തിരഞ്ഞെടുത്ത ഹദീസുകൾ/മാതാപിതാക്കളോടുള്ള കർത്തവ്യവും ചാർച്ചയെ ചേർക്കലും

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

1) അബൂഹുറയ്റ(റ) വിൽ നിന്ന് നിവേദനം: റസൂൽ(സ) പ്രസ്താവിച്ചു. ഒരൊറ്റ സന്താനവും പിതാവിനോടുള്ള കടമ നിർവ്വഹിച്ചവനാവുകയില്ല. മറ്റൊരാളുടെ അധീനതയിൽ അദ്ദേഹത്തെ (പിതാവിനെ) കാണാനിടയായൽ വിലക്കുവാങ്ങി മോചിപ്പിച്ചാലല്ലാതെ. (മുസ്ലിം)

2) അബൂഹുറയ്റ(റ) വിൽ നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു: വാർദ്ധക്യം ബാധിച്ച മാതാപിതാക്കളെയോ അവരിൽ ഒരാളെയോ ലഭിച്ചിട്ടും സ്വർഗ്ഗത്തിൽ പ്രവേശിക്കുവാൻ കഴിയാത്തവന്റെ മൂക്ക് നിലംപതിക്കട്ടെ. (മുസ്ലിം) (അഥവാ അവൻ നീചനും നിന്ദ്യനുമാവട്ടെ)

3) അബൂഹുറയ്റ(റ) വിൽ നിന്ന് നിവേദനം: ഒരാൾ നബി(സ)യോട് പറഞ്ഞു. അല്ലാഹുവിന്റെ ദൂതരെ! എനിക്ക് ചില കുടുംബ ബന്ധുക്കളുണ്ട്. ഞാൻ അവരോട് ബന്ധം ചേർക്കുന്നു. അവർ ബന്ധം മുറിക്കുന്നു. ഞാൻ അവർക്ക് നന്മ ചെയ്യുന്ന. അവരെന്നോട് മോശമായി പെരുമാറുന്നു. ഞാനവർക്കുവേണ്ടി ക്ഷമിക്കുന്നു. അവർ എന്നോട് അവിവേകമായി പെരുമാറുന്നു. അപ്പോൾ നബി(സ) പറഞ്ഞു. നീ ഇപ്പറയുന്നതുപോലെ തന്നെയാണ് നിന്റെ സ്ഥിതിയെങ്കിൽ ചൂടുള്ള വെണ്ണീർ നീ അവരെ തീറ്റിയതു പോലെയാണ്. ഈ നില നീ കൈക്കൊള്ളുമ്പോഴെല്ലാം അല്ലാഹുവിങ്കൽ നിന്ന് ഒരു സഹായി നിന്നോടൊന്നിച്ചുണ്ടായിരിക്കും. . (മുസ്ലിം)

4) അബൂദർറി(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) ഒരിക്കൽ പ്രസ്താവിച്ചു. നിശ്ചയം (ഒരു തൂക്കത്തിന്റെ പേരായ) ഖീറാത്വ് പ്രചാരത്തിലുള്ള ഒരു നാട് നിങ്ങൾ പിടിച്ചടക്കും. മറ്റൊരു റിപ്പോർട്ടിലുള്ളത്, നിങ്ങൾ ഈജിപ്ത് ജയിച്ചടക്കും. (ഒരു തൂക്കത്തിന്റെ പേരായ) ഖ്വീറാത്ത് പ്രചാരമുള്ള ഒരു സ്ഥലമാണത്. ആ സന്ദർഭത്തിൽ ആ നാട്ടുകാരോട് നിങ്ങൾ നന്മ ഉപേദശിക്കണം, കാരണം നമുക്കവരോട് ഉത്തരവാദിത്തവും രക്ത ബന്ധവുമുണ്ട്. വേറൊരു റിപ്പോർട്ടിലുള്ളത്. നിങ്ങളാ നാട് കീഴടക്കിയാൽ നിങ്ങളവർക്ക് നന്മ ചെയ്യണം. കാരണം, നമുക്കവരോട് ചില ബാദ്ധ്യതകളും, കുടുംബ ബന്ധവുമുണ്ട്. അല്ലെങ്കിൽ സംരക്ഷണ ബാദ്ധ്യതയും വൈവാഹികബന്ധവുമുണ്ട്. (മുസ്ലിം)

