Jump to content

ഭാസ്ക്കരമേനോൻ/പതിനൊന്നാമദ്ധ്യായം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഭാസ്ക്കരമേനോൻ (നോവൽ)
രചന:രാമവർമ്മ അപ്പൻ തമ്പുരാൻ
പതിനൊന്നാമദ്ധ്യായം
[ 111 ]
പതിനൊന്നാമദ്ധ്യായം


"ദൈവഗതിക്കഥവാ ഭുവനേസ്മിൻ

നൈവകവാടനിരോധമൊരേടം"

—ശാകുന്തളം.


കാൎയ്യസ്ഥനും കുഞ്ഞിരാമൻനായരും കിട്ടുണ്ണിമേനവന്റെ ഇടത്തും വലത്തും കൈകളായിട്ടാണു ജനങ്ങൾ വിശ്വസിച്ചുപോന്നിരുന്നതു്. ചാർച്ചകൊണ്ടു വിചാരിച്ചാൽ കുഞ്ഞുരാമൻനായരുതന്നെയാണു് ഉത്തമസ്ഥാനത്തിനവകാശി. വിശ്വാസംകൊണ്ടു നോക്കിയാൽ കാൎയ്യസ്ഥനും ഒട്ടും താഴെയല്ല. ഇതാ ഇപ്പോൾ ഈ രണ്ടുപേരുംതന്നെ ആ കിട്ടുണ്ണിമേനവന്റെ കൊലപാതകക്കുടുക്കിൽ അകപ്പെട്ടിരിക്കുന്നു! എന്നാൽ അത്രമാത്രം കൊണ്ടായോ? അതുമില്ല. വിദ്യാഭ്യാസം മനോവികാസം സിദ്ധിച്ചിട്ടുള്ള കുമാരൻ നായരും ഇതിൽ കുടുങ്ങീട്ടുണ്ടത്രെ. ഇതിലധികമൊരാശ്ചൎയ്യം എന്താണിനി ഉണ്ടാവാനുള്ളതു്! കഷ്ടം! എത്രവളരെ ആളുകൾക്കു പരമസങ്കടത്തിനു സംഗതിയായിട്ടുണ്ടു്! ഇതിൽ മറ്റൊരു സമാധാനവുമില്ല. തലയിലെഴുത്തു തലോടിയാൽ പോകുന്നതല്ലല്ലോ. കർമ്മഫലമനുഭവിക്കുന്നതിൽ ഓരോരുത്തൎക്കോരോ കാലമുണ്ടു്. അതു തടുത്താലൊട്ടു നില്ക്കുന്നതുമല്ല. [ 112 ] ആനന്ദപുരനിവാസികളായ അനേകം ആളുകളുടെ മനസ്സിൽ ശിലാരേഖപോലെ പതിഞ്ഞുകിടക്കുന്നൊരു ദിവസമായ ആയിരത്തറുപത്തിമൂന്നു് തുലാം പന്ത്രണ്ടാംതീയതി ആറുമണിക്കുമുമ്പു് അപ്പാത്തിക്കരിയുടെ സീമന്തപുത്രനായ അമ്പലക്കാട്ടു ശങ്കരമേനോൻ എളവല്ലൂർ തപാലാപ്പീസിലേക്കു യാത്ര പുറപ്പെട്ടു. അവടെച്ചെന്നപ്പോൾ തപാൽശിപായിയുടെ വേല നടത്തിയിരുന്നതു പതിവുകാരനായിരുന്നില്ല. ശങ്കരമേനോൻ അയാളോടു 'എം. കെ. ഗോവിന്ദപ്പണിക്കൎക്കു എഴുത്തു വല്ലതും വന്നിട്ടുണ്ടോ?' എന്നു ചോദിച്ചു. പുതിയ തപാൽശിപായി അതു തപ്പിത്തിരഞ്ഞെടുത്തുകൊടുത്തതു വാങ്ങി ലക്കോട്ടിന്റെ ഒരു വക്കു നുള്ളിപ്പൊട്ടിച്ചുകൊണ്ടാണു് ശങ്കരമേനോൻ വഴിയിലേക്കിറങ്ങിയതു്.

