തിരഞ്ഞെടുത്ത ഹദീസുകൾ/വിജ്ഞാനം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
 1. അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) ഒരു സദസ്സിൽ ജനങ്ങളുമായി സംസാരിച്ചു കൊണ്ടിരിക്കേ ഒരു ഗ്രാമീണൻ കടന്നു വന്ന് എപ്പോഴാണ് അന്ത്യസമയം എന്ന് ചോദിച്ചു: (ഇതു കേട്ട ഭാവം നടിക്കാതെ) തിരുമേനി(സ) സംസാരം തുടർന്നു. അപ്പോൾ ചിലർ പറഞ്ഞു: അയാൾ ചോദിച്ചത് തിരുമേനി കേട്ടിട്ടുണ്ട്. പക്ഷെ ആ ചോദ്യം തിരുമേനിക്ക് ഇഷ്ടമായിട്ടില്ല. ചിലർ പറഞ്ഞു. തിരുമേനി അതു കേട്ടിട്ടേയില്ല. പിന്നീട് സംസാരത്തിൽ നിന്ന് വിരമിച്ചപ്പോൾ നബി(സ) ചോദിച്ചു: എവിടെ? (നിവേദകൻ പറയുന്നു) നബി അന്വേഷിച്ചത് അന്ത്യദിനത്തെക്കുറിച്ച് ചോദിച്ചയാളെയാണെന്ന് ഞാൻ വിചാരിക്കുന്നു. അല്ലാഹുവിൻറെ ദൂതരെ! ഞാനിതാ ഇവിടെയുണ്ട്. എന്ന് അയാൾ പറഞ്ഞു. അപ്പോൾ തിരുമേനി(സ) അരുളി: അമാനത്തു (വിശ്വസ്തത) ദുരുപയോഗപ്പെടുത്തുന്നത് കണ്ടാൽ നീ അന്ത്യദിനത്തെ പ്രതീക്ഷിച്ചുകൊള്ളുക. അയാൾ ചോദിച്ചു എങ്ങിനെയാണത് ദുരുപയോഗിപ്പെടുത്തുക? തിരുമേനി(സ) അരുളി: അനർഹർക്ക് അധികാരം നൽകുന്പോൾ അന്ത്യദിനം പ്രതീക്ഷിച്ചുകൊള്ളുക. (ബുഖാരി. 1. 3. 56)
 2. അബ്ദുല്ലാഹിബ്നു അംറ്(റ) നിവേദനം: അദ്ദേഹം പറയുന്നു: ഒരു യാത്രയിൽ നബി(സ) ഞങ്ങളുടെ കുറെ പിന്നിലായിപ്പോയി. പിന്നീട് അവിടുന്ന് ഞങ്ങളുടെ അടുക്കലെത്തിയപ്പോൾ നമസ്കാരസമയം അതിക്രമിച്ചിരുന്നു. ഞങ്ങൾ വുളു ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. ഞങ്ങൾ കൈകാലുകൾ തടവാൻ തുടങ്ങി. അന്നേരം അവിടുന്ന് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു: മടന്പുകാലുകൾക്ക് വന്പിച്ച നരകശിക്ഷ. രണേ്ടാ മൂന്നോ പ്രാവശ്യം തിരുമേനി ഇങ്ങനെ വിളിച്ചു പറഞ്ഞു. (ബുഖാരി. 1. 3. 57)
 3. ഇബ്നുഉമർ(റ) നിവേദനം: തിരുമേനി(സ) അരുളി: വൃക്ഷങ്ങളുടെ കൂട്ടത്തിൽ ഇല പൊഴിക്കാത്ത ഒരു വൃക്ഷമുണ്ട്. മുസ്ലിമിനെപ്പോലെയാണ് അത്. ഏതാണ് ആ വൃക്ഷം എന്നു പറയുവിൻ. അപ്പോൾ സദസ്യരുടെ ചിന്ത മലഞ്ചെരുവിലെ വൃക്ഷങ്ങളിലേക്ക് പതിച്ചു. അബ്ദുല്ല(റ) പറയുന്നു. അതു ഈത്തപ്പനയാണെന്ന് എനിക്ക് തോന്നിയെങ്കിലും (പറയാൻ) ലജ്ജതോന്നി. അപ്പോൾ ആളുകൾ ചോദിച്ചു: അല്ലാഹുവിൻറെ ദൂതരെ, അതേതാണെന്ന് അങ്ങ് തന്നെ പറഞ്ഞു തന്നാലും, തിരുമേനി പറഞ്ഞു. ഈത്തപ്പനയാണ്. (ബുഖാരി. 1. 3. 58)
 4. ഇബ്നുഅബ്ബാസ്(റ) നിവേദനം: തിരുമേനി(സ) തൻറെ ഒരെഴുത്ത് ബഹ്റൈനിലെ രാജാവിന് കൊടുക്കാൻ കൽപ്പിച്ചുകൊണ്ട് ഒരാളെ അയച്ചു. ബഹ്റൈനിലെ രാജാവ് അത് കിസ്രാചക്രവർത്തിക്ക് നൽകി. അദ്ദേഹം അത് വായിച്ചപ്പോൾ പിച്ചിച്ചീന്തിക്കളഞ്ഞു. ഇബ്നുഅബ്ബാസ്(റ) പറയുന്നു: അപ്പോൾ കിസ്രാചക്രവർത്തിക്കെതിരായി തിരുമേനി(സ) പ്രാർത്ഥിച്ചു. അവരുടെ സംഘടിതശക്തി തകർന്ന് പോകട്ടെയെന്ന്. (ബുഖാരി. 1. 3. 64)
 5. അബുവാഖിദ്(റ) നിവേദനം: തിരുമേനി(സ) ഒരിക്കൽ പള്ളിയിൽ ഇരിക്കുകയായിരുന്നു. അനുചരന്മാർ അദ്ദേഹത്തിൻറെ കൂടെയുണ്ട്. അപ്പോൾ മൂന്നുപേർ അവിടെ വന്നു. രണ്ടു പേർ നബി(സ)യുടെ അടുക്കലേക്ക് വരികയും ഒരാൾ തിരിഞ്ഞുപോവുകയും ചെയ്തു. നിവേദകൻ പറയുന്നു. അതായത് രണ്ടാളുകൾ നബി(സ)യുടെ അടുക്കൽ വന്നു. ഒരാൾ സദസ്സിൽ ഒരു ഒഴിവ് കണ്ട് അവിടെയിരുന്നു. മറ്റെയാൾ എല്ലാവരുടെയും പിന്നിൽ ഇരുന്നു. മൂന്നാമത്തെയാൾ പിൻതിരിഞ്ഞുപോയി. നബി(സ) സംസാരത്തിൽ നിന്ന് വിരമിച്ചപ്പോൾ ഇപ്രകാരം അരുളി: മൂന്ന് ആളുകളെ സംബന്ധിച്ച് ഞാൻ പറയാം. ഒരാൾ അല്ലാഹുവിലേക്ക് അഭയം തേടി. അപ്പോൾ അല്ലാഹു അയാൾക്ക് അഭയം നല്കി. മറ്റൊരാൾ ലജ്ജിച്ചു. അപ്പോൾ അല്ലാഹു അയാളോടും ലജ്ജ കാണിച്ചു. മൂന്നാമത്തെയാളാകട്ടെ പിന്തിരിഞ്ഞു. അതിനാൽ അവനിൽ നിന്ന് അല്ലാഹുവും പിന്തിരിഞ്ഞു കളഞ്ഞു. (ബുഖാരി. 1. 3. 66)
 6. ഇബ്നുമസ്ഊദ്(റ) നിവേദനം. : ഞങ്ങൾക്ക് മടുപ്പ് വരുന്നത് അനിഷ്ടമായി ക്കരുതിയിരുന്നതുകൊണ്ട് സന്ദർഭം നോക്കി ഇടക്കിടെയായിരുന്നു തിരുമേനി(സ) ഞങ്ങൾക്ക് പൊതു ഉപദേശങ്ങൾ നൽകിയിരുന്നത്. (ബുഖാരി. 1. 3. 68)
 7. അനസ്(റ) നിവേദനം: തിരുമേനി(സ) അരുളി: നിങ്ങൾ (മതനടപടികളിൽ മനുഷ്യർക്ക്) എളുപ്പമാക്കിക്കൊടുക്കുക. അവരെ ഞെരുക്കരുത്. അവരെ സന്തുഷ്ടരാക്കുക, അവരുടെ മനസ്സ് വെറുപ്പിക്കരുത്. (ബുഖാരി. 1. 3. 69)
 8. മുആവിയ(റ)യിൽ നിന്ന് നിവേദനം: തിരുമേനി(സ) അരുളിയതായി ഞാൻ കേട്ടിട്ടുണ്ട്. വല്ലവനും അല്ലാഹു നന്മ ചെയ്യാനുദ്ദേശിച്ചാൽ മതത്തിൽ അവനെ പണ്ഡിതനാക്കും. നിശ്ചയം ഞാൻ പങ്കിട്ടുകൊടുക്കുന്നവൻ മാത്രമാണ്. യഥാർത്ഥ ദാതാവ് അല്ലാഹുവാണ്. ഈ സമുദായം (ഒരു ന്യൂനപക്ഷം) അന്ത്യദിനം വരെ അല്ലാഹുവിൻറെ ആജ്ഞ ശിരസാവഹിച്ചുകൊണ്ട് ഉറച്ചു നിൽക്കും. എതിരാളികൾക്ക് അവരെ ദ്രോഹിക്കാൻ കഴിയുകയില്ല. (ബുഖാരി. 1. 3. 71)
