രചയിതാവ്:പന്തളം കേരളവർമ്മ/ഐകമത്യം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

സന്മാർഗമാല എന്ന കവിതാസമാഹാരത്തിൽ നിന്ന്

ഐകമത്യം[തിരുത്തുക]

അതിശുഭകരമാകുമൈകമത്യ-
സ്ഥിതി കുറയാതെ മുറയ്ക്കു കൂടിവന്നാൽ
പ്രതിദിനമുളവായിടും നമുക്കീ-
ക്ഷിതിയിൽ മുറയ്ക്കഭിവൃദ്ധിയെന്നു സിദ്ധം.


ഇടയരുതാരുനാളുമാരോടും നാ-
മിടയിലിളക്കവുമിന്നു യുക്തമല്ലാ.
സ്ഫുടരസമൊടുമൈക്യമത്യമാർന്നാൽ-
പടരുമനശ്വരമായ സൗഖ്യമെന്നും.


ഒരുവനിഹതനിച്ചുതന്നെ ചെയ്യു-
ന്നൊരുമഹിത ശ്രമവും ഫലത്തിനാകാ
ഒരുമയൊടുമനേകരൊത്തു ചെയ്താൽ-
വ്വിരുതൊടു കാര്യമുടൻ ഫലിക്കുമല്ലോ.


നലമൊടു ജനതയ്ക്കു പാർക്കിലാർക്കും
വിലപെരുകും ബലമൈകമത്യമത്രേ
ഉലകിലിഹ ഗൃഹാദിവസ്തുവെല്ലാം
പലജനമൊത്തു പണിഞ്ഞു തീർത്തതല്ലോ.


ഒരു ബലവുമുറപ്പുമേതുമറ്റു-
ള്ളൊരു ചെറുപുല്ലുകൾ ചേർത്തിണക്കിയെന്നാൽ
കരുതണമതിനാൽ കരീന്ദ്രരേയും
വിരുതൊടു കെട്ടിയുടൻ വശത്തിൽ നിർത്താം.


അരുതരുതു പിണക്കമേതവർക്കും
കരുതണമാരേയുമാത്മതുല്യരായി
കുരുനൃപതികൾ തമ്മിൽ മത്സരത്താൽ-
കുരുതികഴിച്ചിതു തൻ കുലത്തെ മുന്നം.


നിരവധി ഗുണമൈകമത്യമൂലം
ധരണിയേവനുമുത്ഭവിച്ചിടുന്നു
പരമൊരുമ കലർന്ന ഹൂണരിന്ത്യാ-
ഭരണവുമേറ്റതു കണ്ടതില്ലയോ നാം?