Jump to content

തിരഞ്ഞെടുത്ത ഹദീസുകൾ/പാനീയങ്ങൾ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

1) ആയിശ(റ) നിവേദനം: തേൻകൊണ്ട് തയ്യാർ ചെയ്ത ബീറിനെ സംബന്ധിച്ച് നബി(സ)യോട് ചോദിക്കപ്പെട്ടു. അവിടുന്ന് അരുളി. ലഹരിയുണ്ടാക്കുന്ന എല്ലാ പാനീയവും നിഷിദ്ധമാണ്. (ബുഖാരി. 7. 69. 491)

2) ജാബിർ (റ) പറയുന്നു: നബി(സ) ചില പാത്രങ്ങൾ വിരോധിച്ചപ്പോൾ അൻസാരികൾ പറഞ്ഞു: ഞങ്ങൾക്ക് അതു അനിവാര്യമാണല്ലോ. അപ്പോൾ നബി(സ) പറഞ്ഞു; എങ്കിൽ വിരോധമില്ല. (ബുഖാരി. 7. 69. 496)

3) അബ്ദുല്ല(റ) നിവേദനം: തിരുമേനി(സ) ചില പാത്രങ്ങൾ വിരോധിച്ചപ്പോൾ (മദ്യമുണ്ടാക്കുവാൻ ഉപയോഗിച്ചിരുന്ന)എല്ലാവരുടെ കയ്യിലും തോൽപ്പാത്രങ്ങളുണ്ടായിരിക്കുകയില്ലെന്ന് ചിലർ നബി(സ) യോട് ഉണർത്തി. അപ്പോൾ താറിടാത്ത തൊട്ടി ഉപയോഗിക്കുവാൻ നബി(സ) അനുമതി നൽകി. (ബുഖാരി. 7. 69. 497)

4) ജാബിർ (റ) പറയുന്നു: മുന്തിരിയും ഈത്തപ്പഴവും മൂപ്പ് എത്തിയതും എത്താത്തതും തമ്മിൽ കൂട്ടിക്കലർത്തിയുണ്ടാക്കുന്ന പാനീയം കുടിക്കുന്നത് നബി(സ) വിരോധിച്ചിരിക്കുന്നു. (ബുഖാരി. 7. 69. 506)

5) അബൂഖത്താദ(റ) പറയുന്നു: ഉണങ്ങിയ ഈത്തപ്പഴവും പഴുത്ത ഈത്തപ്പഴവും അപ്രകാരം തന്നെ ഉണങ്ങിയ ഈത്തപ്പഴവും ഉണങ്ങിയ മുന്തിരിയും ചേർത്ത് വെളളത്തിലിട്ട് അവയുടെ നീരെടുത്ത് കുടിക്കുന്നതിനെ നബി(സ) വിരോധിച്ചിരിക്കുന്നു. അവയിലൊന്നും വെവ്വേറെ വെളളത്തിലിട്ട് നീരെടുത്ത് കൊളളട്ടെയെന്നാണ് നബി(സ) നിർദ്ദേശിച്ചത്. (ബുഖാരി. 7. 69. 507)

6) ജാബിർ (റ) നിവേദനം: 'നകീഅ്' എന്ന സ്ഥലത്തു നിന്ന് ഒരു പാത്രത്തിൽ കുറച്ച് പാലുമായി അബൂഹുമൈദ്(റ) വന്നു. നബി(സ) അദ്ദേഹത്തെ ഉപദേശിച്ചു. നിങ്ങളെന്തു കൊണ്ട് ഇതു മൂടിക്കൊണ്ട് വന്നില്ല? ഒരു പലകക്കഷ്ണമെങ്കിലും മീതെ വെക്കാമായിരുന്നില്ലേ? (ബുഖാരി. 7. 69. 510)

7) അബൂഹുറൈറ(റ) നിവേദനം: നബി(സ)അരുളി: ധാരാളം പാലുളള ഒട്ടകവും ധാരാളം പാലുളള ആടും ദാനം ചെയ്യുന്നത് ഒരുത്തമ ദാനമത്രെ. അവ പ്രഭാതത്തിലും സായാഹ്നത്തിലും ഓരോ പാത്രം പാൽ പ്രദാനം ചെയ്യും. (ബുഖാരി. 7. 69. 513)