 9. അബ്ദുല്ലാഹുബ്നുമസ് ഊദ്(റ) നിവേദനം: തിരുമേനി(സ) അരുളി: രണ്ട് കാര്യങ്ങളിലേ അസൂയ പാടുള്ളൂ. ഒരാൾക്ക് അല്ലാഹു ധനം നൽകുകയും ആ ധനം സത്യമാർഗ്ഗത്തിൽ ചെലവു ചെയ്യാൻ അയാൾ നീക്കി വെക്കുകയും ചെയ്യുന്നു. (ഇയാളോട് അസൂയയാവാം) മറ്റൊരാൾക്ക് അല്ലാഹു വിദ്യ നൽകുകയും ആ വിദ്യകൊണ്ട് അയാൾ (മനുഷ്യർക്കിടയിൽ) വിധി കൽപ്പിക്കുകയും മനുഷ്യർക്കത് പഠിപ്പിച്ച് കൊടുക്കുകയും ചെയ്യന്നു (ഇയാളിലും അസൂയയാവാം). (ബുഖാരി. 1. 3. 73)
 10. ഇബ്നുഅബ്ബാസ്(റ) നിവേദനം: അദ്ദേഹം പറയുന്നു: നബി(സ) ഒരിക്കൽ എന്നെ ആലിംഗനം ചെയ്തിട്ട് പ്രാർത്ഥിച്ചു. അല്ലാഹുവേ! ഇവന്ന് നീ ഖുർആനിക ജ്ഞാനം നൽകേണമേ. (ബുഖാരി. 1. 3. 75)
 11. ഇബ്നുഅബ്ബാസ്(റ) നിവേദനം: ഒരിക്കൽ ഞാൻ ഒരു പെൺകഴുതപ്പുറത്ത് പുറപ്പെട്ടു. അന്നെനിക്ക് പ്രായപൂർത്തിയാകാനടുത്തിരുന്നു. തിരുമേനി(സ) മിനായിൽ വെച്ച് ഒരു തുറന്ന സ്ഥലത്ത് നമസ്കരിക്കുകയാണ്. മതിലിൻറെ മറയില്ലാതെ. അപ്പോൾ കഴുതയെ മേയാൻ വിട്ടയച്ചിട്ട് ഞാൻ (നമസ്കരിക്കുന്ന) അണികളുടെ മുന്പിലൂടെ നടന്നു ചെന്ന് അവരുടെ അണിയിൽ പ്രവേശിച്ചു. അതിനെ ആരും എതിർത്തില്ല. (ബുഖാരി. 1. 3. 76)
 12. അബൂമൂസാ(റ)യിൽ നിന്ന് നിവേദനം: തിരുമേനി(സ) അരുളി: അല്ലാഹു ഏതൊരു സന്മാർഗ്ഗ ദർശനവും വിജ്ഞാനവുമായിട്ടാണോ എന്നെ നിയോഗിച്ചിട്ടുള്ളത്, അതിൻറെ ഉപമ ഘോരമായ ഒരു മഴപോലെയാണ്. അത് ഭൂമിയിൽ വർഷിച്ചു. അതിൽ (ഭൂമിയിൽ) നല്ല ചില പ്രദേശങ്ങളുണ്ട്. അവ വെള്ളത്തെ തടഞ്ഞു നിർത്തി. എന്നിട്ട് അത് മുഖേന അല്ലാഹു മനുഷ്യർക്ക് പ്രയോജനം നൽകി. അവർ കുടിച്ചു, കുടിക്കാൻ കൊടുത്തു. കൃഷിയും ചെയ്തു. മഴയുടെ ഒരു ഭാഗം പെയ്തത് വരണ്ട ഭൂമിയിലാണ്. അതിന് വെള്ളത്തെ തടഞ്ഞു നിർത്താൻ സാധിക്കുകയില്ല. പുല്ലിനെ അത് മുളപ്പിക്കുകയുമില്ല. അല്ലാഹുവിൻറെ ദീനിനെ ഗ്രഹിക്കുകയും എന്നെ അല്ലാഹു നിയോഗിച്ചു മാർഗ്ഗദർശനം മുഖേന പ്രയോജനം ലഭിക്കുകയും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തവൻറെയും ഞാൻ കൊണ്ട് വന്ന സന്മാർഗ്ഗം സ്വീകരിക്കുകയോ അതിനെക്കുറിച്ച് ശ്രദ്ധിക്കുകയോ ചെയ്യാത്തവൻറെയും ഉദാഹരണം ഇവയാണ്. അബൂഅബ്ദില്ല (ബുഖാരി) പറയുന്നു. ഇസ്ഹാഖ് പറഞ്ഞു : അതിൽ (ഭൂമിയിൽ) ഒരു ഭാഗമുണ്ട്. അത് വെള്ളം വലിച്ചെടുത്തു. ഖാഅ് എന്നു പറഞ്ഞാൽ മുകളിൽ വെള്ളം പരന്നു നിൽക്കുന്ന പ്രദേശം എന്നാണ്. സഫ്സഫ് എന്നാൽ നിരന്നു കിടക്കുന്ന പ്രദേശം എന്നും. (ബുഖാരി. 1. 3. 79)
 13. അനസ്(റ) നിവേദനം: തിരുമേനി(സ) അരുളി: നിശ്ചയം വിജ്ഞാനം നഷ്ടപ്പെടലും അജ്ഞത സ്ഥിരപ്പെടലും മദ്യപാനവും പരസ്യമായ വ്യഭിചാരവും അന്ത്യദിനത്തിൻറെ അടയാളങ്ങളാകുന്നു. (ബുഖാരി. 1. 3. 80)
 14. അനസ്(റ) നിവേദനം: അദ്ദേഹം പറഞ്ഞു. ഞാൻ ഒരു വാർത്ത നിങ്ങളെ കേൾപ്പിക്കും. എനിക്കു പുറമെ മറ്റാരും നിങ്ങളെ ആ വാർത്ത അറിയിക്കുകയില്ല. തിരുമേനി(സ) പറയുന്നതായി ഞാൻ കേട്ടിട്ടു ണ്ട് 50 സ്ത്രീകൾക്ക് ഒരു പുരുഷൻ എന്ന നിലവരും. (ബുഖാരി. 1. 3. 81)
 15. ഇബ്നുഉമർ(റ) നിവേദനം: തിരുമേനി(സ) അരുളിയതായി ഞാൻ കേട്ടിട്ടുണ്ട്. ഞാൻ ഉറങ്ങിക്കിടക്കുന്പോൾ ഒരു കോപ്പ പാൽ എനിക്ക് കൊണ്ടുവരപ്പെടുകയും ഞാനത് കുടിക്കുകയും ചെയ്തു. അപ്പോൾ എൻറെ നഖത്തിൽകൂടി ദാഹം തീർന്ന കുളിർമ്മ പുറത്ത്പോകുന്നത് ഞാൻ കണ്ടു. അവസാനം ഞാൻ എൻറെ ബാക്കി ഉമറ്ബ്നുൽ ഖത്താബിന് കൊടുത്തു. അവർ ചോദിച്ചു. അല്ലാഹുവിൻറെ ദൂതരെ! ഈ സ്വപ്നത്തിന് താങ്കൾ എന്തു വ്യാഖ്യാനമാണ് നൽകുന്നത്. തിരുമേനി(സ) അരുളി: വിജ്ഞാനം. (ബുഖാരി. 1. 3. 82)
 16. ഇബ്നുഅബ്ബാസ്(റ) നിവേദനം: നബി(സ) ഹജ്ജ് ചെയ്യുന്പോൾ ഒരാൾ ഞാൻ എറിയുന്നതിനു മുന്പായി അറുത്തു. (അതിന് കുറ്റമുണ്ടോ) എന്ന് ചോദിച്ചു, തിരുമേനി(സ) കൈകൊണ്ട് ആംഗ്യം മുഖേന കുറ്റമില്ല എന്നു പറഞ്ഞു. മറ്റൊരാൾ അറുക്കുന്നതിനുമുന്പായി മുടി കളഞ്ഞു എന്നു പറഞ്ഞു. അപ്പോഴും നബി(സ) കൈകൊണ്ട് ആംഗ്യം മുഖേന കുറ്റമില്ല എന്നു പറഞ്ഞു. (ബുഖാരി. 1. 3. 84)
 17. സാലിം നിവേദനം: അബൂഹുറൈറ(റ) നബി(സ) യിൽ നിന്ന് ഉദ്ധരിക്കുന്നതായി ഞാൻ കേട്ടിട്ടുണ്ട്. തിരുമേനി(സ) അരുളി: ജ്ഞാനം ജനങ്ങളിൽ നിന്ന് നഷ്ടപ്പെടും. അജ്ഞതയും കുഴപ്പങ്ങളും പ്രത്യക്ഷപ്പെടും. ഹറജ് വർദ്ധിക്കും. അപ്പോൾ ഒരാൾ ചോദിച്ചു. അല്ലാഹുവിൻറെ ദൂതരെ! എന്താണ് ഹറജ്? നബി(സ) കൈ അനക്കിയിട്ട് ഇങ്ങനെ ആംഗ്യം കാണിച്ചു. അത് കണ്ടപ്പോൾ തിരുമേനി കൊലയെയാണ് ഉദ്ദേശിക്കുന്നതെന്ന് തോന്നി. (ബുഖാരി. 1. 3. 85)
