വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം/മിമിക്രി മത്സരം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം (ബാലസാഹിത്യം)
രചന:എസ്. ശിവദാസ്
മിമിക്രി മത്സരം

[ 72 ]

മിമിക്രി മത്സരം


"ഒരു മിമിക്രി മത്സരമായാലോ?" മാസ്റ്റർ ചോദിച്ചു.

"ഹഹഹഹ. അതു മതി. എനിക്ക് എല്ലാ സിനിമാ നടൻമാരുടെയും ഡയലോഗറിയാം."

കൊച്ചുമുഹമ്മദിന് ഉത്സാഹമായി.

"എനിക്കുമറിയാം." അനുവും ചാടി എഴുന്നേറ്റു.

"അത്തരം സ്ഥിരം തമാശകൾ ഒന്നും നമുക്കു വേണ്ട കൊച്ചുമുഹമ്മദേ. നമുക്ക് പുതുമ വേണം. പഠിക്കാൻ ആവേശം തരുന്ന പരിപാടിയാവുകയും വേണം." മാസ്റ്റർ ഇടയ്ക്കു കയറി പറഞ്ഞു.

"ഓ, ഇതിനിടയിലും പഠിത്തമോ!" കൊച്ചു മുഹമ്മദിന് നിരാശയായി.

"ഇത് രസമുള്ള കളിയാണ് കൊച്ചുമുഹമ്മദേ. മുഹമ്മദിന് 'നായ' മോങ്ങും പോലെ മോങ്ങാമോ!" മാസ്റ്റർ ചോദിച്ചു.

"മോങ്ങാമോന്ന്! അതിലും നല്ലതുപോലെ മോങ്ങാം ഞാൻ! ദാ മാഷ് കേട്ടോളൂ. അൽസേഷ്യന്റെ കുരയാണ്" കൊച്ചുമുഹമ്മദ് കൈകൾ വായിൽപിടിച്ച് ശബ്ദം ശരിയാക്കി കുര തുടങ്ങി. ശരിക്കും അൽസേഷ്യന്റെ അതേ ശബ്ദത്തിൽ! [ 73 ]

“ഭൗ ഭൗ ഭൗ”

കുട്ടികൾ ചിരിച്ചു കുഴഞ്ഞു.

പക്ഷേ, കൊച്ചു മുഹമ്മദുണ്ടോ നിർത്തുന്നു. കുരച്ചു കുരച്ച് അവൻ തളർന്നു. ഒച്ച പതറി.

“മതി കൊച്ചുമുഹമ്മദേ, അസ്സലായിരിക്കുന്നു. ആരും കേട്ടാൽ ഞെട്ടും” മാസ്റ്റർ സമ്മതിച്ചു.

“മാഷ്‌ തന്നെ പറ. ഇത് അൽസേഷ്യൻറെ കുരയിലും നല്ലതല്ലേ?” കൊച്ചുമുഹമ്മദ് തിരക്കി.

“അതേയതെ, രാത്രി കൊച്ചുമുഹമ്മദ് ഇരുന്ന് കുരച്ചാൽ ആ ഭാഗത്തേക്ക് ആരും പേടിച്ചടുക്കുകയില്ല!” മാസ്റ്റർ ചരിച്ചു കൊണ്ടു പറഞ്ഞു.

“വേറെ നായ്ക്കളുടെ കുര അറിയാമോ കൊച്ചുമുഹമ്മദിന്?” മാസ്റ്റർ തിരക്കി.

“ ഓ ഇല്ല, ഞാൻ തനി അൽസേഷ്യനാ.” കൊച്ചുമുഹമ്മദ് പറഞ്ഞു.

“എനിക്കറിയാം മാസ്റ്റർ. പാതിരാത്രി നായ് പ്രേതത്തെ കണ്ട് മോങ്ങുന്നത് എനിക്കറിയാം." അപ്പുക്കുട്ടൻ ചാടിയെഴുന്നേറ്റു. [ 74 ]

“പ്രേതത്തെ കണ്ടൊന്നുമല്ല. പക്ഷേ, നായ്‌ എന്തുകൊണ്ടാ മോങ്ങുന്നതെന്ന് ആർക്കുമറിയാൻവയ്യ. ഏതായാലും അപ്പുക്കുട്ടനൊന്നു മോങ്ങിക്കേ, കൊള്ളാമോ എന്നറിയട്ടെ.” മാസ്റ്റർ പ്രോത്സാഹിപ്പിച്ചു.

