തിരഞ്ഞെടുത്ത ഹദീസുകൾ/കാര്യനിർവ്വഹണത്തിന്‌ മറ്റൊരാളെ ഏൽപ്പിക്കൽ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

1) ഉഖ്ബത്ത്(റ) പറയുന്നു: നബി(സ) തന്റെ അനുയായികൾക്കിടയിൽ ഭാഗിച്ചുകൊടുക്കുവാൻ അദ്ദേഹത്തിന്റെ പക്കൽ കുറെ ആടുകളെ ഏൽപ്പിച്ചു. എല്ലാവർക്കും കൊടുത്തു കഴിഞ്ഞപ്പോൾ ഒരാട്ടിൻകുട്ടി ബാക്കി വന്നു. ഈ വിവരം അദ്ദേഹം നബി(സ)യെ ധരിപ്പിച്ചു. നീതന്നെ അതിനെ ബലിയറുക്കുക എന്ന് നബി(സ) അരുളി. (ബുഖാരി. 3. 38. 497)

2) കഅ്ബ്(റ) പറയുന്നു: സൽഅ എന്ന സ്ഥലത്ത് മേഞ്ഞുകൊണ്ടിരുന്ന കുറെ ആടുകൾ അദ്ദേഹത്തിനുണ്ടായിരുന്നു. ഒരാട് ചാവാൻ പോകുന്നത് ഒരു പെൺകുട്ടി കണ്ടു. അവൾ ഒരു കല്ല് പൊട്ടിച്ച് അതു കൊണ്ട് ആടിനെ അറുത്തു. അന്നേരം നിങ്ങളതു തിന്നരുത്. ഇതിനെക്കുറിച്ച് നബി(സ)യോട് ഞാൻ ചോദിക്കട്ടെ എന്ന് കഅബ്(റ) പറഞ്ഞു. അല്ലെങ്കിൽ ഈ വിഷയത്തെക്കുറിച്ച് ചോദിക്കുവാൻ ഒരാളെ അയച്ചു. അതിനെക്കുറിച്ച് ചോദിച്ചപ്പോൾ അതു തിന്നുകൊള്ളാൻ നബി(സ) കൽപിച്ചു. (ബുഖാരി. 3. 38. 500)

3) അബൂഹുറൈറ(റ) നിവേദനം: നബി(സ) ഒരു മനുഷ്യന് ഒരു ഒട്ടകത്തെ നൽകുവാൻ ഉണ്ടായിരുന്നു. അത് ആവശ്യപ്പെട്ടുകൊണ്ട് അയാൾ നബി(സ)യുടെ അടുത്തുവന്നു. അപ്പോൾ നബി(സ) പറഞ്ഞു. നിങ്ങൾ അദ്ദേഹത്തിന് അതിനെ നൽകുവീൻ. അവർ നബി(സ) കടം വാങ്ങിയതു പോലെയുള്ള ഒട്ടകത്തെ അന്വേഷിച്ചു. എന്നാൽ അതിനേക്കാൾ ഉത്തമമായതാണ് അവർ കണ്ടെത്തിയത്. നബി(സ) പറഞ്ഞു. നിങ്ങൾ അതു അദ്ദേഹത്തിന് നൽകുവീൻ. അദ്ദേഹം പറഞ്ഞു: താങ്കൾ എനിക്ക് പൂർത്തിയാക്കിതന്നു. താങ്കൾക്ക് അല്ലാഹു പൂർത്തിയാക്കി തരട്ടെ. നബി(സ) അരുളി: നിങ്ങളിൽ ഏറ്റവും ഉത്തമൻ കടം നന്നായി വീട്ടുന്നവനാണ്. (ബുഖാരി. 3. 38. 501)

4) സഹ്ല്(റ) നിവേദനം: ഒരു സ്ത്രീ നബി(സ)യുടെ അടുത്തുവന്നു പറഞ്ഞു. പ്രവാചകരേ! തീർച്ചയായും എന്റെ ശരീരത്തെ ഞാൻ നിങ്ങൾക്ക് ദാനം നൽകിയിരിക്കുന്നു. അപ്പോൾ ഒരു മനുഷ്യൻ പറഞ്ഞു: അവളെ എനിക്ക് വിവാഹം ചെയ്തു തരിക. നബി(സ) പറഞ്ഞു: ഖുർആനിൽ നിന്ന് നിന്റെ കൂടെയുള്ളതിന് നിനക്കവളെ ഞാൻ വിവാഹം ചെയ്തു തന്നിരിക്കുന്നു. (ബുഖാരി. 3. 38. 505)