 18. ഉഖ്ബത്തുബ്നുൽ ഹാരിസിൽ നിന്ന് നിവേദനം: അദ്ദേഹം അബു ഇഹാബിൻറെ ഒരു മകളെ വിവാഹം കഴിച്ചു. ഉടനെ ഒരു സ്ത്രീ അദ്ദേഹത്തിൻറെ അടുക്കൽ വന്നു പറഞ്ഞു; നിശ്ചയം ഞാൻ ഉബ്ബത്തിനും അദ്ദേഹം വിവാഹം ചെയ്ത സ്ത്രീക്കും മുലകൊടുത്തിട്ടുണ്ട്. അപ്പോൾ ഉബ്ബത്ത് അവളോട് പറഞ്ഞു: നീ എനിക്ക് മുലപ്പാൽ തന്നതായി എനിക്കറിയില്ല. ആ വിവരം നീ എന്നെ അറിയിച്ചിട്ടുമില്ല. ശേഷം അദ്ദേഹം മദീനയിൽ നബി(സ)യുടെ അടുക്കലേക്ക് യാത്രചെയ്യുകയും ഇതിനെക്കുറിച്ച് തിരുമേനിയോട് ചോദിക്കുകയും ചെയ്തു. അപ്പോൾ അവിടുന്ന് അരുളി. അവർ ഇങ്ങനെയെല്ലാം പറയുന്ന സ്ഥിതിക്ക് എങ്ങനെയാണ് നിങ്ങൾ ഭാര്യാഭർത്താക്കളായി ജീവിക്കുക. ഉടനെ ഉബ്ബത്ത് അവളെ പിരിച്ചയച്ചു. അവളെ വേറെ ഒരാൾ വിവാഹം ചെയ്യുകയും ചെയ്തു. (ബുഖാരി. 1. 3. 88)
 19. ഉമർ(റ) നിവേദനം: ഞാനും അൻസാരിയായ എൻറെ ഒരയൽവാസി (ഉത്ത്ബാൻ) യും ബനൂ ഉമയ്യ ഗോത്രത്തിന്നിടയിലാണ് താമസിച്ചിരുന്നത്. അത് മേലെ മദീനാപ്രദേശത്തുളള ഒരു ഗ്രാമമായിരുന്നു. ഞങ്ങൾ ഊഴമിട്ടാണ് തിരുമേനിയുടെ അടുക്കലേക്ക് ഇറങ്ങിച്ചെല്ലുക. ഒരു ദിവസം അദ്ദേഹം ഇറങ്ങിച്ചെല്ലും. മറ്റൊരു ദിവസം ഞാനും. ഞാനാണ് പോകുന്നതെങ്കിൽ അന്നുണ്ടായ ദിവ്യസന്ദേശവും മറ്റുവിവരങ്ങളും ഞാൻ അദ്ദേഹത്തിന് എത്തിച്ചുകൊടുക്കും. അദ്ദേഹം പോകുന്പോഴും ഇതേ പ്രകാരം ചെയ്യും. ഒരു ദിവസം അൻസാരിയായ എൻറെ സ്നേഹിതൻ തൻറെ ഊഴമനുസരിച്ച് തിരുമേനിയുടെ അടുക്കലേക്ക് പോയി തിരിച്ചുവന്ന് എൻറെ വാതിലിന് ശക്തിയായി മുട്ടി. അദ്ദേഹം ഇവിടെയുണേ്ടാ എന്ന് ചോദിച്ചുകൊണ്ടിരുന്നു. ഞാൻ ബേജാറ് പൂണ്ട് പുറത്തേക്ക് വന്നു. ഉടനെ അദ്ദേഹം പറഞ്ഞു; ഗൗരവമേറിയ ഒരു സംഭവം നടന്നിട്ടുണ്ട്. ഉടനെ ഞാൻ പുറപ്പെട്ടു ഹഫ്സയുടെ അടുക്കൽ പ്രവേശിച്ചു അവൾ കരയുകയാണ്. ഞാൻ ചോദിച്ചു. പ്രവാചകൻ നിങ്ങളെയെല്ലാം വിവാഹമോചനം ചെയ്തുവോ? അവർ പറഞ്ഞു. എനിക്കറിയില്ല. അപ്പോൾ ഞാൻ നബിയുടെ അടുക്കൽ ചെന്ന് അല്ലാഹുവിൻറെ ദൂതരെ, അങ്ങ് ഭാര്യമാരെയെല്ലാം വിവാഹമോചനം ചെയ്തുവോ എന്നു ചോദിച്ചു. നബി(സ) പറഞ്ഞു. ഇല്ല. അപ്പോൾ ഞാൻ പറഞ്ഞു: അല്ലാഹു ഏറ്റവും മഹാൻ! (ബുഖാരി. 1. 3. 89)
 20. അബൂമസ്ഊദുൽ അൻസാരി(റ) നിവേദനം: ഒരിക്കൽ ഒരാൾ വന്നു തിരുമേനിയോട് പറഞ്ഞു; അല്ലാഹുവിൻറെ ദൂതരെ! ഇന്ന മനുഷ്യൻ നമസ്കാരം ദീർഘിപ്പിക്കുന്നത് കൊണ്ട് എനിക്ക് നമസ്കരിക്കാൻ സാധിക്കുന്നില്ല. അബൂമസ്ഊദ്(റ) പറയുന്നു. ജനങ്ങളെ ഉപേദശിക്കുന്പോൾ നബി(സ) അന്നത്തെക്കാൾ കഠിനമായി കോപിച്ചത് ഞാൻ കണ്ടിട്ടില്ല. അങ്ങനെ നബി(സ) പറഞ്ഞു. ഹേ മനുഷ്യരേ, നിങ്ങൾ ജനങ്ങളെ വെറുപ്പിക്കുന്നവരാണ്. വല്ലവനും ജനങ്ങൾക്ക് ഇമാമായി നമസ്കരിക്കുകയാണെങ്കിൽ അയാൾ നമസ്കാരം ലഘൂകരിക്കേണ്ടതാണ്. (കാരണം) അവരിൽ രോഗികളും ബലഹീനരും ആവശ്യക്കാരുമെല്ലാം ഉണ്ടായിരിക്കും. (ബുഖാരി. 1. 3. 90)
 21. സെയ്ദ്ബനു ഖാലിദ്(റ) നിവേദനം: ഒരു മനുഷ്യൻ വന്ന് നബി(സ) യോട്, വീണുകിട്ടുന്ന സാധത്തെ കുറിച്ച് ചോദിച്ചു. തിരുമേനി(സ) അരുളി: നീ അതിൻറെ കെട്ട് അല്ലെങ്കിൽ പാത്രവും മൂടിയും (സഞ്ചിയും) സൂക്ഷിച്ചു മനസ്സിലാക്കുക. എന്നിട്ട് ഒരു കൊല്ലം അതു പരസ്യപ്പെടുത്തുക. (എന്നിട്ടും ഉടമസ്ഥൻ വന്നില്ലെങ്കിൽ) നിനക്കത് ഉപയോഗിക്കാം. പിന്നീട് ഉടമസ്ഥൻ വന്നാലോ അപ്പോൾ അതയാൾക്ക് വിട്ടു കൊടുക്കുക. അപ്പോൾ അയാൾ നബിയോട് ചോദിച്ചു: ഒട്ടകമാണ് കളഞ്ഞു കിട്ടിയതെങ്കിലോ? ഇതു കേട്ട് തിരുമേനിക്ക് കോപം വന്നു. അവിടുത്തെ രണ്ടു കവിൾത്തടങ്ങളും അല്ലെങ്കിൽ മുഖം ചുവന്നു തുടുത്തു. തിരുമേനി അരുളി: നിനക്കെന്താണ് (അതിനെ പിടിക്കേണ്ട കാര്യം) അതിൻറെ വെള്ള പാത്രവും അതിൻറെ ചെരിപ്പും അതിനോട് കൂടെത്തന്നെയുണ്ടല്ലോ. അതു ജലാശയത്തിങ്കൽ ചെല്ലുകയും ചെടികൾ മേഞ്ഞു തിന്നുകയും ചെയ്തുകൊള്ളും. അതിനാൽ നീ അതിനെ വിട്ടേക്കുക. അതിനെ ഉടമസ്ഥൻ അന്വേഷിച്ച് പിടിച്ചുകൊള്ളും. ആ മനുഷ്യൻ ചോദിച്ചു. ഒരാടിനെയാണ് കളഞ്ഞുകിട്ടിയതെങ്കിലോ? ആട് നിനക്കോ നിൻറെ സഹോദരനോ അല്ലെങ്കിൽ ചെന്നായ്ക്കോ ഉള്ളതാണ് (അതിനാൽ നീ എടുത്തുകൊള്ളുക) (ബുഖാരി. 1. 3. 91)
 22. അബൂമൂസ(റ) നിവേദനം: അദ്ദേഹം പറയുന്നു: കുറെ കാര്യങ്ങളെക്കുറിച്ച് തിരുമേനിയോടു ചോദിക്കപ്പെട്ടു. തിരുമേനിക്കത് ഇഷ്ടമായില്ല. ചോദ്യം വളരെ അധികമായപ്പോൾ തിരുമേനി(സ)ക്ക് കോപം വന്നു. എന്നിട്ട് ജനങ്ങളോടരുളി; നിങ്ങൾ ഇഷ്ടമുള്ളതെല്ലാം ചോദിച്ചുകൊള്ളുക. അപ്പോൾ ഒരാൾ ചോദിച്ചു. എൻറെ പിതാവാരാണ്? തിരുമേനി അരുളി: നിൻറെ പിതാവ് ഹൂദാഫത്താണ്. അപ്പോൾ വേറൊരാൾ എഴുന്നേറ്റു നിന്ന് ചോദിച്ചു: ദൈവദൂതരേ! എൻറെ പിതാവ് ആരാണ്? തിരുമേനി അരുളി! നിൻറെ പിതാവ് സാലിമാണ്. ശൈബത്തിൻറെ മോചിതനായ അടിമ. ഒടുവിൽ തിരുമേനിയുടെ മുഖത്ത് പ്രത്യക്ഷപ്പെട്ട കോപം കണ്ടിട്ട് ഉമർ(റ) പറഞ്ഞു: ദൈവദൂതരേ! ഞങ്ങൾ അല്ലാഹുവിങ്കലേക്ക് പശ്ചാത്തപിച്ചു മടങ്ങുന്നു. (ബുഖാരി. 1. 3. 92)
