മയൂരദ്ധ്വജചരിത്രം (പത്തുവൃത്തം)
(1) കളവാണിമാക്കും പാടി' എന്നപോലെ.
കുരുരാജൻ ധമ്മപുത്രൻ ഗുരുഹിംസാമഹാപാപം
കരുതിത്തീർക്കുവാൻ ചെയ്തു ഗുരുവാക്കാലശ്വമേധം.
വിധിയാംപോലെ അശ്വത്തെ ക്ഷിതിയൊന്നു വലംവെയ്ക്കാൻ
വിധിപോലർജ്ജുനൻകാക്കും ഗതിയോടെ വിട്ടയച്ചു.
പലദിക്കിങ്കലുമോരോ ബലവാന്മാർ നരേന്ദ്രന്മാർ
ബലമായ്‍ക്കെട്ടുമശ്വത്തെ പലപോരിൽ കാത്തുപാർത്ഥൻ
നിജസേനാന്വിതൻ വീരൻ വിജയൻ കാക്കുമീയശ്വം
നിജയാനം ശ്രീമായൂരദ്ധ്വജരാജ്യത്തിലേയ്ക്കാക്കി.
പ്രജകളൊക്കെ വൈകണ്ഠപ്രജകൾക്കൊക്കുമാനാട്ടിൽ.
വിജയാശ്വത്തിനെത്താമ്രദ്ധ്വജരാജാത്മജൻ കണ്ടു.
അവനോ കാട്ടിൽ നായാടീട്ടവസാനം മടങ്ങുമ്പോൾ
ജവമോടിക്കണ്ടതാണിദ്ധവളാശ്വത്തിനെ മുമ്പിൽ.
മുടിയിൽ വീരവാദോക്തിച്ചൊടിയുള്ളീ മഹാശ്വത്ത
പിടികൂടീട്ടു ലായത്തിൽ കടികേറ്റാനവൻ വിട്ടു.
(2) 'അതുനേരം മന്നവന്മാർ' എന്നപോലെ.
അതു കണ്ടു തടഞ്ഞെതിർത്തിതു പാർത്ഥനുടനപ്പോൾ
പുതുമന്ദസ്മിതം ചെയ്തു പറഞ്ഞു കൃഷ്ണൻ:-
"വിജയ! നീ എതിക്കേണ്ട വിജയത്തിൽ വിഷമിയ്ക്കും
നിജഭക്തനിവനേറ്റം ഭുജബലാഢ്യൻ.
ഇരുവരുമിനിയ്ക്കൊപ്പമൊരുവനിൽ പക്ഷഭേദം
കരുതി ഞാൻ കളിക്കില്ലെന്നറിഞ്ഞിടേണം".
ഹരിയേവം പറഞ്ഞിട്ടും ഹരിഹയാത്മജൻ വീരൻ
തരിമ്പുമേ പിൻവലിയ്ക്കാതരിശംകൊണ്ടു
വിജയനും പിന്നെത്താമ്രദ്ധ്വജനുമായ്‍രണം ചെയ്തു
നിജഭുജബലംകൊണ്ടു വിജയം നേടാൻ.
പലപല ദിവ്യാസ്ത്രങ്ങൾ നിലനോക്കി പ്രയോഗിച്ചു
ജലാനിലാനല ലീലാവിലാസം കാട്ടി
സമനിലയ്ക്കവരെയ്തു സമർത്ഥരായ് പൊരുവതും
സമരസം കണ്ടുകണ്ണൻ സമന്ദഹാസം.
തുണയ്ക്കെത്തും വിജയന്റെ ഗണങ്ങളെ വായവ്യാസ്ത്രം
കിണഞ്ഞെയ്തു പറപ്പിച്ചു രണസമർത്ഥൻ.
