പ്രഹ്ലാദചരിതം ഹംസപ്പാട്ട്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
പ്രഹ്ലാദചരിതം ഹംസപ്പാട്ട്

രചന:അജ്ഞാതകർത്തൃകം (1924)
സാഹിത്യത്തിലെ അപൂർവമായ ഹംസപ്പാട്ട് വിഭാഗത്തിൽ പെട്ടതാണ് "പ്രഹ്ലാദചരിതം ഹംസപ്പാട്ട്". ഈ കൃതിയുടെ രചയിതാവ് ആരാണെന്ന് വെളിവായിട്ടില്ല എന്ന് ഇതിന്റെ അവതാരികയിൽ ശ്രീ ഉള്ളൂർ എസ് പരമേശ്വരയ്യർ പറയുന്നു.
[ 1 ]
THE SRI MULAM MALAYALAM SERIES

No. VII.
PRAHLADACHARITAM
HAMSAPPATTU


EDITED
WITH AN INTRODUCTION

BY
S. PARAMESVARA AIYAR, M.A.B.L.,
[KAVITHILAKA]
Secretary to the Government of Travancore,
and
Curator for the publication of Malayalam Manuscripts.

_______

PUBLISHED UNDER THE AUTHORITY OF THE GOVERNMENT OF
TRAVANCORE.




TRIVANDRAM:
PRINTED BY THE SUPERINTENDENT, GOVERNMENT PRESS

1924.

All Rights Reserved

[ 2 ]
അവതാരിക

ഭക്തിരസപ്രധാനവും പദഘടനാസുന്ദരവുമായ പ്രഹ്ലാദചരിതം ഹംസപ്പാട്ട് ആരുടെ കൃതിയെന്നു വെളിപ്പെടുന്നില്ല.

നരനികരനരകഹരനരവവരശായിയാം

നാരസിംഹാത്മാ ജയന്താലയേശ്വരൻ

എന്നു കവിതയുടെ ആരംഭത്തിൽ കാണുന്നതിൽനിന്നു കവി ചേന്നമംഗലത്തു മഹാവിഷ്ണുവിനെ സ്തുതിക്കുന്നതായി അനുമാനിക്കാം. ഈ വിഷ്ണുക്ഷേത്രത്തേത്തന്നെയാണ് മഹാകവി ഉദ്ദണ്ഡശാസ്ത്രികൾ കോകിലസന്ദേശത്തിന്റെ ഉത്തരഭാഗത്തിൽ

ലക്ഷ്മീജന്മസ്ഥിതിമനുപമൈഃപൂരിതാം രത്നജാലൈർ-

 ഭൂഭൃദ്ഗർഭാം പ്രകടിതകലേശോദയശ്ലാഘ്യവൃദ്ധിം
പാഥോരാശേസ്തനുമിവ പരാം മന്യമാനോ വിശാലാം
 :യാമദ്ധ്യാസ്തേ സ ഖലു നിഗമാംഭോജഭൃംഗോ രഥാങ്ഗീ.

എന്ന പദ്യത്തിൽ സ്മരിക്കുന്നത്. ഈ "ലക്ഷ്മീരമണനിലയ"ത്തിന്റെ ദക്ഷിണഭാഗത്തായിരുന്നു മാരക്കര എന്ന അദ്ദേഹത്തിന്റെ നായികയുടെ ഗൃഹം. ചേന്നമംഗലത്തു മൂൎത്തിയെ വിഷയീകരിച്ച് ഒരു വിശിഷ്ടമായ സ്തോത്രരത്നം, രാഘവീയമഹാകാവ്യം തുടങ്ങിയ അനവധി സംസ്കൃതഗ്രന്ഥങ്ങളുടെ കൎത്താവും കൊല്ലം ൧൦-ാം ശതകത്തിൽ ജീവിച്ചിരുന്ന ഒരു കവിസാൎർവ്വഭൌമനുമായ (രാമപാണിവാദൻ) രാമൻ നമ്പിയാർ നിൎമ്മിച്ചിട്ടുണ്ട്. ഇദ്ദേഹതന്നെയായിരുന്നുവോ സാക്ഷാൽ കുഞ്ചൻ നമ്പിയാർ എന്നുള്ള വാദഗ്രസ്തമായ വിഷയത്തെ അധികരിച്ച് എന്തെങ്കിലും വിമർശിക്കുന്നത് ഈ അവതാരികയ്ക്കു ബാഹ്യമാകയാൽ അതിലേക്കായി ഒരുങ്ങുന്നില്ല.

ശിവപുരാണം കിളിപ്പാട്ടും ഈ പ്രഹ്ലാദചരിതവും കപിലോപാഖ്യാനം എന്ന മറ്റൊരു കിളിപ്പാട്ടും ഏതാനും കീൎത്തനങ്ങളുമടങ്ങിയ ഒരു ഗ്രന്ഥമാണ് എന്റെ കൈവശം വന്നു ചേൎന്നത്. അത് കൊട്ടാരക്കര കടമ്പള്ളി മഠത്തിൽ പണ്ടാല അവർകളുടെ ഗ്രന്ഥപ്പുരയിൽനിന്നു പണ്ഡിതർ വടക്കുംകൂർ [ 3 ] രാജരാജവൎമ്മരാജാവു തിരഞ്ഞെടുത്തതാണ്. പ്രഹ്ലാദചരിതത്തിന്റേ പാഠം പ്രായേണ ശുദ്ധമായി കണ്ടതിനാൽ ഗ്രന്ഥാന്തരത്തിന്റെ സഹായം പ്രതീക്ഷിക്കാതെതന്നെ അതു ഞാൻ പ്രസിദ്ധപ്പെടുത്തുവാൻ ഒരുമ്പെട്ടു.

ശിവപുരാണം കിളിപ്പാട്ടു ഗോവിന്ദപ്പിള്ള സൎവ്വാധികാൎയ്യക്കാരവർകളും മറ്റും ഊഹിച്ചതുപോലെ തുഞ്ചത്തെഴുത്തച്ഛന്റെ കൃതിപരമ്പരയിൽ പെട്ടതല്ലെന്ന് ആദ്യമായി ഉപപാദിച്ചത് പണ്ഡിതപ്രവരനായ എന്റെ സ്നേഹിതൻ ശ്രീമാൻ പി.കെ. നാരായണപിള്ളയാകുന്നു. ആ മതം എനിക്കു സൎവ്വഥാ സ്വീകാൎയ്യമായാണ് തോന്നീട്ടുള്ളത്. ശിവപുരാണത്തിലേ ശിവയോഗിമാഹാത്മ്യവും പ്രഹ്ലാദചരിതവുംകൂടി ഒന്നിച്ചു വച്ചു പരിശോധിക്കുന്ന ഒരു സഹൃദയനു് ആകൃതികൾ രണ്ടും ഒരു കവിയുടേതാണെന്നു നിൎണ്ണയിക്കുവാൻ പ്രയാസമുണ്ടാകയില്ല. പോരാത്തതിനു ശിവയോഗിമാഹാത്മ്യത്തിലേ