 23. അന്സ്ബ്നു മാലിക്(റ) നിവേദനം: ഒരിക്കൽ നബി(സ) പുറത്തുവന്നു. അപ്പോൾ അബ്ദുല്ലാഹിബ്നു ഹൂദാഫ: എഴുന്നേറ്റു നിന്ന് ചോദിച്ചു. എൻറെ പിതാവാരാണ്? നബി(സ) പറഞ്ഞു. നിൻറെ പിതാവ് ഹൂദാഫയാണ്. പിന്നീട് നിങ്ങൾ ചോദിച്ചുകൊള്ളുവീൻ എന്നു പറയത്തക്ക വിധം ചോദ്യങ്ങൾ വർദ്ധിച്ചു. അപ്പോൾ ഉമർ(റ) മുട്ടുകുത്തിക്കൊണ്ട് പറഞ്ഞു: അല്ലാഹുവിനെ റബ്ബായും ഇസ്ലാമിനെ മതമായും മുഹമ്മദിനെ നബിയായും ഞങ്ങളിതാ തൃപ്തിപ്പെട്ടിരിക്കുന്നു. എന്നിട്ടദ്ദേഹം നിശബ്ദനായി. (ബുഖാരി. 1. 3. 93)
 24. അനസ്(റ) നിവേദനം: നബി(സ) സലാം പറയുന്പോൾ മൂന്ന് പ്രാവശ്യം ആവർത്തിക്കും. എന്തെങ്കിലും സംസാരിച്ചാൽ മൂന്ന് പ്രാവശ്യം അതിനെ മടക്കിപ്പറയും. (ബുഖാരി. 1. 3. 94)
 25. അനസ്(റ) നിവേദനം: തിരുമേനി(സ) ഒരു വാക്ക് സംസാരിച്ചാൽ അത് മൂന്ന് പ്രാവശ്യം ആവർത്തിച്ചു പറയും. ജനങ്ങൾ അത് ശരിക്കും ഗ്രഹിക്കുന്നതുവരെ, ഒരു കൂട്ടം ആളുകളുടെ അടുക്കൽ ചെന്നിട്ട് അവർക്ക് സലാം പറയുന്പോൾ മൂന്ന് പ്രാവശ്യം സലാം പറയുകയും ചെയ്തിരുന്നു. (ബുഖാരി. 1. 3. 95)
 26. അബൂമൂസാ(റ) നിവേദനം: തിരുമേനി(സ) അരുളി: മൂന്ന് വിഭാഗം ആളുകൾക്ക് ഇരട്ടി പ്രതിഫലം ലഭിക്കും. പൂർവ്വവേദക്കാരിൽപെട്ട ഒരു മനുഷ്യൻ. അയാൾ തൻറെ നബിയിൽ വിശ്വസിച്ചു. ശേഷം മുഹമ്മദ് നബിയിലും വിശ്വസിച്ചു. അല്ലാഹുവിനോട് കടപ്പാടുകളും യജമാനനോടുള്ള ബാദ്ധ്യതകളും നിർവ്വഹിച്ച അടിമ, തൻറെ അധീനത്തിൽ ഒരു അടിമ സ്ത്രീയുണ്ട്. അവൾക്കവൻ ശരിക്കുള്ള സാംസ്കാരിക പരിശീലനം നൽകി. മാത്രമല്ല, അവൾക്ക് വിദ്യാഭ്യാസം നൽകി. നല്ല നിലക്ക് വിദ്യ അഭ്യസിപ്പിച്ചു. ശേഷം അവളെ അടിമത്വത്തിൽ നിന്ന് മോചിപ്പിക്കുകയും അവളെ അവൻ തന്നെ വിവാഹം ചെയ്യുകയും ചെയ്തു. അവനും ഇരട്ടി പ്രതിഫലമുണ്ട്. അമീർ പറയുന്നു: നിനക്ക് യാതൊരു വിഷമവും ഇല്ലാതെ ഈ ഹദീസ് ഞാൻ അറിയിച്ചു തരുന്നു. ഇതിനേക്കാൾ നിസ്സാരമായ കാര്യങ്ങൾക്ക് വേണ്ടി അദ്ദേഹം മദീനയിലേക്ക് യാത്ര ചെയ്യാറുണ്ടായിരുന്നു. (ബുഖാരി. 1. 3. 97)
 27. ഇബ്നുഅബ്ബാസ്(റ) നിവേദനം: അദ്ദേഹം പറയുന്നു: ഞാൻ തിരുമേനി(സ)യുടെ ഒരു നടപടിക്ക് സാക്ഷ്യം വഹിക്കുന്നു. ഒരിക്കൽ നബി(സ) പെരുന്നാൾ ഖുതുബഃയിൽ നിന്ന് വിരമിച്ച ഉടനെ സ്ത്രീകളുടെ ഭാഗത്തേക്ക് പുറപ്പെട്ടു. കൂടെ ബിലാൽ(റ) യും ഉണ്ടായിരുന്നു. സ്ത്രീകൾ പ്രസംഗം ശരിക്കും കേട്ടിട്ടുണ്ടായിരിക്കുകയില്ലെന്ന് നബി(സ)ക്ക് തോന്നി. തന്നിമിത്തം തിരുമേനി(സ) അവരെ (വീണ്ടും) ഉപദേശിക്കുകയും അവരോടു ധർമ്മം ചെയ്യാൻ കൽപ്പിക്കുകയും ചെയ്തു. അപ്പോൾ സ്ത്രീകൾ കമ്മൽ, മോതിരം എന്നിവ ഊരി എടുത്തു സംഭാവന ചെയ്യാൻതുടങ്ങി. ഹസ്രത്ത് ബിലാൽ തുണിയുടെ തല കാണിച്ച് അതിൽ അതു വാങ്ങിക്കൊണ്ടിരുന്നു. (ബുഖാരി. 1. 3. 97)
 28. അബൂഹുറൈറ(റ) നിവേദനം: അദ്ദേഹം പറയുന്നു. അല്ലാഹുവിൻറെ ദൂതരെ! പുനരുത്ഥാന ദിവസം അങ്ങയുടെ ശുപാർശ മുഖേന വിജയം കരസ്ഥമാക്കാൻ കൂടുതൽ ഭാഗ്യം സിദ്ധിക്കുന്നത് ആർക്കായിരിക്കുമെന്ന് ചോദിക്കപ്പെട്ടു. തിരുമേനി(സ) അരുളി: ഹേ! അബൂഹുറൈറ! ഈ വാർത്തയെക്കുറിച്ച് നിനക്ക് മുന്പ് ആരും എന്നോട് ചോദിക്കുകയില്ലെന്ന് ഞാൻ ഊഹിച്ചിരുന്നു. ഹദീസ് പഠിക്കുവാനുളള നിൻറെ അത്യാഗ്രഹം കണ്ടപ്പോൾ. പുനരുത്ഥാനദിവസം എൻറെ ശുപാർശ മുഖേന ഏറ്റവും സൗഭാഗ്യം സിദ്ധിക്കുന്നവൻ അല്ലാഹു ഒഴികെ യാതൊരു ആരാധ്യനുമില്ലെന്ന് നിഷ്ക്കളങ്കമായി പറഞ്ഞവനാണ്. (ബുഖാരി. 1. 3. 98)
 29. അബ്ദുല്ലാഹിബ്നു അംറ്(റ) നിവേദനം: തിരുമേനി(സ) അരുളുന്നത് ഞാൻ കേട്ടിട്ടുണ്ട്. അല്ലാഹു ജ്ഞാനത്തെ ഒറ്റയടിക്ക് മനുഷ്യരിൽ നിന്ന് ഊരിയെടുക്കുകയില്ല. എന്നാൽ പണ്ഡിതന്മാരുടെ മരണം മുഖേന വിദ്യയെ അല്ലാഹു മനുഷ്യരിൽ നിന്ന് ക്രമേണയായി പിടിച്ചെടുക്കും. അവസാനം ഭൂമുഖത്തു ഒരു പണ്ഡിതനും അവശേഷിക്കാത്ത ഘട്ടം വരുന്പോൾ ചില മൂഢന്മാരെ മനുഷ്യർ നേതാക്കളാക്കി വെക്കും. എന്നിട്ടു അവരോട് മതകാര്യങ്ങൾ ചോദിക്കുകയും അപ്പോൾ അവർ അറിവില്ലാതെ വിധികൊടുക്കുകയും അവസാനം അവർ സ്വയം വഴി തെറ്റുകയും മറ്റുള്ളവരെ തെറ്റിക്കുകയും ചെയ്യും. (ബുഖാരി. 1. 3. 100)
 30. അബൂസഇദുൽഖുദിരി(റ) നിവേദനം: അദ്ദേഹം പറയുന്നു: സ്ത്രീകൾ ഒരിക്കൽ നബി(സ) യോട് പറഞ്ഞു: താങ്കളെ സമീപിക്കുന്നതിൽ പുരുഷന്മാർ ഞങ്ങളെ പരാജയപ്പെടുത്തിയിരിക്കുന്നു. അതുകൊണ്ട് താങ്കൾ ഞങ്ങൾക്ക് (വിജ്ഞാനം നൽകാൻ) പ്രത്യേകമായി ഒരു ദിവസം നിശ്ചയിച്ചുതന്നാലും. അപ്പോൾ നബി(സ) അവർക്ക് ദിവസം നിശ്ചയിച്ചുകൊടുക്കുകയും അന്ന് അവരുടെ അടുക്കൽ ചെല്ലുകയും അവർക്ക് ഉപദേശം കൊടുക്കുകയും അവരോട് കൽപ്പിക്കുകയും ചെയ്തു. അങ്ങനെ തിരുമേനി(സ) അവരെ ഉപദേശിച്ച കൂട്ടത്തിൽ ഇങ്ങനെ അരുളുകയുണ്ടായി. മൂന്ന് സന്താനങ്ങളെ തനിക്ക് മുന്പ് തന്നെ പരലോകത്തേക്കയക്കുന്ന ഏത് സ്ത്രീക്കും, നരകത്തിനും ആ സ്ത്രീകൾക്കും ഇടയിൽ ആ സന്താനങ്ങൾ ഒരു മറയായി നിലകൊളളാതിരിക്കില്ല. അപ്പോൾ ഒരു സ്ത്രീ ചോദിച്ചു : രണ്ടു സന്താനങ്ങളെ നഷ്ടപ്പെടുത്തിയവളോ? തിരുമേനി(സ) അരുളി : രണ്ടു സന്താനങ്ങളെ അയച്ചാലും അങ്ങനെതന്നെ. (ബുഖാരി. 1. 3. 101)
