നക്ഷത്രങ്ങളുടെ നാട്ടിൽ
| രചന: നക്ഷത്രങ്ങളുടെ നാട്ടിൽ (1965) |
[ 1 ] നക്ഷത്രങ്ങളുടെ നാട്ടിൽ
എം.പി.പരമേശ്വരൻ [ 2 ] നക്ഷത്രങ്ങളുടെ നാട്ടിൽ
Author's Copy [ 3 ] (Malayalam)
Nakshatrangalute Naattil
Science
By M. P. PARAMESWARAN
Moscow Power Institute
Moscow
First Published August 1965
Copies 1000
Printed at
INDIA PRESS, KOTTAYAM
Price Rs. 1.50
Copyright
M. P. Parameswaran
Publishers:
Sahitya Pravarthaka Co-operative
Society Ltd., Kottayam, Kerala State
Sales Department:
NATIONAL BOOK STALL
Kottayam Kerala State India
നക്ഷത്രങ്ങളുടെ നാട്ടിൽ
എം. പി. പരമേശ്വരൻ
പ്രസാധകന്മാർ
സാഹിത്യപ്രവൎത്തക സഹകരണസംഘം
നാഷനൽ ബുക്ക്സ്റ്റാൾ
കോട്ടയം
വില ക. 1.50
കൃതികൾ
നക്ഷത്രങ്ങളുടെ നാട്ടിൽ
പരമാണുശാസ്ത്രം
ലക്ഷോപലക്ഷം സംവത്സരങ്ങൾക്കു മുമ്പു് ഏതാനും ജീവിതരൂപങ്ങൾ കടലിൽനിന്നു് കരയിലേക്കു കയറിയപ്പോഴാണു് ആദ്യത്തെ ജീവിതവിപ്ലവമുണ്ടായതു്. അതിന്റെ ഏറ്റവും ഉൽകൃഷ്ടഫലമായ മനുഷ്യൻ ഇതാ ഇപ്പോൾ ആകാശത്തെ കീഴടക്കിയിരിക്കുന്നു. ഭൂമിയെ പ്രദക്ഷിണം വെയ്ക്കുന്ന ആകാശസഞ്ചാരികളും ചന്ദ്രനിലേക്കും ശുക്രനിലേക്കുമുള്ള റോക്കറ്റ് കപ്പലുകളും ആവിൎഭവിച്ചിരിക്കുന്നു. ആകാശയാത്രാശാസ്ത്രത്തിന്നു് കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തിനുള്ളിൽ ഉണ്ടായിട്ടുള്ള അത്ഭുതാവഹവും അല്പം അവിശ്വസനിയവുമായ പുരോഗതി രണ്ടാമത്തേതും കൂടുതൽ മഹത്തരവുമായ ഒരു ജീവിതവിപ്ലവത്തിന്റെ നാന്ദിയല്ലേ കുറിക്കുന്നതു്? ഈ പുതുവിപ്ലവത്തിൽ പങ്കാളികളാകുവാൻ ആകാശയാത്രാശാസ്ത്രത്തിന്റെ ചില പ്രാഥമികതത്വങ്ങളെങ്കിലും എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്.
മോസ്കോ
| 31-7-1965 | എം. പി. പരമേശ്വരൻ |
| ഇതിഹാസത്തിൽനിന്നു ശാസ്ത്രത്തിലേക്ക് | 9 |
| ഭൂമിയും പ്രപഞ്ചവും | 15 |
| ചില അടിസ്ഥാനതത്വങ്ങൾ | 20 |
| റോക്കറ്റുകൾ | 29 |
| കൃത്രിമചന്ദ്രന്മാർ | 39 |
| ആകാശനൗകയിലെ ജീവിതം | 48 |
| പലതരം ആകാശനൗകകൾ | 57 |
| ഗ്രഹാന്തരയാത്ര | 64 |
| എന്തിനുവേണ്ടി? | 77 |
മാൺപുറ്റം സനാതനശൂഭ്രതേ, നിൻ നെഞ്ചിലും
ഇനിയും ഹിമച്ചാൎത്തിൽ പുതഞ്ഞുകിടന്നിടാ
ജനിയും മരണവും തീണ്ടാത്ത നിൻ താഴ്‌വാരം
ആയിരം തീജ്ജ്വാലകളുയിരിൽജ്ജ്വലിക്കുന്നോ-
രാണല്ലോ കുടികൊള്ളാനങ്ങോട്ടു പറക്കുന്നൂ.
ബാലാമണിയമ്മ — ചന്ദ്രദൎശനം
അദ്ധ്യായം 1
ഇതിഹാസത്തിൽനിന്നു ശാസ്ത്രത്തിലേക്ക്
ആകാശസഞ്ചാരത്തെപ്പറ്റിയുള്ള കഥകൾക്കു മാനവചരിത്രത്തോളം തന്നെ പഴക്കമുണ്ട്. മനുഷ്യൻ സൂൎയ്യചന്ദ്രന്മാരേയും നക്ഷത്രങ്ങളേയും നോക്കി അത്ഭുതപ്പെട്ടു. അജ്ഞതയിൽ നിന്നുള്ള ഭയത്താൽ അവയെ ദേവന്മാരും ഈശ്വരന്മാരുമായി സങ്കല്പിച്ചുവെങ്കിലും ഭൂമിയെപ്പോലെ തന്നെയുള്ള ലോകങ്ങളായിരിക്കാം അവയെന്നു് അപ്പോഴപ്പോഴായി പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ചരിത്രത്തിന്റെ ഏറ്റവും പഴയ ഏടുകളായ വേദങ്ങളിൽപ്പോലും ഈരേഴു പതിന്നാലു ലോകങ്ങളെപ്പറ്റിയും വിമാനാദി വാഹനങ്ങളെപ്പറ്റിയും പ്രതിപാദിച്ചിരിക്കുന്നു. വിഹായസ്സിൽ പാടിപ്പറക്കുന്ന പറവകളെ നോക്കി മനുഷ്യൻ അസൂയപ്പെട്ടു. ചിറകുകളില്ലാത്തതിനാലും പറക്കുവാൻ സാധിക്കാത്തതിനാലും അവൻ 'സങ്കല്പവായുവിമാനങ്ങൾ' നിൎമ്മിച്ചു. അവന്റെ സങ്കല്പങ്ങളുടെ സാക്ഷാത്കാരം ഇരുപതാം നൂറ്റാണ്ടിൽ മാത്രമാണു സാധിതമായത്.
രാമായണത്തിൽ പുഷ്പക വിമാനത്തെപ്പറ്റി പറയുന്നു. സുപ്രസിദ്ധശില്പിയായ മയാസുരൻ അനേകതരത്തിലുള്ള യന്ത്രവിമാനങ്ങൾ നിർൎമ്മിച്ചിട്ടുള്ളതായി ഇതിഹാസങ്ങൾ ഉൽഘോഷിക്കുന്നുണ്ട്. പലതരത്തിലുള്ള വിമാ [ 10 ] നങ്ങൾ ഉണ്ടാക്കുന്ന വിധങ്ങളെപ്പറ്റിയും അതിന്നാവശ്യമായ
ലോഹങ്ങളെപ്പറ്റിയും സവിസ്തരം പ്രതിപാദിക്കുന്നതും
ഭരദ്വാജമഹൎഷിയാൽ രചിക്കപ്പെട്ടവയെന്നു
വിശ്വസിക്കപ്പെടുന്നവയുമായ 'വിമാനശാസ്ത്രം,' 'യന്ത്രസംഗ്രഹം'
എന്നിങ്ങനെ രണ്ടു സംസ്കൃതഗ്രന്ഥങ്ങൾ കണ്ടുകിട്ടിയിട്ടുള്ളതായി
മൈസൂറിലെ അന്താരാഷ്ട്രീയ സംസ്കൃത
ഗവേഷണശാലയുടെ ഡയറക്ടർ പ്രസ്താവിച്ചിരിക്കുന്നു.
ഗ്രീക്കുകാരുടെ ഇതിഹാസങ്ങളിലും ആകാശസഞ്ചാരകഥകൾ കുറവല്ല. ആദ്യമാദ്യമെല്ലാം മനുഷ്യർ പക്ഷികളെ അനുകരിപ്പാനാണു ശ്രമിച്ചത്. ദെദാലുസ്, ഇക്കാറസ് എന്നീ രണ്ടുപേർ ഭീമാകാരങ്ങളായ ചിറകുകൾ ഉണ്ടാക്കി മെഴുകുകൊണ്ട് തങ്ങളുടെ ദേഹത്തിൽ ഒട്ടിച്ചു പറന്നുവത്രെ! ഇക്കാറസ് സൂൎയ്യന്റെ വളരെയധികം അടുത്തു പറക്കുകയാൽ മെഴുകുരുകി ചിറകറ്റു് സമുദ്രത്തിൽ വീണു മരിച്ചുപോയി! മഹാനായ അലക്സാണ്ടർ പരുന്തുകളെ പൂട്ടിയ രഥത്തിൽ സ്വൎഗ്ഗത്തിലെത്തുവാൻ ശ്രമിച്ചതായും കഥയുണ്ട്. ഭൂമിയുടെ ഉപരിതലത്തിൽനിന്നും ഏതാനും നാഴിക ദൂരം വരെ മാത്രമേ വായുവുള്ളു എന്നും അതിനപ്പുറം ചിറകുകൾകൊണ്ടു പ്രയോജനമില്ലെന്നും അവർ മനസ്സിലാക്കിയിരുന്നില്ല. മനുഷ്യന്റെ അറിവു വൎദ്ധിച്ചു വന്നതോടുകൂടി ചിറകുകളുടെ നിസ്സഹായത അവനു മനസ്സിലായി. ആയിടയ്ക്കാണ് ചൈനാക്കാർ ആദ്യമായി വാണങ്ങൾ ഉണ്ടാക്കുവാൻ തുടങ്ങിയതു്. ആദ്യമാദ്യം ആഘോഷങ്ങൾക്കായും പിന്നീടു യുദ്ധാവശ്യങ്ങൾക്കായും വാണങ്ങൾ—റോക്കറ്റുകൾ—ഉപയോഗിക്കപ്പെട്ടു. വാണങ്ങളെ ആകാശസഞ്ചാരത്തിന്നു് ആദ്യമായി പരീക്ഷിച്ചുനോക്കിയതിനെപ്പറ്റി രസാവഹമായ ഒരു കഥയുണ്ടു്. ചീനയിലെ ഒരിടത്തരം സൎക്കാരുദ്യോഗസ്ഥനായിരുന്നു വാൻഹു. [ 11 ] വാൻഹുവിന്റെ ആകാശനൗക [ 12 ] ഉത്സവവേളകളിൽ മുകളിലേക്കു ചീറിപ്പായുന്ന വാണങ്ങളെ വാൻഹു കുട്ടിക്കാലം മുതൽക്കു കണ്ടിട്ടുണ്ട്. വികൃതിപ്പയ്യന്മാർ ഒരുവേള എലി, പൂച്ച മുതലായ ചെറുജന്തുക്കളെ വാണത്തിന്മേൽ കൊളുത്തി വിട്ടിരുന്നതും കണ്ടിരിക്കാം. ഏതായാലും വാൻഹുവിന്നു് ആകാശത്തിലൂടെ സഞ്ചരിക്കണമെന്നൊരു മോഹം തോന്നി. കുറെ ആശാരിമാരെ വിളിച്ചു പ്രത്യേകരീതിയിൽ ഒരു കസേരയുണ്ടാക്കി, അതിൽ 47 വലിയ വാണങ്ങൾ ഘടിപ്പിക്കുകയും മുകളിൽ ഒരു പട്ടം ഉറപ്പിക്കുകയും ചെയ്തപ്പോൾ വാൻഹുവിന്റെ ആകാശനൗക തയ്യാറായി. ഒരു ശുഭമുഹൂൎത്തത്തിൽ ഗുരുദേവന്മാരെയെല്ലാം വന്ദിച്ചു വാൻഹു കസേരയിൽ കയറി ഇരുന്നു. നിശ്ചിതസമയത്ത് ഒരു ഹുംകാരശബ്ദം പുറപ്പെടുവിച്ചപ്പോൾ 47 കൂലിക്കാർ ചുറ്റും വന്നു എല്ലാ വാണങ്ങൾക്കും ഒരേസമയം തീ കൊടുത്തു. ഒരു മിന്നൽ, ഒരു ചീറ്റൽ, ഒരു പൊട്ടൽ വാൻഹുവിനെ പിന്നീടാരും കണ്ടിട്ടില്ല. ഉടലോടെ സ്വൎഗ്ഗത്തിലെത്തിയെന്നാണ് പൊതുജനവിശ്വാസം!
ഈ കഥയുടെ അടിസ്ഥാനം എന്തായാലും വേണ്ടില്ല; ഒരുകാൎയ്യം പ്രത്യേകം പ്രസ്താവ്യമാണ്. ഇന്ന് ചന്ദ്രനിലേക്കോ ഗ്രഹങ്ങളിലേക്കോ പോകുവാൻ റോക്കറ്റുകൾ -വാണങ്ങൾതന്നെ- മാത്രമാണു് നമുക്കു സഹായമായിട്ടുള്ളത്. പക്ഷേ, വാൻഹുവിനുശേഷം ഇരുപതാം നൂറ്റാണ്ടിൽ മാത്രമാണ് ആകാശസഞ്ചാരത്തിനായി റോക്കറ്റുകൾ പുനരുദ്ധരിക്കപ്പെട്ടത്.
വിജ്ഞാനം വളൎന്നുവന്നു. സങ്കല്പകഥകളെ യാഥാൎത്ഥ്യങ്ങളാക്കുവാൻ മനുഷ്യൻ വെമ്പൽകൊണ്ടു. തനിക്കു ചുറ്റുമുള്ള ലോകത്തെപ്പറ്റി അറിവു വൎദ്ധിച്ചുവന്നതോടെ അവയെ കീഴടക്കുവാനുള്ള മനുഷ്യന്റെ ശ്രമങ്ങളും കൂടു [ 13 ] തൽ കൂടുതൽ ഫലവത്താകുവാൻ തുടങ്ങുകയും പഴങ്കഥകൾ കുറേശ്ശെക്കുറേശ്ശെയായി ശാസ്ത്രസിദ്ധാന്തങ്ങൾക്കും വഴി മാറിക്കൊടുക്കുകയും ചെയ്തു.
ആകാശയാത്രാശാസ്ത്രത്തിന്ന് മുമ്പു പറഞ്ഞപോലെ മാനവസംസ്കാരത്തോളം തന്നെ പഴക്കമുണ്ട്. ഇക്കാല ത്തെ പൊതുവിൽ മൂന്നു ഘട്ടങ്ങളായി തിരിക്കാം:
- ഇതേവരെ വിവരിച്ച ഇതിഹാസങ്ങളുടെ കാലഘട്ടം: വേദങ്ങളുടെ കാലം മുതൽ ഏകദേശം ക്രി. പി.1540 വരെയാണിത്.
- സംശയങ്ങളുടെ കാലഘട്ടം: ക്രി. പി. 1540 മുതൽ ഏകദേശം ക്രി.പി. 1895 വരെ. 'നിക്കോളാസ് കോപ്പർനിക്കസ്' ഭൂമി പ്രപഞ്ചത്തിന്റെ കേന്ദ്രമാണെന്ന സിദ്ധാന്തത്തെ തകൎത്തതും, 'ഗലീലിയോ ദൂരദൎശിനിയുണ്ടാക്കി ചന്ദ്രന്റെ ഉപരിതലത്തേയും വ്യാഴം മുതലായ ഗ്രഹങ്ങളുടെ ഉപഗ്രഹങ്ങളെയും കണ്ടുപിടിച്ചതും, 'കെപ്ലർ' ഗ്രഹനക്ഷത്രാദികളുടെ സഞ്ചാര നിയമങ്ങൾ ഉന്നയിച്ചതും, 'ന്യൂട്ടൺ' തന്റെ ഗുരുത്വാകഷണനിയമം പ്രസിദ്ധമാക്കിയതും 'ലപ്ലാസ്' പ്രപഞ്ചോല്പത്തിയെക്കുറിച്ചുള്ള തന്റെ സിദ്ധാന്തങ്ങൾ ഉന്നയിച്ചതും “മൺഗോൾഫ് സഹോദരന്മാർ' ബലൂണുകളിൽ ആകാശത്തിലേക്കുയൎന്നതും 'ജൂൾസ് വേൺ' ചന്ദ്രയാത്രയെക്കുറിച്ചും രസാവഹമായ ഒരു പുസ്തകമെഴുതിയതും ഈ കാലഘട്ടത്തിലാണ്. മഹത്തായ ശാസ്ത്രപുരോഗതിയുടെ കാലമായിരുന്നു അതു്. സംശയങ്ങളാകുന്ന നിശിതശരങ്ങളാൽ അന്ധവിശ്വാസങ്ങളുടെ ചട്ടക്കൂടു തകൎക്കപ്പെട്ടപ്പോൾ മനുഷ്യന്റെ ബുദ്ധി സ്വതന്ത്രമായി.
- പ്രവൎത്തനങ്ങളുടെ കാലഘട്ടം: ക്രി. പി. 1895 മുതൽ ഇന്നേവരെ. ആകാശസഞ്ചാരത്തെപ്പറ്റിയുള്ള പ്ര [ 14 ] ധാനമായ ലേഖനങ്ങളിൽ ആദ്യത്തേത് റഷ്യൻ ശാസ്ത്രജ്ഞ
നായ 'കൺസ്താന്റിൻ ത്‍സിയോൾക്കോവ്സ്ക്കി'യുടേതാ ണ്. ആധുനിക ആകാശയാത്രാ ശാസ്ത്ര (Cosmonautics) അഥവാ നക്ഷത്ര യാത്രാശാസ്ത്ര (Astronautics)-ത്തിന്റെ പ്രണേതാവ് അദ്ദേഹമാണെന്നു പറയാം. റഷ്യക്കാരും ജൎമ്മൻകാരുമാണ് ആകാശയാത്രാ ഗവേഷണങ്ങളിൽ മി കച്ചുനിന്നിരുന്നതു്. പലേതരത്തിലുള്ള വിമാനങ്ങളും ബലൂണുകളും മനുഷ്യരെ കയറ്റി പത്തും ഇരുപതും നാഴിക ഉയരത്തിൽ പറന്നു. രണ്ടാംലോകമഹായുദ്ധം റോക്കറ്റി നെ പുനരുദ്ധരിച്ചു. അതിഭീമങ്ങളായ ജൎമ്മൻ V-2 റോ ക്കറ്റുകൾ പ്രസിദ്ധങ്ങളായി. 1957-ൽ റഷ്യക്കാർ ആദ്യ മായി ഒരു കൃത്രിമോപഗ്രഹം സൃഷ്ടിച്ചു. 1959-ൽ ഒരു റോക്കറ് ചന്ദ്രനിലെത്തി. 1961-ൽ മനുഷ്യനെ കയ റിയ ആദ്യത്തെ ആകാശനൗക (Space Ship) ഭൂമിയെ പ്രദക്ഷിണം വെച്ചു. റഷ്യക്കാരനായ 'യുരി ഗഗാരിൻ' ആയിരുന്നു അതിൽ. ഇന്നാകട്ടെ ബഹിരാകാശസഞ്ചാരം പ്രായേണ ഒരു സാധാരണ സംഭവമായിത്തീൎന്നിരിക്കുന്നു. രണ്ടും മൂന്നും യാത്രക്കാരെ കയറ്റിയ ബഹിരാകാശനൗക കളും, ആകാശക്കുപ്പായം ധരിച്ചു്, ത്രിശങ്കുവിനെപ്പോലെ ഭാരമില്ലാതെ പാറിപ്പറക്കുന്ന ബഹിരാകാശസഞ്ചാരി കളും ആവിൎഭവിച്ചിരിക്കുന്നു. ഏതാനും ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ബഹിരാകാശസഞ്ചാരം ഒരു പ്രശ്നമല്ലി പ്പോൾ. കഴിഞ്ഞ അരനൂറ്റാണ്ടുകാലത്തിലുണ്ടായ അത്ഭു തകരമായ ശാസ്ത്രപുരോഗതി പൊതുവെയും കഴിഞ്ഞ നാലഞ്ചു കൊല്ലങ്ങൾക്കുള്ളിൽ ബഹിരാകാശയാത്രാശാ സ്ത്രത്തിന്നുണ്ടായ പുരോഗതി പ്രത്യേകിച്ചും ആലോചിച്ചു നോക്കുമ്പോൾ മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാൽ
കുത്തുന്ന ദിനം അധികം ദൂരെയല്ലെന്നു വിശ്വസിക്കാം. [ 15 ]അദ്ധ്യായം 2
ഭൂമിയും പ്രപഞ്ചവും
ആദ്യകാലങ്ങളിൽ ഭൂമി പ്രപഞ്ചത്തിന്റെ കേന്ദ്ര മാണെന്നും സൂൎയ്യചന്ദ്രന്മാരും നക്ഷത്രാദികളും ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുകയാണെന്നും മനുഷ്യർ വിശ്വസി ച്ചിരുന്നു. 18-ാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ പോളണ്ടു കാരനായ നിക്കോളസ് കോപ്പർനിക്കസ്, സൂൎയ്യനുചുറ്റും ഏകദേശം വൃത്താകാരത്തിലുള്ള പഥങ്ങളിൽ സഞ്ചരി ക്കുന്ന ഒൻപതു ഗ്രഹങ്ങളിൽ ഒന്നുമാത്രമാണു ഭൂമിയെന്നു തെളിയിച്ചപ്പോൾ മനുഷ്യന്റെ അഹന്തയ്ക്കു തട്ടിയ ഇടി വു കുറച്ചൊന്നുമായിരുന്നില്ല. ബുധൻ, ശുക്രൻ, ഭൂമി, ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപ്ട്യൂൺ, പ്ലൂ ട്ടോ എന്നിവയാണു് ഈ ഒൻപതു ഗ്രഹങ്ങൾ (കോപ്പർ നിക്കസ്സിന്റെ കാലത്തു ആദ്യത്തെ ആറു ഗ്രഹങ്ങൾ മാത്ര മേ അറിവുണ്ടായിരുന്നുള്ളു). സൂൎയ്യനിൽനിന്നും അവയി ലേക്കുള്ള ദൂരങ്ങൾ ഒന്നും രണ്ടും ചിത്രങ്ങളിൽ കുറിച്ചിരി ക്കുന്നു. ചന്ദ്രൻ ഭൂമിക്കുചുററും സഞ്ചരിക്കുന്ന ഒരു ഉപഗ്ര ഹമാണു്. ചൊവ്വയ്ക്കു രണ്ടും വ്യാഴത്തിന്നു പന്ത്രണ്ടും ശനി ക്കു് ഒമ്പതും യുറാനസ്സിന്നും അഞ്ചും നെപ്ട്യൂണിന്നു രണ്ടും ഉപഗ്രഹങ്ങളുണ്ടു്. ഗ്രഹങ്ങളുടെയും ഉപഗ്രഹങ്ങളുടെയും യാത്രാമാൎഗ്ഗത്തിന്നു 'പരിവൎത്തനപഥം' (Orbit) എന്നും അതുൾക്കൊള്ളുന്ന തലത്തിൽ 'പരിവൎത്തനതലം' (Orbi tal plane) എന്നും പറയുന്നു. ഗ്രഹങ്ങളുടെ പരിവൎത്തന പഥങ്ങൾ എല്ലാം ഏകദേശം ഒരേതലത്തിൽത്തന്നെയാ ണു സ്ഥിതിചെയ്യുന്നതു്. ഭൂമിയുടെയും മറ്റു ഗ്രഹങ്ങളു [ 16 ] ടെയും പരിവൎത്തനതലങ്ങൾ തമ്മിൽ 3½ ഡിഗ്രിയിലധി കം ചരിവില്ല. ചൊവ്വയുടെയും വ്യാഴത്തിന്റെയും പരി വൎത്തനപഥങ്ങൾക്കിടയിലായി വളരെയധികം ചെറുഗ്ര ഹങ്ങൾ (Asterids) ഉണ്ടു്. ഇവയിൽ ചിലവ കടുകുമണി കളേക്കാൾ ചെറിയവയാണു്. ഏറ്റവും വലിയവയ്ക്ക് 500 നാഴികയോളം വ്യാസം വരും. തങ്ങളുടെ സാധാരണ പ ഥങ്ങളിൽ നിന്നും എന്തെങ്കിലും കാരണവശാൽ വ്യതിച
ചിത്രം 1 [ 17 ] ലിച്ചു ഭൂമിയുടെ ആകൎഷണത്തിന്നധീനമായി അതിലേക്കു വീണ് കത്തിയെരിയുന്ന ചെറുഗ്രഹങ്ങളാണു നമുക്കു സുപരിചിതങ്ങളായ കൊള്ളിമീനുകൾ (നക്ഷത്രം പൊട്ടിവീഴുക - Shooting stars) അഥവാ ഉൽക്കകൾ (Meteors), ധൂമകേതുക്കൾ (Comets) പ്ലൂട്ടോവിനും പുറമെയായി സൂൎയ്യനു ചുററും സഞ്ചരിക്കുന്നു. സൂൎയ്യനും ഗ്രഹങ്ങളും ചെറുഗ്രഹങ്ങളും ഉപഗ്രഹങ്ങളും ധൂമകേതുക്കളും കൂടിയ സമൂഹത്തെ സൗരയൂഥ (Solar system)മെന്നു പറയുന്നു. 8,65,380 നാഴിക വ്യാസമുള്ള സൂൎയ്യനോടും, 88,700 നാഴിക വ്യാസമുള്ള വ്യാഴത്തിനോടും താരതമ്യപ്പെടുത്തി നോ
[ 18 ] ക്കുമ്പോൾ, വെറും 8000 നാഴികമാത്രം വ്യാസമുള്ള നമ്മുടെ ഭൂമി എത്ര ചെറിയതാണു്!