പരുഷതരമവനുടലിലതു ബത! തറച്ചീല

പാറപ്പുറത്തെയ്ത മൊട്ടമ്പുപോലവേ


എന്ന ഭാഗം പ്രഹ്ലാദചരിതത്തിലെ,


പരുഷതരമുലയുമതിനിശിതകരവാളവും

പാറപ്പുറത്തെയ്ത മൊട്ടമ്പുപോലെയായ്

എന്ന ഭാഗത്തോട് അത്ഭുതമായ സാമ്യം വഹിക്കുന്നു. "നിരതിശയാ"ദി പദപ്രയോഗങ്ങൾ രണ്ടു കൃതികളിലും സമാനൌചിത്യമായി കാണുന്നതും സ്മരണീയമാണ്.

കൊച്ചീശ്ശീമ തലപ്പള്ളിത്താലൂക്കിൽപെട്ട അയിരൂർ നാടുവാണുകൊണ്ടിരുന്ന മനക്കോട്ട് അച്ചന്മാരുടെ പ്രാബല്യം അവസാനിച്ചതു കൊല്ലം ൯൧൫ ഇടയ്ക്കാണ്.

ചന്ദ്രചൂഡപ്രസാദത്തെച്ചന്തമോടേ ലഭിക്കുന്ന

  ചന്ദ്രബിംബാനനൻ വീരൻ മനക്കോട്ടു ബാലരാമൻ
  നന്ദിപൂണ്ടു ചിരകാലം നാടുവാണു വസിക്കേണം.

എന്ന് ഉമേശാനവ്രതമാഹാത്മ്യത്തിൽ കാണുന്നതിൽനിന്നും മറ്റും ശിവപുരാണം നിൎമ്മിച്ചകാലത്തു മനക്കോട്ട് അച്ചന്മാർ നല്ല നിലയിലിരുന്നിരുന്നു എന്നൂഹിക്കാം. ആകപ്പാടെ [ 4 ] നോക്കുമ്പോൾ പ്രഹ്ലാദചരിതത്തിന്റേയും ശിവപുരാണത്തിന്റേയും നിൎമ്മിതി കൊല്ലം ഒൻപതാംശതകത്തിന്റെ ഉത്തരാൎദ്ധത്തിലോ പത്താംശതകത്തിന്റെ ആരംഭത്തിലോ ആയിരിക്കാമെന്നും പഞ്ചതന്ത്രം, നളചരിതം, ഈ കിളിപ്പാട്ടുകളുടെ കൎത്താവായ കുഞ്ചൻനമ്പിയാരല്ല ആ ഗ്രന്ഥങ്ങളുടെ നിൎമ്മാതാവെന്നും അനുമാനിക്കുന്നതിൽ അനൌചിത്യമില്ല.

പ്രായേണ ശൃംഗാരാദിരസപ്രധാനങ്ങളായ കൃതികൾ കിളിയെക്കൊണ്ടും ശാന്തിരസപ്രധാനങ്ങളായ കൃതികൾ ഹംസത്തേക്കൊണ്ടും പറയിക്കുന്നതു കേരളീയഭാഷാകവികളുടെ ശൈലിയാണ്. പ്രഹ്ലാദചരിതം ശാന്തിരസപൎയ്യവസായിയായ ഒരു കൃതിയാണല്ലോ. കോട്ടയത്തു കേരളവൎമ്മതമ്പുരാന്റെ വൈരാഗ്യചന്ദ്രോദയവും ഒരു ഹംസപ്പാട്ടാണ്. വണ്ടു മുതലായവയേക്കൊണ്ടും ചില പാട്ടുകൾ പണ്ടു കവികൾ "പാടി"ച്ചിരുന്നതായി കാണുന്നുണ്ട്.

തിരുവനന്തപുരം,
൧-൧൧-൧൯൨൪.
എസ്. പരമേശ്വരയ്യർ.

[ 5 ]
പ്രഹ്ലാദചരിതം



ഹംസപ്പാട്ട്


‌‌‌‌__________


"നരകരിപുനഗരവരമമരുമരയന്നമേ!
നാരസിംഹാവതാരത്തെ വർണ്ണിക്ക നീ.
നരകശതമകലുവതിനതിശയമഹൗഷധം
നാരായണസ്വാമിതന്റേ കഥാമ്രുതം.
നരനുടയ കരളിലൊരു വെളിവു വരുവാനുടൻ
നാലാമതാമവതാരമേറ്റം ശുഭം.
നരനികരനരകഹരനരവവരശായിയാം
നാരസിഹ്മാത്മാ ജയന്താലയേശ്വരൻ
നളിനദലനയനനിഹ നയനസുഖവിഗ്രഹൻ
നാഥൻ തുണയ്ക്കും നിനക്കിന്നു ഹംസമേ!"
 ഇതി വചനമുചിതമിതി കരുതുമരയന്നവു-
മിന്ദിരാനാഥനെച്ചിന്തിച്ചു ചൊല്ലിനാൻ.
മധുമഥനനുടെ ചരിതമിതു ദുരിതനാശനം
മർത്യസിംഹാവതാരം പറഞ്ഞീടുവൻ.
 അദിതിയുടെസുതനനുജനതികഠിനമാനസ-
നന്നു ഹിരണ്യകശിപുവെന്നുള്ളവൻ
അധികതരകുതുകമതിയൊരുദിവസമഞ്ജസാ
അഗ്രജാപായം ഗ്രഹിച്ചോരനന്തരം
വിരവിനൊടു പടപൊരുതു പടുതരമശേഷമേ
വിശ്വം ജയിപ്പാനൊരുമ്പെട്ടു ദാനവൻ.
സരസിരുഹവസതിയോടു വരമാപി ച വാങ്ങുവാൻ
സാഹസീ മെല്ലേ പുറപ്പെട്ടിതേകദാ.
ഗുരുമഹിമ കലരുമൊരു പുരഹരനിവാസമാം
ഗോകൎണ്ണമെന്നുള്ള പുണ്യദേവാലയം
അഖിലസുരസഹിതമതിമഹിതമതിപാവന-
മാദിശൈവാലയം പ്രാപിച്ചു ദാനവൻ.
പരമശിവപുരനികടവിപിനഭുവി ചെന്നവൻ

[ 6 ]

