താൾ:VairudhyatmakaBhowthikaVadam.djvu/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നുനിർണായകഘട്ടം ഡി എൻ എ യുടെ രൂപീകരണമാണ്. ജീവശരീരത്തിന്റെ ഏറ്റവും പ്രധാനമായ ഘടകങ്ങളിലൊന്നാണല്ലോ പ്രോട്ടീനുകൾ. ജീവന്റെ നിലനിൽപിനെ ബാധിക്കുന്ന രണ്ട് പ്രധാന ധർമങ്ങൾ അവ നിർവഹിക്കുന്നു. ഒന്നാമതായി, ജൈവഗുണങ്ങൾ നിലനിൽക്കാൻ തക്കവണ്ണം സങ്കീർണമായ ഘടനാവിശേഷം ജീവശരീരത്തിന് നൽകുന്നത് അവയാണ്. വ്യത്യസ്ത ജീവികളുടെ ഘടനാപരമായ വൈവിധ്യത്തിന് കാരണവും പ്രോട്ടീനുകളുടെ ഈ സ്വഭാവവിശേഷമാണ്. രണ്ടാമതായി, രാസപ്രതിപ്രവർത്തനങ്ങളെ ത്വരിതപ്പെടുത്തുന്നു എൻസൈമുകളായും പ്രോട്ടീനുകൾ വർത്തിക്കുന്നു.

ഏകദേശം 100 മുതൽ 300 വരെ അമിനോ അമ്ളതൻമാത്രകൾ കൂടിച്ചേർന്നാണ് പ്രോട്ടീൻ തന്മാത്രകൾ ഉണ്ടാകുന്നത്. രണ്ട് ഡസനോളം അമിനോ അമ്ളങ്ങൾ ഉണ്ട്. ഇവ പല രീതിയിലും അനുപാതത്തിലും കൂടിച്ചേരുന്നതുകൊണ്ടാണ് പ്രോട്ടീനുകൾക്ക് എണ്ണമറ്റ വൈവിധ്യം ലഭിക്കുന്നത്. ഏതേത് അമിനോ അമ്ളങ്ങളാണ് ഒരോ പ്രോട്ടീനിന്റെയും നിർമ്മിതിയിൽ പങ്കുചേരേണ്ടത്, ഏതു ചേരുവയിലും ക്രമത്തിലും ആണ് അത് നടക്കേണ്ടത് എന്ന് നിർണയിക്കുന്നത് ഡി എൻ എ ആണ്. ഡി എൻ എ യുടെ നിർദേശങ്ങൾ വേണ്ടിടങ്ങളിൽ കൊണ്ടെത്തിക്കുന്ന ദൂതൻമാരാണ് ആർ എൻ എ. ഇങ്ങനെയുള്ള ഡി എൻ എ - ആർ എൻ എ കൂട്ടുപ്രവർത്തനമാണ് ജീവൻ എന്ന പ്രതിഭാസത്തിന്റെ അടിസ്ഥാനം എന്ന് ഇന്ന് സാമാന്യമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. തന്മാത്രാജീവശാസ്ത്രത്തിൽ അടുത്ത കഴിഞ്ഞ ഏതാനും വർഷങ്ങളിൽ ഉണ്ടായ പുരോഗതിയാണ് ഇത്രയും വിവരങ്ങൾതന്നെ ലഭിക്കുന്നതിന് കാരണം. തികച്ചും അചേതനങ്ങളായ രാസയൗഗികങ്ങളിൽ നിന്ന് ആരംഭിച്ച് ഡി എൻ എയുടെ ഒരു ഭാഗം (ഒരു ജീൻ) സംശ്ലേഷിക്കുവാൻ ഇന്ന് കഴിഞ്ഞിട്ടുണ്ട്. ഹർ ഗോവിന്ദ് ഖൊരാന എന്ന ഭാരതീയനായ അമേരിക്കൻ ശാസ്ത്രജ്ഞന് നോബൽ സമ്മാനം കിട്ടിയത് അതിനാണ്.

ജീവനെന്ന 'അദ്ഭുതപ്രതിഭാസം' മനുഷ്യന്റെ പരീക്ഷണനാളിയിൽ ഇന്നല്ലെങ്കിൽ നാളെ സൃഷ്ടിക്കപ്പെടുമെന്ന് നമുക്ക് ന്യായമായും പ്രതീക്ഷിക്കാം.


ജീവന്റെ രൂപീകരണം

ഭൂമിയിൽ ആദ്യമായി ജീവൻ എങ്ങനെയുണ്ടായി? അതിനെങ്ങനെ ഇന്നത്തെ വൈവിധ്യം സിദ്ധിച്ചു? ഇത്തരം പല പ്രശ്നങ്ങളും പൂർണമായി ഉത്തരം ലഭിക്കാതെ ഇനിയും അവശേഷിക്കുന്നുണ്ട്. ജീവൻ ഭൂമിയിൽതന്നെ രൂപം കൊണ്ടാതാണോ? അതോ മറ്റേതെങ്കിലും ഗോളങ്ങളിൽ രൂപംകൊണ്ടശേഷം ഭൂമിയിൽ എത്തിച്ചേർന്നതാണോ? പണ്ടൊക്കെ രണ്ടാമത്തേതിൽ വിശ്വസിക്കുന്നവരായിരുന്നു കൂടുതൽ. പക്ഷെ, അത് പ്രശ്നത്തെ മറ്റൊരിടത്തേക്ക് തള്ളിവിടുക മാത്രമാണ് ചെയ്യുന്നത്. ഭൂമിയിൽ കാണുന്ന ജീവൻ രൂപംകൊണ്ടത് ഇവിടെവെച്ചുതന്നെയാണ് എന്ന് വിശ്വസിക്കുന്നവരാണ് ഇന്ന് ഭൂരിപക്ഷവും. പക്ഷെ, ഈ ഭൂമിയും മറ്റു ഗ്രഹങ്ങളുംതന്നെ എങ്ങനെ ഉണ്ടായി? എന്ന് ഉണ്ടായി?

43
"https://ml.wikisource.org/w/index.php?title=താൾ:VairudhyatmakaBhowthikaVadam.djvu/42&oldid=172083" എന്ന താളിൽനിന്ന് ശേഖരിച്ചത്