നിനയ്ക്കു വേണ്ടി ഞാൻ ധരയിലെന്തു

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search


നിനയ്ക്കു വേണ്ടി ഞാൻ ധരയിലെന്തു

രചന:സാധു കൊച്ചുകുഞ്ഞുപദേശി

നിനയ്ക്ക് വേണ്ടി ധരയിലെന്തു വേണമോ
എനിക്കു വേറില്ലാശയൊന്നെന്റേശു മാത്രമേ

എവിടെപ്പോയി ഞാൻ അവന്നായ് ജീവിക്കണം
അവിടെത്തന്നെ പോവാൻ എനിക്കു മനസ്സു നൽകണേ

ദുരിത ക്ളേശമോ വിവിധ പീഡ പേടിയോ
വരികില്ലെന്നിലരികിലേശു കരുണ സമുദ്രമേ

തരുന്ന ദൂതുകൾ ആർക്കും ധൈര്യമോതിടാം
വരുന്നതെന്തും വരട്ടെന്നല്ലാതെനിക്കു പാടില്ല

കുരിശ്ശിൽ തൂങ്ങിയോൻ വരുന്നു രാജരാജനായി
ധരയിലവനു ചീയർ വിളിപ്പാനുള്ളം കൊതിക്കുന്നു.

മഹത്വമുള്ളവൻ പണ്ട് കഴുതമേൽ തന്റെ
സെഹിയോൻ നാരിക്കരികിലണഞ്ഞു കാലം വന്നിടും

ലോകരാജ്യങ്ങൾ ആകെ ഇളകിമാറീടും
ലോകമെങ്ങും യേശുവെന്ന നാമമായിടും

സിംഹതുല്ല്യരായി ഭൂവിൽ ഭരണം ചെയ്യുവോർ
സിംഹരാജനേശുമുൻപിൽ അഭയം വീണീടും

കാട്ടിൽ കരടി പോൽ നാട്ടിൽ ക്രൗര്യം ചെയ്യുവോർ
പെട്ടന്നേശു വാനിൽ വരുമ്പോളലറി ഓടിടും

പുലിക്കു തുല്യരായി ഉലകിൽ കലഹം ചെയ്തവർ
അലിവു കാണാതീശൻ മുൻപിൽ കലങ്ങി വരണ്ടീടും

ഇരുമ്പു പല്ലുകൊണ്ടുലകം ചവച്ചു പൊടിച്ചവർ
വരുന്ന ദുരിതമരിഞ്ഞു വേഗം ധരയിൽ പതിച്ചിടും

യേശു വരുന്നിഹെ തന്റെ രാജ്യം സ്ഥാപിപ്പാൻ
നാശമില്ലാരാജ്യമതിലെ രാജനും താനെ

ജാതി ഭേതമൊ ഇല്ലവിടാരിലും തന്നെ
ജാതിഭേദമാകെ യേശു നീക്കും സ്നേഹത്താൽ

വരുന്ന രാജ്യത്തിൽ യുദ്ധസൈന്യമില്ലതാൽ
വരുന്ന രാജ്യവാസികൾക്ക് ഭരണം സ്നേഹമേ

വാളു കുന്തങ്ങൾ അവിടെ ഉഴവിന്നേകുന്ന
കൊഴുക്കളായിത്തീർക്കുമാരും സ്നേഹമിത്രരായി

ദുഷ്ടജന്തുക്കൾ പോലും സത്ബുദ്ധികൾ
ദുഷ്ട സിംഹം കാള പോലെ പുല്ലു തിന്നിടും

ദേശം ദേശമായി യേശു ഭരണം ചെയ്യുമ്പോൾ
മോശക്കാരെന്നിവിടെ കണ്ടോർ കൂടെ വാണിടും