പാരാതെ നിന്നു തപം തുടങ്ങീടിനാൻ
മുനികളുടെ നടുവിലുടനിരുപുറവുമാദരാൽ
മുന്നിലും പിന്നിലും തീയെരിച്ചീടിനാൻ
കുളിനിയമമനുദിനവുമവനു കുറവില്ലഹോ
കുറ്റം വെടിഞ്ഞു തുടങ്ങീ മഹാവ്രതം.
അശനമപി ശയനമപി നഹി; കൃശശരീരനാ-
യൎച്ചനം ധ്യാനം ജപം തുടങ്ങീടിനാൻ.
കരളിലൊരു ചലനമതുമവനു നഹി കാൽക്ഷണം;
കാറ്റും മഴയും വെയിലുമേറ്റീടിനാൻ.
മരവിരിയുമഥ ജടയുമതിവിമലഭസ്മവും
മാറാതലങ്കാരമാക്കി വാണീടിനാൻ.
അവനുടയ ജടയിലുടനനവധി ലതാജാല-
മാകവേ ചുറ്റിപ്പടൎന്നു പതുക്കവേ.
പലവകയിലവനുടയ ശിരസി പരിചോടുടൻ
പക്ഷികൾ കൂടു ചമച്ചു കൂട്ടീടിനാർ.
പുനരചലവരനുടയ തടമതിൽ ഹിരണ്യനെ-
പുറ്റുകൾ ചുറ്റും നിറഞ്ഞു മറച്ചിതു.
അരവകുലമവനുടയ മുടിയിലിടകൂടിനി-
ന്നാടിക്കളിക്കുന്നു കൂട്ടമോടേ മുദാ.
കതിരവനിലധികതരമവനുടയ തേജസാ
കാളുന്നു കത്തിജ്വ‌ലിച്ചു ദിഗന്തരം.
 അതുപൊഴുതു മുദിതമതി വിരവൊടു വിരിഞ്ചനു-
മാവിർഭവിച്ചു വരം കൊടുത്തീടുവാൻ.
"അസുരകുലതിലക! തവമതി മതി തപോവ്രത-
മൎത്ഥിച്ചുകൊണ്ടാലുമാഗ്രഹം മാനസേ.
തരുവനിഹ തവ രുചിരവരമഖിലമിന്നു ഞാൻ
താമസം വേണ്ടാ പറഞ്ഞുകൊൾക ഭവാൻ"
തദനു ദനുതനയവരനതിവിനയമൂർത്തി താൻ
താണു വണങ്ങിപ്പറഞ്ഞു തുടങ്ങിനാൻ.
"തരിക മമ വരമഖില,മരിമദമടക്കുവാൻ
തക്കവണ്ണം നല്ല ശക്തിവേണം വിഭോ!
മനുജപിതൃവിബുധകുലഭുജഗരജനീചര-
ന്മാരിൽനിന്നന്തം വരാതിരിപ്പാൻ വരം;

[ 7 ]

പതഗമൃഗപശുനികരജലചരകുലങ്ങളും
പാതാളഭൂസ്വർഗ്ഗവാസിജനങ്ങളും
ഇരവുമഥ പകലുമുടനടിയനെ വധിക്കരു-
തിങ്ങനേ വേണം വരം തരുന്നാകിൽ നീ.
അസിമുസലശരപരിഘപരശുഗദയാദിയാ-
മായുധം കൊണ്ടു വധിക്കരുതേവനും.
അകമരുതു പുറമരുതു നിലമരുതൊരുത്തനാ-
ലായുരന്തം വരുത്തീടുവാനായ്‌പ്പരം.
ഇവ പലതുമഭിലഷിത, മഖിലമിതു നൽകുവാ-
നീശൻ ഭവാനെങ്കിലാശു നൽകീടുക.
അടിയനിതു തരുവതിനു മനസി മടിയുണ്ടെങ്കി-
ലങ്ങോട്ടുതന്നേ ഗമിച്ചുകൊൾക ഭവാൻ.
ഇനിയുമഹമതികഠിനതരവരതപസ്സുകൊ-
ണ്ടീരേഴുലോകം നശിക്കുമാറാക്കുവൻ."
ഇതി ദനുജവരനുടയ വചനമതു കേട്ടുട-
"നീവണ്ണ"മെന്നരുൾചെയ്തു വിരിഞ്ചനും.
അവനു പുനരഭിലഷിതമഖിലവരമാദരാ-
ലാശു കൊടുത്തു മറഞ്ഞു പത്മാസനൻ.
 മുദിതമതി ദനുജപതി വിരവൊടു പുരം പുക്കു
മൂന്നുലോകങ്ങളെസ്സംഹരിച്ചീടുവാൻ
ദിതിജഭടപടകളുടെ നടുവിലിടകൂടിനാൻ
ദിഗ്‌ജയം ചെയ്‌വാൻ നടന്നു തുടങ്ങിനാൻ.
മനുജകുലമവനഖിലമവനിയിൽ നടന്നുടൻ
മർദ്ദനം ചെയ്തങ്ങമർത്തിവച്ചീടിനാൻ.
ധരണിസുരവരരുടയ ധനമവനടക്കിനാൻ;
ധർമ്മവും കർമ്മവുമെല്ലാം മുടക്കിനാൻ
കഠിനതരഹൃദയനവനരചരെയുമാകവേ
കാരാഗ്രഹത്തിൽ പിടിച്ചു കെട്ടീടിനാൻ.
ക്ഷണമപി ച ധരണിതലമതിലിയലുമീശ്വര-
ക്ഷേത്രങ്ങളൊക്കവേ ചുട്ടെരിച്ചീടിനാൻ.
ദനുജപതി വിരവിനൊടു പടുതരപരാക്രമം
ദേവലോകത്തെ പ്രവേശിച്ചനന്തരം
ശചിയുടയ രമണനെയുമമരനികരത്തെയും

[ 8 ]

