Jump to content

ബാഷ്പാഞ്ജലി/അതിഥി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

അതിഥി

ആരാണിച്ചുംബനനിർവൃതിയിൽ
ഞാനറിയാതെന്നെ മുക്കിടുവോൻ?
ആരമ്യസുസ്മിതം തൂകിയെത്തു-
മാതിഥേ, നീയെന്മരണമല്ലേ?
കൂരിരുളിങ്കലിരുന്നു നിന്നെ
ഞാനിത്രനാളും ഭജിച്ചിരുന്നു.
തീരാനിരാശയിൽക്കൂടി നിന്റെ
വേണുസംഗീതംഞാൻ കേട്ടിരുന്നു.
ഊഷ്മാവുയർന്നു പരന്നു തിങ്ങും
ഗ്രീഷ്മകാലാന്ത നിശീഥിനികൾ,
ഏകാന്തതകളോടൊത്തുചേർന്നെൻ-
ശോകാർദ്രശയ്യയിലെത്തിടുമ്പോൾ,
മന്മലർത്തോപ്പിൽനിന്നാഗമിക്കും
മർമ്മരാരാവത്തിലാകമാനം
ഭാവനാപൂർണ്ണസുരമ്യമാം നി-
ന്നേതോ രഹസ്യം നിറഞ്ഞിരുന്നു.
ഹേമന്തം വന്നു ജഗത്തിലെല്ലാം
നീഹാരപൂരം പൊഴിഞ്ഞിടുമ്പോൾ;
ഞാനെൻ സുഷുപ്തിയെനിക്കു തന്നോ-
രാനന്ദസ്വപ്നത്തിൽ മുങ്ങിമുങ്ങി
മൂടിപ്പുതച്ചുകിടന്നു, കല്യ-
സൂര്യപ്രഭയേറ്റുണർന്നിടുമ്പോൾ;
ജാലകമാർഗ്ഗമായുള്ളിലെത്തു-
മാലോലശീതളമന്ദാനിലനിൽ,
ദൂരെനിന്നവ്യക്തം നീ പൊഴിക്കു-
മോരോസന്ദേശം വഴിഞ്ഞിരുന്നു.
അന്നെല്ലാമാസന്നഭാവിയിൽ നീ
വന്നെത്തുമെന്നു ഞാനോർത്തിരുന്നു!
ഹാ, ദിവ്യസാന്ത്വനമോതിയെത്തു-
മാതിഥേ, നീയെൻ മരണമല്ലേ?åå 12-2-1110

ക്ഷണികമീലോകം കപട, മിങ്ങെങ്ങും
കണികാനാനില്ല പരമാർത്ഥം.
ഇവിടെയെന്തിനാണമലസന്ധ്യകൾ?
ഇവിടെയെന്തിനിപ്പുലരികൾ?
മറിമായം തിങ്ങിനിറയുമീ മന്നിൽ
മതിയല്ലോ വെറുമിതള്മാത്രം!ååå13-5-1108

"https://ml.wikisource.org/w/index.php?title=ബാഷ്പാഞ്ജലി/അതിഥി&oldid=36033" എന്ന താളിൽനിന്ന് ശേഖരിച്ചത്