Jump to content

രാമരാജാബഹദൂർ/അദ്ധ്യായം ഇരുപത്തിഏഴ്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
രാമരാജാബഹദൂർ
രചന:സി.വി. രാമൻപിള്ള
അദ്ധ്യായം ഇരുപത്തിഏഴ്
[ 307 ]
അദ്ധ്യായം ഇരുപത്തിഏഴ്

"ചൊല്ലെടോ നിന്നുടെ പേരും
നില്ലടോ നമ്മുടെ മുമ്പിൽ
ഇല്ലടോ ധൈര്യവും കള്ള-
മല്ലെടോ കൗതുകം പാരം"


ഭാര്യാഭർത്താക്കന്മാരുടെ കണ്ഠാരവങ്ങൾ കേട്ടു ലജ്ജിച്ച മാർത്താണ്ഡഭഗവാൻ സഹ്യപർവതനിരയുടെ ഇന്ദ്രശിലാനീലിമയ്ക്കിടയിൽ അരക്ഷണനേരം മറഞ്ഞുനിന്നു. തന്നെ സാക്ഷിയോ വിധികർത്താവോ ആക്കുന്ന മഹിഷിയുടെ ക്ലേശാലാപവും ശശിസുതപ്രഭാവത്തെ അവകാശപ്പെടുന്ന കാന്തന്റെ "അവിടുന്നുതന്നെ കേൾക്കട്ടെ" എന്നുള്ള സമ്മതിദാനവും വൃഥാ കണ്ഠക്ഷോഭങ്ങളായി. തദ്വിധവ്യവഹാരങ്ങളിൽ മാധ്യസ്ഥ്യം വഹിപ്പാൻ മറ്റൊരു മൂർത്തി ഉണ്ടെന്നു നിശ്ചയിച്ച് ആ ദേവൻ രഥം കയറി. എന്നാൽ, അന്ന് അവിടത്തെ കിരീടാംശുക്കൾ ഉദയഗിരി ചുവപ്പിക്കുന്ന നിത്യകർമ്മത്തെ തുടങ്ങുംമുമ്പുതന്നെ, കുറുങ്ങോട്ടെ കൃഷ്ണക്കുറുപ്പു തന്റെ ഉദരമണ്ഡലത്തെ നാടോടിശ്ലോകത്തിലെ 'ധവളദധി' ചേർന്ന പഴഞ്ചോറുകൊണ്ടു കണക്കെ തുളുമ്പിച്ചിരുന്നു. അതിനാൽ, അപ്പോൾ കൃശോദരി ആയിരുന്ന ഭാര്യ ആ സൗന്ദര്യസമരത്തിൽ ഭാമാസുഭദ്രകളുടെ വീര്യപ്രകടനത്തിന്, അന്വർത്ഥം 'അബല' തന്നെ ആയിപ്പോയി. എങ്കിലും, പൂർണ്ണകുംഭൻ വീര്യം മുറുകി പഴങ്കഥകളും പാരമ്പര്യങ്ങളും ചൊരിഞ്ഞു മുട്ടുയുദ്ധച്ചടങ്ങുകൾ പ്രകടിപ്പിച്ചു തുടങ്ങിയപ്പോൾ, ഭാര്യാസതി "അയ്യഃ പിന്നെ!" എന്നൊരു നാരായണാസ്ത്രം പ്രയോഗിച്ചു. താംബൂലാശനം തുടങ്ങിയിരുന്ന കുറുങ്ങോടൻ സ്വഭാര്യയുടെ സരസ്വതീവിലാസം കേട്ടു സന്തുഷ്ടഹാസനാവുകയാൽ, ചർവിതാരിഷ്ടവും പൂഗശകലങ്ങളും കണ്ഠകൂപത്തിൽ ഇറങ്ങി ആ പ്രണയനീപ്രിയനെ വിമ്മിഷ്ടപ്പെടുത്തി. 'സലജ്ജോഹം' അഭിനയിക്കുന്ന നടൻ മുമ്പോട്ടു ചായുന്ന സാവധാനതയോടെ കരനാഥൻ പുറകോട്ടു മലർന്നു. കാര്യമാത്രകി ആയിരുന്ന കുഞ്ഞുനങ്ങേലിഅമ്മ സംഭ്രമത്തോടെ ഭർത്താവായ ഗണേശകായന്റെ [ 308 ] മൂർദ്ധാവിൽ താഡിച്ചും ചെന്നികളിൽ തിരുമ്മിയും ശുശ്രൂഷിച്ചു. കുറുങ്ങോടനായ പരിപന്ഥി യുവകമനോന്മേഷത്തോടെ ചാടി എഴുന്നേറ്റ്, ഉദയസഞ്ചാരത്തിലെ സഹകാരിയായുള്ള ദണ്ഡത്തെ കയ്യേന്തിനിന്നു. ഭാര്യ അക്കഥയിൽ സംബന്ധിക്കത്ത മൂന്നാമതൊരുവളെന്നു നടിച്ച് പുരുഷകാപട്യത്തെ അപഹസിച്ചു. അങ്ങനെ, ഉഭയകക്ഷികളും വിജയബോധത്താൽ തുഷ്ടമാനസരായിപ്പിരിഞ്ഞു. ഒരു പക്ഷത്തിൽ പരമായി സഹിക്കുന്ന കഷ്ടത സ്മരിച്ച് കുഞ്ഞിങ്ങേലിഅമ്മ അന്നത്തെ ആ കയ്യാങ്കളിയിലോട്ടു താനറിയാതെ ഇറങ്ങിപ്പോയതായിരുന്നു. സാവിത്രിയുടെ വിവാഹം, അതിന്റെ ദുരവസാനം, ആ കന്യകാഹരണം, അനന്തരാന്വേഷണശ്രമം- ഇവകളിൽ ഓരോ സംഭവവും കൃഷ്ണക്കുറുപ്പദ്ദേഹത്തിന്റെ ഇളകിയാട്ടങ്ങൾക്കു വഴിതുറന്നു. ഇതുകൊണ്ട് കുഞ്ഞിങ്ങേലിഅമ്മ ഊണുറക്കങ്ങൾ തെല്ലും കൂടാതെ എത്രയോ രാത്രികളെ പുലരിക്കേണ്ടിവന്നു. ഒടുവിൽ നടന്ന ഹരണക്കേസ്സിൽ പ്രാഡ്വിവാകത്വവും ലേഖനപടുത്വവും പ്രകടിപ്പിച്ച് സ്ഥലാധികാരി ആയ കാര്യക്കാരെപ്പോലും ധൂസരപ്രഭനാക്കിയ ഭർത്താവിന്റെ പ്രഭാകരത്വം, പത്തൊമ്പതാം മഹാപുരാണമായി ആ സാദ്ധ്വിയുടെ ഗൃഹണീഭാരത്തെ ദിഗ്ഗജവൃത്തിപോലെ നിരന്തമാക്കിത്തീർത്തു. "ആ സാവിത്രിക്കുട്ടിയെ കൊണ്ടുപോകാൻ കരുത്തനാര്? തള്ളേടെ മകള്, കഴക്കൂട്ടം വിത്ത്- അവളെ കണ്ടവൻ തൊടുമോ? കാര്യക്കാരും ചന്തിരവും തെക്കേക്കൂറ്റിലെ ആ പിത്തംതുള്ളി ചങ്കുക്കുറുപ്പും എക്കൂട്ടവും കാടടിച്ചു മലയരിച്ച് സ്ത്രിഭുവനം പൊടിച്ചു. ഗന്ധർവ്വൻ കൊണ്ടുപോയീന്ന് ആ തൊണ്ണാൻകണ്ണൻ പുതിയേടത്തെ വാരരാശാൻ, അയാളെന്തു കണ്ടു, ആരെന്തു കണ്ടു? കുറുങ്ങോടൻ അന്നു കുറിച്ച കുറിക്ക് അഴിവ് ഏതു കമലാസനത്തീന്ന്? എന്താടീ, നീ വായും പൊളിച്ച് ഇങ്ങു പോട്ടാട്ടേന്നിരിക്കുന്നത്? നിന്നെക്കൊണ്ടുപോവാൻ ഒരു എക്ഷസ്സും ഇങ്ങോട്ടു കാലു വയ്ക്കൂല്ല" എന്നുള്ള പ്രസംഗപ്രവാഹം, "ഓ! ഞാൻ വിചാരിക്കുന്നതു മറ്റൊന്നുമല്ലേ. നാളെ ഈ കട്ടിലിന്റടിയിൽ കേറി മെഴുകുന്നതെങ്ങിനേന്ന് ഓർക്കുകയാ." എന്ന് ലോകകാര്യഗ്രഹണത്തിൽ കുഞ്ഞിങ്ങേലിമ്മയ്ക്കുള്ള അനാസ്ഥയാൽ തടുക്കപ്പെട്ടു. മഹിഷഗർദഭാദി ജന്തുക്കളുടെ അഭിധാനങ്ങളും അതുകളുടെ പര്യായങ്ങളുംകൊണ്ടു ഭർത്താവാൽ അഭിഷിക്തയായ ഭാര്യ അല്പനേരത്തേക്ക് ഭാര്യമാർ ഭർത്തൃപ്രിയവാദിനികൾ ആയിരിക്കേണ്ട പ്രമാണത്തെ സ്മരിച്ചു. അന്നത്തെ സമരരംഗയവനിക ഈ ക്രിയയ്ക്കിടയിൽ താഴ്ന്നു.

