Jump to content

രചയിതാവ്:പന്തളം കേരളവർമ്മ/ദൈവഭക്തി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

സന്മാർഗമാല എന്ന കവിതാസമാഹാരത്തിൽ നിന്ന്

ദൈവഭക്തി

[തിരുത്തുക]

നമ്മെ സൃഷ്ടിച്ചു വേണ്ടുന്ന
നന്മ നൽകുന്ന ദേവനിൽ
തന്മനം ചേർത്തു നാം പർത്താൽ
തിന്മയെല്ലാമകന്നു പോം.

പകലും രാവുമെന്നല്ല
മഴയും വേനലും വരും
പിഴപറ്റാതെയീവണ്ണ-
മഴകിൽ ചേർപ്പതാരുവാൻ.

മലയും പല സസ്യങ്ങൾ
വിളയും നല്ല ഭൂമിയും
നിലവും നദിയും നിത്യം
നിലനിർത്തുന്നിതേതവൻ?

പശുപക്ഷിമൃഗാദിക്കും
കുശലത്തെ വരുത്തുവോൻ
കരുണാമൂർത്തിയദ്ദൈവം
കരുതേണ്ടവനാർക്കുമേ.

പാലിക്കും ദേവനിൽ തെല്ലു
പോലും ഭക്തിപെടാത്തവൻ
കാലിക്കൂട്ടത്തിനേക്കാളും
കേവലം നന്ദി കെട്ടവൻ.

ഭുവനാധീശനെബ്ഭക്തി
ബഹുമാനത്തോടെപ്പോഴും
ഭാവനം ചെയ് വവർക്കാപൽ-
ഭവമാം ഭീതി വന്നിടാ.

ആപത്തു പലതും നമ്മൾ-
ക്കാപതിക്കാമതൊക്കെയും
ആശുദൂരത്തകന്നിടാ-
നീശനേത്താണു കൂപ്പണം.

ഉലകിൽ ദൈന്യമോടെന്നും
വലയാതെയിരിക്കുവാൻ
കുലദൈവത്തോടർത്ഥിച്ചാൽ
ഫലമുണ്ടായിടും ദൃഢം.

ഇക്കണ്ട ലോകമഖിലത്തെയുമിപ്രകാര-
മുൾക്കൊണ്ടമോദമൊടുതീർത്തു ഭരിച്ചിടുന്നേൻ
ചൊൽക്കൊണ്ട ദൈവമടിതാരിണ കൂപ്പുവോരേ
കൈക്കൊണ്ടിടും കുശലമജ്ജനതയ്ക്കുദിക്കും.