പടിമുതൽ വഴിവക്കുവരെ നീട്ടിക്കെട്ടീട്ടുള്ള ചെറുമതിലിന്മേൽ മൂൎത്തിമത്തായ ദാരിദ്ര്യംപോലെ കിഴവനായ ഒരു ചട്ടക്കാരൻ ഇരിക്കുന്നുണ്ടായിരുന്നു. ചുക്കിച്ചുളിഞ്ഞും പൊട്ടിപ്പൊളിഞ്ഞും ഉള്ള ഒരു ജോടുബൂട്ടീസ്സ്, കീറിപ്പറിഞ്ഞു ചളിപുരുണ്ടു തൂങ്ങികിടക്കുന്ന കാലൊറ, അതിനെക്കാൾ എട്ടുമാറ്റുകൂടി പഴക്കംചെന്നൊരു വളുസക്കുപ്പായം, ഈ കുപ്പായത്തിനിണങ്ങുന്നൊരു ഉൾക്കുപ്പായം, നരച്ചു നീണ്ട കെട്ടുതാടിയും മേൽമീശയും കൂടിയൊരു കാടു്, വാടിവരണ്ടമുഖം, കനംകുറഞ്ഞു ചതഞ്ഞൊരു ഹനുമാൻതൊപ്പി, സൎവാംഗം പൊടി, അകത്തേക്കൊരു വളവു, വായിൽ പകുതി കത്തിക്കരിഞ്ഞൊരു ചുരുട്ടു്,—ഇതാണു പടിക്കലിരിക്കുന്ന ദാരിദ്ര്യമൂൎത്തിയുടെ ചുരുക്കത്തിലുള്ള ധ്യാനം. കടിച്ചുപിടിച്ചിരിക്കുന്ന ചുരുട്ടു് ഒരിക്കൽ വായിൽ നിന്നെടുത്തു തുപ്പുന്നസമയമാണു ശങ്കരമേനോൻ എഉത്തു പൊട്ടിച്ചുകൊണ്ടു പുറത്തേക്കു കടന്നതു്. തുപ്പൽ ശരിയായിട്ടു [ 113 ] ലക്കോട്ടിന്മേൽതന്നെ ചെന്നു പതിഞ്ഞു. മേനോൻ അതുകണ്ടു കയൎത്തു. 'ഈ വൃത്തികെട്ട കഴുക്കളെ തട്ടി നാടുകടത്തണം' എന്നു പറഞ്ഞുകൊണ്ടു ലക്കോട്ടൂരിയെടുത്തു സായ്പിന്റെ മുഖത്തു വലിച്ചെറിഞ്ഞു. ശകാരം കേട്ടിട്ടു സായ്പിന്നു യാതൊരു ഭാവഭേദവും ഉണ്ടായില്ല. ലക്കോട്ടു ധൎമ്മംകൊടുത്തതാണെന്നു വിചാരിച്ചു അതു പെറുക്കിയെടുത്തു് അതുകൊണ്ടുതന്നെയൊരു സലാം ചെയ്തു. എന്നിട്ടു കുപ്പായത്തിന്റെ ഒരു ദ്വാരത്തിൽനിന്നു കുറെ തീപ്പെട്ടിക്കോലോമറ്റോ തപ്പിയെടുത്തു ലക്കോട്ടിൽ കുത്തിനിറച്ചു ഒക്കെക്കൂടി വേറെയൊരു ദ്വാരത്തിലേക്കു തള്ളി.