കേശവൻഉണ്ണിത്താൻ പറവൂർനിന്നയച്ച ലേഖനം ആ യവനികയെ വീണ്ടും ഉയർത്തി, കൃഷ്ണക്കുറുപ്പിനെ കുറുങ്ങോട്ടു ഗൃഹത്തിലെ നാലാം മുറിയിലോട്ടിഴിയിച്ച്, ഇരുപത്തെട്ടു മുപ്പതാംവയസ്സിലെ കൈയും മെയ്യും കാലടവുകളും പ്രകടിപ്പിച്ച് ആ കരക്കളരി തകർക്കുന്ന ആദ്യവസാനവേഷത്തിൽ കാണുമാറാക്കി. അദ്ദേഹത്തിന്റെ സമ്പന്നിദാനങ്ങളായുള്ള മുപ്പതുപറ ഓരുകണ്ടത്തെയും, അതിഥികളെ ഫലകന്ദങ്ങൾകൊണ്ട് ഉദരപൂരണംചെയ്‌വാൻ സഹകരിക്കുന്ന പറമ്പുകളെയും [ 309 ] അതുകളുടെ പ്രാചീമേഖലമുതൽ സഹ്യപർവ്വതപാദംവരെ കിടന്നു സംവത്സരത്തിൽ പതിനായിരത്തോളം പറ നെല്ലു തന്റെ പത്തായങ്ങളിലെത്തിക്കുന്ന പണ്ടാരവക മലവാരങ്ങളെയും അദ്ദേഹം മറന്നു. ഗോവിന്ദനാമാവായ ഒരു സമീപഭവനക്കാരൻ കൊണ്ടുവന്ന എഴുത്തിനെ: "കുറുങ്ങോട്ടു കൃഷ്ണക്കുറുപ്പമ്മാവൻ ബോധിപ്പാൻ" (നോക്കെടീ! ബോധിപ്പാനെന്നാണ്, അല്ലാതെ കണ്ടെന്നും അറിവാനെന്നും മറ്റുമല്ല. ചെവി തുറന്നു കേൾക്ക്. പണ്ടാരവക വലിയ മുതൽപിടിക്കാര്യക്കാർ, കണ്ണിനു കാണാൻ കിട്ടുന്ന എഴുത്തച്ഛൻ, ആ നമ്മുടെ നാലിനുംകൊള്ളുന്ന തനതു നല്ലകുഞ്ഞ് എഴുതുന്നതാണ്). "-സാവിത്രി എങ്ങാണ്ടോ ചാടിക്കടന്നു പൊയ്ക്കളഞ്ഞു എന്നു കൊടന്ത പറഞ്ഞ്-" (ഈ മടന്ത തഴയ്ക്കുന്നെടം മുടിഞ്ഞു ങാഹാ! ഇങ്ങു വരട്ടവൻ, അപ്പൊളി പറഞ്ഞവന്റെ തലയിൽ കവളൻ മടലല്ലെങ്കിൽ ഇവൻ പെണ്ണുമല്ലാ, ആണുമല്ലാ). "-അറിഞ്ഞിരിക്കുന്നു. ഈ അപമാനം വിചാരിച്ച് ഉദ്യോഗങ്ങളെല്ലാം ഒഴിഞ്ഞു വല്ലടത്തും ഒതുങ്ങിക്കൊൾവാൻ തീർച്ചയാക്കിയിരിക്കുന്നു. ഇന്നുതന്നെ തിരുവനന്തപുരത്തേക്കു തിരിക്കുന്നു. വിശേഷിച്ച് ടിപ്പുസുൽത്താന്റെ പതിനൊന്നിന്, നമ്മുടേത് ഏഴ് അക്ഷൗഹിണിയിൽപ്പോലും എത്തുകയില്ലെന്ന് ഈ പാളയത്തിൽ പരക്കെ കിംവദന്തിയുണ്ട്. ഈ സ്ഥിതിയിൽ പൊന്നുതിരുമേനിയുടെ രക്ഷയിൽ വാഴുന്ന ഓരോ കരയും തൽക്കാലത്തേക്കു മറ്റു സകലതും ഉപേക്ഷിച്ച് അവിടവിടെയുള്ള ആകാവുന്നവർ ശേഖരപ്പെട്ട് ഉടനെ പുറപ്പെടേണ്ടതാണെന്ന് ഒരഭിപ്രായം തോന്നുന്നുണ്ട്-" (അയ്യമ്പാ1 മകളെപ്പോലെ വിദ്വാൻ അച്ഛനും ഭ്രാന്തുപിടിച്ചു.) "അതിനു നാം ആരംഭിച്ചാൽ പലരും നമ്മുടെ വഴി കണ്ട് അതുപോലെ പ്രവർത്തിക്കുമ്പോൾ ശത്രുസൈന്യം ഒന്നു കിടുങ്ങും. ഇങ്ങനെ ചെയ്തില്ലെങ്കിൽ നമ്മുടെ ക്ഷേത്രം, ഭവനം, കാവ്, കുളം എല്ലാം ബൗദ്ധൻ തൊട്ടുതൊടക്കി, തീവച്ചും തൂർത്തും മുടിക്കും. പട ചേർക്കുന്നതിലും മറ്റും എനിക്കത്ര പരിചയം ഇല്ലാത്തതിനാൽ ചുമതലയെല്ലാം അമ്മാവനെ ഏൽപ്പിക്കുന്നു..." (നീ എന്തോന്നാടീ ചന്തം നോക്കി നിൽക്കുന്നത്? കേട്ടില്ല്യോ? കുറുങ്ങോടൻ ചവുട്ടിത്തേക്കാനുള്ള ചാണോമല്ല.) "-അതുകൊണ്ട് തിരുവനന്തപുരത്തു ചെന്നു മുഖം കാണിച്ച് പുതിയ ആയുധങ്ങൾ വേണ്ടവയും വാങ്ങി, അവിടെ എത്തുമ്പോഴേക്ക് ഒരു നൂറിൽ കുറയാതെ പടയാളികളും വേണ്ടടത്തോളം കൂട്ടാളികളും ചേർത്തു തയ്യാറായിരിക്കണം. വേണ്ട പണം ചിലവിടുവാനും അമ്മാവനെ സഹായിപ്പാനും നന്ത്യത്തെ ചേട്ടനു പ്രത്യേകം ഒരെഴുത്തുംകൊടുത്ത് മാപ്പാട്ടെ കൃഷ്ണശ്ശാരെ ഇതു കൊണ്ടുവരുന്ന ഗോവിന്ദനോടൊന്നിച്ച് അയച്ചിരിക്കുന്നു. വസ്തുതയെല്ലാം തിരുമനസ്സറിയിച്ചിട്ടു വരുമ്പോൾ ഞാൻ ഇളിഭ്യനായിപ്പോകരുത്. അതിനാണ് അങ്ങോട്ടുതന്നെ ഏൽപ്പിക്കുന്നത്" (അങ്ങനെ! ആണുങ്ങക്കറിയാം ആളും തരവും. കെട്ടിനകത്തു കിടന്നു കുരയ്ക്കുന്ന കൊടിച്ചികളു മണം കണ്ടോ, ഗുണം കണ്ടോ?) ‌"-ശേഷം മുഖദാവിൽ. ശ്രീമഹാഗണേശന്റെ അനുഗ്രഹത്തിനായി ഒരു വലിയ നിവേദ്യം കഴിപ്പാൻ ഉടനെ ഏർപ്പാടുചെയ്ത് [ 310 ] നമ്മുടെ ഭഗവതിക്ഷേത്രത്തിൽ ജയിച്ചു വരുന്നതുവരെ ദിവസേന പന്തിരുനാഴിയും ചുറ്റുവിളക്കും നടത്താൻ വിഷ്ണുപ്പോറ്റിയെയും അറിയിച്ചു വയ്ക്കയും വേണം. ഈ കാര്യമെല്ലാം നന്തിയത്ത് ഉണ്ണിത്താൻ ഉടയാൻ കേശവൻ" എന്നിങ്ങനെ, ആവരണചിഹ്നങ്ങൾക്കുള്ളിലുള്ള സ്വന്തം അഭിപ്രായങ്ങളെച്ചേർത്തു വായിച്ചുതീർന്ന ഉടനെതന്നെ, പ്രണയായോധനങ്ങൾ മറന്ന്, വേട്ടയാടികളാൽ വേട്ടയ്ക്കൊരുമകനായി പൂജിക്കപ്പെടുന്ന കൃഷ്ണക്കുറുപ്പ് സേനാശേഖരത്തിനായി നന്ത്യത്തെജമാനന്റെ അരുളപ്പാടു വാങ്ങി പെരുമ്പറ അടിപ്പിച്ചു.