 31. ആയിശ(റ) നിവേദനം: അവർക്ക് മനസ്സിലാകാത്ത എന്തു കേൾക്കുന്പോഴും അത് മനസ്സിലാകുന്നത് വരെ അവർ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. നബി(സ) ഒരിക്കൽ പറഞ്ഞു: വല്ലവനും വിചാരണ ചെയ്യപ്പെട്ടാൽ ശിക്ഷിക്കപ്പെട്ടത് തന്നെ. ആയിശ(റ) പറയുന്നു: അപ്പോൾ ഞാൻ ചോദിച്ചു; ആരുടെ ഏടുകൾ അവൻറെ വലതുകയ്യിൽ നൽകപ്പെടുന്നുണ്ടോ അവന് ലഘുവായ നിലക്കുള്ള കണക്കുനോക്കൽ മാത്രമേ അഭിമുഖീകരിക്കേണ്ടി വരികയുള്ളൂ എന്ന് അല്ലാഹു പറയുന്നില്ലേ? തിരുമേനി(സ) അരുളി: മനുഷ്യരുടെ പ്രവർത്തനങ്ങൾ പരിശോധിക്കാൻ വേണ്ടി അല്ലാഹുവിൻറെ മുന്പിൽ അവതരിപ്പിക്കുന്നതിനെക്കുറിച്ചാണ് അപ്പറഞ്ഞത്. എന്നാൽ വല്ലവൻറെയും വിചാരണ നിഷ്കൃഷ്ടമായി പരിശോധിച്ചുകഴിഞ്ഞാൽ അവൻ നശിച്ചതുതന്നെ. (ബുഖാരി. 1. 3. 103)
 32. അലി(റ) നിവേദനം: തിരുമേനി(സ) അരുളുന്നതായി ഞാൻ കേട്ടു. നിങ്ങൾ എൻറെ പേരിൽ കള്ളം പറയരുത്. വല്ലവനും എൻറെ പേരിൽ കള്ളം പറഞ്ഞാൽ അവൻ നരകത്തിൽ പ്രവേശിച്ചു. (ബുഖാരി. 1. 3. 106)
 33. അബ്ദുല്ലാഹിബ്നു സുബൈർ(റ) നിവേദനം: അദ്ദേഹം പറയുന്നു: ഞാനൊരിക്കൽ സുബൈർ(റ)നോട് ചോദിച്ചു. ഇന്നിന്ന ആളുകൾ നബിയിൽ നിന്ന് ഉദ്ധരിക്കുന്നതുപോലെ നിങ്ങൾ നബിയിൽ നിന്ന് ഉദ്ധരിക്കുന്നത് ഞാൻ കേൾക്കുന്നില്ലല്ലോ? അദ്ദേഹം പറഞ്ഞു. ഞാൻ നബി(സ)യെ പിരിയാറുണ്ടായിരുന്നില്ല. എന്നാൽ നബി(സ) പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്.്. എൻറെ പേരിൽ വല്ലവനും കളവ് പറഞ്ഞാൽ അവൻറെ സീറ്റ് അവൻ നരകത്തിൽ ഒരുക്കിവെച്ചുകൊള്ളട്ടെ. (ബുഖാരി. 1. 3. 107)
 34. അനസ്(റ) നിവേദനം: അദ്ദേഹം പറയുന്നു: നിശ്ചയം നിങ്ങളോട് കൂടുതൽ ഹദീസുകൾ ഉദ്ധരിക്കാൻ എന്നെ തടയുന്നത് എൻറെ പേരിൽ വല്ലവനും മനഃപൂർവ്വം കളവ് പറയുന്നുവെങ്കിൽ അവൻറെ ഇരിപ്പിടം നരകത്തിൽ ഒരുക്കിവെച്ചുകൊള്ളട്ടെ എന്ന നബി(സ)യുടെ പ്രസ്താവനയാണ്. (ബുഖാരി. 1. 3. 108)
 35. അബൂഹുറൈറ(റ)യിൽ നിന്ന് നിവേദനം: അദ്ദേഹം പറയുകയാണ്. നബി(സ) യിൽ നിന്ന് എന്നെക്കാൾ കൂടുതൽ ഹദീസ് നിവേദനം ചെയ്തവരായി സഹാബികളിൽ ആരും തന്നെയില്ല. എന്നാൽ അബ്ദുല്ലാഹിബ്നു അംറ് നിവേദനം ചെയ്ത ഹദീസുകളിൽ ഒഴികെ അദ്ദേഹത്തിന്നെഴുത്തറിയാമായിരുന്നു. എനിക്കെഴുതാൻ അറിയുകയില്ല. (ബുഖാരി. 1. 3. 113)
 36. ഇബ്നുഅബ്ബാസ്(റ) നിവേദനം: തിരുമേനി രോഗശയ്യയിലായിരിക്കുന്പോൾ വേദന കഠിനമായി അപ്പോൾ അവിടുന്നു പറഞ്ഞു. എഴുതാനുള്ള ഉപകരണങ്ങൾ എനിക്ക് നിങ്ങൾ കൊണ്ട്വരിക. ഞാൻ നിങ്ങൾക്ക് ചിലത് എഴുതിത്തരാം. അതിന് ശേഷം നിങ്ങൾ വഴി പിഴച്ചുപോവുകയില്ല. ഹസ്രത്ത് ഉമർ പറഞ്ഞു. തിരുമേനി(സ) വേദനമൂലം അവശനായിരിക്കുകയാണ്. നമ്മുടെ അടുക്കൽ അല്ലാഹുവിൻറെ കിതാബ് ഉണ്ട്. നമുക്കതുമതി. അന്നേരം അനുചരന്മാർക്കിടയിൽ അഭിപ്രായഭിന്നതകൾ ഉൽഭവിച്ചു. ബഹളം അധികമാവുകയും ചെയ്തു. നബി(സ) പറഞ്ഞു: നിങ്ങൾ എൻറെ അടുക്കൽ നിന്ന് എഴുന്നേറ്റ് പോകുവീൻ, എൻറെ അടുക്കൽ വെച്ച് ഇങ്ങനെ ഭിന്നിക്കാൻ പാടില്ല. ഉടനെ ഇബ്നുഅബ്ബാസ് പുറത്തുവന്ന് ഇപ്രകാരം പറഞ്ഞു. നിശ്ചയം നാശം അതെ! സർവ്വവിധ നാശങ്ങളും നബി(സ) എഴുതിത്തരുന്നതിന് പ്രതിബന്ധമുണ്ടാക്കിയതാണ്. (ബുഖാരി. 1. 3. 114)
 37. ഉമ്മുസലമ(റ)യിൽ നിന്ന് നിവേദനം: അവൻ പറയുന്നു; ഒരു രാത്രിയിൽ തിരുമേനി(സ) ഉറക്കിൽ നിന്ന് അവിടുന്ന് അരുളി: അല്ലാഹു പരിശുദ്ധൻ. ഈ രാത്രി എന്തെല്ലാം കുഴപ്പങ്ങളാണ് ഇറക്കപ്പെട്ടിരിക്കുന്നത്! എത്രയെത്ര ഖജനാവുകളാണ് തുറക്കപ്പെട്ടിരിക്കുന്നത്! റൂമുകളിൽ ഉറങ്ങിക്കൊണ്ടിരിക്കുന്ന സ്ത്രീകളെ നിങ്ങൾ വേഗം ഉണർത്തിക്കൊള്ളുവീൻ. ഇഹലോകത്തുവെച്ച് വസ്ത്രം ധരിച്ച എത്ര സ്ത്രീകളാണ് പരലോകത്ത് നഗ്നരായിരിക്കാൻ പോകുന്നത്. (ബുഖാരി. 1. 3. 115)
 38. അബ്ദുല്ലാഹിബ്നു ഉമർ(റ) നിവേദനം: തൻറെ ജീവിതത്തിലെ അവസാനഘട്ടത്തിൽ തിരുമേനി(സ) ഒരിക്കൽ ഞങ്ങളെയും കൊണ്ട് ഇശാനമസ്കരിച്ചു. സലാം വീട്ടിയപ്പോൾ അവിടുന്ന് എഴുന്നേറ്റ് നിന്നുകൊണ്ട് ചോദിച്ചു. നിങ്ങളുടെ ഈ രാത്രിയെക്കുറിച്ച് നിങ്ങൾക്ക് വല്ല അറിവുമുണ്ടോ? നിങ്ങൾ മനസ്സിലാക്കണം. ഈ രാത്രി മുതൽ നൂറ് വർഷം തികയുന്പോൾ ഇപ്പോൾഭൂമുഖത്തു ജീവിക്കുന്ന ഒരാളും അവശേഷിക്കുകയില്ല. (ബുഖാരി. 1. 3. 116)