നക്ഷത്രങ്ങൾ തമ്മിലുള്ള ദൂരം അളക്കുവാൻ നാഴികയും കിലോമീറ്ററും, രാജ്യങ്ങൾ തമ്മിലുള്ള ദൂരം അളക്കുവാൻ ഇഞ്ചും സെൻറീമീറ്ററുമെന്നപോലെ നിരുപയോഗങ്ങളാണ്. സെക്കണ്ടിൽ 1,86,000 നാഴികയെന്ന വേഗത്തിൽ പ്രകാശം ഒരു സംവത്സരംകൊണ്ട് സഞ്ചരിക്കുന്ന ദൂരത്തെ, ജ്യോതിശ്ശാസ്ത്രത്തിൽ നക്ഷത്രങ്ങളുടെ ദൂരം അളക്കുവാൻ ഉപയോഗിക്കുന്നു. 'ദീപ്തിവൎഷം' (Light Year) എന്ന പേരിലറിയപ്പെടുന്ന ഇത് ഏകദേശം 6 ലക്ഷം കോടി നാഴികയാണു്. നമുക്കു് ഏറ്റവും അടുത്ത (!) നക്ഷത്രം തന്നെ നാലു ദീപ്തിവൎഷം ദൂരെയാണു്. അതായതു്, അതിൽനിന്നും പുറപ്പെടുന്ന പ്രകാശം 4 വൎഷത്തിന്നു ശേഷമാണു ഭൂമിയിലെത്തുന്നതു്. സൂൎയ്യനിൽ നിന്നുള്ള പ്രകാശം ഭൂമിയിലെത്തുവാൻ വെറും 8½ മിനിറ്റു മാത്രമേ എടുക്കുന്നുള്ളൂ.
നിലാവില്ലാത്ത ശരൽക്കാലരാത്രികളിൽ ആകാശം ശോഭയേറിയതും കുറഞ്ഞതുമായ അനേകസഹസ്രം നക്ഷത്രങ്ങളെക്കൊണ്ടു നിറഞ്ഞതായിക്കാണാം. കൂട്ടത്തിൽ ചക്രവാളത്തിന്റെ ഒരറ്റം മുതൽ മറ്റേയറ്റംവരെ വിരിച്ച വെള്ളപ്പട്ടുപോലെ കിടക്കുന്ന ശാന്തഗംഭീരമായ ആകാശഗംഗയെയും നിങ്ങളിൽ ചിലർ കണ്ടിരിക്കാം. സംഖ്യയറ്റ നക്ഷത്രങ്ങളേക്കൊണ്ടു നിറഞ്ഞതാണ് ഈ ആകാശഗംഗയെന്ന് ഒരു ചെറിയ ദൂരദൎശിനിയിൽക്കൂടെ നോക്കിയാൽ കാണാം. "ഗാലക്സി' (Galaxy) എന്ന സാങ്കേതികനാമത്തോടുകൂടിയ ഇതു് 100,000 ദീപ്തിവൎഷത്തോളം വ്യാസമുള്ളതും വണ്ടിച്ചക്രത്തിന്റെ ആകൃതിയോടുകൂടിയതുമായ ഒരു നക്ഷത്രസമൂഹമാണു്. ഇതിലെ ഒരംഗവും [ 19 ] ഗ്രഹങ്ങളാൽ അനുഗതനുമായ സൂൎയ്യൻ ഗാലൿസിയുടെ കേന്ദ്രത്തിൽനിന്നും 30,000 ദീപ്തിവൎഷം ദൂരെയായി സ്ഥിതി ചെയ്യുന്ന ഒരിടത്തരം നക്ഷത്രമാണു്. ചക്രാകൃതിയിലുള്ള ഈ ഗാലൿസിയുടെ വണ്ണം വെറും 50 ദീപ്തിവൎഷങ്ങൾ മാത്രമാകുന്നു. 10,000 കോടി നക്ഷത്രങ്ങളെ ഉൾക്കൊള്ളുന്നതാണ് ഈ ഗാലൿസിയെങ്കിലും അതിന്റെ പരിമാണത്തിന്റെ വളരെ ചെറിയ ഒരംശം മാത്രമാണു് നക്ഷത്രങ്ങളുടെ ആകെയുള്ള പരിമാണം. ഇപ്പോൾ ഉള്ളതിന്റെ ഒരു പത്തുലക്ഷം മടങ്ങു നക്ഷത്രങ്ങളേക്കൂടി അതിൽ സംഘട്ടനഭയം കൂടാതെ നിഷ്പ്രയാസം കൊള്ളിക്കാവുന്നതാണു്. നമ്മുടെ ഗാലൿസിയുടെ ഏററവും അടുത്തതും ഏകദേശം അതിനേപ്പോലെയിരിക്കുന്നതുമായ 'അൻഡ്രോമീഡ' (Andromeda) എന്ന ഗാലൿസിയുടെ ഒരു ഫോട്ടോയാണ് ഒന്നാം പടത്തിൽ കൊടുത്തിരിക്കുന്നതു്. അതിൽനിന്നും ഗാലൿസികളുടെ ഒരു സാമാന്യരൂപം അറിയാവുന്നതാണ്.
ഇത്രയും ഭീമമാണു് നമ്മുടെ ഗാലൿസി. പക്ഷേ, പ്രപഞ്ചത്തിൽ സംഖ്യയറ്റ ഇത്തരം ഗാലൿസികളുണ്ട് . വലിയ ദൂരദൎശിനികളിൽക്കൂടി നോക്കിയാൽ ഏകദേശം
100 കോടി ദീപ്തിവൎഷം ദൂരംവരെ കാണാവുന്നതാണു്. അതു് വ്യാസാൎദ്ധമായ ഗോളത്തിനുള്ളിൽ ഏകദേശം 10 കോടി ഗാലൿസികളെങ്കിലും ഉള്ളതായി കണക്കാക്കപ്പെട്ടിരിക്കുന്നു. ഒരു ഗാലൿസിയിൽനിന്നു മറെറാന്നിലേക്കുള്ള ശരാശരി ദൂരം 10 ലക്ഷം ദീപ്തിവൎഷങ്ങളാണു്. മേൽ കൊടുത്ത കണക്കുകളിൽനിന്നും സഹാറാ മരുഭൂമിയിൽ ഒരു മണൽത്തരിക്കുള്ള സ്ഥാനം തന്നെ അനന്തമായ ഈ പ്രപഞ്ചത്തിൽ ഭൂമിക്കില്ലെന്നു മനസ്സിലാക്കാവുന്നതാണു്. [ 20 ]അദ്ധ്യായം 3
ചില അടിസ്ഥാനതത്വങ്ങൾ
'കിണ്ണംകളി' പലരും കണ്ടിരിക്കും. ഉള്ളംകൈയിൽ വെച്ചിരിക്കുന്ന ഒരു കിണ്ണം-ചിലപ്പോൾ അതിൽ ഒരു ഗ്ലാസ്സ് വെള്ളവും- താഴെ വീഴാതെ അതിവേഗത്തിൽ കളിക്കാരൻ വട്ടം ചുറ്റിക്കുന്നു. വേണ്ടത്ര വേഗത്തിൽ കൈ വീശിയില്ലെങ്കിൽ കിണ്ണം തെറിച്ചുപോകുന്നതാണു്. വേറൊരുദാഹരണം. ഒരു ബക്കറ്റിൽ വെള്ളമെടുത്തു വേഗത്തിൽ വട്ടത്തിൽ വീശുകയാണെങ്കിൽ ബക്കററ് കിഴക്കാംതൂക്കായാലും വെള്ളം പുറത്തു പോകുകയില്ല. വീശുന്നതു വളരെ പതുക്കെയായാൽ ഒരു കുളി പറ്റുമെന്നുമാത്രം! വട്ടത്തിൽ വീശുമ്പോഴുണ്ടാകുന്ന എന്തോ ഒരു ശക്തിയാണ് കിണ്ണം കൈയിൽനിന്നു തെറിച്ചുപോകാതെയും വെളളം ബക്കറ്റിൽ നിന്നു പുറത്തു പോകാതെയും ഇരിക്കുന്നതിന്നുള്ള കാരണം. മറെറാരുദാഹരണം ഇതിനെ കുറച്ചുകൂടി വ്യക്തമാക്കും. ഒരറ്റത്തു കല്ലു കെട്ടിയ ഒരു ചരടു് വട്ടത്തിൽ വീശുമ്പോൾ കൈയിൽ ഒരു വലിവു് - ബലം- അനുഭവപ്പെടുന്നു. ഇതിൽ നിന്നു്, കല്ലിന്മേൽ ഒരു ബലം പുറത്തേക്കു പ്രവർത്തിക്കുന്നുണ്ടെന്നു മനസ്സിലാക്കാം. വൃത്താകാരത്തിലുള്ള മാറ്റങ്ങളിൽ സഞ്ചരിക്കുന്ന എല്ലാ വസ്തുക്കളിലും ഇപ്രകാരം പുറത്തേക്കു വലിക്കുന്നതായ ഒരു ബലം പ്രവർത്തിക്കുന്നുണ്ട്. ഇതിന്നു് 'അപകേന്ദ്രബലം' (Centrifugal force) എന്നു പറയുന്നു. ചുഴറ്റലിന്റെ വേഗതയും വൃത്തത്തിലുള്ള മാൎഗ്ഗത്തിന്റെ വലിപ്പവും കൂടുംതോറും ഈ അപകേന്ദ്രബലവും വൎദ്ധിക്കുന്നു. [ 21 ] ഭൂമി അതിന്റെ അച്ചുതണ്ടിന്മേൽ (വെറും സങ്കല്പം മാത്രമാണ് അച്ചുതണ്ട്) 24 മണിക്കൂറിൽ ഒരിക്കൽ വീതം തിരിയുന്നുണ്ടെന്ന് നമുക്കറിയാം. രാത്രിയും പകലും ഉണ്ടാകുന്നതിന്നു കാരണം അതാണ്. ഭൂമി ഉരുണ്ടതാകയാൽ അതിന്റെ മദ്ധ്യരേഖയ്ക്കു സമീപമുള്ള പ്രദേശങ്ങളിൽ സ്ഥിതിചെയ്യുന്ന എല്ലാ വസ്തുക്കളും നമ്മളുൾപ്പടെ, വട്ടത്തിൽ ഓടുന്നുണ്ടെന്നു പറയാം. അതും മണിക്കൂറിൽ 1000 നാഴിക എന്ന വേഗത്തിൽ. അപ്പോൾ നമ്മിലും ഇതുമാതിരിയുള്ള ഒരു ബലം പ്രവർത്തിക്കുന്നില്ലേ? ഉണ്ടു്. എങ്കിൽ നാം എന്തുകൊണ്ട് ഭൂമിയിൽനിന്നു തെറിച്ചു പോകുന്നില്ല? മാത്രമല്ല, എന്തെങ്കിലും ഒരു സാധനം മുകളിലേക്കെറിഞ്ഞാൽ അതു താഴേക്കുതന്നെ വീഴുന്നു. എന്തുകൊണ്ടു് ? ഭൂമി, അതിന്റെ ഉപരിതലത്തിലുള്ള എല്ലാ വസ്തുക്കളെയും സ്വന്തം കേന്ദ്രത്തിലേക്ക് ആകൎഷിക്കുന്നതിനാലാണ് നാം തെറിച്ചുപോകാതിരിക്കുന്നതു്. എന്നാൽ ഈ ആകൎഷണശക്തി ഭൂമിക്കു മാത്രമുള്ള ഒരു സ്വഭാവ വിശേഷമല്ല. പ്രപഞ്ചത്തിലുള്ള സകല വസ്തുക്കളും അന്യോന്യം ആകൎഷിക്കുന്നുണ്ട്. ദ്രവ്യ (Matter)ത്തിന്റെ സ്ഥായിയായ, ഗുരുത്വാകൎഷണ (Gravitational Attraction) മെന്ന ഈ ഗുണത്തെപ്പറ്റി ആദ്യമായി പഠനം നടത്തിയതു് സുപ്രസിദ്ധ ആംഗലശാസ്ത്രജ്ഞനായ സർ ഐസക് ന്യൂട്ടൺ ആയിരുന്നു. രണ്ടു വസ്തുക്കൾ തമ്മിലുള്ള ഗുരുത്വാകൎഷണബലം (Gravitational force) അവയുടെ ദ്രവ്യരാശികളുടെ (Mass)ഗുണനഫലത്തിന്നു നേരിട്ട് ആനുപാതികമായും അവ തമ്മിലുള്ള ദൂരത്തിന്റെ വൎഗ്ഗത്തിന്നു പ്രതിലോമാനുപാതികമായും (Inversely proportional) വ്യത്യാസപ്പെടുന്നു. ഇതിന്നു ന്യൂട്ടന്റെ ഗുരുത്വാകൎഷണനിയമം എന്നാണു പറയുന്നത് (law of gravitation). ഒരു വസ്തു [ 22 ] മറെറാന്നിനെ എന്തു ബലത്തോടുകൂടി ആകൎഷിക്കുന്നുവോ അതേ ബലത്തോടുകൂടിത്തന്നെ രണ്ടാമത്തേതു് ആദ്യത്തേതിനെയും ആകൎഷിക്കുന്നുണ്ട്. നാം കല്ലു മേലോട്ടെറിയുമ്പോൾ അതിനെ ഭൂമി എന്തു ബലത്തോടുകൂടി ആകൎഷിക്കുന്നുവോ അതേ ബലത്തോടുകൂടിത്തന്നെ കല്ലു ഭൂമിയേയും ആകൎഷിക്കുന്നുണ്ട്. പക്ഷേ, താരതമ്യേന ഭൂമിയുടെ ദ്രവ്യരാശി അതിഭീമമാകയാൽ അതിന്റെ സ്ഥാനത്തിന്ന് പ്രത്യക്ഷമായി യാതൊരു മാററവും വരുന്നില്ല.
അങ്ങനെ, ഗുരുത്വാകൎഷണംകൊണ്ടാണ് നാം ഭൂമിയിൽനിന്നു തെറിച്ചുപോകാതിരിക്കുന്നതു്. ഗുരുത്വാകൎഷണബലവും അപകേന്ദ്രബലവും തമ്മിലുള്ള വ്യത്യാസം നമുക്കു ഭാരമായി അനുഭവപ്പെടുന്നു. നമ്മെ ഭൂമിയോടുബന്ധിക്കുന്ന ചങ്ങലയും ഇതുതന്നെ. പക്ഷേ, സീമയററ ഉറപ്പോടുകൂടിയതല്ല ഈ ചങ്ങല. എന്തെങ്കിലും ഒരു കാരണത്താൽ, (കലിയുഗം മുഴുക്കുമ്പോൾ എന്നുവെക്കുക) ഭൂമി കൂടുതൽ വേഗത്തിൽ വട്ടം തിരിയുവാൻ തുടങ്ങിയാൽ എന്തു സംഭവിക്കും? നമ്മെ ഭൂമിയിൽനിന്നു തെറിപ്പിക്കുന്ന അപകേന്ദ്രബലം വൎദ്ധിക്കുന്നതായിരിക്കും. വേഗം കൂടിക്കൂടി വരികയാണെങ്കിൽ ഒരു ഘട്ടമെത്തുമ്പോൾ ഭൂമദ്ധ്യ രേഖാപ്രദേശങ്ങളിൽ സ്ഥിതിചെയ്യുന്ന വസ്തുക്കളിൽ ഈ അപകേന്ദ്രബലവും ഭൂമിയുടെ ഗുരുത്വാകൎഷണബലവും തുല്യമായിത്തീരുന്നു. അപ്പോൾ നമുക്ക് ഭാരമനുഭവപ്പെടാതാകുന്നു. ഭൂമിയുടെ ഉപരിതലത്തിലുള്ള സകല വസ്തുക്കളും നമ്മളും ലക്കും ലഗാനുമില്ലാതെ അന്തരീക്ഷത്തിൽ പാറിക്കളിക്കുവാൻ തുടങ്ങും. മേലും കീഴും അറിയാതെയാകും. സൎവം മായ എന്ന നില. ഭൂമി ഒരു മണിക്കൂർ 24 മിനിട്ട് 25 സെക്കണ്ടിന് ഒരു പ്രാവശ്യം എന്ന വേഗത്തിൽ തിരിയുവാൻ തുടങ്ങിയാലാണ് ഇതു സംഭവിക്കു [ 23 ] ന്നതു്. അപ്പോൾ ഉപരിതലത്തിലുള്ള (ഭൂമദ്ധ്യരേഖയ്ക്കു സമീപം) വസ്തുക്കളുടെ വേഗത മണിക്കൂറിൽ 1000 നാഴികയിൽ നിന്നു മണിക്കൂറിൽ 17,820 നാഴികയായി വൎദ്ധിക്കുന്നു. ഭൂമിയുടെ വേഗത കൂട്ടാതെ തന്നെ, ഏതെങ്കിലും ഒരു വസ്തു ഭൂമിക്കു ചുറ്റും ഇതേ വേഗത്തിൽ സഞ്ചരിക്കുകയാണെങ്കിൽ അതിന്നും ഭാരമില്ലാതാകുന്നതാണു്. ഈ വേഗതയ്ക്ക് 'ഒന്നാം നക്ഷത്ര യാത്രാ പ്രവേഗം' (First Astronautical Velocity) എന്നു പറയുന്നു. ഇതാണ് മനുഷ്യനിൎമ്മിതങ്ങളായ കൃത്രിമോപഗ്രഹങ്ങളുടെ അടിസ്ഥാന തത്വം.
ചന്ദ്രൻ ഭൂമിക്കു ചുറ്റും സഞ്ചരിക്കുകയാണെന്നും ഒരു പ്രാവശ്യം ചുറ്റുവാൻ 27⅓ ദിവസങ്ങൾ എടുക്കുന്നുണ്ടെന്നും നമുക്കറിയാം. ഭൂമിയിൽ നിന്നും രണ്ടു ലക്ഷത്തിൽ പരം നാഴിക ദൂരെയാകയാൽ അതിന്മേൽ പ്രവൎത്തിക്കുന്ന ഗുരുത്വാകൎഷണബലം താരതമ്യേന കുറവാണ്. അതിനാൽ ചന്ദ്രൻ മണിക്കൂറിൽ 2180 നാഴിക വേഗത്തിലേ സഞ്ചരിക്കുന്നുള്ളുവെങ്കിലും അപകേന്ദ്രബലം ഗുരുത്വാകൎഷണ ബലത്തിന്നു സമാനമായിത്തീരുന്നു. ഭൂമിയടക്കമുള്ള ഗ്രഹങ്ങൾ സൂര്യനു ചുറ്റും അതിലേക്കു വീഴാതെയും പുറത്തേക്കു തെറിച്ചുപോകാതെയും സഞ്ചരിക്കുന്നതും അപകേന്ദ്ര ബലവും ഗുരുത്വാകൎഷണബലവും തുല്യമാകുന്നതിനാലാണു്.
ഒരു വസ്തുവിനെ നാം ചന്ദ്രനിലേക്ക് എറിയുകയാണെങ്കിൽ അതിന്മേലുള്ള ഭൂമിയുടെ ഗുരുത്വാകൎഷണ ബലം ക്രമേണ കുറഞ്ഞും ചന്ദ്രന്റെ ഗുരുത്വാകൎഷണ ബലം ക്രമത്തിൽ വൎദ്ധിച്ചും വരുന്നതാണു്. ഇത് ഗുരുത്വാകൎഷണനിയമത്തിൽ നിന്നും വ്യക്തമാണല്ലോ. അവ [ 24 ] സാനം ഒരു സ്ഥലത്തെത്തുമ്പോൾ ഭൂമിയുടെയും ചന്ദ്രന്റെയും ആകൎഷണങ്ങൾ തുല്യങ്ങളായിത്തീരുന്നു. അപ്പോൾ ആ വസ്തുവിന്നു ഭാരമില്ലെന്നു തോന്നും. അവിടന്നങ്ങോട്ട് അതു ചന്ദ്രനിലേക്കു വീഴുവാൻ തുടങ്ങുന്നു. ഈ പ്രദേശത്തിന്ന് 'സന്തുലിതമേഖല'യെന്നാണു പറയുന്നതു്. ഇതു് ഭൂമിയിൽ നിന്നും ഏകദേശം രണ്ടിൽ ചില്വാനം ലക്ഷം നാഴിക ദൂരെയും ചന്ദ്രനിൽ നിന്നും 23,600 നാഴിക ദൂരെയുമാണ്. ഭൂമിക്കും ശുക്രനുമിടയിലും ഭൂമിക്കും ചൊവ്വയ്ക്കുമിടയിലുമെല്ലാം ഇപ്രകാരമുള്ള സന്തുലിത മേഖലകൾ ഉണ്ടു്. അവിടെയെത്തുന്ന വസ്തുക്കളെല്ലാം അതാതു ഗ്രഹങ്ങളിലേക്കു വീഴുന്നതാണ്.
മുകളിലേക്ക് എറിയപ്പെടുന്ന വസ്തുക്കൾ കുറെ ഉയരം പോയതിനുശേഷം താഴത്തേക്കു വീഴുന്നുവല്ലോ. ഭൂമിയുടെ ആകൎഷണശക്തിയാൽ വേഗത കുറഞ്ഞു കുറഞ്ഞു ഇല്ലാതായിത്തീരുന്നതിനാലാണ് അവ താഴത്തേക്കു വീഴുന്നതു്. ഭൂമിയുടെ ഉപരിതലത്തിന്റെ സമീപപ്രദേശങ്ങളിൽ സെക്കണ്ടിൽ 32 അടി/സെൿ വീതമാണു് വേഗത കുറയുക. അതായതു് തുടക്കത്തിൽ 32 അടി / സെൿ ആയിരുന്നു വേഗതയെങ്കിൽ ഒരു സെക്കണ്ടിനുശേഷം വേഗത ശൂന്യമായിത്തീരുന്നു. അപ്പോഴേക്കും അത് 16 അടി ഉയരം പോയിരിക്കും. തുടക്കത്തിൽ 96 അടി/സെൿ ആയിരുന്നുവെങ്കിൽ, 3 സെക്കണ്ടിൽ വേഗത ഇല്ലാതാകുന്നു. ഈ സമയത്തിനുള്ളിൽ 144 അടി ഉയരം പോയിരിക്കും. മുകളിലേക്കെറിയപ്പെടുന്ന ഒരു വസ്തു ചന്ദ്രനിലെത്തണമെങ്കിൽ ചന്ദ്രസമീപമുള്ള സന്തുലിതമേഖലവരെ, ഭൂമിയുടെ ഗുരുത്വാകൎഷണത്തിന്നെതിരായി സഞ്ചരിക്കുവാൻ ആവശ്യമായ ഊക്കുണ്ടായിരിക്കണം. ഇതിനു തുടക്കത്തിൽ ചുരുങ്ങിയത് 7.0 നാഴിക / സെൿ വേഗതയെങ്കിലും [ 25 ] വേണം. ഈ വേഗതയ്ക്ക് നിഷ്‍ക്രമണപ്രവേഗം (Escape Velocity) എന്നും 'രണ്ടാം നക്ഷത്രയാത്രാപ്രവേഗം' (Second astronautical Velocity) എന്നും പറയുന്നു. ഭൂമിയുടേയും സൂൎയ്യന്റേയും ആകൎഷണവലയങ്ങളെ ഭേദിച്ചു പുറത്തു പോകണമെങ്കിൽ ഒരു വസ്തുവിന്നു ചുരുങ്ങിയത് 10.4 നാഴിക/ സെൿ വേഗതയെങ്കിലും ഉണ്ടായിരിക്കണം. ഇതിന്നു മൂന്നാം നക്ഷത്രയാത്രാപ്രവേഗം (Third astronautical Velocity) എന്നു പറയുന്നു.
ഗുരുത്വാകൎഷണബലവും അപകേന്ദ്രബലവും തമ്മിലുള്ള വ്യത്യാസമാണു നമുക്കു ഭാരമായിത്തോന്നുന്നതെന്നു പറഞ്ഞുവല്ലോ. ഇതു് ഏതു വിധത്തിലാണ് അനുഭവപ്പെടുന്നതെന്നു നിങ്ങൾ എപ്പോഴെങ്കിലും ആലോചിച്ചു നോക്കിയിട്ടുണ്ടോ? നാം നില്ക്കുമ്പോൾ നമ്മുടെ ഭാരം കാലുകളിൽക്കൂടെ ഭൂമിയുടെ ഉപരിതലത്തിൽ പ്രവൎത്തിക്കുന്നു. താഴോട്ടു പോകാതിരിക്കുന്നതിൽനിന്നു ഭൂമിയുടെ ഉപരിതലവും ഈ ബലത്തിനു സമാനമായ ഒരു മൎദ്ദം കൊണ്ടു കാലുകളെ മുകളിലേക്കു തള്ളുന്നുണ്ടെന്നും അനുമാനിക്കാം. വാസ്തവത്തിൽ ഈ മൎദ്ദമാണു് നമുക്കു ഭാരമായി അനുഭവപ്പെടുന്നതു്. ഒരു വസ്തുവിനേയും തൊടാതെ നില്ക്കുകയോ ഒരു വസ്തുവും നമ്മെ തള്ളാതിരിക്കുകയോ ആണെങ്കിൽ നമുക്കു യാതൊരു ഭാരവും അനുഭവപ്പെടുകയില്ല. പക്ഷേ, പരീക്ഷണങ്ങൾ മുഖേന ഇതു മനസ്സിലാക്കണമെങ്കിൽ കുറച്ചു വിഷമമുണ്ട്. എന്തെന്നാൽ ഒരു വസ്തുവിനെയും തൊടാതിരിക്കുവാൻ നമുക്കു സാധിക്കുകയില്ലല്ലോ. നിൎബ്ബാധമായി വീഴുന്ന സമയത്ത് നാം ഭൂമിയെക്കൂടി തൊടുന്നില്ല. അപ്പോൾ ഭാരം അനുഭവപ്പെടുകയില്ലെങ്കിലും വളരെ കുറച്ചു സമയം മാത്രമാകയാൽ ഭാരമില്ലായ്മയെപ്പറ്റി ആലോചിക്കുന്നതിനുപകരം നിലത്തു വീണു് കൈയോ [ 26 ] കാലോ ഒടിയുമെന്നു പരിഭ്രമിക്കുകയായിരിക്കും ഉണ്ടാകുക. കുട്ടിക്കാലത്ത് ഊഞ്ഞാലാടാത്തവർ കാണുകയില്ല. ഒരു കാൎയ്യം ശ്രദ്ധിച്ചിട്ടുണ്ടോ? ഊഞ്ഞാൽ ഏറ്റവും അധികം ഉയരത്തിൽ പോയതിനു ശേഷം താഴത്തേക്കു വരുവാൻ തുടങ്ങുമ്പോൾ ദേഹത്തിനാകെ ലാഘവം വന്ന മാതിരി ഒരു തോന്നൽ. യന്ത്ര ഊഞ്ഞാലിൽ താഴോട്ടുവരുമ്പോൾ ആസനത്തിൽ ഒരു തരിപ്പു തോന്നുന്നില്ലേ? നിങ്ങളും ഊഞ്ഞാലും എല്ലാം താഴത്തേക്കു വീഴുകയാണ്. അപ്പോൾ നിങ്ങൾക്കനുഭവപ്പെടുന്ന ഭാരത്തിൽ കുറച്ചു കുറവു വരുന്നതിനാലാണ് ഇപ്രകാരം തോന്നുന്നതു്. ഊഞ്ഞാൽ ഏററവും താഴത്തുനിന്നു മുകളിലേക്ക് ഉയരുവാൻ തുടങ്ങുമ്പോൾ ഭാരം വൎദ്ധിച്ചതായി തോന്നുകയും കാൽമുട്ടുകൾ വളയുകയും ചെയ്യും. ഭൂമിയുടെ ആകൎഷണശക്തിക്കെതിരായി ഊഞ്ഞാൽ നിങ്ങളെ മുകളിലേക്കു തള്ളുന്നതിനാലാണു് ഇപ്രകാരം സംഭവിക്കുന്നതു്.
