ദേവീമാഹാത്മ്യം കിളിപ്പാട്ട്/ഒമ്പതാം അദ്ധ്യായം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ഒമ്പതാം അദ്ധ്യായം

(വ്യാഴാഴ്ച 9,10 എന്നീ അദ്ധ്യായങ്ങൾ പാരായണം ചെയ്യാം)

രക്തബീജാസുരനിഗ്രഹം കേട്ടൊരു ഭക്തനാം ഭൂപതിവീരൻ സുരഥനും

എത്രയും ചിത്രമാഖ്യാനമിദം മമ രക്തബീജൻ തൻ വധമരുൾചെയ്തതും

ദേവീമാഹാത്മ്യചരിതമിന്നും പുന- രാവോളവും കേൾപ്പാനാഗ്രഹമുണ്ടു മേ

രക്തബീജൻ മരിച്ചോരുശേഷം തത്ര ശക്തനാം സുംഭനെന്തൊന്നാശു ചെയ്തതും?

ഇത്ഥം നരപതി ചോദിച്ചിതു നേര- മുത്തരമായരുൾ ചെയ്തു മുനീന്ദ്രനും

രക്തബീജൻ മരിച്ചാനെന്നു കേട്ടതി- ക്രുദ്ധരായോരു നിസുംഭനും സുംഭനും

യുദ്ധത്തിനായ് പുറപ്പെട്ടാർ പെരുമ്പട പത്തു ലക്ഷത്തിലുമേറ്റമുണ്ടന്നേരം

ശംഖമൃദംഗപടഹാദി വാദ്യവും സംഖ്യയില്ലാതോളമുള്ള ദൈത്യന്മാരും

സേനാപതിവരന്മാരും ചതുരംഗ സേനയുമായി വന്നു പോർ തുടങ്ങീടിനാർ

സുംഭ നിസുംഭന്മാരംബിക തന്നോടു വൻപോടു നൂറു സംവത്സരം പോർ ചെയ്താർ (10)

സുംഭനിസുംഭന്മാരെയതീടുമമ്പുക- ളമ്പുകളാലെ മുറിച്ചീടുമംബയും

ദുർഗാഭഗവതിയോടു നിസുംഭനും ഖഡ്ഗചർമ്മങ്ങൾ കൈകൊണ്ടടുത്തിടിനാൻ

ദുഷ്ടൻ നിസുംഭൻ മൃഗാധിപമൂർദ്ധനി വെട്ടിനാനപ്പോൾ ക്ഷിപ്രേണദേവിയും

വെട്ടിയ ഖഡ്ഗവും ചർമ്മവും വേഗേന വെട്ടിമുറിക്കാച്ചാനുടനെ നിസുംഭനും

ശക്തിയെടുത്തു ചാടിച്ചാനതിനേയും ചക്രേണ രണ്ടായ് മുറിച്ചു വീഴ്ത്തീടിനാൾ

പെട്ടെന്നു ശൂലവുമായടുത്താനവൻ മുഷ്ടിപാതേന നുറുക്കിനാൾ ശൂലവും

ക്ഷിപ്രം ഗദകൊണ്ടു താഡിച്ചിതംബയും അപ്പോൾ ത്രിശൂലേന ഭസ്മമാക്കീടിനാൾ

കോപാൽപരശുകൈക്കൊണ്ടടുത്താനവൻ ചാപബാണങ്ങളും കൈക്കൊണ്ടു ദേവിയും

ശസ്ത്രജാലം വരിഷിച്ചാളതു കൊണ്ടു സത്വരം ഭൂമിയിൽ വീണു നിസുംഭനും

തമ്പിപതിച്ചതു കണ്ടൊരു സുംഭനും വമ്പോടു തേരതിലേറി വന്നീടിനാൻ (20)

എട്ടുകരങ്ങളിലായുധജാലവും രുഷ്ടനായി കൈക്കൊണ്ടടുക്കുന്നതു നേരം

ശംഖമെടുത്തു വിളിച്ചിതു ദേവിയും ശങ്കാരഹിതം ചെറുഞാണൊലികളും

ഘണ്ടാനിനാദേന സിംഹനാദങ്ങളെ ക്കൊണ്ടു മുഴുങ്ങുന്നു ദിക്കുകളൊക്കവേ

ഭീതിയാം കാളീനിനാദങ്ങളും ശിവ- ദൂതിയുടെ സിംഹനാദങ്ങളെക്കൊണ്ടും

ദാനവസേനയും വീണുമരിക്കുന്നു മാനിയാം സുംഭനും കോപം മുഴുക്കുന്നു

ദുഷ്ടസുംഭാസുരൻ തൽക്ഷണേസന്നിധൗ തിഷ്ഠതിഷ്ഠേതി പറഞ്ഞടുത്തീടുന്നു

ദേവിയോടപ്പോളമരസമൂഹവും ദേവിയെ വാഴ്ത്തി സ്തുതിച്ചു നിന്നീടുന്നു

ശക്തിയെടുത്തു ചാട്ടീടിനാൻ സുംഭനു- മൂക്കോടു ദേവിയതിനെ നുറുക്കിനാൾ

സുംഭനുടെ സിംഹനാദേന ലോകങ്ങൾ കമ്പമായ് വന്നു ഭയപ്പെട്ടിതേവരും

സുംഭൻ പ്രയോഗിച്ച ബാണങ്ങളെ ദേവി- യൻപോടു ഭൂമൗമുറിച്ചു വീഴ്ത്തീടിനാൾ(30)