"ഇതിനു പറഞ്ഞാലും മനസ്സിലാവില്ല" എന്നു പറഞ്ഞു മേനോൻ അങ്ങോട്ടും ഇങ്ങോട്ടും നോക്കി എഴുത്തുനീൎത്തി വായിച്ചുകൊണ്ടു നടക്കുവാൻ തുടങ്ങി. മേനോൻ കുറേദൂരം പോയപ്പോൾ സായ്പ് പതുക്കെ എഴുന്നേറ്റു പുറപ്പെട്ടു. ശങ്കരമേനോൻ സ്വന്തം വീട്ടിൽ ചെന്നുകേറി. അപ്പോൾ സായ്പു് എവിടേയോ മറഞ്ഞു. മേനോൻ രണ്ടാമതും പുറത്തേക്കിറങ്ങി, പുറപ്പെട്ടപ്പോൾ നിലാവു നല്ലവണ്ണം തെളിഞ്ഞു. സായ്പും നിഴൽപോലെ, കൂടീട്ടുണ്ടു്. മേനോൻ ആവേശം കൊണ്ടപോലെ ദൃഷ്ടിമുഴുവനും മുന്നോട്ടാക്കി മുറുകി നടന്നുതുടങ്ങിയപ്പോൾ സായ്പിന്റെ നടയും മുറുക്കിത്തുടങ്ങി. ഇങ്ങനെ ആറേഴു കുന്തപ്പാടിലധികം മുമ്പിട്ടുപോകുവാൻ ഇടകൊടുക്കാതെ മേനവനെ പിന്തുടൎന്നുകൊണ്ടു സായ്പു് പെരുവല്ലാപ്പാലത്തിന്മേൽ കയറിയപ്പോൾ മേനോൻ ശിവൻകാട്ടിലേക്കു കടക്കുന്നതുകണ്ടു ഒന്നുകൂടി വേഗം നടന്നു. പാലം കടന്നു തിരിഞ്ഞുനിന്നു രണ്ടു തീപ്പെട്ടിക്കോലുരച്ചു പൊക്കിക്കാണിച്ചിട്ടു പിന്നെയും മേനവനെത്തന്നെ ലാക്കുവച്ചു കാട്ടിൽ പ്രവേശിച്ചു. ഇവർ രണ്ടുപേരും മറഞ്ഞിട്ടു വളരെ താമസം [ 114 ] കൂടാതെ ഒരു പോലീസുകാരൻ പെരുവല്ലാനദിയുടെ കിഴക്കേക്കരയ്ക്കൽ പാലത്തിന്റെ മറവിൽ വന്നുനിന്നു. അയാളുടെ പിന്നാലെയുണ്ടായിരുന്ന ഒരാൾ കാട്ടിൽക്കടന്നു സായ്പ് പോയവഴി തേടുവാനും തുടങ്ങി.

മേൽ പ്രസ്താവിച്ച ഗൂഢസഞ്ചാരം അവസാനിച്ചപ്പോൾ നവമിച്ചന്ദ്രൻ ഉച്ചതിരിഞ്ഞഇട്ടു നാലിൽചില്വാനം നാഴിക കഴിഞ്ഞിരിക്കുന്നു. കോടതിവഴിയിൽ ആൾസഞ്ചാരം ഒതുങ്ങി. പരിവട്ടത്തുവീട്ടിലെ പുരുഷൻമാർ രണ്ടുപേരും പോലീസു് സ്റ്റേഷനിൽ കിടന്നു് കഷ്ണിക്കുന്നു. അമ്മു അത്താഴവുംകൂടിക്കഴിക്കാതെ അകായിൽ കിടന്നു കരയുന്നു. ഇൻസ്പെക്ടർ ചേരിപ്പറമ്പിൽ വന്നിട്ടില്ല. ദേവകിക്കുട്ടി കുമാരൻനായരുടെ കഷ്ടാവസ്ഥയെ ഓൎത്തും ബാലകൃഷ്ണമേനവന്റെ തല്ലുകൊണ്ടും തള്ളുകൊണ്ടും നടുമുറ്റത്തുകിടന്നു് നിലവിളിക്കുന്നു. ദേവകിക്കുട്ടി നടുമുറ്റത്തു മറിഞ്ഞുവീണിട്ടു് അരമണിക്കൂറു കഴിയുംമുമ്പു ഒരാൾ തലവരെ മൂടിപ്പുതച്ചു പെരുവല്ലാ നദീതീരത്തുകൂടി പാലത്തിന്റെ അടുത്തുവന്നു. അവിടെനിന്നു തല പൊക്കി എടത്തും വലത്തും നോക്കി. പാലത്തിന്മേലാവട്ടെ വഴിയിലാവട്ടെ ആരെയും കണ്ടില്ല. പുഴവക്കു പറ്റിത്തന്നെ പിന്നെയും നടന്നു. പോലീസുകാരൻ നില്ക്കുന്നതിന്റെ നേരെ ചോട്ടിൽ കൂടിക്കടന്നു സ്റ്റേഷനാപ്സർ മുങ്ങിച്ചത്തുവെന്നു പറയുന്ന ദിക്കിന്റെ നേരെവന്നു ശിവൻകാട്ടിൽ കാലുവച്ചപ്പോൾ വൃക്ഷത്തിന്റെ മറവിൽനിന്നൊരു കുറുക്കൻ ചാടി ഓടുന്ന ശബ്ദംകേട്ടൊന്നു ഞെട്ടി. പെട്ടെന്നു പുതച്ചിരുന്ന മുണ്ടെടുത്തു് അരയിൽ കെട്ടി. കക്ഷത്തിൽ നിന്നു വടി കയ്യിലെടുത്തു. എന്നിട്ടു നാലുപുറവും സൂക്ഷിച്ചു നോക്കിക്കൊണ്ടു നടന്നുതുടങ്ങി. ഒടുവിൽ ചെന്നുകേറിയതു മുമ്പൊരദ്ധ്യായത്തിൽ വിവരിച്ചിട്ടുള്ള കാന്താരമൎമ്മത്തിലേക്കാണു്. [ 115 ] അവിടെയുള്ള ഒരറ്റത്തു ചന്ദ്രരശ്മിക്കു പ്രവേശം കിട്ടുന്ന ഒരു ദിക്കിൽ, അമ്പലക്കാട്ടു ശങ്കരമേനോൻ ഭയപ്പെട്ടു കണ്ണടച്ചു നിൽക്കുന്നുണ്ടായിരുന്നു. അടുത്തുചെന്നു തോളത്തുകൈവച്ച സമയം ശങ്കരമേനോൻ ഞെട്ടി കണ്ണുതുറന്നു നോക്കിയപ്പോൾ തന്റെ മുമ്പിൽ കണ്ടതു ചേരിപ്പറമ്പിൽ ബാലകൃഷ്ണമേനവനെയാണു്. വരുവാനിത്ര വൈകിയതിനുള്ള പരിഭവമായിട്ടു, 'എന്നെ ഭയപ്പെടുത്തിക്കൊല്ലുവാനാണോ ഇവിടെ വരുത്തിയതു്?' എന്നു ചോദിച്ചു.