ഭാരത്തിന്റെ കാരണം ബലമാണല്ലൊ. ബലത്തിന്റെ സ്ഥായിയായ ഗുണം ത്വരണം (വേഗതയുടെ വൎദ്ധനവോ കുറയലോ ― Acceleration or Retardation) ഉണ്ടാക്കുമെന്നതാണു്. സ്വസ്ഥമായിരിക്കുന്ന ഒരു വസ്തുവിന്മേൽ ഒരു ബലം പ്രവൎത്തിക്കുകയാണെങ്കിൽ അതു ക്രമത്തിൽ വൎദ്ധിച്ചുകൊണ്ടുവരുന്ന വേഗതയോടുകൂടി ചലിക്കുവാൻ തുടങ്ങും. അതുപോലെ സ്ഥിരമായ വേഗതയോടുകൂടി സഞ്ചരിക്കുന്ന ഒരു വസ്തുവിന്മേലാണു് ബലം പ്രവൎത്തിക്കുന്നതെങ്കിൽ ദിശയനുസരിച്ചു വസ്തുവിന്റെ വേഗത ക്രമത്തിൽ വൎദ്ധിച്ചുകൊണ്ടുവരികയോ കുറഞ്ഞു വരികയോ ചെയ്യും. അപ്പോൾ, പ്രപഞ്ചത്തിലെ വസ്തുക്കൾ അന്യോന്യം ആകൎഷിക്കുന്നതിനാൽ (ഗുരുത്വാകൎഷണം) അവയുടെ സാധാരണനില എല്ലായ്പോഴും ചലിച്ചുകൊണ്ടായി [ 27 ] രിക്കണം. അതും സ്ഥിരമായ വേഗതയോടുകൂടിയല്ല. ക്രമത്തിൽ വൎദ്ധിച്ചുവരുന്നതും ക്ഷയിച്ചുവരുന്നതുമായ വേഗതയോടുകൂടി -- അതായത് ത്വരണത്തോടുകൂടി. വിമാനത്തിൽ നിന്നും ഇടപ്പെട്ട ഒരു ബോംബു് സെക്കണ്ടിൽ 32 അടി/ സെൿ എന്ന തോതിൽ വൎദ്ധിച്ചുവരുന്ന വേഗതയോടുകൂടി ഭൂമിയിലേക്കു വീഴുന്നു. യാതൊന്നും അതിന്റെ പതനത്തെ തടഞ്ഞില്ലെങ്കിൽ, അതായതു്, അതു പതിക്കുന്നിടത്ത് ഭൂമിയുടെ കേന്ദ്രത്തിൽക്കൂടെ പോകുന്നതും മറുവശം വരെയെത്തുന്നതുമായ ഒരു തുരങ്കമുണ്ടായിരുന്നുവെങ്കിൽ, ഭൂമിയുടെ കേന്ദ്രംവരെ വീഴുകയും ആ ഊക്കോടു കൂടിത്തന്നെ മറുവശത്തെത്തുകയും ചെയ്യും. പക്ഷേ, കേന്ദ്രത്തിൽനിന്നു പുറത്തേക്കുള്ള ചലനം ഗുരുത്വാകൎഷണത്തിന് എതിരേയാകയാൽ ക്രമത്തിൽ വേഗതയെല്ലാം നഷ്ടപ്പെട്ട് അവസാനം വീണ്ടും കേന്ദ്രത്തിലേക്കുതന്നെ വീഴുന്നു. അപ്പോഴേക്കും വീണ്ടും വേഗത വൎദ്ധിക്കുന്നതിനാൽ ആ ഊക്കോടുകൂടി പിന്നെയും അതു പുറത്തേക്കു പോകും. അപ്പോൾ അതു പുറപ്പെട്ട സ്ഥലത്തുതന്നെയാണ് എത്തുന്ന തു്. ഇപ്രകാരം എപ്പോഴും അത് ചലിച്ചുകൊണ്ടേയിരിക്കും. ഗുരുത്വാകൎഷണത്തിന്ന് അധീനമായ എല്ലാ വസ്തുക്കളും, ഭൂമിയിൽ സ്ഥിതിചെയ്യുന്ന നമ്മളുൾപ്പെടെ, ഇതേ വിധം ചലിച്ചുകൊണ്ടിരിക്കേണ്ടതാണ്. ഭൂമിയുടെ ഉപരിതലത്തിനാൽ തടയപ്പെടുന്നതിനാലാണ് അങ്ങനെ സംഭവിക്കാത്തതു്. അതായതു്, ഭൂമിയുടെ ഉപരിതലം വസ്തുക്കളെയെല്ലാം സെക്കണ്ടിൽ 32 അടി /സെൿ എന്ന തോതിൽ മുകളിലേക്കു ത്വരിതപ്പെടുത്തുന്നുണ്ടെന്നു പറയാം. അന്യോന്യ വിരുദ്ധങ്ങളായ രണ്ടു ത്വരണങ്ങളുടെ (മേൽപ്പറഞ്ഞ ത്വരണവും ഗുരുത്വാകൎഷണം കൊണ്ടുള്ള ത്വരണവും) ഫലമായി വസ്തുക്കൾക്കു ചലനമില്ലാതായിത്തീരുന്നു. ഈ [ 28 ] മേല്പോട്ടുള്ള ത്വരണത്തിന്നു കാരണമായ ബലമാണ് നമുക്കു ഭാരമായി അനുഭവപ്പെടുന്നത്.
ഒരു വിമാനം ഭൂമിയിൽനിന്നു നേരേ മുകളിലേക്ക് സെക്കണ്ടിൽ 32 അടി / സെൿ ത്വരണത്തോടുകൂടി (ഇതിനെ സാങ്കേതികമായി 1 g എന്നു പറയുന്നു. 2g, 64 അടി / സെൿ / സെൿ നെയും 10 g, 320 അടി / സെൿ / സെൿ നെയും സൂചിപ്പിക്കുന്നു) ഉയരുന്നുവെന്നു കരുതുക. അപ്പോൾ ഭൂമിയുടെ ആകൎഷണത്തെ സന്തുലിതമാക്കുവാൻ ആവശ്യമായ ത്വരണത്തിന്നു പുറമേ അത്രകൂടി ത്വരണം മുകളിലേക്കുണ്ട്. അതായത് മുകളിലേക്ക് സെക്കണ്ടിൽ 64 അടി / സെൿ - 2 g -ത്വരണമുണ്ടാക്കുവാനാവശ്യമായ ബലം അതിന്മേൽ പ്രവൎത്തിക്കുന്നുണ്ടെന്നു പറയാം. അതിന്നുള്ളിലുള്ള വ്യക്തികൾക്കു തങ്ങളുടെ ഭാരം ഇരട്ടിച്ചതായി തോന്നും. വിമാനത്തിന്റെ മുകളിലേക്കുള്ള അസ്സൽ ത്വരണം 2 g -64 അടി / സെൿ / സെൿ -ആണെങ്കിൽ അനുഭവത്തിലുള്ള ഭാരം മൂന്നു മടങ്ങായിത്തീരുന്നു. വിമാനത്തിന്റെ ഭാരം 10 g യാണെങ്കിൽ അനുഭവഭാരം 11 മടങ്ങാകുന്നു. ആകാശസഞ്ചാര കുതുകികൾ നല്ലപോലെ അറിഞ്ഞിരിക്കേണ്ട ഒരു തത്വമാണിത്. [ 29 ]അദ്ധ്യായം 4
റോക്കററുകൾ
ഭൂമിയിൽ നിന്നും എറിയപ്പെട്ട ഒരു വസ്തു ചന്ദ്രനിൽ എത്തണമെങ്കിൽ ചുരുങ്ങിയതു് 7 നാഴിക / സെൿ വേഗതയെങ്കിലും വേണമെന്നു പറഞ്ഞുവല്ലോ. വിമാനത്തിന്നും ബലൂണിന്നും വായുവില്ലാത്തിടത്തു സഞ്ചരിക്കുവാൻ സാധിക്കുകയില്ല. അതിനാൽ ചന്ദ്രയാത്രയ്ക്ക് അവ കൊള്ളുകയില്ല. അതിഭീമങ്ങളായ തോക്കുകൾ ഉണ്ടാക്കി അതിൽ നിന്നും ഗോളാകാരത്തിലുള്ള നൗകകളെ വെടിവച്ചാലെന്താണു് എന്നു ചിലർ അഭിപ്രായപ്പെട്ടു. അപ്പോഴുണ്ടാകുന്ന ത്വരണം സെക്കണ്ടിൽ അനേകായിരം അടി / സെൿ -ൽ കൂടുതലായിരിക്കും. തൽഫലമായി ഒരു സാധാരണമനുഷ്യന്റെ ഭാരം 2000 ടണ്ണോളമായി വൎദ്ധിക്കും. ഒരു ജീവിക്കും ഇതു സഹിക്കാവതല്ലെന്നു പറയേണ്ടതില്ല. സാവധാനത്തിൽ ത്വരിതപ്പെടുന്നതും, അങ്ങേയറ്റം 4 g - 5 g, അവസാനം ഭൂമിയുടെ ആകൎഷണത്തിൽ നിന്നും രക്ഷപ്രാപിക്കാനാവശ്യമായ വേഗത സിദ്ധിക്കാവുന്നതും വായുവില്ലാത്തിടത്തു പ്രവൎത്തിക്കാവുന്നതുമായ ഒരു വാഹനമേ ചന്ദ്രനിലേക്കോ മറ്റു ഗ്രഹങ്ങളിലേക്കോ ഉള്ള യാത്രയ്ക്ക് ഉതകൂ. ഈ ഗുണങ്ങളെല്ലാമുള്ളതായി റോക്കററ് - വാണം - മാത്രമാണു നമുക്കിപ്പോൾ ഉള്ളതു്. യൂരി ഗഗാരിൻ തൊട്ടു് ഇന്നേവരെയുള്ള ആകാശസഞ്ചാരികൾ (Cosmonauts) എല്ലാം ഉപഗ്രഹങ്ങൾ കണക്കെ ഭൂമിയെ പ്രദക്ഷിണം വച്ചത് റോക്കറ്റുകളുടെ സഹായത്തോടുകൂടിയാണ്. അതിനാൽ റോക്കറ്റുകൾ എങ്ങനെ പ്രവൎത്തിക്കുന്നുവെന്നു നല്ലപോലെ അറിയേണ്ടിയിരിക്കുന്നു. [ 30 ] നിങ്ങളിൽ പലരും വഞ്ചിയിൽ യാത്രചെയ്തിട്ടുണ്ടായിരിക്കും. വഞ്ചിക്കാരൻ കുത്തുകോലിന്മേൽ ഒരു വശത്തേക്കു ബലം പ്രയോഗിക്കുമ്പോൾ വഞ്ചി മറുവശത്തേക്കു പോകുന്നുവല്ലോ. കോലിന്മേൽക്കൂടെ, ഭൂമിയിൽ പ്രവൎത്തിക്കുന്ന ബലത്തിനു തുല്യമായ ഒരു പ്രതിബലം വഞ്ചിക്കാരന്റെ കാലുകളിൽക്കൂടെ വഞ്ചിയിന്മേൽ പ്രവൎത്തിക്കുന്നതിനാലാണ് അതു പോകുന്നതു്. തോക്കുകൊണ്ടു വെടിവെച്ചവർ അതിന്റെ പിന്നിലേക്കുള്ള ഇടി (Recoil) അനുഭവിച്ചിരിക്കും. ഉണ്ട മുന്നോട്ടു പോകുമ്പോൾ തോക്ക് പിന്നോക്കം വരുന്നു. നല്ലപോലെ വഴുക്കലുള്ള സ്ഥലത്തു വെച്ച ഒരു സാധനം തള്ളിനീക്കുവാൻ ശ്രമിച്ചാൽ സാധനം മുന്നോട്ടു പോകുന്നതോടൊപ്പം നാം പിന്നോക്കവും പോകുന്നു. “ഓരോ പ്രവൎത്തനത്തിന്നും തുല്യവും വിരുദ്ധവുമായ ഒരു പ്രതിപ്രവൎത്തനമുണ്ടു്“ എന്ന ന്യൂട്ടന്റെ മൂന്നാം ചലനനിയമത്തെയാണ് മേൽകൊടുത്ത ഉദാഹരണങ്ങൾ വിശദമാക്കുന്നതു്.*
അടുത്തതായി, കുറച്ചുകൂടി വിജ്ഞാനപ്രദമായ ഒരുദാഹരണമെടുക്കാം. നല്ലപോലെ മിനുസമുള്ളതും സമനിരപ്പായതുമായ റെയിൽപ്പാളങ്ങളിൽ തീരെ ഘൎഷണ (Friction) മില്ലാത്ത ചക്രങ്ങളോടുകൂടിയ ഒരു വണ്ടി നില്ക്കുന്നു. അതിൽ അനേകം ഇഷ്ടികകൾ അടുക്കിവെച്ചിട്ടുണ്ടു്. വണ്ടിയിൽ നില്ക്കുന്ന ഒരാൾ ഒരിഷ്ടികയെടുത്തു് ഒരു വശത്തേക്കെറിയുന്നു. ഉടനെ വണ്ടി അയാളെയും കൊണ്ടു മറുവശത്തേക്കു ചലിക്കുവാൻ തുടങ്ങും. തീരെ ഘൎഷണമില്ലെന്നു വിചാരിക്കുകയാണെങ്കിൽ സ്ഥിരമായ വേഗതയോടുകൂടി വണ്ടി പോയ്ക്കൊണ്ടിരിക്കും. എറിയ [ 31 ] പ്പെട്ട ഇഷ്ടിക താഴെവീണാലും അതു വണ്ടിയുടെ ചലനത്തെ ബാധിക്കുന്നതല്ലല്ലോ. ഒരു ഇഷ്ടികകൂടെ മുൻപിലത്ത വേഗത്തിൽ എറിഞ്ഞുവെങ്കിൽ വണ്ടിയുടെ വേഗത ഇരട്ടിക്കുന്നതായിരിക്കും. ആദ്യത്തെ ഇഷ്ടിക ഇരട്ടിവേഗത്തിലാണ് എറിഞ്ഞിരുന്നതെങ്കിലും വണ്ടിക്ക് ഈ വേഗത സിദ്ധിക്കുമായിരുന്നു. ഓരോ ഇഷ്ടികയായി എറിഞ്ഞുകൊണ്ടിരിക്കുകയാണെങ്കിൽ വണ്ടിയുടെ വേഗത ക്രമത്തിൽ വൎദ്ധിച്ചുകൊണ്ടുവരും. അവസാനമാകും തോറും ഇഷ്ടികകൾ കുറഞ്ഞു വരുന്നതിനാൽ വണ്ടിയുടെ ഭാരം കുറയുകയും വേഗത കൂടുതൽ വേഗത്തിൽ വൎദ്ധിച്ചുകൊണ്ടുവരികയും ചെയ്യും. ഓരോ ഇഷ്ടികയുടേയും ഭാരം, എറിയപ്പെടുന്ന വേഗത, വണ്ടിയുടെ ബാക്കിയുള്ള ഇഷ്ടികയും മനുഷ്യനുമുൾപ്പെടെയുള്ള ഭാരം, വണ്ടിയുടെ വേഗത എന്നീ രാശികൾ തമ്മിൽ വ്യക്തമായ ബന്ധമുണ്ടു്. ചലിക്കുന്ന ഒരു വസ്തുവിന്റെ ദ്രവ്യരാശിയും വേഗതയും തമ്മിലുള്ള ഗുണനഫലം അതിന്റെ 'ഗതിമാത്ര' (Momentum) എന്ന പേരിലറിയപ്പെടുന്നു. ഇഷ്ടികയുടെ ഭാരവും വേഗതയും ഗുണിച്ചു കിട്ടുന്ന രാശി, അതായതു് ഇഷ്ടികയുടെ ഗതിമാത്ര, വണ്ടിയുടെ ഭാരവും വേഗതയിലുള്ള വൎദ്ധനവും തമ്മിൽ ഗുണിച്ചുകിട്ടുന്ന രാശിക്ക്, അതായതു വണ്ടിയുടെ ഗതിമാത്രയിലുള്ള വൎദ്ധനവിനു തുല്യമായിരിക്കും. ഇഷ്ടികയുടെ ഭാരം w -വും വേഗത v -യും വണ്ടിയുടെ ഭാരം W-വും വേഗതവൎദ്ധനവു് V-യും ആണെങ്കിൽ:
വണ്ടിക്കു വളരെയധികം ഭാരം കൂടുതലുള്ളതിനാൽ അതിന്റെ വേഗതയ്ക്കു വരുന്ന വർദ്ധനവു് ഇഷ്ടികയുടെ വേഗതയെക്കാൾ കുറവായിരിക്കും. പക്ഷേ, വളരെയധികം ഇഷ്ടികകൾ എറിയുകയാണെങ്കിൽ വണ്ടിയുടെ വേഗത [ 32 ] തുടർച്ചയായി വൎദ്ധിപ്പിക്കുവാൻ സാധിക്കും. ഈ ഉദാഹരണത്തിൽനിന്നും താഴെപ്പറയുന്ന പ്രത്യേകതകൾ മനസ്സിലാക്കാവുന്നതാണ്:
- ഇഷ്ടികയുടെ വേഗത വൎദ്ധിക്കുംതോറും വണ്ടിയുടെ വേഗതയും വൎദ്ധിക്കുന്നു.
- എറിയപ്പെട്ട ഇഷ്ടികകളുടെ സംഖ്യ വൎദ്ധിക്കുംതോറും വണ്ടിയുടെ അന്തിമപ്രവേഗം വൎദ്ധിക്കുന്നു.
- വണ്ടിയുടെ ഒഴിഞ്ഞ ഭാരം കുറയുംതോറും അന്തിമപ്രവേഗം കൂടുന്നു.
- വണ്ടിയുടെ ചലനത്തിനു ചുറ്റുമുള്ള അന്തരീക്ഷത്തിന്റെ ആവശ്യമില്ല.
റോക്കററിന്റെ അടിസ്ഥാനതത്വവും ഇതുതന്നെയാണ്. വണ്ടിയുടെ സ്ഥാനത്തു റോക്കറ്റും ഇഷ്ടികയുടെ സ്ഥാനത്തു അതിലെ ഇന്ധനവും (കരിമരുന്നോ, പെട്രോളോ മറ്റെന്തെങ്കിലുമോ ആണെന്നു മാത്രം. 3-ാം ചിത്രം നോക്കുക. ഉരുണ്ടതും ഇന്ധനങ്ങൾ ശേഖരിച്ചു വെച്ചിട്ടുള്ളതുമായ ഒരു കുഴൽ, ഇന്ധനങ്ങൾ കത്തിക്കുവാനായി പ്രത്യേക വിധത്തിൽ സംവിധാനം ചെയ്തിട്ടുള്ള ഒരു ജ്വലനമുറി (Combustion chamber) ജ്വലനഫലമായുണ്ടാകുന്ന അത്യന്തം തപ്തവും മൎദ്ദിതവുമായ വാതകങ്ങളെ ഒരു ധാര(Jet)യെന്നോണം പുറത്തേക്കയയ്ക്കുവാനാവശ്യമായ ഒരു നാസാഗ്രം (Nozzle), റോക്കററിനെ നേർഗതിയിൽ സഞ്ചരിക്കുവാൻ സഹായിക്കുന്ന സ്ഥിരീകരണപാളികൾ (Stabilizing fins) ഇത്രയുമാണ് റോക്കററിന്റെ പ്രധാന ഭാഗങ്ങൾ. അതിവേഗത്തിൽ പുറത്തേക്കു വിടപ്പെടുന്ന തപ്തവാതകങ്ങളാണ് റോക്കററിനെ മുകളിലേക്കു തള്ളുന്നതു്. ഈ വാതകങ്ങളുടെ വേഗതയും കത്തിക്കപ്പെടുന്ന ഇന്ധനത്തിന്റെ തുകയും റോക്കററിന്റെ [ 33 ]
ഒഴിഞ്ഞ ഭാരവും അന്തിമപ്രവേഗവും തമ്മിൽ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും മനസ്സിലാക്കുവാൻ പഴയ [ 34 ] വണ്ടിയുടെയും ഇഷ്ടികയുടെയും ഉദാഹരണം തന്നെ എടുക്കുക. വണ്ടിയുടെ ഒഴിഞ്ഞ ഭാരം 100 റാത്തലും മനുഷ്യന്റെ ഭാരം 150 റാത്തലുമാണ്. ഓരോ റാത്തൽ ഭാരമുള്ള 440 ഇഷ്ടികകളും അടുക്കിവെച്ചിരിക്കുന്നു. അപ്പോൾ ആകെത്തുക ഭാരം 690 റാത്തലാണു്. ഒരു ഇഷ്ടിക സെക്കണ്ടിൽ 100 അടി വേഗത്തിൽ എറിയുകയാണെങ്കിൽ വണ്ടിക്കു സിദ്ധിക്കുന്ന വേഗത താഴെ പറയുന്ന വിധത്തിൽ കണക്കാക്കാം:
വണ്ടിയുടെ ഭാരം X വണ്ടിയുടെ വേഗതവൎദ്ധനവ് = ഇഷ്ടികയുടെ ഭാരം X ഇഷ്ടികയുടെ വേഗത.
വണ്ടിയുടെ വേഗത വൎദ്ധനവു് = ഇഷ്ടികയുടെ ഭാരം X ഇഷ്ടികയുടെ വേഗത ÷ വണ്ടിയുടെ ഭാരം
ഒരു ഇഷ്ടിക എറിഞ്ഞുകഴിഞ്ഞതിനാൽ വണ്ടിയുടെ ആകെ ഭാരം (690-1) = 689 റാത്തലാകുന്നുവല്ലോ. അതിനാൽ വണ്ടിയുടെ വേഗത വൎദ്ധനവു് = അടി / സെൿ. രണ്ടാമതു് ഒരിഷ്ടിക കൂടി എറിയുകയാണെങ്കിൽ വണ്ടിയുടെ വേഗത പിന്നെയും അടി / സെൿ. കൂടുന്നു. ഇപ്രകാരം 440 ഇഷ്ടികകളും എറിഞ്ഞുതീർക്കുകയാണെങ്കിൽ വണ്ടിയുടെ അന്തിമപ്രവേഗം:
വരെ അടി / സെൿ. ആകുന്നു. ഈ ശ്രേണിയുടെ ആകത്തുക 100 അടി / സെൿ. ആണു്. ഇഷ്ടികകളുടെ സംഖ്യ കുറവാണെങ്കിൽ അന്തിമപ്രവേഗവും കുറയുന്നു. വണ്ടിയുടെ അന്തിമപ്രവേഗം ഇഷ്ടികയുടെ വേഗതയ്ക്കു തുല്യമായിത്തീരണമെങ്കിൽ, അതിന്റെ ഒഴിഞ്ഞ ഭാരത്തിന്റെ 1.73 ഭാരം ഇഷ്ടികകൾ [ 35 ] ഉണ്ടായിരിക്കണം. അതായതു് വണ്ടിയുടെ ഒഴിഞ്ഞഭാരവും നിറഞ്ഞ ഭാരവും തമ്മിലുള്ള അനുപാതം 1 : 2.73 ആയിരിക്കണമെന്നു്. ഈ അനുപാതത്തിന്നു് ദ്രവ്യരാശി ബന്ധം എന്നു പറയുന്നു (Mass Ratio). മുൻ പറഞ്ഞതെല്ലാം റോക്കററിനെ സംബന്ധിച്ചും ശരിയാണ്. റോക്കററിനു തപ്തവാതകങ്ങളുടെ വേഗത ലഭിക്കണമെങ്കിൽ അതിന്റെ ഭാരത്തിന്റെ 1.73 മടങ്ങ് ഇന്ധനം വേണം. ഇതിലും കൂടുതൽ ഇന്ധനമുണ്ടെങ്കിൽ, അന്തിമപ്രവേഗം തപ്തവാതകങ്ങളുടേതിനേക്കാൾ കൂടിയിരിക്കും. അങ്ങനെ റോക്കററിന്റെ അന്തിമപ്രവേഗം വൎദ്ധിപ്പിക്കുവാൻ തപ്തവാതകങ്ങളുടെ പ്രവേഗവും ദ്രവ്യരാശിബന്ധവും കഴിയുന്നതും വൎദ്ധിപ്പിക്കേണ്ടിയിരിക്കുന്നു.