വലരിപുതനയനേ പലവിധം രണംകൊണ്ടും
വലയ്ക്കുവാനരുതാഞ്ഞു നരേന്ദ്രപുത്രൻ,
ചൊടിച്ചെതിരിർത്തേരിൽച്ചാടിപ്പിടിച്ചിതു പാർത്ഥനേയും
ചൊടികൂടും സാരഥിയാം മുകുന്ദനേയും,
ഇരുകക്ഷത്തിലുമോരോ വിരുതരെത്താങ്ങീക്കൊണ്ടു
പുരുബലൻ പുറപ്പെട്ടു പുരം പൂകുവാൻ.
(3) യോഗിനാഥൻറെ രൂപലാവണ്യം' എന്നപോലെ.
പാർത്ഥനും മുകുന്ദനും പാർത്ഥിവാത്മജൻ കക്ഷം
ചേർത്തെടുത്തേന്തിക്കൊണ്ടു നടക്കുന്ന നേരം
പേത്തുമേ കൌശലങ്ങളോർത്തുടൻ തമ്മിലൊത്തു
പാർത്തുപോലങ്ങു ചത്ത ശവങ്ങൾപോലേ.
കേവലം നിശ്ചഷ്ടന്മാരാ വരപുരുഷന്മാർ
പോം വഴിതന്നിൽ താഴെ നിലത്തു വീണു.
ഒത്തുപാർത്തിരുവരും ചത്തുവെന്നാത്തു വീരൻ
അസ്ഥലത്തിട്ടു ചെന്നു പിതൃസമീപേ.
അച്ഛനോടുണ്ടായൊരു മെച്ചമാം പ്രവൃത്തികൾ
അച്ഛലമുണർത്തിച്ചു നൃപതനയൻ.
"ശാശ്വതർ കൃഷ്ണാർജ്ജുനരീശ്വരരവർക്കുണ്ടോ
നശ്വരനരർക്കൊക്കും വെറും മരണം?
ഉൾച്ചിതം പൂണ്ടവരെ നെച്ചിലും കാണ്മാനീ ഞാൻ
ഇച്ഛിച്ചാണിരിപ്പു നീ കളഞ്ഞ കാര്യം"
അച്ഛനീവണ്ണം പാരം പുഛിച്ചു തനയനേ
സ്വച്ഛമാനസൻ ഭക്തൻ മയൂരദ്ധ്വജൻ.
(4) "ഓമനത്തിങ്കൾ കിടാവോ" എന്നപോലെ.
കണ്മിഴിച്ച കൃഷ്ണന്മാരും - പോന്നു
തമ്മിൽ പറഞ്ഞൊത്തു പാരം
അമ്മഹീപാലനിൽ ചേരും-നല്ല
വന്മഹത്വം കാണാൻ സ്വൈരം
വൃദ്ധദ്വിജനായി വിഷ്ണു -ബാല-
മുഗ്ദ്ധദ്വിജനായി ജിഷ്ണു.
രണ്ടുപേരും കൂടിച്ചേർന്നു -നാടു
കണ്ടു രസിച്ചങ്ങു ചെന്നു.
രാത്രി ചെന്നെത്തി പുരത്തിൽ-ശുഭ
ഗാത്രിമാർകൂടുമിടത്തിൽ.
എല്ലാടവും വിഷ്ണു ഭക്തി-യുള്ളോ-
രല്ലാതെയില്ലവിടത്തിൽ.
കൊട്ടുണ്ടു പാട്ടുണ്ടു കേൾപ്പു -അതിൽ-
പ്പെട്ടുണ്ടു ഭക്തി ലസിപ്പൂ.
ഏകാലയത്തിൽ കടന്നാരവ-
രേകാന്തഭാഗത്തു ചെന്നാർ.
ഏകാഗ്രരായ്ക്കേട്ടുനിന്നാർ -വര-
സ്ത്രീകാന്തസല്ലാപമന്നാൾ.
രാധയായ് സ്ത്രീയുരയ്ക്കുന്നു-പൂമാൻ
മാധവനായ് രസിയ്ക്കുന്നു.
