ഇരുപത്തിഎട്ടാം അദ്ധ്യായം - ഇരുപത്തിരണ്ടാം ലീല ൧൮൯
ഹരമാകയാൽ നിങ്ങൾ മനസ്സിരുത്തി കേട്ടുകൊള്ളുവിൻ എന്നിങ്ങനെഅഗസ്ത്യൻ പറഞ്ഞുംകൊണ്ടു് പരമശിവപാദാംബുജസ്മരണയോടുകൂടെ താഴെ വരുമാറു് വീണ്ടും കഥയാരംഭിച്ചു.
ശിവഭക്തിപാരായണനും രാജശേഖരനും ഇന്ദ്രപ്രതാപിയും രാജസമനും നീതിമാനും മഹാധീരനും അധിമർദ്ദനും സ്വനാമസദൃശങ്ങളായ വിക്രമാതിശങ്ങളോടു കൂടിയവനും ആയ വിക്രമപാണ്ഡ്യൻ പ്രശംസാവഹമായ ഭരണനൈപുണ്യത്തേടു കൂടെ മഹീപാലനം തുടങ്ങിയകാലത്തിൽ ഭൂമിയിലെങ്ങും ഇതിൽപരമില്ലാത്ത ഐശ്വർയ്യാഭിവൃദ്ധിയും സമാധാനവും മുമ്പത്തേതിലും അനേകായിരംമടങ്ങുകൂടിയതുമല്ലാതെ വർണ്ണാശ്രമികൾ കർമ്മലോഭം കൂടാതെ തങ്ങൾ തങ്ങളുടെ വർണ്ണശ്രമധർമ്മങ്ങളെ അനുഷ്ഠിക്കുകയും വൈദികധർമ്മങ്ങൾ എല്ലായിടത്തും എല്ലാവരിലും ഒന്നുപോലെ അഭിവൃദ്ധിയെപ്രാപിക്കുകയും ചെയ്തു. വേദബാഹ്യന്മാരായ ജനങ്ങൾ മധുരാപുരിയിൽ നിന്നും പാലായനം ചെയ്തു. വേദജ്ഞാനമില്ലാത്തതിൽ ഒരു ബ്രാമണനെപ്പോലും ആ പുരത്തിലെങ്ങും കാണ്മാനില്ലാതായി. ഭസ്മപാണ്ഡരവിഗ്രന്മാരും തദ്രാക്ഷമാലാധാരികളും അധികാരഭേദം അനുസരിച്ച് ശിവപൂജചെയ്യാത്തവരും ആയി വിപ്രക്ഷത്രിയവൈശ്യശുദ്രരായ നാലു ജാതിക്കാരിലും അക്കാലത്തിൽ ആരും ഇല്ലായിരുന്നു. നിരന്തരം വൈദികകർമ്മങ്ങളെ എല്ലാവരും അനുഷ്ഠിച്ചു. പുരുഹുതസമപൌരുഷനും പുണ്യനിലയനനും ആയ വിക്രമപാണ്ഡ്യൻ മഹാപാപശാന്തിക്കുവേണ്ടി പുരുഹുതനാൽ മുമ്പിൽ പൂജിക്കപ്പെട്ടതും പുരാതനവും സുന്ദരേശ്വരസംജ്ഞിതവും സർവകാമപ്രദവും ആയ മഹാലിംഗത്തെ പാപശാന്തിക്കും സർവാഭീഷ്ടസിദ്ധിക്കും വേണ്ടി ഇടവിടാതെപൂജിച്ചുവന്നു.
മൂലപ്രസാദത്തിന്റെ വായവ്യദേശത്തിൽ ഒരു ആലയത്തെ ഉണ്ടാക്കി അതിൽ പിതൃവാക്യം അനുസരിച്ചു് ആജ്ഞാസിദ്ധനെപ്രതിഷ്ഠിച്ച് അവിടേയും ഇടവിടാതെ പൂജാദികളായ എല്ലാ അടിയന്തിരങ്ങളും നിർവിഘ്നം നിർവഹിച്ചുപോന്നു. സ്വയംകൃതങ്ങളും പ്രജാകൃതങ്ങളുമായ പുണ്യങ്ങളെക്കൊണ്ടും ആജ്ഞാസിദ്ധന്റെ കടാക്ഷം കൊണ്ടുണ്ടായ സർവസിദ്ധിപ്രദാനംകൊണ്ടും ആയൂഷ്മാനും ബലവാനും, സമ്പൽസൌഭാഗ്യാരോഗ്യവാനും കീർത്തിമാനും, കാന്തിമാനും. ധീമാനും വീർയ്യവാനും ആയിത്തീർന്നവിക്രമപാണ്ഡ്യൻ എല്ലായ്പോഴും ഒന്നുപോലെ ശൈവങ്ങളായ ശാസ്ത്രങ്ങളേയും പുരാണങ്ങളേയും വിദ്വാന്മാരുടെ മുഖത്തിൽ നിന്നുംശ്രവിച്ചുകൊണ്ടു് ശിവഭക്ത്യാനന്ദലഹരിയിൽ തന്നെ മനസ്സും ലയിപ്പിച്ചു വസിച്ചു.
ഭക്താനുഗ്രഹകാരിയായ ശ്രീമദ്ധാലാസ്യനാഥന്റെ അനുഗ്രഹം ഹേതുവായിട്ടു് പാണ്ഡ്യഭൂപാലരത്നമായ വിക്രമപാണ്ഡ്യനു് ശത്രുക്കളായി യാതൊരു രാജാക്കന്മാരും ഇല്ലായിരുന്നു.
ചോളരാജാവായ കാഞ്ചീപുരാധീശ്വരൻ വിക്രമപാണ്ഡ്യന്റെ അതിഭയങ്കരങ്ങളായ വീർയ്യവൈഭങ്ങളെക്കേട്ടു് അത്യന്തം അസൂയാലുവായിട്ട് പാണ്ഡ്യനെ ജയിക്കുന്നതിനു് ഇപ്രകാരം ഒരു ഉപായം ചിന്തിച്ചു.
൧൭
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.