നാല്പത്തിഒന്നാം അദ്ധ്യായം - മുപ്പത്തിഅഞ്ചാം ലീല ൩൦൯
അടുത്തദിവസം രാവിലെ എഴുന്നേറ്റ് ഭസ്മരുദ്രാക്ഷധാരിയും സൈന്യസഹായനും ആയി സുന്ദരേശ്വരസന്നിധിയെ പ്രാപിച്ച് മൂലലിംഗാധിപനായ അദ്ദേഹത്തെ പലതവണയും നമസ്കരിക്കുകയും പലതും പ്രാർത്ഥിക്കുകയും ചെയ്തിട്ട്, അത്യന്തം സ്ഥൈര്യത്തോടുകൂടി പ്രദക്ഷിണമാർഗ്ഗമായി പരിബന്ധികളുടെ പാളയം നോക്കി പുറപ്പെട്ടു.
കാലതാമസംകൂടാതെ ബലവീര്യശൌര്യാംഭോധിയായ അനുജാധമന്റേയും ചോളാധിപന്റേയും സൈന്യങ്ങളെ കണ്ടുമുട്ടുകയും അവരും രാജേന്ദ്രപാണ്ഡ്യനും തമ്മിൽ ഘോരസമരം തുടങ്ങുകയും ചെയ്തു.
ഈ അവസരത്തിൽ അല്പസൈന്യസഹായനായി വന്നിരിക്കുന്ന ജ്യേഷ്ഠനെക്കണ്ട് അവസാനമില്ലാത്ത പടയാളികളുടെ നേതാവായ അനുജൻ രാജസിംഹപാണ്ഡ്യൻ വളരെ നിന്ദാസ്വരത്തിൽ, ഇതെന്തൊരു രൂത്താണ്? കണ്ണൻചിരട്ടകൊണ്ട് കടൽവെള്ളം കോരി വറ്റിക്കാൻ പോകുന്നതുപോലെയല്ലെ സംഖ്യാതീതമായ എന്റെ ചതുരംഗിണിയെ ജയിക്കുന്നതിനായി ജ്യേഷ്ഠൻ എവിടെനിന്നോ അഭ്യാസഹീനന്മാരും അശക്തരും ആയ കുറെ ഭടന്മാരേയും ശേഖരിച്ചുംകൊണ്ട് യുദ്ധത്തിനു വന്നിരിക്കുന്നു. യുദ്ധംതന്നെ തുടങ്ങിക്കൊള്ളണം. വിരോധമില്ല. ആയുധംവച്ച് അഭയം യാചിച്ചേതെങ്കിൽ ജീവനെങ്കിലും ളഭിക്കുമായിരുന്നു. അതു വേണ്ടന്നല്ലേ ഇപ്പോഴത്തെ ഭാവം എന്നുപറഞ്ഞു.
ഇടിനിടയിൽ ഇരുകക്ഷിയിലും ഉള്ള സൈന്യങ്ങൾ തമ്മിൽ അടുത്ത് വെട്ടിയും കുത്തിയും മറ്റും യുദ്ധം തകൃതിയായി ചെയ്തുതുടങ്ങി. ഭടന്മാരുടെ സിംഹനാദങ്ങളും യുദ്ധവീരന്മാരുടെ ജ്യാനാദങ്ങളും മനോവേഗാതീതമാകുംവണ്ണം സർവത്ര ചുറ്റിപ്പായുന്ന രഥങ്ങളുടെ ഭ്രമണഘോഷങ്ങളും ആനകളുടെ അമറക്കങ്ങളും കുതിരകളുടെ ഹേഷാരവങ്ങളും കാഹളനാദങ്ങളും പെരുമ്പറമുഴക്കങ്ങളും മറ്റും കൊണ്ട് മൂന്നുലോകങ്ങളും ഒന്നുപോലെ ഇളകി; കബന്ധങ്ങളെക്കൊണ്ട് യുദ്ധക്കളം മൂടി. രോഷാധിക്യവും ശൌര്യവേഗവുംകൊണ്ട് ഇരുകക്ഷിയിലുമുള്ള സൈന്യങ്ങൾ തന്നെത്താൻ പോലും മറന്ന് തുടങ്ങിയ ആ ഭയംകരയുദ്ധംപോലെ അതിനുമുമ്പിൽ ഒരു യുദ്ധം ഉണ്ടായിട്ടില്ലെന്ന് യുദ്ധകോലാഹലം കാണാനായി ആകാശതലത്തിൽ വന്നുനിറഞ്ഞ ദേവകൾ ഒന്നുപോലെ തലകുലുക്കി സമ്മതിച്ചു.
നേരവും ഉച്ചയായി; തീജ്വലയെക്കാളും കഠിനമായ ഊഷ്മാവോടുകൂടിയ അത്യുഷ്ണത്താൽ ബാധിതമായ ആ ഗ്രീഷ്മകാലത്തിലെ മദ്ധ്യാഹ്നസമയത്തെ വെയിലുകൊണ്ടപ്പോൾ ഇരുകക്ഷിയിലെ സൈന്യങ്ങളും ഒന്നുപോലെ ക്ഷീണിച്ച് ക്ഷുത്തൃഡാർത്തന്മാരായി, ജലമെവിടെ എന്നുള്ള വിളിയോടുകൂടെ പന്തിരിഞ്ഞു.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.