ഉള്ളടക്കത്തിലേക്ക് പോവുക

ഭൈരവിക്കോലം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

പടയണിയിലെ ഏറ്റവും പ്രധാനകോലമാണ് ഭൈരവിക്കോലം.




ഗണപതി ഭഗവാനേ തന്നെ ഞാൻ ഒന്നിരന്നേൻ
ഇണയടി ശിവപുതിരാതുയവാ ചോറിരന്നേ
ഫണമടിയതിൻമേൻ മേൽ പള്ളികൊള്ളുന്ന മായോന്റെ
ഇടയണി തൊഴുതിരന്നേൻ ഇമ്പമായ് നൽകിടേണേ

അടന്ത

നാലുദിക്കും------------കളം ചമച്ചേ----
നാലിന്നും --------------നടുക്ക് ഭാഗമേ----
കിഴക്കോട്ടേ-------------ബലി വാതുക്കലെ-----
ബലിക്കളത്തിൽ--------പാലക്കമ്പേ-----------
തെക്കോട്ടേ---------------ബലി വാതുക്കലെ-----
ബലിക്കളത്തിൽ -------നിണ ഗുരുധിയേ------
വടക്കോട്ടേ---------------ബലി വാതുക്കലെ-----
 ബലിക്കളത്തിൽ -------കുംഭ ഗുരുധിയെ--------
കളത്തിൽ വന്നേ---------വിളയാടീ--------------
കളിക്കയെന്റെ-------------കവിമാതാവേ-----------
പിഴകളെല്ലാം--------------പൊറുത്തുകൊണ്ടേ------
അനുഗ്രഹിക്കാ-------------ഭഗവതിയെ---------------

മുറുക്കം

ഹാലമുണ്ടാം പരമശിവൻ തൻറെ
ഫാലലോചനം തന്നിൽ പിറന്നോരു
നീല മേഘ നിറം പൂണ്ട നിന്നുടെ
കാലിണക്കൽ വണങ്ങി സ്തുതിക്കുന്നേൻ
ലോകമൊക്കെ നിറഞ്ഞു വിളങ്ങുന്ന
ലോക മാതാവ് തന്റെ തിരുമുൻപിൽ
കാലം തോറും പടയണി എന്നൊരു
ലീല ദേവീപ്രസാദത്തിനുണ്ടാക്കി
വാട്ടമെന്നിയെ കൂടി മഹാജനം
ചൂട്ടുവച്ചു ശുഭമായ വാസരേ
കൊട്ടിയാർത്തു മുടങ്ങാതെ നിത്യവും
ചൂട്ടെരിച്ചു വലം വച്ച് പോകയും
മദ്ദളം ഇലത്താളവും കൂടീട്ട്
നൃത്തമാടും ഗണപതിക്കൊലവും
പാന വച്ചിട്ടടവി തുള്ളുന്നതും
ചാലേ പൂപ്പട ഇട്ടു പാടുന്നതും
കോപമേറുന്ന ദേവതമാരുടെ
രൂപമെങ്ങനെ എന്നറിഞ്ഞീടാതെ
പാള തന്മേൽ കരികൾ പലവക
പേ വരകൾ എഴുതിച്ചു തുള്ളിയും
ലോക മാതാവ് തന്നുടെ രൂപവും
ലോഭ മോഹനമായി പണിയിച്ച്‌
കൊട്ടിയാർത്തു തിരുമുമ്പിൽ കൊണ്ട്വന്നു
ഒട്ടുമേ മടി കൂടാതെ മാനുഷർ
അർദ്ധ ഹീനമപസ്വരം പാടിയും
നൃത്തത്തിൽ ചില താളപ്പിഴകളും
പാട്ടുമപ്പുറം ആടുകയും ചിലർ
കേട്ടുകൂടാത്ത വാക്കുപറകയും
അറ്റം കൂടാതെ മറ്റും പലവക
കുറ്റം ചെയ്തടിയങ്ങളെന്നാകിലും
പെറ്റമ്മമാർ കിടാങ്ങൾ ചെയ്യുന്നൊരു
കുറ്റമോക്കെ ക്ഷമിക്കുന്നതു പോലെ
സർവ്വ പാപം ക്ഷമിച്ചടിയങ്ങളെ
സർവ്വ നന്ദിനി പാലിച്ചു കൊള്ളണേ
മാറയും അതിസാരം വിഷൂചിക
ഘോരമായ മസൂരി പനികളും
ദൂരെ മാറ്റി അനുഗ്രഹിക്കേണമേ
ദാരികാരെ നമസ്തേ നമസ്തുതെ
ഇന്നിവിടെക്കു വന്നുള്ള ദേവതാ
വൃന്ദമെല്ലാരും ദേവിയെ വന്ദിച്ച്
മംഗള സ്തുതി വാദ്യഘോഷത്തോടും
നിങ്ങടെ രൂപവും കണ്ടു മോദിച്ചു
ഞാങ്ങളെയുമനുഗ്രഹിച്ചൻപോട്
തങ്ങൾ തങ്ങൾ വസിക്കും സ്ഥലങ്ങളിൽ
ചെന്ന് വാഴ്ക ഇനിയും മാനുഷരോ
ടോന്നും പീഡകൾ ചെയ്യാതെ വാങ്ങുവാൻ
മംഗളങ്ങൾ വരുത്തേണം മേൽക്കുമേൽ
മംഗലാഗ്നി മനോഹരി ഭൈരവിയെ

"https://ml.wikisource.org/w/index.php?title=ഭൈരവിക്കോലം&oldid=225131" എന്ന താളിൽനിന്ന് ശേഖരിച്ചത്