ബാഷ്പാഞ്ജലി/കളിത്തോപ്പിൽ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

കളിത്തോപ്പിൽ

          ശോഭ
-കഴിയട്ടെ പറഞ്ഞുഞാ, നതിനുമുൻപേ
കളിയാക്കുന്നതെന്തിനെൻ തോഴിമാരേ?
          കല
മണിവിളക്കിന്നലെക്കെടുത്തിയപ്പോൾ
മഴവില്ലാക്കവിളത്തു മിന്നിയില്ലേ?
         കാന്തി
മണിയറവാതിലടച്ചനേരം
തരിവളയൽപംകിലുങ്ങിയില്ലേ?
         രാധ
പുലരിയിൽ പ്പൂങ്കോഴി കൂകിയപ്പോൾ
പരിഭവിച്ചേറെപ്പഴിച്ചതില്ലേ?-
........................................
         ശോഭ
പറഞ്ഞോളു സഖികളേ, വേണ്ടുവോളം;
പരമാർത്ഥമെനിക്കല്ലേയറിഞ്ഞുകൂടു?.....
  * * *
        പരിമള
ഇനിയു, മപ്പുസ്തകം പാതിപോലും
സുഷമേ, നീ വായിച്ചുകഴിഞ്ഞതില്ലേ?-
        സുഷമ
പ്രണയലിഖിതങ്ങളെഴുതിടേണ്ടേ?
പരിമളേ, സമയം പിന്നെനിക്കെവിടെ?-
        കുസുമ
ഒരുമുല്ലമലര്മാല കൊരുത്തുവെയ്ക്കാൻ
സരളേ; ഞാൻ തീരെ മറന്നുപോയി!
         സരള
കുസുമേ, നിനക്കേവം മറവിയൊന്നും
കണ്ടിട്ടില്ലല്ലോ ഞാനിതിനുമുൻപിൽ.
        കുസുമ
അതുകൊള്ളാം, സരളേ, ഞാൻ പണ്ടുകണ്ട
കുസുമയല്ലിപ്പോളെന്നറിഞ്ഞുകൂടേ?-
         സരള
ഒരുചിത്രശലഭം നിന്നരികിലെത്തി
ശരി, ശരി, ഞാനതു മറന്നേ പോയി!-
................................................
        ശോഭ
സഖികളേ, നേരമിന്നതിർകടന്നു
സരസിജപ്പൊയ്കയിൽ വെയിലുവന്നു;-
സരളയ്ക്കും കുസുമയ്ക്കും കളിയാണെല്ലാം
സലിലകേളിക്കിനിസ്സമയമുണ്ടോ?
  * * *
        കല
വരു, വരു,-വിലയുള്ളസമയമല്ലേ?
വെറുതെ നാമതു തീർത്താൽ കഷ്ടമല്ലേ?-
        സുധ
പരിമളമിളിതമാം സ്വപ്നമോരോ-
ന്നിളകീടും രോമാഞ്ചകാലമല്ലേ?-
       കുസുമ
മലർവല്ലിക്കുടിലിലെപ്പൂങ്കുയിലേ,
മധുമാസം വന്നതറിഞ്ഞില്ലേ, നീ?
        ശോഭ
പറയാതിരുന്നാൽ പറയിപ്പിക്കും
പറഞ്ഞാലോ?- പിന്നെ,പ്പൊറുതിമുട്ടി!
ഒരുതരത്തിലും മേല കഴിഞ്ഞുകൂടാൻ;
വിഷമിച്ചു ഞാനിന്നെൻ തോഴിമാരേ!-
(സഖികൾ എല്ലാവരും ഒന്നിച്ച്)
അല്ലല്ല, പിണങ്ങിയോ?-
നേരമ്പോക്കായിഞങ്ങൾ
ചൊല്ലിയതല്ലേ, വേണ്ട
പിണക്കം ശോഭേ! 19-5-1107

അഞ്ചിതമിയൊരച്ചെമ്പനീർത്താരിനൊ-
രഞ്ചാറുനാൾകൂടിനിന്നുകൂടെ? 4-8-1106