'ഇന്നുതന്നെ സംബന്ധംതുടങ്ങിക്കവാനുള്ള ഉത്സാഹമായിരുന്നു.'

'അയ്യോ, ഞാൻ മോതിരവും മറ്റും കൊണ്ടുവന്നിട്ടില്ലല്ലോ. ഓടിപ്പോയി എടുത്തുകൊണ്ടുവരാം' എന്നായി ശങ്കരമേനോൻ.

'പരിഭ്രമിക്കേണ്ട. ഇന്നിനി എങ്ങിനെയായാലും തരമാവവില്ല ദേവകിക്കുത്സാഹംതന്നെയാണു്. ആ കഴു ............ ഒഴിഞ്ഞപ്പോൾ കാൎയ്യമൊക്കെ സഫലമായി. പക്ഷെ അച്ഛനു മരണപത്രം മുമ്പേ കയ്യിൽകിട്ടണമത്രെ.'

'അച്ഛൻ എളവല്ലൂർ സ്റ്റേഷനിലല്ലെ?'

'അല്ല, ഇപ്പോൾ വീട്ടിലെത്തി.'

'എന്നാൽ നമ്മൾക്കു ചേരിപ്പറമ്പിലേക്കുപോവാം, ഞാനുംവരാം' എന്നെ ശങ്കരമേനോൻ വിട്ടൊഴിക്കില്ല.

'ഇന്നു നേരം കുറെയായല്ലൊ. എന്റെ കയ്യിൽ തന്നാൽ മതി. നാളെ ഞാൻ കൊടുത്തോളാം. നിങ്ങൾ നിങ്ങളുടെ അച്ഛനേയും മറ്റും കൂട്ടിക്കൊണ്ടു നാളെ വൈകുന്നേരം വീട്ടിൽ എത്തിയാൽ അവിടെയൊക്കെ തയ്യാരുണ്ടു്. നിങ്ങൾക്കു വല്ല ഒരുക്കങ്ങളും കൂട്ടാനുണ്ടെങ്കിൽ അമാന്തിക്കല്ലേ. ഒസ്യത്തിങ്ങു തന്നേക്കു.' [ 116 ] 'ഞാൻ നാളെക്കാലത്തുതന്നെ വീട്ടിൽ വരാം' എന്നതുകേട്ടു ബാലകൃഷ്ണമേനവനു ക്ഷമയില്ലാതായി.

'ആട്ടെ, ഒസ്യത്തു കൊണ്ടുവന്നിട്ടുണ്ടോ? അതു പറയൂ'.

'ഉവ്വ്' എന്നു പറഞ്ഞെടുത്തു കാണിച്ചുകൊടുത്തു.

