Jump to content

രക്തപുഷ്പങ്ങൾ/തീപ്പൊരി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

1
'പ്രപഞ്ചമെന്തെന്നറിയാനുഴറ്റോ-
ടഗ്നിസ്ഫുലിംഗം കുതറിക്കുതിപ്പൂ;
ഞൊടിക്കകത്തായതു ശൂന്യതയ്ക്കു-
ള്ളഗാധഗർത്തത്തിലധ:പതിപ്പൂ.

       2

ഉദിച്ചു, വർത്തിച്ചു, നശിച്ചു, മാത്ര-
യ്ക്കകത്തതിൻ സർവ്വവുമസ്തമിച്ചു,
ഇതെന്തിനു, ള്ളാരുടെ യിന്ദ്രജാലം?
-പ്രപഞ്ചമേ, തീപ്പൊരിയല്ലി നീയും!

       3

കാണായ് വരുന്നൂ, കതിർ പെയ്തിടുന്നൂ,
കാണാതെയാകുന്നൂ ചരാചരങ്ങൾ;
പിന്നത്തെ വസ്തുസ്ഥിതിയോ?- തണുത്ത
തമസ്സു- നിർജ്ജീവത- നിദ്രമാത്രം!

       4

ആ നിദ്ര, യക്കൂരിരു, ളേതതിന്നു-
ള്ളങ്കത്തിലേയ്ക്കാണടിവെയ്പതീ നാം;
പലേതരത്തിൽ പല മാർഗ്ഗ്മായി-
ഗ്ഗമിക്കിലും താവളമൊന്നുമാത്രം!

       5

നിസ്സാരമീത്തീപ്പൊരി, യിജ്ജഗത്തിൽ
നിഷ്കർഷയില്ലാർക്കുമിതൊന്നു നോക്കാൻ;
അല്ലെങ്കിലെന്തി, ന്നലിവുള്ളതാർക്കാ-
ണധ:പതിപ്പോരെയനുഗഹിക്കാൻ?

       6

അണഞ്ഞുപോകാതിതടുത്തുണക്ക-
ത്തൃണത്തിൽ വീണോ, കഥയൊക്കെ മാറി;
ചെന്തീപ്പൊരിത്തെല്ലൊരു കാട്ടുതീയായ്!
പ്രപഞ്ചമൊട്ടുക്കു നടുക്കമായി.

       7

എന്തെന്തുമാറ്റം!- ഞൊടിയിൽജ്ജഗത്തി-
ന്നെന്തന്തരം!- വിപ്ലവധൂമഘോഷം!
പഠിച്ചിടട്ടേ പതിതർക്കുപോലും
പരാക്രമം സാദ്ധ്യമിതെന്നു ലോകം!

       8

കണ്ണൊന്നടച്ചിട്ടു തുറന്നിടുമ്പോൾൻ
ആം കണ്ടലോകം നവലോകമായി!
കുന്നാകവേ വൻകുഴിയായി മാറീ,
കുന്നായി ഗർത്തങ്ങളുയർന്നുപൊങ്ങീ.

       9

ഈ നാം നിരീക്ഷിപ്പതിലൊന്നുപോലും
യഥാർത്ഥമ, ല്ലൊക്കെയൊരിന്ദ്രജാലം!
ഹേ, മർത്ത്യ, നീയിന്നവ നോക്കിനിന്നു
മദിപ്പതല്ലല്ലി മഹാജളത്വം?
                               -10-6-1932

"https://ml.wikisource.org/w/index.php?title=രക്തപുഷ്പങ്ങൾ/തീപ്പൊരി&oldid=64588" എന്ന താളിൽനിന്ന് ശേഖരിച്ചത്