Jump to content

ദൈവത്തിൻ പുത്രനാം ക്രിസ്തേശുവേ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ദൈവത്തിൻ പുത്രനാം ക്രിസ്തേശുവേ

രചന:വി. നാഗൽ

 
ദൈവത്തിൻ പുത്രനാം ക്രിസ്തേശുവേ
ജീവന്റെ വചനം നൽകേണമേ
ആശ്രിതർ മദ്ധ്യത്തിൽ പാർക്കുന്നോനേ
ദാസരെ സത്യത്തിൽ നടത്തുകേ

പണ്ടോരഞ്ചപ്പവും, മീൻ രണ്ടു മീൻ
കണ്ടപ്പോൾ വാഴ്ത്തി വർദ്ധിപ്പിച്ചോനേ
ഇങ്ങുള്ള പ്രാപ്തിയും അത്യല്പമേ
അങ്ങേ തൃക്കയ്യാൽ എല്ലാം വാഴ്ത്തുകെ

ജീവനില്ലാത്തവർ ജീവിക്കുവാൻ
ദൈവത്തിൻ ഭക്തർ ശക്തർ ആയീടാൻ
ഏകുക യേശുവേ നിൻ വാക്കിനാൽ
ഏകുക കൃപയെ നിൻ ആത്മാവാൽ

ദൈവരഹസ്യങ്ങൾ മിന്നീടുവാൻ
ഏവനും നന്ദിയോടെ വന്ദിപ്പാൻ
മൂടലും മങ്ങലും മാറ്റീടുകെ
ദൂതുകൾ വെളിച്ചമാക്കീടുകേ

സത്യത്തിൻ സ്വാതന്ത്ര്യം വിശുദ്ധിയും
നിത്യമാം ഐശ്വര്യം സുബുദ്ധിയും
സൽഗുണം ഒക്കെയും നല്കീടുകെ
സത്യത്തിൻ പാലകനാം യേശുവേ!

നിൻ സന്നിധാനത്തിൽ ആശ്വാസങ്ങൾ
നിൻ തിരുനാമത്തിൻ സുഗന്ധങ്ങൾ
വ്യാപിച്ചു വീശട്ടെ നിൻ ആലയെ
വാഴുക മഹത്വത്തിൻ രാജാവേ

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

ഈ കീർത്തനം ”Break Thou the bread of life”എന്ന അംഗലേയ കീർത്തനത്തിന്റെ രാഗത്തിൽ ആണു രചിച്ചിട്ടുള്ളതു [[1]]