Jump to content

താൾ:VairudhyatmakaBhowthikaVadam.djvu/78

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു



ന്നത് ശരിതന്നെ. പക്ഷേ അത് ന്യൂട്ടോണിയൻ ബലതന്ത്രത്തിന്റെ തരത്തിലുള്ളതല്ല. സംഭവ്യതയുടെ അടിസ്ഥാനത്തിലുള്ളതാണ്. കാര്യ-കാരണബന്ധത്തിന്റെ ഈ വശത്തിലേക്ക് വെളിച്ചം വീശുന്നതാണ്, അവശ്യകത-യാദൃച്ഛികത എന്നീ സംവർഗങ്ങൾ.


അവശ്യകതയും യാദൃച്ഛികതയും

മുൻഖണ്ഡത്തിലെ കാര്യ-കാരണ ബന്ധത്തെക്കുറിച്ചുള്ള ചർചയിൽ നിന്നുതന്നെ ആവശ്യകതയും യാദൃച്ഛികതയും തമ്മിലുള്ള വ്യത്യാസം കുറെയൊക്കെ വ്യക്തമായിക്കാണും. ചക്ക വീണപ്പോൾ കിട്ടിയ മുയലിനെപ്പറ്റിയുള്ള കഥയുണ്ടല്ലൊ. അത് യാദൃച്ഛികതയുടെ ഉദാഹരണമാണ്. ഞെട്ടറ്റ ചക്ക താഴെ വീഴുക എന്നത് പ്രകൃതിനിയമമാണ്. അവശ്യം സംഭവിക്കുന്നതുമാണ്. അതേ സമയത്ത് അത് മുയലിന്റെ മേൽ വീഴുകയെന്നത് ആകസ്മികമാണ്, യാദൃച്ഛികമാണ്. മത്തവിത്ത് കുത്തിയിട്ടാൽ മത്തച്ചെടി മുളക്കുകയെന്നത്-വേണ്ട വെള്ളമുണ്ടെങ്കിൽ-അവശ്യം സംഭവിക്കുന്ന ഒരു പ്രക്രിയയാണ്. പെട്ടെന്ന് ഒരു പേമാരി വന്ന് അത് നശിച്ചുപോയേക്കാം. അല്ലെങ്കിൽ അതിലെ ഓടിപ്പോയ പശുവിന്റെ കുളമ്പിനടിയിൽപെട്ട് അത് ഞെരിഞ്ഞുപോയേക്കാം. രണ്ടും യാദൃച്ഛിക സംഭവങ്ങളാണ്. മത്തച്ചെടിയെ സംബന്ധിച്ചിടത്തോളം അതിന്റെ വളർചയിലെ അവശ്യഘടകങ്ങളല്ല അവ. അന്നത്തെ അന്തരിക്ഷത്തിലെ താപം, മർദം, ഈർപം എന്നീ പരിതഃസ്ഥിതികളുടെ അടിസ്ഥാനത്തിൽ പേമാരി അവശ്യം സംഭവിക്കേണ്ട ഒരു പ്രതിഭാസമായിരിക്കാം. പശു നിത്യേന തൊഴുത്തിലേക്ക് നടന്നുപോകുന്ന വഴിയിലായിരിക്കാം മത്തവിത്ത് നട്ടത്. പശുവിന് ആ വഴി നടക്കേണ്ടത് ആവശ്യമായിരിക്കാം. ഒരു പ്രക്രിയയുടെ അല്ലെങ്കിൽ വസ്തുവിന്റെ സത്തയിൽ നിന്നാണ് അവശ്യകത ഉദ്ഭവിക്കുന്നത്. യാദൃച്ഛിക സംഭവങ്ങളും അകാരണങ്ങളല്ല. പക്ഷേ, ആ കാരണം ആ വസ്തുവിലോ സംഭവത്തിലോ അടങ്ങുന്നതല്ല, അവയ്ക്ക് ബാഹ്യമാണ്.

ചില കേവലവാദികൾ യാദൃച്ഛികത എന്ന സങ്കൽപത്തോട് യോജിക്കുന്നില്ല. അവരെ സംബന്ധിച്ചിടത്തോളം എല്ലാം അവശ്യകതകളാണ്. അനിവാര്യങ്ങളാണ്. സംഭവിക്കാനുള്ളത് സംഭവിക്കുക തന്നെ ചെയ്യും. അവശ്യകതയുടെ ഈ ഉരുക്കുനിയമത്തിനെതിരെ മനുഷ്യൻ ഒന്നും ചെയ്യാൻ കഴിയാത്തവനാണ്. ഇങ്ങനെ പോകുന്നു അവരുടെ വാദം. മറ്റു ചില ദാർശനികർ, പ്രത്യേകിച്ചും മൗലികകണങ്ങളെപ്പറ്റി പഠിക്കുന്ന ഭൗതികജ്ഞർ, പ്രകൃതിയിൽ യാതൊന്നും തന്നെ നിശ്ചിതമായിട്ടില്ല. എല്ലാം യാദൃച്ഛിക സംഭവങ്ങളാണ്, അപ്രവചനീയങ്ങളാണ് എന്നൊക്കെ വാദിക്കുന്നു. ശാസ്ത്രത്തിന്റെ അടിത്തറയെത്തന്നെ അവർ ചോദ്യം ചെയ്യുകയാണ്. ഈ രണ്ട് കാഴ്ചപ്പാടുകളും തെറ്റാണ്. ഒരേ പ്രക്രിയയിൽതന്നെ അവശ്യകതയുടെയും യാദൃച്ഛികതയുടെയും അംശം കാണാം. പുളിമരത്തിൽ പുളി കായ്ക്കുന്നു. പുളിയേ കായ്ക്കു. മാങ്ങയോ ചക്കയോ കായ്ക്കില്ല. ഇത് അവശ്യകതയാണ്. പക്ഷേ, ഒരു കായ, അതിന്റെ വളവ് എന്തുകൊണ്ട് ഇടത്തോട്ടായി? എന്തുകൊണ്ട് വലത്തോട്ടായില്ല. പ്രത്യേകിച്ച് ഒരു കാരണവുമില്ല. വെറും യാദൃച്ഛികം മാത്രമാണത്.

79
"https://ml.wikisource.org/w/index.php?title=താൾ:VairudhyatmakaBhowthikaVadam.djvu/78&oldid=219029" എന്ന താളിൽനിന്ന് ശേഖരിച്ചത്