5) അബൂഹുറയ്റ(റ)വിൽ നിന്ന് നിവേദനം:: നീ നിന്റെ അടുത്ത ബന്ധുക്കളെ താക്കീത് ചെയ്യുക. എന്ന ഖുർആൻ ആയത്ത് അവതരിച്ചപ്പോൾ റസൂൽ(സ) ഖുറൈശികളെ വിളിച്ചുവരുത്തി. അവരെല്ലാം ഒരിടത്ത് സമ്മേളിച്ചപ്പോൾ അവരെ പൊതുവിലും ചിലരെ പ്രത്യേകിച്ചും അഭിസംബോധന ചെയ്തു. ബനൂ അബ്ദുശംസേ, ബനൂ കഅ്ബേ! നരകാഗ്നിയിൽ നിന്ന് നിങ്ങൾ സ്വയം രക്ഷിക്കുക. ബനൂ അബ്ദിമനാഫേ! നരകാഗ്നിയിൽ നിന്ന് നിങ്ങൾ സ്വയം രക്ഷിക്കുക. ബനൂഹാശിമേ! നിങ്ങൾ നരകാഗ്നിയിൽ നിന്ന് സ്വയം രക്ഷിക്കുക. ബനൂഅബ്ദിൽ മുത്തലിബേ! നരകത്തെതൊട്ട് നിങ്ങൾ തന്നെ കാക്കുക. ഫാത്തിമ! നിന്നെ നരകത്തെതൊട്ട് നീ കാത്തുകൊള്ളുക. അല്ലാഹുവിൽ നിന്നുള്ള യാതൊന്നും നിങ്ങൾക്കു വേണ്ടി തടയാൻ എനിക്ക് കഴിവില്ല. പക്ഷേ നിങ്ങളുമായി എനിക്ക് കുടുംബന്ധമുണ്ട്. അതു ഞാൻ നിലനിർത്തും. (മുസ്ലിം)

6) സൽമാനുബ്നു ആമിർ(റ) വിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു. നിങ്ങളിൽ നിന്നാരെങ്കിലും നോമ്പു തുറക്കുമ്പോൾ കാരക്കകൊണ്ട് അവൻ നോമ്പ് മുറിച്ചുകൊള്ളട്ടെ. അതിൽ ബർക്കത്തുണ്ട്. ഇനി കാരക്ക അവനു ലഭിച്ചില്ലെങ്കിൽ വെള്ളം കൊണ്ട്. അതവന്റെ ബാഹ്യവും ആന്തരികവുമായ അഴുക്കുകളെ നീക്കം ചെയ്യുന്നതാണ്. നബി(സ) വീണ്ടും പ്രഖ്യാപിച്ചു. ദരിദ്രന് ധർമ്മം ചെയ്യുന്നതു കൊണ്ട് ധർമ്മത്തിന്റെ കൂലി മാത്രം ലഭിക്കും. എന്നാൽ, കുടുംബത്തിൽ ചെലവഴിക്കുന്നതുകൊണ്ട് ധർമ്മം ചെയ്തതിന്റെയും കുടുംബന്ധം ചേർത്തതിന്റെയും രണ്ടു പ്രതിഫലമാണ് ലഭിക്കുക. (തിർമിദി)

7) ഇബ്നുഉമർ(റ) വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു. എന്റെ അധീനതയിൽ ഒരു സ്ത്രീ ഉണ്ടായിരുന്നു. ഞാൻ അവളെ ഇഷ്ടപ്പെടുകയും ഉമർ(റ) അത് വെറുക്കുകയും ചെയ്തിരുന്നു. ത്വലാഖ് ചൊല്ലി ഒഴിവാക്കണമെന്ന ആജ്ഞ ഞാൻ നിരസിച്ചപ്പോൾ ഉമർ(റ) നബി(സ)യുടെ അടുത്തുചെന്ന് സംഭവം വിവരിച്ചു. തദവസരം എന്നോട് ത്വലാഖ് ചൊല്ലി ഒഴിവാക്കാൻ നബി(സ) നിർദ്ദേശിച്ചു. (അബൂദാവൂദ്, തിർമിദി)

8) അബുദ്ദർദാഇ(റ)ൽ നിന്ന് നിവേദനം:: ഒരാൾ എന്നോട് പറഞ്ഞു. എനിക്കൊരു ഭാര്യയുണ്ട്. അവളെ ത്വലാഖ് ചൊല്ലാൻ മാതാവ് ആജ്ഞാപിക്കുന്നു. ഞാൻ പറഞ്ഞു. നബി(സ) പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. സ്വർഗ്ഗകവാടങ്ങളിൽ കേന്ദ്രസ്ഥാനം മാതാപിതാക്കളാകുന്നു. അവരെ കയ്യൊഴിക്കുകയോ കരസ്ഥമാക്കുകയോ ചെയ്തുകൊള്ളൂ. (തിർമിദി)