'നോക്കട്ടെ' എന്നു പറഞ്ഞു ബാലകൃഷ്ണമേനോൻ കൈനീട്ടി. ശങ്കരമേനോൻ കൊടുത്തില്ല. ബാലകൃഷ്ണമേനവന്റെ മുഖത്തു നിന്നു കണ്ണെടുക്കാതെകണ്ടു്,

'വരു, നമ്മൾക്കു ചേരിപ്പറമ്പിലേക്കു പോവാം' എന്നു പറഞ്ഞു.

'എന്താ, എന്നെ വിശ്വാസമില്ലാണ്ടായോ? ഈ വടികൊണ്ടു തലക്കൊരു തട്ടുതന്നിട്ടു അതിപ്പോൾ ഞാനിങ്ങോട്ടു തട്ടിപ്പറിച്ചാലോ എന്നു 'സാമം'വിട്ടു 'ഭേദ'ത്തിലേക്കു ചാടി. അപ്പോൾ ശങ്കരമേനോൻ—

'എന്നാലെന്താ, പ്രാണനങ്ങോട്ടുപോകും; എന്റെ കാൎയ്യവും സാധിക്കും' എന്നു ഒരിക്കൽകൂടി ഭീഷണിപ്പെടുത്തി. പക്ഷെ മുഖത്തെ സ്തോഭത്തിനു ഒരു വ്യത്യാസവും വരുത്തിയില്ല.

'ഇതുകൊണ്ടൊന്നും പേടിക്കില്ല' എന്നു വീരവാദം പറഞ്ഞു ഒന്നുകൂടി പിന്നാക്കം മാറിയപ്പോൾ ശങ്കരമേനവന്റെ മുഖത്തു ഒരുതുള്ളി ചോരയില്ല. എങ്കിലും ഇതെല്ലാം കളിയായേക്കാമെന്ന ആശകൊണ്ടു തിരിച്ചോടുവാനും ധൈൎയ്യംവന്നില്ല.

'എന്നാലൊ മിടുക്കൊന്നുകാണട്ടെ' എന്നു കണ്ണുരുട്ടി മിഴിച്ചു വടി ഉയൎത്തിയപ്പോൾ ശങ്കരമേനവന്റെ ശൌൎയ്യമെവിടെ, മേനവനെവിടെ' അയ്യോ, രക്ഷിക്കണെ എന്നു നിലവിളിച്ചുകൊണ്ടു തിരിഞ്ഞോടുവാൻ ഭാവിച്ചപ്പോൾ [ 117 ] വേരുതടഞ്ഞു മാറടിച്ചുവീണു. ആ നിമിഷത്തിൽ ബാലകൃഷ്ണമേനവന്റെ വടിയും കീഴ്പോട്ടുവന്നു. ഇനിയെന്താ ഒരു മാത്രകൂടി വേണ്ട, എന്നാൽ നിസ്സഹായനായിട്ടു കമഴ്ന്നു കിടക്കുന്ന ആ ജീവിയുടെ കഥ തീൎന്നു. പക്ഷേ അതിനു സംഗതിവന്നോ, ഇല്ലയോ എന്നു അറിവാനിടയാകുന്നതിനുമുമ്പു രാമബാണംപോലെ ചെടികളുടെ ഇടയിൽകൂടി ഒരു വിറകുകൊള്ളി ആയത്തിൽ വന്നു കൈകളുടെ കുഴകളിൽ കൊണ്ടതോടുകൂടി ബലകൃഷ്ണമേനവന്റെ വടി കൈയിൽനിന്നു തെറിച്ചകലെച്ചെന്നു വീണു.

