താൾ:SreeHalasya mahathmyam 1922.pdf/247

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മുപ്പത്തിമൂന്നാം അദ്ധ്യായം - ഇരുപത്തിഏഴാം ലീല ൧൮൯

കഴിച്ചുകളയാം. അതു് ലോകാപദാവാദംകൂടാതെ പറ്റിക്കുന്നതിന്നു തക്കസൌകര്യം ഇയ്യാൾതന്നെ ഉണ്ടാക്കിയതു എന്റെ മഹാഭാഗ്യം തന്നെയെന്നും വിചാരിച്ചുകൊണ്ടു്, അങ്ങനെ തന്നെ! ഞാൻ ഇതാ യുദ്ധംചെയ്യാൻ തയ്യാറായിക്കഴിഞ്ഞു എന്നുംപറഞ്ഞു വാളും പരിചയുമായി അത്യന്തം വീറോടുകൂടെ അങ്കത്തിനടുത്തു.

അസ്ത്രാചാര്യവേഷധാരിയായ ഹാലാസ്യനാഥനും ഖഡ്ഗഫലകപാണിയും ബഹുശിഷ്യസമേതനും ആയി ചണ്ടികാപൂജയുംനിർവഹിച്ചു്, തന്റെ അങ്കവൈഭവം കാണിക്കാൻ തുടങ്ങി. ഗുരുദ്രോഹിയും, ദുഷ്കർമ്മകുശലനും ആയ സിദ്ധാചാര്യനു അസ്ത്രാചാര്യവേഷധാരിയായ ഹാലാസ്യനാഥനും തമ്മിൽ ഏറ്റു രണ്ടുപേരുടേയും അങ്കവൈഭവങ്ങളെ കാണിക്കാനായി തുടങ്ങിയപ്പോൾ എണ്ണും കണക്കുമില്ലാത്ത പുരുഷാരം കാഴ്ച്ചക്കാരായും വന്നുകൂടി. എതിരാളികൾ തമ്മിൽ അങ്കവും തുടങ്ങി. ഹാലാസ്യനാഥനായ സുന്ദരേശ്വരന്റെ ഒരു വെട്ടുപോലും തടുക്കുന്നതിനു സിദ്ധനെക്കൊണ്ടുകഴിയുന്നതല്ലെങ്കിലും അങ്കം കാണാനായി വന്നുകൂടിയിട്ടുള്ള കാഴ്ച്ചക്കാരുടെ രസച്ചരടു് അതിവേഗത്തിൽ പൊട്ടിച്ചുകളയരുതെന്നുള്ള വിചാരത്തോടുകൂടെ സുന്ദരേശ്വൻ, ഇടത്തും വലത്തും ചാടിയും കറങ്ങിയും പല അടവുകളും ചവിട്ടിയും സിദ്ധന്റെ വെട്ടുകളെ തടുത്തും, സിദ്ധനെ വെട്ടിയും കുറേനേരത്തോളം കാഴ്ച്ചക്കാർക്കു വളരെവളരെ നയനാനാന്ദകരമാകുംവണ്ണം അങ്കംവെട്ടി.

അതിന്റെശേഷം ആചാര്യപത്നിയുടെ പാതിവ്രത്യഭംഗം ചെയ്യുന്നതിനു് ഇച്ഛിച്ച സിദ്ധന്റെ വക്ഷസ്സിൽ അസ്ത്രാചാര്യവേഷധാരിയായ ഹാലാസ്യനാഥൻ ഒന്നാമതായി ഒരു വെട്ടുവെട്ടി. അതിന്റെ ശേഷം ആചാര്യപത്നിയുടെ പാണീതലത്തിൽ ബലാൽകാരമായി കടന്നുപിടികൂടിയ അവന്റെ കരങ്ങളും അനന്തരം ആ സാദ്ധ്വിയോടു സഭ്യങ്ങളല്ലാത്ത വാക്കുകൾ പറഞ്ഞ അവന്റെ നാക്കും ഛേദിച്ചു. അവസാനത്തിൽ അവന്റെ ശിരസ്സും മുറിച്ചിട്ടു അതേവരെയും അസ്ത്രാചാര്യനായിനിന്നു സിദ്ധനോടു അങ്കംവെട്ടിയ ഹാലാസ്യനാഥൻ മിന്നൽക്കൊടിപോലെ തിരോഭൂതനായി.

കൂടെയുണ്ടായിരുന്ന ഭടന്മാർ അതുകണ്ടു ഇതില്പരമില്ലാത്ത ആശ്ചര്യത്തോടുകൂടെ ആചാര്യമന്ദിരത്തിൽപോയി അദ്ദേഹത്തിന്റെ പത്നിയോടു്"ഗുരുഭൂതൻ എവിടെപ്പോയി" എന്നു ചോദിച്ചു. ആചാര്യപത്നി അതുകേട്ടു, അദ്ദേഹം സുന്ദരേശ്വരദർശനത്തിനായിപ്പോയിരിക്കുന്നു എന്നു മറുപടിപറഞ്ഞു.

ശിഷ്യന്മാർ അതുകേട്ടു് വിസ്മയത്തോടുകൂടെ അന്യോന്യം നോക്കിക്കൊണ്ടുനിൽക്കുമ്പോൾ ഹാലാസ്യനാഥദർശനത്തിനായിപ്പോരുന്ന സാക്ഷാൽ അസ്ത്രാചാര്യനും എത്തി. ഭടന്മാർ ഉടൻതന്നെ അദ്ദേഹത്തെ വന്ദിച്ചുകൊണ്ടു, അല്ലയോ ഗരുഭൂത! അങ്ങയുടെ ശത്രുവായ സിദ്ധനോടു് അവിടത്തെ സ്വരൂപത്തിൽ ഒരാൾവന്നു് അങ്കംവെട്ടി അവനെക്കൊന്നും വച്ചു മിന്നൽക്കൊടിപോലെ മറഞ്ഞുകളഞ്ഞു. അസ്ത്രാചാര്യനും അതുകേട്ടു് വ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/247&oldid=170625" എന്ന താളിൽനിന്ന് ശേഖരിച്ചത്