തപ്തവാതകങ്ങളുടെ പ്രവേഗം ഇന്ധനത്തേയും അതു കത്തിക്കുന്ന സമ്പ്രദായത്തേയും ആശ്രയിച്ചിരിക്കും. റോക്കററുകളിൽ സാധാരണയായി ഉപയോഗിക്കപ്പെടുന്ന ചില ഇന്ധനങ്ങളും അവയ്ക്കു ലഭിക്കാവുന്ന പരമാവധി വേഗതകളും താഴത്തെ പട്ടികയിൽ കൊടുത്തിരിക്കുന്നു.
| ഇന്ധനം | തപ്തവാതകങ്ങളുടെ പ്രവേഗം (നാഴിക/മണി) |
|---|---|
| ഓക്സിജൻ + ഹൈഡ്രജൻ പെറോക്സൈഡ് | 4,450 |
| കരിമരുന്നു് | 5,175 |
| ഗൺ കോട്ടൺ | 7,245 |
| ഓക്സിജൻ + ബെൻസീൻ | 9,990 |
| ഓക്സിജൻ + മീഥേൻ | 10,440 |
| ഓക്സിജൻ + അസിറ്റലിൻ | 10,980 |
| ഓക്സിജൻ + ഹൈഡ്രജൻ | 11,700 |
5,000-6,000 നാഴിക/മണിക്കൂറിൽ കൂടുതൽ പ്രവേഗം ലഭിക്കുന്നതല്ല. ചന്ദ്രനിലെത്തുവാനാകട്ടെ മണിക്കൂറിൽ 24,900 നാഴികയെങ്കിലും പ്രവേഗം വേണം. അതായതു തപ്തവാതകങ്ങളുടെ പ്രവേഗത്തിന്റെ നാലഞ്ചു മടങ്ങോളം. റോക്കററിന്റെ അന്തിമപ്രവേഗം തപ്തവാതകങ്ങളുടെ വേഗതയോടൊപ്പമെത്തിക്കുവാൻ തന്നെ, അതിന്റെ ഒഴിഞ്ഞ ഭാരത്തിന്റെ 1.73 മടങ്ങ് ഇന്ധനം വേണം. അതായതു് ദ്രവ്യരാശിബന്ധം 2.73 ആയിരിക്കണമെന്ന്. അന്തിമ പ്രവേഗം രണ്ടു മടങ്ങാകണമെങ്കിൽ ദ്രവ്യരാശിബന്ധം 7.5 ഉം (2.73 x 2.73), മൂന്നു മടങ്ങാകണമെങ്കിൽ 20.3 ഉം നാലു മടങ്ങാകുവാൻ 55.2 ഉം ആകണം. അതായത് ഇന്ധനത്തിന്റെ ഭാരം യഥാക്രമം ഒഴിഞ്ഞ റോക്കററിന്റെ 6.5, 19.3, 54.2 മടങ്ങുകൾ വീതമാകേണ്ടിയിരിക്കുന്നു. പക്ഷേ, ഈ ഇന്ധനമെല്ലാം ശേഖരിച്ചുവെയ്ക്കുവാനുള്ള പാത്രങ്ങൾക്കും ഭാരമുണ്ടല്ലോ. നൂറു ടൺ എണ്ണ ശേഖരിച്ചുവെയ്ക്കുവാൻ ആവശ്യമായ ടാങ്കുകൾക്കും റോക്കറ്റിന്റെ മറ്റു ഭാഗങ്ങൾക്കും കൂടി ചുരുങ്ങിയത് 12-15 ടൺ ഭാരമെങ്കിലും ഉണ്ടായിരിക്കും. പരമാവധി ഒഴിഞ്ഞ റോക്കറ്റിന്റെ 6-8 മടങ്ങു ഭാരം ഇന്ധനം മാത്രമേ കൊണ്ടു പോകുവാൻ സാധിക്കുകയുള്ളു. അങ്ങനെയുള്ള ഒരു റോക്കററിന്റെ അന്തിമപ്രവേഗം തപ്തവാതകങ്ങളുടെ ഇരട്ടിയിലധികം, 10,000-12,000 നാഴിക/മണി, ആക്കുവാൻ പ്രയാസമാണു്. അതിനാൽ ഈ റോക്കറ്റിനു ചന്ദ്രനിലേക്കെത്തുവാൻ സാദ്ധ്യമല്ല. ഈ വിഷമത്തെ തരണം ചെയ്യുവാൻ ഒരു വിദ്യയുണ്ട്. ഓരോ പാത്രത്തിലെയും ഇന്ധനം തീരുമ്പോൾ അതു തള്ളിക്കളയുക. അപ്പോൾ [ 37 ] ഒഴിഞ്ഞ ഭാരവും ക്രമത്തിൽ കുറഞ്ഞുവരുന്നു. ഈ തത്വത്തെ അടിസ്ഥാനമാക്കിയാണു വിവിധ ഘട്ടങ്ങളുള്ള റോക്കററുകൾ പ്രവർത്തിക്കുന്നതു്.
100 ടൺ ഭാരമുള്ള ഒരു റോക്കററിൽ 88 ടൺ ഇന്ധനമാണെന്നു കരുതുക. അതിനോടുകൂടി 6 ടൺ ഭാരമുള്ള മറെറാരു ചെറിയ റോക്കററ് ഘടിപ്പിച്ചിരിക്കുന്നു. ഇതിൽ 5 ടൺ ഇന്ധനമാണ്. ആദ്യത്തെ റോക്കററിനെ അപേക്ഷിച്ചിടത്തോളം ഒഴിഞ്ഞ ഭാരം ഇപ്പോൾ 18 ടണ്ണാണു്. അതിനാൽ ദ്രവ്യരാശിബന്ധം ഏകദേശം 5. 5, ആകുന്നു. രണ്ടാമത്തെ റോക്കററിന്റെ ദ്രവ്യരാശിബന്ധം 6.0 വും. വലിയ റോക്കററിനെ -ഇതിനെ പ്രഥമഘട്ട റോക്കററ് എന്നു പറയുന്നു- കത്തിച്ചു വിട്ടാൽ അതിലെ ഇന്ധനമെല്ലാം കത്തിത്തീരുമ്പോഴേക്കും പ്രവേഗം തപ്ത വാതകങ്ങളുടെ പ്രവേഗത്തിന്റെ ഏകദേശം ഇരട്ടിയായിത്തീരുന്നു. ഈ സമയത്തു രണ്ടാം ഘട്ട റോക്കറ്റിനെ വേർപെടുത്തി കത്തിക്കുക. അപ്പോൾ അതിന്റെ വേഗത പിന്നെയും കൂടുവാൻ തുടങ്ങും. ഈ വേഗതവൎദ്ധനയും ഏകദേശം തപ്തവാതകങ്ങളുടെ ഇരട്ടിയോളമായിരിക്കും. അവസാനം റോക്കറ്റിന്റെ പ്രവേഗം തപ്തവാതകങ്ങളുടെ 3½ മടങ്ങോളമായിത്തീരുന്നു. തപ്തവാതകങ്ങളുടെ പ്രവേഗം 5,000 നാഴിക/ മണി ആണെങ്കിൽ റോക്കറ്റിന്റെ അന്തിമപ്രവേഗം മണിക്കൂറിൽ 17,500
നാഴികയായിരിക്കും. ഒരു ഘട്ടം കൂടിയുണ്ടെങ്കിൽ ചന്ദ്രനിലെത്തുവാൻ ആവശ്യമായപ്രവേഗം ലഭിക്കുന്നതാണു്. ഇപ്രകാരം പലഘട്ടങ്ങളുപയോഗിച്ചു് എത്രയും കൂടിയ വേഗത വേണമെങ്കിലും ലഭിക്കാം. പക്ഷേ, ഘട്ടങ്ങൾ കൂടുംതോറും പ്രഥമഘട്ട റോക്കററിന്റെ പൂൎണ്ണഭാരം എന്തെന്നില്ലാതെ വൎദ്ധിക്കുന്നതാണ്. 30-40 ടൺ ഭാര [ 38 ] മുള്ള ഒരു റോക്കററിനെ ചന്ദ്രനിലേക്കയയ്ക്കുവാൻ 3,000 ടൺ ഇന്ധനം വേണം. ഇപ്പോഴും ഇത്രയും ഭീമങ്ങളായ റോക്കറ്റുകൾ സാങ്കേതികമായി സാദ്ധ്യമല്ല. ഭൂമിയെ പ്രദക്ഷിണം വെയ്ക്കുന്ന കൃത്രിമോപഗ്രഹങ്ങൾക്ക് 17,000- 18,000 നാഴിക / മണി വേഗതയേ വേണ്ടു. അങ്ങനെയുള്ള ഉപഗ്രഹങ്ങളാകട്ടെ ധാരാളമായിത്തീർന്നിട്ടുണ്ട്. [ 39 ]അദ്ധ്യായം 5
കൃത്രിമചന്ദ്രന്മാർ
ഒരു കെട്ടിടത്തിന്റെ മുകളിൽ നിന്നും ഒരാൾ ഒരു പന്തു ഭൂമിക്കു സമാന്തരമായി എറിഞ്ഞുവെന്നു വിചാരിക്കുക. അതു കുറെ അകലച്ചെന്നു വീഴുന്നതാണു്. എന്തെങ്കിലും ഒരു ജാലവിദ്യകൊണ്ടു് പന്തു ചെല്ലുന്ന ദിക്കിലെല്ലാം മുമ്പിലുള്ള പദാൎത്ഥങ്ങൾ വഴിമാറിക്കൊടുക്കുകയാ
[ 40 ] ണെങ്കിൽ 4-ാം ചിത്രത്തിൽ കാണിച്ചിരിക്കുന്നപോലെ അത് പുറപ്പെട്ട സ്ഥലത്തുതന്നെ എത്തുന്നതാണു്. കുറേക്കൂടി വേഗത്തിൽ എറിയുകയാണെങ്കിൽ സഞ്ചാരപഥം 1-ൽ നിന്നും 2 ആകുന്നു. മണിക്കൂറിൽ 17,320 നാഴിക
വേഗതയോടുകൂടി എറിയുകയാണെങ്കിൽ സഞ്ചാരപഥം മൂന്നാമത്തേതായി
മാറുന്നു. അപ്പോൾ അതു ഭൂമിയെ തൊടുന്നതു കൂടിയില്ലാത്തതിനാൽ തുരങ്കമുണ്ടാക്കുന്ന ജാലവിദ്യയൊന്നും ആവശ്യമില്ല (വേണമെങ്കിൽത്തന്നെ
നമുക്കറിഞ്ഞു കൂടതാനും). വായുകൊണ്ടുള്ള പ്രതിരോധം നിസ്സാരമാണെന്നു വിചാരിക്കുകയാണെങ്കിൽ ആ പന്തു പിന്നീടു ഭൂമിയിലേക്ക് ഒരിക്കലും വീഴുകയില്ല. അപകേന്ദ്രബലവും ഗുരുത്വാകൎഷണബലവും സന്തുലിതമായിരിക്കുകയാൽ അതു ഭൂമിയുടെ ഒരു കൃത്രിമചന്ദ്രനായി മാറിക്കഴിഞ്ഞിരിക്കുന്നു. പക്ഷേ, വായുവിന്റെ പ്രതിരോധം നിസ്സാരമല്ല. ഇത്ര വേഗത്തിൽ ചലിക്കുന്ന വസ്തുക്കൾ
വായുവിന്റെ ഘർഷണം കൊണ്ടു ക്ഷണനേരത്തിൽ ചുടുപിടിച്ചു കത്തിയെരിയുന്നതാണു്. ഇല്ലെങ്കിൽക്കൂടിയും പന്തിന്റെ വേഗത ക്രമത്തിൽ കുറയുകയും താഴോട്ടുവന്നു് അവസാനം ഭൂമിയിൽ പതിക്കുകയും ചെയ്യുന്നു. എന്നാൽ
100-200 നാഴിക ഉയരത്തിൽ വായുവിന്റെ സാന്ദ്രത അതിനിസ്സാരമാണ്. അവിടെ ഈ വേഗതയോടുകൂടി ഭൂമിക്കു സമാന്തരമായി എറിയപ്പെടുന്ന വസ്തുക്കൾ എന്നെന്നേക്കും ഉപഗ്രഹങ്ങളായി വൎത്തിക്കുന്നതാണ്. വാസ്തവത്തിൽ മുകളിലേക്കു പോകും തോറും ഭൂമിയുടെ ആകൎഷണശക്തി കുറഞ്ഞു വരുന്നതിനാൽ താഴത്തേക്കു വീഴാതിരിപ്പാൻ ആവശ്യമായ വേഗതയും കുറയുന്നു. രണ്ടാം പട്ടികയിൽ ഭൂമിയിൽനിന്നുള്ള ദൂരവും ഉപഗ്രഹത്തിനു ആവശ്യമായ ഏറ്റവും ചുരുങ്ങിയ വേഗതയും കൊടുത്തിരിക്കുന്നു: [ 41 ]
ചന്ദ്രനിലെ ക്രേറ്ററുകൾ
By the Courtesy of the Mount Wilson Observator [ 42 ]
ചന്ദ്രന്റെ മറുപുറത്തെ ഫോട്ടോ എടുത്ത റഷ്യൻ സ്ഫുട്നിക് [ 43 ]
വ്യാഴം
By the Courtesy of the Mount Wilson Observator [ 44 ]
By the Courtesy of the Mount Wilson Observatory [ 45 ]
അൻഡ്രോമീഡ ഗാലക്സി
By the Courtesy of the Mount Wilson Observatory [ 46 ]
മൂന്നു ഘട്ടങ്ങളുള്ള ഒരു റോക്കറ്റ് ആകാശത്തിലേക്കുയരുന്നു
ചന്ദ്രൻ മറുപുറം [ 47 ]
ഒരു റോക്കറ്റ് അതിന്റെ വിക്ഷേപണഗോപുരത്തിനു സമീപം [ 48 ]
പൂൎണ്ണചന്ദ്രൻ
By the Courtesy of the Mount Wilson Observatory [ 49 ]
| ഭൂമിയുടെ ഉപരിതലത്തിൽ നിന്നുള്ള ദൂരം (നാഴിക) | ഭൂമിയെ ചുറ്റുവാൻ വേണ്ട സമയം (മണിക്കൂർ) | ആവശ്യമായ പ്രവേഗം (നാ/മണിക്കൂർ) |
|---|---|---|
| 0 | 1.40 | 17,820 |
| 167 | 1.41 | 17,640 |
| 350 | 1.50 | 17,600 |
| 1075 | 2.01 | 15,824 |
| 10,000 | 7.95 | 8,280 |
| 22,300 | 24.00 | 5,760 |
| 2,38,000 | 672,00 | 2,270 |
ചിത്രം 5
മനുഷ്യനിൎമ്മിതങ്ങളായ ഉപഗ്രഹങ്ങൾ ഇപ്രകാരമാണ് ഉണ്ടാക്കപ്പെട്ടിട്ടുള്ളത്. മൂന്നു ഘട്ടങ്ങളുള്ള ഒരു റോക്കററിന്റെ അവസാനഘട്ടത്തിൽ വിവിധോപകരണങ്ങൾ ഉൾക്കൊള്ളുന്ന ഒരു കൃത്രിമോപഗ്രഹം സ്ഥിതി ചെയ്യുന്നു. ഒന്നാംഘട്ട റോക്കററ് കത്തിത്തീരുമ്പോഴേക്കും [ 50 ] റോക്കറ്റിന്റെ വേഗത ഏകദേശം 4,000 നാഴിക /മണിക്കൂർ ആയിത്തീരുന്നു. രണ്ടാം ഘട്ടത്തിന്റെ അവസാനത്തിൽ അത് 9,500 നാഴിക /മണിയും അവസാനഘട്ടത്തിൽ ഏകദേശം 18,000 നാഴിക/ മണിയും ആയിത്തീരുന്നു. ഇപ്രകാരം അയയ്ക്കപ്പെടുന്ന ഒരു കൃത്രിമചന്ദ്രന്റെ പ്രക്ഷേപപഥം (Trajectory) 5-ാം ചിത്രത്തിൽ കൊടുത്തിരിക്കുന്നു. വേഗത ആവശ്യത്തിലുമധികമാകുകയാണെങ്കിൽ പരിവൎത്തനപഥം വൃത്താകാരത്തിൽ നിന്നും ആയതവൃത്തമായിത്തീരും. പക്ഷേ പരിവൎത്തനതലം എപ്പോഴും ഭൂമിയുടെ കേന്ദ്രത്തിൽക്കൂടെയായിരിക്കണം. അല്ലെങ്കിൽ അതു സ്ഥിരമായി വൎത്തിക്കുകയില്ല. ഭൂമിയുടെ ഉപരിതലത്തിൽ — നിരക്ഷരേഖയ്ക്ക് (Equator) സമീപം — എല്ലാ വസ്തുക്കളും മണിക്കൂറിൽ 1,000 നാഴിക വേഗത്തിൽ കിഴക്കോട്ടു് സഞ്ചരിക്കുന്നുവല്ലോ. അതിനാൽ നേരെ കിഴക്കോട്ടു് ഒരു കൃത്രിമചന്ദ്രനെ അയയ്ക്കുവാൻ റോക്കറ്റിന്നു്, ഏകദേശം 17,000 നാഴിക/ മണി വേഗതയേ വേണ്ടൂ. നേരേമറിച്ചു പടിഞ്ഞാറോട്ടു സഞ്ചരിക്കുന്ന ഒരു റോക്കറ്റിനാകട്ടെ മണിക്കൂറിൽ 19,000 ത്തോളം നാഴിക വേഗത വേണം.
ഭൂമിയിൽനിന്നുള്ള ദൂരം കൂടുംതോറും കൃത്രിമചന്ദ്രന്മാരുടെ വേഗത കുറയുകയും അവ ഭൂമിയെ ചുറ്റുവാനെടുക്കുന്ന സമയം കൂടുകയും ചെയ്യുന്നുവല്ലോ. 22,300 നാഴിക ദൂരെയായി ഭൂമിയുടെ നിരക്ഷതലത്തിൽ (Equatorial plane) സഞ്ചരിക്കുന്ന ഒരു ഉപഗ്രഹത്തിന്നു ഭൂമിയെ ഒരു പ്രാവശ്യം ചുറ്റുവാൻ കൃത്യം 24.0 മണിക്കൂർ വേണമെന്ന് 2-ാം പട്ടികയിൽനിന്നു കാണാം. അതിനാൽ കിഴക്കോട്ടാണു സഞ്ചരിക്കുന്നതെങ്കിൽ നമുക്കത് ആകാശത്തിൽ ഒരു സ്ഥലത്തു സ്ഥിരമായി നില്ക്കുന്നതായി തോന്നും. [ 51 ] ഭൂമിക്കു ചുറ്റും ഇപ്രകാരമുള്ള ഉപഗ്രഹങ്ങളെക്കൊണ്ടു് ഒരു വലയം ഉണ്ടാക്കുകയാണെങ്കിൽ, റേഡിയോ പ്രക്ഷേപണം, ടെലിവിഷൻ, കാലാവസ്ഥാനിൎണ്ണയം മുതലായവയ്ക്കെല്ലാം വളരെ സഹായമായിത്തീരുന്നതാണു്. പക്ഷേ, കൃത്രിമചന്ദ്രന്മാരുടെ പരിവൎത്തനപഥങ്ങൾക്കും പരിവൎത്തനതലങ്ങൾക്കും കാലക്രമത്തിൽ വ്യത്യാസങ്ങൾ വരുന്നതായിരിക്കും. ഭൂമിയുടെ ഉപരിതലത്തിലുള്ള വ്യത്യാസങ്ങൾ (മലകൾ സമുദ്രങ്ങൾ മുതലായവ) കൊണ്ടും സൂൎയ്യചന്ദ്രന്മാരുടെയും മറ്റു ഗ്രഹങ്ങളുടെയും ആകർഷണത്താലുമാണു് ഇതു സംഭവിക്കുന്നതു്.
1957 ഒക്ടോബർ 4 നാണു് ആദ്യത്തെ കൃത്രിമോപഗ്രഹം അയയ്ക്കപ്പെട്ടതു്. റഷ്യക്കാർ അയച്ച അതിന്നു് 180 റാത്തൽ ഭാരമുണ്ടായിരുന്നു. 'സഹയാത്രികൻ' എന്നർത്ഥമുള്ള 'സ്പുട്നിൿ' എന്ന പേരിലാണു് അതറിയപ്പെടുന്നതു്. അതിനുശേഷം വലിയതും ചെറിയതും നായ്ക്കളെയും മറ്റു മൃഗങ്ങളെയും കയറ്റിയതുമായ അനേകം കൃത്രിമോപഗ്രഹങ്ങൾ റഷ്യക്കാരാലും അമേരിക്കക്കാരാലും അയയ്ക്കപ്പെട്ടിട്ടുണ്ടു്. അവസാനം 1961 ഏപ്രിൽ 12-ാം൹ ഒരു മനുഷ്യനെത്തന്നെ കയറ്റിയ ആദ്യത്തെ കൃത്രിമോപഗ്രഹം അയയ്ക്കപ്പെട്ടു. മനുഷ്യരെ കയറ്റിയ വാഹനങ്ങൾ ഭൂമിയിലേക്കു വീഴാതെ ചുറ്റുവാൻ മാത്രം കഴിവുള്ളവയായാൽ പോരാ, അപായംകൂടാതെ ഭൂമിയിൽ തിരിച്ചിറങ്ങുവാൻ കൂടി ശക്തങ്ങളായിരിക്കണം. മറ്റു പല കാൎയ്യങ്ങളും ഗൗനിക്കേണ്ടതുണ്ട്. അവയെപ്പറ്റി പിന്നീടൊരവസരത്തിൽ പ്രസ്താവിക്കുന്നതാണു്.
ഭൂമിക്കു ചുറ്റും സഞ്ചരിക്കുന്ന ഉപഗ്രഹങ്ങളിൽ ഗുരുത്വാകർഷണബലവും അപകേന്ദ്രബലവും തുല്യമാകയാൽ അവയുടെ ഉള്ളിൽ സ്ഥിതിചെയ്യുന്ന വസ്തുക്കൾ [ 52 ] ക്കൊന്നുംതന്നെ ഭാരം അനുഭവപ്പെടുകയില്ല. ഈ ഭാരമില്ലായ്മകൊണ്ടുള്ള ഭവിഷ്യത്തുകൾ നിസ്സാരങ്ങളല്ലെന്നു് ഒരു ചെറിയ ഉദാഹരണംകൊണ്ടുതന്നെ മനസ്സിലാക്കാം. ഒരു കപ്പിലുള്ള കാപ്പി മറ്റൊന്നിലേക്ക് ഒഴിക്കുകതന്നെ വളരെ പ്രയാസമുള്ള പ്രവൃത്തിയായിത്തീരും. കപ്പു കമഴ്ത്തിയാലും ഭാരമില്ലായ്മയാൽ കാപ്പി അതിൽത്തന്നെ തങ്ങിനില്ക്കുകയേ ഉള്ളു. അതുപോലെ, അറിയാതെ വല്ല സാധനത്തിനെയെങ്കിലും തട്ടിപ്പോയാൽ ഉടനെ അതു ചുവരിന്മേലോ തട്ടിന്മേലോ ചെന്നു മുട്ടിക്കൊള്ളും. ആകാശനൗകയിലെ ദൈനംദിനജീവിതത്തെ ഈ ഭാരമില്ലായ്മ എങ്ങനെ ബാധിക്കുമെന്നും അടുത്ത അദ്ധ്യായത്തിൽ വിവരിക്കുന്നതാണ്.
മനുഷ്യനില്ലാത്ത ഉപഗ്രഹങ്ങളെക്കൊണ്ടുതന്നെ നമുക്ക് പല സംഗതികളും പഠിക്കാവുന്നതാണു്. സൂൎയ്യന്റെ തേജോപ്രസര (Radiation)ത്തിന്റെ വിവിധ ഘടകങ്ങൾ, പ്രപഞ്ചത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും ബ്രഹ്മാണ്ഡരശ്മി (Cosmic rays) കൾ, അന്തരീക്ഷത്തിന്റെ സാന്ദ്രത, താപനില, ഭൂമിക്കു ചുറ്റുമുള്ള വൈദ്യുതാധാനമുള്ള (Charged particles) കണങ്ങളുടെ മേഖലകൾ, ഉൽക്കകളുടെ ആധിക്യം, മുതലായ പല വിഷയങ്ങളെപ്പറ്റിയും കൃത്രിമോപഗ്രഹങ്ങളിൽ വച്ചിരിക്കുന്ന ഉപകരണങ്ങളിൽനിന്നും നമുക്ക് പഠിക്കുവാൻ സാധിച്ചിട്ടുണ്ട്. അതുപോലെതന്നെ വലിയ ഉപഗ്രഹങ്ങളെക്കൊണ്ട് അന്തരീക്ഷത്തിന്റെ ഉപരിതലത്തെ കൂടുതൽ സമഗ്രമായി പഠിക്കുവാനും കാലാവസ്ഥാ പ്രവചനം കൂടുതൽ സൂക്ഷ്മമാക്കുവാനും സാധിക്കുന്നതാണ്.