 39. ഇബ്നുഅബ്ബാസ്(റ) നിവേദനം: തിരുമേനി(സ)യുടെ ഭാര്യയും ഹർസിൻറെ മകളും എൻറെ മാതൃസഹോദരിയുമായ മൈമൂനയുടെ വീട്ടിൽ താമസിച്ചു. ആ രാത്രി നബി(സ) അവരുടെ അടുക്കലായിരുന്നു. അങ്ങനെ നബി(സ) ഇശാ നമസ്ക്കരിച്ചു. ശേഷം വീട്ടിലേക്ക് വന്നു. അനന്തരം നാല് റക്അത്തു നമസ്ക്കരിച്ചു. പിന്നീട് അൽപം ഉറങ്ങി. ശേഷം എഴുന്നേറ്റു. എന്നിട്ട് കുട്ടി ഉറങ്ങുകയാണോ എന്ന് ചോദിച്ചു - അല്ലെങ്കിൽ അതുപോലെയുള്ളൊരു വാക്കു പറഞ്ഞു. പിന്നീട് തിരുമേനി(സ) നമസ്ക്കരിക്കുവാൻ നിന്നു. അപ്പോൾ ഞാൻ തിരുമേനി(സ)യുടെ ഇടതുഭാഗത്ത്നിന്നു. നബി(സ) എന്നെ പിടിച്ച് വലത്ത് ഭാഗത്തേക്ക് മാറ്റി. അവിടുന്ന് അഞ്ച് റക്അത്തു നമസ്ക്കരിച്ചു. പിന്നീട് രണ്ടറക്അത്തും. എന്നിട്ട് തിരുമേനി ഉറങ്ങി. അന്നേരം അവിടുന്ന് കൂർക്കം വലിക്കുന്നത് ഞാൻ കേട്ടു. അനന്തരം സുബ്ഹ് നമസ്ക്കാരത്തിനുവേണ്ടി തിരുമേനി(സ) പള്ളിയിലേക്ക് പോയി. (ബുഖാരി. 1. 3. 117)
 40. അബൂഹുറൈറ(റ) നിവേദനം: അദ്ദേഹം പറയുന്നു: അബൂഹുറൈറ(റ) നബി(സ)യുടെ ഹദീസുകൾ വളരെയധികം ഉദ്ധരിക്കുന്നുവെന്ന് ജനങ്ങളതാ പറയുന്നു. അല്ലാഹുവിൻറെ കിതാബിൽ രണ്ടു വാക്യങ്ങൾ ഉണ്ടായിരുന്നില്ലെങ്കിൽ ഞാൻ ഒരൊറ്റ ഹദീസും നിവേദനം ചെയ്യുമായിരുന്നില്ല. അതു പറഞ്ഞിട്ട്, മനുഷ്യർക്ക് നാം വെളിപ്പെടുത്തിക്കൊടുത്തശേഷം നാം അവതരിപ്പിച്ച സന്മാർഗ്ഗവും വ്യക്തമായ സിദ്ധാന്തങ്ങളും മറച്ചു വെക്കുന്നവർ അവരെ അല്ലാഹു ശപിക്കും എന്നു മുതൽ കരുണാനിധി എന്നതുവരെ അദ്ദേഹം പാരായണം ചെയ്തു. നിശ്ചയം മുഹാജിറുകളായ ഞങ്ങളുടെ സഹോദരന്മാർ അങ്ങാടിയിൽ കച്ചവടം ചെയ്യുന്നവരായിരുന്നു. അൻസാരികളായ ഞങ്ങളുടെ സഹോദരന്മാർ അവരുടെ സന്പത്തിൽ ജോലി ചെയ്യുന്നവരുമായിരുന്നു. എന്നാൽ അബൂഹുറൈറ: തൻറെ വിശപ്പ് മാത്രം മാറ്റി വിട്ടുപിരിയാതെ തിരുമേനിയോടൊപ്പം ഇരിക്കുകയും അൻസാരികളും മുഹാജിറുകളും ഹാജരാവാത്ത രംഗങ്ങളിൽ ഹാജരാവുകയും അവർ ഹൃദിസ്ഥമാക്കാത്തത് ഹൃദിസ്ഥമാക്കുകയുമാണ് ചെയ്തിരുന്നത്. (ബുഖാരി. 1. 3. 118)
 41. അബൂഹുറൈറ(റ) നിവേദനം: അദ്ദേഹം പറയുന്നു: അല്ലാഹുവിൻറെ ദൂതരെ! ഞാൻ അങ്ങയിൽ നിന്ന് ധാരാളം ഹദീസുകൾ കേൾക്കുന്നു. എന്നാൽ ഞാനതു ശേഷം മറന്നുപോകുന്നു. തിരുമേനി(സ) അരുളി: നീ നിൻറെ രണ്ടാം മുണ്ട് വിരിക്കുക. അപ്പോൾ ഞാനത് വിരിച്ചു. ഉടനെ തിരുമേനി(സ) തൻറെ കൈ കൊണ്ട് അതിൽ വാരി ഇട്ടു. എന്നിട്ട് അവിടുന്ന് അരുളി: നീ അത് ചേർത്ത് പിടിക്കുക. അപ്പോൾ ഞാനതു ചേർത്തുപിടിച്ചു. പിന്നീട് ഞാനൊന്നും മറന്നിട്ടില്ല. (ബുഖാരി. 1. 3. 119)
 42. അബൂഹുറൈറ(റ) നിവേദനം: അദ്ദേഹം പറയുന്നു; രണ്ടു പാത്രം അറിവ് ഞാൻ നബി(സ) യിൽ നിന്ന് ഹൃദിസ്ഥമാക്കിയിട്ടുണ്ട്. അതിലൊന്ന് ഞാൻ തുറന്നു കാണിച്ചു. എന്നാൽ മറ്റേതു ഞാൻ തുറന്നു കാട്ടിയെങ്കിൽ ഈ അന്നനാളത്തെ മനുഷ്യർ മുറിച്ചുകളയുമായിരുന്നു. (ബുഖാരി. 1. 3. 121)
 43. ജരീർ(റ) നിവേദനം: നിശ്ചയം തിരുമേനി ഹജ്ജത്തൂൽ വദാഅ് ദിവസം നീ ജനങ്ങളോട് അടങ്ങിയിരിക്കാൻ പറയുക എന്നു അദ്ദേഹത്തോട് പറഞ്ഞു. ശേഷം നബി(സ) അരുളി: എനിക്ക് ശേഷം നിങ്ങൾ പരസ്പരം കഴുത്തറുക്കുന്ന അവിശ്വാസികളായി പരിണമിക്കരുത്. (ബുഖാരി. 1. 3. 122)
 44. അബൂമൂസ(റ) നിവേദനം: ഒരു മനുഷ്യൻ നബി(സ)യുടെ അടുക്കൽ വന്നു ചോദിച്ചു. അല്ലാഹുവിൻറെ ദൂതരെ! അല്ലാഹുവിൻറെ മാർഗ്ഗത്തിലുള്ള ധർമ്മസമരം ഏതാണ്? ഞങ്ങളിൽ ചിലർ കോപം ശമിപ്പിക്കുവാൻ യുദ്ധം ചെയ്യാറുണ്ട്. ചിലർ അഭിമാനസംരക്ഷണത്തിനും. അപ്പോൾ നബി(സ) അദ്ദേഹത്തിൻറെ നേരെ തല ഉയർത്തി നോക്കി. നിവേദകൻ പറയുന്നു: അവർ നിൽക്കുകയായിരുന്നതുകൊണ്ടാണ് അവിടുന്നു തല ഉയർത്തിയത്. എന്നിട്ട് അവിടുന്ന് അരുളി: അല്ലാഹുവിൻറെ മുദ്രാവാക്യം ഉയർന്നു നില്ക്കുവാൻ വേണ്ടി വല്ലവനും യുദ്ധം ചെയ്താൽ അതുതന്നെയാണ് ദൈവമാർഗ്ഗത്തിനുള്ള യുദ്ധം. (ബുഖാരി. 1. 3. 125)
 45. അബ്ദുല്ല(റ) നിവേദനം: ഞാൻ ഒരിക്കൽ തിരുമേനിയോടൊപ്പം മദീനയിലെ വിജനമായ പ്രദേശത്തുകൂടെ നടന്നു കൊണ്ടിരിക്കുകയായിരുന്നു. അവിടുന്നു തൻറെ കൂടെയുള്ള ഈത്തപ്പനപ്പട്ടയുടെ ഒരു വടി നിലത്ത് ഊന്നിക്കൊണ്ടാണ് നടന്നിരുന്നത്. അങ്ങനെ തിരുമേനി(സ) ഒരു സംഘം ജൂതന്മാരുടെ മുന്പിലെത്തി. അപ്പോൾ അവർ പരസ്പരം പറഞ്ഞു: നിങ്ങൾ അവനോട് ആത്മാവിനെക്കുറിച്ച് ചോദിച്ചു നോക്കുവിൻ. ചിലർ പറഞ്ഞു: ചോദിക്കരുത്. ചോദിച്ചാൽ നമുക്ക് അനിഷ്ടകരമായ എന്തെങ്കിലും അവൻ കൊണ്ടുവരും. മറ്റു ചിലർ പറഞ്ഞു. നിശ്ചയം ഞങ്ങൾ ചോദിക്കുക തന്നെ ചെയ്യും. അങ്ങനെ അവരിൽ ഒരാൾ എഴുന്നേറ്റ് നിന്ന് പറഞ്ഞു: ഓ! അബുഖാസിം എന്താണ് ആത്മാവ്! അവിടുന്ന് മൗനം ദീക്ഷിച്ചു. അപ്പോൾ ഞാൻ പറഞ്ഞു: നിശ്ചയം നബി(സ)ക്ക് ദിവ്യസന്ദേശം ലഭിക്കുകയാണ്. എന്നിട്ട് ഞാൻ അവിടെതന്നെ നിന്നു. അങ്ങനെ ആ പ്രത്യേക പരിതസ്ഥിതി തിരുമേനിയെ വിട്ട് മാറിയപ്പോൾ അവിടുന്ന് ഇപ്രകാരം പാരായണം ചെയ്തു. "ആത്മാവിനെക്കുറിച്ച് അവർ നിന്നോട് ചോദിക്കുന്നു. നീ പറയുക; ആത്മാവ് എൻറെ രക്ഷിതാവിൻറെ മാത്രം അറിവിൽ സ്ഥിതിചെയ്യുന്ന കാര്യങ്ങളിൽ പെട്ടതാണ്. വളരെ കുറഞ്ഞ വിജ്ഞാനം മാത്രമേ അവർക്ക് (മനുഷ്യർക്ക്) നല്കപ്പെട്ടിട്ടുള്ളൂ. " (ബുഖാരി. 1. 3. 127)
