താൾ:Sree Aananda Ramayanam 1926.pdf/109

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആനന്ദരാമായണം


യാകവോളം പാനം ചെയ്തു കരയിലുള്ള മരങ്ങളിലെ പഴങ്ങൾ പറിച്ചു ഭക്ഷിച്ചു കുറച്ചു നേരം ആ തടാകത്തീരത്തിൽ വിശ്രമിച്ചു.ആ സമയത്ത് വിരാധൻ എന്ന് പേരായ ഒരു രാക്ഷസൻ കാണികൾക്ക് ഭയം തോന്നിപ്പിക്കുന്ന ഭൂതാകൃതിയായ ശരീരത്തോടും വായിൽ ഭയങ്കരമായ ദംഷ്ട്രകളോടുംകൂടിയവനായി ഘോരമായി അട്ടഹസിച്ചു കൊണ്ടും അനേകം മനുഷ്യരെ കഴുത്തിൽ കുത്തി കോർത്തതായ ഒരു ശൂലായുധം ധരിച്ചുകൊണ്ടും വ്യാഘ്രം,ഗജം,മഹിഷം മുതലായ മൃഗങ്ങളെ കൊന്നുതിന്ന് കൊണ്ടും തങ്ങളുടെ നേരിട്ടുവരുന്നതായി കാണപ്പെട്ടു.അപ്പോൾ ശ്രീരാമൻ 'ഹേ ലക്ഷ്മണ! നീ സീതയെ കാത്തുകൊണ്ട് ഇരുന്നു കൊൾക ഞാൻ ഇതാ ഈ വരുന്ന ദക്ഷനെ സംഹരിക്കട്ടെ'എന്നു പറഞ്ഞു. അപ്പോഴേക്കു വിരാധൻ അവരുടെ അടുത്ത് എത്തിക്കഴിഞ്ഞു. അവൻ മൂവ്വരോടും പ്രത്യേകം പ്രത്യേകം നിങ്ങൾ ആരാണെന്ന് ചോദിക്കുകയും അതിന്നു ശ്രീരാമൻ തങ്ങൾ ഇന്നവരാണെന്നു പറഞ്ഞുകൂടാതെ താൻ കാട്ടിൽ വന്ന സംഗതി ഇന്നതാണെന്ന് വ്യക്തമാക്കുകയും ചെയ്തു.അപ്പോൾ വിരാധൻ ചിരിച്ചും കൊ​ണ്ട് 'ഞാൻ ലോക പ്രസിദ്ധനായ വിരാധനാണെന്നുള്ള സംഗതി അറിഞ്ഞില്ലായിരിക്കും!എന്നെ ഭയപ്പെട്ടു ഈ കാട്ടിൽ പാർത്തിരുന്ന അനേകം മുനിമാർ ഇരുന്ന സ്ഥലം അറിയാത്ത വിധത്തിൽ ഓടിക്കളഞ്ഞു.നിങ്ങൾ രണ്ടു പേർക്കും ജീവനിൽ കൊതി ഉണ്ടെങ്കിൽ നിങ്ങളുടെ ആയുധങ്ങളെല്ലാം ഇവിടെ ഇട്ടേച്ചു വേഗത്തിൽ ഓടിക്കൊൾവിൻ.ഇല്ലാത്ത പക്ഷം ഈ നിമിഷത്തിൽ തന്നെ നിങ്ങളെ ഞാൻ തിന്നു കളയും'എന്നു പറഞ്ഞു തന്റെ വലിയ കൈകൾ നീട്ടികൊണ്ടു സീതയെ പിടിപ്പാനായ് എത്തി.തൽക്ഷണം ശ്രീരാമൻ ഒരു ബാണം പ്രയോഗിച്ച് അവന്റെ ഇരു കൈകളും ഛേദിച്ചു കളഞ്ഞു. അപ്പോൾ വിരാധൻ ഏറ്റവും കുപിതനായിത്തീർന്നു ഗുഹയെപ്പോലെ വായ്പിളർന്നു കൊണ്ടു ശ്രീരാമന്റെ നേരെ പാഞ്ഞു.ആ സമയത്തു രാമൻ മറ്റൊരു ബാണം പ്രയോഗിച്ച് അവന്റെ കാലുകളെയും മുറിച്ചു കളഞ്ഞു. കാലും കയ്യും ഇല്ലാത്തവനായി.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/109&oldid=170780" എന്ന താളിൽനിന്ന് ശേഖരിച്ചത്