9) ഇബ്നുഉമർ(റ) വിൽ നിന്ന് നിവേദനം: നബി(സ) അരുളി: തന്റെ പിതാവിന്റെ സ്നേഹിതന്മാരോട് നല്ല നിലയിൽ വർത്തിക്കലാണ് (പിതാവിന്റെ മരണശേഷം അദ്ദേഹത്തോട് ചെയ്യുന്ന) നന്മയിൽ ഏറ്റവും വലുത്. (മുസ്ലിം)

10) ഇബ്നുഉമർ(റ) വിൽ നിന്ന് ഇബ്നു ദീനാർ(റ) നിവേദനം ചെയ്യുന്നു. ഇബ്നു ഉമർ(റ) മക്കയിലേക്ക് യാത്ര തിരിക്കുമ്പോൾ ഒട്ടകപ്പുറത്തുള്ള യാത്ര മടുത്താൽ വിശ്രമിക്കാൻ വേണ്ടി ഒരു കഴുതയെക്കൂടി കൊണ്ടുപോയിരുന്നു. തലയിൽ ചുറ്റാൻ ഒരു തലപ്പാവും. ഒരവസരത്തിൽ കഴുതപ്പുറത്ത് വിശ്രമിച്ചുകൊണ്ടിരിക്കെ ഒരുഗ്രാമീണ അറബി അതിലൂടെ നടന്നുപോയി. അദ്ദേഹത്തോട് നീ ഇന്ന ആളുടെ മകനല്ലെ? എന്ന് ചോദിച്ചു. അതെ എന്നയാൾ മറുപടി പറഞ്ഞപ്പോൾ ആ കഴുതയെ അയാൾക്ക് കൊടുത്തുകൊണ്ട് ഇതിൽ നീ സവാരിചെയ്യുക എന്നദ്ദേഹം പറഞ്ഞു. അതിനുപുറമെ തന്റെ തലപ്പാവ് സമ്മാനിച്ചുകൊണ്ട് ഇത് താങ്കളുടെ തലയിൽ ചുറ്റിക്കൊള്ളുക എന്നുപറഞ്ഞു. ഇബ്നു ഉമറിനോട് ചില കൂട്ടുകാർ പറഞ്ഞു. നിനക്ക് അല്ലാഹു പൊറുത്ത് തരട്ടെ. വിശ്രമിക്കാനുള്ള കഴുതയും തലയിൽ അണിയാനുള്ള തലപ്പാവും ഈ ഗ്രാമീണന് നിങ്ങൾ കൊടുത്തുവല്ലോ! ഇബ്നുഉമർ(റ) പറഞ്ഞു. റസൂൽ(സ) പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് - ഒരു വ്യക്തി തന്റെ പിതാവിന്റെ സ്നേഹിതന്മാരെ ചേർക്കലാണ് മരണശേഷം പിതാവിനോട് ചെയ്യുന്ന ഗുണത്തിൽ ഏറ്റവും പുണ്യമായത്. അയാൾ എന്റെ പിതാവ് ഉമർ(റ) വിന്റെ സ്നേഹിതനായിരുന്നു. (മുസ്ലിം)

11) മാലിക്കുബ്ൻ റബീഅത്തി(റ)ൽ നിന്ന് നിവേദനം: പ്രവാചകസന്നിധിയിൽ ഞങ്ങൾ ഇരിക്കുമ്പോൾ ബനൂസലമത്തിൽ പെട്ട ഒരാൾ വന്ന് പറഞ്ഞു. പ്രവാചകരെ! മാതാപിതാക്കൾ മരണപ്പെട്ടതിന് ശേഷം അവർക്ക് ചെയ്യേണ്ട വല്ല നന്മയും എന്റെ മേൽ അവശേഷിക്കുന്നുണ്ടോ? അതെ എന്ന് തിരുദൂതർ മറുപടി നൽകി. അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും, അവരുടെ പാപമോചനത്തിനു വേണ്ടി ദുആ ഇരക്കുകയും, അവരുടെ വാഗ്ദത്തങ്ങൾ നിറവേറ്റുകയും അവർ രണ്ടു പേരുടെയും കുടുംബങ്ങളെ സംഘടിപ്പിക്കുകയും അവരുടെ സ്നേഹിതന്മാരെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുകയാണത്. (അബൂദാവൂദ്)