അപ്പുക്കുട്ടൻ ഒച്ച ശരിയാക്കി ശ്വാസം പിടിച്ചു.

“വൗ...” അപ്പുക്കുട്ടൻ നായുടെ ഓരിയിടൽ കേട്ട് കൂട്ടുകാർ കൈയടിച്ചു.

“ഇനി ആർക്കെല്ലാം നായ കരയാനറിയാം.” മാസ്റ്റർ തിരക്കി.

“എനിക്ക് തെണ്ടിപ്പട്ടി കരയുന്നതറിയാം. കല്ലുകൊണ്ടുള്ള ഏറു വാങ്ങുമ്പോൾ കരയുന്നത്.” ദീപു പറഞ്ഞു.

“കേൾക്കട്ടെ”

“ക്കീയ് ക്കീയ് ക്കീയ് ക്കീയ്....”

അവൻറെ കരച്ചിൽ അവസാനം നേർത്തു നേർത്തു വന്നു. പട്ടിയുടെ വേദന കുറയുന്നതനുസരിച്ചു കരച്ചിൽ കുറഞ്ഞത് ദീപു അസ്സലായി അവതരിപ്പിച്ചു.

“കണ്ടോ. നായുടെ കരച്ചിൽ തന്നെ എത്രതരം! ചുറ്റുപാടും ശ്രദ്ധിച്ചാൽ പ്രകൃതിയുടെ ശബ്ദങ്ങൾ കേൾക്കാം. സംഗീതം കേൾക്കാം. ആൺകുയിലിൻറെ പാട്ട്, പെൺകുയിലിൻറെ 'ക്കുക്കുക്കു' എന്ന വികൃത ശബ്ദം. കോഴിയുടെ കൂവൽ. പൂച്ചയുടെ പാട്ട്, മണ്ണാത്തിപ്പുള്ളിൻറെ ട്യൂ...ട്യൂട്യൂ... ചൂളമടി, ഇരട്ടത്തലച്ചിയുടെ ക്ലി- ക്ലി-പാട്ട്. നത്തിൻറെ കരച്ചിൽ. തവളയുടെ സംഗീതം. ചിവീടിൻറെ തുളച്ചു കയറുന്ന ശബ്ദം. ചേര തവളയെ പിടിക്കുമ്പോൾ അതിൻറെ കരച്ചിലും അതിൽ വരുന്ന മാറ്റങ്ങളും. ആട്ടിൻകുട്ടിയുടെ കരച്ചിൽ, പശുവിൻറെ അമറൽ....”

“ഹോ, എന്തെല്ലാം തരം ശബ്ദങ്ങൾ!” കൊച്ചുറാണി ഇടക്കുകയറി പറഞ്ഞു.

“അതെ എത്രയെത്ര തരം രാഗങ്ങൾ, താളങ്ങൾ!” ഇവയെല്ലാം ഇനി ശ്രദ്ധിക്കുക. അനുകരിക്കൂ. എന്നിട്ട് വാർഷികത്തിന് ഒരു “പ്രകൃതി മിമിക്രി” നടത്താം.” മാസ്റ്റർ എല്ലാവരെയും നോക്കി ചിരിച്ചു. [ 75 ]

"ഏറ്റവും അധികം ശബ്ദങ്ങൾ ഏറ്റവും നന്നായി അവതരിപ്പിക്കുന്ന ആളിനെ മിമിക്രിവീരനായി പ്രഖ്യാപിക്കാം.” മാസ്റ്റർ തുടർന്നു.

“ഞങ്ങൾ പെൺകുട്ടികളാണ് ജയിക്കുന്നതെങ്കിലോ മാസ്റ്റർ?” മിനിക്കൊരു സംശയം.

“എങ്കിൽ മിമിക്രി രാജ്ഞി എന്ന പദവി തരും. സമ്മാനവുമുണ്ട്, കേട്ടോ.”

“ഇത് ഒരു നല്ല മത്സരമായിരിക്കും.” ചേച്ചിയും സമ്മതിച്ചു.

“എങ്കിലേ, ഞാനുമൊരു മൽസരം പറയാം” അമ്മൂമ്മ പറഞ്ഞു.