ജ്യോതിശ്ശാസ്ത്രജ്ഞന്മാൎക്ക് നക്ഷത്രനിരീക്ഷണത്തിലുള്ള വലിയൊരു പ്രതിബന്ധം അന്തരീക്ഷവായുവിന്റെ [ 53 ] ചലനമാണ്. അകലെയുള്ള നക്ഷത്രങ്ങൾ മിന്നിത്തിളങ്ങുന്നതായി തോന്നിക്കുന്ന ഈ ചലനം, ദൂരദൎശിനി എത്രതന്നെ വലുതായാലും കാണുന്ന ദൃശ്യത്തെ മങ്ങിയതാക്കുന്നു. അന്തരീക്ഷത്തിനു മുകളിലായി ഒരു കൃത്രിമോപഗ്രഹത്തിൽ ഒരു നിരീക്ഷണകേന്ദ്രം സ്ഥാപിക്കുവാൻ സാധിച്ചാൽ അതു വളരെയധികം ഉപയോഗപ്രദമായിരിക്കും. പക്ഷേ, ഒരു നിരീക്ഷണകേന്ദ്രത്തിന്നു് ആവശ്യമായ സാമഗ്രികൾ മുഴുവൻ കൊണ്ടുപോകുവാൻ ഒരു റോക്കററിനും സാധിക്കുകയില്ല. എന്നാൽ, പല ഖണ്ഡങ്ങളിലായി ആവശ്യമുള്ള സാധനങ്ങളെല്ലാം ഒരേ പരിവൎത്തനപഥത്തിൽ എത്തിക്കുവാൻ സാധിക്കുകയാണെങ്കിൽ, അവിടെവെച്ചു് അവയെല്ലാം കൂട്ടിച്ചേക്കാവുന്നതാണു്. വസ്തുക്കൾക്കൊന്നും ഭാരമില്ലാത്തതിനാൽ ഇത് താരതമ്യേന പ്രയാസം കുറഞ്ഞ ഒരു പണിയായിരിക്കും. ഇപ്രകാരം ഒരു വലിയ സ്ഥാപനം തന്നെ ഈ പരിവൎത്തനപഥത്തിൽ നിൎമ്മിക്കാവുന്നതാണ്. ഇങ്ങനെയുള്ള സ്ഥാപനങ്ങൾക്ക് വാനനിലയങ്ങൾ (Space stations) എന്നു പറയുന്നു. സകലവിധ സൗകര്യങ്ങളുമുള്ള ഗവേഷണശാലകളും വൎക്ക് ഷാപ്പുകളും അടങ്ങിയ ഒരു വാനനിലയം സ്ഥാപിക്കുകയായിരിക്കാം മറ്റു ലോകങ്ങളിലേക്കുള്ള യാത്രയുടെ ആദ്യത്തെ ഘട്ടം. വാനനിലയങ്ങളിലെ ദിനരാത്രങ്ങൾ എങ്ങനെ ഉണ്ടാകുന്നുവെന്നു 6-ാം ചിത്രത്തിൽനിന്നും മനസ്സിലാക്കാം. ഉദയാസ്തമനങ്ങളിൽ സൂൎയ്യപ്രകാശം ഭൂമിയുടെ അന്തരീക്ഷത്തിൽക്കൂടെ വരുന്നതാകയാൽ അത്യന്തം വൎണ്ണമയമായിരിക്കും.
നേരിട്ട് ചന്ദ്രനിലേക്കോ മറ്റു ലോകങ്ങളിലേക്കോ മനുഷ്യനെ കയറ്റിക്കൊണ്ടുപോകുവാൻ ഉതകുന്ന റോക്കററുകൾ ഇപ്പോഴും സാങ്കേതികമായി സാദ്ധ്യമല്ലെന്നു പറ [ 54 ]
അദ്ധ്യായം 6
ആകാശനൗകയിലെ ജീവിതം
1. അതിവേഗത
ആകാശനൗകകൾ മണിക്കൂറിൽ 18,000 നാഴിക മുതൽ 25,000 നാഴികവരെ വേഗതയോടുകൂടി സഞ്ചരിക്കുന്നു. ഇത്രയും ഭീമമായ വേഗത മനുഷ്യനു സഹിക്കാനാകുമോ എന്നു ചിലർ സംശയിച്ചേക്കാം. ഭൂമിയുടെ ഉപരിതലത്തിലുള്ള നാം അതിന്റെ കേന്ദ്രത്തിനു ചുറ്റും മണിക്കൂറിൽ 1,000 നാഴിക വേഗത്തിൽ പോകുന്നുണ്ടെന്നു് വല്ലവരും അറിയുന്നുണ്ടോ? ഭൂമിയോടുകൂടി നാം സൂൎയ്യനു ചുറ്റും മണിക്കൂറിൽ 67,000 നാഴിക വേഗത്തിൽ ഓടുന്നുണ്ടു്. ആർക്കെങ്കിലും അതനുഭവപ്പെടുന്നുണ്ടോ? സൗരയൂഥത്തോടുകൂടി നമ്മുടെ ഗാലൿസിയുടെ കേന്ദ്രത്തിനു ചുറ്റും മണിക്കൂറിൽ 5 ലക്ഷം നാഴികയിലധികം വേഗത്തിൽ പായുന്നുണ്ടെന്നു കേട്ടാൽ എന്താണു തോന്നുന്നതു്? ഇതിൽനിന്നെല്ലാം മനുഷ്യനു സഹിക്കാനാവാത്ത വേഗ തയൊന്നുമില്ലെന്നു മനസ്സിലാക്കാം. വേഗതയ്ക്കു മാറ്റം വരുമ്പോൾ, അതായതു ത്വരണമുണ്ടാകുമ്പോൾ മാത്രമേ വിഷമമുള്ളൂ
2. അതിത്വരണം
ചന്ദ്രനിലേക്കോ ഭൂമിയെ പ്രദക്ഷിണം ചെയ്യുന്ന ഒരു വാനനിലയത്തിലേക്കോ ഒരു റോക്കററ് അയയ്ക്കണമെങ്കിൽ അതിന്നു മണിക്കൂറിൽ 18,000 നാഴികയിലധികം വേഗത നല്ലേണ്ടിയിരിക്കുന്നു. റോക്കറ്റ് വായു [ 57 ] ഇല്ലാത്തിടത്തും പ്രവൎത്തിക്കുമെന്ന് മുമ്പു പഠിച്ചുവല്ലോ. വാസ്തവത്തിൽ അതിന്റെ ഘർഷണം കൊണ്ടും മറ്റും വായു റോക്കറ്റിന്റെ പ്രവൎത്തനക്ഷമത കുറയ്ക്കുക മാത്രമാണു് ചെയ്യുന്നതു്. അതിനാൽ വായുവിന്റെ സാന്ദ്രതയേറിയ ഭാഗങ്ങളെ -ഏതാണ്ടു് 20 നാഴിക ഉയരം- കഴിയുന്നതും വേഗത്തിൽ പിന്നിടുന്നത് റോക്കററിന്റെ ഇന്ധനം ലാഭിക്കുവാൻ സഹായകമാകും. പക്ഷേ, ഇതിന്നു റോക്കറ്റിനെ വളരെ വേഗത്തിൽ ത്വരിതപ്പെടുത്തേണ്ടിയിരിക്കുന്നു. വായുവിന്റെ അഭാവത്തിൽക്കൂടിയും എത്രയും വേഗത്തിൽ ആവശ്യമുള്ള വേഗത എത്തുവാൻ സാധിക്കുമോ, അത്രയും നല്ലതാണു്. ഇന്ധനം ജ്വലിച്ചുണ്ടാകുന്ന തപ്തവാതകങ്ങൾ അതിവേഗത്തിൽ പുറംതള്ളപ്പെടുമ്പോളുണ്ടാകുന്ന പ്രത്യാഘാതമാണല്ലോ റോക്കററിനെ മുകളിലേക്കുയൎത്തുന്നത്. ഈ പ്രത്യാഘാതബലം റോക്കറ്റിന്റെ ഭാരത്തിനേക്കാൾ കൂടുതലായാൽ മാത്രമേ അതിന്നും ഉയരുവാൻ സാധിക്കുകയുള്ളു. റോക്കററിന്റെ ആകെത്തുക ഭാരം Wവും വാതകങ്ങളുടെ മേല്പോട്ടുള്ള തള്ളിച്ച Pയും ആണെങ്കിൽ (P-W) ആകുന്നു റോക്കറ്റിനെ മേല്പോട്ടു ത്വരിതപ്പെടുത്തുന്നതു്. ഒരു റോക്കററ് താഴെവീഴാതെ അന്തരീക്ഷത്തിൽ തങ്ങിനില്ക്കണമെങ്കിൽക്കൂടിയും Wന്നു സമം തള്ളിച്ചയുണ്ടാക്കുവാനാവശ്യമായ ഇന്ധനം ജ്വലിച്ചുകൊണ്ടിരിക്കണം. (P-W) വളരെക്കൂടുതലാണെങ്കിൽ റോക്കററ് വേഗത്തിൽ ത്വരിതപ്പെടുകയും ആവശ്യമായ പ്രവേഗമെത്തിയയുടനെ ഇന്ധനങ്ങളുടെ ജ്വലനം നിൎത്തുകയും ചെയ്യാം. ഒരിക്കൽ ഈ പ്രവേഗം ലഭിച്ചാൽ പിന്നെ അപകേന്ദ്രബലം കൊണ്ടുതന്നെ റോക്കററ് താഴെ വിടാതെ ഭൂമിയെ ചുററിക്കൊണ്ടിരിക്കുമല്ലോ. അതിനാൽ കഴിയും വേഗത്തിൽ ഈ പ്രവേഗമെത്തുന്നതു് ഇന്ധനലാഭത്തെ ഉണ്ടാക്കുന്നു. അതായത് ത്വര [ 58 ] ണം കഴിയുന്നതും വലിയതായിരിക്കണമെന്നു്. ഒരു 'g' (32 അടി / സെൿ /സെൿ) യോടുകൂടി മേലോട്ടുയരുന്ന വസ്തുക്കൾക്ക് സാധാരണ ഭാരത്തിന്റെ ഇരട്ടിയും, 3 g യോടു കൂടി ത്വരിതപ്പെടുമ്പോൾ 4 മടങ്ങും അനുഭവപ്പെടുമെന്നു് മുമ്പു പ്രസ്താവിച്ചുവല്ലോ. റോക്കററിന്റെ വിവിധ ഘടകങ്ങൾക്കു് ഇപ്രകാരം അധികരിച്ച ഭാരത്തെ സഹിക്കുവാനുള്ള ഉറപ്പുണ്ടായിരിക്കണം. കൂടുതൽ ബലവത്തായ ഘടനയ്ക്ക് കൂടുതൽ ഘനമുള്ള പദാൎത്ഥങ്ങൾ ഉപയോഗിക്കേണ്ടിവരുന്നു. അപ്പോൾ റോക്കററിന്റെ ഒഴിഞ്ഞ ഭാരം വൎദ്ധിക്കുകയും അന്തിമപ്രവേഗം കുറയുകയും ചെയ്യുന്നു. അതിനാൽ ത്വരണം എന്തെന്നില്ലാതെ വൎദ്ധിപ്പിക്കുവാനും നിവൃത്തിയില്ല. എന്തുകൊണ്ടു നോക്കിയാലും ത്വരണം സെക്കണ്ടിൽ 100-150 അടി / സെൿ-ൽ കൂടുതലാകുന്നത് ആശാസ്യകരമല്ലെന്നു കണ്ടിരിക്കുന്നു. ഇത്രയും തികച്ചും സാങ്കേതികമായ വശങ്ങളെക്കുറിച്ചു്. അടുത്തതായി റോക്കററിന്റെ ഉള്ളിലിരിക്കുന്ന മനുഷ്യനെപ്പററി ആലോചിക്കുക. മറെറല്ലാ വസ്തുക്കൾക്കുമെന്നപോലെ അയാൾക്കും വൎദ്ധിച്ച ഭാരം അനുഭവപ്പെടും. ഭാരം മൂന്നു നാലു മടങ്ങായാൽ കൈകാലുകൾ അനക്കുവാൻ കൂടി പ്രയാസമായിത്തീരുന്നു. ദേഹത്തിലെ ചോരയോട്ടത്തിനും കോട്ടം തട്ടുന്നതാണു്. ഇരിക്കുകയോ നില്ക്കുകയോ ആണെങ്കിൽ ചോരയെല്ലാം കാലുകളിലേക്കു കുതിച്ചുപായും തലയിലേക്കു ചോര കയറ്റുവാൻ ഹൃദയത്തിന്നു് ഒട്ടും തന്നെ സാധിച്ചില്ലെന്നുവരാം. കമഴ്ന്നുകിടക്കുകയാണെങ്കിൽ കുറച്ചു ഭേദമായിരിക്കും. ചോരയുടെ സാന്ദ്രത തന്നെ അനേകം മടങ്ങു വൎദ്ധിക്കുന്നതിനാൽ താങ്ങാൻ കെല്പില്ലാതെ രക്തധമനികൾ പൊട്ടുവാൻ തന്നെ സാദ്ധ്യതയുണ്ടു്. മൎദ്ദത്തോടുകൂടിയ പ്രത്യേകതരത്തിലുള്ള ആവരണങ്ങൾക്ക [ 59 ] കത്താണെങ്കിൽ ചോരയോട്ടത്തിന്റെ വൈകല്യങ്ങൾക്കു കുറച്ചെല്ലാം സമാധാനമുണ്ടാക്കാം. മനുഷ്യന്നു പരമാവധി സഹിക്കാവുന്ന ത്വരണം കുറെയൊക്കെ വ്യക്തികളെയും പരിചയത്തെയും ആശ്രയിച്ചിരിക്കും. എങ്കിലും 4 g യിൽ കൂടുതലായാൽ ആൎക്കും സുഖകരമായിരിക്കുകയില്ല. 20 g എല്ലാവൎക്കും മരണഹേതുകമായിരിക്കും. ത്വരണംകൊണ്ടുള്ള അധികഭാരം ആകാശ സഞ്ചാരത്തിൽ അസുഖകരമായ ഒരനുഭവം മാത്രമാണു്. അല്ലാതെ തരണം ചെയ്യുവാൻ സാധിക്കാത്ത ഒരു പ്രതിബന്ധമല്ല.
3. ശൂന്യഭാരം
റോക്കററിലെ ഇന്ധനമെല്ലാം തീരുകയോ ജ്വലനം നിൎത്തുകയോ ചെയ്താൽ ത്വരണവും ഭാരവുമില്ലാതായിത്തീരുന്നു. ഇതു നമുക്കു തീരെ അപരിചിതമായ ഒരവസ്ഥയാണ്. നമ്മുടെ ശരീരത്തിലെ വിവിധങ്ങളായ പ്രവൎത്തനങ്ങളെ ഇതെങ്ങനെ ബാധിക്കുമെന്ന് അറിയേണ്ടിയിരിക്കുന്നു. ശ്വാസോച്ഛ്വാസം, രക്തസംവഹനം, ദഹനം, മലമൂത്രാദി വിസൎജ്ജനം മുതലായവയാണ് ശരീരത്തിലെ പ്രധാന പ്രവൎത്തനങ്ങൾ. ശ്വാസോച്ഛ്വാസം, ശ്വാസകോശത്തിലെ മൎദ്ദത്തേയും അന്തരീക്ഷത്തിന്റെ മൎദ്ദത്തേയും മാത്രമാണു് ആശ്രയിക്കുന്നതു്. വായുവിന്നു ഭാരം ഉണ്ടായാലും ഇല്ലെങ്കിലും ഇതിന്നു യാതൊരു തടസ്സവും വരുന്നതല്ല. ചോരയോട്ടത്തിന്നും ഭാരമില്ലായ്മ കൊണ്ടു് യാതൊരു കോട്ടവും വരുന്നതല്ല. പക്ഷേ, തീനും കുടിയും കുറച്ചു പരിഷ്ക്കരിക്കേണ്ടിവരും. വായിൽ വച്ച എന്തും തന്നെ നമുക്കിറക്കുവാൻ സാധിക്കുന്നതാണ്. അവിടുന്നങ്ങോട്ടുള്ള ഭക്ഷണത്തിന്റെ പോക്ക് ഭാരത്തെ ആശ്രയിക്കുന്നില്ല. മാംസപേ [ 60 ] ശികളുടെ സങ്കോചവും വികസനവും കൊണ്ടാണ് ഭക്ഷണം സഞ്ചരിക്കുന്നതു്. തലകീഴായി തൂങ്ങിക്കിടന്നുകൊണ്ടു നമുക്കു ഭക്ഷണം കഴിക്കുവാൻ സാധിക്കുമെന്നത് ഇതിനെ തെളിയിക്കുന്നു. എന്നാൽ ഭാരശൂന്യതയിൽ വായയിലേക്ക് ഒന്നും തന്നെ ഒഴിക്കുവാൻ സാധിക്കുകയില്ല. അവ പാത്രങ്ങളിൽത്തന്നെ തങ്ങിനില്ക്കുന്നു. അതിനാൽ ഭക്ഷണപദാത്ഥങ്ങളെ റബ്ബർക്കുപ്പികളിലാക്കി വായിലേക്കു പീച്ചിക്കയറ്റേണ്ടിവരുന്നു. ശൂന്യഭാരംകൊണ്ട് മലമൂത്ര വിസൎജ്ജനത്തിനു പറയത്തക്ക വിഷമമൊന്നും വരുന്നതല്ല.
പരിചയമില്ലാത്ത ഒരു സ്ഥലത്തു ചെന്നുപെട്ടാൽ തെക്കുവടക്ക് അറിയുവാൻ വിഷമിക്കുന്നപോലെ, ആകാശനൗകയ്ക്കുള്ളിൽ 'കീഴ്മേൽ' അറിയുവാൻ വിഷമം വരുന്നു. അവിടെ കീഴും മേലും ഇല്ലെന്നതുതന്നെ കാരണം. 'മുകളിലേ'ക്കെറിഞ്ഞ ഒരു വസ്തു കീഴോട്ടു വീഴുമെന്നു നാം പറയുന്നു. ഇവിടെ 'കീഴ്' എന്നു പറയുന്നതു ഭൂമിയുടെ ആകൎഷണബലത്തിന്റെ ദിശയും “മുകൾ' എന്നു പറയുന്നതു് അതിന്നെതിരായ ദിശയുമാകുന്നു. ആകാശനൗകയിൽ വസ്തുക്കൾക്കു ഭാരമില്ലാത്തതിനാൽ ഈ ദിശകൾ നിൎണ്ണയിക്കുവാൻ സാധിക്കാതെവരുന്നു. തട്ടിന്മേലേക്കെറിഞ്ഞ ഒരു വസ്തു അവിടെത്തന്നെ തങ്ങിനില്ക്കുന്നതായിരിക്കും. സാധനങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും പാറിപ്പറക്കാതിരിക്കണമെങ്കിൽ അവയെ അതതു സ്ഥാനങ്ങളിൽ കെട്ടിയിടേണ്ടിയിരിക്കുന്നു. ഒരു ദിക്കിൽ നിന്നു മറ്റൊരു ദിക്കിലേക്കു നടക്കുകയെന്നതുതന്നെ ഒരു പ്രശ്നമായിത്തീരും. ഭാരമില്ലാത്തതിനാൽ നമ്മുടെ കാലുകൾ തറമേൽ അമരുന്നില്ല. നടക്കുവാൻ ശ്രമിക്കുമ്പോൾ തറയിൽ നിന്നു തട്ടിലേക്ക് ഉയൎന്നുവെന്നു വരാം. ഇരുമ്പുകൊണ്ടുള്ള തറയും കാന്തം തറച്ച ചെരുപ്പും ഈ സ്ഥിതിയിൽ നിലയ്ക്കു നിൎത്തുവാൻ നമ്മെ [ 61 ] സഹായിക്കും. അങ്ങോട്ടുമിങ്ങോട്ടും നീങ്ങുവാൻ ഉറപ്പിച്ച എന്തെങ്കിലും പിടിച്ചു വലിക്കുകയോ എന്തിനെയെങ്കിലും തള്ളുകയോ ചെയ്യാം. വഞ്ചികുത്തുന്നപോലെ.
പൊതുവേ പറയുകയാണെങ്കിൽ ഭാരമില്ലാത്ത നിലയിൽ ആദ്യമാദ്യം കുറച്ചു അമ്പരപ്പുണ്ടാകുമെങ്കിലും ജീവിതം ഒരുവിധം സുഖകരംതന്നെയായിരിക്കും. ഏതാനും ദിവസങ്ങൾ ഇപ്രകാരം ഭാരമില്ലാത്ത നിലയിൽ ജീവിച്ച ഈ ആകാശസഞ്ചാരികൾ ഒട്ടേറെയുണ്ടിപ്പോൾ. അവർ ഇതിന്നു സാക്ഷ്യം വഹിക്കുന്നു.
4. ആകാശനൗകയിലെ അന്തരീക്ഷം
ഭൂമിയുടെ ഉപരിതലത്തിൽനിന്നു നാലഞ്ചു നാഴിക ഉയരംവരെ മാത്രമേ നമുക്കു ശ്വസിക്കത്തക്കതായ വായുവുള്ളു. അതിനാൽ ആകാശനൗക വായുഭദ്രമായിരിക്കുകയും വായുശുദ്ധീകരണത്തിന്നു് ആവശ്യമായ ഉപകരണങ്ങളെല്ലാം അതിലുണ്ടായിരിക്കുകയും വേണം. സാധാരണയായി ഒരു മനുഷ്യൻ വിശ്രമസമയത്ത് ഒരു മിനിററിൽ 6-15 ലിററർ വരെ വായു ശ്വസിക്കുന്നു. ഏകദേശം 0.2 - 0.4 ലിററർ ഓക്സിജൻ ഉപയോഗിക്കുന്നുമുണ്ടു്. അന്തരീക്ഷവായുവിന്റെ പ്രധാന ഘടകങ്ങൾ നൈട്രജനും (79 ശതമാനം) ഓക്സിജനും (21 ശതമാനം) ആണല്ലോ. സമുദ്രനിലവാരത്തിൽ അന്തരീക്ഷത്തിന്റെ മൎദ്ദം ചതുരശ്ര ഇഞ്ചിനു 14.7 റാത്തൽ ആകുന്നു. കൃത്രിമമായി ഓക്സിജന്റെ തോതു വൎദ്ധിപ്പിക്കുകയാണെങ്കിൽ ഇതിന്റെ നാലിലൊന്നു മൎദ്ദത്തിൽക്കൂടി നമുക്കു ശ്വാസോച്ഛ്വാസം ചെയ്യാവുന്നതാണു്. പക്ഷേ, ഒരു കാൎയ്യം, നാം ഉച്ഛ്വസിക്കുന്ന വായുവിൽ കാർബൺ ഡൈ ഓക്സൈഡ് അധികമാകയാൽ വീണ്ടും അതു നേരിട്ടു ശ്വസിച്ചുകൂട. ശ്വാസകോശങ്ങളിൽ നിന്നു പുറത്തുവരുന്ന വായുവിനു പുറമെയുള്ള വായുവി [ 62 ] നെക്കാൾ ചൂടു കൂടുകയാൽ സാന്ദ്രത കുറഞ്ഞിരിക്കും. പുറത്തു വന്നയുടനെ അതു മുകളിലേക്കു പൊങ്ങുകയും അങ്ങനെ മൂക്കിന്റെ സമീപത്ത് എപ്പോഴും ശുദ്ധവായു ഉണ്ടായിരിക്കുകയും ചെയ്യുന്നു. പക്ഷേ, ആകാശനൗകയ്ക്കുള്ളിൽ ഭാരമില്ലാത്തതിനാൽ ഇതു സംഭവിക്കുന്നില്ല. ഉച്ഛ്വസിക്കുന്ന വായു മൂക്കിനു ചുററും തന്നെ തങ്ങിനില്ക്കുകയേ ഉള്ളു. അതിനാൽ പങ്കകളോ മറ്റോ ഉപയോഗിച്ചു് എപ്പോഴും കൃത്രിമമായി വായുസഞ്ചാരം ഉണ്ടാക്കണം. വായുവിൽ നിന്നു കാർബൺ ഡൈ ഓക്സൈഡും നീരാവിയും നീക്കം ചെയ്ത് അതിനെ ശുദ്ധീകരിക്കുവാനുള്ള ഉപകരണങ്ങളും ഉണ്ടായിരിക്കണം. നൗകയിൽനിന്നു വായു ചോൎന്നുപോകാതെ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. അതിവേഗത്തിൽ സഞ്ചരിക്കുന്ന ഉൽക്കാശകലങ്ങളുമായി ഏറ്റുമുട്ടി ആകാശനൗകയുടെ ചുമരുകൾ തുളയ്ക്കപ്പെടുകയാണെങ്കിൽ ഫലം അത്യാപൽക്കരമാണ്. നൗകയ്ക്കുപുറമെ ശൂന്യത യാകയാൽ ക്ഷണനേരത്തിനുള്ളിൽ നൗകയിലെ വായുവെല്ലാം നഷ്ടപ്പെടുകയും, മൎദ്ദം കുറയുകയും ചെയ്യുന്നു. തൽഫലമായി ദേഹത്തിലുള്ള രക്തം തിളയ്ക്കുകയും അതിൽ അലിഞ്ഞുചേൎന്നിട്ടുള്ള നൈട്രജൻ കുമിളകളായി പൊന്തി വരികയും കണ്ഠനാളത്തിലേയും കുടലുകളിലേയും വാതകങ്ങൾ വിസ്ഫോടകമാംവണ്ണം വികസിക്കുകയും ചെയ്യുന്നു. ഏതാനും സെക്കണ്ടുകൾക്കുള്ളിൽ മരണം നിശ്ചയമാണ്. ആകാശനൗകയ്ക്ക് ഇരട്ടച്ചുമരുകളുണ്ടാക്കിയാൽ ചെറിയ ഉൽക്കാശകലങ്ങളിൽനിന്നു രക്ഷപ്പെടാം.