ശങ്കകൂടാതേ പിഴുക്കി വാണീടിനാൻ
അനലനൊടു യമനിരൃതിവരുണരഥ വായുവു-
ൎത്ഥേശനീശനും ഭ്രഷ്ടരായ് വന്നിതു.
അഖിലസുരനരഭുജഗദനുജനികരത്തിനു-
ള്ളാധിപത്യം തനിക്കാക്കീ മഹാസുരൻ.
വിരവിനൊടു പടപൊരുതു മുരഹരനെ വെല്ലുവാൻ
വൈകുണ്ഠലോകം പ്രവേശിച്ചു ദാനവൻ
ഉരഗവരശയനനുടെ പുരവരമണഞ്ഞുട-
നുത്സഹശാലീ തിരഞ്ഞു തുടങ്ങിനാൻ.
അതുപൊഴുതു മുരമഥനനവനുടയ മാനസേ-
യാവേശനം ചെയ്തൊളിച്ചു വാണീടിനാൻ.
അരവമണിശയനമതിലജിതനെ ഹിരണ്യന-
ങ്ങന്വേഷണംചെയ്തു കാണായ്ക കാരണാൽ
"മമ വരുവു കരുതി ബത ഭയമുടയ വിഷ്ണു താൻ
മണ്ടിഗ്ഗമിച്ചൊളിച്ചീടുന്നു നിൎണ്ണയം
അജിതനിഹ വിരവിനൊടു വിജിത"നിതി നിശ്ചയി-
ച്ചാശു മദംപൂണ്ടു പോന്നമ്മഹാസുരൻ
തദനു ബഹു ദനുജകുലഭടരൊടിടചേൎന്നുടൻ
തൽപുരം പുക്കു സുഖിച്ചു വാണീടിനാൻ.
 അതുസമയമവനുടയ ഗൃഹിണികളിലഗ്രജാ
അത്യന്തശുദ്ധമാം ഗൎഭം ധരിച്ചിതു.
നരകരിപുചരണതലകമലമധുഭൃംഗമാം
നാരദൻ മാമുനി തത്ര ചെന്നീടിനാൻ.
ജഠരമതിൽ മരുവുമൊരു ശിശുവിനു മുനീശ്വരൻ
ജ്ഞാനോപദേശങ്ങൾ ചെയ്തിതു ഗൂഢമായ്.
വിമലതരവിനയഗുണശുഭമതി കുമാരകൻ
വിഷ്ണുപാദാംബുജേ മഗ്നയായീടിനാൻ.
അവനപി ച ജനനിയുടെ ജഠരകുഹരത്തിൽ നി-
ന്നാശു പുറന്നു മഹീതലേ വീണിതു.
ഗ്രഹനിലകളധികശുഭമവനുടെ സമുത്ഭവേ;
ഗ്രാമങ്ങൾ ദേശങ്ങളെല്ലാം തെളിഞ്ഞിതു.
സുരമനുജജനമനസി സുഖമതിമനോഹരം
സുഷ്ഠവാംവണ്ണം ജനിച്ചു തദന്തരേ.

[ 9 ]

 സുതനുടയ ജനനമതു സുരരിപുകുലാധിപൻ
സുപ്രസന്നൻ മുദാ കേട്ടോരനന്തരം
സരസതരമുചിതവിധി സകലമപി ചെയ്തുടൻ
സാനന്ദമാദാനവുംചെയ്തു പുത്രനെ.
ഉടമയൊടു മകനുടയ മുഖമതു വിലോകനാ-
ലൂർദ്ധ്വപുണ്ഡ്രം കണ്ടു കുണ്ഠനായീടിനാൻ
"ഇവനുടയ നിടിലഭുവി ഹരിയുടയ ലാഞ്ഛന-
മിങ്ങനേ കാണ്മതിനെന്തഹോ കാരണം?
കുലഹതകനിവനധികകുടിലമതിയായ് വരും;
കൂട്ടം മുടിപ്പാൻ പുറന്നോരു ബാലകൻ"
ഇതി മനസി കരുതി ബത ദനുജകുലപുംഗവ-
നിമ്പം നടിച്ചു ലാളിച്ചു മേവീടിനാൻ.
അനുദിവസമതിസരസഹരിചരണഭക്തികൊ-
ണ്ടാനന്ദസാന്ദ്രം വളർന്നിതു ബാലകൻ.
 പ്രഥിതഗുണഗണമുടയ ശിശുവിനതിവിദ്രുതം
പ്രഹ്ലാദനെന്നുള്ള പേരും പ്രസിദ്ധമായ്.
മധുമഥനനുടെ മകുടകടകമണികുണ്ഡലം
മഞ്ജീരഹാരം വനമാല കൗസ്തുഭം
ശരദമലശശിസദൃശവദനമൃദുഹാസവും
ശംഖു ചക്രം ഗദാപങ്കേരുഹങ്ങളും
കനകരുചിവസനമതുമനഘമണികാഞ്ചിയും
കാളമേഘാഭം കളേബരാഭോഗവും
അരകമലവടിവുമവനനവരതമാദരാ-
ലാശയം തന്നിലുറപ്പിച്ചു മേവിനാൻ.
അതിവിനയഗുണമുടയ ശിശുവിന പതുക്കവേ
അഞ്ചുവയസ്സു തികഞ്ഞോരനന്തരം
ദിതിജപതി ഗുരുവിനുടെയരികിലൂടനാക്കിനാൻ
ദൈത്യധർമ്മം ധരിപ്പിപ്പതിന്നാദരാൽ
അസുരനയമശുഭമിദമെന്നവൻ ചൊല്ലിനാ-
നാസുരസിദ്ധാന്തമൊന്നും ഗ്രഹിച്ചീല.
നരകരിപുചരണയുഗഭജനസുഖമെന്നിയേ
നന്നല്ല മറ്റൊന്നുമെന്നുറച്ചീടിനാൻ.
ഗുരുവചനനിരസനമിതരുതിതി നിനച്ചവൻ

[ 10 ]

ഗുഢം ഭജിക്കുന്നു വിഷ്ണുപാദാംബുജം.
 ഒരുദിവസമസുരപതി തനയനൊടു ചോദിച്ചാൻ
"ഓമൽക്കുമാരക! ചൊല്ലെടോ നന്ദന!
സരസമിഹ ഗുരുവിനൊടു പലവക പഠിച്ചതിൽ
സാരമെന്നുണ്ണി ഗ്രഹിച്ചതിന്നെന്തെടോ?"
സപദി പുനരവനുമഥ ജനകനൊടു ചൊല്ലിനാൻ:
'സാരം ഗ്രഹിച്ചതു വിഷ്ണുപാദാർച്ചനം"
ശ്രവണകടു വചനമതു ദനുജപതി കേട്ടുടൻ
ശ്രോത്രങ്ങൾ രണ്ടും കരംകൊണ്ടു പൊത്തിനാൻ.
തദനു നിജതനയനുടെ തലമുടി പിടിച്ചവൻ
താഡിച്ചു താഡിച്ചു താഴത്തിറക്കിനാൻ.
പ്രഹരമതു നിജവപുഷി ബഹുതരമിതേല്ക്കയാൽ
പ്രഹ്ലാദനുള്ളിൽ കുലുക്കമില്ലേതുമേ.
തദനു ഹരിചരണയുഗമകതളിരിലോൎക്കയാൽ
തല്ലുകൊള്ളുന്നേരമല്ലലില്ലാശയേ.
"നരകമുരമധുമഥന! വരദ! കരുണാനിധേ!
നാരായണാനന്ത! ഗോവിന്ദ! മാധവ!
അജിത! ഭവ ശരണ"മിതി സരസതിരുനാമങ്ങ-
ളാസ്ഥയാ ഘോഷിച്ചു ഘോഷിച്ചു മേവിനാൻ.
 കിതവകുലതിലകനഥ ദനുജവരനഞ്ജസാ
കിങ്കരന്മാരേ വിളിച്ചു ചൊല്ലീടിനാൻ
"നിരതിശയകുടിലനിവ,നിവനെ മടികൂടാതെ
നിഗ്രഹിച്ചീടുവിൻ നിങ്ങൾ ദൈതേയരേ!
വധമുചിതമിഹ സപദി; കിമപി നഹി സംശയം;
വല്ലാത്ത മക്കളെക്കൊല്ലാതവൻ ജളൻ.
പുനരറിക പലരുമിഹ പുലിയുടെ കിടാവിനെ-
പ്പോഷണം ചെയ്യുന്ന ഭോഷൻ നശിച്ചുപോം."
ദനുജകുലവരനുടയ വചനമതു കേട്ടുടൻ
ദാനവന്മാർ ചെന്നു താഡനം കൂട്ടിനാർ.
തടിവടികളൊടിയുമളവടിയുമിടിയും തദാ
തങ്ങൾതങ്ങൾക്കൊത്തപോലേ തുടങ്ങിനാർ
പരശു ഗദ പരിഘമിവ പലവകയിലായുധം
പാണൌ ധരിച്ചു ഹനിച്ചു തുടങ്ങിനാർ.

