രക്തപുഷ്പങ്ങൾ/മാവിൻചുവട്ടിൽ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

നയ്ക്കൽ, തെക്കേമുറ്റ, ത്തുച്ചയ്ക്കാ, മാവിൻചോട്ടി-
ലെനിക്കിപ്പൊഴുമോർമ്മയു, ണ്ടെത്തുമെന്നും ഞങ്ങൾ.
കൗപീനമാത്രാച്ഛാദിതാംഗരാം ഞങ്ങൾക്കന്നു
കൗമാരദിനങ്ങളേ, കൗതുകമേകീ നിങ്ങൾ.

സ്മരണയ്ക്കെന്തുത്സാഹമാണെന്നോ സങ്കൽപത്തിൻ
തിരമേലിന്നു വന്നാച്ചിത്രങ്ങൾ വരയ്ക്കുവാൻ!
പതിനെട്ടോണക്കലം വിടർന്നു വാടിപ്പോയീ;
പഥികന്മാരെപ്പോലെ ഞങ്ങളുമങ്ങിങ്ങായി!

ഇന്നുമപ്പടുകൂറ്റൻ മാവിനുമാത്രം ഭേദം
വന്നിട്ടില്ലണുപോലു, മത്ഭുതമാണോർക്കുമ്പോൾ!
തിരുമേനിമാരുച്ചയ്ക്കമൃതേത്തിനുശേഷം
പരിചിൽ പള്ളിക്കുറുപ്പാസ്വദിച്ചീടും നേരം,
ഞങ്ങളഞ്ചാറോമനച്ചങ്ങാതിമാരൊന്നിച്ചാ
രംഗത്തെ നിത്യം സജീവോജ്ജ്വലമാക്കിത്തീർക്കും
കുണുങ്ങി, ച്ചെറ്റും, മാറിൽ തങ്കത്താമരമൊട്ടു
കുലുങ്ങിത്തുണക്കാരിപ്പെൺകൊടിമാർ കൂടുമ്പോൾ,
അവരെച്ചിരിപ്പിക്കാൻ കോമാളിവേഷം കെട്ടി-
യവിടെക്കൂത്താടിക്കൊണ്ടാർത്തു കൂവീടും ഞങ്ങൾ,
പൂവാലനണ്ണാനോടു കെഞ്ചിടും, കനിഞ്ഞൊരു
പൂളുമാമ്പഴം ഞങ്ങൾക്കേകുവാൻ കടം, ഞങ്ങൾ.
ഒരു കാറ്റൂതുമ്പോഴേയ്ക്കെന്തൊരുൽക്കണ്ഠാവേശ-
മൊരു മാമ്പഴമെങ്ങാൻ വീഴ്കിലെന്തത്യാഹ്ലാദം!
കല്ലെടുത്തെറിഞ്ഞൊച്ചയുണ്ടാക്കി, ഭ്രമത്തിര-
ത്തല്ലലിൽത്തമ്മിൽത്തമ്മിൽ ചിരിച്ചും ലജ്ജിപ്പിച്ചും,
ഒരു ഞെട്ടൽപം നുള്ളിയെറിഞ്ഞു, മറുഞെട്ടു
വരുവാൻ പ്രാർത്ഥിച്ചും പൂങ്കാറ്റിനോടഭ്യർത്ഥിച്ചും,
ഔത്സുക്യമദമൗഢ്യമത്സരഭ്രമകല-
ഹോത്സാഹത്തിരച്ചാർത്തിലൊഴുകിപ്പുളച്ചാർത്തും,
നട്ടുച്ചപ്പൊരിവെയിലും പൂനിലാവാക്കിത്തീർത്ത
നഷ്ടശൈശവോത്സവരംഗമേ, നമസ്കാരം!

കരിയും കാവിമണ്ണും മഞ്ഞളുമരച്ചോരോ
വരയുംകുറിയുമിട്ടോരോരോ വേഷംകെട്ടി,
തകരപ്പാട്ടപ്പൊളിച്ചെണ്ടയുച്ചത്തിൽക്കൊട്ടി-
ത്തുകിലിൻ തുണ്ടും പാളപ്പാഴ്ക്കിരീടവും ചാർത്തി,
അന്നെത്ര 'കഥകളി' സോത്സാഹം നടത്തിയി-
ല്ലിന്നതോർത്തയ്യോ, നനയുന്നിതെൻ കൺപീലികൾ!