5. ആകാശനൗകയിലെ ഭക്ഷണം
വളരെക്കാലം നീണ്ടുനിൽക്കുന്ന ബഹിരാകാശയാത്രകളിൽ ഭക്ഷണം ഗൗരവമേറിയ ഒരു പ്രശ്നമായിത്തീരുന്നതാണു്. നാം സാധാരണയായി കഴിക്കുന്ന സാധനങ്ങ [ 63 ] ളിൽ മിക്കതും ഭക്ഷണമൂല്യം കുറഞ്ഞവയും ഉച്ഛിഷ്ടം കൂടിയവയുമാണ്. മാത്രമല്ല, അവ കേടുവരാതെ അധികകാലം സൂക്ഷിക്കുവാനും സാധിക്കുകയില്ല. നാലുപേരെ കയറ്റിയ ഒരു ആകാശനൗകയിൽ ഒരു മാസം നീണ്ടുനിൽക്കുന്ന ഒരു യാത്രയ്ക്കു് (ചന്ദ്രനിലേക്കു പോയി വരുവാൻ ഏകദേശം വേണ്ടിവരുന്ന സമയം ഇതാണ്. ചൊവ്വയിലേക്കു പോയി വരുവാൻ ഏകദേശം 6 മാസം വേണം.) 800-700 റാത്തൽ ഭക്ഷണസാധനങ്ങൾ വേണ്ടിവരുന്നു. ഇത്രയും ഭക്ഷണസാധനങ്ങൾ വലിച്ചുകൊണ്ടുപോകുവാൻ വളരെയധികം ഇന്ധനം ചെലവഴിക്കേണ്ടിവരും. അധികം ഉച്ഛിഷ്ടങ്ങൾ വരാത്ത ഓജസ്സുററ ഭക്ഷണപദാൎത്ഥങ്ങളേ നീണ്ടുനില്ക്കുന്ന ഗോളാന്തരയാത്രകൾക്കുപകരിപ്പൂ. ഇതിനായി പല പ്രത്യേകതരത്തിലുള്ള ഭക്ഷണപദാൎത്ഥങ്ങൾ ഇപ്പോൾ ഉണ്ടാക്കുന്നുണ്ടു്. വെള്ളത്തിൽ പൊന്തിക്കിടക്കുന്ന ഒരുതരം പായലിൽ നിന്നു് (ആൾഗേ)തയ്യാർ ചെയ്യപ്പെട്ട പ്രത്യേകതരത്തിലുള്ള ഒരു ആഹാരം ബഹിരാകാശസഞ്ചാരികൾക്കിടയിൽ പ്രചാരം നേടിയിരിക്കുന്നു.
വെള്ളത്തിന്റെ കാൎയ്യത്തിലും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. മനുഷ്യൻ പല രൂപത്തിലായി ദിവസേന നല്ലൊരുതുക വെള്ളം അകത്താക്കുന്നുണ്ട്. മറ്റു പല രൂപ ങ്ങളിലായി അവയെ പുറത്തേക്കു വിടുകയും ചെയ്യുന്നു. ആകാശനൗകയിൽ ഇപ്രകാരം വിസൎജ്ജിക്കപ്പെടുന്ന വെള്ളമെല്ലാം ശുദ്ധീകരിച്ച് വീണ്ടും ഉപയോഗിക്കേണ്ടി വരും.
6. അപായ ഹേതുക്കൾ
സൂൎയ്യനിൽ നിന്നും പ്രപഞ്ചത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുമായി ഒട്ടനേകം തേജഃ പ്രസരങ്ങൾ ഭൂമിയിലേ [ 64 ] ക്കു വരുന്നുണ്ട്. അവയിൽ വളരെ തുച്ഛമായ ഒരു ഭാഗം മാത്രമേ ഭൂമിയുടെ ഉപരിതലത്തിൽ എത്തുന്നുള്ളു. ബാക്കിയെല്ലാം അന്തരീക്ഷത്താൽ തടയപ്പെടുന്നു. അന്തരീക്ഷത്തിന്നു മുകളിൽ, ബഹിരാകാശത്തിൽ അവയെല്ലാം പൂൎണ്ണമായി അനുഭവപ്പെടുന്നതാണ്. അത്യന്തം ഊൎജ്ജത്തോടുകൂടിയ ബ്രഹ്മാണ്ഡരശ്മികൾ (Cosmic rays) സൂൎയ്യനിൽനിന്നും വരുന്ന ഇലൿട്രോണുകൾ, പ്രോട്ടോണുകൾ മുതലായ വൈദ്യുതാവിഷ്ടകണങ്ങൾ (Charged particles), പാരനീലലോഹിത (Ultraviolet) രശ്മികൾ, ഗാമാരശ്മികൾ, എക്സ് രശ്മികൾ മുതലായവയാണ് ബഹിരാകാശസഞ്ചാരികൾക്കു നേരിടേണ്ടിവരുന്ന തേജഃപ്രസരങ്ങൾ. രക്താൎബുദം, തിമിരം മുതലായ പല സുഖക്കേടുകൾക്കും ഇതു കാരണമാകാവുന്നതാണു്. പക്ഷേ, ഇന്നേവരെയുള്ള ബഹിരാകാശസഞ്ചാരികളുടെ അനുഭവങ്ങളിൽ നിന്നും തേജഃപ്രസരങ്ങൾകൊണ്ടുള്ള അപായം നിസ്സാരമാണെന്ന് അനുമാനിക്കാവുന്നതാണു്.
താപനിയന്ത്രണമാണ് മറെറാരു പ്രധാന പ്രശ്നം. ആകാശനൗകകളിൽ സൂര്യപ്രകാശമേൽക്കുന്ന ഭാഗം വളരെയധികം ചൂടുപിടിക്കുകയും മറ്റു ഭാഗങ്ങൾ വളരെ തണുക്കുകയും ചെയ്യുന്നതാണു്. ആകാശനൗകയെ സാവധാനത്തിൽ തിരിച്ചുകൊണ്ടിരിക്കുകയാണെങ്കിൽ ചൂട് എല്ലായിടത്തും ഒരുപോലെ വ്യാപിക്കുന്നതായിരിക്കും.
ഉൽക്കാശകലങ്ങളുമായി ഏറ്റുമുട്ടുകയാണ് ആകാശനൗകയ്ക്കു സംഭവിക്കാവുന്ന ഏറ്റവും വലിയ അപായങ്ങളിലൊന്നു്. ഇരട്ടച്ചുമരുകളുടെ സഹായത്തോടെ തന്നെ
ചെറിയ ഉൽക്കാധൂളികളിൽനിന്നും രക്ഷനേടാം. വലിയ ഉൽക്കകൾ താരതമ്യേന അതിവിരളവും അവയുമായി ഏറ്റുമുട്ടുവാനുള്ള സംഭാവ്യത പ്രായേണ ശൂന്യവുമാകുന്നു. [ 65 ]അദ്ധ്യായം 7
പലതരം ആകാശനൗകകൾ
ആകാശനൗകകളുടെ പ്രവൎത്തനത്തിന്റെയും ആകാശ സഞ്ചാരത്തിന്റെയും പ്രാഥമിക തത്വങ്ങളും പ്രധാനപ്പെട്ട പ്രതിബന്ധങ്ങളും എന്തെല്ലാമാണെന്നു കഴിഞ്ഞ ഏതാനും അദ്ധ്യായങ്ങളിലായി പ്രതിപാദിച്ചുവല്ലോ. അടുത്തതായി ആകാശ സഞ്ചാരത്തിന്റെ ചില പ്രത്യേകതകളെപ്പറ്റി പഠിക്കാം. നമുക്കു പരിചിതങ്ങളായ കാർ, തീവണ്ടി, കപ്പൽ മുതലായ വാഹനങ്ങളെല്ലാം തന്നെ എഞ്ചിൻ നിറുത്തിയാൽ പിന്നീട് അധികം ദൂരം ഓടുകയില്ല. ചക്രങ്ങളുടെയും ചുററുമുള്ള വായു, ജലം മുതലായ വയുടെയും പ്രതിരോധം അവയെ നിൎത്തുന്നു. ആകാശ നൗകകൾക്കു ഭൂമിയുടെ അന്തരീക്ഷം വിട്ടുകഴിഞ്ഞാൽ പിന്നീട് ഇപ്രകാരം പ്രതിരോധമുണ്ടാകുന്ന ചുററുപാടു കളൊന്നുമില്ല. അതിനാൽ എഞ്ചിൻ (റോക്കററുകൾ) നിറുത്തിയാൽക്കൂടിയും വളരെയധികം ദൂരം ആ ഊക്കുകൊണ്ടുതന്നെ പോകുന്നതായിരിക്കും. ഭൂമിയുടെയും മറ്റു ലോകങ്ങളുടെയും ഗുരുത്വാകൎഷണം മാത്രമേ അതിന്റെ വേഗതയ്ക്കു വ്യത്യാസം വരുത്തുകയുള്ളു. വാസ്തവത്തിൽ ചന്ദ്രനിലേക്കു പോകുന്ന ഒരു ആകാശനൗകയുടെ എഞ്ചിൻ ഭൂമിയിൽ നിന്നും ഏകദേശം 2,000 നാഴിക ദൂരത്തിൽ വെച്ചുതന്നെ നിൎത്തപ്പെടുന്നു. അപ്പോഴേക്കും അതിന്ന് ഏകദേശം മണിക്കൂറിൽ 25,000 നാഴിക പ്രവേഗം സിദ്ധിച്ചിരിക്കും. ചന്ദ്രനിലേക്കു പിന്നെയും 2¼ ലക്ഷം നാഴികയിലധികം ദൂരമുണ്ട്. അവിടെ എത്തിക്കുവാൻ ഈ ഊക്കു മതിയാകും. എത്രകണ്ടു വേഗത്തിൽ ആകാശ [ 66 ] നൗകയ്ക്ക് ഈ പ്രവേഗം സിദ്ധിക്കുന്നുവോ അത്രകണ്ട് കുറവായിരിക്കും ആകെയുള്ള ഇന്ധനച്ചെലവ്. മറ്റു ലോകങ്ങളിലേക്കുള്ള യാത്രകളും ഏകദേശം ഇപ്രകാരം തന്നെയാണ്.
ചരടുകൊണ്ടു ചുഴറ്റിവിട്ട കല്ലുകൾ പോലെ സഞ്ചരിക്കുന്ന ഈവിധമുള്ള ആകാശ നൗകകൾ സൂൎയ്യചന്ദ്രന്മാരുടെയും ഗ്രഹങ്ങളുടെയും ഗുരുത്വാകൎഷണങ്ങൾക്കധീനമായി ഗണിതവിധികളാൽ പൂൎണ്ണമായും നിൎണ്ണയിക്കപ്പെടാവുന്ന പഥങ്ങളിലായിരിക്കും സഞ്ചരിക്കുക. അതിനാൽ ആകാശത്തിൽ പറക്കുന്ന ഒരു പക്ഷിയെ കല്ലെറിയുന്നതിനു സമാനമാണു ചന്ദ്രനിലേക്ക് ഒരു റോക്കറ്റിനെ തൊടുത്തുവിടുന്നത്. അതു ചന്ദ്രന്റെ പ്രയാണപഥത്തിലേക്കെത്തുന്ന സമയത്തു് ചന്ദ്രനും അവിടെ എത്തത്തക്ക വിധത്തിലായിരിക്കണം റോക്കറ്റിനെ തൊടുത്തുവിടുന്ന സമയവും വേഗതയും ചരിവുമെല്ലാം. ഭൂമിയുടെ ഉപരിതലത്തിന്റെ വേഗതയും ചന്ദ്രന്റെ ഭൂപ്രദക്ഷിണ വേഗതയും എല്ലാം കണക്കിലെടുക്കണം. ഇല്ലെങ്കിൽ ആകാശനൗക ലക്ഷ്യത്തിൽ നിന്നും വളരെയധികം വ്യതിചലിച്ചുപോകും. ഉദാഹരണമായി റോക്കററിന്റെ വേഗത, ചന്ദ്രനിൽ എത്തുവാൻ ആവശ്യമുള്ള ഏററവും ചുരുങ്ങിയ വേഗതയെക്കാൾ 5 നാഴിക/ മണിക്കൂർ കണ്ട് കുറവാണെങ്കിൽ, അതു ചന്ദ്രനിലെത്തുകയില്ല. ഗുരുത്വാകർഷണങ്ങളുടെ സന്തുലിതമേഖലയിൽ നിന്നും 3,000 നാഴിക സമീപംവരെ എത്തി, ഭൂമിയിലേക്കുതന്നെ തിരിച്ചുവീഴുന്നതാണു്. വ്യാഴത്തിലേക്കു പോകുന്ന റോക്കററിന്റെ വേഗത ആവശ്യത്തിലും കുറച്ചു് - ആയിരത്തിലൊന്നു എന്നു വെക്കുക -കൂടിയാൽ, അതിന്റെ പരിവൎത്തനപഥത്തിലെത്തുമ്പോൾ വ്യാഴം അവിടെ [ 67 ] എത്തിയിരിക്കുകയില്ല. ഉദ്ദേശം 30 ലക്ഷം നാഴിക ദൂരെയായിരിക്കുമത്. റോക്കററു വിടുന്ന ദിശയ്ക്കു വ്യതിയാനം വന്നാലും ഇപ്രകാരം സംഭവിക്കുന്നതാണു്. അതിനാൽ ആകാശനൗകകളുടെ ഗതി അതിസൂക്ഷ്മമായി നിയന്ത്രിച്ചുകൊണ്ടിരിക്കണം. ശുക്രനിലേക്കു പോയ ഒരു ആകാശനൗക, വേഗത അധികമായതിനാലോ, കുറഞ്ഞതിനാലോ, മറ്റെന്തെങ്കിലും കാരണത്താലോ അതുമായി സന്ധിക്കുവാൻ പരാജയപ്പെട്ടുവെന്നിരിക്കട്ടെ. എങ്കിൽ അതു് ആയതവൃത്താകൃതിയിലുള്ള ഒരു പഥത്തിൽ സൂൎയ്യനെ ചുറ്റുവാൻ തുടങ്ങും. പിന്നീടു നാലഞ്ചു വർഷങ്ങൾക്കു ശേഷമായിരിക്കും അതു ഭൂമിയുടെ സമീപം വരിക. അപ്പോൾ മാത്രമേ അതിന്നു ഭൂമിയിലേക്കു മടങ്ങുവാനും സാദ്ധ്യമാകൂ. ഇതിൽനിന്നെല്ലാം, ആകാശനൗകകളുടെ ഗണിക്കപ്പെട്ട മാൎഗ്ഗങ്ങളിൽനിന്നുള്ള വ്യതിയാനം എത്രകണ്ടു് അപായകരമാണെന്നു മനസ്സിലാക്കാം. അതിനാൽ ആകാശനൗകയിലെ നാവികർ അതിന്റെ പഥത്തെ സശ്രദ്ധം സൂക്ഷിക്കുകയും അതാതുസമയത്തു വരുന്ന വ്യതിയാനങ്ങളെ അപ്പോഴപ്പോൾ ശരിയാക്കുകയും ചെയ്യണം. റേഡിയോതരംഗങ്ങളെ ഭൂമിയിലേക്കയച്ചു് പ്രതിദ്ധ്വനികളിൽ നിന്നും മററു ഗ്രഹങ്ങളും സൂര്യനുമായുള്ള ആപേക്ഷിക സ്ഥാനങ്ങളിൽനിന്നും നാവിക ആകാശനൗകയുടെ സ്ഥാനവും പ്രവേഗവും നിശ്ചയിക്കാവുന്നതാണ്.
ഇപ്രകാരമുള്ള ഒരു ആകാശനൗക ചന്ദ്രനിലേക്കു യാത്രപുറപ്പെടുമെന്നു വിചാരിക്കുക. ചന്ദ്രനും ഭൂമിക്കും ഇടയിലുള്ള ഗുരുത്വാകർഷണങ്ങളുടെ സന്തുലിതമേഖല കടന്നാൽ പിന്നെ അതു ക്രമത്തിൽ വൎദ്ധിച്ചുവരുന്ന വേഗതയോടുകൂടി ചന്ദ്രനിലേക്കു വീഴുവാൻ തുടങ്ങും. ചന്ദ്രനിലെത്തുമ്പോഴേക്കും അതിന്റെ വേഗത ഏകദേശം [ 68 ] മണിക്കൂറിൽ 5,500 നാഴികയായിത്തീരുന്നു. ഈ ഊക്കോടുകൂടി അതു ചന്ദ്രനിൽ പതിക്കുകയാണെങ്കിൽ നൗകയും അതിലുള്ള അന്തേവാസികളും എല്ലാം തകൎന്നു തരിപ്പണമാകും. അതിനാൽ ഏതെങ്കിലും വിധത്തിൽ ഒരു ബ്രേക്കിട്ടു വേഗത കുറച്ചു സാവധാനത്തിൽ ചന്ദ്രതലത്തിൽ ചെന്നു ഇരിക്കാറാക്കണം. ചന്ദ്രനിൽ പറയത്തക്കതായ ഒരു അന്തരീക്ഷമില്ലാത്തതിനാൽ വേഗത കുറയ്ക്കുവാൻ ഒരേയൊരു മാൎഗ്ഗമേയുള്ളു. പല ഭാഗങ്ങളിലായി ഘടിപ്പിച്ചിട്ടുള്ള ചെറിയ റോക്കററുകൾ ഉപയോഗിച്ചു് ആകാശനൗക കീഴ്മേൽ മറിക്കുക. എന്നിട്ടു പ്രധാന റോക്കററുകളെ പ്രവൎത്തിപ്പിക്കുവാൻ തുടങ്ങിയാൽ അവ ആകാശനൗക പതനത്തിന്നെതിരായി തള്ളുകയും അതിന്റെ വേഗത കുറയ്ക്കുകയും ചെയ്യുന്നു. തക്കസമയത്തു് ഇപ്രകാരം ബ്രേക്കിടുകയും വേണ്ടിടത്തോളം സമയം റോക്കററുകൾ പ്രവൎത്തിക്കുകയും ചെയ്താൽ വളരെ സാവധാനത്തിൽ ആകാശനൗകയെ ചന്ദ്രനിൽ കൊണ്ടുചെന്നിറക്കുവാൻ സാധിക്കുന്നതാണ്. ഇതിന്നാവശ്യമുള്ള ഇന്ധനമെല്ലാം പുറപ്പെടുമ്പോൾത്തന്നെ കരുതിയിരിക്കണമെന്നുമാത്രം. തിരിച്ചുപോരുവാൻ ആവശ്യമായ ഇന്ധനത്തിന്നു പുറമേയാണിത്. ഭൂമിയിൽ തിരിച്ചിറങ്ങുവാൻ ഇപ്രകാരം റോക്കററുകൾ കൊണ്ടു പ്രവൎത്തിക്കുന്ന ബ്രേക്കുകളില്ലാതെയും സാധിക്കുന്നതാണു്. ഘർഷണം കൊണ്ടു റോക്കററിന്റെ സാധാരണ ചലനത്തിനു വിഷമമുണ്ടാക്കുന്ന അന്തരീക്ഷത്തെത്തന്നെ നമുക്ക് ഇതിന്നു ഉപയോഗിക്കാം. ചന്ദ്രനിൽനിന്നു ഭൂമിയിലേക്കു തിരിച്ചുവരുന്ന ഒരു ആകാശനൗകയ്ക്കു മണിക്കൂറിൽ 25,000 നാഴികയിൽ കൂടുതൽ പ്രവേഗമുണ്ടായിരിക്കും. ഇത്രയും വേഗത്തിൽ അന്തരീക്ഷത്തിലൂടെ പതിക്കുകയാണെങ്കിൽ അതു ഘൎഷ [ 69 ] ണംകൊണ്ടു ചൂടുപിടിച്ച് ആവിയായിപ്പോകുന്നതാണ്. അതിനാൽ ആകാശനൗക 100-200 നാഴിക ദൂരെയെത്തിയാൽ ചെറിയ റോക്കറ്റുകളുപയോഗിച്ച് അതിനെ ഒരു ഉപഗ്രഹമാക്കി മാറ്റുന്നു. ഇടയ്ക്കിടയ്ക്ക് അതു് അന്തരീക്ഷത്തിൽക്കൂടെ ഒന്ന് ഊളിയിടും. അധികം ചൂടുപിടിച്ചാൽ വീണ്ടും പുറത്തേക്കു വരുന്നു. അപ്പോഴേക്കും വേഗത കുറെ കുറഞ്ഞിരിക്കും. അടുത്ത പ്രാവശ്യം അധികം ചൂടാകുന്നതിന്നു മുമ്പ് അന്തരീക്ഷത്തിൽക്കൂടെ കൂടുതൽ നേരം സഞ്ചരിക്കുവാൻ സാധിക്കുന്നതാണ്. അപ്പോൾ വേഗത പിന്നേയും കുറയുകയും തൽഫലമായി അപകേന്ദ്രബലം കുറയുന്നതിനാൽ നൗക പിന്നെയും താഴത്തേക്കു വരികയും ചെയ്യുന്നു. ഇങ്ങനെ ഭൂമിയെ പലപ്രാവശ്യം ചുറ്റി വേഗതയെ ക്രമത്തിൽ കുറച്ചുകൊണ്ടുവന്നു് അവസാനം അതേവരെ ഉള്ളിലൊതുങ്ങിയിരുന്ന വലിയ ചിറകുകളെ വിടൎത്തി ഗ്ലൈഡറുകൾ കണക്കെ (പട്ടം പോലെ) സാവധാനത്തിൽ ഭൂമിയിലിറങ്ങാവുന്നതാണു്. അന്തരീക്ഷം ധാരാളമുള്ള മററു ഗ്രഹങ്ങളിലും, ഉദാഹരണമായി ശുക്രൻ, ആകാശ നൗകകൾ ഇതുപോലെയായിരിക്കും ഇറങ്ങുക.
ഈ അദ്ധ്യായം അവസാനിപ്പിക്കുന്നതിനുമുമ്പ് ഒന്നുരണ്ടു സംഗതികൾ കൂടി വ്യക്തമാക്കുവാനുണ്ടു്. നിങ്ങളിൽ ചിലരെങ്കിലും സിംലയിൽ പോയിട്ടുണ്ടായിരിക്കാം. ഡൽഹിയിൽനിന്നു പുറപ്പെടുകയാണെന്നു വിചാരിക്കുക. ഒരു വണ്ടി നിങ്ങളെ കൽക്കട്ടാ വരെ എത്തിക്കുന്നു. അവിടന്നങ്ങോട്ടു കയറ്റം കയറുവാനായി വീതികുറഞ്ഞ റെയിൽപാളങ്ങളിൽ ഓടുന്ന പ്രത്യേകതരത്തിലുള്ള വണ്ടികളാണു്. ഭൂപ്രകൃതിയനുസരിച്ചു വാഹനങ്ങളുടെ ആകൃതിക്കു വ്യത്യാസം വരുത്തേണ്ടിവന്നതിന്റെ ഉദാ [ 70 ] ഹരണമാണിതു്. ആകാശനൗകകളുടെയും ചുററുപാടുകൾ എല്ലായ്പോഴും ഒരുപോലെയല്ല. ഭൂമിയിൽ നിന്നും 100- 150 നാഴിക ദൂരംവരെ റോക്കററിന്റെ ചലനത്തെ തടസ്സപ്പെടുത്തുന്ന ഗണ്യമായ ഒരന്തരീക്ഷമുണ്ടു്. തലകൂൎത്തതും, എക്കുപോക്കുകളില്ലാത്തതും മത്സ്യാകൃതിയോടുകൂടിയതുമായ ഒരു വാഹനമായിരിക്കും ഇവിടേക്കു പറ്റിയതു്. അന്തരീക്ഷത്തിന്റെ പരിധിവിട്ടാൽ പിന്നീടു ഘൎഷണത്തിന്റെ പ്രശ്നമില്ലാത്തതിനാൽ വാഹനത്തിന്റെ രൂപമെന്തുവേണമെങ്കിലും ആകാം. ഏററവും ഉറപ്പുകൂടിയതും ചെലവു കുറഞ്ഞതുമായ രൂപം ഗോളാകൃതിയാണ്. പക്ഷേ, ഇതു മററുലോകങ്ങളിൽ ചെന്നിറങ്ങുവാൻ പറ്റിയ സംവിധാനമല്ല. ബ്രേക്കിടാനുള്ള റോക്കററുകൾ ഘടിപ്പിക്കാനും ഇതു പറ്റിയ രൂപമല്ല. അതിനാൽ ആകാശ യാത്ര പലഘട്ടങ്ങളിലാക്കിയാൽ കൂടുതൽ കാൎയ്യക്ഷമമാകും. അഞ്ചാമദ്ധ്യായത്തിൽ വിവരിച്ചപോലെ ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുന്ന ഭീമമായ ഒരു വാനനിലയമുണ്ടാക്കുകയായിരിക്കും ആദ്യത്തെ ജോലി. ഇതിനെ ഒരു റയിൽവേ ജങ്ക്‌ഷ നുമായി ഉപമിക്കാം. ഭൂമിയുടെ അന്തരീക്ഷത്തിൽ സഞ്ചരിക്കുവാൻ പററിയ റോക്കററ് കപ്പലുകൾ ചരക്കുകളെയും മനുഷ്യരെയും കയറ്റി അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിച്ചുകൊണ്ടിരിക്കും. അവിടന്നങ്ങോട്ടുപോകുവാൻ വേണ്ട നൗകകൾ നിൎമ്മിക്കുവാനുള്ള വൎക്ക്‌ഷോപ്പും അതുതന്നെയായിരിക്കും. ഭാരമില്ലാത്തതിനാൽ ഭൂമിയിലേക്കാൾ എളുപ്പത്തിൽ അവിടെ ജോലി ചെയ്യാവുന്നതാണു്. ചന്ദ്രനിലേക്കും മററുലോകങ്ങളിലേക്കും പോകുന്ന ആകാശനൗകകൾ ഇവിടെനിന്നായിരിക്കും പുറപ്പെടുക. ഈ ആകാശനൗകകൾ തന്നെയും മററുലോകങ്ങളിൽ നേരിട്ടിറങ്ങുകയില്ല. അവയുടെ ഉപഗ്രഹങ്ങളായി കുറച്ചുനേരം സഞ്ച [ 71 ] രിക്കുകയും അതിനിടയ്ക്ക് അതാതു ഗ്രഹങ്ങളിലേക്ക് ഇറങ്ങുവാൻ പ്രത്യേകമായി സംവിധാനം ചെയ്യപ്പെട്ടിട്ടുള്ള ചെറുനൗകകൾ മനുഷ്യരേയും യന്ത്രസാമഗ്രികളേയും ഇന്ധനാദികളേയും താഴത്തേക്കിറക്കുകയും ചെയ്യുന്നു. അതിന്നുശേഷം ഈ ആകാശനൗകകൾ വാനനിലയത്തിലേക്കുതന്നെ തിരിച്ചുവരുന്നു. ഇപ്രകാരം മൂന്നു ഘട്ടങ്ങളിലായുള്ള യാത്ര കൂടുതൽ സുകരമാണ്. ഇന്ധനത്തിന്റെ ചെലവും കുറയും. 10 ടൺ ഭാരമുള്ള ഒരു നൗകയ്ക്കു വാനനിലയത്തിൽനിന്നും പുറപ്പെട്ടു ചന്ദ്രനിലെത്തുവാൻ 25 ടൺ ഇന്ധനമാവശ്യമുള്ള സമയത്തു ഭൂമിയിൽ നിന്നാണു പുറപ്പെടുന്നതെങ്കിൽ 840 ടൺ ഇന്ധനമാവശ്യമായിവരുന്നു.
