താൾ:Sangkalpakaanthi.djvu/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സൌന്ദര്യപൂജ

മുല്ലകൾ പൂക്കലാൽ സാരിയുലച്ചുല-
ച്ചു,ല്ലസൽസുസ്മിതേ, നീയണഞ്ഞു;
അല്ലല്ല, വിൺനീലച്ചില്ലിലാ, വെൺമേഘ-
ത്തെല്ലി, ലലിഞ്ഞയേ നീ മറഞ്ഞു!
ഒറ്റയ്ക്കൊരൊറ്റ നിമേഷമേ, കഷ്ടമേ,
പറ്റിയതുള്ളു, നിൻദർശനം മേ!
എന്നിട്ടും, നിന്നെ നീയായല്ല കണ്ടതെൻ-
മുന്നിൽ ഞാൻ-നിൻനിഴലായിരുന്നു!

പൈങ്കിളിപ്പാട്ടിലെ,ൻചുറ്റിലും, നിൻകഴൽ-
ത്തങ്കച്ചിലമ്പൊലി സംക്രമിക്കെ,
ഉജ്ജ്വലേ, നിന്നാഗമോത്സവോൽക്കണ്ഠയാ-
ലുദ്ദ്വേലിതോൾക്കളസ്പന്ദനായ് ഞാൻ!
ചുറ്റുമുഴറിയെൻചഞ്ചലദൃഷ്ടിക-
ളൊറ്റനോക്കൊന്നു നിൻമൂർത്തി കാണ്മാൻ!
അസ്വീകൃതാകൃതയായ് നില്പതെന്തയേ
മൽസ്വപ്നമേഖലയ്ക്കപ്പുറം നീ?

പ്രത്യഹമെത്തിച്ചു നിൻനെടുവീർപ്പുകൾ
പ്രത്യുഷസ്സൂനങ്ങളെന്നരികിൽ.
നിശ്ശബ്ദമോതി നിൻസന്ദേശവാക്യങ്ങൾ
നിസ്തുലതാരകൾ നീലവിണ്ണിൽ.
നീമാത്രമെന്നിട്ടും, നീയായിട്ടെത്തീലെൻ
നീറും മനസ്സിലമൃതൊഴുക്കാൻ!
എങ്കിലും, നിന്മഹാസാന്നിധ്യസായൂജ്യം
സങ്കല്പം സ്വായത്തമാക്കിയെന്നിൽ!

ഭാവനയ്ക്കുണ്ട ,തിൻ സ്വന്തമായിട്ടൊരു
ഭാഷയും ഭാസുരശൈലികളും;
അപ്രമേയാനഘസൌന്ദര്യചിത്രണ-
മപ്രാപ്യമാണിന്നവയ്ക്കുപോലും!

"https://ml.wikisource.org/w/index.php?title=താൾ:Sangkalpakaanthi.djvu/43&oldid=169654" എന്ന താളിൽനിന്ന് ശേഖരിച്ചത്