മറെറാരേടം ചെന്ന നോക്കി-അതിൽ
പെറ്റകിടാവിനെ നോക്കി,
പെറ്റമ്മ ലാളിച്ചു ലാക്കി-ലുണ്ണി-
യുറ്റ മുകുന്ദനെന്നാക്കി.
രണ്ടുപേരുണ്ടോരുദിക്കിൽ -വാശി
കൊണ്ടുപോരുന്നു വഴക്കിൽ.
കൊണ്ടൽനേർവണ്ണൻ ഞാൻ പാർക്കിൽ കംസ-
കണ്ടകൻ നീയെന്നേറ്റൂക്കിൽ
ബാലകന്മാർ പുലർകാലേ -ഉണർ-
ന്നാലയം തോറുമേ ചാലേ
ബാലകൃഷ്ണന്മാരേപ്പോലെ -വെണ്ണ
പാലും ചിലത്തുന്നു കാലേ.
ഇത്തരമോരോ വിശേഷം- കണ്ടു
ചിത്തരസം പൂണ്ടശേഷം,
ഉത്തരംഗഭക്തിഘോഷം -പാർത്തി-
ട്ടുത്തരം രാത്രിയ്ക്കു ശേഷം
രാജാവിനെക്കാണ്മതിന്നു- മന്ദം
വ്യാജാന്തണരുള്ളിൽ ചെന്നു.
ശ്രീജാനിജിഷ്ണുക്കൾ നിന്നു -കണ്ടു
ഭൂജാനിയുമേറ്റു നിന്നു.
5. "മുരവൈരിദേവന്റെ സഖിയായ പാർത്ഥന്റെ" എന്നപോലെ.
വന്ദനം! ഹേ! വൃദ്ധ ബ്രാഹ്മണ! ഭൂദേവ-
നന്ദന! കൈതൊഴാ'മെന്നീവണ്ണം
മന്നവൻ പൂജിച്ചിരുത്തിയശേഷമാ-
വന്നതിൻകാരണം ചോദ്യം ചെയ്തു:-
"യോഗ്യരാം നിങ്ങളെക്കണ്ടുകിട്ടീടുവാൻ
ഭാഗ്യമില്ലാത്തവർക്കാകയില്ല.
ശ്ലാഘ്യമാം പോലെന്റെ പൂർവ്വപുണ്യം ജന-
ശ്ലാഘ്യരേ! സത്യം ഫലിച്ചു നൂനം.
എങ്കിലും വന്നതിൻകാര്യം നടത്തുവാ-
നെങ്കലുണ്ടാഗ്രഹമേറിനിൽപ്പു
ശങ്കവിട്ടിങ്ങിനെ മുന്നവൻ ചൊന്നപ്പോൾ
പങ്കജലോചനൻ വൃദ്ധൻ ചൊല്ലി:
"നിന്നുടെ രാജ്യത്തു കാട്ടുജന്തുക്കളും
തന്നുടെ ധർമ്മം വിട്ടില്ലപോലും.
എന്നതുകൊണ്ടുമെനിക്കു കഴക്കായി
വന്നതും തീത്തു നീ രക്ഷിക്കണം.
ഒറ്റമകനെനിക്കീയിവനു വിദ്യകൾ -
ക്കറ്റംപിടിച്ചോരു ചാരുശീലൻ
പെട്ടെന്നിവനെ വനത്തിൽവെച്ചന്നിലെ
പിട്ടല്ല സിംഹം കടിച്ചെടുത്തു.
സത്യം ഹരിയോടു വിട്ടുതരാൻ കനി-
ഞ്ഞത്യന്തമപ്പോളപേക്ഷിച്ചു ഞാൻ.
"സത്യവ്രതക്ഷമാപാലകന്റെ പാതിമെയ്
കൃത്യമറുത്തെടുത്തേകാമെങ്കിൽ
ശുദ്ധസത്വദ്വിജദേഹം വിടാം പരി-
ശുദ്ധമാം മാംസമേ തിന്നുള്ള ഞാൻ".
എന്നു സിംഹം ചൊന്നതേറ്റു മുറിപ്പെടാ-
തെന്നുണ്ണിയെ വാങ്ങിക്കൊണ്ടുപോന്നേൻ.
