തിരഞ്ഞെടുത്ത ഹദീസുകൾ/ശിക്ഷാവിധികൾ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

1) അനസ്(റ) നിവേദനം: നബി(സ) കള്ള് കുടിയനെ ചെരിപ്പുകൾ കൊണ്ടും ഈത്തപ്പനയുടെ മടൽകൊണ്ടും അടിക്കുവാൻ കൽപ്പിച്ചു. അബൂബക്കർ(റ) നാൽപതു അടിയാണ് അവന്ന് നൽകിയിരുന്നത്. (ബുഖാരി. 8. 81. 764)

2) അലി(റ) പറയുന്നു: ഞാൻ ഒരാളുടെ മേൽ ശിക്ഷാനടപടികൾ നടപ്പാക്കുമ്പോൾ അവൻ മരിച്ചാൽ ദു: ഖിക്കുകയില്ല. മദ്യപാനി ഒഴികെ കാരണം അവന്റെ മേൽ നിർണ്ണിതമായ ശിക്ഷാനടപടി പ്രവാചകൻ മതപരമാക്കിയിട്ടില്ല. അതിനാൽ അവൻ മരിച്ചാൽ ഞാൻ പ്രായശ്ചിത്തം നൽകുന്നതാണ്. (ബുഖാരി. 8. 81. 769)

3) സാഇബ്(റ) നിവേദനം: നബി(സ)യുടെയും അബൂബക്കർ(റ)ന്റെയും ഉമർ(റ)ന്റെയും ഭരണകാലത്ത് ആരംഭത്തിലും മദ്യപാനികളെ ഞങ്ങൾ കൈകൾ കൊണ്ടും ചെരിപ്പുകൾകൊണ്ടും വസ്ത്രംകൊണ്ടും അടിക്കുകയാണ് ചെയ്തിരുന്നത്. ഉമർ(റ) ഭരണത്തിന്റെ അവസാനഘട്ടം നാൽപതു അടി നടപ്പിലാക്കി. പക്ഷെ, മദ്യപാനികൾ വർദ്ധിക്കുകയും അവർ ദുർമാർഗ്ഗം ചെയ്യുവാൻ തുടങ്ങുകയും ചെയ്തപ്പോൾ ഉമർ(റ) ശിക്ഷ 80 അടിയായി വർധിപ്പിച്ചു. (ബുഖാരി. 8. 81. 770)

4) ഉമർ (റ) നിവേദനം: നബി(സ)യുടെ കാലത്ത് അബ്ദുല്ല എന്നു പേരുള്ള ഒരാളുണ്ടായിരുന്നു. ജനങ്ങൾ അയാളെ കഴുത (ഹിമാർ) എന്നാണ് വിളിച്ചിരുന്നത്. അയാൾ നബി(സ)യെ തമാശ പറഞ്ഞ് ചിരിപ്പിക്കാറുണ്ടായിരുന്നു. ഒരിക്കൽ മദ്യപിച്ച കാരണം നബി(സ) അയാളെ അടിച്ചു. വീണ്ടും മദ്യപിച്ചതുമൂലം അയാളെ നബിയുടെ മുന്നിൽ കൊണ്ടു വന്നു. അപ്പോഴും നബിയുടെ കല്പനപ്രകാരം അനുചരന്മാർ അയാളെ അടിച്ചു. കൂട്ടത്തിലൊരാൾ പറഞ്ഞു. അല്ലാഹു നിന്നെ ശപിക്കട്ടെ. എത്ര പ്രാവശ്യമായി അവനെ മദ്യപിച്ച നിലക്ക് പിടിച്ചുകൊണ്ടുവരുന്നു. നബി(സ) അരുളി: നിങ്ങളയാളെ ശപിക്കരുത്. അല്ലാഹു സത്യം! അയാൾ അല്ലാഹുവിനെയും അവന്റെ ദൂതനെയും സ്നേഹിക്കുന്നുവെന്ന് തന്നെയാണ് എന്റെ അറിവ്. (ബുഖാരി. 8. 81. 771)

5) അബൂഹുറൈറ(റ) നിവേദനം: ഒരിക്കൽ കള്ള് കുടിച്ച ഒരാളെ നബി(സ)യുടെ അടുക്കൽ കൊണ്ടു വന്നു. നബി(സ) അരുളി: നിങ്ങൾ അവനെ അടിക്കുവീൻ. ഞങ്ങളിൽ ചിലർ കൈകൊണ്ടും ചിലർ ചെരിപ്പുകൊണ്ടും ചിലർ വസ്ത്രം കൊണ്ടും അവനെ അടിച്ചു. അവൻ വിട്ടുപോയപ്പോൾ ചിലർ പറഞ്ഞു: അല്ലാഹു നിന്നെ അപമാനിക്കട്ടെ. ഉടനെ നബി(സ) അരുളി: അങ്ങിനെ പറയരുത്, അത് അവന്ന് അനുകൂലമായി പിശാചിനെ സഹായിക്കലായിരിക്കും. (ബുഖാരി. 8. 81. 772)

