ഫലകം:തിരഞ്ഞെടുത്ത ഉദ്ധരണി/5
ഇന്ദുലേഖയും മാധവനും തമ്മിൽ ഉള്ള സംബന്ധസ്ഥിതികൊണ്ടും രൂപംകൊണ്ടും പഠിപ്പുകൊണ്ടും ഇവരുതമ്മിൽ ഇങ്ങിനെ സ്നേഹിച്ചുവന്നതിൽ അൽപം ആളുകൾ ഒഴികെ ശേഷം എല്ലാവർക്കും സന്തോഷമായിരുന്നു . എന്നാൽ ഇന്ദുലേഖയെ മാധവനു ഭാര്യയായി കിട്ടുമോ എന്നു പിന്നെയും ഒരു ശങ്ക എല്ലാവർക്കും ഉണ്ടായി . മലയാളത്തിലെ സ്ഥിതി അറിയുന്ന ആൾക്കു്, ഈ ശങ്ക ഉണ്ടാവാതിരിപ്പാൻ പാടില്ലല്ലൊ . തിരുവനന്തപുരത്തു പൊന്നുതമ്പുരാൻകൂടി ഇന്ദുലേഖയെ അമ്മച്ചിയാക്കി കൊണ്ടുപോകുവാൻ ആലോചനയുണ്ടെന്നാണു് ആ കാലത്തു പഞ്ചുമേനോന്റെ മുഖത്തിൽനിന്നുതന്നെ ചിലർ കേട്ടിട്ടുള്ളതു് . അപ്പോൾ മേൽപറഞ്ഞ ശങ്ക ഉണ്ടായതിൽ അത്ഭുതമില്ലല്ലൊ . അങ്ങിനെയിരിക്കുമ്പോൾ നമ്മുടെ കഥ തുടങ്ങുന്നതിനു കുറെ മുമ്പു മാധവൻ ബി . എൽ . പരീക്ഷയ്ക്കു പോയി. പരീക്ഷ കഴിഞ്ഞ ഉടനെ വീട്ടിലേക്കു വന്നു . മുമ്പത്തേ പ്രകാരം ഇന്ദുലേഖയുമായി കളിച്ചും വിനോദിച്ചും ഇരുന്നുവെങ്കിലും ക്രമേണ മാധവൻ ഇന്ദുലേഖയിൽ അനുരാഗം വർദ്ധിച്ചു വർദ്ധിച്ചു കലശലായിത്തീർന്നു . “എന്തു പൊന്നുതമ്പുരാൻ ? ” “ഏതു രാജാവു്? ” “എന്റെ ഇന്ദുലേഖാ എന്റെ ഭാര്യതന്നെ . ” “അങ്ങിനെയല്ലെങ്കിൽ പിന്നെ ഞാൻ ജീവിച്ചിരിക്കുകയില്ലാ. ” എന്നു മനസ്സിൽ ഉറച്ചുതുടങ്ങി . ഈ കാലത്തു് ഇന്ദുലേഖയുടെ മനസ്സു് എന്താണെന്നു് അറിവാൻ മാധവനു് അത്യാഗ്രഹം ഉണ്ടായിരുന്നു . ഇന്ദുലേഖയ്ക്കു് മാധവനോടു് അങ്ങോട്ടു്, ഇങ്ങട്ടുള്ളതിനെക്കാൾ പക്ഷേ , അധികം അനുരാഗം ഉണ്ടായിരുന്നുവെങ്കിലും ഇന്ദുലേഖാ മാധവനോടു് ഇതിനെക്കുറിച്ചു യാതൊരു പ്രകാരവും നടിച്ചില്ലാ . കളി , ചിറി, പാട്ടു മുതലായതു കൂടാതെ എല്ലായ്പോഴും അതിൽ അധികം ഒന്നും ഇന്ദുലേഖയുടെ പ്രകൃതങ്ങളിൽ നിന്നു മാധവനു് അറിവാൻ കഴിഞ്ഞില്ല . മാധവൻ അൽപം പ്രസരിപ്പുള്ള കുട്ടിയാകയാൽ മാധവന്റെ മനസ്സിന്റെ ചേഷ്ടകൾ ഇയ്യിടെ കുറേശ്ശ പുറത്തു കാണാറായിത്തുടങ്ങി. അതിനൊന്നും ഇന്ദുലേഖ അശേഷം വിരോധവും വിമുഖതയും ഭാവിക്കയില്ല . എങ്കിലും തന്റെ അനുരാഗ ചേഷ്ടകൾ എല്ലാം മാധവനിൽനിന്നു കേവലം മറച്ചുവച്ചിരുന്നു.
ഒ. ചന്തുമേനോന്റെ ഇന്ദുലേഖയിൽ നിന്നും. കൂടുതൽ വായിക്കുക >>>