Jump to content

ദേവീമാഹാത്മ്യം കിളിപ്പാട്ട്/എട്ടാം അദ്ധ്യായം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

എട്ടാം അദ്ധ്യായം

ചണ്ഡാസുരന്മാൻ പെരുമ്പടയോടുമാ- ദണ്ഡധരാലയം പുക്കരനന്തരം

സുംഭനും കോപിച്ചു സേനാനികളോടു വൻ പടയൊക്കെ വരുവാൻ നിയോഗിച്ചു

കംബുകളെമ്പത്താറുണ്ടു ദൈതേയന്മാർ കൂട്ടമൊരെൺപത്തുനാലു കംബുക്കളും

കോട്ട വീരന്മാരൊരുനൂറും ധൂമ്രന്മാർ ശൗര്യമേറിടുന്ന കാലകന്മാരോടും മൗര്യന്മാർ ദൗഹൃദയന്മാർ കാലകേയന്മാർ

സംഖ്യയല്ലാതെ പെരുമ്പടകണ്ടപ്പോൾ ശങ്കര ! ദിക്കുകളൊക്കെ മറയുന്നു

കൽപ്പാന്തമേഘങ്ങൾ ശോണിത കർദ്ദമ- മപ്പോൾ വരിഷിച്ചിതസ്ഥി ഗണത്തോടും

ക്രവ്യാദജാതികളോടും ശിവകളുമ- വ്യാജതുഷ്ട്ര്യാ കരഞ്ഞു തുടങ്ങിനാർ

ദുർനിമിത്തങ്ങളുമാദരിച്ചീടാതെ ചെന്നു ഹിമാലയോപാന്തേ നിറഞ്ഞിതു

ഭീഷണമായൊരസുരപ്പടയെല്ലാം രോഷേണ വന്നു നിറഞ്ഞതു കണ്ടപ്പോൾ

ഒന്നു ചെറുഞാണൊലി ചെയ്തതുനേരം നന്നായ് വിറച്ചിതു ലോകത്രയാന്തരം (10)

കാളിനിനാദവും ഘണ്ടാനിനാദവും വ്യാളിനിനാദവും ശംഖനിനാദവും

കേട്ടുലോകങ്ങളുമൊക്കെ വിറക്കുന്നു പാട്ടും തുടങ്ങിനാൻ നാരദൻ വീണയിൽ

യുദ്ധകോലാഹലമിങ്ങനെ കണ്ടതി ചിത്രം വിചിത്രമെന്നൊക്കെ വാഴ്ത്തും വിധൗ

ദേവകൾക്കഭ്യുദയത്തിനായിക്കൊണ്ടും ദേവാരികൾക്കു വിനാശത്തിന്നായിക്കൊണ്ടും

ബ്രഹ്മനും വിഷ്ണുവുമീശനും ശക്രനും നിർമ്മിച്ചിതു നരസിംഹവരാഹവും

താരകാരാതിയുമേഴു മാതൃക്കളെ പോരിലസുരകുലത്തെയൊടുക്കുവാൻ

ആയുധവാഹനഭൂഷണാദ്യങ്ങളു- മായോധനത്തിനു നൽകിനാനേവരും

അക്ഷസൂത്രേണകമണ്ഡലുസ്ഥം ജലം കൈക്കൊണ്ടു ഹംസസംയുക്തമായിപ്പരം

ബ്രഹ്മാവുതന്നുടെ ശക്തിയായ് വാഴുമ ബ്രഹ്മാണി വന്നെതിരിട്ടിതു പോരിനായ്

മഹേശ്വരിയും വൃഷഭമേറിക്കൊണ്ടു ബാഹുക്കളിൽ ശൂലപാശാദികൈക്കൊണ്ടു (20)