“ങേ അമ്മൂമ്മയോ?” അനുവിന് അത്ഭുതം!

“എന്താ അമ്മൂമ്മക്ക് പറഞ്ഞാൽ” കേട്ടോ പിള്ളേരെ, നമ്മുടെ നാടൻ പച്ചമരുന്നുകൾ കൊണ്ടുള്ള എന്തെല്ലാം മരുന്നുകൾ ഉണ്ടെന്നോ. ദഹനക്കേടിനും തലവേദനക്കും എല്ലാം.” അമ്മൂമ്മ തുടങ്ങി.

“ഓ ആ മരുന്നുകൾ ഉണ്ടാക്കുന്നത്‌ ഞങ്ങൾ പഠിച്ചുവരാനാണോ?” കൊച്ചുമുഹമ്മദ്‌ അത് ചോദിച്ചിട്ട് ചിരിയെടാ ചിരി.

"ചിരിക്കാതെടാ മുഹമ്മദേ. കേൾക്ക്. പക്ഷെ നമ്മുടെ കുട്ട്യോൾക്കും അവരുടെ അമ്മമാർക്കു പോലും ഇന്ന് മരുന്നുചെടികൾ തിരിച്ചറിയാൻ വയ്യ. പനിക്കൂർക്ക കാണാത്തവരാണിന്നത്തെ കുട്ടികൾ?"

“അതിന്?”

“ഒരു കളി നടത്താം നമുക്ക്. ഞാൻ കുറെ ഇലകൾ കൊണ്ടുവന്ന് ഈ ആലിനു ചുറ്റും വട്ടത്തിൽ വെക്കും. ഓരോ ഇലക്കു മുമ്പിലും ഓരോരുത്തരെ ഇരുത്തും.”

“ഓ ഇനി പിടികിട്ടി അമ്മൂമ്മെ,” മാസ്റ്റർ പറഞ്ഞു.

“എന്നാ നീ മാസ്റ്ററുടെ ഭാഷയിൽ ഇനി ബാക്കി വിവരിച്ചോ.” അമ്മൂമ്മ സമ്മതിച്ചു.

“നിങ്ങൾക്കെല്ലാം കാര്യം മനസ്സിലായല്ലോ? ഓരോരുത്തരും മണത്തും തൊട്ടും നോക്കി മുന്നിലെ ഇല ഏതെന്നു മനസ്സിലാക്കി തന്നിരിക്കുന്ന കടലാസിലെഴുതണം. സമയം തീർന്നാൽ സീറ്റു മാറി അടുത്ത സീറ്റിലിരുന്ന് കളി തുടരാം.” മാസ്റ്റർ ചുരുക്കി പറഞ്ഞു. [ 76 ]

“അവസാനം ഏറ്റവും കൂടുതൽ തിരിച്ചറിയുന്നയാളിനു സമ്മാനം, എന്താ?”

അമ്മൂമ്മ ചോദിച്ചു.

“ഓ, ഇതിൽ എനിക്ക് ഫസ്റ്റ് കിട്ടും.” വിനു വീമ്പു പറഞ്ഞു.

“എനിക്ക് ഒത്തിരി ചെടികളുടെ മണമറിയാം.” അനുവും തർക്കിക്കാൻ വന്നു.

“നിങ്ങൾ തർക്കിക്കേണ്ട. അമ്മൂമ്മയുടെ കളി നല്ല രസമായിരിക്കും. ഒരു പോലെയുള്ള ചെടികൾ എത്ര തന്നെ തരമുണ്ടെന്നോ.” മാസ്റ്റർ പറഞ്ഞു.

“ശരിയാ. തുളസി തന്നെ പലതരം. കൃഷ്ണതുളസി, കർപ്പൂര തുളസി, രാമതുളസി....’

ചേച്ചി സമ്മതിച്ചു.

കളികളുടെ കാര്യം അവിടെ നിൽക്കട്ടെ. ഇത്തരം പ്രകൃതിക്കളികൾ നിങ്ങൾ തന്നെ ആലോചിച്ചും കളിച്ചുനോക്കിയും കണ്ടുപിടിക്കൂ. നമുക്കതൊക്കെ പരീക്ഷിച്ചു നോക്കാം.” മാസ്റ്റർ കളിപ്രശ്നം അവസാനിപ്പിച്ചു.