സുംഭനും ദേവീവിമുക്തശരങ്ങളെ വൻപോടു ഭൂമൗ മുറിച്ചു വീഴ്ത്തീടിനാൻ

ചണ്ഡിക ശൂലം പ്രയോഗിച്ചതേറ്റു ഭൂ- മണ്ഡലേ മോഹിച്ചു വീണിതു സുംഭനും

അപ്പോൾ നിസുംഭനും മോഹമകന്നുട- നുല്പന്നരോഷേണ ചാപബാണങ്ങളും

കൈക്കൊണ്ടടുത്തു ശരങ്ങൾ തൂക്കീടിനാൻ ദിക്കുകളൊക്കെ നിറഞ്ഞു ശരങ്ങളാൽ

ദേവിതന്മേലും തഥാകാളിതന്മേലു- മേവം മൃഗാധിപന്മേലുമൊരുപോലെ

പിന്നെ പതിനായിരം കരം നിർമ്മിച്ചു തൽക്ഷണം മൂടിനാൻ ദേവിയെത്തന്നെയും

ചക്രങ്ങളെദേവി ബാണങ്ങളാലുട- നൊക്കെ നുറുക്കിയിട്ടീടിനാൾ ഭൂതലേ

ഭൂയോ ഗദയുമെടുത്താടുത്താനവൻ മായാഭഗവതിതാനുമതു നേരം

തൻ ഗദതന്നെയും വെട്ടിമുറിച്ചിതു ഖഡ്ഗേന ദേവി നിസുംഭനും തൽക്ഷണ (40)

ശൂലവും കൈക്കൊണ്ടടുത്താനതുകണ്ടു ശൂലേന വക്ഷസി കുത്തിനാളംബയും

ഭിന്നമായോരു ഹൃദയോദരാന്തരേ നിന്നു ജനിച്ചാനൊരുപുരുഷൻ തദാ

നില്ലുനില്ലെന്നു പറഞ്ഞടുത്താനവൻ കല്ല്യാണശീലയാം ദേവിയുമന്നേരം

ഖഡ്ഗേന വെട്ടിയറുത്താനവൻ തല വിഗ്രഹം തത്ര പതിച്ചിതു ഭൂതലേ

വാഹനമാകിയ സിംഹമതുനേരം വാഹിനിതന്നെയും കൊന്നൊടുക്കീടിനാൻ

വൻ പട കാളിയും തിന്നൊടുക്കീടിനാൾ സമ്പൂർണ്ണശക്ത്യാ ശിവദൂതിയും തദാ

ബ്രഹ്മാണിയും മന്ത്രപൂതജലം കൊണ്ടു ദുർമ്മതിമത്തുകൾ തന്നെയൊടുക്കിനാൾ

കൗമാരിയും നിജ ശക്തിപാതം കൊണ്ടു ഭൂമൗ തെരുതെരെക്കൊന്നു വീഴ്ത്തീടിനാൾ

മാഹേശ്വരിയും ത്രിശൂലേന ദാനവ- വാഹിനീ പാളിയെക്കൊന്നൊടുക്കീടിനാർ

വാരാഹിയും തുണ്ഡഘാതേന ദൈത്യരെ പാരിൽത്തെരുതെരെക്കൊന്നും വീഴ്ത്തീടിനാൾ (50)

തൽക്ഷണേ വൈഷ്ണവീ ദേവിയും ദുഷ്ടരെ ചക്രേണ ഖണ്ഡിച്ചു ഖണ്ഡിച്ചൊടുക്കിനാൾ

ഘോരനരസിംഹിയും നഖരങ്ങളാൽ ഘോരാസുരന്മാരെക്കൊന്നൊടുക്കീടിനാൾ

ഇന്ദ്രാണിയും നിജവജ്റേണ കൊന്നുകൊ ന്നിന്ദ്രാരികളെയൊടുക്കിനാളൊക്കവേ

കാളിയും വാഹന കേസരിവീരനും കേളികലർന്ന ശിവദൂതി താനുമായ്

ദാനവസൈന്യമൊടുക്കിനാൾ മിക്കതു- മാനന്ദമോടു കേട്ടീടുവിനിന്നയും

ഒമ്പതദ്ധ്യായമിവിടെ കഴിഞ്ഞിതു സംപ്രീതിയോടുകേൾപ്പിൻ പറഞ്ഞീടുവൻ (56)