ചന്ദ്രക്കലയുമണിഞ്ഞു യുദ്ധത്തിനു മന്ദേതരം വന്നെതിരിട്ടതുനേരം

കൗമാരിയും മയിലേറി വേലും ധരി- ച്ചാമോദമോടെതിരിട്ടിതു പോരിനായ്

ചക്രശംഖഗദാശാർങ്ഗപത്മങ്ങളും കൈക്കൊണ്ടു വൈഷ്ണവിയും വന്നെതിരിട്ടാൾ

വാരാഹിയും നാരസിംഹിയും വേഗേന ഘോരനാദത്തോടും വന്നേതിരിട്ടിതു

ഇന്ദ്രാണിയും വജ്രമോങ്ങിഗ്ഗജോപരി വന്നെതിരിട്ടിതു യുദ്ധരംഗാങ്കണേ

ഈശാനനും ദേവിശക്തികൾ തമ്മൊടു- മാശു ദൈത്യന്മാരെക്കൊന്നൊടുക്കീടിനാർ

ചണ്ഡികാദേവി ദേഹത്തിങ്കൽ നിന്നുട- നുണ്ടായിതു ശിശുവാകിയ ശക്തിയും

ചൊല്ലിനാളീശ്വരനോടവൾ വൈകാതേ ചൊല്ലുക സുംഭനിസുംഭപാർശ്വേഭവാൻ

ചൊല്ലുക സുംഭനിസുംഭന്മാരോടിനി സ്വർലോകമിന്ദ്രനൊഴിച്ചു കൊടുക്കണം

യജ്ഞ ഹവിർ ഭാഗവുമവർക്കാകണം നിങ്ങൾ പാതാളലോകത്തിനു പോകണം (30)

ഇങ്ങിതു കൂടാതെ വന്നെതിർത്തീടുകിൽ നിങ്ങളുടെ പീശീതം കൊണ്ടു തൃപ്തിയും

വന്നുകൂടും മദ്ഗണങ്ങൾക്കു നിർണ്ണയം എന്നിവ ചെന്നറിയിക്ക ലഖുതരം

ദൂതനായ് ദേവി ശിവനെ നിയോഗിച്ച ഹേതുനാ ദേവി ശിവദൂതിയായിതു

ദേവീനിയോഗങ്ങൾ ചെന്നു ശിവൻ തദാ ദേവാരികളോടറിയിച്ചനേരത്തു

കോപം മുഴുത്തസുരന്മാരുമാർത്തടു- ത്തേയും കുറയാതെ പോർ തുടങ്ങീടിനാർ

ശക്തി പരശുശസ്ത്രാസ്ത്രശൂലാദികൾ ശക്തിയോടെ വരിഷിച്ചാരസുരരും

ദേവിയും ശസ്ത്രേണ ഛേദിച്ചവരെയും ദേവാരികളെയൊടുക്കിത്തുടങ്ങിനാൾ

സുംഭാസുരേന്ദ്ര സേനാപതി വീരൻമാർ മുമ്പിൽ ഞാൻ മുമ്പിൽ ഞാനെന്നു ചൊല്ലിത്തദാ

വമ്പോടടുത്തു പൊരുതു തുടങ്ങിനാർ വൻ പടയോടുമതുകണ്ടു കാളിയും

കുംഭികുലത്തെയുമശ്വഗണത്തെയും തേരാളികളെയുമൊക്കെപ്പിടിച്ചുടൻ (40)

ഘോരനാദത്തോടു വായിലടക്കിനാൾ ചോരകുടിച്ചു കുടിച്ചു മദിച്ചുടൻ

പോരിലരികളുടെ പിശിതങ്ങളാൽ പാരിടമെല്ലാം മറഞ്ഞു ചമഞ്ഞിതു ചോരപ്പുഴകളൊലിക്കുന്നു പിന്നെയും

ഖഡ്ഗഖട്വാഗശൂലേഷുപാദങ്ങളാൽ കാളിയും ദാനവന്മാരെയൊടുക്കിനാൾ

ബ്രഹ്മാണിയും മന്ത്രപൂതജലം കൊണ്ടു നിർമ്മഥനഞ്ചെയ്തൊടുക്കിത്തുടങ്ങിനാൾ

മാഹേശ്വരിയും ത്രിശൂലേന കൊന്നുകോ- ന്നാഹവേ ദാനവന്മാരെയൊടുക്കിനാൾ

ചക്രേണ വൈഷ്ണവിയും ദനുജന്മാരെ വിക്രമത്തോടു കൊന്നൊക്കെയൊടുക്കിനാൾ

കൗമാരിയും നിജ ശക്തിപാതം കൊണ്ടു ഭൂമൗ തെരുതെരെക്കൊന്നുവീഴ്ത്തീടിനാൾ

ഐന്ത്രിയും വജ്രണ കൊന്നാളസുരരെ തുണ്ഡ പ്രഹരേണ വാരാഹിയും തദാ

ക്രൂര നഖരങ്ങളാൽ നരസിംഹിയും പോരിലസുരകുലത്തെയൊടുക്കിനാൾ

ചണ്ഡാട്ടഹാസങ്ങളാൽ ശിവദൂതിയും ചണ്ഡാസുരന്മാരെ നിഗ്രഹിച്ചീടിനാൾ (50)

