വിശ്വവിജയിയായ അലക്സാണ്ടർ ഭാരതത്തെ ആക്രമിച്ചതിന്റെ ഫലമായി (ബി. സി. 327ൽ) തക്ഷശില ഉൾപ്പെടെയുള്ള പശ്ചിമോത്തരഭാരതം യവനന്മാരുടെ അധീനതയിൽപെട്ടുപോയിരുന്നുവല്ലോ. ആ ദേശവിഭാഗത്തെ യവനന്മാരിൽനിന്നു് വീണ്ടെടുത്തു ഭാരതത്തിന്റെ അതിർത്തി ഹിന്ദുക്കുശ് പൎവ്വതനിരകളോളം നീട്ടിയ അത്ഭുതപരാക്രമിയും മൊൎയ്യസാമ്രാജ്യസ്ഥാപകനുമായ ചന്ദ്രഗുപ്തൻ ആയിരുന്നു സമ്രാട്ട് അശോകന്റെ പിതാമഹൻ. മഗധാധിപനായ ആ രാജാവു തന്റെ ഭരണനൈപുണിയാൽ അചിരേണ ഭാരതചക്രവൎത്തിയായി പേരും പെരുമയും ആർജ്ജിച്ചു.
പ്രാചീനകാലത്തിൽ മാതാവിന്റെയോ അഥവാ മാതൃഗോത്രത്തിന്റെയോ പേരോടുകൂടി പുത്രനെ വിളിക്കുന്ന സമ്പ്രദായം നിലവിലുണ്ടായിരുന്നുവെന്നു് പല പുരാണങ്ങൾവഴി നമുക്കറിയാം. പാണ്ഡവന്മാരെ കൗന്തേയരെന്നും കുന്തീപുത്രരെന്നും വിളിക്കുന്നതു് ഇതിന്നൊരു ഉത്തമദൃഷ്ടാന്തവുമാണല്ലൊ. മഗധയുടെ ആധിപത്വംവഹിച്ച നന്ദവംശത്തിലെ അന്തിമരാജാവായ ദീനനന്ദന്നു മുരാ എന്ന രാജ്ഞി (ദാസി) യിൽ ജനിച്ച ചന്ദ്രഗുപ്തനാൽ സ്ഥാപിതമായ രാജവംശം മാതൃനാമന മൗൎയ്യവംശമായിപ്പരിണമിച്ചു.