പടയണിവട്ടത്തിലെ നിരപ്പും നടയും നിലയും വെടിയുംകൊണ്ട കുറുങ്ങോട്ടു കരളി ഒരു സേനാനായകന്റെ നിലയനമായി. ഇക്കാലത്ത് ത്രിവിക്രമൻ പറവൂർ മടങ്ങി എത്തി ഗൗണ്ഡനെ പാണ്ട രക്ഷിച്ചതും ആ ചാണ്ഡാലസങ്കേതം ധ്വംസിക്കപ്പെട്ടതും കേശവനുണ്ണിത്താൻ പടചേർക്കുന്ന വൃത്താന്തവും ദിവാൻജിയെ ധരിപ്പിച്ചു. ആ യുവാവു മുഖേന, മാങ്കാവു ഭവനത്തിലോട്ട് ദിവാന്റെ ദൃഷ്ടി ചെല്ല്ലണമെന്ന് കുഞ്ചൈക്കുട്ടിപ്പിള്ള ആദ്യമായി അറിയിക്കുകയും ചെയ്തു. ബന്ധനത്തിൽനിന്നു രക്ഷപ്പെട്ട ഗൗണ്ഡന്റെ ഹസ്തപാദങ്ങളിൽ ശൃംഖലയും കണ്ഠത്തിൽ തൂക്കുകയറും ചേർക്കാനുള്ള ഉപായമായി, വേണ്ട രക്ഷാപത്രങ്ങളും അനുഷ്ഠാനോപദേശങ്ങളും നല്കി കാര്യക്കാർ ഭംഗാരാമനെ ടിപ്പുപാളയത്തിലേക്കു യാത്രയാക്കി. ഗൗണ്ഡന്റെ ബന്ധനമോചനങ്ങൾ, തിരുവിതാംകൂറിലെ സേനാസന്നാഹങ്ങൾ (കാര്യക്കാരുടെ ഉപദേശാനുസാരം ആ ഗൗണ്ഡഭടൻ സുൽത്താൻ കർണ്ണങ്ങളിൽ എത്താനായി ഒന്നിരട്ടിച്ചു) എന്നീ വൃത്താന്തങ്ങൾ ശ്രവിച്ച രാജപ്രസാദാർത്ഥികൾ ഗൗണ്ഡാവസ്ഥകളെ മാത്രം ആ ഭടൻ മുഖേന ഗ്രഹിച്ചതായി ടിപ്പുസമക്ഷം ധരിപ്പിച്ചു. ഭംഗാരാമൻ മടങ്ങി എത്തി രണ്ടുമൂന്നു ദിവസം കാത്തിരുന്നിട്ടും ഗൗണ്ഡന്റെ പ്രത്യാഗമനം കാണാഴികയാൽ സുൽത്താൻ കഴിഞ്ഞ അദ്ധ്യായത്തിൽ വിവരിച്ച സന്ധിശ്രമപരീക്ഷയ്ക്ക് ഒരുമ്പെട്ടു.

ഗൗണ്ഡൻ പാണ്ടയാൽ അനുവദിക്കപ്പെട്ട രണ്ടു കിങ്കരന്മാരോടൊന്നിച്ച് ഗിരിതടങ്ങൾവഴി വടക്കോട്ടു പ്രയാണം ആരംഭിച്ചു. പരിവാരങ്ങളുടെയും വ്യാപാരസാമാനങ്ങളുടെയും നഷ്ടത്താലുള്ള ക്ലേശഭാരവും സ്വാത്മാവിനെ ദുർബ്ബലികഴിച്ച് കരസ്ഥഭാവത്തിൽ സങ്കല്പിതമായിരിക്കുന്ന വിക്രമസിംഹാസനം കരഗളിതമായേക്കുമോ എന്നുള്ള വിശങ്കാഭാരവും ആ ഗിരികൂടകായത്തെ ദുസ്സഹമർദ്ദനം ചെയ്തു. ഏതു ശത്രുശൂലാഗ്രത്തിലെ മാണ്ഡവ്യനാക്കപ്പെട്ടാലും അല്പദിവസത്തെ വിശ്രമംകൂടാതെ ഒരു ചുവടുപോലും മുന്നോട്ടു നീങ്ങുകയില്ലെന്നു ശഠിച്ച് അയാൾ ഗോകർണ്ണശിവലിംഗത്തിന്റെ അചലതയെ അവലംബിച്ചു. എങ്കിലും ദാഹശാന്തിക്കു സഹായിച്ച ഒരു വനനദിയും, അതിന്റെ അപരപ്രാന്തത്തിൽനിന്നു വടക്കുപടിഞ്ഞാറോട്ടു തിരിഞ്ഞ് ഒരു നാട്ടുവഴിയും കാണുകയാൽ ആശീർണ്ണഗോളം ആ മാർഗ്ഗം തുടർന്നു മന്ദഭ്രമണം തുടങ്ങി. ഏതാനും [ 311 ] ദുർഗ്ഗപ്രദേശങ്ങൾ കടന്നപ്പോൾ, ഗൗണ്ഡഗതിയിൽ പരിചിതപ്രദേശത്തെ തരണംചെയ്യുന്നതുപോലെയുള്ള സഞ്ചാരലാഘവം പ്രത്യക്ഷമായി. വൃക്ഷശാഖകളിലെ പക്ഷികളെ ഭയപ്പെടുത്തി ഓടിച്ച ഹർഷോൽഘോഷങ്ങൾ ഗൗണ്ഡഭൃംഗിയിൽനിന്നു വിസർജ്ജിതമായി. ചില ചെറുകുന്നുകൾ കയറിയിറങ്ങി, ഒരു പാടത്തിന്റെ പ്രാന്തത്തിൽ എത്തിയപ്പോൾ, ഗൗണ്ഡദ്വിജൻ ആ സുദിനത്തിനു സന്തോഷപുരസ്സരം ആശിസ്സുകൾ നല്കി. മുമ്പിൽ കണ്ട പാടങ്ങൾ കടന്ന് കന്ദവല്ലികളാൽ സങ്കീർണ്ണമായുള്ള ഒരു രംഭാവനത്തിൽ നിലകൊള്ളുന്ന ഭവനത്തെ സ്വാതിഥ്യം കൊണ്ടു പൂതമാക്കാൻ മുക്തഖേദനായി കുതികൊള്ളുകയും ചെയ്തു.

