താൾ:VairudhyatmakaBhowthikaVadam.djvu/70

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു



പുലർതാനാവാതെ വരുന്നു. പുതിയ രൂപം കൈക്കൊള്ളാൻ, പുതിയ ഉല്പാദനബന്ധങ്ങൾ രൂപപ്പെടുത്താൻ നിർബന്ധിതമാകുന്നു. ഈ ഉദാഹരണത്തിൽ നിന്ന് ചില വസ്തുതകൾ വ്യക്തമായിത്തീരുന്നു.

  1. ഉള്ളടക്കവും രൂപവും തമ്മിൽ വൈരുധ്യമുണ്ട്.
  2. ഉള്ളടക്കം രൂപത്തേക്കാൾ ചലനാത്മകമാണ്. ആത്യന്തികമായി അതാണ് രൂപത്തെ നിർണയിക്കുന്നത്.
  3. രൂപം ഒന്നുകിൽ ഉള്ളടക്കത്തിന്റെ വികാസത്തെ തടസപ്പെടുത്താം, അല്ലെങ്കിൽ ത്വരിതപ്പെടുത്താം.

സാമൂഹ്യ ഉൽ പാദനത്തിന്റെ രംഗത്ത് മാത്രമല്ല, ജീവിപരിണാമത്തിന്റെയും ശാസ്ത്രപുരോഗതിയുടെയും കലാ-സാംസ്കാരികമുന്നേറ്റത്തിന്റെയും എല്ലാ രംഗങ്ങളിലും ഉള്ളടക്കവും രൂപവും തമ്മിലുള്ള ഈ വൈരുധ്യാത്മകബന്ധം കാണാവുന്നതാണ്. ഏതാനും ചില ഉദാഹരണങ്ങൾ കൂടി എടുക്കാം.

ഡാർവിന്റെ പരിണാമസിദ്ധാന്തത്തിന് അവലംബമായിരുന്ന ഫിഞ്ച് പക്ഷികളുടെ സവിശേഷതകൾ പ്രസിദ്ധമാണ്, ആ സ്പീഷീസിൽ പെട്ട പക്ഷികളുടെ ആകൃതിയിൽ, കൊക്കിന്റെ നീളം ബലം മുതലായവയിലും നഖത്തിലും എല്ലാം ഗണ്യമായ വ്യത്യാസം വന്നതെങ്ങനെ എന്ന അന്വേഷണമാണ് ഡാർവിനെ ഈ സിദ്ധാന്തത്തിൽ എത്തിച്ചത്. പരിതഃസ്ഥിതികളിലുള്ള വ്യത്യാസം ആഹാര സമ്പാദനത്തിലും മറ്റ് ജീവിതചര്യകളിലും മാറ്റം വരുത്താൻ നിർബന്ധിച്ചു. ഓരോ സ്ഥലത്തും അതിന് അനുകൂലമായ രൂപമുള്ളവ അതിജീവിച്ചു. ക്രമത്തിൽ സ്പീഷിസിന്റെയും ആകൃതിയിൽ ഈ വ്യത്യാസങ്ങൾ രൂഢമൂലമായി.

പുതിയ പുതിയ ഉള്ളടക്കങ്ങൾ ആവിഷ്കരിക്കേണ്ടി വന്നപ്പോൾ പുതിയ പുതിയ കലാരൂപങ്ങൾ ഉടലെടുത്തതും ചരിത്രത്തിൽ കാണാവുന്നതാണ്. തിരുവാതിരക്കളിയുടെ രൂപത്തിൽ വീരരസപ്രധാനമോ ഹാസ്യരസപ്രധാനമോ ആയ പ്രമേയങ്ങൾ അവതരിപ്പിക്കാൻ പ്രയാസമാണ്. അതുപോലെ പരിശമുട്ടുകളിയുടേ രൂപത്തിൽ ശൃംഗാരപ്രധാനമായ ഉള്ളടക്കം കൊടുക്കാനും പറ്റില്ല. ഉള്ളടക്കവും രൂപവും പരസ്പരം സ്വതന്ത്രങ്ങളല്ല.

തന്റെ വംശത്തിന്റെ ഉൽപത്തി മുതൽ മനുഷ്യൻ മാനത്തെ അദ്ഭുതങ്ങൾ വീക്ഷിക്കാൻ തുടങ്ങിയിട്ടുണ്ട്. ഏറ്റവും പഴക്കമുള്ള ശാസ്ത്രങ്ങളിൽ ഒന്നാണ് ജ്യോതിശാസ്ത്രം. ചിങ്ങം, കന്നി, .... എന്നിങ്ങനെ 12 രാശികളിലായി ക്രാന്തിവൃത്തത്തെ വിഭജിച്ചതിന് അയ്യായിരം കൊല്ലത്തെ പഴക്കമുണ്ട്. ഹിപ്പാർകസും ടോളമിയും ആര്യഭട്ടനും ബ്രഹ്മഗുപ്തനുമൊക്കെ പ്രശസ്തരും പ്രഗദ്ഭരുമായ ജ്യോതിശാസ്ത്രജ്ഞരായിരുന്നു. എന്നാൽ കഴിഞ്ഞ് അര സഹസ്രാബ്ദത്തിനുള്ളിൽ, വിശിഷ്യ കഴിഞ്ഞ അര നൂറ്റാണ്ടിനുള്ളിൽ, ജ്യോതി-

71
"https://ml.wikisource.org/w/index.php?title=താൾ:VairudhyatmakaBhowthikaVadam.djvu/70&oldid=172114" എന്ന താളിൽനിന്ന് ശേഖരിച്ചത്