താൾ:SreeHalasya mahathmyam 1922.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൨ ഹാലാസ്യമാഹാത്മ്യംന്യശരണനായി വസിക്കുന്ന ദേവേന്ദ്രന്റെ മുമ്പിൽ തന്റെ അദൃശ്യഭാവത്തെ മാറ്റി ബൃഹസ്പതിഭഗവാൻ പ്രത്യക്ഷനായി. ഇന്ദ്രൻ അതിവേഗത്തിൽ താമരനൂലിനകത്തുനിന്നും വെളിയിൽവന്നു തന്റെ സകല അപരാധങ്ങളും ക്ഷമിച്ചുരക്ഷിക്കണമെന്നും അപേക്ഷിച്ച് ബൃഹസ്പതിയുടെ പാദങ്ങളിൽ സാഷ്ടാംഗപ്രണാമം ചെയ്തു. കരുണാനിധിയായ ആ ഗുരൂഭൂതൻ ‌ഉടനെ തന്റെ ശിഷ്യനെ പിടിച്ചെഴുന്നേല്പിച്ചിട്ട് ഇങ്ങനെ പറഞ്ഞു:_

അല്ലയൊ ദേവേന്ദ്ര! ബ്രഹ്മഹത്യാപാപത്തിൽനിന്നും ഞാൻ നിന്നെ രക്ഷിച്ചുകൊള്ളാം. നീ ഒട്ടും ഭയപ്പെടേണ്ട. പാപശാന്തിക്കു തക്കതായ ഒരു പ്രായശ്ചിത്തം ഞാൻ ജ്ഞാനദൃഷ്ടികൊണ്ടു കണ്ടുപിടിച്ചിട്ടുണ്ട്. അതു മറ്റൊന്നും അല്ല;സർവജ്ഞനായ പരമശിവന്റെ ലിംഗാർച്ചനമാണ്. പാപരോഗശാന്തിക്കു ഇത്രനല്ലതായ ഒരു ദിവ്യൌഷധം വേറൊന്നുംതന്നെയില്ല. ഭക്തവത്സലനായ ഭഗവാൻ തന്റെ സേവകന്മാരുടെ പാപശാന്തിക്കായിട്ടാണു് ഉത്തമക്ഷേത്രങ്ങളിൽ സാന്നിദ്ധ്യംചെയ്യുന്നത്. അതുകൊണ്ടു നീ കൈലാസം തുടങ്ങിയുള്ള എല്ലാ പുണ്യക്ഷേത്രങ്ങളിലും പോയി ഭക്തിപൂർവം തീർത്ഥങ്ങളിൽ എല്ലാം സ്നാനം ചെയ്യുകയും ശിവലിംഗങ്ങളെ എല്ലാം അർച്ചിക്കുകയും ചെയ്ക. ഇങ്ങനെ ചെയ്താൽ എല്ലാ ശിവക്ഷേത്രങ്ങളിലും ശിവതീർത്ഥങ്ങളിലും ഉത്തമമായ ക്ഷേത്രവും തീർത്ഥവും ഉള്ള സ്ഥാനത്തിൽചെല്ലുമ്പോൾ നിന്റെ ബ്രഹ്മഹത്യാപാപത്തിനു ശാന്തിയുണ്ടാകും. യാതൊരു സംശയവും ഇല്ല. ഇപ്പോൾ മുതൽ തീർത്ഥാടനം ആരംഭിച്ചുകൊള്ളുകയെന്നു പറഞ്ഞു അദ്ദേഹം വീണ്ടും ദേവാചാര്യഭാവത്തെ അംഗീകരിച്ചു.

ദേവേന്ദ്രൻ ബൃഹസ്പതിയുടെ ഇപ്രകാരമുള്ള ഉപദേശങ്ങൾ കേട്ടു് ബ്രഹ്മഹത്യയിലുള്ള ഭയം ഉപേക്ഷിച്ചു ഗുരുഭൂതനോടു ദേവലോകത്തുപോയി ഭാണതുണീരകോദണ്ഡപാണിയായി തന്റെ ഉച്ചൈശ്രവസ്സിന്റെ പുറത്തുകയറി മറ്റുള്ള ദേവന്മാരോടും ഗുരുഭൂതനോടുംകൂടി നായാട്ടിനെന്നുള്ള വ്യാജേന ഭൂലോകത്തേക്കു പുറപ്പെട്ടു് ദുഷ്പ്രാപ്യങ്ങളായ പല ശൈലാരണ്യങ്ങളിലും പ്രവേശിച്ച് സിംഹം, കടുവാ, പുലി, മുതലായപല ദുഷ്ടമൃങ്ങളേയും വേട്ടയാടുകയും, കൈലാസാദികളായ പുണ്യക്ഷേത്രങ്ങൾ ദർശിക്കുകയും, ഗംഗ, തുടങ്ങിയ പുണ്യതീർത്ഥങ്ങളിൽ എല്ലാം സ്നാനംചെയ്യുകയും കണ്ടകണ്ട ശിലവിംഗങ്ങളെ എല്ലാം വിധിപ്രകാരം പൂജിക്കുയും ചെയ്തുകൊണ്ടു ചുറ്റിനടന്നു. അതുകൊണ്ടൊന്നും ബ്രഹ്മഹത്യാപാപം ദേവേന്ദ്രനെ വിട്ടുമാറിയില്ല. അഞ്ജനപർവതംപോലെ ഘോരരൂപിണിയായ ബ്രഹ്മഹത്യാ മുസലവുമായിതിന്റെ പുറകിൽ നില്ക്കുന്നതായിത്തന്നെ ദേവേന്ദ്രൻ എപ്പോഴും തോന്നിക്കൊണ്ടിരുന്നു. തന്മൂലം ഭയാകുലനായ ദേവേന്ദ്രൻ തിരിഞ്ഞുനോക്കിയും ഓടിയും സുന്ദരേശലിംഗത്തിന്റെ ദിവ്യസാന്നിദ്ധ്യംകൊണ്ടു അതിപാവനമായ കദംബവനത്തെ പ്രാപിച്ചു. അവിടെചെന്നപ്പോൾ ഇന്നവണ്ണമെന്നു പറയാൻ പാടില്ലാത്ത ഒരു ആനന്ദവും സന്തോഷവും സമാധാനവും ഇന്ദ്രനുണ്ടായി. അദ്ദേഹം വിസ്മയപൂർവം മറ്റുള്ള ദേവന്മാരെ നോക്കി ഇങ്ങനെപറഞ്ഞു:_


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/54&oldid=170734" എന്ന താളിൽനിന്ന് ശേഖരിച്ചത്