[ 11 ]

പലരുമഥ പലപൊഴുതുമടിമുടിപിടിച്ചുടൻ
പാറപ്പുറങ്ങളിലിട്ടുരുട്ടീടിനാർ.
അജിതപദഭജനപരഹൃദയനുടെ വിഗ്രഹേ
ആയുധശ്രേണികളേല്‌ക്കുന്നതില്ലഹോ.
പരുഷതരമുലയുമതിനിശിതകരവാളവും
പാറപ്പുറത്തെയ്ത മൊട്ടമ്പു പോലെയായ്.
"ചപലമതി കിതവനിവനതികഠിനനൎഭകൻ
ചാകുന്നതില്ല; ഞാനെന്തു ചെയ്യാവൊടോ?"
ഇതി ദിതിജഭടപടലമിടയിലുരചെയ്കയു-
മിദ്ധപ്രകോപേന താഡനം ചെയ്കയും.
മദമുടയ കരിവരരെ വിരവിനൊടു കൊണ്ടുടൻ
മാറത്തു കത്തിച്ചമൎത്തു തുടങ്ങിനാർ.
വിഷമുടയ ഫണികളുടെ കടികളുമഹോ മഹാ-
വിഷ്ണുഭക്തങ്കൽ ഫലിച്ചില്ല ചെററുമേ.
വിഷശബളമശനമപി വിവിധമവർ നല്കിനാർ;
വീതശങ്കം ഭുജിച്ചീടിനാൻ ബാലനും.
തദനു പുനരചലവരമുകളിലവർ കൊണ്ടുപോയ്-
ത്താഴത്തുഭാഗത്തുരുട്ടിവിട്ടീടിനാർ.
മലയുടയ ശിഖരമുടനിടിപൊടിതകൎത്താശു
മാധവാംഘ്രിപ്രിയൻ സ്വസ്ഥനായ മേവിനാർ.
 "ഒരുവിധവുമിവനുടയ നിധനമിഹ ചെയ്പതി-
ന്നോൎത്താൽ ഫലം വരാ നൂന"മെന്നിങ്ങനെ
അസുരഭടജനമഖിലമതിതരവിഷണ്ണരാ-
യാദിതേയാരിയെച്ചെന്നു വണങ്ങിനാർ.
"തനയനുടെ വധമിവിടെ വരുവതതിദുർഘടം;
തമ്പുരാനേ! ഞങ്ങൾ പോരാ; വലഞ്ഞിതു.
ഒരു വിധവുമധമനുടെ വധവിധി ഫലിച്ചീല;-
യൊട്ടല്ല ഞങ്ങടേ യത്നം മഹാമതേ!
ചപലമതി ദിതിജശിശു ശിവശിവ! മഹാവരാൽ
ചാകാത്തനാൾ പുറത്തീടിനാൻ നിൎണ്ണയം
ഇതി ദനുജഭടരുടയ വചനമതു കേട്ടുട-
നിച്‌ഛാവിഭംഗേന ഖിന്നനാം ദാനവൻ
"കരചരണതലമപി ച വരുണവരപാശേന

[ 12 ]

കെട്ടി വരിഞ്ഞൊരു ദിക്കിലാക്കീടുവിൻ."
പരിചൊടിതി ദനുജകുലപതിയുടെ മതംകേട്ടു
പാശങ്ങൾ കൊണ്ടുവന്നാശൂ കെട്ടീടിനാർ.
 ഗുരുവിനുടെ ഭവനമതിലൊരു ദിശി കുമാരനെ -
ഗ് ഗ്രൂഢമാംവണ്ണം പിടിച്ചു ബന്ധിച്ചുടൻ
അസുരജനമഖിലമഥ സുഖമൊടു ഗമിച്ചപ്പൊ--
ളാനന്ദശാലിയാം പ്രഹ്ലാദനും തദാ
ഗുരുഭവനസവിധഭൂവി ഗുരുതരസുഖംപൂണ്ടു
ഗൂഢനായ് മേവുന്ന വിഷ്ണുഭക്തോത്തമൻ
അസുരകുലശിശുനികരമരികിലഥ ചേർത്തുകൊ-
ണ്ടദ്ധ്യാത്മബോധമവർക്കു നൽകീടിനാർ.
"വരികരികിലിഹ സകലദനുജകുലബാലരേ!
വൈകുണ്ഠദേവനെസ്സേവചെയ്തീടുവിൻ.
അഖിലജനഹൃദയമതിലനിശമുളവായവ-
നാനന്ദമൂർത്തി മഹാവിഷ്ണു മാധവൻ.
അചരചരഭുവനമിദമഖിലമുളവായതു-
മത്യന്തപുഷ്ട്യാ വിളങ്ങി മേവുന്നതും
വിരവിനൊടു പുനരപി ച വിലയമിയലുന്നതും
വിഷ്ണുദേവന്റേ വിലാസമെന്നോർക്കെടോ.
കനിവിനൊടു കമലയുടെ രമണനെ നിനച്ചുടൻ
കൈവണങ്ങീടുന്ന ദേഹികൾക്കഞ്ജസാ
സകലകുലധനവിഭവമഖിലമുളവാമെടോ;
സാരമാം മോക്ഷവും സംഭവിക്കും ദൃഢം.
വിഹഗമൃഗസുരമനുജദനുജഭുജഗാദിയാം
വിശ്വപ്രപഞ്ചങ്ങൾ വിഷ്ണുദേവൻ പരൻ.
നിഖിലപതി നിഗമനിധി നിരവധി നിരഞ്ജനൻ
നിഷ്കളങ്കൻ നിർമ്മലൻ നിത്യൻ നിരാമയൻ
അജനമരനജിതനവനജഗിരിശസേവിത,-
നാനന്ദസുന്ദരബ്രഹ്മം സനാതനൻ.
അവനുടയ ചരണതഭവനമതിപാവന-
മാധിയും വ്യാധിയും വേർപെടുത്തീടുവാൻ.
മധുമഥനപദകമലഭജനസുഖമെന്നിയേ
മറ്റെന്തു സൌഖ്യം മനോമോദസാധനം?

