Jump to content

വനമാല/ഒരു സന്ധ്യ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
വനമാല (കവിതാസമാഹാരം)
രചന:എൻ. കുമാരനാശാൻ
ഒരു സന്ധ്യ

കുമാരനാശാന്റെ
കൃതികൾ

കുമാരനാശാൻ
കാവ്യങ്ങൾ

വീണ പൂവ് · ഒരു സിംഹപ്രസവം
നളിനി · ലീല
ബാലരാമായണം · ശ്രീബുദ്ധചരിതം
ഗ്രാമവൃക്ഷത്തിലെ കുയിൽ · പ്രരോദനം
ചിന്താവിഷ്ടയായ സീത · ദുരവസ്ഥ
ചണ്ഡാലഭിക്ഷുകി · കരുണ

കവിതാസമാഹാരം

പുഷ്പവാടി · വനമാല
മണിമാല

വിവർത്തനം

സൗന്ദര്യലഹരി
ഭാഷാമേഘസന്ദേശം
രാജയോഗം

സ്തോത്ര കൃതികൾ

സ്തോത്ര കൃതികൾ

മറ്റു രചനകൾ

മറ്റു രചനകൾ


വനമാല എന്ന കവിതാസമാഹാരത്തിൽ നിന്ന്

ളവായിടുന്നു സുഖമേറ്റമുള്ളിലെൻ
കുളിർപശ്ചിമാംബുനിധിവായുപോതമേ,
പൊളിയാക്കിയുഷ്ണകഥ നീ തലോടവേ
പുളകം വരുന്നു പെരുകുന്നു കണ്ണുനീർ.

ഇടവത്തിലും വലിയ ചൂടുമൂലമാ-
യിടരാർന്നു നിന്നെ നിരൂപിച്ചണഞ്ഞു ഞാൻ
വിടപ്രിവജത്തിൽ വിടരുന്ന പൂമണം
തടവീടുമീയുപവനത്തിലന്തിയിൽ.

ഇടവിട്ടിടാതെ ജനമെത്തിയാർത്തി തീർ
ത്തുടൽ ചീർക്കുമാറിഹ സദാ രമിക്കയാൽ
സ്ഫുടധന്യഭാവമിയലുന്നു വഞ്ചി ഭൂ-
മുടിരത്നമീ നഗരപുഷ്ടവാടിക.

ഗണമായ് നടപ്പു ചില,രിങ്ങിരിക്കമേ-
ലിണയായിരിപ്പൂ ചില,രൊറ്റയായുമേ
അണയത്തു വാഴ്വു ചെറുപൈതൽ പൂവുപോൽ
ക്ഷണമന്തി നോക്കിയൊരു കോണിൽ ഞാനുമേ.

അതിരമ്യ വൃക്ഷനിരകൾക്കുമാ ലതാ-
രതികൾക്കുമങ്ങു സരസീതടത്തിനും
മതിലിന്നുമപ്പുറമഹോ! നഭസ്സിലി-
സ്ഥിതിഭേദമെങ്ങനെ വരുന്നൂ മോഹനം?

പകരുന്നു ഹന്ത! ചിലടത്തു പിച്ചള-
പ്പുതുപാളിപോൽ ഗഗനഭിത്തിതൻ നിറം
അകലത്തു വന്മരമെരിഞ്ഞുനിന്നിടു-
ന്നതുപോലെയും പുക പടർന്നപോലെയും.

ചിലടത്തു വിൺ‌വഴി ചുവന്ന പട്ടിനാൽ
നലമായടച്ചു മറ തൂങ്ങിടുന്നപോൽ
പലവർണ്ണമാം കൊടികൾ പൊങ്ങിടുന്നപോൽ
ചിലടം വെറും ചമതപൂത്ത കാടുപോൽ.

അലയാതെ വായുവിൽ വടക്കുകോണിലാ-
യിലതിങ്ങിയും ചെറിയ കൊമ്പൊതുങ്ങിയും
നിലവിട്ടു വീണ തരുപോൽ വിലങ്ങനേ
വിലസുന്നു ചാരനിറമാമൊരു മുകിൽ.

അതിനിപ്പുറം ശിശിരവായുവംബുജ-
ക്ഷതിചേർത്തു ചണ്ടി പടരും സരസ്സുപോൽ
അതിലോലമായൊളി കുറഞ്ഞ മേഘമാർ
ന്നുതിരുന്നു ഭംഗി തെളിയാതെയംബരം.

            (അപൂർണ്ണം)

"https://ml.wikisource.org/w/index.php?title=വനമാല/ഒരു_സന്ധ്യ&oldid=35263" എന്ന താളിൽനിന്ന് ശേഖരിച്ചത്