രചയിതാവ്:പന്തളം കേരളവർമ്മ/പരോപകാരം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

സന്മാർഗമാല എന്ന കവിതാസമാഹാരത്തിൽ നിന്ന്

പരോപകാരം[തിരുത്തുക]

തന്നാൽ കഴിയും പ്രകാരങ്ങളെല്ലായ്പ്പൊഴു
മന്യർക്കുപകാരമാചരിച്ചീടണം
നന്നായ് പലതുണ്ട് സൽകർമ്മമിന്നതി-
ലൊന്നാമതത്രേ പരോപകാരവ്രതം.


മറ്റൊരുത്തർക്കൊന്നുനൽകിയാലായതു
മുറ്റുമിരട്ടിച്ചു പിന്നെത്തനിക്കു താൻ
തെറ്റെന്നിയേ വന്നുചേർന്നിടുമെന്നതിൽ
ചെറ്റുമേ സംശയിപ്പാനില്ല നിർണ്ണയം


പൊങ്ങും കടോരമാം സൂര്യന്റെ ചൂടെനേ-
ത്താങ്ങിത്തലകൊണ്ടു താഴെ നിൽപ്പോർക്കുതാൻ
തങ്ങും നിഴലാൽ തണുപ്പു നൽകിശ്ശുഭം
തങ്ങൾക്കു നേടുന്നു വൃക്ഷങ്ങൾകൂടിയും.


കണ്ടദിക്കിൽച്ചെന്നു പുല്ലും ജലങ്ങളും
വേണ്ടവണ്ണം താനാശിച്ചു പശുക്കളും
കൊണ്ടാടിയേറ്റം ചുരത്തുന്ന പാലിനാ-
ലുണ്ടാക്കിടുന്നു പരോപകാരം പരം


എണ്ണമറ്റീടും പുരാണങ്ങളെക്കൊണ്ടു
വർണ്ണിച്ചിടുന്നൈലെത്രയും സാരമായ്
ഗണ്യമായീടും പരോപകാരമാം മഹാ‌
പുണ്യമൊന്നാണതു ബോധിക്കിനേവരും.


അയ്യായിരംകോടി നെല്ലും പണങ്ങളു-
മയ്യാരസംകയ്യിലുണ്ടെന്നിരിക്കിലും
ഇയ്യാളുകൾക്കു പകരം ചെറുതുമേ
ചെയ്യാത്തവനെ നാം മാനിച്ചിടാദൃഢം


ചൊല്ലുവാനെന്തഹോ നിസ്സാരമാകുന്ന
പുല്ലും പരന്മാർക്കുപകരിച്ചീടുന്നു
നെല്ലും പണവും പരോപകാരത്തിനായ്
തെല്ലും മടിക്കാതെ നാം ചെലവാക്കണം