[ 13 ]

അനുദിനമവനുടയ സുമധുരകളേബര-
മാശയേ ചിന്തിച്ചുറപ്പിച്ചു കൊണ്ടുടൻ
"ജനിമരണഭയഹരണ! ജയ ജയ ജഗന്നിധേ!
ജംഗമസ്ഥാവരാനന്ദമൂൎത്തേ! ഹരേ!
ദുരിതഹരമരുളിടണമജിത! കരുണാനിധേ!
ദുഖങ്ങൾ നീക്കിത്തുണയ്ക്ക നീ ശ്രീപതേ!
ഇതി മനസി കനിവിനൊടു കരുതി മരുവുന്നവ-
നിച്‌ഛിച്ചതെല്ലാം ലഭിച്ചീടുമഞ്ജസാ.
അനിശമതിവിനയമൊടു ദനുജകുലബാലരേ!
ആരാധനം ചെയ്തുകൊൾക മുകുന്ദനേ.
പ്രതിദിവസമതിസരസമിതി കില മനോഹരം
പ്രഹ്ലാദവാക്യവിസ്താരങ്ങൾ കേൾക്കയാൽ
അസുരശിശുകുലമഖിലമമലഹരികീർത്തന-
മത്യന്തഭക്ത്യാ തുടങ്ങി മേവീടിനാർ.
"ഗജവരദ! ഗരുഡനത! സതതകരുണാനിധേ!
ഗോവിന്ദ! ഗോപാല! കൃഷ്ണ! വിഷ്‌ണോ! ഹരേ!"
അതിമധുരമിതിദിതിജശിശുജനവചസ്സിനാ
ലാചാര്യമന്ദിരം പൂൎണ്ണമായീ തദാ.
 അസുരവരനൊരുദിവസമുദയസമയം മുദാ
ആചാൎയ്യമന്ദിരേ ചെന്നൂ യദൃശ്ചയാ.
അതുസമയമസുരശിശുനികരമതിഭക്തിപൂ-
"ണ്ടച്യുതാനന്തഗോവി"ന്ദേതി ചൊല്കയും
ധരണിവരചരണയുഗമകതളിരിലാദരാൽ
ധ്യാനിച്ചു കണ്ണുമടച്ചു വസിക്കയും
കനിവിനൊടു മുരമഥനകഥകളുരചെയ്കയും
കണ്ടുകേട്ടാശു കയർത്തു നിന്നീടിനാൻ
അതികുപിതഹൃദയനവനസിലതയെടുത്തുകൊ-
ണ്ടാകവേ സംഹരിപ്പാനായ്‌ത്തുടർന്നിതു
"അരുതരുതു ദുരിത"മിതി ഗുരുവിനുടെ വാക്കി
ലല്പം ക്ഷമിച്ചു വിളിച്ചു തനയനെ
"അതികുടിലമതിയുടയ തനയ! വരികാശു നീ
ആരു നിനക്കിപ്പൊളാശ്രയം ദുർമ്മതേ?"
ഇതി ജനകവചനമതു വിരവിനൊടു കേട്ടുട-

[ 14 ]

"നിന്ദിരാനാഥൻ ജഗന്നാഥനാശ്രയം
അറികമല! ജനക! പുരനഖിലഭുവനങ്ങൾക്കു-
മങ്ങിന്നമുക്കുമസ്വാമിതാനാശ്രയം."
"പറക തവ മുരമഥനനെവിടെയുളവോ,"ന്നെന്നു
പൃച്‌ഛിക്കുമച്‌ഛനോടാത്മജൻ ചൊല്ലിനാൻ
"മമ വപുഷി തവ വപുഷി സുരവരവപുസ്സിലും
മറ്റും പദാൎത്ഥത്തിലൊക്കെയുണ്ടീശ്വരൻ"
"സ്തുതിവചനമിദ,മഖിലഭജിതനവനെങ്കിലി-
ത്തൂണിന്മെലുണ്ടോ പറ"കെന്നു താതനും.
"തുഹിനകരതുലിതമുഖനഖിലഭുവനങ്ങൾക്കു
തൂണായതും സ്വാമിതാ"നെന്നു പുത്രനും
"തവ ഭജനപതിയുടയ ശിരസി വിരവോടു ഞാൻ
താഡനം ചെയ്യുന്നു; കണ്ടാലുമാശു നീ."
സപദി ദിതിതനയകുലവരനിതി പറഞ്ഞുടൻ
സത്വരം തൂണിന്മെലൊന്നു വെട്ടീടിനാൻ.
 തദനു ഘനനിനദമൊടു സദൃശമൊരു ശബ്ദമാ-
സ്തംഭത്തിനുള്ളിൽ നിന്നുണ്ടായി തൽക്ഷണം.
അസുരവരപടകളതി കിടുകിടെ വിറച്ചുപോ;-
യാകാശരന്ധ്രം നിറഞ്ഞു കവിഞ്ഞിതു;
കുലഗിരികളുടെ ശിഖരമിടിപൊടി തകൎന്നുപോയ്;
കുംഭീശ്വരന്മാർ ഭയപ്പെട്ടു മണ്ടിനാർ;
മുനികളുടെ നടുവിലഥ മരുവിന വിരിഞ്ചനും
മോഹിച്ചു താഴത്തു വീണുപോയഞ്ജസാ;
നിരതിശയപരുഷമതി ദിതിജകുലപുംഗവൻ
നീളവേനോക്കി ത്രസിച്ചു നില്ക്കുംവിധൌ
തരുണതരതുഹിനഗിരിവിപുലമൊരു വിഗ്രഹം
സ്തംഭം പിളൎന്നു കിളൎന്നു കാണായ്‌വന്നു
വലിയ ഗിരിശിഖരസമമതിവികടവക്ത്രവും
വട്ടം തുറിച്ചു മിഴിച്ച നേത്രങ്ങളും
വികടതരസടകളുടെ പടലമൊടു താടിയും
വിസ്തീൎണ്ണമാകുന്ന വക്ഷഃപ്രദേശവും
വലകളിടകലരുമതിപൃഥുലതരകണ്ഠവും
വജ്രഘോരങ്ങളാം ദംഷ്‌ട്രാങ്കുരങ്ങളും