'കോന്ന'ന്മാർ, 'മാതേവ'ന്മാർ എന്നു തുടങ്ങി വിഷ്ണുശങ്കരപ്രമുഖന്മാരുടെ നാമഭേദങ്ങൾ ധരിച്ചുള്ള ഒരു ഭടനിരയെ ചതുരുപായപ്രയോഗങ്ങളായി ഹസിച്ചും ശാസിച്ചും പ്രഹരിച്ചും തളർന്നിട്ടുള്ള കൃഷ്ണക്കുറുപ്പു തന്റെ ഭവനപ്പൂമുഖത്തു നെടുംപാടേ കിടന്നു സുഗ്രീവഹനുമാംഗദാദികളും അറിഞ്ഞിട്ടില്ലാത്ത കഷ്ടതകൾ സഹിക്കുന്ന ദുർദശയെക്കുറിച്ചു ഭാര്യാസമക്ഷം ആഖ്യാപനം തുടങ്ങി. ഇതിനു ചെവികൊടുക്കാതെ "അങ്ങേ വേലീന്നു രണ്ടു കാച്ചിലെങ്കിലും തോണ്ടിത്തന്നെങ്കിൽ-" എന്ന് അടുക്കളസ്സന്താപത്തെ അവർ പ്രലപിച്ചു. നിയമാനുസാരമായ നർമ്മരണത്തിനായി ആ കുംഭോദരപ്പെരുമാൾ നിദ്രാസേവികളുടെ വൈമനസ്യത്തോടെ എഴുന്നേറ്റപ്പോൾ മുഷിഞ്ഞിട്ടുണ്ടെങ്കിലും വിലയുള്ള തലപ്പാവും കുപ്പായാദികളും ധരിച്ചുള്ള ഒരു അതിഥിയുടെ പ്രവേശനം അന്നത്തെ പ്രണയകലഹത്തെ വിഘാതപ്പെടുത്തി. അരുന്ധതീതപസ്വിനിയുടെ അഭിവന്ദ്യഗാംഭീര്യത്തോടെ കുഞ്ഞിങ്ങേലിഅമ്മ എഴുന്നേറ്റു മാറിനിന്നു. ഹ്രസ്വനും വിസ്തൃതോദരനും ഗജപാദനുമായുള്ള ആ അത്ഭുതാകാരനെ കണ്ടപ്പോൾ കൃഷ്ണക്കുറുപ്പ് ആദ്യത്തിൽ ഒരു യാചകപ്രവേശമാണെന്നു സംശയിച്ചു. എന്നാൽ എന്തോ അന്ത:പ്രേരണം തന്നെ ജാഗരൂകനാക്കുകയാൽ സൂക്ഷിച്ചു നോക്കിയപ്പോൾ, ഹാ! സ്വപ്നമോ, മതിഭ്രാന്തിയോ പരലോകദർശനമോ എന്ന് അദ്ദേഹം സംഭ്രമിച്ചുപോയി. താൻ വൈശ്യദ്വിജനാണ്, ദേശാന്തരിയായി സഞ്ചരിക്കുന്നു. വയോവൃദ്ധിയാൽ ക്ഷീണിച്ചുപോയി, കൂടി രണ്ടു ഭൃത്യന്മാരുണ്ട്, അവർക്കും തനിക്കും എന്തെങ്കിലും ഭക്ഷണം കിട്ടണം എന്നും മറ്റും വൈഷ്ണവമണ്ഡൂകത്തിന്റെ പൃഥുലസ്വരത്തിൽ പുറപ്പെട്ട അഭ്യർത്ഥനയുടെ ഫലമായി, കുറുങ്ങോട്ടെ അന്നദാനശാല ആഗതന്മാർ മൂവരെയും മുക്തശ്രമന്മാരാക്കി. ഭക്ഷണാനന്തരം ഗൗണ്ഡപരദേശി ബഹുദേശാവസ്ഥകളുടെ വർണ്ണനകൾകൊണ്ട് കൃഷ്ണക്കുറുപ്പിനെ വിനോദിപ്പിച്ചു. ആ അപൂർവ്വാതിഥിയെ കാണ്മാനായി നന്ത്യത്തെ വലിയ യജമാനൻ തുടങ്ങിയിട്ടുള്ള കരക്കാർ കുറുങ്ങോട്ടെ സുപ്രസിദ്ധമായുള്ള രംഭാഫലാശനത്തിനു സന്നിഹിതരായി. ഗൗണ്ഡന്റെ അനാവർത്തനീയമായുള്ള സൃഷ്ടിവൈജാത്യത്തെ കണ്ടപ്പോൾ, വലിയ ഉണ്ണിത്താൻ വൈശ്വാനരസരസ്സിൽ നീരാടുന്ന അവസ്ഥയിലായി. ഉത്തരീയവ്യജനത്താൽ സ്വയം പരിചരിച്ചുകൊണ്ട് ആ പ്രഭുവും ഗൃഹനായകനും [ 312 ] പരസ്പരവീക്ഷണങ്ങളാൽ പ്രശ്നങ്ങൾ ചെയ്തുനിന്നു. ദേശാധിപനായി ബഹുമാനിക്കപ്പെട്ട പ്രഭുവിനോട് ഗൗണ്ഡനായ വാചാലൻ കുശലങ്ങളെ മുക്കുറയിട്ടപ്പോൾ, ആ രണ്ടു ശ്രോതാക്കളുടെയും അന്തർന്നാളങ്ങളിൽ ഒരു വിസർപ്പപീഡ വ്യാപരിച്ചു. അവരുടെ പ്രത്യേകാലോചനയുടെ ഫലമായി, ഏതാനും ദിവസത്തെ താമസത്താൽ തങ്ങളെ അനുഗ്രഹിക്കാൻ ഗൗണ്ഡൻ സല്ക്കരിക്കപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ വിപുലകണ്ഠം അനുമതിവാചികത്തെ ഗർജ്ജിച്ചു. നിവൃത്തനിര്യാണൻ എന്നു കാണപ്പെട്ട ആ അതിമാനുഷന്റെ കവചാദികൾ ശുചീകരണത്തിനായി രജകഹസ്തങ്ങളിൽ ഏല്പിക്കപ്പെട്ടപ്പോൾ, യജ്ഞോപവീതധാരിയായ ഗൗണ്ഡൻ കേരളീയവസ്ത്രങ്ങൾ ധരിച്ചു വാഴാൻ സസന്തോഷം അനുമതിച്ചു. ആ മുഴുക്കഴണ്ടിയാനായ കാരണവപ്പാട്ടിലെ പ്രസന്നവും ക്ഷതനാസാകളങ്കിതവുമായ മുഖേന്ദു കുഞ്ഞിങ്ങേലിഅമ്മയുടെ ഗൃഹലക്ഷ്മീത്വത്തെ അതിന്റെ സാക്ഷാല്ക്കാരത്തിൽ പ്രകാശിപ്പിച്ചു. സ്വൈരവാസവും ത്രികാലമൃഷ്ടാഷ്ടിയും കിട്ടിയ അനുചരന്മാർ ഗൗണ്ഡപ്രധാന്യത്തെ അനുഗ്രഹിച്ച് സ്വയംപ്രഭയുടെ സല്ക്കാരസുഖത്തെ ആസ്വദിച്ച വാനരസംഘത്തെപ്പോലെ തങ്ങളുടെ യാത്രാവിഷയത്തെ മറന്നു.

വസ്ത്രങ്ങൾ അലക്കിവരുന്നതിനിടയിൽ ഗൗണ്ഡൻ സമീപഗൃഹങ്ങൾ എല്ലാം ഒരു വിശേഷോല്ക്കണ്ഠയോടെ സന്ദർശിച്ചു. ബഹുരാജ്യസേനകളെ കണ്ടിട്ടുള്ള വിദഗ്ദ്ധന്റെ നിലയിലും ഭൃഗുതുല്യഗൗരവത്തോടും ആയോധനാഭ്യാസശാലയിലെ ഗുരുനാഥസ്ഥാനവും വഹിച്ച് കഴക്കൂട്ടം എന്ന പ്രദേശത്തും താൻ കണ്ടതുപോലുള്ള ആയുധാഭ്യാസം നടക്കുന്നു എന്നു കേട്ടപ്പോൾ ഗൗണ്ഡന്റെ ഹൃദയത്തിൽ അതിഥിപ്രശ്രയത്തെ അതിക്രമിച്ചു, ടിപ്പുവിനോടുള്ള ആശ്രയബന്ധവും ജനനോദിതമായുള്ള വാത്സല്യവും തമ്മിൽ ഒരു സമരം നടന്നു. ആ ദ്വന്ദ്വീഭാവത്തെ ഏകീഭവിപ്പിക്കുമാറ്, തന്റെ ആഭിചാരകൗശലങ്ങളെ നിയന്ത്രിച്ചുകൊള്ളാമെന്ന് ആ പൃഥുശിരകൻ തീർച്ചയാക്കിക്കൊണ്ട് ഇച്ഛാനിവർത്തനത്തിനുള്ള മാർഗ്ഗങ്ങളുടെ പരിചിന്തനത്തിൽ ലീനനായി.

നളൈശ്വര്യത്തിൽ അസഹനായ കലിക്കു പുഷ്കരസഖ്യം സമ്പ്രാപ്തമായതുപോലെ, ഗൗണ്ഡദസ്യുത്വത്തെ പരിചരിപ്പാൻ ജന്മനാതന്നെ കലിഗ്രസ്തനായുള്ള ഒരു പുരുഷമാണിക്യം ദത്തപ്രതിജ്ഞനായി. ഉണ്ണിത്താന്റെ നിയോഗാനുസാരമുള്ള സന്നാഹങ്ങൾ ഏതു നിലയിൽ എത്തിയിരിക്കുന്നു എന്നന്വേഷിച്ചു ധരിപ്പിപ്പാനുള്ള ദൂതനായി, ആ രംഗത്തിൽ പ്രസരിച്ചുള്ള പാതാളഭോഗീവിഷത്തെ പ്രവൃദ്ധമാക്കുമാറ്, കൊടന്തആശാന്റെ പുറപ്പാടുണ്ടായി. ഈ വികടാഗമനം കണ്ട്, അവിടത്തെ രസികസമിതി വഞ്ചിപ്പാട്ടോടുകൂടി അയാളെ എതിരേറ്റ്, ആ തുംഗാനുഭാവൻ എങ്ങായിരുന്നു എന്നുള്ള 'പൃച്ഛ'യാൽ സല്ക്കരിച്ചു. മിനുസവസ്ത്രങ്ങൾ ധരിച്ചും, മാറുന്നതിനു വേണ്ട എണ്ണം സംഗ്രഹിച്ചുള്ള ഒരു ഭാണ്ഡം [ 313 ] പേറുന്ന ഒരു ശിഷ്യനാൽ പരിസേവിതനായും പുനരുദയംചെയ്തിരിക്കുന്ന ആ ഗുളികൻ, ആ കടന്തൽക്കൂട്ടത്തെ മന്ദഹാസപീയൂഷത്താൽ ഉപചരിച്ച് തന്റെ കഷ്ടതകളെ വർണ്ണിപ്പാൻ തുടങ്ങി: "നിങ്ങൾ പൊല്ലാത്ത കൂട്ടര്. എല്ലാം ചത്തു കിടന്നില്ലേ?"

സംഘക്കാർ: "താനോടോ? 'എന്നു കാണ്മെനിന്ദുസാമ്യരുചിമുഖം' എന്നു പാടി ശിവരാത്രി ഭജിക്കയായിരുന്നോ?"

കൊടന്തആശാൻ: "ശിവനേന്ന് ഇവന്റെ കുപ്പക്കുഴിയിൽ കിടന്നുറങ്ങുവായിരുന്നു. അപ്പോൾ തുടങ്ങി ശ്വാനന്മാരുടെ മദ്ധ്യമാവതി, ആഹരി, സാരംഗം - ചാടി എഴുന്നേറ്റു ചങ്ങാതിമാരെ! ആശാൻ തലവീശിക്കളയൂല്ലേ? ഉറക്കപ്പാപോലും ചുരുട്ടാതെ ആ വേലിയും ഈ കടമ്പയും ചാടിയപ്പോൾ പിന്നെ- ഏ! 'കണ്ടതും കേട്ടതും മിണ്ടരുതിക്കാലം' എന്നല്ലേ കവിയുര? രാജ്യകാര്യത്തിൽ അളിഞ്ചക്കണ്ണിക്കു കാര്യമെന്തെന്നു നിങ്ങളും ചോദിച്ചേക്കാം. ഇതേ പരസ്യമാക്കാൻ പോകേണ്ട. അല്ലെങ്കിൽ അവസ്ഥക്കാരുടെ കാര്യമല്ലേ? നമ്പ്യാതിക്കെന്തിന് ഉണ്ടവല? അതുകൊണ്ടു കടക്കാം. നന്നേ പശിക്കുന്നു.

