തിരഞ്ഞെടുത്ത ഹദീസുകൾ/സ്വപ്നവ്യാഖ്യാനം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

1) അനസ്(റ) നിവേദനം: നബി(സ) അരുളി: സദ് വൃത്തനായ മനുഷ്യൻ കാണുന്ന നല്ല സ്വപ്നങ്ങൾ പ്രവാചകത്വത്തിന്റെ നാൽപ്പത്തിയാറിൽ ഒരംശമാണ്. (ബുഖാരി. 9. 87. 112)

2) അബൂസഈദ്(റ) പറയുന്നു: നബി(സ) അരുളി: നിങ്ങളിൽ വല്ലവനും താനിഷ്ടപ്പെടുന്ന രീതിയിലുള്ള സ്വപ്നം കണ്ടാൽ തീർച്ചയായും അതു അല്ലാഹുവിൽ നിന്നുള്ളതാണ്. അവൻ അല്ലാഹുവിനെ സ്തുതിക്കുകയും അതിനെ സംബന്ധിച്ച് മറ്റുള്ളവരോട് പറയുകയും ചെയ്യട്ടെ. വല്ലവനും താൻ വെറുക്കുന്നതരത്തിലുള്ള സ്വപ്നം കണ്ടാൽ തീർച്ചയായും അതു പിശാചിൽ നിന്നുള്ളതാണ്. അതിന്റെ നാശത്തിൽ നിന്ന് അവൻ അല്ലാഹുവിനോട് അഭയം തേടുകയും അതു പറയാതിരിക്കുകയും ചെയ്യട്ടെ. അത് അവന് യാതൊരു ഉപദ്രവവും ചെയ്യുകയില്ല. (ബുഖാരി. 9. 87. 114)

3) അബൂഹുറൈറ(റ) പറയുന്നു: നബി(സ) അരുളി: പ്രവാചകത്വത്തിന്റെ അംശങ്ങളിൽ സന്തോഷ വാർത്തകളല്ലാതെ ഒന്നും അവശേഷിച്ചിട്ടില്ല. അനുചരന്മാർ ചോദിച്ചു: എന്താണ് സന്തോഷ വാർത്തകൾ. ഉത്തമസ്വപ്നങ്ങൾ തന്നെയെന്ന് നബി(സ) പ്രത്യുത്തരം നൽകി. (ബുഖാരി. 9. 87. 119)

4) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: അന്ത്യദിനം അടുത്തുകഴിഞ്ഞാൽ സത്യവിശ്വാസിയുടെ സ്വപ്നം കള്ളമാവുകയില്ല. സത്യവിശ്വാസിയുടെ സ്വപ്നമാവട്ടെ നുബുവ്വത്തിന്റെ നാൽപത്തിയാറിന്റെ ഒരംശമാണ്. നുബുവ്വത്തിന്റെ അംശമായത് കള്ളമായിരിക്കുകയില്ല. മുഹമ്മദ് ബ്നുസിറീൻ പറയുന്നു: സ്വപ്നം മൂന്ന് തരമാണ്. മനസ്സിന്റെ വർത്തമാനം, പിശാചിന്റെ ഭയപ്പെടുത്തൽ, അല്ലാഹുവിൽ നിന്നുള്ള സന്തോഷവാർത്ത. ഉറക്കത്തിൽ കഴുത്തിൽ ആമം വെച്ചത് കാണുന്നത് അവർ വെറുത്തിരുന്നു. കാൽബന്ധിച്ചത് അവർ ഇഷ്ടപ്പെട്ടിരുന്നു. കാരണം അതിന്റെ അർത്ഥം മതത്തിൽ ഉറച്ച് നിൽക്കലാണ്. (ബുഖാരി. 9. 87. 144)

5) ഇബ്നുഅബ്ബാസ്(റ) നിവേദനം: നബി(സ) അരുളി: വല്ലവനും താൻ കണ്ടിട്ടില്ലാത്ത സ്വപ്നം കണ്ടുവെന്ന് വാദിക്കുന്നപക്ഷം (പരലോക ദിവസം) രണ്ട് ബാർലിമണികളെ തമ്മിൽ പിടിച്ച് കെട്ടി ബന്ധിപ്പിക്കാൻ അവനെ നിർബന്ധിക്കും. വാസ്തവത്തിലോ അവനത് ചെയ്യുവാൻ സാധിക്കുകയില്ല. വല്ലവനും ഒരു കൂട്ടരുടെ സംസാരം ശ്രദ്ധിച്ചുകേട്ടു. അവനത് കേൾക്കുന്നത് അവരിഷ്ടപ്പെടുകയില്ല. എങ്കിൽ പരലോകത്ത് അവന്റെ ചെവിയിൽ ഈയം ഉരുക്കി ഒഴിക്കും. വല്ലവനും ഒരു രൂപമുണ്ടാക്കിയാൽ അതിൽ ജീവനൂതാൻ അവനെ നിർബന്ധിക്കും. എന്നാൽ അവന് അതിൽ ജീവനിടാൻ കഴിയുകയില്ല. (ബുഖാരി. 9. 87. 165)