അവസരോചിതമായ ഈ പൊടിക്കൈ പ്രയോഗിക്കത്തക്കവണ്ണം സാമൎത്ഥ്യമുള്ള പുരുഷൻ നമ്മുടെ സ്റ്റേഷനാപ്സർ ഭാസ്ക്കരമേനവനല്ലാതെ മറ്റാരുമാവില്ലെന്നു പലവിധത്തിലും വായനക്കാർ ഊഹിച്ചിരിക്കാം. അദ്ദേഹം ശിഷ്യനോടുകൂടി അരങ്ങത്തു പ്രവേശിച്ചപ്പോൾ അവിടെ കൂടിയാടിയിരുന്ന രണ്ടുപേരും ആട്ടം നിറുത്തിപ്പോയിക്കഴിഞ്ഞു. 'കിട്ടുണ്ണി' എല്ലാം പറഞ്ഞുവെച്ചിട്ടുള്ള പോലെ, എന്നു ശിഷ്യനു കല്പനകൊടുത്തിട്ടു സ്റ്റേഷനാപ്സർ താഴെ വീണുകിടക്കുന്ന വടിയും കയ്യിലെടുത്തു ബാലകൃഷ്ണമേനവന്റെ മഠത്തിലേക്കു, നടക്കുകയല്ല ഓടുകയാണു ചെയ്തതു്. അവിടെച്ചെന്നപ്പോൾ പടിതുറന്നിട്ടില്ല. വേലിചാടി അകത്തു കടന്നപ്പോൾ മഠം പൂട്ടിയിരിക്കുന്നു. വേഗം നാലുപുറവും പരിശോധിച്ചതിന്റെ ശേഷമേ സ്റ്റേഷനാപ്സർ നല്ലവണ്ണം ശ്വാസം വിട്ടിട്ടുള്ളു. അന്നത്തെ രാത്രിയിലെ വേല ഒരുവിധം ഇങ്ങനെ കലാശിപ്പിച്ചതിന്റെശേഷം കിട്ടുണ്ണിമേനവനെ പറ്റിച്ചു തറവാടിനേയും തോല്പിച്ചു ആയിരത്തിൽചില്വാനം ഉറുപ്പിക ചിലവിട്ടു പണി തീർപ്പിച്ചിട്ടുള്ള ആ മഠത്തിൽ, 'അവനിവിടെ എത്തീട്ടില്ല. [ 118 ] അമ്പ കള്ളനെന്നു പറയണമെങ്കിൽ ഇങ്ങനെയുള്ളവനെ പറയണം. ഈ കളവും തെളിയിക്കുവാൻ എനിക്കു ഭാഗ്യമുണ്ടായല്ലൊ' എന്ന കൃതാൎത്ഥതയോടുകൂടി, ആ രാത്രി കഴിച്ചുകൂട്ടി.

ആ രാത്രിതന്നെ ഏകദേശം പന്ത്രണ്ടുമണിസമയത്തു അമ്പലക്കാട്ടെ പ്രകൃതമാണെങ്കിൽ അതു വർണ്ണിപ്പാൻ തൂലികയുടെ സഹായംകൊണ്ടുമാത്രം സാധിക്കുന്നതല്ല. ശങ്കരമേനോൻ സ്വന്തം അകത്തു കട്ടിലിന്മേൽ മലൎന്നു കിടന്നു കൈയും കാലുമിട്ടു തല്ലുന്നുണ്ടു്. മിഴിരണ്ടും കണ്ടാൽ ഭയമാവും. കലങ്ങിമറിഞ്ഞു സാമാന്യത്തിലധികം പുറത്തേക്കു തള്ളീട്ടുണ്ടു്. അടിതൊട്ടു മുടിവരെ വിയർപ്പിൽ കുളിച്ചിരിക്കുന്നു. ഓടീട്ടുള്ള കിതപ്പു് നിലച്ചിട്ടില്ല. അമ്മ ശങ്കരാ, ശങ്കരാ എന്നു അടക്കെയിരുന്നു വിളിക്കുന്നുണ്ടു്. തൊണ്ട കാറിപ്പുറപ്പെടുന്ന ഞെരുക്കമല്ലാതെ നാവനക്കുന്നതുകൂടിയില്ല. എന്തിനേറെ വിസ്തരിക്കുന്നു! മരണവികൃതികളല്ലാതെ വേറെയൊന്നും കാണ്മാനില്ല.

പോലീസ്സുകാരനും കിട്ടുണ്ണിയും കട്ടിലിന്റെ കാക്കലും തലയ്ക്കലും നിന്നു വീശുന്നുണ്ടു്. അപ്പാത്തിക്കരി അങ്ങുമിങ്ങുമോടി കുറെ മരുന്നും മറ്റുമെടുത്തുകൊണ്ടു വന്നപ്പോഴേക്കും രോഗിയുടെ കൃഷ്ണമണികൾ മേല്പോട്ടുപോയി. മിഴികൾ അനങ്ങാതെയായി സൎവ്വാംഗമൊന്നു വിറച്ചു യാതൊരു ചേഷ്ടയുമില്ലാതായി. ശങ്കരമേനോൻ മരിച്ചു.