താൾ:Sree Aananda Ramayanam 1926.pdf/87

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആനന്ദരാമായണം


ശത്രുഘ്നന്മാരായും അവതരിച്ചിരിക്കുന്നു. സാക്ഷാൽ മഹാവിഷ്ണുവിനെത്തന്നെ പുത്രനായി ലഭിച്ചതുകൊണ്ട് അങ്ങയെപ്പോലെ ഒരു ഭാഗ്യവാൻ വേറെ ഇല്ല എന്നു പറഞ്ഞു മുൽഗലമഹർഷി ദശരഥനെ ബഹുമാനിച്ചു പറഞ്ഞയച്ചു. പരമശിവൻ പറയുന്നു.

അനന്തരം ദശരഥൻ ഏറ്റവും കൃതാർത്ഥതയോടെ രാമലക്ഷ്മണന്മാരെ ആലിംഗനം ചെയ്തു സന്തോഷത്തോടുകൂടി പരിവാരസമേതനായി അയോദ്ധ്യയിലേയ്ക്കുള്ള യാത്രയെ തുടർന്നു. മഹാരാജാവിന്റെ എഴുന്നെള്ളത്തുണ്ടെന്ന് അറിഞ്ഞു മന്ത്രിമാർ കൊടിക്കുറകൾ ഉയർത്തി, തോരണം നാട്ടി, നഗരം അലങ്കരിക്കുകയും വീഥികളിൽ ചന്ദനച്ചാർ തളിക്കുകയും മംഗളവാദ്യങ്ങളെ മുഴക്കുകയും ചെയ്തു മഹാരാജാവിനെ പട്ടണപ്രവേശം ചെയ്യിച്ചു. പൌരസ്ത്രീകൾ കുട്ടികളേയും എടുത്തുകൊണ്ടു മാളികകളുടെ മുകളിൽ കയറിനിന്നു മഹോത്സവത്തോടുകൂടി വരുന്ന ശ്രീരാമന്റെ ശിരസിൽ സ്വർണ്ണപുഷ്പങ്ങളെ വർഷിച്ചു. ചില സ്ത്രീകൾ ദശരാഥികളുടെ മുമ്പിൽ വന്നു ദൃഷ്ടദോഷപരിഹാരത്തിനായി കംഭദീപംകൊണ്ടു നീരാജനം ചെയ്ത് ഉപചരിച്ചു. ഇങ്ങിനെയുള്ള മഹോത്സവങ്ങളോടുകൂടി ദശരഥൻ തന്റെ‌ രാജധാനിയിൽ പ്രവേശിക്കുകയും പിന്നെ തന്നോടുകൂടെ വന്നവരായ ജനകരാജമന്ത്രിമാരെ വിരുന്നുകൊണ്ടും സമ്മാനങ്ങളെക്കൊണ്ടും തൃപ്തിപ്പെടുത്തി മിഥിലയിലേയ്ക്കു പറഞ്ഞയയ്ക്കുകയും ചെയ്തു. ഇങ്ങിനെ കൊല്ലംതോറും ഉത്സവങ്ങൾക്കു ജനകൻ ദശരഥനെ ക്ഷണിച്ചു ബഹുമാനിച്ചുംകൊണ്ടു വന്നു. ഇങ്ങിനെ കുറെക്കാലം കഴിഞ്ഞു. ശ്രീരാനേക്കാൾ ആറു മാസത്തെ വയസ്സു കുറഞ്ഞവളായ സീതാദേവിവിവാഹശേഷം പതിനൊന്നാമത്തെ വർഷത്തിൽ ഋതുവായി മംഗളസ്നാനം ചെയ്തു. ഈ വർത്തമാനം ദശരഥൻ മിഥിലയിലേയ്ക്ക് അറിയിക്കുകയും ജനകമഹാരാജാവു പത്നിമാരോടും മന്ത്രിമാരോടും കൂടി അയോദ്ധ്യയിലേയ്ക്കു വരികയും ദശരഥൻ അദ്ദേഹത്തെ ആദരപൂർവ്വം സ്വീകരിച്ചു സല്ക്കരിക്കുകയും ചെയ്തു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/87&oldid=171045" എന്ന താളിൽനിന്ന് ശേഖരിച്ചത്