6) ഇബ്നുഅബ്ബാസ്(റ) നിവേദനം: നബി(സ) അരുളി: ശരിയായ വിശ്വാസിയായിക്കൊണ്ട് ഒരാൾ വ്യഭിചരിക്കുകയോ മോഷ്ടിക്കുകയോ ചെയ്യുകയില്ല. (ബുഖാരി. 8. 81. 773)

7) ആയിശ(റ) നിവേദനം: നബി(സ) അരുളി: കാൽ സ്വർണ്ണനാണയമോ അതിലധികമോ മോഷ്ടിക്കുന്നപക്ഷം ശിക്ഷയായി കൈ മുറിക്കേണ്ടതാണ്. (ബുഖാരി. 8. 81. 780)

8) ആയിശ(റ) പറയുന്നു: ഒരു പരിചയുടെ വില വരുന്ന സാധനം മോഷ്ടിച്ചാലല്ലാതെ നബി(സ)യുടെ കാലത്ത് മോഷ്ടാവിന്റെ കൈ മുറിക്കാറുണ്ടായിരുന്നില്ല. (ബുഖാരി. 8. 81. 783)

9) ഇബ്നുഉമർ (റ) നിവേദനം: ഒരിക്കൽ മൂന്ന് ദിർഹം വിലക്കുള്ള ഒരു പരിച മോഷ്ടിക്കുക കാരണം നബി(സ) ഒരാളുടെ കൈ മുറിച്ചു. (ബുഖാരി. 8. 81. 787)

10) സഹ്ല്(റ) പറയുന്നു: നബി(സ) അരുളി: വല്ലവനും രണ്ട് കാലുകൾക്കും താടിയെല്ലുകൾക്കും ഇടയിലുള്ളതിനെ സംരക്ഷിക്കാമെന്ന് എനിക്ക് ജാമ്യം നിൽക്കുന്ന പക്ഷം സ്വർഗ്ഗം അവനുണ്െടന്ന് ഞാനും ജാമ്യം നിൽക്കാം. (ബുഖാരി. 8. 82. 799)

11) അനസ്(റ) പറയുന്നു: ഒരു മനുഷ്യൻ വന്ന് നബി(സ)യോട് പറഞ്ഞു. ഒരു സ്ത്രീയെ ഞാൻ സംയോഗം ചെയ്യുന്നത് ഒഴിച്ച് ബാക്കിയുള്ളതെല്ലാം ചെയ്തു. എന്നെ താങ്കൾ ശിക്ഷിച്ചാലും. നബി(സ) മറുപടിയൊന്നും പറഞ്ഞില്ല. ഉടനെ നമസ്കാരത്തിന്റെ സമയമായി. അയാളും നബി(സ)യുടെ കൂടെ നമസ്കരിച്ചു. നമസ്കാരശേഷം അയാൾ ഈ ആവശ്യം ഉന്നയിച്ചു. നബി(സ) ചോദിച്ചു: നീ എന്റെ കൂടെ നമസ്കരിച്ചുവോ? അതെയെന്ന് അയാൾ പ്രത്യുത്തരം നൽകി. നബി(സ) അരുളി: നിന്റെ പാപം അല്ലാഹു നിനക്ക് മാപ്പ് ചെയ്തു തന്നിരിക്കുന്നു. (ബുഖാരി. 8. 82. 812)

12) അബൂബുർദ(റ) നിവേദനം: നബി(സ) അരുളി: മര്യാദ പഠിപ്പിക്കുവാൻ പത്തിലധികം അടിക്കുവാൻ പാടില്ല. അല്ലാഹുവിന്റെ ശിക്ഷാനടപടികളിൽ അല്ലാതെ. (ബുഖാരി. 8. 82. 831)

13) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: വല്ലവനും നരപരാധിയായ തന്റെ അടിമയെക്കുറിച്ച് കുറ്റാരോപണം നടത്തിയാൽ പരലോകത്ത് അല്ലാഹു അവനെ ശിക്ഷിക്കും. (ബുഖാരി. 8. 82. 841)