വങ്കടക്കാരാം പ്രജകൾക്കു പറ്റുന്ന
സങ്കടം തീർത്തിടും ലോകനാഥ!
നിൻകൃപയല്ലാതെനിക്കില്ലൊരാശ്രയ-
മെൻകുഴപ്പം നീക്കി രക്ഷിക്കണേ.
6. "ഓമനക്കുട്ടൻ ഗോവിന്ദൻ" എന്നപോലെ.
വൃദ്ധബ്രാഹ്മണ വാക്കിതു കേട്ടു
ശുദ്ധസത്വവാൻ സത്യവാൻ
സിദ്ധമെൻ ജപ്രമെന്നോത്തു കാഴ്ച -
മഹരാപതി കയ്യേററു.
ദക്ഷിണാർദ്ധാംഗമന്നവൻ ദ്വിജ-
ദക്ഷിണാർത്ഥമായേറ്റപ്പോൾ
തൽക്ഷണം വന്നുകാണായി സത്വ-
ലക്ഷണം കാട്ടും നിംഹവും.
അത്ഭുതപ്പെട്ടു നാട്ടുകാർ വിപ്ര-
നപ്പോഴേ ചൊന്നാൻ പിന്നേയും:-
"ഇപ്രകാരം നീയെൻപ്രിയം ചെയ്വാൻ
ക്ഷിപ്രമേറ്റതു സന്തോഷം.
നാട്ടുനായകനാണല്ലോ ഭവാൻ
നാട്ടുകാരുടെ സ്വത്തല്ലോ;
കേട്ടുകൊൾകവർ സമ്മതിക്കണം
കൂട്ടുകാർ മന്ത്രിമുഖ്യരും;
കാര്യം ദുർഘടം കൂട്ടല്ലേ- നിജ
ഭാര്യയും സമ്മതിക്കേണം;
ധൈര്യവാരിധേ! പുത്രനാത്മാവാ-
വീര്യവാൻ സമ്മതിയ്ക്കേണം;
ഇജ്ജനമൊക്കെ സമ്മതിച്ചാലേ
സജ്ജനാവേണ്ടു രാജേന്ദ്ര!
സജ്ജനം കുററം ചൊല്ലുമോ എന്നാ -
ണിജ്ജനത്തിനു ദുശ്ശങ്ക.-
തീർച്ചയായ്ച്ചിരിച്ചോർത്തു സന്തോഷ-
ത്തേർച്ചയിൽ ഭാര്യാപുത്രന്മാർ
ഈർച്ചവാൾകൊണ്ടു നിന്നംഗം കീറി
നേർച്ച പോലെനിയ്ക്കേകേണം
എന്നാലേ കഷ്ടദുശ്ശങ്കയ്ക്കിനി-
യ്ക്കൊന്നാശ്വാസനമാവുള്ളൂ.
എന്നാൽ വേണ്ടതു ചിന്തിച്ചു ചെയ്ക
നന്നായ് വന്നിടും രാജാവേ!
(7) "ഗോപകുമാരകനില്ലെടാനിന്നുടെ"എന്നപോലെ
ഭൂമീസുരവൃദ്ധനിങ്ങിനെ ചൊന്നതു
ഭൂമീശവീരൻ നേരെ-കേട്ടു
കാമിച്ചതുപോലെ നാട്ടാരേയും ചേർത്തു
സ്വാമി സചിവരേയും
സാമ്രാജ്യലക്ഷ്മിയാം ഭാര്യയേയും പുത്രൻ
താമ്രദ്ധ്വജൻ തന്നേയും ലോക-
സമ്മതനാം നൃപനാനയിച്ചാൻ ദ്വി-
വന്മഹത്വത്തെ വാഴ്ത്തി
ഉണ്ടായ സംഗതിയെല്ലാം വിവരിച്ചു-
കൊണ്ടാശു സമ്മതത്തെ-പരം
കൊണ്ടാടിയാദരിച്ചേറ്റുവാങ്ങിത്തരം
കണ്ടാക്രിയയൊരുങ്ങി
സിംഹാസനത്തിലെഴുന്നരുളും രാജ-
സിംഹാന്തേ മുമ്പും പിമ്പും-ജീവ-
സംഹാരിയാമീർച്ചവാളുമായ് ഭാര്യയും
സിംഹാധികൻ മകനും
ദാനധർമ്മത്തിങ്കലേറ്റവും ശ്രദ്ധയോ-
ടാനന്ദഹാസം തൂകി-ബഹു-
മാനത്തോടും നരനായകന്റെ ശിരഃ-
സ്ഥാനത്തു വാളു വെച്ചു.
