ദൈവചിന്തനം 2

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ദൈവചിന്തനം

രചന:ശ്രീനാരായണഗുരു
ജീവേശ്വരജഗദ് ഭേദരഹിതാദ്വൈതതേജസേ

സിദ്ധിവിദ്യാധരശിവശ്ചരവേ ഗുരവേ നമഃ
ഓം നമോ നമഃ സമ്പ്രദായപരമഗുരവേ!

ജയ ജയ സ്വാമിൻ, ഹാ! ഇതൊരു മഹാവിചിത്രം തന്നെ! നിരിന്ധനജ്യോതിസ്സായിരിക്കുന്ന നിന്തിരുവടിയിൽ മരുമരീചികാ പ്രവാഹംപോലെ പ്രഥമദൃഷ്ട്യാ ദൃഷ്ടമായിരിക്കുന്ന സകല പ്രപഞ്ചവും ആലോചിക്കുമ്പോൾ ഗഗനാരവിന്ദത്തിന്റെ സ്ഥിതി പോലെ തന്നെ ഇരിക്കുന്നു. അനൃത-ജഡ-ദുഃഖരൂപമായിരിക്കുന്ന ഇത് നിന്തിരുവടിയാൽ സൃഷ്ടിക്കപ്പെട്ടിട്ടുള്ളതുമല്ല, സ്വയമേവ ജാതമായതുമല്ല. നിന്തിരുവടിയാൽ സൃഷ്ടിക്കപ്പെട്ടിട്ടുള്ളവയെങ്കിൽ നിന്തിരുവടിക്ക് കരണകർത്തൃദോഷമുണ്ടെന്നു പറയേണ്ടിവരും. നിന്തിരുവടി കരണകർത്തൃദോഷമില്ലാത്ത നിർവ്യാപാരിയല്ലേ? അതു കൊണ്ട് അതൊരിക്കലും യുക്തമല്ല. ശുദ്ധജഡത്തിന് സ്വയമേവ ജാതമാകുന്നതിന് നിവൃത്തിയില്ല. ഇപ്രകാരം അനിർണ്ണചനീയമായിരിക്കുന്ന ഈ പ്രപഞ്ചവും സച്ചിദാനന്ദഘനമായ നിന്തിരുവടിയും കൂടി തമഃപ്രകാശങ്ങൾപോലെ സഹവാസം ചെയ്തുകൊണ്ടിരിക്കുന്നതു തന്നെ ഒരത്യദ്ഭുതം!

ഞങ്ങളുടെ ത്രികരണങ്ങളും പ്രവൃത്തികളും എല്ലാം തേജോരൂപമായ നിന്തിരുവടിയുടെ നേരേ തമോമയമായ കർപ്പൂരധൂളിയുടെ അവസ്ഥയെ പ്രാപിച്ചിരിക്കുന്നു. അതു കൊണ്ടിപ്പോൾ നിരഹങ്കാരികളായ ഞങ്ങളും നിന്തിരുവടിയും തമ്മിൽ യാതൊരു ഭേദവും ഇല്ല. ഭേദരഹിതന്മാരായ നാം ഇരുവരുടെയും മധ്യവർത്തിയായ ഭേദവ്യവഹാരവും എങ്ങനെയോ ചിരഞ്ജീവിയായുമിരിക്കുന്നു. നിന്തിരുവടിയും ഞങ്ങളും പ്രപഞ്ചവും ഈ ത്രിപദാർത്ഥവും അനാദിനിത്യമായ നിന്തിരുവടി തന്നെ. അപ്പോൾ നിന്തിരുവടിക്ക് അദ്വൈതസിദ്ധിയും ഇല്ല. ഞങ്ങൾക്ക് ബന്ധനിവൃത്തിയുമില്ല. ഇതു കൂടാതെ നിന്തിരുവടിക്കും ഞങ്ങൾക്കും തമ്മിലുള്ള സേവ്യസേവക ഭാവത്തിനും ഹാനി വരുന്നുവെങ്കിലും നിത്യബദ്ധന്മാരായിരിക്കുന്ന ഞങ്ങൾ നിത്യമുക്തനായ നിന്തിരുവടിയെ സേവിക്കുന്നത് യുക്തം തന്നെ. നിത്യബദ്ധരുടെ ബന്ധനത്തിനു നിവൃത്തിയില്ല. അതുകൊണ്ട് അത് നിഷ്പ്രയോജനമായിത്തന്നെ തീരുന്നു. പ്രയോജനമില്ലാത്ത പ്രവൃത്തി ചെയ്യുന്നത് മൗഢ്യമെന്നത്രേ പറവാൻ പാടുള്ളൂ. ഈ അനാദിയായ ഞങ്ങളുടെ മൗഢ്യവും നിന്തിരുവടിയിൽത്തന്നെ അവസാനിക്കുന്നു. ഇങ്ങനെയുള്ള സർവ്വോപകാരിയായ നിന്തിരുവടിക്കായ്ക്കൊണ്ട് ഒരു വിധത്തിലും ഒന്നും ഉപകരിക്കുന്നതിന് ഞങ്ങൾക്ക് ഭാഗ്യമില്ലാതെ ആയല്ലോ! ദൈവമേ, ഈ വ്യസനവും നിന്തിരുവടിയിൽത്തന്നെ നിർധൂളിയായിരിക്കുന്നു!

ഇതെല്ലാം പോകട്ടെ! ഏതു പ്രകാരമെങ്കിലും സ്വപ്നത്തിൽ കണ്ട കഥയെ ജാഗ്രത്തിൽ പ്രസംഗിച്ചു ക്രീഡിക്കു ന്നതുപോലെ, രാജസതാമസവൃത്തികളിൽ സ്ഫുരിച്ച് പടർന്നിരിക്കുന്ന ഈ അനൃതജഡബാധയെ അതിസൂക്ഷ്മമായ ശുദ്ധസാത്ത്വികവ്യാപകവൃത്തി പ്രകാശത്തിൽ ക്രീഡിച്ചൊടുക്കി, ആ നിശ്ചലവൃത്തി മാത്രമായി അനുഭവിച്ച്, ആ അഖണ്ഡാകാരവൃത്തിയുടെ ഗോളസ്ഥാനത്തിൽ നില്ക്കുന്ന ഞങ്ങൾക്കും നിന്തിരുവടിക്കും തമ്മിൽ സൂര്യപ്രകാശഗോളങ്ങൾക്കുള്ളതു പോലെ യാതൊരു വൈലക്ഷണ്യവും ഇല്ലെന്നുള്ള അനുഭൂതിയെ ദൃഢീകരിച്ച്, ഭോഗഭോക്തൃഭോഗ്യാനുഭൂതി വിട്ട്, ശരീരചേഷ്ടാമാത്രപ്രവൃത്തിയോടുകൂടി യഥേഷ്ടം വിഹരിക്കുന്നതിന് നിന്തിരുവടിയുടെ അനുഗ്രഹം ഉണ്ടാകണം. അതിന്നായിക്കൊണ്ടു് നമസ്കാരം! നമസ്കാരം! നമസ്കാരം!

"https://ml.wikisource.org/w/index.php?title=ദൈവചിന്തനം_2&oldid=64096" എന്ന താളിൽനിന്ന് ശേഖരിച്ചത്