തിരഞ്ഞെടുത്ത ഹദീസുകൾ/ഭരണം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

1) ആയിശ(റ) പറയുന്നു: നബി(സ) ഒരുപട്ടാളസംഘത്തിന്റെ നേതാവായിക്കൊണ്ട് ഒരാളെ അയച്ചു. അദ്ദേഹം ജനങ്ങൾക്ക് ഇമാമായി നമസ്കരിക്കുമ്പോൾ ഖുർആൻ ഓതിയിട്ട് ഖുൽഹുവല്ലാഹു അഹദ് എന്ന അധ്യായത്തിലാണ് ഓത്ത് അവസാനിപ്പിക്കുക. തിരിച്ചുവന്നപ്പോൾ ഇതുകൂട്ടുകാർ നബി(സ)യെ ഉണർത്തി. അങ്ങിനെ ചെയ്യാൻ കാരണമെന്താണെന്ന് ചോദിക്കുവാൻ കൂട്ടുകാരെ നബി(സ) ഉപദേശിച്ചു. അവർ ചോദിച്ചു. അദ്ദേഹം പറഞ്ഞു: ആ അധ്യായം അല്ലാഹുവിന്റെ ഗുണങ്ങളെ വർണ്ണിക്കുന്നവന്നാണ്. തന്നിമിത്തം അതു നമസ്കാരത്തിലോതാൻ ഞാനിഷ്ടപ്പെടുന്നു. നബി(സ) അരുളി: അല്ലാഹു ഇദ്ദേഹത്തെ സ്നേഹിക്കുന്നുവെന്ന് നിങ്ങൾ അറിയിച്ചുകൊള്ളുവീൻ. (ബുഖാരി. 9. 93. 472)

2) ഇബ്നുഅബ്ബാസ്(റ) പറയുന്നു: നബി(സ) ഇപ്രകാരം പ്രാർത്ഥിക്കാറുണ്ട്. അല്ലാഹുവേ! നീയല്ലാതെ ഒരു ആരാധ്യനുമില്ല. നിന്റെ പ്രതാപത്തെ ഞാനിതാ അഭയം പ്രാപിക്കുന്നു. നിനക്ക് മരണമില്ല. ജിന്നും ഇൻസുമെല്ലാം മരണമടയുകതന്നെ ചെയ്യും. (ബുഖാരി. 9. 93. 480)

3) അബൂഹുറൈറ(റ) പറയുന്നു: നബി(സ) അരുളി: അല്ലാഹു സൃഷ്ടികളെ സൃഷ്ടിച്ചപ്പോൾ തന്റെ പക്കലുള്ള ഒരുഗ്രന്ഥത്തിൽ താൻ സ്വീകരിച്ച തത്വങ്ങളെല്ലാം സിംഹാസനത്തിന്മേൽ വെച്ചു. എന്റെ കാരുണ്യം എന്റെ കോപത്തെ അതിര് കവിയും എന്നതാണത്. (ബുഖാരി. 9. 93. 501)

4) അബൂഹുറൈറ(റ) പറയുന്നു: നബി(സ) അരുളി: അല്ലാഹു പറയും: എന്നെക്കുറിച്ച് എന്റെ അടിമക്കുള്ള ധാരണ എവിടെയാണോ അവിടെയായിരിക്കും ഞാൻ. എന്നെ അവൻ സ്മരിക്കുമ്പോൾ ഞാനവനോടൊപ്പമുണ്ടായിരിക്കും. എന്നെ സ്മരിച്ചതു അവന്റെ മനസ്സുകൊണ്ടാണെങ്കിൽ എന്റെ മനസ്സുകൊണ്ട് ഞാനവനെയും സ്മരിക്കും. ഒരു സദസ്സിൽ വെച്ച് അവൻ എന്നെ സ്മരിച്ചെങ്കിൽ അവരേക്കാളുന്നതരായ ഒരു സമൂഹത്തിൽവെച്ച് ഞാനവനെയും സ്മരിക്കും. അവൻ എന്നിലേക്ക് ഒരു ചാൺ അടുത്താൽ ഒരു മുഴം ഞാനങ്ങോട്ടടുക്കും. ഒരു മുഴം അവൻ എന്നിലേക്കടുത്താൽ ഒരുകൈ ഞാനങ്ങോട്ടടുക്കും. അവൻ എന്റെയടുക്കലേക്ക് നടന്നു വന്നാൽ ഞാൻ അവന്റെയടുക്കലേക്ക് ഓടിച്ചെല്ലും. (ബുഖാരി. 9. 93. 502)

5) അബ്ദുല്ല(റ) പറയുന്നു: ഒരു ജൂതപണ്ഡിതൻ നബി(സ)യുടെ അടുത്തുവന്ന് പറഞ്ഞു: മുഹമ്മദേ! അല്ലാഹു തീർച്ചയായും ആകാശത്തെ ഒരു വിരലിലും ഭൂമി ഒരു വിരലിലും പർവ്വതം ഒരു വിരലിലും മരങ്ങളും നദികളും ഒരു വിരലിലും മറ്റുള്ള സൃഷ്ടികൾ ഒരു വിരലിലും വെയ്ക്കുന്നതാണ്. ശേഷം അവൻ പറയും. ഞാനാണ് രാജാവ്. അപ്പോൾ നബി(സ) ചിരിച്ചു. ശേഷം ഇപ്രകാരം ഓതി: അവർ അല്ലാഹുവിനെ പരിഗണിക്കേണ്ടത് പോലെ പരിഗണിച്ചില്ല. (ബുഖാരി. 9. 93. 510)

6) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: അല്ലാഹു പറയുന്നു: എന്റെ അടിമ ഒരുതിന്മ ചെയ്യുവാൻ ഉദ്ദേശിച്ചാൽ അവനതു പ്രവർത്തിക്കുന്നതുവരെ അവന്റെ പേരിൽ അതു നിങ്ങൾ (മലക്കുകൾ) എഴുതരുത്. പ്രവർത്തിച്ചുകഴിഞ്ഞാലോ ഒരുതിന്മ മാത്രം പ്രവർത്തിച്ചതായി രേഖപ്പെടുത്തിക്കൊള്ളുക. പ്രവർത്തിക്കാൻ തീരുമാനിച്ചശേഷം എന്നെ ഓർമ്മിച്ചു ആ തിന്മയെ അവർ വിട്ടുകളഞ്ഞാലോ അതവന്റെ പേരിൽ ഒരു നന്മയായി രേഖപ്പെടുത്തിക്കൊള്ളുക. എന്നും ഞാൻ നിർദ്ദേശിക്കും. (ബുഖാരി. 9. 93. 592)

7) അബൂഹുറൈറ(റ) നിവേദനം: എന്റെ അടിമ എന്നെ കണ്ടുമുട്ടുവാൻ ഉദ്ദേശിച്ചാൽ ഞാൻ അവനെയും കണ്ടുമുട്ടുവാൻ ആഗ്രഹിക്കും. വെറുത്താൽ ഞാൻ അവനെയും വെറുക്കും എന്ന് അല്ലാഹു പറഞ്ഞതായി നബി(സ) അരുളി. (ബുഖാരി. 9. 93. 595)

8) അബൂഹുറൈറ(റ) പറയുന്നു: നബി(സ) അരുളി: ഒരു മനുഷ്യൻ ഒരു തെറ്റ് ചെയ്തിട്ട് രക്ഷിതാവേ! ഞാനൊരു തെറ്റ് ചെയ്തിരിക്കുന്നു. എനിക്ക് നീ മാപ്പ് ചെയ്തുതരേണമേ എന്ന് പറഞ്ഞു. അപ്പോൾ രക്ഷിതാവ് ചോദിച്ചു: തനിക്കൊരു രക്ഷിതാവുണ്ടെന്നും അവൻ ശിക്ഷിക്കുകയും പാപങ്ങൾ പൊറുത്തുകൊടുക്കുകയും എന്റെ അടിമ ഗ്രഹിച്ചിരിക്കുന്നു. എന്റെ ദാസന്് ഞാനിതാ മാപ്പ് ചെയ്തിരിക്കുന്നു. കുറേക്കാലം കഴിഞ്ഞ് വീണ്ടും അവനൊരു തെറ്റുചെയ്തു. അപ്പോഴും രക്ഷിതാവേ! ഞാൻ മറ്റൊരു തെറ്റ് ചെയ്തിരിക്കുന്നു. എനിക്ക് നീ പൊറുത്ത് തരേണമേ! എന്നവൻ പ്രാർത്ഥിക്കും. പാപങ്ങൾ പൊറുത്തു കൊടുക്കുകയും ശിക്ഷിക്കുകയും ചെയ്യുന്ന ഒരു രക്ഷിതാവ് തനിക്കുണ്ടെന്ന് എന്റെ ദാസൻ മനസിലാക്കിയിട്ടുണ്ട്. എന്റെ ദാസന് ഞാനിതാ മാപ്പ് ചെയ്യുന്നു. അപ്പോഴും അല്ലാഹു പറയും. കുറെ കാലങ്ങൾക്കുശേഷം ഇതുപോലെ വീണ്ടും അവൻ ആവർത്തിക്കും. അല്ലാഹു പറയും: ഞാനിതാ മൂന്ന് പ്രാവശ്യം ദാസന് പൊറുത്തുകൊടുത്തിരിക്കുന്നു. അതുകൊണ്ട് തനിക്ക് ഇഷ്ടമുള്ളത് അവൻ ചെയ്തുകൊള്ളട്ടെ എന്ന് മൂന്ന് പ്രാവശ്യം അല്ലാഹു അന്നേരം ആവർത്തിച്ചുപറയും. (ബുഖാരി. 9. 93. 598)

9) അബൂഹുറൈറ(റ) പറയുന്നു: നബി(സ) അരുളി: രണ്ട് വാക്യങ്ങൾ പരണകാരുണികന് വളരെ ഇഷ്ടപ്പെട്ടവയാണ്. അവ നാവുകൊണ്ട് ഉച്ചരിക്കാൻ വളരെ ലഘുവാണ്. എന്നാൽ തുലാസിൽ വളരെ ഭാരം തൂങ്ങും. സുബ്ഹാനല്ലാഹി വബിഹംദിഹീ (അല്ലാഹുവിന്റെ പരിശുദ്ധതയേയും അവന്റെ മഹത്വത്തേയും ഞാനിതാ പ്രകീർത്തനം ചെയ്യുന്നു) സുബ്ഹാനല്ലാഹിൽ അളിം (മഹാനായ അല്ലാഹു പരിശുദ്ധനാണ്) എന്നീ രണ്ടു വാക്യങ്ങളാണവ. (ബുഖാരി. 9. 93. 652)