രചയിതാവ്:പന്തളം കേരളവർമ്മ/പിതൃഭക്തി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

സന്മാർഗമാല എന്ന കവിതാസമാഹാരത്തിൽ നിന്ന്

പിതൃഭക്തി[തിരുത്തുക]

പുച്ഛത്തിനന്യർക്കിടമേകിടാതെ-
യിച്ഛയ്ക്കിണങ്ങും വിധമൊക്കെ നൽകി
അച്ഛസ്വഭാവത്തൊടു കാത്തുപോരു-
മച്ഛൻ നമുക്കൊക്കെ നിഷേവ്യനല്ലേ?

നമ്മേച്ചുമന്നിങ്ങനെപത്തുമാസം
വന്മാലൊടും പെറ്റു വളർത്തിയേവം
ചെമ്മേ ഭരിക്കുന്നൊരു സാധുവാകു-
മമ്മയ്ക്കെഴും കാലിണകൂപ്പണം നാം

മാതാവുമത്താതനുമിഷ്ടമോടു
ജാതാദരം കാത്തുവരുന്നമൂലം
ഓതാവതല്ലാത്തസുഖത്തെയീനാ-
മേതാകിലും പൂണ്ടുവസിച്ചിടുന്നു.

പെറ്റുള്ളമാതാവിനുമേതുമട്ടും
പോറ്റുന്നൊരത്താതനുമുള്ളവണ്ണം
മറ്റുള്ള ബന്ധുക്കളിലാർക്കുമോർത്താൽ
ചെറ്റും ഹൃദിസ്നേഹമുദിക്കയില്ല

നന്മയ്ക്കുചേരുംപടിവേണ്ടതെല്ലാം
നമ്മൾക്കു നൽകിക്കുശലം വളർത്താൻ
അമ്മയ്ക്കുമുണ്ടച്ഛനുമിച്ഛപാര-
മമ്മട്ടിലന്യർക്കു വരുന്നതാണോ?

മാതാപിതാക്കൾക്കുടയോരുകാൽത്താ-
രേതും മടിക്കാതെ വണങ്ങി നിത്യം
ഏതാകിലും തത്പ്രിയമാചരിച്ചു
വീതാമയം വാഴുമവൻ കൃതാർത്ഥൻ

അമ്മേത്തൊഴാമച്ഛനെഴുന്ന കാൽത്താർ
നമ്മേത്തുണയ്ക്കട്ടെയിവണ്ണമെന്നും
ചെമ്മേ നിനയ്ക്കുന്നവർ ഭാഗ്യസൗധ-
ത്തിന്മേൽകരേറിസ്സുഖമാവസിക്കും.