ഈർച്ചവാളിങ്ങിനെ വെച്ചപ്പോളാശ്ചര്യ-
മൂർഛയിലാർക്കും ഘോഷം - ചുററും
ഉച്ചത്തിൽ കേൾക്കായി വാൾവലിച്ചീർന്നീടു-
മൊച്ച മറയ്ക്കും വണ്ണം.
നിർജ്ജരേന്ദ്രാത്മജനർജ്ജുനൻ ബാലഭൂ-
നിർജ്ജരവേഷം പൂണ്ടോൻ-കണ്ടു
സജ്ജനമാഹാത്മ്യം സന്തോഷസാഗര -
മജ്ജനം ചെയ്തുകൊണ്ടാൻ.
പാർത്ഥന്റെ കേതുവിൻമേലേ കുടിയേറി-
പ്പാർത്തിടും മർക്കടത്താൻ-സിംഹ-
മൂർത്തിയായ് വന്നവൻ പോലുമീസാഹസം
പാർത്തു കുളുർമെയ'കൊണ്ടാൻ.
(8) 'മററുളളഗോപീമർ കാനനംതന്നിൽ' എന്നപോലെ
രാജകുമാരനും രാജ്ഞിയും കൂടി
രാജപ്രവീരന്റെ മൌലിതലത്തിൽ
മുതലവാൽവാളൂക്കിൽവെച്ചു വലിക്കേ
ചിതറി തെറിച്ചിതു രുധിരകണങ്ങൾ.
സുന്ദരവക്ത്രത്തിൽ സംഭൃതഹർഷം
മന്ദസ്മിതം തൂകി മന്നവനപ്പോൾ.
കൃഷ്ണാർജ്ജുനദ്വിജഹരികളടുക്കെ
തൃഷ്ണാത്ഭുതത്തോടും കണ്ടങ്ങു നിൽക്കേ
ബലമോടുമീർന്നിടും ഭൂപതിദേഹം
തലമുതൽ മൂക്കോളം കീറിപ്പിളർന്നു;
അല്പസ്മിതഛായ ചുണ്ടിൽ വിശേഷാൽ
അപ്പോഴും കാണായിരുന്നിതുതാനും.
കെല്പറ്റിടം കണ്ണിൽ നിന്നു തദാനീം
അല്പമൊലിച്ചിതു കണ്ണീരുമത്രേ;
വൃദ്ധദ്വിജനതു കണ്ടുപിടിച്ച
ബദ്ധപരുഷമാം വണ്ണമുരച്ചു:-
"വേണ്ടാ മതി മതി സങ്കടം വേണ്ടാ
കണ്ടാലും ലോകരേ! കണ്ണീർ വരുന്നു.
ദുഃഖിച്ചു നൽകുമീ ദാനവിധാനം
ഒക്കില്ലാ ഞാനിതു വാങ്ങുകയില്ല."
വൃദ്ധദ്വിജൻ ചൊടിച്ചിത്ഥമുരയ്ക്കേ
മുഗ്ദ്ധസ്മികം ചെയ്തു രാജ്ഞി പറഞ്ഞു:-
(9) “എങ്ങിനേ സഹിക്കും യശോദേ" എന്നപോലെ,
"സാഹസമേവം ചൊല്ലൊല്ല- നീരസത്തോടെ
സ്നേഹമേറും ദയാരാശ്രേ!