[ 15 ]

നിശിതലസദസിസദൃശതരളതരജിഹ്വയും
നീണ്ടു തടിച്ചുള്ള ബാഹുസഹസ്രവും
കലിശസമകുടിലതരപരുഷനഖജാലവും
കണ്ഠേതരോച്ചണ്ഡകണ്ഠനാദങ്ങളും
സകലശശികിരണഗണസദൃശതനുരോമവും
സംഹാരരുദ്രോരുസിംഹാരവങ്ങളും
അചലവരസമകഠിനദൃഢതരശരീരവു-
മത്യുൽകടങ്ങളാം നാനായുധങ്ങളും
അരുണരുചികലരുമതിപൃഥുനയനരശ്മിയാ-
ലഗ്നിസ്ഫുലിംഗപ്രചണ്ഡപ്രകാരവും
മധുമഥനഘടിതമിതി ഭുവനഭയകാരണം
മർത്യസിംഹാകാരമത്യന്തഭീഷണം
കതിരവനിലധികരുചി മനുജഹരിവിഗ്രഹം
കണ്ടു ഭയപ്പെട്ടു മണ്ടുന്നിതു ചിലർ;
ചില ദനുജഭടപടലമുടനതിഭയാകുലം
ഛിന്നപാതം വീണു രക്തം വമിച്ചിതു;
ചകിതതരമതികളതുപൊഴുതു പല ദൈത്യരും
ചത്തു മറിഞ്ഞു മഹീമണ്ഡലങ്ങളിൽ.
സകലമുനിനികരമഥ സകലസുരവൃന്ദവും
സാധ്വസംപൂണ്ടു വണങ്ങിത്തുടങ്ങിനാർ.
അസുരവരനതുപൊഴുതു കഠിനഗദയും ധരി-
ച്ചായോധനത്തിന്നു പാഞ്ഞടുത്തീടിനാൻ.
രഭസമൊടു പടപൊരുതുമസുരനെ നൃസിംഹവും
രണ്ടു കരങ്ങളെക്കൊണ്ടു പിടിച്ചുടൻ
ബഹളഗളരവപരുഷമഹഹ! ബഹു കോപവാൻ
ബാഹുരന്ധ്രംതന്നിലിട്ടമൎത്തീടിനാൻ.
വലിയ നരഹരിയുടയ നികടഭുവി ദാനവൻ
വാളും പരിശയും കൈക്കൊണ്ടടുത്തിതു
അസിഫലകലസിതഭുജനസുരകുലശേഖര-
നായാസമുൾക്കൊണ്ടു ചാടിക്കളിക്കയും
"വരിക മമ രണശിരസി പെരിയ നരസിംഹമേ!
വാട്ടമില്ലി'ങ്ങെന്നു നിന്നു ജല്പിക്കയും
പൃഥുലമദമുടയ പടുദനുജനെ നൃകേസരി

[ 16 ]

പിന്നെയും ചാടിപ്പിച്ചമൎത്തീടിനാൻ.
ഉടമയൊടു ഝടിതി നിജമടിയിലിടചേൎത്തുകൊ-
ണ്ടുമ്മരദ്വാരത്തിലിരുന്നുകൊണ്ടഞ്ജസാ
തടിയനുടെ തടിയിലുടനതിപൃഥുകരങ്ങളാൽ
താഡനംചെയ്തു തകൎത്തു നൃകേസരി.
മലയുടയ വടിവുതകുമതിവികടമായുള്ള
മാറിടംതന്നിൽ നഖങ്ങൾ വച്ചീടിനാൻ.
കരനഖരമുരസി വിരവിൽത്തറച്ചമ്പോടു
മാറിടം കീറിപ്പിളൎന്നാശു കേസരി
കഠിനതരചടചടിതരടികടുഭൈരവം
കങ്കാളകൂടം പിടിച്ചറുക്കുംവിധൌ
അധികതരപരിഗളിതരുധിരഭരമാകവേ-
യഞ്ജലികൊണ്ടു കുടിച്ചു തുടങ്ങിനാൻ.
അടിമുടിയിലഖിലമപി തുടുതുടെ വിളങ്ങീടു-
മന്ത്രമാലാശതം കൊണ്ടു ബന്ധിക്കയും;
അരിശമൊടു ഝടിതി പുനരടിയുമിടിയും മുതി-
ൎത്തസ്ഥികൂടങ്ങളെ ക്ഖണ്ഡനം ചെയ്കയും;
സിരകളഥ വിരവിനൊടു നിരവധി വലിക്കയും;
സിംഹനാദംചെയ്തു പൊട്ടിച്ചിരിക്കയും;
ദനുജനുടെ തനുശകലമവനിയിലിഴുക്കയും;
ദംഷ്ട്രങ്ങൾകൊണ്ടു കടിച്ചുവലിക്കയും;
മനുജഹരിചരിതമതു ശിവ! ശിവ! ഭയംകരം;
മന്ദനാം ഞാനെന്തു ഹന്ത! വൎണ്ണിപ്പതും?
അചലകുലമഖിലമപി കിടുകിടെ വിറയ്ക്കയു-
മാഴികളേയും കലങ്ങിയലയ്ക്കയും;
വനമഹിഷഹരികരികളനവധി ഭയംപൂണ്ടു
വട്ടത്തിലോടിത്തകൎത്തു നടക്കയും;
അധികതരഭയമിയലുമമരമുനിവൃന്ദങ്ങ-
ളാകവേ ദൂരത്തുവാങ്ങി സ്തുതിക്കയും.
കുപിതമതി മനുജഹരി കിരവൊടു ഹിരണ, നെ-
ക്കൊന്നു കളേബരം ദൂരത്തെറിഞ്ഞുടൻ
ചടുലതരദിതിജഭടപടലികളശേഷമേ
ചാടിപ്പിടിച്ചു കടിച്ചു ഭക്ഷിച്ചിതു.