 46. അസ്വദ്(റ) നിവേദനം: അദ്ദേഹം പറയുന്നു: ഇബ്നുസുബൈർ ഒരിക്കൽ എന്നോട് ചോദിക്കുകയുണ്ടായി ആയിശ(റ) താങ്കളോട് ധാരാളം രഹസ്യം പറയാറുണ്ടായിരുന്നുവല്ലോ. കഅ്ബയെ സംബന്ധിച്ച് അവർ എന്താണ് നിന്നോട് പറഞ്ഞിട്ടുള്ളത്? ഞാൻ പറഞ്ഞു: അവർ എന്നോട് പറഞ്ഞു: തിരുമേനി(സ) ഒരിക്കൽ അരുളി: ഹേ! ആയിശാ! നിൻറെ ജനത സത്യനിഷേധവുമായി അടുത്ത കാലക്കാരായിരുന്നില്ലെങ്കിൽ കഅ്ബ. ഞാൻ പൊളിക്കുകയും എന്നിട്ട് അതിന് രണ്ടു വാതിലുകളുണ്ടാക്കുകയും ചെയ്യുമായിരുന്നു. ജനങ്ങൾക്ക് പ്രവേശിക്കുവാൻ ഒരു വാതിലും പുറത്തുകടക്കാൻ ഒരു വാതിലും. അതിനാൽ ഇബ്നുസുബൈർ അതു ചെയ്യുകയുണ്ടായി. (ബുഖാരി. 1. 3. 128)
 47. അബൂതൂഫൈൽ(റ) നിവേദനം: അലി(റ) അരുളി: ജനങ്ങളോട് അവർക്ക് മനസ്സിലാകുന്ന ശൈലിയിൽ നിങ്ങൾ സംസാരിക്കുവിൻ, അല്ലാഹുവും അവൻറെ ദൂതനും കളവാക്കപ്പെടുവാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? (ബുഖാരി. 1. 3. 129)
 48. അനസ്(റ) നിവേദനം: മുആദ് തിരുമേനി(സ)യുടെ കൂടെ ഒരൊട്ടകപ്പുറത്ത് യാത്ര ചെയ്യുകയായിരുന്നു. മുആദ് പിന്നിലാണിരുന്നത്. അന്നേരം തിരുമേനി(സ) ഓ! മുആദ്, എന്ന് വിളിച്ചു. അല്ലാഹുവിൻറെ ദൂതരേ! ഞാനിതാ ഹാജരായിരിക്കുന്നുവെന്ന് മുആദ് മറുപടി നല്കി. ഓ മുആദ് എന്ന് തിരുമേനി(സ) വീണ്ടും വിളിച്ചു. ഞാനിതാ മറുപടി നല്കുന്നുവെന്ന് മുആദ് പറഞ്ഞു. മൂന്ന് പ്രാവശ്യം ഇപ്രകാരം ആവർത്തിക്കപ്പെട്ടു. തിരുമേനി(സ) അരുളി: വല്ലവനും അല്ലാഹുവല്ലാതെ മറ്റൊരു ആരാധ്യനില്ലെന്നും മുഹമ്മദ് അല്ലാഹുവിൻറെ ദൂതനാണെന്നും സത്യസന്ധമായ മനസ്സോടെ സാക്ഷ്യം വഹിച്ചാലോ അവന് അല്ലാഹു നരകം നിഷിദ്ധമാക്കപ്പെടും. ഇതു കേട്ടപ്പോൾ അല്ലാഹുവിൻറെ ദൂതരേ! ഈ സിദ്ധാന്തം ജനങ്ങളെ ഞാൻ അറിയിക്കട്ടെയോ എന്ന് മുആദ് ചോദിച്ചു. മനുഷ്യർക്ക് സന്തുഷ്ടരും സമാധാനചിത്തരുമായിരിക്കാമല്ലോ എന്നാണ് മുആദ് അതിനു കാരണം പറഞ്ഞത്. തിരുമേനി അരുളി; അങ്ങനെ നീ അറിയിച്ചാൽ അതിന്മേലവർ ചവിട്ടിപ്പിടിച്ചുനിൽക്കും. പിന്നീട് തൻറെ മരണവേളയിൽ മാത്രമാണ് മുആദ് ഇക്കാര്യം വെളിപ്പെടുത്തിയത്. നബി(സ)യുടെ ഹദീസ് മറച്ചുവെച്ചുവെന്ന കുറ്റത്തിൽ നിന്ന് ഒഴിവാകാൻ വേണ്ടി. (ബുഖാരി. 1. 3. 130)
 49. അനസ്(റ) നിവേദനം: എന്നോട് പറയപ്പെട്ടു: തിരുമേനി(സ) മുആദിനോട് പറഞ്ഞു: വല്ലവനും അല്ലാഹുവിൽ യാതൊന്നും പങ്ക് ചേർക്കാതെ അവനെ കണ്ടുമുട്ടിയാൽ സ്വർഗ്ഗത്തിൽ പ്രവേശിക്കും. അപ്പോൾ അദ്ദേഹം ചോദിച്ചു; ഞാൻ ജനങ്ങളെ ഈ സന്തോഷവാർത്ത അറിയിക്കട്ടെയോ? അവിടുന്ന് അരുളി: വേണ്ട, ജനങ്ങൾ അതിന്മേൽ മാത്രം അവലംബിക്കുമെന്ന് ഞാൻ ഭയപ്പെടുന്നു. (ബുഖാരി. 1. 3. 131)
 50. ഉമ്മു സലമ(റ) നിവേദനം: ഉമ്മു സുലൈം നബിയുടെ അടുക്കൽ വന്നിട്ട് ചോദിച്ചു. അല്ലാഹുവിൻറെ ദൂതരെ! അല്ലാഹു സത്യം അന്വേഷിക്കുന്നതിൽ ലജ്ജിക്കുകയില്ല. സ്ത്രീക്ക് സ്വപ്ന സ്ഖലനമുണ്ടായാൽ കുളിക്കേണ്ടതുണ്ടോ? നബി(സ) പറഞ്ഞു: അതെ, അവൾ ഇന്ദ്രിയം കണ്ടാൽ കുളിക്കണം. അപ്പോൾ ഉമ്മു സലമ(റ) അവരുടെ മുഖം മറക്കുകയും അല്ലാഹുവിൻറെ ദൂതരേ! സ്ത്രീക്ക് ഇന്ദ്രീയസ്ഖലനമുണ്ടാകുമോ? എന്ന് ചോദിക്കുകയും ചെയ്തു. നബി(സ) പറഞ്ഞു: അതെ ഉണ്ടാകും. നീ എന്താണ് ചോദിക്കുന്നത്? അവൾക്ക് ഇന്ദ്രിയമില്ലെങ്കിൽ അവളുടെ സന്താനം അവളുടെ ആകൃതിയിൽ ജനിക്കുന്നതെങ്ങനെ? (ബുഖാരി. 1. 3. 132)
 51. അലി(റ) നിവേദനം: (കാമവികാര സന്ദർഭത്തിൽ) മദിയ്യ് അധികമുള്ള ഒരാളായിരുന്നു ഞാൻ. തന്നിമിത്തം നബി(സ) യോട് അതിനെപ്പറ്റി ചോദിക്കാൻ മിക്ദാദിനോട് ഞാൻ ആവശ്യപ്പട്ടു. അദ്ദേഹം നബി(സ) യോട് ചോദിച്ചു. അപ്പോൾ തിരുമേനി(സ) അരുളി: അങ്ങനെ യുണ്ടാവുന്പോൾ വുളു ചെയ്താൽ മതി. കുളിക്കേണ്ടതില്ല. (ബുഖാരി. 1. 3. 134)
 52. ഇബ്നുഉമർ(റ) നിവേദനം: ഹജ്ജിൽ പ്രവേശിച്ചവൻ എന്തു വസ്ത്രമാണ് ധരിക്കേണ്ടതെന്ന് ഒരാൾ നബി(സ) യോട് ചോദിച്ചു. അവിടുന്ന് അരുളി: കുപ്പായം, തലപ്പാവ്, പൈജാമ, തൊപ്പി, വർസോ അല്ലെങ്കിൽ കുങ്കുമമോപൂശിയ വസ്ത്രം ഇവയൊന്നും ധരിക്കരുത്. അവന്നു ചെരിപ്പില്ലെങ്കിൽ ബൂട്ട്സ് ധരിച്ചുകൊള്ളട്ടെ. അവ രണ്ടിനെയും നെരിയാണിയുടെ താഴ്ഭാഗത്തുവെച്ച് അവൻ മുറിച്ചുകളയട്ടെ. (ബുഖാരി. 1. 3. 136)
 53. അബൂഹുറയ്റാ(റ) നിവേദനം ചെയ്തു. അൻസാരികളിൽ നിന്ന് ഒരാൾ പറഞ്ഞു: "അല്ലാഹുവിൻറെ ദൂതരെ, എന്നെ വളരെക്കൂടുതൽ സന്തോഷിപ്പിച്ച ഒരു ഹദീസ് ഞാൻ അങ്ങയിൽ നിന്നു കേൾക്കുന്നു. എന്നാൽ എനിക്കതു ഓർമ്മയിൽ വെക്കുവാൻ സാദ്ധ്യമല്ല". അല്ലാഹുവിൻറെ ദൂതൻ(സ) പറഞ്ഞു: "താങ്കളുടെ വലത്തുകൈയുടെ സഹായം തേടുക. " അവിടുന്നു എഴുതുവാൻ കൈകൊണ്ട് ആംഗ്യം കാണിച്ചു. (തിർമിദി)