“മാസ്റ്റർ, നീന്തൽ മത്സരമായാലോ? നമ്മുടെ പുഴയിൽ അക്കരയിക്കരെ നീന്താൻ ധൈര്യമുള്ളവർ വരട്ടെ” കൊച്ചുമുഹമ്മദ് നെഞ്ചത്തടിച്ചു ഒരു വെല്ലുവിളി.

“ഓ, അതിനു ഞാനും മോശമല്ല, ട്ടോ” അപ്പുക്കുട്ടൻ വെല്ലുവിളി സ്വീകരിച്ചു.

“അയ്യോ പുഴ കുറുകെ നീന്താനോ!” കൊച്ചുറാണി തലയിൽ കൈവെച്ചു.

“നീന്തൽ നല്ലൊരു വ്യായാമമാണ്. പ്രകൃതി സ്നേഹികൾ നിർബന്ധമായും പഠിച്ചിരിക്കേണ്ട കളിയും. ബാലവേദിയിലെ കൂട്ടുകാരെയെല്ലാം ഞാൻ നീന്താൻ പഠിപ്പിക്കാം.” മാസ്റ്റർ പറഞ്ഞു.

“പെൺകുട്ടികളെ ഞാൻ പഠിപ്പിക്കാമല്ലോ.” ചേച്ചി പറഞ്ഞു.

“ഏതായാലും നീന്തൽ മൽസരം വേണം.” കൊച്ചുമുഹമ്മദ് വീണ്ടും ആവശ്യമുന്നയിച്ചു.

“എന്നാൽ മരംകയറ്റ മത്സരവും വേണം.” തോമസിന്റെ നിർദ്ദേശമാണ്. [ 77 ]

"അതും പ്രകൃതിസ്നേഹികൾ പഠിച്ചിരിക്കേണ്ടതാണ്. ആൺകുട്ടികൾ പഠിച്ചാൽ മതി. നമുക്കതിലും മത്സരം വയ്ക്കാം.” മാസ്റ്റർ സമ്മതിച്ചു.

“എങ്കിൽ ഞങ്ങൾ പെൺകുട്ടികൾക്ക് മാത്രമായി ഒരു മത്സരം വേണം.” കൊച്ചുറാണിക്ക് വാശി.

“കാട്ടുപൂക്കൾ കൊണ്ടൊരു അലങ്കാരമത്സരമായാലോ?”

“ങാ അതു കൊള്ളാം" അമ്മൂമ്മയ്ക്കും അതിൽ താത്പര്യമായി.

“അയ്യോ തവളച്ചാട്ടം തീർച്ചയായും വേണം." വിനു ഓർത്തു പറഞ്ഞു.

“ഇനി ഇങ്ങനെ തർക്കിച്ചിരിക്കേണ്ട. പറ്റിയ കുറെയേറെ കളികൾ നമുക്ക്‌ തെരഞ്ഞെടുക്കാം. അവയെല്ലാം നിങ്ങളുടെ പ്രകൃതി നിരീക്ഷണ പാടവം മെച്ചപ്പെടുത്തുന്നവയായിരിക്കും.” മാസ്റ്റർ സമ്മതിച്ചു.

"ഞങ്ങൾ സയൻസ് പഠിത്തത്തിൽ മിടുക്കന്മാരാകാനാണോ മാസ്റ്റർ ഈ പ്രകൃതി നിരീക്ഷണം?” ദീപുവിന് ഒരു സംശയം.

“അതിനു മാത്രമല്ല. പ്രകൃതിയെ നിരീക്ഷിക്കണമെങ്കിൽ അതുമായി ബന്ധപ്പെടണം. അങ്ങനെ പ്രകൃതിയെ കാണുന്നവർ അറിയാതെ അതിൽ താൽപര്യമുള്ളവരാകും.”

“ഓ അതു ശരി.”

“മാത്രമല്ല, അങ്ങനെയുള്ളവർ അറിയാതെ പ്രകൃതിയെ സ്നേഹിച്ചു പോകും.”

“ഓ പരിചയം കൊണ്ട് ഇഷ്ടമാകുമെന്ന്.” കൊച്ചുറാണി തലകുലുക്കി.

“അതുശരിയാ.” എല്ലാവരും സമ്മതിച്ചു.