5) അബൂസഈദ്(റ) നിവേദനം: ബിലാൽ ഒരിക്കൽ നബി(സ)യുടെ അടുത്തു ബർനി ഇനത്തിൽപ്പെട്ട കുറച്ചു ഈത്തപ്പഴം കൊണ്ടവന്നു. ഇതെവിടെ നിന്ന് കിട്ടി? നബി(സ) ചോദിച്ചു: എന്റെയടുക്കൽ കേടുവന്ന കുറച്ച് ഈത്തപ്പഴമുണ്ടായിരുന്നു. അതു രണ്ടു സ്വാഅ് കൊടുത്തു നബി(സ)ക്ക് വേണ്ടി ഒരു സ്വാഅ് പകരം വാങ്ങിയെന്ന് ബിലാൽ(റ) മറുപടി പറഞ്ഞു. നബി(സ) ആ സന്ദർഭത്തിൽ പറഞ്ഞു: മോശം! മോശം! തനിപ്പലിശ, തനിപ്പലിശ. മേലിൽ അങ്ങനെ ചെയ്യരുത്. നീ നല്ലത് വാങ്ങാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ആ താഴ്ന്ന ഇനം കിട്ടുന്ന വിലക്ക് വിറ്റിട്ട് അതുകൊണ്ട് ഇതു വിലക്ക് വാങ്ങുക. (ബുഖാരി. 3. 38. 506)

6) അംറ്(റ) നിവേദനം: ഉമർ(റ)ന്റെ ധർമ്മത്തെക്കുറിച്ച് നബി(സ) പറഞ്ഞു: അതിനെ സംരക്ഷിക്കുന്നവന് ഭക്ഷിക്കുന്നതിനും തന്റെ സ്നേഹിതനെ ഭക്ഷിപ്പിക്കുന്നതിനും വിരോധമില്ല. ധനം സ്വരൂപിക്കുക എന്ന ചിന്തയില്ലാതെ. ഉമർ(റ)ന്റെ ധർമ്മം ഏറ്റെടുത്തിരുന്നത് ഇബ്നു ഉമർ(റ) ആയിരുന്നു. മക്കയിൽ അദ്ദേഹം ചെല്ലുന്ന സന്ദർഭത്തിൽ താമസിക്കാറുള്ളവർക്ക് അതിൽ നിന്ന് ദാനം നൽകാറുണ്ട്. (ബുഖാരി. 23133. 38. 507)

7) അബ്ദുല്ല(റ)യും അബൂഹുറൈറ(റ)യും നിവേദനം: നബി(സ) അരുളി: ഉനൈസ്! നീ ഇന്ന സ്ത്രീയുടെ അടുത്തു ചെല്ലുക. അവൾ കുറ്റം അംഗീകരിച്ചാൽ അവളെ നീ കല്ലെറിയുക. (ബുഖാരി. 3. 38. 508)

8) ഉഖ്ബത്ത്(റ) നിവേദനം: നുഐമാനേയോ അല്ലെങ്കിൽ അയാളുടെ മകനേയോ മദ്യം കഴിച്ച നിലക്ക് നബി(സ)യുടെ മുമ്പിൽ ഹാജരാക്കി. അപ്പോൾ വീട്ടിലുണ്ടായിരുന്നവരോട് അയാളെ അടിക്കാൻ നബി(സ) കൽപ്പിച്ചു. ഉഖ്ബ(റ) പറയുന്നു: അയാളെ അടിച്ച കൂട്ടത്തിൽ ഞാനുമുണ്ടായിരുന്നു. അയാളെ ഞങ്ങൾ ചെരിപ്പുകൊണ്ടും ഈത്തപ്പനപ്പട്ടകൾ കൊണ്ടും അടിച്ചു. (ബുഖാരി. 3. 38. 509)