നൗകയുടെ ഭാരം അതനുസരിച്ചു വൎദ്ധിക്കുകയും ചെയ്യുന്നു. [ 72 ]അദ്ധ്യായം 8
ഗ്രഹാന്തരയാത്ര
1. ചന്ദ്രാവലോകനം
ഭൂമിക്കുപുറമേ മനുഷ്യൻ ആദ്യമായി കാൽ കുത്തുന്നതു ചന്ദ്രനിലായിരിക്കുമെന്നതിൽ സംശയമില്ല. നമുക്കു് ഏററവും അടുത്ത ലോകം അതാണ്. പിന്നീട് അടുത്ത ലോകമായ ശുക്രൻ കൂടിയും 100 മടങ്ങിലധികം ദൂരെയാകുന്നു. വാസ്തവത്തിൽ ചന്ദ്രൻ അത്രയധികം ദൂരെയാണെന്നു പറയുക വയ്യ. ശരാശരിദൂരം 2,38,800 നാഴികയാണു്. വളരെയധികം വൈമാനികരും റെയിൽവേ ജോലിക്കാരും ഇതിന്റെ ഇരട്ടിയിലധികം ദൂരം സഞ്ചരിച്ചിരിക്കും. എന്തിനുപറയുന്നു, ബോംബെ കൽക്കട്ടാ മുതലായ പട്ടണങ്ങളിലെ ജനങ്ങളിൽ ഒരു നല്ലഭാഗംതന്നെ ചന്ദ്രനിൽ രണ്ടുതവണ പോയിവരാനുള്ള ദൂരം തങ്ങളുടെ ജീവിതത്തിൽ സഞ്ചരിക്കുന്നതാണു്.
ചന്ദ്രനിലേക്കു് ഒരു യാത്ര ആസൂത്രണം ചെയ്യുന്നതിന്നുമുമ്പ് നമുക്കിപ്പോൾ ആ ലോകത്തെപ്പറ്റി എന്തെല്ലാം അറിയുമെന്നു നോക്കുക. 2,160 നാഴിക വ്യാസമുള്ള ഒരു ഗോളമാണതു്. ഭൂമിയിൽ നിന്നുള്ള ദൂരം 2,21,463 നാഴികമുതൽ 2,52,710 വരെ വ്യത്യാസപ്പെടും. ചന്ദ്രന്റെ മൊത്തം ദ്രവ്യരാശി ഭൂമിയുടേതിന്റെ ഭാഗം മാത്രമാണെന്നും കണക്കാക്കപ്പെട്ടിരിക്കുന്നു. വെറും കണ്ണുകൾകൊണ്ടു നോക്കിയാൽത്തന്നെ ചന്ദ്രന്റെ ഉപരിതലം എല്ലായിടവും ഒരേ പ്രകാശമുള്ളതല്ലെന്നു കാണാവുന്നതാണ്. ദൂരദൎശിനിയിൽകൂടെയെടുത്ത പൂൎണ്ണചന്ദ്രന്റെ ഒരു [ 73 ] ഫോട്ടോവാണ് 2-ാം പടത്തിൽ കൊടുത്തിരിക്കുന്നത്. “പൂൎണ്ണചന്ദ്രൻ' എത്ര അപൂൎണ്ണമാണെന്നു് അതിൽനിന്നും മനസ്സിലാക്കാം. ചന്ദ്രന്റെ ഉപരിതലത്തിലെ സവിശേഷതകളിൽ പലതും വളരെയധികം ശക്തിയൊന്നുമില്ലാത്ത ഒരു ദൂരദൎശിനിയിൽക്കൂടെ നോക്കിയാൽത്തന്നെ കാണാം. ഏറ്റവും പ്രധാനമായി നാലുതരത്തിലുള്ള രൂപീകരണങ്ങളാണു് ചന്ദ്രതലത്തിൽ കാണപ്പെടുന്നതു്.
1. അതിവിസ്തൃതവും, വൃത്താകാരത്തിലുള്ളതും ഉയൎന്ന വരമ്പുകളോടും, പരന്ന അടിത്തട്ടുകളോടും കൂടിയതുമായ ഒരു തരം രൂപങ്ങൾ. 3-ാം പടത്തിൽ കൊടുത്തിട്ടുള്ള ബാലചന്ദ്രന്റെ ഫോട്ടോയിൽ ഇവയെ കാണാവുന്നതാണു്. ക്രേറ്ററുകൾ (Craters)എന്ന പേരിൽ ഇവ അറിയപ്പെടുന്നു. ചുരുക്കം ചിലവ 100 നാഴികയിലധികം വ്യാസമുള്ളവയാണ്. ചെറിയ ക്രേറ്ററുകളാകട്ടെ അനേകായിരമെണ്ണം കാണാം. ഇവ എങ്ങനെ ഉണ്ടായി എന്നതിനെക്കുറിച്ചും പല അഭിപ്രായങ്ങളുണ്ട്. കെട്ടടങ്ങിയ അഗ്നിപൎവ്വതങ്ങളാണെന്നും, അല്ലാ ഉൽക്കാപ്രപാതങ്ങളുടെ അടയാളങ്ങളാണെന്നും അതുമല്ല, ചന്ദ്രഗൎഭത്തിൽ നിന്നും തിളച്ചുപൊങ്ങിയ വാതകക്കുമിളകൾ ഉണ്ടാക്കിത്തീൎത്തതാണെന്നും മറ്റുമായി പല വാദങ്ങളുമുണ്ട്. ഒന്നാമത്തെ ചന്ദ്രാവലോകന സംഘത്തിനുതന്നെ ഇവയുടെ ഉത്ഭവത്തിലേക്കു വെളിച്ചം വീശുന്ന പല തെളിവുകളും ശേഖരിക്കാം.
2. ചന്ദ്രന്റെ ഉപരിതലത്തിൽ നല്ലൊരുഭാഗം കൂൎത്തുമൂൎത്തു് പരുഷമായ പാറക്കൂട്ടങ്ങളാലും പൎവ്വതനിരകളാലും നിറയപ്പെട്ടതാണെന്നാണ് ഇപ്പോഴത്തെ അനുമാനം. സൂൎയ്യപ്രകാശത്താൽ ചന്ദ്രനിൽ ഉണ്ടാക്കപ്പെട്ട നിഴലുകളുടെ നീളമളന്നു് 15,000 അടിയിൽ ആധികം ഉയരമുള്ള [ 74 ] പൎവ്വതനിരകൾ ഉള്ളതായി കണക്കാക്കപ്പെട്ടിരിക്കുന്നു. എത്രകണ്ടു സൂക്ഷ്മമാണ് ഈ നിൎണ്ണയങ്ങൾ എന്നു ചന്ദ്രനിൽ ആദ്യം ചെല്ലുന്നവൎക്കുതന്നെ തീരുമാനിക്കാവുന്നതാണു്.
3. ചന്ദ്രനിൽ അവിടവിടങ്ങളിലായി അതിഭീമങ്ങളായ സമതലങ്ങൾ ഉണ്ട്. ഈ ഭാഗങ്ങളാണു് ചന്ദ്രബിംബത്തിൽ ഇരുണ്ടതായി കാണപ്പെടുന്നത്. ആദ്യകാലങ്ങളിൽ ഇവ സമുദ്രങ്ങളാണെന്നു വിചാരിച്ചിരുന്നു. പക്ഷേ, അവയിൽ വെള്ളമില്ലെന്നും ഇപ്പോൾ ബോദ്ധ്യമായിട്ടുണ്ട്. എങ്കിലും പഴയ വിശ്വാസമനുസരിച്ച് ഈ സമതലങ്ങളെല്ലാം പല പല സമുദ്രങ്ങളും കടലുകളുമായാണു് നാമകരണം ചെയ്യപ്പെട്ടിട്ടുള്ളത്.
4. 2-ാം പടത്തിൽ, പല ക്രേറ്ററുകളിൽനിന്നും പുറപ്പെടുന്ന അത്യുജ്ജ്വലങ്ങളായ പ്രകാശവേണികൾ കാണാം. ഇവ കുന്നുകളെയും വിടവുകളെയും ക്രേറ്ററുകളെയും സമതലങ്ങളെയും മുറിച്ചുകടക്കുന്നു. എന്താണ് അവയുടെ ശരിയായ രൂപമെന്നും ഇതേവരെ തീരുമാനിക്കപ്പെട്ടിട്ടില്ല. ഒന്നാം ചന്ദ്രാവലോകന സംഘത്തിനു വിട്ടു കൊടുക്കേണ്ടതായ ഒരു പ്രശ്നമാണിത്.
ചന്ദ്രനിൽ അന്തരീക്ഷമുണ്ടോ? ഉണ്ടെങ്കിൽ അതിന്റെ ഘടകങ്ങൾ എന്തെല്ലാമാണ്? സാന്ദ്രതയെന്താണ് ? ഓക്സിജനുണ്ടോ? വെള്ളമുണ്ടോ? ഭൂമിയുടേതുപോലെ കാന്തധ്രുവങ്ങളും കാന്തശക്തിയുമുണ്ടോ? എന്തു വസ്തുക്കളെക്കൊണ്ടാണു് ചന്ദ്രൻ നിൎമ്മിക്കപ്പെട്ടിട്ടുള്ളതു്? താപനിലയെന്താണ്? ഉൽക്കാപ്രപാതത്തിന്റെയും തേജോപ്രസരത്തിന്റെയും ആധിക്യമെത്രയാണ്? റേഡിയോപ്രക്ഷേപണം സാദ്ധ്യമാണോ? വല്ലതരത്തിലുള്ള ജീവിതവും സാദ്ധ്യമാണോ? എന്നിങ്ങനെ നൂറുനൂറു ചോദ്യങ്ങളുണ്ടു്. [ 75 ] ഏറെത്താമസിയാതെതന്നെ ചന്ദ്രനിൽ മനുഷ്യർ എത്തുകയും ഈ പ്രശ്നങ്ങൾക്ക് സമാധാനം ലഭിക്കുകയും ചെയ്യും. അതിനുമുമ്പുതന്നെ, സ്വയം പ്രവൎത്തകങ്ങളായ ഉപകരണങ്ങളും യന്ത്രങ്ങളുമടങ്ങിയ നിരീക്ഷണ നൗകകൾ ചന്ദ്രനു ചുററും സഞ്ചരിച്ച് അതിനെപ്പറ്റി കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരുന്നതായിരിക്കും.
മനുഷ്യനെ കയറ്റിയ ആദ്യത്തെ ചന്ദ്രനൗക ഭൂമിക്കു ചുറ്റും സഞ്ചരിക്കുന്ന ഒരു വാനനിലയത്തിൽനിന്നായിരിക്കും പുറപ്പെടുക. വാനനിലയത്തിന്റെ പരിവൎത്തന
പഥത്തിൽ എവിടെനിന്നു പുറപ്പെടണം, പുറപ്പെടുന്ന സമയം, നൗകയുടെ ദിശ, പ്രവേഗം, സഞ്ചാരപഥം മുതലായവയെല്ലാം കാലേകൂട്ടിത്തന്നെ സൂക്ഷ്മമായി ഗണിച്ചു
നിൎണ്ണയിക്കണം. 7-ാം ചിത്രം നോക്കുക. വാനനിലയത്തിൽനിന്നും ചന്ദ്രനിലേക്കു പോകുന്ന ഒരു വാഹനത്തിന്റെ സഞ്ചാരപഥത്തെയാണു് കാണിച്ചിരിക്കുന്നത്.
സുപ്രസിദ്ധ റോക്കറ്റ് ശാസ്ത്രവിദഗ്ദ്ധനും കുപ്രസിദ്ധിയാൎജ്ജിച്ച ജൻ V-2 റോക്കറ്റുകളുടെ പ്രധാന സംവിധായകനും ആയ വെർണർ ഫോൺ ബ്രൗൺ ചന്ദ്രനിൽ എത്തൽ (Conquest of Moon) എന്നൊരു പുസ്തമെഴുതിയിട്ടുണ്ടു്. അതിൽ ഒരു ചന്ദ്രനൗകയെപ്പറ്റിയും, ചന്ദ്രനിലേക്കുള്ള യാത്രയെപ്പറ്റിയും, ചന്ദ്രനിൽ ചെന്നാൽ ആദ്യമായി ചെയ്യേണ്ട ഗവേഷണങ്ങളെപ്പറ്റിയും അദ്ദേഹം സവിസ്തരം പ്രതിപാദിച്ചിരിക്കുന്നു. ഭൂമിയിൽ നിന്നും 1075 നാഴിക ദൂരെ സഞ്ചരിക്കുന്ന ഒരു വാനനിലയത്തിൽനിന്നാണ് ചന്ദ്രനൗക യാത്രപുറപ്പെടുന്നത്. പുറപ്പെടുമ്പോൾ അതിന്നു മണിക്കൂറിൽ 15,840 നാഴിക പ്രവേഗവും (വാനനിലയത്തിന്റെ പ്രവേഗം) 4370 ടൺ ഭാരവുമുണ്ട്. 33 മിനിട്ടുനേരം റോക്കറ്റ് പ്രവൎത്തിക്കുമ്പോഴേക്കും [ 76 ]
[ 77 ] പ്രവേഗം 19,500 നാഴിക/മണിക്കൂർ ആയി വൎദ്ധിക്കുന്നു. വാനനിലയത്തിൽനിന്നു പുറപ്പെടുന്നതാകയാൽ ചന്ദ്രനിലെത്തുവാൻ ഈ പ്രവേഗം മതി. ഈ സമയത്തിന്നിടയ്ക്ക് 3136 ടൺ ഇന്ധനം ഉപയോഗിച്ചുകഴിഞ്ഞിരിക്കും. ഈ ഇന്ധനം ശേഖരിച്ചുവെച്ചിരുന്ന 14 ടൺ ഭാരമുള്ള ടാങ്കുകൾ ഈ സമയത്ത് ത്യജിക്കപ്പെടുന്നു. ഇപ്പോൾ ചന്ദ്രനൗകയുടെ ഭാരം 1220 ടൺ മാത്രമാണു്. പിന്നീടുള്ള യാത്ര മുഴുവൻ നൗകയുടെ സംഭരിച്ചുവെച്ചിട്ടുള്ള ഊക്കുകൊണ്ടായിരിക്കും. ഭൂമിയുടെ ഗുരുത്വാകർഷണംകൊണ്ടു് പ്രവേഗം കുറഞ്ഞുവരുന്നു. യാത്രപുറപ്പെട്ട് 113 മണിക്കൂറുകൾക്കു ശേഷം ചന്ദ്രനിൽ നിന്നും 23,600 നാഴിക ദൂരെയുള്ള ഭൂചന്ദ്ര ഗുരുത്വാകർഷണങ്ങളുടെ സന്തുലിതമേഖലയിൽ എത്തുമ്പോഴേക്കും അതിന്റെ പ്രവേഗം മണിക്കൂറിൽ 500 നാഴികയായി കുറഞ്ഞിരിക്കും. പക്ഷേ, അവിടന്നങ്ങോട്ട് അതു ചന്ദ്രനിലേക്കു വീഴുവാൻ തുടങ്ങുന്നതിനാൽ വേഗത കൂടിത്തുടങ്ങും. വേണ്ടസമയത്തു ബ്രേക്കിട്ടില്ലെങ്കിൽ അതു ചന്ദ്രനിൽ 5,790 നാഴിക/മണി വേഗത്തിൽ ചെന്നു പതിക്കുന്നതായിരിക്കും. ചന്ദ്രനിൽ നിന്നും ഏകദേശം 550 നാഴിക ഉയരത്തിലെത്തിയാൽ നൗകയെ കീഴ്മേൽ മറിക്കുകയും റോക്കററുകൾ പ്രവൎത്തിപ്പിച്ച് ബ്രേക്കിടുകയും ചെയ്യണം. ഏകദേശം 10 മിനിട്ടുനേരം റോക്കറ്റുകൾ പ്രവൎത്തിക്കുകയും 870 ടൺ ഇന്ധനം ഉപയോഗിക്കുകയും ചെയ്യുന്നു. ചന്ദ്രനിൽ ഇറങ്ങുന്ന നൗകയുടെ തൂക്കം 350 ടൺ ആയിരിക്കും. നിരീക്ഷകസംഘം ആറാഴ്ചയോളം അവിടെ താമസിക്കുകയും കഴിയുന്നതും വിവരങ്ങൾ ശേഖരിക്കുകയും ചെയ്യും. ഇക്കാലങ്ങളിൽ ഉപയോഗിച്ച് സാധനങ്ങൾ, ആവശ്യമില്ലാത്തതിനാൽ അവിടെ ത്യജിക്കപ്പെട്ട ടാങ്കുകൾ ഉല്ക്കാ [ 78 ] കവചം, അവരോഹണത്തിന്നുള്ള കാലുകൾ ഇവയൊഴിച്ചാൽ തിരിച്ചു പുറപ്പെടുന്ന ചന്ദ്രനൗകയ്ക്ക് 333 ടൺ ഭാരമുണ്ടാകും. ചന്ദ്രന്റെ ഗുരുത്വാകൎഷണത്തിൽ നിന്നും
വിടുതിനേടുവാൻ 5840 നാഴിക/മണി പ്രവേഗം മതി. 150 സെക്കണ്ടിൽ 215 ടൺ ഇന്ധനമുപയോഗിക്കുമ്പോഴേക്കും 112 നാഴിക ദൂരം സഞ്ചരിച്ച നൗകയുടെ പ്രവേഗം 6500 നാഴിക/മണി ആയിരിക്കും. പിന്നീടു 120 മണിക്കൂറുകൾക്കുള്ളിൽ അതു വാനനിലയത്തിലേക്കുതന്നെ തിരിച്ചെത്തുന്നു. ഭൂമിയിൽ നിന്നും 1500 നാഴിക ഉയര
ത്തിലെത്തിയാൽ റോക്കറ്റുകൾ പ്രവൎത്തിക്കുവാൻ തുടങ്ങുകയും 79 ടൺ ഇന്ധനത്തിന്റെ ദഹനത്തോടുകൂടി അതിന്റെ വേഗത വാനനിലയത്തിന്റെ വേഗതയ്ക്കു തുല്യമായി കുറയുകയും ചെയ്യുന്നു. തിരിച്ചെത്തുന്ന നൗകയുടെ ഭാരം വെറും 39 ടൺ മാത്രമാണ്. യാത്ര പുറപ്പെടുമ്പോൾ 4370 ടണ്ണായിരുന്നുവല്ലോ. വാനനിലയത്തിൽ നിന്നും ഗവേഷകസംഘം കടത്തു റോക്കറ്റുകളിലൂടെ ഭൂമിയിലേക്കു വരുന്നു.
പല സാങ്കേതിക വിഷയങ്ങളും മുൻ കൊടുത്ത വിവരണത്തിൽ വിട്ടുകളഞ്ഞിട്ടുണ്ട്. വിസ്താരഭയത്താലും അധികം സാങ്കേതികമാകുമെന്നു തോന്നിയതിനാലുമാണ് അതിനു തുനിയാതിരുന്നതു്.
2. ശുക്രാക്രമണം
ചന്ദ്രനിലേക്കുള്ള യാത്ര സാധാരണമായിത്തീൎന്നാൽ നമ്മുടെ അടുത്ത ലക്ഷ്യം ഗ്രഹങ്ങളായിരിക്കും. ആദ്യമായി നമുക്കേറ്റവും അടുത്ത ഗ്രഹങ്ങളായ ശുക്രനും ചൊവ്വ
(കുജൻ-Mars) യുമായിരിക്കും സന്ദർശിക്കപ്പെടുക. ചില കാലങ്ങളിൽ സുൎയ്യോദയത്തിന്നു കുറച്ചുമുമ്പു കിഴക്കെ [ 79 ] ചക്രവാളത്തിലും മററു ചില കാലങ്ങളിൽ സൂൎയ്യാസ്തമനത്തിനുശേഷം കുറച്ചു നേരത്തേക്കു പടിഞ്ഞാറൻ ചക്രവാളത്തിലും അതീവ ശോഭയോടുകൂടി ചാഞ്ചല്യമില്ലാതെ പ്രകാശിക്കുന്ന ഒരു നക്ഷത്രം നിങ്ങളിൽ ചിലർ കണ്ടിരിക്കും. പ്രഭാതതാരം (Morning Star), സന്ധ്യാ താരം (Evening Star) എന്നീ പേരുകളിൽ അറിയപ്പെടുന്ന ഇത് വാസ്തവത്തിൽ ഒരു നക്ഷത്രമല്ല, ശുക്രൻ എന്ന ഗ്രഹമാണ്. ശുക്രൻ ഭൂമിയേക്കാൾ സൂൎയ്യന്നടുത്തതാണ്. ശരാശരി 6,72,00,000 നാഴിക ദൂരെയായി അതു് 224 ദിവസങ്ങൾകൊണ്ട് ഒരുവട്ടം സൂൎയ്യനെ ചുറ്റുന്നു. ഭൂമിക്കു് ഏറ്റവും അടുത്ത സന്ദൎഭത്തിൽ ശുക്രനിലേക്ക് ഏകദേശം 2½ കോടി നാഴിക ദൂരമുണ്ട്. 7,700 നാഴിക വ്യാസമുള്ള അത് ഭൂമിയോട് ഏറ്റവും അധികം സാദൃശ്യമുള്ള ഗ്രഹമാണെന്നാണു വിശ്വസിക്കപ്പെടുന്നത്. അതിന്റെ ദ്രവ്യരാശി ഭൂമിയുടേതിന്റെ 83 ശതമാനമാകുന്നു. സദാ, ശുഭ്രമായ ഒരുതരം മേഘപടലത്താൽ ആവരണം ചെയ്യപ്പെട്ടിട്ടുള്ളതിനാലും ഉറപ്പിക്കുവാൻ അടയാളങ്ങളൊന്നുമില്ലാത്തതിനാലും ശുക്രനിലെ ദിനത്തിന്റെ ദൈർഘ്യമെത്രയെന്ന് ഇപ്പോഴും തീരുമാനിക്കപ്പെട്ടിട്ടില്ല. ഭ്രമണാക്ഷവും
പരിവൎത്തനതലവും തമ്മിലുള്ള ചരിവും -ഇതാണു് കാലാവസ്ഥകളെ നിൎണ്ണയിക്കുന്നതു്- എത്രയെന്നറിഞ്ഞുകൂടാ. ശുക്രന്റെ അന്തരീക്ഷം ജീവിതത്തിനു സഹായകമാകുമോ? അവിടെ എന്തെങ്കിലും തരത്തിലുള്ള ജീവനുണ്ടോ? സ്ഥലപ്രകൃതിയെന്താണ്? അവിടെ ചെന്നാൽ മാത്രം അറിയാവുന്ന പ്രശ്നങ്ങളാണ് ഇവയെല്ലാം. ഒരു ആകാശനൗകയിൽ നാം ശുക്രനിലേക്കു യാത്ര പുറപ്പെട്ടു
വെന്നു വിചാരിക്കുക. 8-ാം ചിത്രത്തിൽ നൗകയുടെ സഞ്ചാരപഥം കുറിച്ചിരിക്കുന്നു. വാനനിലയത്തിന്റെ [ 80 ]
ചിത്രം 8
ഭൂമിക്കു ചുററുമുള്ള പ്രവേഗവും രണ്ടിനും പൊതുവായ സൂൎയ്യപ്രദക്ഷിണപ്രവേഗവും വേണ്ടവണ്ണം കണക്കിലെടുക്കുകയും തക്കസമയത്തു പുറപ്പെടുകയും ചെയ്തില്ലെങ്കിൽ നമ്മുടെ ആകാശനൗക ശുക്രനിലെത്തുകയില്ല; സൂൎയ്യനെ ചുററുന്ന ഒരു ഗ്രഹമായിത്തീരുകയാണുണ്ടാകുക. പുറപ്പെടുമ്പോൾ ആകാശനൗകയ്ക്കു മണിക്കൂറിൽ 25,700 നാഴിക പ്രവേഗം ഉണ്ടായിരുന്നുവെങ്കിൽ, ശുക്രനിലെത്തുവാൻ 146 ദിവസമെടുക്കുന്നു. ശുക്രന്റെയും ഭൂമിയുടെയും ഇടയിലുള്ള ഗുരുത്വാകൎഷണങ്ങളുടെ സന്തുലിതമേഖലയിൽ എത്തുമ്പോഴേക്കും അതിന്റെ പ്രവേഗംതന്നെ തുച്ഛമാകുമെങ്കിലും അവിടുന്നങ്ങോട്ട് ശുക്രന്റെ ആകൎഷണത്താൽ ക്രമത്തിൽ വേഗത വർദ്ധിച്ചുവന്നു് അവസാനം 23,900 നാഴിക / മണിക്കൂറോളമാകുന്നു. അതിസാന്ദ്രതയുള്ള ഒരു അന്തരീക്ഷത്തിന്റെ ഘൎഷണമുപയോഗിച്ചു് ഈ വേഗത [ 81 ] കുറേ കുറയ്ക്കുകയും അവസാനം ബ്രേക്ക് റോക്കററുകൾകൊണ്ടു് തീരെ ഇല്ലാതാക്കുകയും ചെയ്തിട്ടാണു് ശുക്രനിലിറങ്ങുന്നത്. മാസങ്ങളോളം നീണ്ടുനില്ക്കുന്നതായിരിക്കും അവിടത്തെ താമസം. ഭൂമിയും ശുക്രനും വീണ്ടും സൗകൎയ്യപ്രദങ്ങളായ സ്ഥാനങ്ങളിൽ എത്തിയാൽ മടക്കയാത്ര ആരംഭിക്കാം. ശുക്രന്റെ ഗുരുത്വാകൎഷണത്തിൽനിന്നും വിടുതിനേടുവാൻ ചുരുങ്ങിയതു് 23,900 നാഴിക / മണി വേഗത വേണം. മൊത്തത്തിൽ, ശുക്രനിലേക്കു പോയി വരുവാൻ രണ്ടു കൊല്ലത്തോളം പിടിക്കും.