8) ജാബിർ (റ) പറയുന്നു: നബി(സ)ഒരു അൻസാരിയുടെയടുക്കൽ ചെന്നു. കൂടെ നബി(സ)യുടെ ഒരു അനുചരനും ഉണ്ടായിരുന്നു. നബി(സ) അരുളി: ഇക്കഴിഞ്ഞ രാത്രി മുഴുവനും തോൽപ്പാത്രത്തിലിരുന്ന വെളളമുണ്ടെങ്കിൽ കൊണ്ട് വരിക. അതില്ലെങ്കിലോ ഈ ഒഴുകുന്ന വെളളം ഞങ്ങളെടുത്തു കുടിച്ചുകൊളളാം. റാവി പറയുന്നു: ആ വീട്ടുകാരൻ തോട്ടം നനച്ചുകൊണ്ടിരിക്കുകയായിരുന്നു. അദ്ദേഹം പറഞ്ഞു: പ്രവാചകരേ! എന്റെയടുക്കൽ തണുത്ത വെളളമുണ്ട്. അങ്ങുന്ന് പന്തലിലേക്ക് വന്നാലും. അവർ രണ്ടു പേരെയും അദ്ദേഹം പന്തലിലേക്ക് കൂട്ടിക്കൊണ്ടു പോയി. ഒരു കോപ്പയിൽ അല്പം വെളളമൊഴിച്ചു. അനന്തരം തന്റെ ഒരാടിനെ കറന്നു ആ പാൽ അതിൽ കുറച്ചൊഴിച്ചു. നബിയും സ്നേഹിതനും അതുകുടിച്ചു. (ബുഖാരി. 7. 69. 517)

9) നിസ്സാർ (റ) പറയുന്നു: അലി(റ) വാതിലിന്റെ അടുത്തുളള ഒരു വിശാലസ്ഥലത്തു ഇരിക്കുമ്പോൾ ഒരുപാത്രത്തിൽ കുറച്ച് വെളളം അദ്ദേഹത്തിന്റെ അടുത്ത് കൊണ്ട് വരപ്പെട്ടു. അദ്ദേഹം അത് നിന്നുകൊണ്ട് കുടിച്ചു. ശേഷം ഇപ്രകാരം പറഞ്ഞു: നിന്ന് കുടിക്കുന്നതിനെ ചിലർ വെറുക്കുന്നു. അപ്രകാരം ഒരു കറാഹത്തില്ല. തീർച്ചയായും നബി(സ) ഇപ്രകാരം ചെയ്യുകയുണ്ടായി. (ബുഖാരി. 7. 69. 519)

10) നിസ്സാർ (റ) പറയുന്നു: ഇരിക്കുകയായിരുന്നു അലി(റ) താൻ വുളു എടുക്കുന്നതിന്റെ ബാക്കിവെളളം നിന്ന് കൊണ്ട് കുടിച്ചു. ശേഷം പറഞ്ഞു: നിന്ന് കുടിക്കുന്നത് ചിലർ വെറുക്കുന്നു. വാസ്തവത്തിലോ ഞാൻ ചെയ്തത് പോലെ നബി(സ) ചെയ്തത് ഞാൻ കണ്ടിട്ടുണ്ട്. (ബുഖാരി. 7. 69. 520)

11) ഇബ്നുഅബ്ബാസ്(റ) നിവേദനം: നബി(സ) സംസം വെളളം നിന്നുകൊണ്ട് കുടിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. (ബുഖാരി. 7. 69. 521)

12) അബൂസഈദിൽ ഖുദ്രി(റ) പറയുന്നു: വെളളം നിറച്ച തോൽപ്പാത്രം തലകീഴായിപ്പിടിച്ച് വെളളം കുടിക്കുന്നത് നബി(സ) വിരോധിച്ചിരിക്കുന്നു. (ബുഖാരി. 7. 69. 529)

13) അബൂഹുറൈറ(റ) നിവേദനം: വെളളം നിറച്ച തോൽപ്പാത്രത്തിന്റെ വായ തുറന്ന് അതിൽ നിന്ന് വെളളം കുടിക്കുന്നത് നബി(സ) വിരോധിച്ചിരിക്കുന്നു. അപ്രകാരം തന്നെ തന്റെ വളപ്പിൽ തന്റെ അയൽവാസി പന്തലിന്റെയോ മറ്റോ ആവശ്യത്തിന് ഒരുകാൽ കുഴിച്ചിടുന്നത് തടയരുതെന്നും നബി(സ) നിർദ്ദേശിച്ചിരിക്കുന്നു. (ബുഖാരി. 7. 69. 531)

14) സുമാമ:(റ) നിവേദനം: അനസ്(റ) വെളളം കുടിക്കുമ്പോൾ രണ്ടോ മൂന്നോ പ്രാവശ്യം പുറത്തേക്ക് ശ്വാസം വിടാറുണ്ട്. ശേഷം നബി(സ) അപ്രകാരം ചെയ്യാറുണ്ടെന്ന് അദ്ദേഹം പറയുന്നു. (ബുഖാരി. 7. 69. 535)

15) ഉമ്മുസലമ:(റ) നിവേദനം: വെളളിയുടെ പാത്രത്തിൽ കുടിക്കുന്നവൻ തന്റെ വയറ്റിൽ അഗ്നിയാണ് നിറക്കുന്നതെന്ന് നബി(സ) അരുളി. (ബുഖാരി. 7. 69. 538)