സംഘക്കാർ: "എടോ രസംകൊല്ലീ, മുഴുവൻ പറഞ്ഞില്ലെങ്കിൽ തന്റെ ഉണ്ടത്തല ഞങ്ങൾ തകർത്തു ഉണ്ടവലയിൽത്തന്നെ കോർക്കും."

കൊടന്തആശാൻ; "ശനിയരേ, കൊല്ലേണ്ട. കടമ്പ ചാടിയില്ലേ? അപ്പക്കണ്ടു ആ കുട്ടിക്കപ്പിത്താനെ. പെണ്ണെ തോളിലേറ്റിക്കൊണ്ടു 'നാണമെന്തിനിന്നു നിന്റെ പ്രാണനാഥനേഷ ഞാൻ' എന്ന മട്ടിൽ പറക്കുന്നു. നിങ്ങടെ കൂട്ടത്തിലല്ലേ കൊടന്ത വളർന്നത്? വിടുമോ? പറന്നു പുറകേ, ആ പെരുവഴിവരെ. നാഴിക പന്ത്രണ്ടാണു വച്ചുനീട്ടിയത്. അവിടെ അവന്റെ കുതിര ഹുജാർ. നാമെന്തു ചെയ്യും പാപികളേ? ആ അസത്തു മുമ്പിൽ, അവൻ പുറകിൽ - ഒരു പാച്ചിലും. കൊടന്ത വിട്ടില്ല. ജാംബവാനെപ്പോലെ ഝൽ എന്നു കുതികൊണ്ടു. ശനിപ്പിഴയ്ക്ക് ഒരു കുരുട്ടുകല്ല് അവിടെങ്ങാണ്ടോ കിടന്ന് ഇവനെ - നോക്കിൻ പെടുത്തിയിരിക്കുന്ന പാട്! നല്ലൊരു പല്ലിൽ ഒന്നു ചുങ്കം തീർന്നു. പിന്നെ എന്താടോ ഇങ്ങോട്ടു മടങ്ങീട്ടു കഥ! നേരെ പറവൂരേക്കു വെച്ചടിച്ചു. ഗുരുനാഥനെ കണ്ടു വസ്തുതകളെല്ലാം ധരിപ്പിച്ചു. ആ പുണ്യമുഖത്തിൽനിന്ന് ആ രണ്ടു ജന്തുക്കളും നശിച്ചുപോംവണ്ണം ശപിച്ചിച്ചു. ആരും ഇവിടെ കിടന്നു തിണ്ടാടേണ്ട. അവൾ ആ പാളയത്തിൽത്തന്നെയുണ്ട്."

ആശാനും ഗൗണ്ഡനും പരസ്പരം കണ്ടപ്പോൾ, അവർ ബ്രഹ്മവക്‌ത്രത്താൽ ജപിക്കപ്പെട്ട മന്ത്രംകൊണ്ടെന്നപോലെ ഏക ശരീരത്വത്തെ അവലംബിച്ചു. രണ്ടുപേരും ചേർന്നു ദേശദർശനംചെയ്തു രസിക്കുന്നതിനിടയിൽ ഗൗണ്ഡപാശത്തിന്റെ വലയത്തിൽ രാവണദർശനത്തിനായി ഹനുമാൻ അംഗീകരിച്ച ബദ്ധഭാവത്തെ സ്മരിച്ച കൊടന്തആശാൻ സ്വാഭിലാഷത്തെത്തുടർന്നു കുടുങ്ങിക്കൊണ്ടു. കുറുങ്ങോട്ടുഗൃഹവാസികളുടെ നിദ്രാസമാധിക്കിടയിൽ ഗൗണ്ഡൻ സ്വവസ്ത്രങ്ങൾ ധരിച്ചു വീണ്ടും വനപഥികനായി. ദിവാൻജി അവർകൾ ധരിപ്പാൻ കൊട്ടാരക്കരക്കാര്യക്കാർ [ 314 ] അടുത്തദിവസം അയച്ച സാധനത്തിൽ ഗൗണ്ഡന്റെയും കൊടന്തയുടെയും വ്യാപാരങ്ങൾ ഒരു കുജമാന്ദീസംയോഗമായി പ്രസ്താവിക്കപ്പെട്ടു.

കേശവൻഉണ്ണിത്താൻ എത്തുമ്പോൾ ഗൗണ്ഡനെക്കുറിച്ചുള്ള സംശയങ്ങൾ നിവർത്തിക്കാമെന്നു വിചാരിച്ചിരുന്ന നന്ത്യത്തെ യജമാനനും കുറുങ്ങോട്ടു കുറുപ്പും അപാത്രദാനത്തിന്റെ നിഷിദ്ധതെയെ മറന്ന് അനുഷ്ഠിച്ചുപോയ പാമരത്വത്തെ, ജാതിസ്വഭാവം എന്നുള്ള ആത്മവഞ്ചനത്താൽ പൊതിഞ്ഞുകൊണ്ടു. നാസികാവൈരൂപ്യവും വാർദ്ധക്യജങ്ങളായ ഭേദങ്ങളും മിശ്രഭാഷാപ്രയോഗവും നീക്കിവെച്ച് ആകാരവും സ്വരവും നടയും ചേഷ്ടാവിധങ്ങളും നേത്രമണികളുടെ പിംഗളതയും കണക്കാക്കുമ്പോൾ ഗൗണ്ഡൻ ചിലമ്പനഴിയത്തുനിന്ന് ഒരു രാത്രി മറഞ്ഞ ചന്ത്രക്കാറൻതന്നെ എന്ന് നന്ത്യത്തുകരയിലെ വാർഷ്ണേയജീവലന്മാർ തീർച്ചയാക്കി. ആ കരസാരഥികൾ രണ്ടുപേരും ഗാഢാലോചന ചെയ്തതിൽ മനുഷ്യബന്ധവിഷയത്തിൽ 'താദൃശം തങ്ങളിൽ സ്നേഹം' എന്ന തത്ത്വത്തെ സ്മരിച്ച് ഉണ്ണിത്താനെ കാണാൻ നില്ക്കാത്ത നരമേധകന്റെ കഥാപാരായണശ്രവണങ്ങൾ അന്നനിദ്രാദിമേധകമെന്നു വിധിക്കയും ചെയ്തു.

ആ പ്രമത്തനോ - അയാളൂടെ അനന്തരയാത്ര ആരംഭിച്ചത് ഒരു കുബേരനാൽ നയിക്കപ്പെട്ട സേനയെക്കൊണ്ട് ടിപ്പുവായ ശ്മശാനസ്രഷ്ടാവിനെ ധനജനാർച്ചനം ചെയ്തു പ്രീണിപ്പിക്കാമെന്നുള്ള മോഹയാനത്തിൽ ആരൂഢനായിട്ടാണ്. അഞ്ചിതമായുള്ള ഈ ആകാശയാനം സ്വാമിഹിതവർത്തിയായി പാണ്ടയാൽ കുറിക്കപ്പെട്ട സങ്കേതം കണ്ടു താഴ്ന്നപ്പോൾ തന്റെ ദശകണ്ഠവിഭുത്വം പുകഞ്ഞുപോകുന്നു എന്നു ഗൗണ്ഡൻ ചഞ്ചലപ്പെട്ടു. ശ്രീമഹാബലിവനത്തെ വൈകുണ്ഠപ്രഭമാക്കിയിരുന്ന വ്യാപാരമണ്ഡപത്തിൽ സംഘടിച്ച സദസ്സിൽനിന്നു വിശുദ്ധവാദിയായിപ്പിരിഞ്ഞ പെരിഞ്ചക്കോടൻ പെരിയനമ്പിക്കുടയും ഏന്തി, കണ്ട ഭാവം മാത്രം നടിച്ചു സോപാനാരോഹണം ചെയ്തതു ശുഭശകുനമല്ലെന്നു നമ്മുടെ അധ്വക്ഷീണർ ദർശിച്ചു. എന്നാൽ ബലിഷ്ഠപരിപന്ഥിത്വം ആ കായകൂടത്തെ രൂക്ഷഘർഷണം ചെയ്ത് അന്തർഭാഗങ്ങളെയും വടുക്കെട്ടിച്ചിട്ടുണ്ടായിരുന്നതിനാൽ ഗൗണ്ഡൻ കർമ്മദ്രുമത്തിലെ അനന്തരപ്രരോഹങ്ങളെ പ്രതീക്ഷിച്ച് അടങ്ങിക്കൊണ്ടു.

