"സ്പന്ദിക്കുന്ന അസ്ഥിമാടം/ജീവിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Content deleted Content added
'<poem> ജീവിതം ജീവിതം മന്ത്രിക്കുന്നു:- "നിങ്ങളില...' താള്‍ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

13:36, 29 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ജീവിതം

ജീവിതം മന്ത്രിക്കുന്നു:-
"നിങ്ങളില്‍ച്ചിലരെന്റെ
പൂവനത്തണല്‍തോറും
സ്വപ്നംകണ്ടിരിക്കുമ്പോള്‍
ചിലരെന്‍åമണല്‍ക്കാട്ടിന്‍-
മദ്ധ്യത്തി, ലൊരു തുള്ളി
ജലമെങ്കിലും കിട്ടാ-
താര്‍ത്തരായ്പ്പൊരിയുന്നു.

പൂന്തോപ്പിലിരിക്കുന്നോ-
രെന്‍ നാമം പുകഴ്ത്തുമ്പോള്‍
താന്തരായ് മരുഭൂവില്‍
നില്‍ക്കുവോര്‍ ശപിയ്ക്കുന്നു,
ഒരു ഭാഗത്തെന്‍ രൂപം
സുന്ദരമായിക്കാണ്മൂ
മറുഭാഗത്തോ, വെറും,
വൈരൂപ്യം ദര്‍ശിക്കുന്നു.

എന്നാല്‍ ഞാനിതുരണ്ടു-
മല്ലെ, ന്നാലിതു രണ്ടു-
മെന്നിലു, ണ്ടെന്നാലൊന്നു-
മില്ലതാനുമിന്നെന്നില്‍!
തോന്നലാ, ണെല്ലാം വെറും
തോന്നല്‍ മാത്രമാ, ണെന്നില്‍-
ച്ചെര്‍ന്നുനില്‍ക്കുന്നില്ലൊന്നും
ശാശ്വതമായെന്നെന്നും!

ചിരിപ്പിയ്ക്കും ഞാന്‍, തേങ്ങി-
ക്കരയിയ്ക്കയും ചെയ്യും,
മരിപ്പിയ്ക്കും ഞാന്‍, വീണ്ടും
ജനിപ്പിയ്ക്കയും ചെയ്യും.
കാല, മിപ്പൊഴു, മെന്നെ
രാപ്പകലാകും കൊച്ചു-
കാലടികളാലള-
ന്നളന്നുനോക്കീടുന്നു.

യുഗസഞ്ചയമെത്ര-
കഴിഞ്ഞൂ!-കാല്‍ത്തുമ്പത്തെ
നഖവിസ്തൃതിപോലും
തിട്ടമായില്ലെന്നിട്ടും!
ഭ്രമണം ചയ്വൂ തേജോ-
ഗാളങ്ങള്‍ മല്‍സ്പര്‍ശന-
ക്രമമൊപ്പിച്ചങ്ങിങ്ങു
മാറിക്കൊണ്ടിരിയ്ക്കുന്നൂ.

മരണം!-പേടിയ്ക്കേ, ണ്ടെന്‍-
കണ്ണുചിമ്മലാ, ണെന്റെ
മരുഭൂമിയും മലര്‍-
വാടിയും, രണ്ടും, സ്വപ്നം!
ഞാനനശ്വരം, സൃഷ്ടി-
സ്ഥിതിസംഹാരങ്ങളെന്‍-
ഗാനത്തിന്‍ ക്രമീകൃത-
ഗതിഭേദങ്ങള്‍ മാത്രം!

വ്യാമോഹംമൂലമെന്നെ-
യളക്കാന്‍ തുനിയായ്വിന്‍
സീമയില്ലെനി, യ്ക്കപ്ര-
മേയമാണെന്നാകാരം.
സസ്പൃഹം മമ ഗാന-
മാസ്വദിച്ചെന്നാല്‍ പോരും!
നിഷ്ഫലം, വ്യാഖ്യാനിയ്ക്കാ-
നുദ്യമിയ്ക്കായ്വിന്‍ നിങ്ങള്‍!! ...
                               18-8-1117.