ടി.

"മനോഹരം മാത്രമല്ല അപ്പുക്കുട്ടാ, ഏറ്റവും മഹത്തായ ആശയം കൂടിയാണിത്. പ്രകൃതിയെപ്പറ്റിയുള്ള ഏറ്റവും പുതിയ ആശയം. ഈ ഭൂമിയുടെ ഭാവിയെപ്പറ്റി ചിന്തിക്കുന്ന എല്ലാ മനുഷ്യരും ഉയർത്തിപ്പിടിക്കുന്ന ആശയം."

"ഞങ്ങൾ ആ മഹത്തായ ആശയം പൂർണമായും ഉൾക്കൊള്ളുന്നു മാസ്റ്റർ?"

"അപ്പോൾ നാം നമ്മുടെ സുഖകരമായ ജീവിതത്തിനുവേണ്ടി ഈ ലോകത്തു നടത്തുന്ന എല്ലാ വികസന പ്രവർത്തനങ്ങളും പ്രകൃതിയെ കറന്നെടുക്കുന്ന പ്രവർത്തനങ്ങൾ മാത്രമായിരിക്കണം. പ്രകൃതിയെ അറുത്തു കൊല്ലുന്നവയായിരിക്കരുത്. ഇത്തരം വികസനത്തിനാണ് സുസ്ഥിരമായ വികസനം എന്ന് പറയുന്നത്. അതായത് പ്രകൃതിയുടെ നിലനിൽപ്പ്‌ ഉറപ്പാക്കി കൊണ്ടുള്ള വികസനം. ഇംഗ്ലീഷിൽ സസ്റ്റേനബിൾ ഡിവലപ്പ്മെൻറ് (sustainable development) എന്നു പറയും"

"അത് ഒന്നുകൂടി പറയൂ മാസ്റ്റർ"

"സസ്റ്റേനബിൾ ഡിവലപ്പ്മെൻറ്"

"സസ്റ്റേനബിൾ ഡിവലപ്പ്മെൻറ്" റീനി അതു പല പ്രാവശ്യം പറഞ്ഞ് ഉറപ്പിച്ചു.

"ലോകത്ത് ഇന്നു നടന്നു കൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങൾ ഭൂരിഭാഗവും സുസ്ഥിരമല്ല. അതുമൂലം ഭൂമി നശിച്ചേക്കും എന്നാണ് ശാസ്ത്രജ്ഞന്മാരുടെ ആശങ്ക. [ 93 ] ഭാവിയിൽ ഭൂമിയിൽ ജീവജാലങ്ങൾക്ക് നിലനിൽക്കാൻ പറ്റാത്ത അവസ്ഥയുണ്ടാകുമോ? ഹൊ! എങ്കിൽ അതൊരു വലിയ ദുരന്തം തന്നെയാകും. ജീവന്റെ സംഗീതമില്ലാത്ത, മരിച്ച ഭൂമി......" മാസ്റ്റർക്ക് അതു പറഞ്ഞപ്പോൾ തൊണ്ടയിടറി.

"ഒരിക്കലും അതു സംഭവിക്കരുത്. നമുക്ക് ആ ദുരന്തം ഒഴിവാക്കണം" കുട്ടികൾ എല്ലാവരും കൂടി പറഞ്ഞു പോയി.

"അതെ. ഈ ലോകത്തെ സ്നേഹിക്കുന്ന എല്ലാവരുടെയും അഭിപ്രായം അതുതന്നെയാണ്. ഭൂമിയെ രക്ഷിക്കാനുള്ള വഴികൾ കണ്ടെത്തി നടപ്പാക്കാനാണ് കുറെ നാൾ മുൻപ് ഭൗമ ഉച്ചകോടി എന്ന മഹാ സമ്മേളനം നടന്നതും."

"ഓ ഞങ്ങൾ പത്രത്തിൽ വായിച്ചിരുന്നു."

"ബ്രസീലിലെ റിയോ ഡി ജനീറോയിൽ വച്ചു നടന്ന ആ മഹാസമ്മേളനം കൊണ്ട് ഉദ്ദേശിച്ച ഫലമൊന്നും ഉണ്ടായില്ല. എങ്കിലും ഭൂമിയെ രക്ഷിക്കണം, അതിനുവേണ്ടി ഒത്തൊരുമിച്ചു പ്രവർത്തിക്കണം എന്ന് ആ സമ്മേളനം ലോകത്തെ ജനങ്ങളെ ഉദ്ബോദിപ്പിച്ചു. അത്രയും നന്നായി."

"ഞങ്ങൾ കുട്ടികൾ ഒത്തൊരുമിച്ചു പ്രവർത്തിച്ചാൽ ഭൂമിയെ രക്ഷിക്കാൻ സാധിക്കുകയില്ലേ മാസ്റ്റർ?" കൊച്ചുറാണി ആകാംക്ഷയോടെ അന്വേഷിച്ചു.