ഗുരുദശാനന്തരമായുള്ള ശനിപ്രപീഡനത്തിലെ രുധിരപ്രചാരാവസ്ഥയിൽ മാങ്കാവുഭവനം യുവസുമംഗലീയോഗ്യങ്ങളായ ഭൂഷണങ്ങളും പട്ടാംബരങ്ങളും അസ്ഥാനത്തിൽ അണിഞ്ഞുള്ള ഒരു വൃദ്ധവിധവയുടെ വസതിയെന്ന ആദരണീയത മാത്രം അവകാശപ്പെടുന്നു. കനകരത്നങ്ങളുടെ പ്രഭാപൂരങ്ങളോടു സന്തതബന്ധുവായി പരിചയമുള്ള ഗൗണ്ഡന്റെ വൈഡൂര്യനേത്രങ്ങളെ ആ വിപുലഭവനത്തിന്റെ പ്രാചീനത ഒരു വിലക്ഷണദർശനമായി പീഡിപ്പിച്ചു. ജീർണ്ണഭാഗങ്ങളോടു തരുശാഖകൾ സംഘടിപ്പിച്ചു തല്ക്കാലാവശ്യങ്ങൾക്കു പര്യാപ്തങ്ങളാക്കി ബഹുകൂടങ്ങളുടെ [ 315 ] പരപ്പുകൾ പുതുതായി മേഞ്ഞു നിരകൾ പ്രക്ഷാളനകർമ്മത്താൽ മിനുസപ്പെടുത്തി കല്പടികളുടെ അറ്റകുറ്റങ്ങൾ യഥോപയോഗം തീർത്തു നവീകരിക്കപ്പെട്ടിട്ടുള്ള ആ ഭവനത്തെ കണ്ടപ്പോൾ ഗൗണ്ഡൻ സൗധപരമ്പരാപരിശോഭിതമായ ചിലമ്പിനേത്തുഗൃഹത്തിന്റെ അദ്വിതീയതയെ സ്മരിച്ചു. തന്നെക്കൊണ്ടു സ്നേഹപുരസ്സരം ഗോപുരകവാടങ്ങളെയും ചുംബനംചെയ്യിച്ച ആ മഹാമന്ദിരം പാണ്ഡവന്മാർ അധിവസിച്ച ഇന്ദ്രപ്രസ്ഥം, ദില്ലിബാദുഷാക്കളുടെ മഹാമന്ദിരങ്ങൾ എന്നിവയോടു കിടയാണെന്ന് അഭിമാനിച്ചുകൊണ്ടു താൻ കാണുന്ന ദുഷ്‌പ്രഭാവലയിതമായുള്ള തിമിരസഞ്ചികാവലി തന്റെ പാദസ്പർശനത്താൽ അനുഗൃഹീതങ്ങളാവാൻ യോഗ്യങ്ങളല്ലെന്നുപോലും ഗൗണ്ഡൻ ധിക്കരിച്ചു. ഗൃഹപ്പറമ്പായ വിശാലവിസ്തൃതി ഒരു മനോഹരമൈതാനം ആക്കപ്പെട്ടിരിക്കുന്നതിൽ പ്രത്യക്ഷമാകുന്ന നവ്യതയും താല്ക്കാലികത്വവും നിമിത്തം ആ ഭൂവിഭൂതിപോലും ഗൗണ്ഡന്റ അഗാധഗർത്തസ്ഥങ്ങളായ നേത്രങ്ങൾക്കു ദർശനീയമായി തോന്നിയില്ല. കുരുക്ഷേത്രനിരപ്പിൽ ഗംഭീരവിശാലതയോടമരുന്ന ആ സമതലത്തെ വലയംചെയ്യുന്ന ഗിരിപോതങ്ങളുടെ അന്തർഭാഗം മട്ടുപ്പാപ്പംക്തികൾ എന്നപോലെ തട്ടുതിരിച്ചു, പത്തായിരംപേരുടെ പാർപ്പിനുള്ള ചെറുമാടങ്ങൾകൊണ്ട് അണിയിടപ്പെട്ടിരിക്കുന്നതും ഗൗണ്ഡന്റെ ജിജ്ഞാസയെ അസഹ്യപ്പെടുത്തി.

ഈ നവീകരണങ്ങൾ തന്റെ വാക്പാടവംകൊണ്ടു ഗൃഹനാഥസ്ഥാനം പാട്ടിലാക്കി സോദ്ദേശ്യാനുസാരം കയ്യാണ്ടുതുടങ്ങിയിരിക്കുന്ന പെരിഞ്ചക്കോടന്റെ ബുദ്ധിവൈഭവത്താലും അയാൾക്കു സ്വാധീനമായുള്ള പാണ്ടസ്സൈന്യത്തിലെ ഭടജനങ്ങളാലും നിവർത്തിക്കപ്പെട്ടവയായിരുന്നു. തിരുവിതാംകൂർസൈന്യത്തെ ടിപ്പുവിന്റെ രാക്ഷസബലം എതിർത്തുതുടങ്ങുമ്പോൾ അതിന്റെ സഹകാരിയായി സ്വജനസൈന്യത്തെ നിരോധിപ്പാൻ ഒരു നിഷാദബലം പെരിഞ്ചക്കോടൻ സജ്ജീകരിച്ച വൃത്താന്തം ഇതിനു മുമ്പുതന്നെ സൂചിപ്പിച്ചിട്ടുണ്ട്. ഈ സേനയെ അല്പം ദൂരത്തുള്ള ഒരു നിബിഡവനത്തിന്റെ ഗഹനതയിൽ തല്ക്കാലം പാർപ്പിച്ചുകൊണ്ട് യുദ്ധാരംഭകാലത്തെ പാളയമാക്കാൻ മാങ്കാവിലെ മൈതാനം ഒരുക്കി മാടങ്ങൾ പണിയിച്ചു. സ്വരാജ്യരക്ഷയ്ക്കായി രാജർഷിപ്രവരനായ രാമവർമ്മമഹാരാജാവിന്റെ തിരുവുള്ളത്താൽ നിയുക്തമായ ഒരു സേനാംഗത്തെ സൽക്കരിക്കേണ്ടതുണ്ടെന്ന് മാധവിഅമ്മ ധരിക്കുകയാൽ ശ്രീപത്മനാഭപ്രസാദംകൊണ്ടെങ്കിലും തനിക്കു ദുരിതമോചനം ലഭിക്കട്ടെ എന്നുള്ള പ്രാർത്ഥനയോടെ തന്റെ കല്ലറകളിൽ തൊടാതെ ചെറുതായ ഒരു ഈടിരിപ്പിനെ ആ സേനയുടെ നായകനും തന്റെ തല്ക്കാലരക്ഷാനാഥനുമായ വഞ്ചകനെ ഏല്പിച്ചു. ഇങ്ങനെയുള്ള കോശവിപാടനം മാങ്കാവുഭവനത്തെ സങ്കല്പവേഗത്തിൽ ഒരു ശ്രീകുമാരസങ്കേതമാക്കിത്തീർത്തിരിക്കുന്നു. ഈ സൈനികസംഭരണത്തെപ്പറ്റി ജനങ്ങൾ അറിഞ്ഞപ്പോൾ അതു രാജനിയോഗാനുസരണം തങ്ങളുടെ രക്ഷോപയോഗത്തിനായി അനുവർത്തിക്കപ്പെടുന്നതാണെന്നു കേൾക്കുകയാൽ [ 316 ] വൃത്താന്തങ്ങൾ ശത്രുപക്ഷശ്രവണങ്ങളിൽ എത്തി അധികാരമണ്ഡലത്തിന്റെ കോപോദയം സംഭവിപ്പിക്കാതിരിപ്പാൻ തങ്ങൾ തങ്ങൾക്കു കിട്ടിയ അറിവിനെ ഗോപനം ചെയ്തുകൊണ്ടു.