മാതൃജനങ്ങളെപ്പേടിച്ചുമണ്ടുന്ന ദൈതേയസേനയെക്കണ്ടനേരം തദാ

ക്രോധവിവശനാം രക്തബീജാസുരൻ ക്രോധവതീ സുതൻ ദേവകുലാന്തകൻ

സുംഭനിസുംഭന്മാർ ഭാഗിനേയൻ ദ്രുതം വൻപടയോടുമടുത്താനതുനേരം

രക്തബീജൻ ശരീരത്തിങ്കൽ നിന്നൊരു രക്ത ബിന്ദു ക്ഷിതിയിൽപ്പതിച്ചീടുകിൽ

രക്തബീജന്നുസമാനനായ് തൽക്ഷണേ തത്ര കാണാമൊരസുരപ്രവരനെ

പിന്നെയവങ്കൽനിന്നും പുനരങ്ങനെ പിന്നെയും പിന്നെയുമുണ്ടായ് വരുമല്ലോ

ഇത്ഥം വരബലമുള്ള മഹാസുരൻ രക്തബീജൻ പോരിനായടുത്തീടിനാൻ

ഇന്ദ്രാണി വജ്രം പ്രയോഗിച്ചതേറ്റുട- നിന്ദ്രാരിമേൽ നിന്നുവീണു രുധിരവും

പൃത്ഥിയിലപ്പോളവിടെ നിന്നുണ്ടായി രക്തബീജൻമാരസംഖ്യമൊരുപോലെ

മാതൃഗണമവരോടുപോർ ചെയ്തപ്പോൾ ഭൂതലേ രക്തബീജൻമാർ നിറഞ്ഞുതേ (60)

ദീപ്തികലർന്നൊരു രക്തബീജന്മാരാൽ വ്യാപ്തമായ് വന്നു ജഗത്രയം തൽക്ഷണ

ഭീതികലർന്നൊരു ദേവകളെത്രയു- മാതുരൻമാരായ് പരസ്പരം ചൊല്ലിനാർ

ഇങ്ങനെയുള്ളോരസുരകുലാധിപ- നെങ്ങുമുണ്ടായീല പണ്ടൊരുകാലവും

ഈവണ്ണമുണ്ടായ് വരികയുമില്ലിനി പൂർവ്വദേവന്മാരിതെന്തൊരു വിസ്മയം

ഏതുമുപായവും കണ്ടീല കൊല്ലുവാൻ മാതാവൊരുകഴിവുണ്ടാക്കുമെന്നുമേ

ഏവമോരോന്നു പറഞ്ഞു വിഷണ്ണരായ് ദേവകൾ നില്ക്കുന്നതു കണ്ടു ദേവിയും

വാത്സല്യമുൾക്കൊണ്ടു കാളിയോടന്നേര- മൗൽസുക്യമോടരുളി ചെയ്തിതാദരാൽ

നീയൊന്നു ചെയ്ക ചാമുണ്ഡേ വിരവോടു വായും പിളർന്നു നിന്നീടുക ഭൂതലേ

ഞാൻപ്രയോഗിക്കുന്ന ശസ്ത്രങ്ങളേറ്റുടൻ സാംപ്രതം വീഴുന്ന രക്തബിന്ദുക്കളെ

കൂടെക്കുടിച്ചുകളകനീയപ്പോഴേ കൂടുകയുണ്ടാകയില്ലസുരപ്പട (70)

വീഴുന്ന വീഴുന്ന ശോണിതമൊക്കവേ കാളികുടിച്ചു കുടിച്ചു തുടങ്ങിനാൾ

ചക്രശൂലാംസിബാണാദിശസ്ത്രങ്ങളാൽ വിക്രമത്തോടു പ്രയോഗിച്ചതംബയും

ശക്തനാം രക്തബീജൻ ദേവിതന്നുടെ ശാസ്ത്രങ്ങളേറ്റു മരിച്ചുവീണീടിനാൻ

ദേവകളും പ്രസാദിച്ചു വേദംകൊണ്ടു ദേവിയെ വാഴ്ത്തി സ്തുതിച്ചുതുടങ്ങിനാർ

മാതൃഗണവും പ്രസാദിച്ചു തൽക്ഷണേ മാതാവിനെച്ചെന്നു കൂപ്പിനിന്നീടിനാർ

അദ്ധ്യായമെട്ടു കഴിഞ്ഞു സംക്ഷേപിച്ചു ഭക്തിയോടെ കേട്ടുകൊള്ളുവിനിന്നിയും (76)