ദക്ഷിണാംഗമവിടേയ്ക്കു ദക്ഷിണയായ്ത്തരുന്നേരം
പക്ഷപാതം കണ്ടു വാമപക്ഷമല്ലോ കരയുന്നു. (സാഹസമേവം)
ഭാര്യയല്ലോ ഭർത്താവിന്നു കാര്യമായുള്ളിടംഭാഗം
ധൈര്യമോടീനിനവാണെന്നാര്യശീലാ ഞാനിന്നല്ലാം. (സാഹസമേവം)
സത്യമുള്ളതറിയാണോ സത്യവൃത്തേ! ഭവാനേവം
പ്രത്യയം കാട്ടുവാനെന്നോ നിത്യശുദ്ധ! ചൊടിക്കുന്നു. (സാഹസമേവം)
പ്രത്യവായമിതിനില്ലാ സത്യസന്ധൻ നരേന്ദ്രനന്റെ
കൃത്യമാമീയൊരു ദാനം നിത്യകൃഷ്ണാർപ്പണമാണേ! (സാഹസമേവം)
വല്ലതും ന്യൂനതയെന്നാൽ തെല്ലതങ്ങക്കെന്നേ കാണു
നല്ലദേഹമെല്ലാം യാചിച്ചില്ലയെന്നീക്കുറ്റം മാത്രം". (സാഹസമേവം)
(10) "കൈതൊഴാം കൃഷ്ണാ" എന്നപോലെ,
ശോഭനം ബഹുശോഭനം.
ഈവണ്ണം പറഞ്ഞ ഭൂമി വൃദ്ധനായ കൃഷ്ണൻ
ജവമോടങ്ങു നവഘനാഭമാടൽ ഭുവനകാമ്യമുടനെടുത്തു ചെന്നിതു (ശോഭനം)
രണ്ടായിപ്പിളരും ദേഹം കണ്ടാ വീരനരേന്ദ്രന്റെ
മുടിമുതല്ക്ക, ഝടിതിതൊട്ടുതടവിയുമടിവരേക്കു വടിവിലേച്ചുചേർത്തിതു (ശോഭനം)
ഭവ്യമൂർത്തിയാകും ദേവൻ ദിവ്യമാക്കിത്തീർത്ത ദേഹം
അവനിപന്നു നവമനോജ്ഞമായതുമവശമെത്തുമവരടച്ചുകണ്ടിതു (ശോഭനം)
അർജ്ജുനനും ഹനൂമാനുമജ്ജനങ്ങൾക്കിടയ്ക്കപ്പോൾ
അജനടുത്തിരുഭുജസമീപമമ്പൊടുമജരമൂർത്തി നിജമെടുത്തുനിന്നിതു (ശോഭനം)
അവ്വണ്ണമേ തന്റെ മുമ്പിൽ മൂവ്വരേയും കണ്ടു ഭൂപൻ
അവധിവിട്ട നവവികാരമിളകിടുമവസരത്തിലവശനായ്ച്ചമഞ്ഞിതു (ശോഭനം)
അമ്മയൂരദ്ധ്വജപത്നി താമ്രദ്ധ്വജനെന്നിവരും
ശമലമറ്റോരമലഭക്തിലഹരിയിലമരുമാറു നമനമാശുചെയ്തിതു (ശോഭന)
അവ്യയനീദ്ദമ്പതിമാർക്കവ്യയമാം പദം നൽകി
അവനിഭൃത്തുമവനി നൽകി മകനഥ ജവമോടേകിയവനെയങ്ങു കൃഷ്ണനു (ശോഭനം)
താമ്രദ്ധ്വജൻ ധർമ്മജൻ സാമ്രാജ്യാശ്വത്തേയും വിട്ടു
സമമിണങ്ങിയമരരാജസുതനൊടുമമലഭക്തിയമരമാർന്നു ചേർന്നിതു (ശോഭനം)