വഞ്ചിധർമ്മത്തിന്റെ സുസ്ഥിരനിലയെ പരിപാലിപ്പാൻ സമാഗതനായിരിക്കുന്ന വിദേശീയബന്ധുവിനു ഗൃഹരാജ്ഞിയുടെ നിലയിൽ മാധവിഅമ്മ സ്വാഗതം പറഞ്ഞപ്പോൾ ധനാരാധകനായ ഭൂതത്താൻ ആകാശോന്മുഖമായി ഉത്പതിപ്പിക്കപ്പെട്ടതുപോലെ മൂന്നാലടിയോളം പുറകോട്ടു ചാടിപ്പോയി. ആധിശുഷ്കിതയായ ആ ജ്യോതിഷ്മതിയിൽ, ബ്രഹ്മകൃത്രിമത്തിന്റെ സമഗ്രരസികത കണ്ട് അയാൾ ആ സങ്കേതവാസം സ്വാന്തർഗ്ഗതിക്ക് അരക്ഷണനേരത്തേക്കെങ്കിലും അനുയോജ്യമല്ലെന്നും ബന്ധുവിന്റെ നിലയിൽ താൻ ആദരിക്കേണ്ടതായി വന്നിരിക്കുന്ന പെരിഞ്ചക്കോടൻ ഗാഢമായ സഹവർത്തനത്തിനു യോഗ്യനല്ലെന്നും വിധിച്ചു. സൽക്കാരവചനങ്ങളോ? ഭൂലോകത്തിൽ ദുർല്ലഭമായുള്ള ഒരു മധുരഗീതത്താൽ തന്റെ ജീവശക്തി നിദ്രാലസ്യത്തിൽ ലീനമാകുന്നു എന്ന് ആ സാമാന്യഭാഷണംപോലും ആ അതിവിരസനെ വിഭ്രമിപ്പിച്ചു. സുൽത്താൻ, നവാബ് എന്നിവരുടെ മഹാസൗധങ്ങളെ പ്രദക്ഷിണംവച്ചു സഞ്ചരിച്ച അവസരങ്ങളിലും ഇതിന്മണ്ണമുള്ള കണ്ഠമുരളികളുടെ ലഘുഝരിക തന്റെ കർണ്ണങ്ങളെ അനുഗ്രഹിച്ചിട്ടില്ലെന്ന് അയാൾ വിസ്മയിച്ചു. ഗൗണ്ഡന്റെ ചിത്താവേശം തന്നെ സൽക്കരിക്കുന്ന സൗന്ദര്യധാമത്തിന്റെയും, മറ്റൊരു ഭവനപ്രവേശത്തിൽ തന്റെ പൗരുഷത്തിന് അമൃതസേചനംചെയ്ത് അതിനെ ക്ഷീണിപ്പിച്ച മഹതിയുടെയും വിപര്യയത്തെ സ്മരിപ്പാൻ അയാളെ പ്രേരിപ്പിച്ചു. തന്റെ വജ്രഹൃദയത്തെയും ആകർഷിച്ച സുശീലവതി ഗൃഹൈശ്വര്യസംവർദ്ധിനിയും വർത്തമാനസൽക്കാരിക ഭർത്തൃനാശിനി, കുടുംബധ്വംസിനി, സർവ്വസംഹാരിണിയും ആണെന്ന് ആ കാര്യവിചക്ഷണൻ വിവക്ഷിച്ചു.

സമാഗതന്റെ സംഭ്രമവൈവർണ്ണ്യങ്ങൾ മാധവിഅമ്മയുടെ അന്തർന്നാളസ്ഥമായ അഭിരുചിയെ അനുലോമ‌മായി തലോടുകയാൽ, അവർ പ്രസാദിച്ച് പണ്ടു ബാദരായണാർപ്പിതമായിരുന്ന പുരോഹിതസ്ഥാനത്തുതന്നെ ആ വൃദ്ധാതിഥിയെ സമാരാധിപ്പാൻ നിശ്ചയിച്ചു. "ഇരിക്കുക മുസലീ, നദിയിൽ സ്നാനംചെയ്തു തേവാരം ഉണ്ടെങ്കിൽ അതും കഴിക്കൂ. സ്വയം പാകത്തിനെല്ലാം മഠത്തിൽ ഒരുക്കിക്കാം."

യുദ്ധസംരംഭങ്ങൾ സംബന്ധിച്ചു ചിലതു നിർവഹിച്ചിട്ടു പുത്രാന്വേഷണത്തിനു പുറപ്പെടാമെന്നു പ്രതിജ്ഞചെയ്ത പെരിഞ്ചക്കോടൻ, പൊടുന്നനവേ പാഞ്ഞു മറഞ്ഞിട്ടും അധികതാമസംകൂടാതെ മടങ്ങി എത്തുകയാൽ അദ്ദേഹം ഒരു പാരമാർത്ഥികനും കർമ്മബന്ധത്താൽ അയാളിൽ നിക്ഷിപ്തമായുള്ള കൃത്യത്തെക്കുറിച്ചു സുബോധവാനും ആണെന്ന് മാധവിഅമ്മ വീക്ഷിച്ച് സ്വവിധിഗതി ശുഭോന്മുഖമായി തിരിയുന്നു എന്നു സമാശ്വസിച്ചു. അദ്ദേഹം രാജസേനയുടെ പ്രവർത്തനത്തിനും വാസത്തിനും പടനിലവും നിലയനങ്ങളും ഉണ്ടാക്കിത്തുടങ്ങി. [ 317 ] ഇങ്ങനെ അദ്ദേഹത്തിന്റെ പ്രതിജ്ഞാഖണ്ഡങ്ങളിൽ പൂർവഭാഗം നിവർത്തിതമാകുന്നതു കണ്ട് ഉത്തരകൃതവും നിസ്സംശയം നിർവ്വഹിക്കപ്പെടുമന്നുള്ള വിശ്വാസമധുവാൽ മാധവിഅമ്മ സ്വഹൃദയനാളത്തെ ആസേചനംചെയ്തു. ഇങ്ങനെയുള്ള അന്തസ്സന്തുഷ്ടിയിൽ ആമഗ്നയായിരിക്കുന്ന ആ ഗൃഹനായിക കുലീനസൗജന്യതയോടെ ചെയ്ത സൽക്കാരത്തിൽ ഗൗണ്ഡന്റെ ഹിതാനുസാരമായുള്ള വ്യവസ്ഥകൾ അടങ്ങിയിരുന്നതിനാൽ സരസഭാഷണത്തിനു നിൽക്കാതെ ആശീർവാദധോരണിയാൽ അവരുടെ ഗൃഹിണീവൈദഗ്ദ്ധ്യത്തെ അഭിനന്ദിച്ചുകൊണ്ട് അദ്ദേഹം നടയായി.

പെരിഞ്ചക്കോടന്റെയും ഗൗണ്ഡന്റെയും ഒന്നുരണ്ടു ദിവസത്തെ സഹവാസം അഭിമുഖന്മാരായ വ്യാഘ്രശാർദൂലങ്ങളുടെ മത്സരവീക്ഷണത്തിന്റെ നിലയിൽ കഴിഞ്ഞു. ഗൗണ്ഡൻ താമസിച്ച് എത്തിയതിനെക്കുറിച്ച് അനുചരന്മാരോടു ചോദ്യംചെയ്ത് പെരിഞ്ചക്കോടൻ വസ്തുതകൾ അറിഞ്ഞു. ഗൗണ്ഡകുംഭസ്ഥമായ രഹസ്യത്തെ വിസർജ്ജിപ്പിപ്പാൻ, അതിനെ ലക്ഷ്യമാക്കി ഉപായശൂലത്തെ പെരിഞ്ചക്കോടൻ ചൂണ്ടിയ മാത്രയിൽ, മഠവാസിയുടെ അന്തർഗഹനതയിൽ സംരംഭിച്ചിരുന്ന ഉപജാപപിണ്ഡത്തെ അദ്ദേഹം പ്രസവിച്ചു. ഗിരിചത്വരത്തോടു ചേർന്നുള്ള ഭാഗങ്ങളെല്ലാം നിഷാദസൈന്യത്തിനായി വേർതിരിച്ചിട്ട് ആഭിജാത്യമുള്ള ഒരു സേനാപംക്തിയുടെ താമസത്തിനു ഗൃഹാങ്കണമായുള്ള മൈതാനത്തിൽ വസതികൾ കെട്ടിക്കണമെന്ന് ഗൗണ്ഡൻ ആവശ്യപ്പെട്ടു. ഗൗണ്ഡൻ ഒരു വല വീശീട്ടുണ്ടെന്നും അതിൽ അകപ്പെടുന്ന മത്സ്യം ഏതെന്നും പെരിഞ്ചക്കോടൻ അപ്രയാസം ഗ്രഹിക്കുകയാൽ തനിക്ക് അനുകൂലമായ പ്രതാപധനങ്ങളുടെ ഒരു മഹാവർഷത്തെ അയാൾ ദർശിച്ചു. "സബാസ് മൊതലാളി!" എന്ന് അനുമോദിച്ചുകൊണ്ടു സ്വാന്തർഗ്ഗതത്തെ തുറന്നു പറഞ്ഞു: "നല്ലതു മൊതലാളീ! അപ്പോൾ, മൊതലാളി എവന്റെയെല്ലാം വീടുകളിൽ നിരങ്ങി വിരുന്തുണ്ടു?"

