൧൮൬ ഹാലാസ്യമാഹാത്മ്യം.
നിന്നുകൊണ്ടു് എല്ലാ കിങ്കരന്മാരേയും സ്വശക്തികൊണ്ടും സംഭിപ്പിച്ചിട്ടു് അടിക്കാൻ വരുവിൻ! എന്തിനു താമസിക്കുന്നു എന്നിങ്ങനെ പരിഹാസ പൂർവം വിളിച്ചുംകൊണ്ടു് അവിടെത്തന്നെ വസിച്ചു.
കിങ്കരന്മാർ ദാരുഭൂതന്മാരായിത്തീർന്നതിനേയും കല്ലാനകരിമ്പു ഭക്ഷിച്ചതിനെയും മറ്റും കണ്ടു് വിസ്മിതമാനസനും ശാന്തകോപനും ആയിത്തീർന്ന പാണ്ഡ്യരാജരത്നം മന്ത്രിമാരോടുകൂടെ സിദ്ധപാദത്തിൽ വീണു സാഷ്ടാംഗനമസ്കാരംചെയ്തും കൊണ്ടു് എന്റെ സമസ്താപരാധങ്ങളേയും ക്ഷമിക്കേണമേ! ക്ഷമിക്കേണമേ എന്നിങ്ങനെ പിന്നയും പിന്നയും അപേക്ഷിയ്ക്കുകയും നിലത്തും നിന്നും എഴുനേറ്റും കൈരണ്ടും കൂപ്പിതലയിൽവെച്ചുംകൊണ്ടു ഭക്തിമൂലം പുളകാഞ്ചിതവിഗ്രഹനായ അദ്ദേഹം ആശ്രിതനായ അടിയനെ രക്ഷിക്കണമേ രക്ഷിക്കണമേ എന്നിങ്ങനെ വീണ്ടും വീണ്ടും പ്രാർത്ഥിക്കുകയും വീണ്ടും വീണുനമസ്കരിക്കുകയും ഇടയ്ക്കിടയ്ക്കു ഭക്തിപരവശനായ അദ്ദേഹം ഭിത്തിയില്ലാതെ എഴുതപ്പെട്ടചിത്രംപോലെ സിദ്ധന്റെ മുമ്പിൽ നിൽക്കുകയും മറ്റും ചെയ്തു. രാജാവിന്റെ ഭക്തിപാരവശ്യം കണ്ടു് ഇതില്പരമില്ലാത്ത സന്തുഷ്ടനായിത്തീർന്ന സിദ്ധൻ അനുകമ്പാപൂർവം അദ്ദേഹത്തെ തലോടിയുംകൊണ്ടു് അല്ലയോ രാജാധിരാജാവായ അഭിഷേകപാണ്ഡ്യ! ഞാൻ നിന്റെ ഭക്തികൊണ്ടു് അത്യന്തം സന്തോഷിച്ചു. അനി നിനക്കു വേണ്ടവരം ചോദിച്ചുകൊള്ളുക. എന്തുവേണമെങ്കിലും തരാം.
രാജാവതുകേട്ടു് അല്ലയോ മായാമയനും സർവജ്ഞനും കൃപാനിധിയും ആശ്രിതവത്സലനും ആയ സിദ്ധാ! എനിക്കു് അവിടത്തെ അനുഗ്രഹംമൂലം സൽഗുണനായ ഒരു പുത്രൻ ഉണ്ടാകണം. അല്ലാതെ മറ്റൊരു ആഗ്രഹവും ഇല്ല എന്നുപറഞ്ഞു.
സിദ്ധൻ ഉടൻതന്നെ രാജാവിനെനോക്കി, അല്ലയോ ഭൂപരത്നമേ! അങ്ങേക്കു പുത്രഭാഗ്യം കാലതാമസമെന്യേ ഉണ്ടാകുന്നതു കൂടാതെ മഹദൈശ്വര്യവും ആയുർവൃദ്ധിയും യശസ്പൂർത്തിയും സംപ്രാപ്യമാവുകയും അവസാനത്തിൽ സായൂജ്യം കിട്ടുകയും ചെയ്യും. ഇങ്ങനെ അനുഗ്രഹിച്ചിട്ടു് ഗജത്തിന്റെ വായിൽനിന്നും മുത്തുമാലയെടുത്തു രാജാവിന്റെ കയ്യിൽ കൊടുത്തു് അദ്ദേഹത്തിന്റെ ദേഹമാസകലം തലോടിയുംകൊണ്ടു പലതവണയും അശിസ്സുകൾ നല്കുകയും സന്തോഷപൂർവം പലതും സംസാരിക്കുകയും ചെയ്തുംവച്ചു്, മിന്നൽക്കൊടിപോലെ തന്റെ മൂലലിംഗത്തിൽ അന്തർധാനം ചെയ്തു. രാജാവും മറ്റുള്ളവരും അതുകണ്ടു ഇതില്പരമില്ലാതെ അതിശയിക്കുകയും സിദ്ധരൂപയായിവന്നതു ഹാലാസ്യനാഥനായ സുന്ദരേശ്വരൻ തന്നെയെന്നു നിശ്ചയിക്കുകയും ചെയ്തു.
അനന്തരം പാണ്ഡ്യരാജാവു്, സുന്ദരേശ്വരലിഗംത്തിനു് അഭിമുഖമായിനിന്നുകൊണ്ടു് നിഷ്കളങ്കമായ ഭക്തിയോടും വിശ്വാസത്തോടും കൂടെ സകലാദ്ധ്യക്ഷനും ചരാചരഗുരുവും സർവജ്ഞനും ലീലാവിലാസിയുമാ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.