 54. അബൂഹുറയ്റാ(റ) പറഞ്ഞു, അല്ലാഹുവിൻറെ ദൂതൻ(സ) പറഞ്ഞു: ജനങ്ങൾ, സ്വർണ്ണത്തിൻറേയും വെള്ളിയുടേയും ഖനികൾപോലെ, ഖനികളാണ്. അവരിൽ അജ്ഞാനകാലത്തു ശ്രേഷ്ഠനായവൻ, അറിവു സന്പാദിക്കുന്പോൾ ഇസ്ലാമിലും കൂടുതൽ ശ്രേഷ്ഠനായിത്തീരുന്നു. (മുസ്ലിം)
 55. അബൂഹുറയ്റാ(റ) പറഞ്ഞു, അല്ലാഹുവിൻറെ ദൂതൻ(സ) പറഞ്ഞു: വിജ്ഞാനമുള്ള വാക്കു വിശ്വാസിയുടെ കളഞ്ഞുപോയ സ്വത്താണ്. അതിനാൽ അതെവിടെ കണ്ടാലും അതിന്മേൽ അവന് കൂടുതൽ അവകാശമുണ്ട്. (തിർമിദി)
 56. അനസ്(റ) പറഞ്ഞു, അല്ലാഹുവിൻറെ ദൂതൻ(സ) പറഞ്ഞു: വിജ്ഞാനം തേടി പുറപ്പട്ടുപോകുന്നവൻ തിരികെ വരുന്നതുവരെ അല്ലാഹുവിൻറെ മാർഗ്ഗത്തിലാകുന്നു. (തിർമിദി)
 57. അനസ്(റ) പറഞ്ഞു, അല്ലാഹുവിൻറെ ദൂതൻ(സ) പറഞ്ഞു: ജ്ഞാനസന്പാദനം എല്ലാ മുസ്ലീംകളുടേയും കർത്തവ്യമാണ്. (ബൈഹഖി)
 58. അനസി(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു: വിദ്യ അഭ്യസിപ്പിക്കാൻ വേണ്ടി പുറപ്പെട്ടവൻ അതിൽ നിന്ന് വിരമിക്കുന്നതുവരെ അല്ലാഹുവിൻറെ മാർഗ്ഗത്തിലാണ്. (തിർമിദി)
 59. അബൂസഈദിൽ ഖുദ്രിയ്യി(റ)ൽ നിന്ന് നിവേദനം: ഒരു സത്യവിശ്വാസിയും നന്മകൊണ്ട് വയറ് നിറക്കുകയില്ല - അവൻറെ അന്ത്യം സ്വർഗ്ഗമാകുന്നതുവരെ (എത്ര നന്മ ലഭിച്ചാലും അവൻ അതുകൊണ്ട്മതിയായവനാകുകയില്ല) (തിർമിദി)
 60. അബൂഉമാമ(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) അരുൾ ചെയ്തു: ഭക്തനേക്കാൾ പണ്ഡിതൻറെ മഹത്വം നിങ്ങളിൽ താഴ്ന്നവരേക്കാൾ എനിക്കുള്ള മാഹാത്മ്യം പോലെയാണ്. എന്നിട്ട് റസൂൽ(സ) പറഞ്ഞു: നിശ്ചയം, അല്ലാഹുവിൻറെ മലക്കുകളും ആകാശഭൂമിയിലുള്ളവരും മാളത്തിലെ ഉറുന്പും മത്സ്യവും കൂടി ജനങ്ങൾക്ക് നല്ലത് പഠിപ്പിച്ച് കൊടുക്കുന്നവർക്കു വേണ്ടി പ്രാർത്ഥിക്കുന്നതാണ്. അല്ലാഹു അവർക്ക് അനുഗ്രഹം ചൊരിയുന്നു. (തിർമിദി)
 61. അബുദ്ദർദാഇ(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) പറയുന്നത് ഞാൻ കേട്ടു: മതവിദ്യ അഭ്യസിക്കാൻ ആരെങ്കിലും വല്ല വഴിയിലും പ്രവേശിച്ചാൽ സ്വർഗ്ഗത്തിലേക്കുള്ള മാർഗ്ഗം അവന് അല്ലാഹു എളുപ്പമാക്കിക്കൊടുക്കും. നിശ്ചയം, മലക്കുകൾ മതവിദ്യാർത്ഥിക്ക് അവരുടെ പ്രവൃത്തിയിലുള്ള സന്തോഷം കാരണം ചിറക് താഴ്ത്തിക്കൊടുക്കുന്നതാണ്. ആകാശഭൂമികളിലുള്ളവർ- വെള്ളത്തിലെ മത്സ്യവും കൂടി - പണ്ഡിതൻറെ പാപമോചനത്തിനുവേണ്ടി പ്രാർത്ഥിക്കും. (വിവരമില്ലാത്ത) ആബിദിനേക്കാൾ വിവരമുള്ള ആബിദിനുള്ള ശ്രേഷ്ഠത നക്ഷത്രങ്ങളേക്കാൾ ചന്ദ്രനുള്ള ശ്രേഷ്ഠത പോലെയാണ്. മാത്രമല്ല, പണ്ഡിതന്മാരാണ് നബി(സ)യുടെ അനന്തരാവകാശികൾ. നബിമാരാകട്ടെ, സ്വർണ്ണവും വെള്ളിയും അനന്തരസ്വത്തായി ഉപേക്ഷിച്ചിട്ടില്ല. മതവിദ്യയാണ് അവർ അനന്തരമായി വിട്ടേച്ചു പോയത്. അതുകൊണ്ട് അതാരെങ്കിലും കരസ്ഥമാക്കിയാൽ ഒരു മഹാഭാഗ്യമാണവൻ കരസ്ഥമാക്കിയത്. (അബൂദാവൂദ്, തിർമിദി)
 62. ഇബ്നുമസ്ഊദി(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) പറയുന്നത് ഞാൻ കേട്ടു. നമ്മുടെ പക്കൽ നിന്ന് കേട്ടുപഠിക്കുകയും കേട്ടതുപോലെത്തന്നെ പ്രബോധനം ചെയ്യുകയും ചെയ്ത വ്യക്തിയെ അല്ലാഹു പ്രകാശിപ്പിക്കട്ടെ. (അനുഗ്രഹിക്കട്ടെ) എത്ര മുബല്ലഗാണ് (പഠിച്ചവരിൽ നിന്ന് കേട്ട് മനസ്സിലാക്കിയവൻ) നേരിൽ കേട്ട് മനസ്സിലാക്കിയവരേക്കാൾ നന്നായി പഠിച്ചിട്ടുള്ളവൻ (തിർമിദി)
 63. അബൂഹുറയ്റ(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു: ആരെങ്കിലും ഒരുകാര്യത്തെ സംബന്ധിച്ചു ചോദിക്കപ്പെട്ടു. എന്നിട്ടവനത് മറച്ചുവെച്ചു. എങ്കിൽ അന്ത്യദിനത്തിൽ അവന്ന് തീയാലുള്ള കടിഞ്ഞാണിടപ്പെടും. (അബൂദാവൂദ്, തിർമിദി) (മതകാര്യങ്ങളിൽ വിവരമുള്ളത് മറച്ച് വെക്കാൻ പാടുള്ളതല്ല)
 64. അബൂഹുറയ്റ(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) അരുൾ ചെയ്തു: അല്ലാഹുവിൻറെ പ്രീതി നേടാനുതകുന്ന ജ്ഞാനം വല്ലവനും പഠിച്ചു. അവനത് പഠിച്ചതോ ഐഹിക നന്മ ഉദ്ദേശിച്ചുകൊണ്ട് മാത്രമാണുതാനും. എങ്കിൽ അന്ത്യദിനത്തിൽ അവൻ സ്വർഗ്ഗത്തിൻറെ വാസനപോലും എത്തിക്കുകയില്ല. (അഥവാ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല) (അബൂദാവൂദ്)
 65. അബൂഹുറയ്റ(റ)യിൽ നിന്ന് നിവേദനം: ഇസ്റാഇൻറെ രാത്രിയിൽ നബി(സ)യുടെ അടുത്ത് പാലും കള്ളും നിറക്കപ്പെട്ട രണ്ട് കപ്പ് വെക്കപ്പെട്ടു. അവ രണ്ടിലേക്കും അവിടുന്ന് നോക്കിയിട്ട് പാല് എടുത്തപ്പോൾ ജിബ്രീൽ (അ) പറഞ്ഞു: പരിശുദ്ധ ഇസ്ലാമിലേക്ക് അങ്ങയെ മാർഗ്ഗദർശനം ചെയ്ത അല്ലാഹുവിനാണ് സർവ്വസ്തുതിയും. കള്ളാണ് അങ്ങ് എടുത്തതെങ്കിൽ അങ്ങയുടെ അനുയായികൾ വഴിതെറ്റിയവരാകുമായിരുന്നു. (മുസ്ലിം)