ഗൗണ്ഡൻ: "അജീ പെരിഞ്ചക്കോഡർ! ഷ്ഷ്യു! എങ്കയോ ഒരു സത്രം തേടിപ്പോനതിലെ എവരോ സൽക്കരിത്താർ. അപ്പോതു, താങ്കളുടെ പാണ്ടയിരിക്കേ- അവരുടെ ദൂതാൾ, ശിന്നക്കുറുമണിയാൻ-"

പെരിഞ്ചക്കോടൻ: "മതി മതി- കണ്ണി മണ്ണിടാൻനോക്കുമ്പോ പെരിഞ്ചക്കോടനൊന്നു മിശിറും. ചെലമ്പിനേത്തു വീടൊണ്ടല്ലോ- അതു പണിയിച്ച പുത്തി പുല്ല്. ഈ വീട്ടിലെ ഒരു വളറിലെ, അല്ലെങ്കിൽ ഒരു വാഴക്കൂമ്പിലെ പണി അവിടെ കാണാനൊണ്ടോ? അതു കെടക്കട്ടെ. കന്നന്മാരുടെ നോക്കും നീക്കും വാക്കും കണ്ടു, കരിങ്കന്നന്മാർ കരുവറിഞ്ഞുകളയും. മിടുക്കനും മിടുമിടുക്കനും ഉരയ്ക്കുമ്പോൾ കടുമിടുക്കൻ മോളില്. അതുകൊണ്ട് ഗൗണ്ഡച്ചെട്ടിയാരുടെ തക്കിടി മുണ്ടത്തരമൊന്നും ഇങ്ങോട്ടെടുക്കണ്ട." ഇതിനെ തുടർന്ന് പെരിഞ്ചക്കോടനും ഗൗണ്ഡനും തമ്മിൽ രണ്ടുപേരുടെയും അന്തർഗ്ഗതങ്ങൾ മുഴുവൻ വിടാതുള്ള ഒരു വാദം നടന്നു. ഗൗണ്ഡന് കേശവൻഉണ്ണിത്താനോട് പ്രത്യേകബന്ധം ഉണ്ടെന്നു താൻ ആദ്യമേ സംശയിച്ചു എന്ന് അതിന്റെ യഥാർത്ഥം പരീക്ഷിപ്പാൻ [ 318 ] ഉണ്ണിത്താന് ഒരു വാറോല താൻ അയച്ചു എന്നും, അതുകൊണ്ട് ആ ബ്രഹ്മാണ്ഡകാപട്യവാൻ ഇളകാത്തതിനാൽ പരീക്ഷാപദ്ധതി തുടരാൻ പുറപ്പെട്ടില്ലെന്നും എങ്കിലും ഗൗണ്ഡൻ കഴക്കൂട്ടത്തെ നിധി അപഹരിപ്പാൻ ചെയ്ത ശ്രമവും തന്നോടുകൂടി ചിലമ്പിനേത്തു പോയിരുന്നപ്പോൾ പ്രകടിപ്പിച്ച സ്ത്രീത്വവും തന്റെ സംശയത്തെ ഉറപ്പിച്ചിരിക്കുന്നു എന്നും, ഈ പരമാർത്ഥങ്ങൾ കായംകുളംവാളായ ടിപ്പുസുൽത്താൻ ധരിക്കുമ്പോൾ ആ ഇരുമുനവാൾ എന്തെല്ലാം കലാശിപ്പിക്കുമെന്ന് അറിഞ്ഞുകൂടെന്നും ആ കേന്ദ്രത്തിൽ താൻ ഒരുക്കിയിട്ടുള്ള പാളയത്തിൽ സഞ്ചയിക്കുന്ന സൈന്യാംശങ്ങളും അതിന്റെ നായകന്മാരും തന്റെ സേനാനിത്വം അംഗീകരിക്കണമെന്നും ഈ സേനാസംഭരണത്തിൽ ഗൗണ്ഡൻ യാതൊരു പ്രശംസയും സുൽത്താൻ സന്നിധിയിൽനിന്ന് അവകാശപ്പെട്ടുകൂടെന്നും, പെരിഞ്ചക്കോടൻ മുഷ്കുപിടിച്ചു ശഠിച്ചു.

പെരിഞ്ചക്കോടന്റെ സമ്പത്തു നിസ്സാരമെന്നു ഗ്രഹിച്ചും ടിപ്പുവിനെ തല കറക്കി വീഴ്ത്താനുള്ള സ്യമന്തകശതങ്ങൾ തന്റെ പാട്ടിലുണ്ടെന്നു ധൈര്യപ്പെട്ടും ഇരുന്ന ഗൗണ്ഡൻ തുല്യകൗശലവാനായി പെരിഞ്ചക്കോടനെ ഭർത്സിച്ചു: "ഇദെന്നാ പിള്ളയവാൾ? അദുവും ഇദുവും ശൊല്ലി പൈത്യം പിടിക്കക്കൂടാത്. ഗൗണ്ഡർ എത്തിനയോ പെരിഞ്ചക്കോഡരെ അന്തന്ത ഡർബാർകളിലേ പാർത്തിരിക്ക്. ഗൗണ്ഡരുടെ ആസ്തി മുച്ചൂടും നാസ്തിയാച്ചെന്റും നിനയ്ക്ക വേണ്ടാം."

പെരിഞ്ചക്കോടൻ: "അതും സബാസ് മൊതലാളീ! അങ്ങനെ ഉള്ളു വിടണം. ചിലമ്പിനേത്തേ നിലവറപ്പൂട്ടൊന്നു പൊളിയട്ടേന്നുതന്നെ ഞാനും പറയണു. എന്നാലക്കൊണ്ടോ, അതും എവന്റെ കെട്ടുപൂട്ടിൽ വിടണം. വഴീത്തേങ്ങാ എടുത്ത് ഗണപതിക്കടിക്കണത് ഏതെരപ്പനും ആവാം."

ചിലമ്പിനഴിയവനം ഏതെങ്കിലും ആകട്ടെ; അവിടുത്തെ ധനം തന്നെ സഹായിക്കേണ്ട ആവശ്യമില്ലെന്ന് ഗൗണ്ഡൻ പിന്നെയും വാദിച്ചു.

പെരിഞ്ചക്കോടൻ: "എന്തു മൊതലാളീ, ഉരുട്ടുകൊണ്ടു ലോകം പിരട്ടാനും പിടുങ്ങാനും നടക്കരുത്. ആ പെണ്ണിന്റെ കാര്യത്തിൽ അന്നു ചണ്ട പിടിച്ചപ്പം മൂപ്പീന്നു കേന്ദ്രീച്ചോണ്ടതും പെരിഞ്ചക്കോടൻ കൊരട്ടിലൊതുക്കീട്ടൊണ്ട്. ഒരു നവകോടിച്ചെട്ടിയാർക്ക് എന്നേ കൊലമരം കുഴിച്ചുനിറുത്തിപ്പോയി!"

ഗൗണ്ഡൻ: "ആമാമാ പെരിയ പുള്ളൈ. അന്ത മരം ഉന്നെ വിടുവാനാ? ആനാൽ, നമ്മ കഥയിലെ ഒരു റഹസ്യമിരുക്ക്. (കുപ്പായം നീക്കി പൂണുനൂൽ കാട്ടിക്കൊണ്ട്) ഇദൈ നാം ധരിക്കിറത് ബഹുവിദ്വാംസാൾ വൈദികാൾ മന്ത്ര കർമ്മപ്പടിയേ പോട്ടതിനാലാക്കുമെന്റു സുൽത്താൻ ബഹദൂർ സന്നിധാനത്തുക്കും തെരിയവരും കാളിപ്രഭാവഭട്ടജിയെ ധർമ്മരാജ്യം ഹതം ചെയ്‌വാനാ?"

പെരിഞ്ചക്കോടൻ: "അടിച്ചുവിട്ടൂടണം! നെടുംകഥയിൽ ഏതു പൊളിയും ഫൂഷണം. പരശുരാമനെന്നോ തമ്പ്രാക്കളെന്നോ ചൊല്ലിക്കൊള്ളണം." [ 319 ]

ഈ സംവാദത്തിന്റെ അവസാനത്തിൽ, ഗൗണ്ഡപരമാർത്ഥം അറിവാനും തന്റെ പ്രതിജ്ഞാനുസാരമായുള്ള ശ്രമങ്ങളുടെ വർത്തമാനസ്ഥിതികൾ അറിയിപ്പാനുമായി ഒരു ദൂതനെ പെരിഞ്ചക്കോടൻ ഒരു ഗൂഢമാർഗ്ഗത്തിൽക്കൂടി ടിപ്പുവിന്റെ പാളയത്തിലേക്കയച്ചു. പെരിഞ്ചക്കോടനും വ്യാജഅജിതസിംഹനും മാങ്കാവിലോട്ടു സംക്രമം സാധിച്ചത് ഈ മലയിടുക്കിന്റെ സൗകര്യംകൊണ്ടായിരുന്നു. പെരിഞ്ചക്കോടൻ അയച്ച ദൂതന്റെ മടക്കത്തിനു ദിവസം നാലഞ്ചു വേണ്ടിവന്നു. അജിതസിംഹരാജാവ് കരൂപ്പടനയിൽനിന്നു ബോട്ടു കയറിയ മുഹൂർത്തത്തിൽ വ്യാജ അജിതസിംഹൻ മുമ്പിലത്തേതിലും രമണീയമായുള്ള വേഷത്തിലും ഭൂഷണങ്ങൾ അണിഞ്ഞും നമ്മുടെ വൃദ്ധദസ്യുക്കളുടെ സാന്നിദ്ധ്യംകൊണ്ട് ആ രംഗത്തിനു വന്നുകൂടീട്ടുള്ള അസ്വാരസ്യത്തെ പരിഹരിപ്പാൻ പുറപ്പെട്ടു. മാങ്കാവുഭവനത്തിന്റെ മുൻതളത്തിൽ മാരീചസുബാഹുക്കൾ എന്നപോലെ സഹോദരത്വം നടിച്ച് ഐശ്വര്യകാലത്തിലെ ബാദരായണന്റെ അഭാവത്തെ പരിഹരിക്കുന്ന കലിദ്വാപരന്മാരെ കണ്ടപ്പോൾ അജിതസിംഹൻ ഗൗണ്ഡപാദങ്ങളിൽ സോപചാരം പ്രമാണം ചെയ്തു.