"തീർച്ചയായും സാധിക്കും. ലോകമെങ്ങുമുള്ള കുട്ടികൾക്കു പ്രകൃതി ബോധമുണ്ടായാൽ അവർ അവരുടെ അമ്മയായ പ്രകൃതിയെ രക്ഷിക്കാൻ മുന്നോട്ടുവന്നാൽ ഭൂമി രക്ഷപ്പെടും. മനുഷ്യരും രക്ഷപ്പെടും." മാസ്റ്റർ പറഞ്ഞു.

"മാസ്റ്റർ പിന്നെ നിശബ്ദനായി പ്രകൃതിയിലേക്കു കണ്ണുംനട്ടിരുന്നു. അകലെ നിന്ന് ഒരു കുയിൽ കൂവുന്നു. മുറ്റത്ത്‌ ഒരു ചിത്രശലഭം പറന്നു കളിക്കുന്നു. പറമ്പിൽ മേഞ്ഞു നടന്നിരുന്ന പശുക്കുട്ടി തല ഉയർത്തി അമ്മേ... എന്നു കരയുന്നു. കുട്ടികൾ ഒന്നും മിണ്ടാനാകാതെ തങ്ങളുടെ ചുറ്റുമുള്ള പ്രകൃതിയെപ്പറ്റി ചിന്തിച്ച് ഇരുന്നുപോയി. അവരുടെയെല്ലാം അമ്മയായ [ 94 ] പ്രകൃതി. നൂറുനൂറു രഹസ്യങ്ങളും അത്ഭുതങ്ങളും നിറഞ്ഞ പ്രകൃതി.

ആലോചനയ്ക്കിടയിൽ രാജു സാവധാനം പറഞ്ഞു: "പ്രകൃതിയെപ്പറ്റി മാസ്റ്റർ ആദ്യം പറഞ്ഞ ഉപമയാണ് എനിക്ക് കൂടുതൽ ഇഷ്ടമായത്. ഈ പ്രകൃതി എത്ര വായിച്ചാലും തീരാത്ത ഒരു പുസ്തകം തന്നെയാണ്. നമ്മെ എന്നും പുതിയ കാര്യങ്ങൾ പഠിപ്പിക്കുന്ന അത്ഭുതകരമായ പുസ്തകം."

"എങ്കിൽ ആ ഉപമതന്നെ സ്വീകരിച്ചോളൂ. പ്രകൃതി വായിച്ചാലും വായിച്ചാലും തീരാത്ത ഒരു പുസ്തകം തന്നെ. ആ പുസ്തകം വായിക്കുംതോറും നാം പ്രകൃതിയുടെ കൗശലത്തിൽ ആകൃഷ്ടരായിപ്പോകും. അപ്പോഴതിനെ ആദരവോടെ കാണും. സ്നേഹിക്കും. നാമും അതിൻറെ ഒരു ഭാഗമാണെന്നറിയും. അതോടെ പ്രകൃതിയെ നശിപ്പിക്കുന്നവർക്കെതിരായി നീങ്ങാനും നാം അറിയാതെ തയ്യാറാകും." മാസ്റ്റർ ആവേശത്തോടെ പറഞ്ഞു.

മാസ്റ്ററുടെ വാക്കുകൾ കേട്ട് അവർ വീണ്ടും തരിച്ചിരുന്നു. വായിച്ചാലും വായിച്ചാലും തീരാത്ത ഒരു വലിയ പുസ്തകം. പ്രകൃതി എന്ന മനോഹരമായ പുസ്തകം. കീറാതെയും മുറിക്കാതെയും കാത്തു സൂക്ഷിക്കേണ്ട വിലയേറിയ പുസ്തകം... മഴയും പുഴയും മാനും മലയും എല്ലാം ആ പുസ്തകത്തിൻറെ ഭാഗങ്ങൾ മാത്രം. എണ്ണമില്ലാത്ത രഹസ്യങ്ങൾ നിറഞ്ഞ ആ വലിയ പുസ്തകത്തിലെ ചെറിയ ഒരു താൾ മാത്രമാണ് താൻ! എന്തെല്ലാം രഹസ്യങ്ങൾ ഇനിയും വായിക്കാൻ കിടക്കുന്നു, എല്ലാം വായിക്കണം. അറിയണം. മാത്രമോ, ആ വിലയേറിയ പുസ്തകത്തെ കാത്തുസൂക്ഷിക്കുകയും വേണം. അതിനെ നശിപ്പിക്കാനൊരുങ്ങുന്നവർക്കെതിരെ നീങ്ങുകയും വേണം.

അവർ ആ പുതിയ അറിവിൽ ആഹ്ലാദിച്ച് ഇരുന്നു.