[ 17 ]

 പ്രകടകടുരഭസമൊടു ഗുരുതരഭയംകരൻ
പ്രാഭവത്തോടേ വസിക്കും ദശാന്തരേ
പെരുകിനൊരു തനുവുടയ ഹരിയുടെ സമീപത്തു
പേടിച്ചൊരുത്തനും ചെന്നുകൂടായ്കയാൽ
സരസിരുഹഭവനുമഥ ഭവനുമമരേശനും
സൎവവൃന്ദാകരന്മാരും വിചാരിച്ചു
പ്രചുരതരവിനയഗുണമുടയൊരു കുമാരനാം
പ്രഹ്ലാദനെപ്പറഞ്ഞങ്ങയച്ചീടിനാർ.
പ്രശമനിധി ഹരിചരണശരണനതിധൈൎയ്യവാൻ
പ്രഹ്ലാദനന്തികേ ചെന്നു വണങ്ങിനാൻ.
മുഹുരപി ച തൊഴുതു നരഹരിയെ വിരവോടവൻ
മൂന്നു പ്രദക്ഷിണം വച്ചു പതുക്കവേ
ദിനകരനു സദൃശരുചിയുടയ ദിതിജാരിക്കു
ദീൎഖമാംവണ്ണം നമസ്ക്കരിച്ചീടിനാൻ.
അതുപൊഴുതു മനുജഹരി മുദിതമതിയാകയാ-
ലാസ്ഥയാ കൈക്കൊണ്ടനുഗ്രഹിച്ചീടിനാൻ.
പരുഷതരദനുജവരരുധിരകണശോഭമാം
പാണിദ്വയംകൊണ്ടെടുത്തു നിൎത്തീടിനാൻ.
 പ്രമദഭരതരളമതി പുളകിതകളേബരൻ
പ്രഹ്ലാദബാലൻ സ്തുതിച്ചു തുടങ്ങിനാൻ.
"ജയ വരദ! മുരമഥന! ജയ ജയ ജഗൽപതേ!
ജംഗമസ്ഥാവരാകാര! നാരായണ!
വിജയജയവിനയകര! വിഹഗപതിവാഹന!
വിശ്വേശ! വിഷ്ണോ! നമസ്തേ നമോഽസ്തു തേ.
നിരതിശയഗുണനിലയ! നിരുപമകൃപാനിധേ!
നിശ്ശേഷബന്ധോ! നമസ്തേ നമോഽസ്തു തേ.
മധുമഥന! വിധുനയന! മധുരഗുണവാരിധേ!
മാധവ! ശ്രീമൻ! നമസ്തേ നമോഽസ്തു തേ
നളിനദലനയന! ജയ നരകകുലനാശന!
നാനാവതാര! നമസ്തേ നമോഽസ്തു തേ.
ചരണതലപതിതജനശരണ! കരുണാനിധേ!
ചാരുശ്രീമൂൎത്തേ! നമസ്തേ നമോഽസ്തു തേ.
അജിത! ജയ ഗജവരദ! ജയജയ ജനാൎദ്ദന!

[ 18 ]

അംഭോജനാഭ! നമസ്തേ നമോഽസ്തു തേ.
അമലഫണിവരശയന! വിമല! കമലാപതേ!
അച്യുതാനന്ത! നമസ്തേ നമോഽസ്തു തേ.
ശശിവിശദമൃദുഹസിത! സരസിജഗദാധനു-
ശ്ശംഖചക്രാങ്കിൻ! നമസ്തേ നമോഽസ്തു തേ.
അടിയനുടെ ജനകനുടെ കുടിലചരിതം ഭവാ-
നാശു സഹിച്ചു ശമിച്ചരുളണമേ.
തവചരണസരസിരുഹയുഗമടിയനാശ്രയം
ചാപബാണങ്ങളെസ്സംഹരിക്കേണമേ.
തിരുമനസി കനിവിനൊടു വിരവൊടു തുണയ്ക്കു മാം;
തീർത്ഥപാദാംഭോജ! വിഷ്ണോ! നമോഽസ്തു തേ
കരചരണഹൃദയകൃതമഖിലമപി കർമ്മവും
കാരുണ്യമൂർത്തേ! ഭവൽപ്രീതയേഽസ്തു മേ.
ശരണമയി ചരണമയി ശമലഹര! ശാശ്വത!
ശങ്ഖാസിപാണേ! നമസ്തേ നമോഽസ്തു തേ.
ഇനിയുമൊരു ജനനിയുടെ ജഠരകുഹരത്തിൽ വീ
ണിങ്ങനേ ദുഃഖിപ്പതിനുള്ള സംഗതി
വരികിലതു വിഷമ,മിതു മതിമതി നമുക്കഹോ;
വൈകുണ്ഠവാസ! കടാക്ഷിച്ചുകൊൾക മാം.
കനകമണിരജതജനഭവനവനിതാദിയിൽ
കാമം വരുത്താതെ കാത്തുകൊൾകാശു മാം
തവ ചരണപരിചരണകരചരണദാസനായ്-
ത്തന്നേ വസിപ്പിച്ചുകൊള്ളേണമേ ഭവാൻ
നതമനുജസുരനകരവിനയഹര! നാഥ! ഹേ!
നാരസിംഹാകൃതേ! വിഷ്ണോ! നമോഽസ്തു തേ"
നളിനഭവഭവനമിത! ശമിതപരിതാപ! ഹേ
നാരസിംഹാകൃതേ! വിഷ്ണോ! നമോഽസ്തു തെ"
സരസമിതി നുതിവചനമഖിലമപി കേട്ടുടൻ
സന്തുഷ്ടമാനസൻ സർവ്വേശ്വരൻ പരൻ
ക്രമസുമുഖഘടനപടു പടുതരകടാക്ഷവാൻ
ക്രോധം കളഞ്ഞു തെളിഞ്ഞിരുന്നീടിനാൻ.

[ 19 ]

വരമഖിലമുടനവനു വിരവിനൊടു നൽകിനാൻ
വാഞ്ഛയില്ലെങ്കിലും വാസുദേവൻ പരൻ
അഖിലസുരമുനികളുടെ ഭയമപി കളഞ്ഞുകൊ-
ണ്ടാസ്ഥാവിശേഷാലനുഗ്രഹം നൽകിനാൻ.
പ്രചുരതരസുകൃതിജനമണിമകുടഭൂതനാം
പ്രഹ്ലാദനെപ്പുണർന്നാദരാലച്യുതൻ
അഖിലസുരമുനിമനുജസുഖമിഹ വരുത്തിനാ;-
നജ്ഞസാ ദേവൻ മറഞ്ഞരുളീടിനാൻ.
 ഇതി സരസമതിമധുരമജിതചരിതാമൃത-
മിച്ഛയാ നിത്യം ശ്രവിക്കുന്ന മാനുഷൻ
വിഗതബഹുദുരിതചയനതിവിശദപാർവനം
വിഷ്ണുലോകത്തെ പ്രവേശിക്കുമഞ്ജസാ.
പറകയുമിതനുദിവസമോർക്കയും ചെയ്കിലോ
പാപക്ഷയം നൃണാം മംഗലം മംഗലം.

പ്രഹ്‌ലാദചരിതം ഹംസപ്പാട്ടു സമാപ്തം


_____


ശുഭം ഭൂയാൽ.