3. കുജവിജയം
അടുത്ത താവളം കുജൻ (ചൊവ്വ) ആണ്. ശാസ്ത്രലോകത്തിൽ അങ്ങേയറ്റം വിവാദവിഷയമായിത്തീർന്നിട്ടുള്ള ഒരു ഗ്രഹമാണു ചൊവ്വ. അതിന്റെ പരിവൎത്തന പഥം ഭൂമിയുടേതിൽനിന്നും പുറമേയാണു്. സൂൎയ്യനിൽ നിന്നും ശരാശരി 1,41,50,000 നാഴിക ദൂരെയായ അതിലേക്ക് ഏററവും അടുത്തസമയത്തു് ഭൂമിയിൽനിന്നു മൂന്നരക്കോടി നാഴിക ദൂരമുണ്ടു്. ചൊവ്വയുടെ വ്യാസം ഭൂമിയുടെ പകുതിയും ദ്രവ്യരാശി ഏകദേശം പത്തിലൊന്നുമാണു്. 24 മണിക്കൂർ 38 മിനിററിൽ അതു് തന്റെ അച്ചുതണ്ടിന്മേൽ ഒരു പ്രാവശ്യം ചുററുന്നു. വലിയ ദൂരദൎശിനികളിൽക്കൂടെ നോക്കിയാൽ ചൊവ്വയുടെ ഉപരിതലത്തിന്റെ പല സവിശേഷതകളും കാണാം. ചെമ്പിച്ച നിറമുള്ള ചൊവ്വാതലത്തിൽ അങ്ങിങ്ങായി ചില ഇരുണ്ട മേഖലകളും ധ്രുവപ്രദേശങ്ങളിൽ വെളുത്ത മകുടങ്ങളും ഉണ്ടു്. ചെമ്പിച്ച നിറമുള്ള സ്ഥലങ്ങൾ, മരുഭൂമികളും, ഇരുണ്ട പ്രദേശങ്ങൾ സസ്യങ്ങൾ വളരുന്നയിടവും ധ്രുവമകുടങ്ങൾ ഹിമവുമാണെന്നാണ് അനുമാനിക്കപ്പെ [ 82 ] ട്ടിട്ടുള്ളത്. അവിടത്തെ നേൎത്തതായ അന്തരീക്ഷം താഴ്ന്നതരം സസ്യങ്ങൾക്കു മതിയാകുമെന്നും തണുപ്പു് ജീവിതത്തെ അസാദ്ധ്യമാക്കുകയില്ലെന്നും വിചാരിക്കുന്നു. പല പേരുകേട്ട ജ്യോതിശ്ശാസ്ത്രജ്ഞന്മാരും ഈ അടയാളങ്ങൾക്കു പുറമേ, തലങ്ങും വിലങ്ങുമായി നീണ്ടുകിടക്കുന്ന പല ഋജുരേഖകളും ചൊവ്വാബിംബത്തിന്മേൽ കണ്ടിട്ടുണ്ടു്. സുപ്രസിദ്ധ ഇററാലിയൻ ജ്യോതിശ്ശാസ്ത്രജ്ഞനായ 'ഗിയോവാന്നി ഷിയാപരേല്ലി'യാണു് 1877-ൽ ആദ്യമായി ഇവയെ കണ്ടതു്. അദ്ദേഹം അവയെ കനാലുകൾ (Canals) എന്നു വിളിച്ചു. ഏറെത്താമസിയാതെതന്നെ, ചൊവ്വയിൽ നമ്മേപ്പോലെയോ, അതിൽ കൂടുതലോ സംസ്കാരവും ശാസ്ത്രപുരോഗതിയും സിദ്ധിച്ചിട്ടുള്ള ജീവികൾ ഉണ്ടെന്നും, കൃഷിയാവശ്യത്തിനായി അവർ വെട്ടിയ തോടുകൾക്കുചുറ്റും വളരുന്ന വൃക്ഷങ്ങളാണു് ഈ രേഖകൾ എന്നും പല പ്രമുഖ ജ്യോതിശ്ശാസ്ത്രജ്ഞന്മാരും അഭിപ്രായപ്പെടുവാൻ തുടങ്ങി. പറക്കുംതളികകളും ചൊവ്വാമനുഷ്യരും രക്തരാക്ഷസരുമെല്ലാം ശാസ്ത്രകഥകളിൽ പ്രസിദ്ധമായിത്തീൎന്നതു് ഇതിനെ അടിസ്ഥാനമാക്കിയാണ്. ചൊവ്വയിലെ അന്തരീക്ഷത്തിലെ ഘടകങ്ങൾ എന്തെല്ലാമാണ്, അവിടത്തെ താപനിലയെന്താണ്, വല്ലതരത്തിലുള്ള ജീവിതവും അവിടെയുണ്ടോ? മുതലായ രസാവഹവും ഗൗരവമേറിയതുമായ പ്രശ്നങ്ങൾക്ക് ഈ നൂറ്റാണ്ടിൽത്തന്നെ ദൃൿസാക്ഷികൾ ഉത്തരം നല്കുമെന്നു പ്രതീക്ഷിക്കാം. ചൊവ്വയിലേക്കുള്ള യാത്രയും ദുർഘടം പിടിച്ചതാണു്. ഭൂമിയുടെയും ചൊവ്വയുടെയും സ്ഥാനങ്ങളും അവയുടെ ചലനങ്ങളും എല്ലാം ആസ്പദമാക്കി തക്കതായ ഒരു പന്ഥാവിൽക്കൂടെ വേണം യാത്രചെയ്യുവാൻ. 250-ൽപരം ദിവസങ്ങൾ നീണ്ടുനില്ക്കുന്ന ഒരു യാത്രയായിരിക്കും ഇത്. [ 83 ] രണ്ടുകൊല്ലത്തിനുശേഷമേ തിരിച്ചുവരുവാൻ സാധിക്കുകയുള്ളു. 9-ാം ചിത്രത്തിൽ ചൊവ്വയിലേക്കുള്ള യാത്രയുടെ ഒരു പഥം കാണിച്ചിരിക്കുന്നു.
ചിത്രം 9
ബുധൻ, ശനി, വ്യാഴം മുതലായ മററുലോകങ്ങളി ലേക്കുള്ള യാത്രകൾ ഇത്രയും സുകരമല്ല. ഏററവും ചുരുങ്ങി
യ ഇന്ധനമേ ഉപയോഗിക്കുന്നുള്ളുവെങ്കിൽ യാത്ര വളരെയധികം ദീർഘിച്ചതായിരിക്കും.പ്രാരംഭപ്രവേഗം ഏ
താനും ശതമാനം വൎദ്ധിപ്പിക്കുകയാണെങ്കിൽക്കൂടി യാത്രാ
സമയം വളരെയധികം കുറയ്ക്കുവാൻ സാധിക്കുന്നതാണ്.
3-ാം പട്ടിക നോക്കുക. ഈ സൌരമണ്ഡലത്തിൽപ്പെട്ട
ലോകങ്ങൾ തന്നെ എത്ര ദൂരെയാണ്. പക്ഷേ, ഇപ്പോഴ
ത്തെ നമ്മുടെ അറിവുവെച്ചു നോക്കുമ്പോൾ ഇവയിലൊ
ന്നുംതന്നെ മനുഷ്യരേയോ അതുപോലെയുള്ള ജീവികളേ [ 84 ] യോ കാണുവാൻ തരമില്ല. എന്നാൽ കോടാനുകോടി നക്ഷത്രങ്ങളിൽ ചിലവയ്ക്കെങ്കിലും ജീവികളുള്ള ഗ്രഹങ്ങൾ ഉണ്ടായേക്കാം. നമുക്ക് അവിടങ്ങളിൽ എന്നെങ്കിലും എത്തുവാൻ സാധിക്കുമോ? ഇന്നത്തെ ശാസ്ത്രപരിജ്ഞാനം
വെച്ചുനോക്കുകയാണെങ്കിൽ അസാദ്ധ്യമായ ഒന്നാണിതു്. നമുക്കേറ്റവും അടുത്ത നക്ഷത്രമായ L-സെന്റാരി കൂടി 4 ദീപ്തിവൎഷം 24,00,000,00,00,000 (24 ലക്ഷം കോടി) നാഴിക ദൂരെയാണ്. മണിക്കൂറിൽ 10 ലക്ഷം നാഴിക വേഗത്തിൽ പോകുന്ന ഒരു വാഹനത്തിന്നു കൂടി അവിടെയെത്തുവാൻ 3000 കൊല്ലം വേണം. വെളിച്ചത്തിന്റെ വേഗതയുള്ള വാഹനങ്ങൾ ഉണ്ടാകുവാൻ സാധിക്കുന്നതുവരെയോ, മനുഷ്യന്റെ ആയുസ്സ് ഗണ്യമായി വൎദ്ധിപ്പിക്കുവാൻ വല്ല ഉപായവും കണ്ടുപിടിക്കുന്നതുവരെയോ മറ്റു സൗരയൂഥങ്ങളിലേക്കുള്ള യാത്ര നീട്ടിവയ്ക്കേണ്ടിവരും.
പട്ടിക 3
എന്തിനുവേണ്ടി?
കഴിഞ്ഞ ഏതാനും ഖണ്ഡങ്ങളിലായി അന്യലോകങ്ങളിലേക്കുള്ള യാത്രകൾക്കു് എന്തെല്ലാം വിഷമതകൾ ഉണ്ടെന്നും അവയെ തരണം ചെയ്യുവാൻ മനുഷ്യൻ എന്തെല്ലാം പരിപാടികൾ ആസൂത്രണം ചെയ്യുന്നുണ്ടെന്നും കാണുകയുണ്ടായി. പലരും ആവൎത്തിക്കുന്ന ഒരു ചോദ്യമാണ്: 'ഇത്രയും ബുദ്ധിമുട്ടി മറ്റു ലോകങ്ങളിലേക്കു പോകുന്നതെന്തിനാണ്. ഭൂമിയിലെ ജീവിതം തന്നെ ഒരുവിധം സുഖകരമായി വരുന്നതേയുള്ളു. ഇവിടെത്തന്നെ അനേകായിരം കാൎയ്യങ്ങൾ ചെയ്തുതീൎക്കുവാനില്ലേ?' 'താന്താങ്ങളുടെ രാജ്യരക്ഷയ്ക്കു ബഹിരാകാശ സഞ്ചാരത്തിൽ പ്രാവീണ്യമുണ്ടായേ തീരൂ' 'ഭൂമിയിലെ ധാതുദ്രവ്യങ്ങൾ വേഗത്തിൽ തീൎന്നുപോകും. പുതിയ ഖനികൾ അന്വേഷിക്കേണ്ടിയിരിക്കുന്നു;' 'മനുഷ്യന്റെ സ്വാഭാവികമായ ജിജ്ഞാസ!' ഏവംവിധങ്ങളായ പല കാരണങ്ങളും ബഹിരാകാശ സഞ്ചാരത്തെ ന്യായീകരിക്കുവാൻ ഉന്നയിക്കപ്പെട്ടിട്ടുണ്ടു്. പക്ഷേ, തികച്ചും ശരിയായ കാരണമറിയണമെങ്കിൽ കുറേക്കൂടി ചുഴിഞ്ഞു ആലോചിക്കേണ്ടിയിരിക്കുന്നു, ജീവിതത്തിന്റെ അടിസ്ഥാനങ്ങളെപ്പറ്റിത്തന്നെ.
ഭൂമിയിൽ വെള്ളത്തിലാണ് ആദ്യമായി ജീവൻ കൂമ്പെടുത്തത്. വൻകരകളും മഹാസമുദ്രങ്ങളും ഉണ്ടായതിന്നും എത്രയോ ശേഷമാണ് ഏകകോശങ്ങളായ പ്രോട്ടോസോവകളിൽ (Protozoa) ജീവൻ രൂപമെടുത്തത്. [ 86 ] പിന്നീടു സമുദ്രത്തിലെ ജീവിതരൂപങ്ങൾക്ക് പലതരത്തിലുള്ള വിപരിണാമങ്ങൾ (Evolutions) ഉണ്ടായി. പഴയതും ലളിതവുമായ ജീവിതരൂപങ്ങൾ പരീക്ഷണോന്മുഖങ്ങളും സങ്കീൎണ്ണങ്ങളുമായ രൂപങ്ങളായി മാറി. പക്ഷേ, എല്ലാം തന്നെ വെള്ളത്താൽ ചുറ്റപ്പെട്ടവയായിരുന്നു. ഭക്ഷണത്തിനും ചലനത്തിനും അവയ്ക്കു വെള്ളം അത്യാവശ്യമായിരുന്നു.
അപ്പോഴാണു മഹത്തായ ഒരു ജീവിതവിപ്ലവമുണ്ടായതു്. ഇന്നു ശാസ്ത്രങ്ങളാൽ സാദ്ധ്യമാക്കപ്പെട്ട വിപ്ലവങ്ങളേക്കാൾ എത്രയോ മഹത്തും അപകട ജടിലവുമായത്. ചില ജീവിതരൂപങ്ങൾ ജലത്തിലുള്ള വാസസ്ഥാനമുപേക്ഷിച്ചു കരയിലേക്കു കയറി; തികച്ചും അപരിചിതമായ ചുറ്റുപാടു് ! തങ്ങളുടെ കൈയിലുള്ള ഉപകരണങ്ങളോ, തികച്ചും അപൎയ്യാപ്തം. സമുദ്രത്തിൽ ഭക്ഷണത്തിന്നുള്ള മത്സരം കഠിനമായി വർദ്ധിച്ചതിനാലും, സമുദ്രം പലയിടങ്ങളിലും ജീവികളെ പിന്നിട്ടുകൊണ്ടു താഴത്തേക്കു് ഇറങ്ങിയതിനാലുമാണ് ഇതു സംഭവിച്ചത്. വെള്ളത്തിൽ ജീവിക്കുവാനുപയുക്തങ്ങളായ ജീവിതോപകരണങ്ങൾ ഈ വായുവിന്റെ ചുററുപാടിൽ ഉപയോഗശൂന്യങ്ങളായിരുന്നു. എന്നിട്ടും അവ എന്തുകൊണ്ട് മരിച്ചില്ല? മരിച്ചത് ലക്ഷോപലക്ഷം സംവത്സരങ്ങളിലൂടെയുള്ള പരിണാമഫലമായി പുതിയ ചുററുപാടുകൾക്കു പററിയ ജീവിതരൂപങ്ങളായി, അവ മാറി. ജീവന്റെ സത്തയായ സ്വഭാവമാണിത്. അതു മരിക്കുകയില്ല. എന്തു വിഷമങ്ങളും സഹിച്ചും എന്തു മാറ്റങ്ങൾ വരുത്തിയും അത് വികസിച്ചുകൊണ്ടേയിരിക്കും. ജീവിതത്തിന്റെ ഈ മഹത്തായ വികസനത്തെ ചെറുത്തു നില്ക്കുവാൻ യാതൊന്നും ശക്തമല്ല. മനുഷ്യന്റെയും ശാസ്ത്രത്തിന്റെയും പുരോ [ 87 ] ഗതി ഈ വികസനത്തിന്റെ രൂപങ്ങളാണ്. ഇതുതന്നെയാണ് മനുഷ്യനെ മറ്റു ലോകങ്ങളിലേക്കു തള്ളി അയയ്ക്കുന്നതും. പ്രത്യക്ഷമായ യാതൊരു സമ്പാദ്യവുമില്ലെങ്കിൽക്കൂടിയും മനുഷ്യൻ അന്യഗ്രഹങ്ങളിലേക്കു പോകും. പോകാതിരിക്കുവാൻ അവൻ അശക്തനാണ്.
▪
| ലക്ഷ്യം | ചുരുങ്ങിയ പ്രാരംഭ പ്രവേഗം (നാഴിക / മണി) | യാത്രാസമയം (കൊ./ദി) | പ്രവേഗം (നാ/മ) | യാത്രാ സമയം (കൊ./ദി) |
|---|---|---|---|---|
| ബുധൻ | 8.43 | 0 - 105 | - | |
| ശുക്രൻ | 7.19 | 0 - 146 | - | |
| ചൊവ്വ | 7.25 | 0 - 259 | 10.5 | 0 - 70 |
| വ്യാഴം | 8.87 | 2 - 267 | ,, | 1 - 39 |
| ശനി | 9.49 | 6 - 18 | ,, | 2 - 194 |
| യുറാനസ് | 9.93 | 16 - 14 | ,, | 6 - 282 |
| നെപ്ട്യൂൺ | 10.12 | 30 - 225 | ,, | 12 - 343 |
| പ്ലൂട്ടോ | 9.56 | 45 - 149 | ,, | 19 - 91 |
| അവലംബമായിട്ടുള്ള ഗ്രന്ഥങ്ങൾ | ||||
| Space Flight | Carsbie C. Adams | |||
| Exploration of Space | Arthur C. Clarke | |||
| Exploration of Solar System | Felix Godwin | |||
| Interplanetary Travel | Sternfeld | |||
| Rocket Propulsion | Eric Burgess | |||
| Rocketry and Space Exploration | Andrew H. Hailey | |||
| Guide to Planets | Sir Patric Moore | |||
| Frontiers of Astronomy | Fred Hogle |
|- ! ഈ വിഷയത്തോടനുബന്ധിച്ച മലയാളത്തിലുള്ള പുസ്തകങ്ങൾ |- | ജ്യോതിഷബാലബോധിനി || പി കെ കോരു |- | അത്ഭുതകരമായ ആകാശം || സി ആർ നാരായണൻ |- | ആകാശസഞ്ചാരം || മാത്യു എം കുഴിവേലി |- | ആകാശസഞ്ചാരം || പി. എം. കുമാരൻ നായർ |- | മനുഷ്യൻ ചന്ദ്രനിലേക്ക് || പി സി കോരുത് |- | ശൂന്യപ്രപഞ്ചസഞ്ചാരികൾ || പി സി കോരുത് |- | ഗ്രഹാന്തരയാത്ര || പി. ടി. ഭാസ്കരപ്പണിക്കർ |- | മനുഷ്യനിൎമ്മിതമായ ഗ്രഹം || പി. ടി. ഭാസ്കരപ്പണിക്കർ |- | മനുഷ്യനിൎമ്മിതമായ ചന്ദ്രൻ || മധു |- | ചന്ദ്രനിലെത്തൽ || വോൺ ബ്രൗൺ |- | സ്പേസിലേക്കുള്ള യാത്ര || പി. ടി. ഭാസ്കരപ്പണിക്കർ |- | പ്രപഞ്ചവും ഡോക്ടർ ഐൻസ്റ്റൈനും || ലിങ്കൺ ബാർണറ്റ് |- | ജ്യോതിശ്ശാസ്ത്രം || കെ. സുകുമാരൻ |- | നമ്മുടെ ചന്ദ്രൻ || സി. എച്ച്. രാമചന്ദ്രൻ |- | വാനവിലാസം || ടി കെ ജോസഫ് |- | സൂൎയ്യൻ കഥ പറയുന്നു || സി. എച്ച്. രാമചന്ദ്രൻ |- | സൂൎയ്യസാമ്രാജ്യം || ടി കെ ജോസഫ് |- |}
[ 89 ]
| അൻഡ്രോമീഡ | Andromeda |
| അന്തിമപ്രവേഗം | Final velocity |
| അപകേന്ദ്രബലം | Centrifugal force |
| ആകാശക്കുപ്പായം | Space suit |
| ആകാശഗംഗ | Milky way |
| ആകാശനൗക | Space ship |
| ആകാശയാത്രാശാസ്ത്രം | Cosmonautics |
| ആകാശസഞ്ചാരം | Space travel |
| ആകാശസഞ്ചാരി | Cosmonaut |
| ആധാനീകൃതകണങ്ങൾ | Charged particles |
| ഒന്നാം നക്ഷത്രയാത്രപ്രവേഗം | First Astronautical Velocity |
| ഒഴിഞ്ഞ ഭാരം | Empty Weight |
| ഉൽക്ക | Meteor |
| ഉൽക്കാധൂളികൾ | Micrometiorites |
| കടത്തുറോക്കറ്റുകൾ | Ferry Rockets |
| കുജൻ (ചൊവ്വ) | Mars |
| ക്രേറ്ററുകൾ | Craters |
| ഗതിമാത്ര (സംവേഗം) | Momentum |
| ഗാമാരശ്മികൾ | Gamma Rays |
| ഗാലൿസി | Galaxy |
| ഗുരുത്വാകൎഷണം | Gravitation |
| ഗുരുത്വാകൎഷണബലം | Gravitational force |
| ഗുരുത്വാകൎഷണനിയമം | Law of Gravitation |
| ഗ്ലൈഡർ | Glider |
| ഘൎഷണം | Friction |
| ചന്ദ്രനൗക | Moon ship |
| ചെറുഗ്രഹങ്ങൾ | Asteroids |
| ചൊവ്വ (കുജൻ) | Mars |
| ജാഡ്യം | Inertia |
| ജ്വലനമുറി | Combustion chamber |
| തോജോപ്രസരം | Radiation |
| ത്വരണം | Acceleration |
| ദീപ്തിവൎഷം | Light year |
| ദ്രവ്യം | Matter |
| ദ്രവ്യരാശി | Mass |
| ദ്രവ്യരാശീബന്ധം | Mass Ratio |
| ധാര | Jet |
| ധൂമകേതു | Comet |
| ധ്രുവമകുടങ്ങൾ | Polar caps |
| നക്ഷത്രയാത്രികൻ | Astronaut |
| നക്ഷത്രയാത്രാശാസ്ത്രം | Astronautics |
| നാസാഗ്രം | Nozzle |
| നിരക്ഷതലം | Equatorial Plane |
| നിരക്ഷരേഖ | Equator |
| നിഷ്‌ക്രമണപ്രവേഗം | Escape velocity |
| പരിവൎത്തനതലം | Orbital Plane |
| പരിവൎത്തനപഥം | Orbit |
| പാരനീലലോഹിതം | Ultraviolet |
| പ്രക്ഷേപപഥം | Trajectory |
| പ്രതിബലം | Reaction |
| പ്രതിരോധം | Resistance |
| പ്രതിലോമാനുപാതം | Inversely proportional |
| പ്രപഞ്ചം | Universe |
| പ്രവേഗം | Velocity |
| പ്രഭാതതാരം | Morning star |
| പ്രോട്ടോസോവ | Protozoa |
| ബുധൻ | Mercury |
| ബ്രഹ്മാണ്ഡരശ്മികൾ | Cosmic rays |
| മൂന്നാം നക്ഷത്രയാത്രാപ്രവേഗം | Third astronautical velocity |
| രണ്ടാം നക്ഷത്രയാത്രപ്രവേഗം | Second astronautical velocity |
| റോക്കററ് | Rocket |
| വൎഗ്ഗം | Square |
| വാണം | Rocket |
| വാനനിലയം | Space station |
| വിപരിണാമം | Evolution |
| വ്യാഴം | Jupiter |
| വേഗത | Speed |
| വൈദ്യുതാധാനം | Electric charge |
| ശനി | Saturn |
| ശുക്രൻ | Venus |
| ശ്രേണി | Series |
| സന്ധ്യാതാരം | Evening star |
| സന്തുലിതമേഖല | Equilibrium zone |
| സ്ഥിരീകരണപാളികൾ | Stabilizing fins |
എം. പി. പരമേശ്വരൻ
ആകാശസഞ്ചാരത്തെപ്പറ്റിയുള്ള കഥകൾക്ക് മാനവചരിത്രത്തോളം തന്നെ പഴക്കമുണ്ട്. പറക്കുവാൻ കഴിവില്ലാതിരുന്നതുകൊണ്ട് പണ്ടൊക്കെ മനുഷ്യൻ 'സങ്കല്പവായുവിമാനങ്ങൾ' നിൎമ്മിച്ചു. ഈ സങ്കല്പങ്ങൾ സാക്ഷാത്കരിക്കപ്പെട്ടത് ഇരുപതാം നൂറ്റാണ്ടിൽ മാത്രമാണ്.
മോസ്കോ പവർ ഇൻസ്റ്റിറ്റ്യൂട്ടിൽ പരമാണുവിദ്യുച്ഛക്തിയെ സംബന്ധിച്ചു് ഉപരിഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന ശ്രീ എം. പി. പരമേശ്വരൻ തയ്യാറാക്കിയ ഈ ഗ്രന്ഥത്തിൽ, അന്യലോകങ്ങളിലേക്കുള്ള യാത്രകൾക്കു് എന്തെല്ലാം വിഷമതകൾ ഉണ്ടെന്നും അവയെ തരണം ചെയ്യാൻ മനുഷ്യൻ എന്തെല്ലാം പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളതെന്നും വിശദമായി പ്രതിപാദിക്കുന്നു.
കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തിനുള്ളിൽ ആകാശയാത്രാശാസ്ത്രത്തിനുണ്ടായിട്ടുള്ള അത്ഭുതകരമായ പുരോഗതി, കൂടുതൽ മഹത്തരമായ ഒരു ജീവിത വിപ്ലവത്തിന്റെ നാന്ദിയാണു കുറിക്കുന്നതു്. ഈ പുതുവിപ്ലവത്തിന്റെ പങ്കാളികളാകുവാൻ ആകാശ യാത്രാശാസ്ത്രത്തിന്റെ പ്രാഥമിക തത്വങ്ങളെങ്കിലും എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്.
നാഷനൽ ബുക്ക് സ്റ്റാൾ
കോട്ടയം തിരുവനന്തപുരം എറണാകുളം തൃശൂർ
1000-120965