അന്നത്തെ'ത്താടിക്കാരൻ' പാത്താച്ചിരാമൻ പാവ-
മിന്നവനെങ്ങാണൂറ്റമേറുമാശ്ശുണ്ഠിക്കാരൻ?
മദ്യത്തിൻ ലഹരിയിൽ, പത്നിതൻ ഗൂഢപ്രേമം
ഹൃദ്യമായ് നുകർന്നൊരാ പ്രതിയോഗിതൻ ചത്തം
പിക്കർന്നു, കുടർമാല ചാർത്തിയ കൈയിൽ കൊടും-
വിലങ്ങുമായിട്ടവൻ തുറുങ്കിൽക്കിടക്കുന്നു!
അവ, ളപ്പാത്രം തേപ്പുകാരിതൻ മകൾ നാണി-
യവളെ, സ്ത്രീവേഷത്തിലെന്നോടൊത്താടിക്കും ഞാൻ.
ഇന്നവൾ, രാമൻ കാരാഗൃഹത്തിൽക്കടന്നപ്പോ-
ളന്യന്റെ വെപ്പാട്ടിയായങ്ങനെ ജീവിക്കുന്നു!
ശീമയ്ക്കുപോയിപ്പഠിച്ചെത്തി, യുദ്യോഗത്തുംഗ-
സീമയിൽ, നവോഢയാം നായികയോടും കൂടി,
ഉദ്രസം വിരാജിപ്പൂ തമ്പുരാൻ തൻ വത്സല-
പുത്രനാം കുഞ്ഞിക്കുട്ടൻ- പണ്ടത്തെയാട്ടക്കാരൻ!
ഘാതുകനാം രാമനെത്തുറുങ്കിലടപ്പിച്ച
നീതിശാസനം നിർമ്മിച്ചരുളും ന്യായാധിപൻ!
അപരൻ ശിവരാമൻ, നാലുകുഞ്ഞുങ്ങൾക്കച്ഛ-
നവനിന്നോരോ കൂലിവേല ചെയ്തുഴലുന്നു.
പപ്പുണ്ണി 'പത്മദേവാ'യ് ഹിന്ദിതൻ പ്രചാരത്തിൽ
പട്ടിണി പാതിപോക്കി ഗാമോദ്ധാരണം ചെയ്വൂ.
ശങ്കരൻ 'ലുധിയാനാ സിൽക്കു' ക, ളമേരിക്കൻ
തങ്കഭൂഷക, ളിവയ്‌ക്കേജന്റായ് വർത്തിക്കുന്നു.
ആറടി മണ്ണിനകത്തുണ്ടു വേലുവിൻ ധൈര്യ-
വീര്യ ഗർവ്വങ്ങൾ വെറും ചാമ്പലായടിഞ്ഞുപോയ്!
രത്നമ്മ സൗഭാഗ്യത്തിൻ ശൃംഗത്തിൽ യുവരാജ-
പത്നിയായ്, നേത്യാരമ്മയായ്സ്സുഖിച്ചരുളുന്നു.
മാധവി വിധവയും, തമ്പാൻ വക്കീലും കുഞ്ഞ-
നാധാരമെഴുത്തുമാ, ണങ്ങനെ മാറീ കാലം! ....

ഒരു വന്മാവിൻചോട്ടി, ലൊന്നിച്ചു വേഷംകെട്ടി-
യൊരു കാലത്തന്യോന്യമൊന്നുപോൽ കഴിഞ്ഞവർ-
ഞങ്ങ, ളാ ഞങ്ങളിന്നോ? കാലമേ, ഞൊടിക്കുൾലി-
ലെങ്ങനെയാക്കിത്തീർത്തു ഞങ്ങളെ നിശ്ശങ്കം നീ?
ഇന്നുമപ്പടുകൂറ്റൻ മാവിനുമാത്രം ഭേദം
വന്നിട്ടില്ലണുപോലു, മത്ഭുതമാണോർക്കുമ്പോൾ!
ഇപ്പൊഴും തേന്മാമ്പഴം പെറുക്കാൻ, വേഷംകെട്ടി-
സ്സസ്പൃഹമാട്ടക്കളി കളിക്കാ, നാഹ്ലാദിക്കാൻ,
വന്നുചേരുമാറുണ്ടു കുഞ്ഞുങ്ങളാ മാഞ്ചോട്ടി-
ലുന്നതകൗതൂഹലമുള്ളിലാർന്നുച്ചയ്ക്കിന്നും!
കവി, ഞാൻ കണ്ണീരിലൂടക്കാഴ്ച കാണുന്നേരം
കവിയും കുതുകത്തിൻ സ്മൃതിയെത്താലോലിപ്പൂ!!
                               -24-9-1941